നാറാത്ത് പഞ്ചായത്തിലെ ഓണപ്പറമ്പ് എന്ന പ്രദേശത്തെ സാധാരണ കാർഷിക കുടുംബത്തിലെ അഞ്ചുമക്കളിൽ ഏറ്റവും ഇളയവൻ ആയിരുന്നു ഞാൻ. ഒരു ഉപജീവന മാർഗ്ഗം എന്ന നിലയിൽ തുടങ്ങിയ കൊപ്ര കച്ചവടം അത്യാവശ്യം നല്ല നിലയിൽ പോകുന്ന സമയത്താണ് ഞങ്ങളുടെ വീട്ടിൽ നിന്നും ഒരു ദിവസം ഏകദേശം 15,000 ത്തോളം തേങ്ങയുടെ വെള്ളം വെറുതെ ഒഴിച്ചു കളയുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇങ്ങനെ കളയുന്ന തേങ്ങാവെള്ളം എങ്ങനെ ഉപയോഗിക്കാം എന്ന ആലോചനയിൽ നിന്നാണ് 2008 ൽ എനിക്ക് കോക്കനട്ട് വിനഗർ എന്ന ഉത്പന്നത്തിന്റെ ആശയം ഉദിച്ചത്. ഈ ഒരു ബിസിനസ് കേവലം രണ്ടുവർഷം മാത്രമേ എനിക്ക് തുടർന്നുകൊണ്ട് പോകാൻ സാധിച്ചിട്ടുള്ളൂ. ജനങ്ങൾക്ക് ഈ ഉത്പന്നത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ഈ വിനാഗിരിയുടെ രൂക്ഷ ഗന്ധവും ആയിരുന്നു ബിസിനസ് തകർച്ചയുടെ പ്രധാന കാരണം.
ബിസിനസ് എനിക്കൊരു സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെങ്കിലും തോൽക്കാൻ ഞാൻ തയ്യാറായിരുന്നില്ല. തേങ്ങാവെള്ളം ഉപയോഗിച്ച് വ്യത്യസ്തമായ ഒരു ഉത്പന്നം ഉണ്ടാക്കുക എന്ന എന്റെ ആഗ്രഹം അല്ലെങ്കിൽ ലക്ഷ്യം അത് ദൃഢമായിരുന്നു. വിജയിക്കണമെന്ന നിശ്ചയദാർഢ്യത്തോടുകൂടി 2019 ഞാൻ കോക്കനട്ട് ബോർഡിനെ സമീപിക്കുകയുണ്ടായി. അങ്ങനെയാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവായ നാറ്റ ഡി കൊക്കോ എന്ന ഉത്പന്നത്തെപ്പറ്റി അറിയുകയും കൂടുതൽ മനസ്സിലാക്കുകയും ചെയ്യുന്നത്. ഇത് എന്റെ വരുമാന മാർഗമാക്കാനും തീരുമാനിച്ചു. അതിനുവേണ്ടിയുള്ള മദർകൾച്ചറും സാങ്കേതികവിദ്യയും മൈസൂരിൽ നിന്ന് പഠിച്ച് മനസ്സിലാക്കി. ചെറിയ രീതിയിൽ ഒരു യൂണിറ്റ് 2012 ൽ തുടങ്ങി. വിദേശരാജ്യങ്ങളായ തായ്‌ലൻഡ് , ഫിലിപ്പീൻസ് മാത്രം ഉത്പാദിപ്പിച്ചിരുന്ന ഈ ഉത്പന്നത്തെക്കുറിച്ച് ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. സാമ്പത്തിക നഷ്ടവും ഒറ്റപ്പെടലും അനുഭവിച്ചെങ്കിലും എന്റെ ഉമ്മയുടെ ആത്മാർഥമായ പിന്തുണ കൊണ്ട് മാത്രം ഞാൻ ഞങ്ങളുടെ മില്ലിന്റെ ഒരു ഭാഗത്ത് വീണ്ടും യൂണിറ്റ് റീസ്റ്റാർട്ട് ചെയ്തു.
ബിസിനസ് തകർന്ന അനുഭവം ഉള്ളതുകൊണ്ട് വിപണി മനസ്സിലാക്കി ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിനായി എക്സിബിഷൻ സ്റ്റാളുകളിൽ പങ്കെടുത്തു. അതിനുവേണ്ടി കാർഷിക സർവ്വകലാശാലയും കൃഷി വകുപ്പും വ്യവസായ വകുപ്പും വളരെയധികം സഹായിച്ചിട്ടുണ്ട്. ഞാൻ 2017 ൽ തളിപ്പറമ്പ് നാടുകാണിയിൽ ഉള്ള കിൻഫ്ര പാർക്കിൽ 15 സെന്റ് സ്ഥലം എടുക്കുകയും 75 ലക്ഷം രൂപ കടമെടുത്ത് സംരംഭം വിപുലീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. കണ്ണൂർ യൂക്കോ ബാങ്കിനെ സമീപിക്കുകയും അവിടെ മാനേജർ ആയിരുന്ന നന്ദകുമാർ പ്രോജക്ടിനെക്കുറിച്ച് മനസ്സിലാക്കി ഇതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു തന്നു. എന്റെ സ്വപ്നമായ നാറ്റ ഡി കൊക്കോ എന്ന യൂണിറ്റ് കിൻഫ്ര പാർക്കിൽ 2017 ഫെബ്രുവരി പന്ത്രണ്ടാം തീയതി രാജു നാരായണസ്വാമി ഐഎഎസ് ഉദ്ഘാടനം ചെയ്തു. ഈ സംരംഭം നല്ല രീതിയിൽ മുന്നോട്ട് പോയത് കാരണം വിപുലീകരണത്തിനു വേണ്ടി ഞാൻ ഈ സ്ഥാപനം എൽ.എൽ.പി ആയി രജിസ്റ്റർ ചെയ്തു.
തേങ്ങാവെള്ളം ഉപയോഗിച്ച് ഏകദേശം 21 തരം ഉത്പന്നങ്ങൾ ഞങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതിൽ നാറ്റക്കു പുറമേ ലെതറിന് ബദൽ ആയിട്ടുള്ള ഉത്പന്നം, ഫേസ് മാസ്ക്, വെജിറ്റബിൾ വാഷ്, കോക്കനട്ട് ഡിജിറ്റൽ വിനഗർ മുതലായവ ഉണ്ട്. തുടർന്നും മറ്റ് ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള റിസർച്ചിൽ ആണ് ഞങ്ങൾ ഉള്ളത്. ഇപ്പോൾ തന്നെ 25 സ്ത്രീകൾ ഞങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. പുതിയ ഉത്പന്നങ്ങൾ റിസർച്ച് ചെയ്യുന്നതിനും അത് ഡെവലപ്പ് ചെയ്യുന്നതിനും കേരള കാർഷിക സർവ്വകലാശാല സഹായിക്കുന്നുണ്ട്. കോക്കനട്ട് ബോർഡിന്റെ സഹായങ്ങൾ ഞങ്ങൾക്കുണ്ട്. സർക്കാർ എല്ലാ രീതിയിലും സഹായസഹകരണങ്ങൾ തന്നുകൊണ്ടിരിക്കുന്നു. കൂടുതൽ കർഷകരിൽ നിന്നും നാളികേര വെള്ളം സംഭരിച്ച് കൂടുതൽ ഉത്പന്നങ്ങൾക്കായുള്ള പുതിയ തീരുമാനങ്ങൾ കമ്പനി എടുത്തുകൊണ്ടിരിക്കുകയാണ്. നാറ്റ ഡി കൊക്കൊ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനം എന്റേതാണ് എന്ന് അഭിമാനത്തോടെ എനിക്ക് പറാൻ കഴിയും. ♦
(സ്ഥാപകൻ, നാറ്റ നുട്രിക്കോ, കിൻഫ്ര പാർക്ക്, നാടുകാണി, കണ്ണൂർ)