ഇക്കഡോറിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, 137 അംഗ ദേശീയ അസംബ്ലി എന്നിവിടങ്ങളിലേക്ക് ആഗസ്റ്റ് 20, ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു മുൻതൂക്കം. രാജ്യത്ത് രൂക്ഷമായ അക്രമങ്ങളും ഒട്ടേറെ നരഹത്യകളും അരങ്ങേറുന്നതിനിടയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടിയായ സിറ്റിസൺസ് റവല്യൂഷനറി മൂവ്മെന്റ് പാർട്ടിയുടെ ലൂയിസ ഗോൺസാലെസിന് 92. 92% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 33.31% ഭൂരിപക്ഷം നേടാനായി. അതേസമയം വലതുപക്ഷ പാർട്ടിയായ നാഷണൽ ഡെമോക്രാറ്റിക് ആക്ഷനിന്റെ ഡാനിയൽ നോബൊവയ്ക്ക് 23.66% വോട്ടേ നേടാനായുള്ളൂ. തലസ്ഥാനനഗരമായ ക്വിറ്റോയിൽ ആഗസ്റ്റ് 9ന് പ്രചരണ റാലി നടത്തി തിരിച്ചുപോകവേ കൊലചെയ്യപ്പെട്ട സ്ഥാനാർത്ഥിയായ ഫെർണാണ്ടൊ വില്ലാവിസെൻഷിയോയുടെ പകരം സ്ഥാനാർഥിയായ ക്രിസ്ത്യൻ സൂരിറ്റാ റോണിന് 16.4 ശതമാനം വോട്ടുകളും നേടാനായി. ഇത് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് മാത്രമാണ്; ഒക്ടോബർ 15ന് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ഇവരിൽ ആരു മുന്നേറുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും രാജ്യത്തിന്റെ ഭാവി ഭരണനിയന്ത്രണമാർക്കെന്ന് നിശ്ചയിക്കപ്പെടുക.
ഈ തിരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാവിഷയമായി ഉയർന്നുനിന്നത് രാജ്യത്ത് അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന അക്രമ പരമ്പരകൾ ആയിരുന്നു. യാഥാസ്ഥിതികനായ പ്രസിഡന്റ് ഗ്വില്ലെർമോ ലാസോ ഈ ആക്രമങ്ങൾക്കാകെ കുറ്റപ്പെടുത്തിയത് മയക്കുമരുന്ന് മാഫിയയെയാണ്. എന്നാൽ ക്രമസമാധാനപാലന സംവിധാനത്തെ ദുർബലപ്പെടുത്തിയ ലാസോയുടെയും അദ്ദേഹത്തിനു മുൻപുണ്ടായിരുന്ന പ്രസിഡന്റ് ലെനിൻ മൊറേനയുടെയും നയങ്ങളാണ് രാജ്യത്ത് ഇത്രമേൽ അക്രമം ഉണ്ടാക്കിയത് എന്നും ഇതിന്റെയെല്ലാം അടിസ്ഥാന കാരണം വർധിച്ചുവരുന്ന ദാരിദ്ര്യവും അസമത്വവും ആണെന്നും മുന്നോട്ടുവച്ചുകൊണ്ടായിരുന്നു ഇടതുപക്ഷ സ്ഥാനാർത്ഥിയായ ഗോൺസാലസിന്റെ പ്രചരണം. തങ്ങൾ അധികാരത്തിൽ വന്നാൽ രാജ്യത്തെ ക്രമസമാധാന സംവിധാനങ്ങളെയാകെ കൂടുതൽ നിക്ഷേപങ്ങൾ നടത്തിയും അവയെ കൂടുതൽ ശക്തിപ്പെടുത്തിയും രാജ്യത്ത് സുരക്ഷ ഉറപ്പാക്കും എന്നും അടിസ്ഥാന കാരണങ്ങളായ ദാരിദ്ര്യവും അസമത്വവും കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ നടപ്പാക്കുമെന്നും ജനങ്ങൾക്ക് ഉറപ്പുനൽകി ക്കൊണ്ടായിരുന്നു ലൂയിസ ഗോൺസാലെസ് വോട്ടു തേടിയത്. തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ തങ്ങൾക്ക് വിജയം ഉറപ്പാക്കിയ ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ടും രണ്ടാംഘട്ടത്തിൽ വിജയം സുനിശ്ചിതമാണെന്ന് ദൃഢനിശ്ചയത്തോടെ ആവർത്തിക്കുകയും ചെയ്ത ഗോൺസാലെസ് രാജ്യത്തിന്റെ കറുത്ത നാളുകൾക്ക് വിരാമമാകുന്നുവെന്ന് എടുത്തുപറഞ്ഞു. അതേസമയം ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പുകളിൽ 39.37 ശതമാനം വോട്ടുകൾ നേടിക്കൊണ്ട് സിറ്റിസൺസ് റവല്യൂഷൻ മൂവ്മെന്റ് ശക്തമായി മുന്നിട്ടുനിൽക്കുകയാണ്. ഏകസഭാ പാർലമെൻറിൽ ഭൂരിപക്ഷം വലതുപക്ഷ ശക്തികൾക്ക് ആണെങ്കിൽകൂടി രാജ്യത്തിന്റെ നിർണായക ഇടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മുന്നിട്ടുനിൽക്കുന്നു എന്നത് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ്. ഇതിനിടയിൽ ഈ തിരഞ്ഞെടുപ്പിനോടൊപ്പം തന്നെ നടന്ന രണ്ട് ഹിതപരിശോധനകളിലും, അതായത് എണ്ണ ഖനനവും ലോഹ ഖനനവുമായി ബന്ധപ്പെട്ട ഹിതപരിശോധനകളിലും പത്തിൽ ആറ് ഇക്വഡോറിയൻ പൗരന്മാരും സംരക്ഷിത മേഖലകളിലെ എണ്ണ ഖനനത്തിനെതിരായി വോട്ട് ചെയ്തു. പ്രകൃതിയെയും പ്രകൃതിയുടെ വൈവിധ്യത്തെയും മറന്നുകൊണ്ടുള്ള യാതൊരുവിധ ഖനനവും നടത്താൻ പാടില്ല എന്ന അഭിപ്രായം രാജ്യത്തെ ഭൂരിപക്ഷം ജനതയ്ക്കുണ്ട് എന്ന് ഇതിൽ നിന്ന് വ്യക്തമാണ്. 68% ജനങ്ങളും രാജ്യത്തെ ചോക്കോ ആന്റിനോ പ്രദേശത്തു നടക്കുന്ന ലോഹ ഖനനം തടയുന്നതിനെ അനുകൂലിക്കുന്നു. ഇത്തരത്തിൽ തിരഞ്ഞെടുപ്പിന്റെ എല്ലാ രംഗങ്ങളിലും ജനത ഇടതുപക്ഷത്തോട് അനുഭാവം പുലർത്തുന്നതാണ് ആദ്യഘട്ടത്തിൽ കാണാനായത്. ഒക്ടോബർ 15ന് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിലും വിജയം ഉറപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ ഇടതുപക്ഷം. ♦