Saturday, November 23, 2024

ad

Homeചിത്രകലമറുപിറവിയിലേയ്ക്ക് ചേക്കേറാന്‍ സ്വപ്‌നം കാണുന്നവര്‍

മറുപിറവിയിലേയ്ക്ക് ചേക്കേറാന്‍ സ്വപ്‌നം കാണുന്നവര്‍

ഗായത്രി

ദിനേഷ് പി ജി

നുഷ്യന്‍ ചിത്രകലയിലൂടെ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ അവന് ഭാഷ വശമില്ലായിരുന്നു. നരവംശശാസ്ത്രത്തിന്റെ ഉള്‍പ്പിരിവുകളിലെല്ലാം ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്, ഭാഷയ്ക്ക് പകരമായി. നാല്‍പ്പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പുവരെ ജീവിച്ചിരുന്നതായി കരുതുന്ന നിയാന്താര്‍ത്തല്‍ മനുഷ്യര്‍ തങ്ങളുടെ ദേഹത്ത് ചായം പൂശി ചില സന്തോഷങ്ങള്‍ പരസ്പരം പങ്കുവച്ചിരുന്നു. പിന്നീട് ലോകത്ത് ജീവിച്ചിട്ടുളള പല മനുഷ്യവംശങ്ങളും, ഭാഷ വശമായതിനുശേഷവും നിറങ്ങള്‍ ഉപയോഗിച്ച് ആഘോഷങ്ങളെ മോടിപിടിപ്പിച്ചിരുന്നു. നിറങ്ങള്‍ മനുഷ്യമനസ്സില്‍ ഉണര്‍ത്തുന്ന വൈകാരികവ്യതിയാനങ്ങളെപ്പറ്റി ഇന്ന് വലിയതോതില്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. പലതരത്തിലുളള രോഗങ്ങള്‍ക്ക് മരുന്നുചികിത്സയോടൊപ്പം വര്‍ണചികിത്സകളും നല്‍കുന്ന സമ്പ്രദായം ആധുനികചികിത്സാരംഗം പരീക്ഷിക്കുന്നുണ്ടെങ്കിലും, അതിന് മനുഷ്യസംസ്‌കൃതിയോളം ചരിത്രമുണ്ട്. മുഖത്തെഴുത്തും, ശരീരാലങ്കാരങ്ങളും, മനുഷ്യന്റെ കലാചരിത്രത്തിനൊപ്പം സഞ്ചരിച്ചെത്തിയ ഒന്നാണ്. സമൂഹത്തില്‍ നിലനിന്നിരുന്നതും, നിലനില്‍ക്കുന്നതുമായ പലതരം കലാരൂപങ്ങളിലും, മെയ്ചമയങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നേരിട്ട് ദേഹത്ത് ചായം തേയ്ക്കുന്നതിനൊപ്പം പല വര്‍ണങ്ങളിലുളള തുണികള്‍ മെയ്യെഴുത്തിന് സമാനമായി വസ്ത്രരൂപത്തില്‍ ശരീരമലങ്കരിക്കുന്ന രീതിയും ലോകമെങ്ങും പല കലാരൂപങ്ങളും സ്വീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ പൂര്‍വികജനതയായിരുന്ന ആദിമവംശത്തിന്റെ( റെഡ് ഇന്ത്യന്‍ ) ചമയങ്ങളും, മെയ്യെഴുത്തുകളുമുള്‍പ്പടെ, പൂര്‍വികമനുഷ്യരുടെ ദേഹാലങ്കാരങ്ങള്‍ നിരവധികാലമായി മനുഷ്യന് നിറങ്ങളുമായി പെരുമാറാനുളള ആവേശമുണ്ടായിരുന്നുവെന്നുകാണിക്കുന്നു. ഇത്തരത്തിലുളള അലങ്കരണങ്ങള്‍ പലവിധത്തിലുളള സാമുഹികാചാരങ്ങളുടെയും, അനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളുടെയുമെല്ലാം ഭാഗമായിരുന്നുവെന്ന് നരവംശശാസ്ത്രം മനസ്സിലാക്കുന്നു. നിരവധി തരത്തിലും, തലത്തിലുമുളള ആന്തരികസമ്മര്‍ദ്ദങ്ങളുടെ വിരേചനംകൂടിയായിരുന്നു അവയെല്ലാം. പിന്നീട് ഭാഷയുടെകൂടി ഉദ്ഭവത്തോടെ അവയില്‍ നിന്ന് കലാരൂപങ്ങളും രൂപപ്പെട്ടുവന്നു. കെട്ടിപ്പൊക്കിയ വേദികളിലേയ്ക്ക് വരുന്നതിനുമുമ്പ്, തീര്‍ച്ചയായും അവ ജനപഥങ്ങളിലും, പാതയോരങ്ങളിലും അരങ്ങേറിയിരിക്കണം. പിന്നീട് പണ്ഡിതരും, വരേണ്യവിഭാഗവുമെല്ലാം അവയുടെ ജനപ്രീതിയില്‍ മതിമറന്ന്, അവയെ തങ്ങളുടെ കൊട്ടകകളിലേയ്ക്ക് സ്വകാര്യവല്‍ക്കരിച്ചിരിക്കാമെന്ന് നരവംശശാസ്ത്രം തന്നെ ചില സൂചനകള്‍ തരുന്നുണ്ട്. ജനപഥങ്ങളില്‍ ജനതതിയെ രസിപ്പിച്ച അത്തരം കലാരൂപങ്ങളില്‍ സാമൂഹിക വിമര്‍ശം ലക്ഷ്യമാക്കിയ അവതരണങ്ങളുമുണ്ടായിരുന്നുവെന്നതിന് തെളിവായി നിരവധി ദേശജ്യ കലാരൂപങ്ങളും അടയാളപ്പെടുത്താനാവും. അത്തരം അവതരണങ്ങളുടെ സത്തകളിലേയ്ക്കുളള ഒരു പിന്‍മടക്കമാണ് ദിനേഷ്.പി.ജിയുടെ ചിത്രസഞ്ചാരങ്ങള്‍.

ലോകത്തെമ്പാടും ഇത്തരം കലാരൂപങ്ങള്‍ അവതീര്‍ണമായിട്ടുണ്ടെങ്കിലും, സ്വന്തം ദേശത്തെ ചില നാട്ടുകലാരൂപങ്ങളില്‍ മേല്‍പ്പറഞ്ഞ ആക്ഷേപഹാസ്യരൂപകങ്ങള്‍ എത്രമാത്രം സഫലവും, സാര്‍ത്ഥകവുമാണെന്ന അന്വേഷണമാണ് ദിനേഷിന്റെത്. തൃശ്ശുരിന്റെ മാത്രമായ കുമ്മാട്ടി, പുലിക്കളി പോലുളള നാട്ടുകലാവഴക്കങ്ങളെ ആധാരമാക്കി, അവയിലെ ആകാരചമയങ്ങളിലും, ദേഹമെഴുത്തിലുമെല്ലാം പ്രയോഗവല്‍ക്കരിച്ചിരിക്കുന്ന സൗന്ദര്യാംശങ്ങളെ, ചിത്രങ്ങളില്‍ പുനര്‍നിര്‍മിക്കാനുളള സാധ്യത ആരായലാണ് തന്റെ രചനാപരീക്ഷണങ്ങളായി ദിനേഷ് പരിശോധിക്കുന്നത്. എന്നാല്‍ അത്തരം കലാവഴക്കങ്ങളിലെ രൂപകങ്ങളെ അതേപടി പുനര്‍നിര്‍മ്മിക്കാതെ, അവയിലെ ആക്ഷേപഹാസ്യാത്മകത മുന്നോട്ട് വയ്ക്കുന്ന സാമൂഹിക വിമര്‍ശങ്ങളിലെ ദാര്‍ശനിക സംവര്‍ഗങ്ങളെ പുനഃസൃഷ്ടിക്കലാണ് ദിനേഷിന്റെ രചനകള്‍ ചെയ്യുന്നത്. ഒരു ദൃശ്യരൂപമെന്ന നിലയില്‍ കുമ്മാട്ടിയിലെ കോലങ്ങളെയോ, പുലിക്കളിയിലെ രൂപങ്ങളെയോ ചിത്രത്തില്‍ കെണ്ടുവരാനെളുപ്പമാണ്. അത്രതന്നെ എളുപ്പമാണ് ഒരു കലയെന്ന സംവര്‍ഗത്തില്‍നിന്ന് അത്തരം രചനകള്‍ പുറത്താവാന്‍. അത് ഒരു തിരിച്ചറിവാണ്. അത്തരം അറിവുകളിലാണ് കലയുടെ അനശ്വരത നിലനില്‍ക്കുന്നത്. ഒരു മതമേലദ്ധ്യക്ഷന്റെ മേലങ്കിയും, അംഗവസ്ത്രങ്ങളും, തലപ്പാവുമണിഞ്ഞ്, കയ്യില്‍ അധികാരദണ്ഡുമായി നില്‍ക്കുന്ന മനുഷ്യരൂപത്തില്‍, ഇരയ്ക്കുനേരെ ചാടിവീഴാന്‍ രൗദ്രഭാവിയായി വായ്‌പൊളിച്ചു നില്‍ക്കുന്ന സിംഹത്തിന്റെ മുഖം ചേര്‍ത്തപ്പോള്‍ ആ ചിത്രം മതം എത്രമാത്രം അപഹാസ്യമായ ഒരു ജീവിതമാണ് മനുഷ്യന് നല്‍കാന്‍ ശ്രമിക്കുന്നതെന്ന് ഭാവുകനോട് സംസാരിക്കുന്നു. ആ ഒരൊറ്റ രചനതന്നെ മനുഷ്യവംശത്തിനുമേല്‍ മതം നടത്തിക്കൊണ്ടിരിക്കുന്ന ധര്‍മരഹിതമായ വേട്ടകളെപ്പറ്റി നിരവധി കഥകള്‍ കാഴ്ചക്കാരനോട് പങ്കുവയ്ക്കുന്നു. അതിലളിതവും, ഒപ്പം ദുര്‍ഗ്രാഹ്യമായ ഒട്ടനവധി വിഷയങ്ങളെ അഭിസംബോധനചെയ്യുന്നതുമായ ഈ സൃഷ്ടി, ദിനേഷിന്റെ രചനാസമ്പ്രദായത്തിന്റെ അടയാളവാക്യംകൂടിയാണ്. ഇത്തരത്തിലുളള മുഖപടങ്ങള്‍ തന്റെ രചനകളില്‍ ധാരാളമായി ഉപജീവിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന സാംസ്‌കാരിക പശ്ചാത്തലം, കേരളീയ നാട്ടുകലകളില്‍ പൗരാണിക കാലം മുതല്‍ നമ്മുടെ സമൂഹം ഉപയോഗിച്ചുപോരുന്ന ലാവണ്യാംശങ്ങളുടെ സമര്‍ത്ഥമായ ഉപയോഗം തന്നെയാണ്. ഒരു ചിത്രത്തിന് സാങ്കേതികമായി നേരിടേണ്ടിവരുന്ന ഒട്ടനവധി പരിമിതികളുണ്ട്. ആ പരിമിതികള്‍ ചിത്രകാരനെ സംബന്ധിക്കുന്ന വെല്ലുവിളികള്‍കൂടി ഉള്‍ക്കൊളളുന്നതാണ്. അതിനെ മറികടക്കാനാവശ്യമായ രചനാകൗശലം സ്വായത്തമാക്കുമ്പോഴാണ് ഒരു ചിത്രകാരന്‍ തന്റെ നൈപുണി പ്രകടിപ്പിക്കാന്‍ തുടങ്ങുക. രചനാപരമായി സ്വന്തം മുദ്രകള്‍ കലയില്‍ അവശേഷിപ്പിക്കാന്‍ കലാകാരന്‍ പ്രാപ്തിനേടുന്നതും അപ്രകാരമാണ്. ദിനേഷിന്റെ രചനകള്‍ അത്തരം വെല്ലുവിളികളെ സമര്‍ത്ഥമായി മറികടക്കുന്നു. മതാധികാരിയുടെ ചിത്രം പോലെ ആക്ഷേപഹാസ്യാത്മകമായ നിരവധി രചനകള്‍ ഈ ചിത്രകാരന്‍ നിര്‍വഹിച്ചിട്ടുണ്ട്. പലപ്പോഴും രാഷ്ട്രീയാധികാരികളുടെയോ, ഉദ്യോഗസ്ഥവര്‍ഗത്തിന്റെയോ ഉടല്‍ചമയങ്ങള്‍ നല്‍കുകയും, പലതരത്തിലുളള മൃഗങ്ങളുടെ തല വച്ചുപിടിപ്പിക്കുയും ചെയ്യുന്ന ഒരു വിചിത്ര ആകാരരീതി ഈ ചിത്രങ്ങള്‍ പിന്തടരുന്നു. പുരാണത്തിലെ ഗണപതിയെന്ന കഥാപാത്രം, ജനിതകശസ്ത്രകിയവഴി മനുഷ്യശരീരത്തില്‍ ആനയുടെ തല വച്ചുപിടിപ്പിച്ചതാണെന്ന്, വലിയ ഉത്തരവാദിത്വമുളള ഒരു രാഷ്ട്രീയനായകന്‍ ശാസ്ത്രസമ്മേളനത്തില്‍ പുലമ്പിയത് നാം മറന്നുപോയിട്ടില്ല. ദിനേഷ് ഇത്തരം കുടിലബുദ്ധികളായ അധികാരികളുടെ മലീമസമാര്‍ന്ന വിസര്‍ജ്യങ്ങള്‍ തുറന്നു കാണിക്കാന്‍ തന്റെ ചിത്രങ്ങളിലെ രൂപകങ്ങള്‍ ഉപയോഗിക്കുകയാണെന്ന് തോന്നും. നമ്മുടെ നാട്ടുകലകളില്‍ പലപ്പോഴും, അടിച്ചമര്‍ത്തപ്പെട്ട അടിയാളന്റെ, വരേണ്യനെതിരായ പ്രതിഷേധങ്ങളുടെ കറുത്ത പരിഹാസം കാണാം. ഒന്നിനെ ഒരായിരം തലത്തില്‍ വിരിയിക്കുന്ന അത്തരം ലാവണ്യകല്‍പ്പനകളെയാണ് ഈ ചിത്രകാരനും ഉപയോഗിക്കുന്നത്. കളളിമുള്‍ ചെടികള്‍പോലെയാണവ, തായ്ത്തടിയില്‍ നിന്ന് നിരവധി ചിനച്ചങ്ങളായി പൊട്ടിത്തഴച്ച് വളരുമ്പോഴും അതിന്റെ ഓരോ അണുവിലും മുനച്ചു നില്‍പ്പുണ്ടാവും ചോരപൊടിയിക്കാന്‍ കെല്‍പ്പുളള മുളളുകള്‍. ഒരു പട്ടാള അധികാരിയുടെ ഉടല്‍ചമയങ്ങളും, അധികാരചിഹ്നങ്ങളും ധരിച്ചുനില്‍ക്കുന്ന കുരങ്ങിന്റെ തലയുളള രൂപത്തിന്റെ മുഖത്തെ വിഡ്‌ഢിച്ചിരി, പക്ഷെ നിഷ്‌കളങ്കതയുടേതല്ല. എല്ലാം ആസൂത്രിതമായി നടപ്പില്‍ വരുത്താന്‍ പദ്ധതിയിട്ടിട്ടുളള ഒരു കുടിലബുദ്ധിയുടെതാണ്. ചില ലോഹപാളികളാല്‍ കഴുത്തില്‍ ഉറപ്പിച്ചിട്ടുളള തലയ്ക്ക്, മുന്‍കൂട്ടി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ ശിരസാവഹിക്കാനെ കഴിയൂ. സമകാല രാഷ്ട്രതന്ത്രജ്ഞര്‍ അവരുടെ പ്രജകളോട് ചെയ്യുന്ന അനൈതിക വൃത്തികള്‍ പാവങ്ങളെ ഇരകളാക്കുന്ന ദുസ്സഹമായ കാഴ്ചകളെയാണ് നമുക്ക് മുന്നില്‍ എത്തിക്കുന്നത്. ഭരണകൂടങ്ങളുടെ മര്‍ദ്ദനോപകരണങ്ങളാണ് നീതിനിര്‍വഹണകേന്ദ്രങ്ങളും, അവ ഭരിക്കുന്ന ഉദ്യോഗസ്ഥവിഭാഗവും. എല്ലാ ജനാധിപത്യത്തിലും ഇത്തരം സംവിധാനങ്ങള്‍ നിലനിര്‍ത്തുന്നത് ഭരണകര്‍ത്താക്കളുടെ ഭയംകൊണ്ടുകൂടിയാവണം. ദിനേഷിന്റെ ചിത്രങ്ങളിലെ ജന്തുമുഖമുളള രൂപങ്ങളില്‍ പലതും അധികാരം കയ്യാളുന്നവരുടെ പ്രതിനിധികളാണ്. ജനാധിപത്യമെന്നത് ഒരു കറുത്ത തമാശയാണെന്ന സത്യം തന്നെയല്ലേ ഈ രചനകള്‍ ഭാവുകനുമായി പങ്കുവയ്ക്കുന്നത്. കുരങ്ങന്റെ തലയുളള മറ്റൊരു പട്ടാളോദ്യോഗസ്ഥന് തലയില്‍ ഒരു മതഭരണാധികാരിയുടെ തൊപ്പിയാണ്. ഇവിടെ രാഷ്ട്രീയാധികാരവും, മതാധികാരവും തമ്മിലുളള അനൈതികമായ കൂട്ടുകെട്ട് ഒരു ദേശത്തെ എത്രമാത്രം വിഷലിപ്തമാക്കുമെന്നത് നാം കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളാണ്. അത്തരം അവിശുദ്ധ ബാന്ധവങ്ങളെ തന്റെ രചനകളിലേയ്ക്ക് സംക്രമിപ്പിക്കുന്ന കലാകാരന്‍, താന്‍ ജീവിക്കുന്ന കാലത്തോട് കരുത്തോടെ കലഹിക്കുകയാണ്. പന്നിയുടെ തലയുളള മറ്റൊരു പട്ടാളക്കാരന്റെ ചിരിയില്‍, ചതിയുടെ കുടിലചാരുത തെളിഞ്ഞു നില്‍ക്കുന്നുണ്ട്. നായ, കുരങ്ങ് തുടങ്ങിയ മറ്റുചില ജീവികളുടെ തലയുളള ഉന്നത ഉദ്യോഗസ്ഥരുടെ ഛായാചിത്രങ്ങളും ദിനേഷ് രചിച്ചിട്ടുണ്ട്. ക്രൂരമായ സാമൂഹിക വിമര്‍ശനം പ്രകടമാക്കുന്ന ഈ രചനകള്‍ കലാപ്രവര്‍ത്തനവും ഒരുതരം രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് സ്ഥാപിക്കുകയാണ്.

അത്യാധുനിക വിവരസാങ്കേതികവിദ്യയുടെ വിപ്ലവം നമ്മുടെ സാമൂഹികജീവിതത്തെ എത്രമാത്രം മാറ്റിത്തീര്‍ത്തുകൊണ്ടിരിക്കുന്നുവെന്നത് ഓര്‍ത്ത് വിസ്മയം കൊളളാന്‍ ജീവിതത്തിന്റെ പരക്കം പാച്ചിലില്‍ നാമെല്ലാം മറന്നുപോകുന്നു. മൊബൈല്‍ഫോണില്‍, സ്വന്തം ഛായ പതിനായിരം വട്ടം പകര്‍ത്തിയാലും തീരാത്ത ആത്മരതിയില്‍ ആമഗ്നരാകുന്നതിന് മുമ്പ്, നമ്മുടെ മുന്‍ തലമുറകള്‍ കുടുംബചിത്രങ്ങള്‍ പകര്‍ത്തി ചില്ലിട്ട് സൂക്ഷിച്ചിരുന്നു. അത്തരമൊരു കുടുംബചിത്രത്തെ പുനര്‍നിര്‍മിക്കുന്ന ദിനേഷിന്റെ ‘ ഇത് നിങ്ങളുടെകൂടി കുടുംബമാണോ’ എന്ന രചന, ഒരര്‍ത്ഥത്തില്‍, ഒരു ഗതകാലത്തെ ഓര്‍മകളെമാത്രമല്ല തിരികെ കൊണ്ട് വരുന്നത്. ചോദ്യരൂപത്തിലുളള ചിത്രത്തിന്റെ തലവാചകംതന്നെ ഒരു സംവര്‍ഗമായി മാറുന്നുണ്ട്, ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍. മൂന്നു തലമുറകളിലെ എട്ടുപേരാണ് ഈ സംഘചിത്രത്തിലുളളത്. ഒരു ഇരിപ്പുമെത്തയില്‍ ക്യാമറയ്ക്ക് മുഖം കൊടുത്ത് അനുസരണയോടെ ഇരിക്കുന്ന കുടുംബനാഥനും ഭാര്യയും രണ്ട് പേരക്കിടാങ്ങളുമാണ് മുന്‍നിരയില്‍. മെത്തയ്ക്ക് പിന്നിലായി രണ്ട് മക്കളും അവരുടെ ഇണകളും. ഒരു സര്‍വസാധാരണ കുടുംബപടത്തിന്റെ എല്ലാലക്ഷണങ്ങളുമുളള ഈ ചിത്രത്തിലെ ഓരോ അംഗവും കഴുത്തില്‍ വ്യത്യസ്തമായ പക്ഷിമൃഗങ്ങളുടെ തലയുമായാണ് ജീവിക്കുന്നത്. അവയില്‍ മനുഷ്യമുഖമുളളത് മൂന്നു പെണ്ണുങ്ങള്‍ക്കുമാത്രം. ബാക്കിയുളളവരില്‍ കൊറ്റിയും തത്തയും പുലിയും പൂച്ചയുമുണ്ട്. ഒരു കൗതുകംപോലെ ചിലരില്‍ മുളച്ചുപൊന്തിയ ചെറുചിറകുകള്‍, വേറെ ഒരു ജന്മത്തിലേയ്ക്ക് പറക്കാനുളള വെമ്പലാണെന്നുതോന്നും. ഈ കുടുംബചിത്രം പകരുന്ന കാഴ്ചയുടെ സാധാരണത്വത്തിനപ്പുറം മനുഷ്യന്‍ സ്വാര്‍ത്ഥതയും, തന്‍പ്രമാണിത്തവും കൊണ്ട് മറ്റേതൊ ജീവിയായി പരിണമിച്ചുകൊണ്ടിരിക്കുകയാണെന്ന ഒരു ഉള്‍വിചാരം കാഴ്ചക്കാരനില്‍ ഞെട്ടലായി നിറയുന്നു. ഒരു വികസിതസമൂഹത്തിന്റേതെന്ന് നാം പലപ്പോഴും തെറ്റിദ്ധരിക്കുന്ന വ്യാജസംസ്‌കൃതികള്‍, മുതലാളിത്തം മനുഷ്യവംശത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന പൊള്ളത്തരങ്ങളാണെന്നുകൂടി ഈ രചന പരിഹസിക്കുന്നു. പാശ്ചാത്യന്‍ കലയില്‍, മാറ്റത്തിന്റെ വിപ്ലവം വിതച്ച ഇരുപതാം നൂറ്റാണ്ടില്‍, ആന്ദ്രെ ബ്രറ്റന്‍ നട്ടുപിടിപ്പിച്ച സര്‍റിയലിസം, പ്രത്യക്ഷത്തില്‍ നിര്യുക്തികമെന്ന് അനുമാനിക്കാവുന്ന വസ്തുക്കളുടെയോ, വസ്തുതകളുടെയോ ഒരു സംയോഗമാണ്. സ്വപ്‌നാധിഷ്ഠിതമായ പാരസ്പര്യബന്ധം പുലര്‍ത്തുന്ന ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍കൊണ്ട് ചിത്രതലം നിര്‍വചനാതീതമാം വിധം യുക്തിരഹിതമായി. യിവേസ് സ്റ്റാന്‍ഗ്വേയുടെ ‘ഇന്‍ഡെഫിനിറ്റ് ഡിവിസിബിലിറ്റി’. ‘മമ്മ, പപ്പ വൂണ്ടഡ്’ തുടങ്ങിയ ചിത്രങ്ങള്‍ സര്‍റിയലിസത്തിനു താത്വിക നിര്‍വചനങ്ങള്‍ നല്‍കാന്‍ പര്യാപ്തമായ രചനകളായി. സര്‍റിയലിസം മുന്നോട്ട് വച്ച ആ രീതി പല കൈവഴികളിലായി കലയില്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്നു. സര്‍റിയലിസത്തിന്റെ ലാവണ്യവ്യവഹാരങ്ങള്‍ കാലികമായ മാറ്റങ്ങള്‍ക്ക് വിധേയമായി പുതിയ ആശയതലങ്ങളെ സ്പര്‍ശിക്കുകയാണ് ദിനേഷിന്റെ ഒരു രചനയില്‍. വിശാലമായ ഒരു പ്രദേശത്ത്, അധികം ഉയരത്തിലല്ലാത്ത ഒരു തറയില്‍, മുളച്ചുപൊങ്ങിയപോലെ ചമ്രം പടിഞ്ഞിരിക്കുന്ന ഒരു മനുഷ്യരൂപം. അതിന് വാത്തിന്റെ തലയും, നെഞ്ചില്‍ക്കണ്ണും, വലിയചിറകുകളമുണ്ട്. ചുറ്റും ചില പക്ഷിമൃഗാദികളെ കാണാം. ഈ ചിത്രത്തിന്റെ രചനയ്ക്കുപയോഗിച്ചിരിക്കുന്ന നിറങ്ങള്‍ ചിത്രതലം പ്രക്ഷേപിക്കുന്ന വിരുദ്ധോക്തിയിലുളള അര്‍ത്ഥതലത്തെ അപ്പാടെ നിഷേധിക്കുന്നു. അത്രമേല്‍ സൗമ്യമാണ് ആ നിറവിന്യസന ചാതുരി. സൗമ്യമായ ആ നിറങ്ങള്‍ പക്ഷെ വരാനിരിക്കുന്ന കാലവൈപരീത്യത്തെത്തന്നെയാവും പ്രസരിപ്പിക്കുന്നത്. ചിത്രത്തിലെ വിലക്ഷണമാര്‍ന്ന സംയോജനതലം പോലും വിരുദ്ധകല്‍പനകളുടെ ഒരു തുറവിയിലേയ്ക്ക് കാഴ്ചക്കാരനെ നയിക്കുന്നു. വിടര്‍ന്ന താമരയില്‍ അറുത്ത് വച്ചിരിക്കുന്ന സുന്ദരിയുടെ തല തികച്ചും വ്യത്യസ്തമായ ഒരു വായനയെ പരിചയപ്പെടുത്തുന്ന രചനയായി. ഒരാധുനിക വനിതയുടെ ഭാവഹാവാദികളുളള ആ പെണ്‍തല ഒരു സമ്മിശ്രസംസ്‌കാരത്തെ ധ്വനിപ്പിക്കുന്നുണ്ട്.

പഴയകാല സ്‌മൃതികളുണര്‍ത്തുന്ന വേറേയും സംഘചിത്രങ്ങള്‍ ദിനേഷ് തന്റെ രചനാവിഷയമാക്കിയിട്ടുണ്ട്. പളളിക്കൂടത്തില്‍നിന്ന് പഠനം കഴിഞ്ഞ് പിരിയുമ്പോള്‍ എടുക്കുന്ന സംഘപടം, തുടര്‍പഠനത്തിന്റെയും, തൊഴില്‍നേടലിന്റെയുമെല്ലാം അലച്ചിലിനിടയില്‍ എവിടെയോ ഉപേക്ഷിക്കുന്നു. പിന്നീട് നിരവധി വര്‍ഷങ്ങളുടെ വേര്‍പാടിന് ശേഷം, ആ പടം വീണ്ടും യാദൃച്ഛികമായി കാണുമ്പോള്‍ ഉണ്ടാകുന്ന സമ്മിശ്രമായ വികാരങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ടാകാറുളള അനുഭവങ്ങളാണ്. ആ പടത്തിലെ പലരേയും പിന്നീട് കണ്ടിട്ടുണ്ടാവില്ല. പലരും രൂപവും ഛായയും അമ്പേ മാറി തിരിച്ചറിയാനാവാത്തവിധമായിട്ടുണ്ടാവും. ചിലരെല്ലാം കാലയവനികയ്‌ക്കുളളില്‍ മറഞ്ഞിട്ടുണ്ടാവും. ദിനേഷിന്റെ പളളിക്കൂടസംഘപടം പക്ഷെ ഇത്തരം സ്മൃതികളൊന്നും ഭാവുകനില്‍ കൊണ്ടുവരുന്നില്ല. മറിച്ച് അത്തരമൊരു പടത്തില്‍ നാം വായിച്ചെടുക്കാന്‍ മെനക്കെടാത്ത നിരവധി കാര്യങ്ങള്‍ പറയുന്നുമുണ്ട്. ഒരു സാധാരണ പളളിക്കൂടചിത്രമെടുപ്പിന്റെ രീതിയില്‍, മൂന്നു നിരകളിലായി നിര്‍ത്തിയെടുത്ത ഒരു പടമാണിതും. നടുവിലിരിക്കുന്ന അദ്ധ്യാപികയുടെ പൂച്ചത്തലയില്‍ ചെവിക്കുപകരം ചെറു ചിറകുകളാണ്. അവരുടെ കണ്ണിലെ തിളങ്ങുന്നഭാവം വന്യമായ ഒരാഹ്ലാദം താന്‍ ഉളളില്‍ സൂക്ഷിക്കുന്നതിന്റെയാണ്. പിന്‍നിരയില്‍ ആണ്‍കുട്ടികള്‍ മാത്രമാണ്. അവരില്‍ പലര്‍ക്കും പല ജീവികളുടെ തലയാണ്. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും കനത്ത മീശ മുളച്ചിട്ടുണ്ട്. അവ കൃത്യമായി വെട്ടിവെടിപ്പാക്കി വച്ചിരിക്കുന്നു എല്ലാവരും. ഒരു സര്‍റിയലിസ്റ്റിക് ചിത്രത്തിന്റെ എല്ലാ ലക്ഷണങ്ങളും സംയോജിപ്പിക്കപ്പെട്ട ഈ രചന ചിത്രവായനയെ മറ്റൊരു തലത്തില്‍ പ്രതിഷ്ഠിക്കാന്‍കൂടി രചിച്ചതാണെന്ന് തോന്നും. മുന്‍ നിരയിലുളള കുട്ടികള്‍ ഒരു വഞ്ചിയും ഒരു വലിയ മീനും മുന്നില്‍ തൂക്കിപ്പിടിച്ചിട്ടുണ്ട്. ഇത്തരം സംവര്‍ഗങ്ങള്‍ നല്‍കുന്ന സന്ദേശം വിരുദ്ധ കല്‍പനകളെയാണ് ദ്യോതിപ്പിക്കുന്നതെങ്കിലും അവ തമ്മിലുളള വിദൂരമായ സാത്മ്യവും ചിത്രം പങ്കുവയ്ക്കുന്നു. ദുരൂഹത ഒട്ടുമില്ലാത്ത ഈ രചനയുടെ ആശയതലം, മനുഷ്യന്റെ ആന്തരികവ്യവഹാരങ്ങളെ വിശ്ലേഷണം ചെയ്യുക അത്ര സുകരമല്ലെന്ന് ധ്വനിപ്പിക്കുന്നു. വൈചിത്ര്യമാര്‍ന്ന ചിന്താപദ്ധതികളുളള ഒരു വിചിത്രജീവിവര്‍ഗമാണ് മനുഷ്യരാശിയെന്ന് ദിനേഷിന്റെ രചനകള്‍ വായിക്കുന്ന ഭാവുകനു തോന്നുന്നുവെങ്കില്‍ അതിനുളള ഉത്തരം സ്വന്തം മനസ്സിലാണ് നാം തിരയേണ്ടത്. ഒന്നിലധികം കുടുംബപടങ്ങള്‍ ഈ ചിത്രകാരന്‍ തന്റെ രചനകളില്‍ ഉപയോഗിച്ചിട്ടുണ്ട്. അവയെല്ലാം പ്രസരിപ്പിക്കുന്നത് മനുഷ്യന്റെ വിചിത്രമായ മാനസികതലങ്ങളെയാണ്. വിചിത്രവും, വിസ്മയകരവുമായ ഇത്തരം കാര്യങ്ങള്‍ ചിത്രീകരിക്കുമ്പോഴും അവയിലെല്ലാം ആക്ഷേപഹാസ്യോത്പാദനതന്ത്രമെന്ന നിലയില്‍ രൂപകങ്ങളെ ലളിതവും സരസവുമായി അവതരിപ്പിക്കുകയാണ് ചിത്രകാരന്‍. തന്റെ രചനകള്‍ കൂടുതല്‍ കൂടുതല്‍ ഭാവുകസംസര്‍ഗത്തിന് ഇടവരാന്‍വേണ്ടിയാവാം ഈ തിരഞ്ഞെടുപ്പ്. സര്‍വസാധാരണമായ രൂപകങ്ങളില്‍ അസാധാരണമായ ചില ഉടലെഴുത്തുകള്‍ കൂട്ടിച്ചേര്‍ത്ത് ചിത്രീകരിക്കാന്‍ ദിനേഷ് ശ്രദ്ധിക്കുന്നത് അതുകൊണ്ടാവും. നിലനില്‍ക്കുന്ന കാലവ്യവഹാരങ്ങളോട് കലഹിക്കുന്ന ഒരു കലാകാരനെ എളുപ്പത്തില്‍ ദിനേഷിന്റെ രചനകളില്‍നിന്ന് തൊട്ടറിയാം. ഒരു സാമൂഹികജീവിയെന്ന നിലയില്‍ പൊതുസമൂഹത്തിന്റെ മുന്നോട്ടുളള സഞ്ചാരത്തെ സാകൂതം വീക്ഷിക്കുന്ന ഒരു കലാകാരന് മറ്റൊരു രീതിയില്‍ വസ്തുതകളെ സമീപിക്കാനാവില്ല. കലാപത്തിന്റെ മൂര്‍ച്ചയുളള രൂപകങ്ങള്‍ ചിത്രതലത്തില്‍ ആവിഷ്‌കരിക്കുമ്പോഴും, നിറങ്ങളുടെ പ്രയോഗത്തിലുളള മിതത്വം, കയ്യൊതുക്കമുളള ഒരു ചെപ്പടിവിദ്യക്കാരനെപ്പോലെ, ദിനേഷിനെ സ്വന്തം മാധ്യമത്തിലുളള പ്രാവീണ്യം വെളിവാക്കാന്‍ സഹായിക്കുന്നു. നിറവിതാനത്തിലുളള ഈ സൗമ്യത ഭാവുകനെ ചിത്രത്തിനുമുന്നില്‍ കൂടുതല്‍ നേരം ചെലവഴിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതും ഒരു തരത്തില്‍ രചനയുടെ വ്യാവഹാരിക ചാതുര്യത്തെത്തന്നെയാണ് വെളിപ്പെടുത്തുന്നത്. കേന്ദ്രലളിതകലാഅക്കാദമിയുടേതുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുളള തൃശ്ശൂര്‍ വാസിയായ ഈ കലാകരന്‍ രാജ്യന്തരതലത്തിലും ശ്രദ്ധേയനാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − 3 =

Most Popular