ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാൻ പോകുന്നു എന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നിലവിൽ ഉണ്ടായിരുന്ന നിയമ കമ്മീഷൻ റിപ്പോർട്ട് പോലും തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു പ്രഖ്യാപനം. എന്നാൽ പ്രതീക്ഷിക്കാത്ത കോണിൽ നിന്നാണ് എതിർപ്പുകൾ ഉയർന്നുവന്നത്. ഇപ്പോൾ അതിനെപ്പറ്റി ഒന്നും മിണ്ടുന്നില്ല. എന്നാൽ എപ്പോൾ വേണമെങ്കിലും അതിനൊരു നിയമനിർമ്മാണവുമായി വന്നേക്കാൻ ഇടയുണ്ട്. എന്നാൽ സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വന്തം വരുതിയിൽ നടത്തുന്ന ഒരു നിയമവുമായി കേന്ദ്രം രംഗത്തുവന്നു. സുപ്രീംകോടതി വിധിപ്രകാരം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ അംഗങ്ങളായി പ്രവർത്തിക്കേണ്ടിയിരുന്നത്. അതിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതിനാണ് നിയമനിർമാണം നടത്തിയത്. ബിജെപി നിർദേശത്തിന് വഴങ്ങുന്നയാളല്ല ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എന്നതാവാം അതിനു കാരണം. മാത്രവുമല്ല ഇപ്പോഴത്തെ ഘടന അനുസരിച്ച് പ്രധാനമന്ത്രിയും മന്ത്രിസഭയിലെ ഒരംഗവും പ്രതിപക്ഷ നേതാവുമാണ് കമ്മിറ്റിയിൽ വരിക. ഭരണകക്ഷിക്ക് ഭൂരിപക്ഷം ഉറപ്പ്. തങ്ങൾക്ക് കീഴ്പ്പെട്ടു നിൽക്കുന്നയാളെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗമാക്കി മാറ്റാം. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ സുതാര്യതയാണ് ഇതിലൂടെ വെല്ലുവിളിക്കപ്പെടുന്നത്. ജനാധിപത്യം തന്നെയാണ് വെല്ലുവിളിക്കപ്പെടുന്നത്.
ഇതിനു പിറകെയാണ് ഇന്ത്യൻ ശിക്ഷാനിയമത്തിനും ക്രിമിനൽ നടപടി നിയമത്തിനും തെളിവുനിയമത്തിനും ഭേദഗതികൾ കൊണ്ടുവന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ എടുത്തു കളയുകയും പകരം 150 എന്ന പുതിയ വകുപ്പ് കൂട്ടിച്ചേർക്കുകയും ചെയ്തിരിക്കുന്നു. 124 എ കൈകാര്യം ചെയ്യുന്നത് രാജ്യദ്രോഹ കുറ്റമാണ്. മോദി ഗവൺമെന്റ് അധികാരത്തിൽ വന്നതിനുശേഷം ഏറ്റവും ഏറെ ദുരുപയോഗം ചെയ്യപ്പെട്ട വകുപ്പുമാണത്. അത് പിൻവലിക്കുന്നതോടെ രാജ്യദ്രോഹ വകുപ്പിന്റെ ദുരുപയോഗം ഇല്ലാതായി എന്ന് തെറ്റിദ്ധരിക്കേണ്ട. രാജ്യദ്രോഹം എന്നതിന് പകരം കൂടുതൽ കർക്കശമായ “ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും പരമാധികാരവും അപകടപ്പെടുത്തൽ’ എന്നതാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. 150‐ാം വകുപ്പ് പ്രകാരം “ആരെങ്കിലും എഴുതിയതോ പറഞ്ഞതോ ആയ വാക്കുകളാലോ, ചിത്രങ്ങൾ, -ദൃശ്യങ്ങൾ, ചിഹ്നങ്ങൾ എന്നിവയാലോ, ഇലക്ട്രോണിക് ആശയവിനിമയത്താലോ, സാമ്പത്തിക മാർഗ്ഗങ്ങളാലോ, വിഭജനത്തിനോ, സായുധ കലാപത്തിനോ, അട്ടിമറി പ്രവർത്തനങ്ങൾക്കോ, ശ്രമിക്കുക, വിഘടനവാദത്തിന് പ്രേരിപ്പിക്കുക അതല്ലെങ്കിൽ ഇന്ത്യയുടെ അഖണ്ഡതയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും അപകടം വരുത്തുക എന്നീ കുറ്റകൃത്യങ്ങൾ ചെയ്താൽ ജീവപര്യന്തം തടവ് അതല്ലെങ്കിൽ പിഴയോടുകൂടി ഏഴുവർഷം വരെയാണ് ശിക്ഷ’ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ “ഈങ്ക്വിലാബ് സിന്ദാബാദ്’ (വിപ്ലവം ജയിക്കട്ടെ) എന്ന് മുദ്രാവാക്യം വിളിച്ചാൽ ജീവപര്യന്തം ശിക്ഷ വിധിക്കാവുന്ന രീതിയിലേക്കാണ് നിയമം മാറാൻ പോകുന്നത്. ഈ ബിൽ അവതരണം കൂടെ കഴിഞ്ഞപ്പോൾ സിപിഐഎമ്മിന്റെ ജനറൽ സെക്രട്ടറി പ്രതികരിച്ചത് “ഇന്ത്യ ഇസ്രായേലിനെ മാതൃകയാക്കുന്നു’ എന്നാണ്.
ഇസ്രായേൽ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യശക്തിയാണെന്ന് മാത്രമല്ല ഫാസിസത്തിലേക്ക് അതിവേഗം നടന്നടുത്തുകൊണ്ടിരിക്കുന്ന രാജ്യം കൂടിയാണ്. ജുഡീഷ്യറിയുടെയും പൊലീസിന്റെയും അധികാരങ്ങളൊക്കെ ഭരണമേധാവിത്വത്തിന്റെ താല്പര്യങ്ങൾക്ക് കീഴ്പ്പെടുത്തുന്ന നിയമപരിഷ്കാരങ്ങളാണ് നെതന്യാഹു ഗവൺമെന്റിന്റെ ഭാഗത്തുണ്ടായത്. ഹിറ്റ്ലറുടെ ഹോളോകോസ്റ്റ് അതിജീവിച്ച ആളാണ് പ്രൊഫസർ സ്റ്റീവ് സ്റ്റേൺനെൽ. 2018 ൽ അദ്ദേഹം എഴുതിയ “ഇസ്രയേലിൽ വളരുന്ന ഫാസിസവും ആദ്യകാല നാസിസത്തിന് സമാനമായ വംശീയതയും’ എന്ന ലേഖനത്തിൽ അവിടെ ഫാസിസമാണ് വളരുന്നത് വ്യക്തമാക്കിയിരുന്നു.
നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുക എന്നത് സ്വേച്ഛാധിപതികളെല്ലാം പിന്തുടരുന്ന നയമാണ്. നിരന്തരമായ നിയമ നിർമ്മാണ പ്രക്രിയയിലൂടെ ഇപ്പോൾ അതാണ് നെതന്യാഹുവിന്റെ ഇസ്രായേലിൽ നടന്നുകൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയുടെ പരിഷ്കരണത്തിന്റെ പേരിൽ ജനാധിപത്യവുമായി ബന്ധപ്പെട്ട 48 ഘടകങ്ങളിലാണ് ഗവൺമെന്റ് മാറ്റംവരുത്തിയിരിക്കുന്നത്. 2022 നവംബർ 15 മുതൽ 2023 മാർച്ച് 19 വരെയുള്ള ചുരുങ്ങിയ കാലയളവിൽ ഇസ്രയേലി പാർലമെന്റ് (നെസെറ്റ് ) വരുത്തിയ മാറ്റങ്ങളാണ് ഇന്ന് ലോകത്തിലെ ജനാധിപത്യ ശക്തികൾ ചർച്ചയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നത്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ളത് ഒരു ഐക്യമുന്നണി ഗവൺമെന്റാണ്. പരസ്യമായി ഫാസിസം അംഗീകരിക്കുന്നു എന്ന് പറയുന്നവർ വരെ അതിലുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയം മണത്ത നെതന്യാഹു അവരുമായി പലതരത്തിലുള്ള കരാറുകൾ ഉണ്ടാക്കി മുന്നണി രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഈ കരാറുകളുടെ അടിസ്ഥാനത്തിൽ വിവിധ ഘടകകക്ഷി അംഗങ്ങൾ നിരവധി ബില്ലുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ജനാധിപത്യ വ്യവസ്ഥയെത്തന്നെ അട്ടിമറിക്കുന്ന നിയമപരിഷ്കാരങ്ങളാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
രാജവാഴ്ചയുടെയും നാടുവാഴിത്തത്തിന്റെയുമൊക്കെ പ്രത്യേകത, അധികാരം ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നു എന്നതാണ്. എന്നാൽ ജനാധിപത്യവ്യവസ്ഥയിൽ നിയമനിർമാണവും നിയമനിർവഹണവും നീതിന്യായ നടത്തിപ്പും ഒക്കെ വ്യത്യസ്തങ്ങളായ വിഭാഗങ്ങളായി തിരിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. നീതിന്യായ സംവിധാനത്തിന്റെ അല്ലെങ്കിൽ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടേ മറ്റ് രണ്ട് വിഭാഗങ്ങളിൽ നിന്നും ഉണ്ടാകാനിടയുള്ള അതിക്രമങ്ങളെ ചെറുക്കാനാകൂ. ഇവ തമ്മിൽതമ്മിലുള്ള പരിശോധനകളും സന്തുലിതാവസ്ഥയും ജനാധിപത്യത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിന് ആവശ്യമാണ്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസെടുത്തിട്ടുണ്ട്. വിശ്വാസ ലംഘനം, കൈക്കൂലി വാങ്ങിക്കൽ, വഞ്ചന എന്നിവയൊക്കെയാണ് കുറ്റങ്ങൾ. കേസിൽ നിന്ന് രക്ഷപ്പെടുന്നതിന് ജുഡീഷ്യറിയെ നിയന്ത്രിക്കാനുള്ള അധികാരം കിട്ടേണ്ടത് പ്രധാനമന്ത്രിയുടെ കൂടി ആവശ്യമാണ്. ഇസ്രയേലി അറ്റോർണി ജനറലിന്റെ നിയന്ത്രണങ്ങൾ മൂലം പ്രധാനമന്ത്രി സ്ഥാനം ഒഴികെ മറ്റു കാര്യമായ അധികാരങ്ങളൊന്നും കൈകാര്യം ചെയ്യാൻ പറ്റാത്ത അവസ്ഥ മറികടക്കണമെങ്കിൽ നിയമങ്ങളിൽ മാറ്റം വരുത്തേണ്ടത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ആവശ്യമാണ്.
നിയമപരിഷ്കാരങ്ങളൊക്കെ പുറത്തുവരുന്നത് നീതിന്യായ വകുപ്പുമന്ത്രി എം കെ യാരിവ് ലെവിൻ വഴിയാണ്. നെസെറ്റ് അംഗമായ ഷിംച റോത്ത് മാൻ ആണ് ഭരണഘടന, നിയമം, നീതിന്യായം എന്നിവയുടെ പാർലമെന്ററി കമ്മിറ്റിയുടെ അധ്യക്ഷൻ. ഇദ്ദേഹവും നിയമനിർമ്മാണ രംഗത്ത് ശക്തമായ പങ്കുവഹിക്കുന്നുണ്ട്. അതൊക്കെ നടത്തുന്നതാകട്ടെ തനിക്ക് പ്രധാനമന്ത്രിയാകുന്നതിനുവേണ്ടി തട്ടിക്കൂട്ടി ഉണ്ടാക്കിയ മുന്നണി രൂപീകരണത്തിന് തയ്യാറാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ്.
നെതന്യാഹുവിന്റെ വിചാരണ ആരംഭിച്ചത് 2020 ലാണ്. ഈ നിയമപരിഷ്കാരത്തിലൂടെ വിചാരണയിൽ വലിയതോതിൽ നേട്ടം ഉണ്ടാക്കാൻ നെതന്യാഹുവിന് കഴിയും.
ഇവരുണ്ടാക്കിയ പരിഷ്കാരങ്ങൾ ജുഡീഷ്യറിയെ മാത്രമല്ല ബാധിക്കുന്നത്. സ്റ്റേറ്റ് അറ്റോർണി ജനറലിന്റെ അധികാരങ്ങൾ, ക്രിമിനൽ നടപടി നിയമങ്ങൾ, പ്രധാനമന്ത്രിയെ അയോഗ്യനാക്കൽ, മാധ്യമങ്ങൾ, തൊഴിൽ ബന്ധങ്ങൾ, പൊതുസ്ഥാപനങ്ങളിലെ നിയമനങ്ങൾ,രാജ്യത്തിന്റെ ബഹുസ്വരത, മനുഷ്യാവകാശങ്ങൾതുടങ്ങി നിലനിൽക്കുന്ന പരിമിതമായ ജനാധിപത്യ അവകാശങ്ങളെ പോലും നിഷേധിക്കുന്ന നിയമപരിഷ്കാരങ്ങളാണ് ഇസ്രയേലിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ കേസ് കേൾക്കേണ്ടത് ഏത് ജഡ്ജി എന്ന് തീരുമാനിക്കാനുള്ള അവകാശം അടക്കം പ്രധാനമന്ത്രിയിൽ തന്നെ നിക്ഷിപ്തമാക്കപ്പെട്ടിരിക്കുകയാണ്.
ചേരിചേരാ പ്രസ്ഥാനത്തിന്റെ ഭാഗമായി പലസ്തീനെ പിന്തുണയ്ക്കുകയും ഇസ്രായേലിനെ തള്ളിപ്പറയുകയും ചെയ്തിരുന്ന പാരമ്പര്യമായിരുന്നു ഇന്ത്യക്ക് ഉണ്ടായിരുന്നത്. എന്നാൽ ബിജെപി ഭരണത്തിൽ കീഴിൽ ഇസ്രയേൽ ഇന്ത്യയുടെ സഖ്യ ശക്തിയായി മാറിയിരിക്കുന്നു. അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ഒരേപോലെ വേണ്ടപ്പെട്ട രാജ്യമാണ് ഇസ്രയേൽ. അമിതാധികാരപ്രവണതകൾ പ്രകടിപ്പിക്കുന്ന കാര്യത്തിൽ നെതന്യാഹുവിന്റെ ശിഷ്യനായി മാറാനാണ് മോദി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും ഇത്തരത്തിലുള്ള നിയമപരിഷ്കാരങ്ങൾ പ്രതീക്ഷിക്കണം. 2024ലെ തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കി പ്രഖ്യാപിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഹിന്ദുത്വ എന്നു പറയുന്നത് ഫാസിസത്തിന്റെ ഇന്ത്യൻ പ്രതിരൂപമാണ്.ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ വിശാലമായ പോരാട്ടത്തിലൂടെ മാത്രമേ ബിജെപിയുടെ ഈ ലക്ഷ്യത്തെ പരാജയപ്പെടുത്താനാവൂ. ♦