സോഷ്യലിസ്റ്റ് പാർട്ടിക്കാരനായ ഡോ. ഫ്രഡ് എംമെമ്പേയെ ആഗസ്റ്റ് 22ന് പോലീസ് വീണ്ടും അറസ്റ്റുചെയ്തു. തന്റെ പാർട്ടിക്കും അതിന്റെ നേതൃത്വത്തിനുമെതിരായി സാംബിയൻ ഗവൺമെന്റ് നടത്തുന്ന അടിച്ചമർത്തൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്യാമ്പയിൻ നടത്തുന്നതിനിടയിലാണ് എംമെംബേയെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ ഭരണകൂടത്തിനെതിരായി അപകീർത്തികരമായ ദുരാരോപണങ്ങൾ ഉന്നയിച്ചു എന്ന കുറ്റം ചുമത്തിക്കൊണ്ട് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ജയിലിലടയ്‌ക്കുകയും ചെയ്തിട്ട് കഷ്ടിച്ച് രണ്ടാഴ്ചയേ ആയിട്ടുള്ളൂ. ഭരണകൂടത്തിന്റെ അഴിമതിക്കും ഫാസിസ്റ്റ് ഭരണപരിഷ്കാരങ്ങൾക്കും എതിരായി പ്രതികരിക്കുന്നതിന് സോഷ്യലിസ്റ്റ് പാർട്ടിയെയും അതിലെ അംഗങ്ങളെയും നിരന്തരം വേട്ടയാടുകയാണ് രാജ്യത്തെ പോലീസ് സംവിധാനം. ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന പൊലീസ് സംവിധാനത്തിന്റെ വേട്ടയാടൽ നാസി ജർമ്മനിയിലെ രഹസ്യപൊലീസിന് സമാനമായതാണ് എന്ന് നാലു മണിക്കൂറുകളോളം പിടിച്ചുവെക്കപ്പെട്ടതിനു ശേഷം വിട്ടയച്ച എംമെമ്പേ പ്രതികരിച്ചു.
‘‘രാജ്യത്തിന്റെ പ്രസിഡണ്ടായ ഹക്കൈൻഡെ ഹിഷിലേമ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഗോത്രവംശീയതയും (tribalism) അഴിമതിയുംകൊണ്ട് രാജ്യത്തെ നശിപ്പിക്കുകയാണ്… പൊലീസിനെ വർദ്ധിതമായതോതിൽ ദുരുപയോഗം ചെയ്യുകയാണ്. രാഷ്ട്രീയത്തിന് വേണ്ടി പൊലീസിനെ ഉപയോഗിക്കാൻ ശ്രമിച്ചിട്ടുള്ള ഈ രാജ്യത്തെ എല്ലാ ഭരണകൂടങ്ങളും ഒടുവിൽ പരാജയപ്പെട്ടിട്ടുണ്ട്. ഹിഷിലേമയുടെ കാര്യത്തിലും വിധി മറിച്ചൊന്നാവില്ല’’‐ എംമെമ്പേ പറഞ്ഞു. ഭരണകക്ഷിയായ യുണൈറ്റഡ് പാർട്ടി ഫോർ നാഷണൽ ഡെവലപ്മെന്റിനും ഗവൺമെന്റിനും എതിരായി അനുദിനം വർദ്ധിച്ചുവരുന്ന വിമർശനങ്ങളെ നിശബ്ദമാക്കുന്നതിനുള്ള വ്യക്തമായ ശ്രമമാണ് സോഷ്യലിസ്റ്റ് പാർട്ടിക്ക് നേരെ നടത്തുന്ന അടിച്ചമർത്തലും മർദ്ദനവും എന്നും ഇതിനെതിരായ ശക്തമായ പ്രതിഷേധം ഉയരുമെന്നും എംമെമ്പേ ആവർത്തിച്ചുപറഞ്ഞു. ♦
സാംബിയയിൽ അടിച്ചമർത്തലിനെതിരെ പ്രതിഷേധം
സിയ റോസ
Sourceസിയ റോസ
ARTICLES