Tuesday, April 23, 2024

ad

Homeമുഖപ്രസംഗംഇത് അമിതാധികാര വാഴ്ച

ഇത് അമിതാധികാര വാഴ്ച

സിപിഐ എം സ്ഥാപനമായ സുർജിത് ഭവനിൽ സിപിഐ എമ്മുകാർ മാത്രമല്ല, മറ്റു പ്രതിപക്ഷ കക്ഷി പ്രവർത്തകരും ചേർന്നു യോഗങ്ങൾ നടത്തുകയും ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. അവയിൽ ചിലത് കേന്ദ്രസർക്കാരിന്റെയും ഭരണകക്ഷിയുടെയും നയസമീപനങ്ങളെയും നടപടികളെയും വിമർശിക്കുന്നതും അവയിൽ പ്രതിഷേധിക്കുന്നതുമാകും. ഭരണത്തിലില്ലാത്ത കക്ഷികൾക്കും സർക്കാരിനോട് പലകാര്യങ്ങളിലും യോജിക്കാത്തവർക്കും തങ്ങളുടെ വ്യത്യസ്താഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട് എന്നതാണ് ജനാധിപത്യത്തിന്റെ സവിശേഷതയായി പറയാറുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് ഈ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു. അക്കാലത്ത് സിപിഐ എമ്മും സോഷ്യലിസ്റ്റുകാരും ഉൾപ്പെടെ പ്രതിപക്ഷകക്ഷികളും അതിനെതിരെ പൊരുതിയിരുന്നു.

ഇന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എങ്കിലും, പ്രതിപക്ഷ പാർട്ടിക്കാരെയും സ്വതന്ത്ര വ്യക്തികളെയും യോഗം ചേരുന്നതിൽനിന്നും സ്വന്തം അഭിപ്രായ പ്രകടനത്തിൽ നിന്നും മോദി സർക്കാർ തടയുന്നു. സുർജിത് ഭവനിൽ ചേർന്ന വി –20 സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവരെ അകത്തു കടക്കുന്നതിൽ നിന്നും അകത്തുകയറിയവരെ പുറത്തു കടക്കുന്നതിൽനിന്നും പൊലീസിനെ വിട്ട് തടഞ്ഞു.പിന്നീട് സുർജിത് ഭവനു മുൻഭാഗം അടച്ചു കെട്ടി പൊലീസ്. ആഗസ്റ്റ് 15ന് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി ബൗദ്ധിക സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനായിരുന്നു. മോദിയുടെ തിരുവായ്ക്ക് എതിർവായ് പറയാതിരിക്കലാണോ ബൗദ്ധിക സ്വാതന്ത്ര്യം എന്ന ചോദ്യം ഇതെല്ലാം കാണുമ്പോൾ ഉയരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ മോദി പ്രതിപക്ഷത്തിന്റെ, പൊതുവിൽ ജനങ്ങളുടെ വായ് മൂടിക്കെട്ടുകയാണ്.

വി – 20 പരിപാടി തടഞ്ഞതിൽ മോദി ഭരണത്തിന്റെ കോർപ്പറേറ്റ് അജൻഡയാണ് വെളിപ്പെടുന്നത്. കോർപ്പറേറ്റുകളുടെയും ആഗോള മൂലധനത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന മോദി സർക്കാരിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനുള്ള വേദിയായും വി – 20 സെമിനാർ എന്നതു മുൻകൂട്ടിക്കണ്ടാണ് പൊലീസിനെ ഉപയോഗിച്ച് തടഞ്ഞത്. എതിരഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയാണ് ഇവിടെ പ്രകടമാക്കപ്പെട്ടത്. ഇത് നഗ്നമായ സേ-്വച്ഛാധിപത്യ നടപടിയാണ്. മോദി സർക്കാരിന്റെ മുഖമുദ്രയായി അതു മാറിയിരിക്കുന്നു.

മോദി സർക്കാർ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും നിഷേധിക്കുന്നതിനെതിരെ സുപ്രീംകോടതി സംശയരഹിതമായി വിമർശനം ഉന്നയിച്ചിരുന്നു. ഭരണ ഭരണഘടനാ വ്യവസ്ഥകളും അവ അനുസരിച്ചുള്ള പൗരാവകാശങ്ങളും ഏകപക്ഷീയമായി നിഷേധിക്കുന്നതിനു സർക്കാരിന് അധികാരമോ സ്വാതന്ത്ര്യമോ ഇല്ല തന്നെ. കോടതി ഇത്തരത്തിൽ പൗരരുടെ രക്ഷയ്ക്കായി നിലകൊള്ളുന്നു എന്നത് ഇന്ത്യൻ ഭരണഘടനയുടെയും ഇവിടത്തെ ജനാധിപത്യ വ്യവസ്ഥയുടെയും പ്രത്യേകതയാണ്. അതിനെ പ്രതിരോധിക്കേണ്ടത് എല്ലാ സ്വാതന്ത്ര്യ സ്നേഹികളുടെയും കടമയാണ്, ആവശ്യമാണ്.

സർക്കാരിന്റെ പല പാർലമെന്ററി പ്രവർത്തനങ്ങളും നിയമനിർമ്മാണങ്ങളും ദുരൂഹമാണ്. ആദ്യമൊക്കെ മോദി സർക്കാർ പാർലമെന്ററി സമിതികളുടെ പ്രവർത്തനം അപ്പാടെ മരവിപ്പിച്ചു കളഞ്ഞിരുന്നു. അത് ജനങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കുതിര കയറ്റത്തിന്റെ ഭാഗമാണ്. ഇപ്പോൾ ഇന്ത്യൻ ശിക്ഷാ നിയമവും ക്രിമിനൽ നടപടിക്രമവുമൊക്കെ തിരുത്താനുള്ള നീക്കത്തിലാണ് മോദി സർക്കാർ. അതിനു പല നിഗൂഢ ലക്ഷ്യങ്ങളുമുണ്ട്.രാജ്യദ്രോഹം സംബന്ധിച്ച് നിലവിലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പാണ് 124 എ. അതിനു മോദി സർക്കാർ നിർദേശിച്ചിരിക്കുന്ന ഭേദഗതി കേന്ദ്രസർക്കാരിനെയോ അതിലെ പ്രധാനികളെയോ വിമർശിക്കുന്നതും എതിർക്കുന്നതും രാജ്യദ്രോഹമാക്കുന്ന തരത്തിലാണ്. ഇത് ജനാധിപത്യ വ്യവസ്ഥയെയല്ല സേ-്വച്ഛാധിപത്യ വ്യവസ്ഥയെയാണ് പ്രതിനിധാനം ചെയ്യുന്നത്. ജനാധിപത്യത്തിന്റെ കൊടിക്കീഴിൽ നഗ്നമായ സേ-്വച്ഛാധിപത്യ സ്ഥാപനത്തിനാണ് ആർഎസ്എസിന്റെ മാർഗദർശിത്വത്തിൻകീഴിൽ മോദി സർക്കാരും ബിജെപിയും മുതിർന്നിരിക്കുന്നത്.

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. മോദി സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തോളമായുള്ള ഭരണത്തിന്റെ ഒരു പ്രധാന ‘നേട്ട’മാണ് അത്. രാജ്യത്ത് സാമ്പത്തിക പുരോഗതിയുണ്ട് എന്നൊക്കെ പ്രധാനമന്ത്രിയും ധനമന്ത്രി നിർമല സീതാരാമനും അവകാശപ്പെടാറുണ്ട്. കുത്തകകളുടെയും വൻകിടക്കാരുടെയും പുരോഗതി ഉറപ്പുവരുത്തുന്ന നയങ്ങളും നടപടികളുമാണ് മോദി സർക്കാർ പിന്തുടരുന്നത്. അവരെ സംബന്ധിച്ചിടത്തോളം ജനം എന്നു പറഞ്ഞാൽ കുത്തകകളും സംഘപരിവാരങ്ങളും മാത്രമാകുന്നു. ഹിന്ദുക്കളിലെ പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ മുതലായ ജനവിഭാഗങ്ങളെ ബിജെപിയും മോദിസർക്കാരും ജനങ്ങളായി കണക്കാക്കുന്നില്ല എന്നുവേണം പറയാൻ. ഈ വിഭാഗങ്ങൾ ഉൾപ്പെടെ ജനസാമാന്യത്തിന്റെ ജീവിത നിലവാരം മൊത്തത്തിൽ മോദി വാഴ്ചയ്ക്കുകീഴിൽ ഗണ്യമായി ഇടിഞ്ഞിട്ടുണ്ട്. മോദി സർക്കാർ പിന്തുടരുന്ന നയ സമീപനം ഈ പിന്നാക്ക വിഭാഗങ്ങളുടെ ജീവിത പുരോഗതിയെ മുൻനിർത്തിയുള്ളതല്ല. ഇതെല്ലാം വീണ്ടും വീണ്ടും എടുത്തുകാണിക്കുന്നത് മോദി സർക്കാർ ജനങ്ങളെ പൊതുവിൽ രണ്ടു തട്ടാക്കി തരംതിരിച്ച് അവയിൽ ഒരു വിഭാഗത്തിന്റെ മാത്രം പുരോഗതിക്കായി പ്രവർത്തിക്കാൻ മുതിരുന്നു എന്നാണ്.

മണിപ്പൂരിലും ഹരിയാനയിലും ഇതെഴുതുമ്പോഴും വർഗീയ സംഘർഷങ്ങളും വംശഹത്യയും തുടരുകയാണ്. മണിപ്പൂരിൽ ക്രിസ്ത്യാനികൾക്കെതിരെയാണെങ്കിൽ ഹരിയാനയിലത് മുസ്ലീങ്ങൾക്കുനേരെയാണ്. അതു തടയാനോ നിയന്ത്രിക്കാനോ കേന്ദ്ര സർക്കാരോ ബിജെപിയോ ഇടപെടുന്നില്ല. എന്നുമാത്രമല്ല അതങ്ങനെ തന്നെ തുടർന്നോട്ടെ എന്ന മനോഭാവത്തിലുമാണ്. വർഗീയധ്രുവീകരണംകൊണ്ടു മാത്രമേ ബിജെപിയ്ക്ക് അധികാരം നേടാൻ കഴിയൂ എന്നതാണവസ്ഥ. അത്രയേറെ സേ-്വച്ഛാധിപത്യപരവും ജനവിരുദ്ധവുമായ ഒന്നാണ് മോദി ഭരണം എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇത് ഇന്ത്യയെപ്പോലുള്ള മതനിരപേക്ഷ ജനാധിപത്യവ്യവസ്ഥ പുലരുന്ന ഒരു രാജ്യത്തിന് ഒട്ടും തന്നെ ചേരുന്നതല്ല. ജനങ്ങളെ വർഗീയമായി ചേരിതിരിക്കുന്ന മോദി സർക്കാരിന്റെയും സംഘപരിവാരത്തിന്റെയും സമീപനത്തിനും നടപടികൾക്കും എതിരായി രാജ്യത്തെ സകല മതനിരപേക്ഷ ജനാധിപത്യവാദികളും ഒന്നിച്ച് അണിനിരക്കേണ്ടതുണ്ട്, ഒട്ടും സമയം കളയാതെ. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 − 2 =

Most Popular