Thursday, May 9, 2024

ad

Homeകവര്‍സ്റ്റോറിമതവും മാർക്സിസവും

മതവും മാർക്സിസവും

എം എ ബേബി

പാർട്ടിയിലെ ഉന്നത നേതാക്കളിൽ പലരും പുറമെ അവിശ്വാസികളും അകമേ വിശ്വാസികളുമാണെന്നാണ് അറിയുന്നത്. ഇതല്ലേ പലപ്പോഴും നമ്മുടെ നിലപാടുകൾ സാധാരണ ജനവിഭാഗത്തെ സ്വാധീനിക്കാത്തതിന് കാരണം?

ഷംസീർ എ സി, നാറാത്ത്

വൈരുദ്ധ്യാത്മക ഭൗതികവാദം പാർട്ടി നേതാക്കന്മാർക്കും, പാർട്ടി മെമ്പർമാർക്കും ഒരുപോലെ ബാധകമല്ലേ? എന്നാൽ പാർട്ടി മെമ്പർമാർക്ക് ആരാധനാലയങ്ങളിൽ പോകാം, നേതാക്കൾക്ക് പാടില്ല എന്നതിൽ വൈരുദ്ധ്യമില്ലേ? പാർട്ടി നിലപാട് എന്താണ്?

റുബീസ് കച്ചേരി

പാർട്ടിയുടെ ഉന്നതനേതാക്കളിൽ പലരും പുറമെ അവിശ്വാസികളും അകമേ വിശ്വാസികളുമാണെന്നാണ് അറിയുന്നത് എന്ന ചോദ്യകർത്താവിന്റെ പ്രസ്താവന തൊട്ട് പരിശോധിച്ചു തുടങ്ങാം. പാർട്ടി നേതാക്കൾ സത്യസന്ധരല്ല; ഒന്നു പറഞ്ഞ് മറ്റൊന്നു ചെയ്യുന്നവരാണ് എന്നത് ഒരു തെറ്റായ ആരോപണമാണ്. സിപിഐ എം അംഗത്വത്തിന് മതത്തിലോ ദെെവത്തിലോ വിശ്വസിക്കാത്തവരായിരിക്കണം എന്നൊരു നിബന്ധന പാർട്ടി ഭരണഘടനയിൽ ഇല്ല. അതുകൊണ്ട് സ്വന്തം വിശ്വാസം സംബന്ധിച്ച് പുറമേ തെറ്റിദ്ധരിപ്പിച്ചിട്ടു മാത്രമേ പാർട്ടിയിൽ തുടരാനാവൂ എന്ന സാഹചര്യമില്ല. ഏതെങ്കിലും ഒറ്റപ്പെട്ട സഖാക്കൾ ഒന്നു പറഞ്ഞു മറ്റൊരു രൂപത്തിൽ പ്രവർത്തിക്കുന്ന പ്രശ്നമുണ്ടെങ്കിൽ അത് ആ സഖാവിന്റെ ഘടകത്തിൽ ചർച്ച ചെയ്ത് വ്യക്തത വരുത്താവുന്നതേയുള്ളൂ.

ഇതോടൊപ്പം മറ്റൊരുവശം കൂടി വ്യക്തമാക്കേണ്ടതുണ്ട്. ‘‘വെെരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദ’’മാണ് കമ്യൂണിസ്റ്റുകാരുടെ പ്രപഞ്ചവീക്ഷണം. ഇത് പഠിക്കാനും പഠിപ്പിക്കാനുമുള്ള ക്രമീകരണം പാർട്ടി ഏർപ്പെടുത്തുന്നുണ്ട്. അത് സശ്രദ്ധം പഠിച്ച് ശാസ്ത്രീയമായ ലോകവീക്ഷണം ഉൾക്കൊള്ളാനുള്ള അവസരം കമ്യൂണിസ്റ്റു പാർട്ടി അംഗങ്ങൾക്കെല്ലാം ലഭ്യമാക്കുന്നുണ്ട്.

എന്നാൽ പാർട്ടി സംഘടനാപരമായ തീരുമാനമെന്ന നിലയിൽ ഇത് അടിച്ചേൽപ്പിക്കുകയല്ല; പഠിച്ചുവളരാനുള്ള സാഹചര്യവും സന്ദർഭവും ഒരുക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്.

പാർട്ടിയുടെ നേതൃത്വഘടകങ്ങളിലേക്കു വരുന്നവർ ഗൗരവത്തോടെ പാർട്ടിയുടെ സെെദ്ധാന്തിക കാര്യങ്ങൾ പഠിച്ചു മനസ്സിലാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പല തരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഈ സമൂഹത്തിൽ ജീവിക്കുന്നവരെ ബാധിക്കാൻ സാധ്യത കൂടുതലാണ്. ഫ്യൂഡൽ സാമ്പത്തിക–സാമൂഹിക സാഹചര്യങ്ങൾ പൂർണമായി ഉന്മൂലനാശം വരുത്തിയിട്ട് അതിന്മേൽ ആധുനിക മുതലാളിത്തവ്യവസ്ഥ വളർന്നു വരികയല്ല ഇന്ത്യയുടെ അനുഭവം. അതുകൊണ്ടുതന്നെ നാടുവാഴിത്ത കാലഘട്ടത്തിന്റെ പഴഞ്ചൻ ധാരണകൾ പലതും ഇന്ത്യൻ സമൂഹത്തിൽ ഇപ്പോഴും തഴച്ചുവളരുന്നതു കാണാം. അതിനെതിരെ പടപൊരുതുവാൻ ചുമതലയുള്ള കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരിലും ചിലപ്പോൾ തെറ്റായ ആശയഗതികൾ കടന്നുകൂടിയെന്നുവരും. നിതാന്ത ജാഗ്രതയോടെ അതിനെതിരെ നിരന്തരം പോരാടണം. ജനകീയ അവകാശസമരങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസികളെയും അവിശ്വാസികളെയും അണിനിരത്തുന്നതും പ്രധാനമാണ്. ഇത്തരം അവകാശപ്പോരാട്ടങ്ങളിലൂടെ സാധാരണ ജനതകയ്ക്ക് അവരുടെ അവകാശങ്ങൾ കുറച്ചെങ്കിലും നേടാൻ കഴിയുമ്പോൾ മനുഷ്യശക്തിയാണ് നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുക എന്ന അനുഭവബോധത്തിലേക്ക് അവർ വളരും. സംഘടിതസമരങ്ങൾ അടിച്ചമർത്തപ്പെട്ടാൽ അതിന്റെ കാരണങ്ങൾ കണ്ടെത്തി തിരുത്തുന്നതിലൂടെ പ്രസ്ഥാനം ശക്തിപ്പെടുകയും പോരാട്ടം വിജയത്തിലെത്തുകയും ചെയ്യും. പിന്നാക്ക ബോധത്തിൽനിന്ന് പഠനത്തിലൂടെ മാത്രമല്ല, ജനകീയ സമരപ്രസ്ഥാനങ്ങളിൽ പങ്കെടുക്കുന്ന സ്വന്തം അനുഭവങ്ങളിൽനിന്നു കൂടിയാണ് ക്രമപ്രവൃദ്ധമായി ശാസ്ത്രീയബോധത്തിലേക്ക് വ്യക്തികളും സമൂഹവും ഉയരുന്നത്.

രണ്ടാം ചോദ്യത്തിൽ പറയുന്നതുപോലെ പാർട്ടി നേതാക്കൾ, പാർട്ടി അംഗങ്ങൾ എന്ന തരത്തിൽ ഒരു വിഭജനം യാഥാർഥത്തിൽ ഇല്ല. ഇതു സംബന്ധിച്ച് മുകളിൽ വിശദീകരിച്ചിട്ടുള്ളതുപോലെ കമ്യൂണിസ്റ്റു പാർട്ടിയുടെ പ്രപഞ്ച വീക്ഷണം പഠിക്കാനും പഠിപ്പിക്കാനുമുള്ള ക്രമീകരണം പ്രയോജനപ്പെടുത്തുവാൻ പാർട്ടി അംഗങ്ങൾ മുതൽ കേന്ദ്ര കമ്മിറ്റി –പി ബി അംഗങ്ങൾവരെ നിരന്തരം ശ്രമിക്കേണ്ടതാണ്. ഒരു തരത്തിലുള്ള അടിച്ചേൽപ്പിക്കലുമില്ല. അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും വിട്ടുനിൽക്കുവാൻ പാർട്ടി സഖാക്കൾ എല്ലാ തലങ്ങളിലും സ്വയം പഠനത്തിലൂടെ തയ്യാറാവേണ്ടതുണ്ടെന്നതിൽ സംശയമില്ല. യുക്തിബോധവും ശാസ്ത്രോന്മുഖതയും ആധുനിക മനുഷ്യന്റെ തന്നെ മുഖമുദ്രയാണല്ലോ. എന്നാൽ അന്ധവിശ്വാസങ്ങളും പുനരുജ്ജീവന വാദഗതികളും പ്രചരിപ്പിക്കാൻ അഭ്യസ്തവിദ്യർപോലും മുതിരുന്ന ദുരവസ്ഥയും നമ്മുടെ നാട്ടിൽ വ്യാപകമാകുന്നുണ്ട്. അവയ്ക്കെല്ലാം എതിരായി ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ഭാഗമായും തൊഴിലാളി–കർഷക–കർഷകത്തൊഴിലാളി–യുവജന–വിദ്യാർഥി–മഹിളാ സംഘടനകളുടെ നേതൃത്വത്തിലും വിപുലമായ ബഹുജന വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്. യാന്ത്രികയുക്തി വാദത്തിന്റെ പാതയല്ല നാം സ്വീകരിക്കേണ്ടത് എന്നും മറന്നുപോകരുത്.

ഇ എം എസിന്റെ ഒരുദ്ധരണിയോടുകൂടി അവസാനിപ്പിക്കാം:

‘‘മാർക്സിസ്റ്റുകൾക്ക് മതങ്ങളോടുള്ള സമീപനം കേവല യുക്തിവാദികളുടേതു പോലെ യാന്ത്രികമല്ല.

‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ എന്ന മാർക്സിന്റെ നിരീക്ഷണം എതിരാളികൾ ദുർവ്യാഖ്യാനിച്ചതിനു മാർക്സിസ്റ്റുകാർക്കിടയിൽപ്പോലും സ്വാധീനമുണ്ട്..

വേദനകൊണ്ട് പുളയുന്ന രോഗിക്ക് താൽക്കാലികാശ്വാസം നൽകുന്ന മരുന്നാണല്ലോ കറുപ്പ്. അതുപോലെ സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളാൽ നീറിനീറിക്കൊണ്ടിരിക്കുന്ന മനുഷ്യന് മതം താൽക്കാലികാശ്വാസം നൽകുന്നു. ആ താൽക്കാലികാശ്വാസത്തെ തൊഴിലാളിവർഗ പ്രസ്ഥാനം എതിർക്കുന്നില്ല. എന്നാൽ ഇതൊരു താൽക്കാലികാശ്വാസം മാത്രമാണെന്നും ശാശ്വതമായ ആശ്വാസം കിട്ടണമെങ്കിൽ ചൂഷണത്തെ ആസ്പദമാക്കിയ വർഗസമൂഹത്തിനു പകരം ചൂഷണരഹിതമായ പുത്തൻ സമൂഹം കെട്ടിപ്പടുക്കണമെന്നും മാർക്സിസ്റ്റ് – ലെനിനിസ്റ്റുകൾ ജനങ്ങളെ പഠിപ്പിക്കുന്നു. താൽക്കാലികാശ്വാസം തന്നെ ശാശ്വതമായ ആശ്വാസം കൂടിയാണെന്ന മതമേധാവികളുടെ വാദം പൊളിച്ച് ചൂഷണവ്യവസ്ഥയ്ക്കെതിരായി മതവിശ്വാസികളെക്കൂടി അണിനിരത്താൻ കമ്യൂണിസ്റ്റുകാർ ശ്രമിക്കുന്നുവെന്നർഥം.

അതേയവസരത്തിൽ, മതനേതാക്കളിൽ ഒരു വിഭാഗം തന്നെ, തങ്ങൾ പ്രചരിപ്പിക്കുന്ന മതവിശ്വാസം ചൂഷണരഹിതമായ സമൂഹം നിർമിക്കാൻ സഹായിക്കണമെന്നും, അതിന് ‘മതവിശ്വാസികളും മാർക്സിസ്റ്റുകാരും തമ്മിൽ സഹകരിക്കണ’മെന്നും അഭിപ്രായപ്പെടുന്നു. അത്തരക്കാരിൽ പലരും യൂറോപ്പിലെ ഫാസിസ്റ്റുവിരുദ്ധ ചെറുത്തുനിൽപ്പിലും പിന്നാക്കരാജ്യങ്ങളിലെ ദേശീയ വിമോചന പ്രസ്ഥാനങ്ങളിലും സജീവമായി പങ്കെടുക്കുകയും അതിന്റെ ഫലമായി രക്തസാക്ഷികളാവുകയും ചെയ്തിട്ടുണ്ട്.

ഇത് മാർക്സിസത്തിന് എതിരല്ല. ‘ആദ്യകാല ക്രിസ്തുമതവും ഇന്നത്തെ ലോക തൊഴിലാളിവർഗ പ്രസ്ഥാനവും തമ്മിൽ അങ്ങേയറ്റത്തെ സാദൃശ്യമുണ്ട്’ എന്ന എംഗൽസിന്റെ നിരീക്ഷണം ക്രിസ്തുമതത്തിനെന്നപോലെ മറ്റെല്ലാ മതങ്ങൾക്കും ബാധകമാണ്. ഓരോ മതത്തിന്റെയും ഉത്ഭവകാലത്തുണ്ടായിരുന്ന വിപ്ലവസ്വഭാവം കളഞ്ഞ് ചൂഷണ സമൂഹത്തിന്റെ കയ്യിലെ ആയുധമായി പിന്നീട് മതം ഉപയോഗിക്കപ്പെടുകയാണ് ചെയ്തത്. ഈ ദുർവിനിയോഗത്തെയാണ് വിപ്ലവ തൊഴി ലാളിവർഗം എതിർക്കേണ്ടത്….’’ 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

15 + six =

Most Popular