Monday, September 9, 2024

ad

Homeകവര്‍സ്റ്റോറിസാമ്പത്തിക
പ്രശ്നങ്ങളും കേരള രാഷ്ട്രീയവും

സാമ്പത്തിക
പ്രശ്നങ്ങളും കേരള രാഷ്ട്രീയവും

ഡോ. ടി എം തോമസ് ഐസക്

2030 ആകുമ്പോൾ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തികശക്തിയായി വളരുമെന്നു പറയുന്നതു ശരിയാണോ? എങ്കിൽ മോദി സർക്കാരിന്റെ കീഴിൽ രാജ്യം അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്നു സമ്മതിക്കേണ്ടി വരില്ലേ?

എൻ.വി. ചന്ദ്രബാബു, 
മട്ടന്നൂർ

ദേശീയവരുമാനത്തിന്റെ വലുപ്പമെടുത്താൽ 2030 ആകുമ്പോൾ ലോകത്തെ മൂന്നാമത്തെ രാഷ്ട്രമായി ഇന്ത്യ മാറുമെന്നു പറയുന്നതു ശരിയാണ്. കാരണം നമ്മുടെ രാജ്യത്തിന്റെ വളർച്ച സമ്പന്നരാജ്യങ്ങളേക്കാൾ വേഗതയിലാണ്. ഇന്ത്യ മാത്രമല്ല ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തുടങ്ങിയവയുടെയെല്ലാം വളർച്ചയുടെ വേഗത സമ്പന്നരാഷ്ട്രങ്ങളേക്കാൾ ഉയർന്നതാണ്. അതുകൊണ്ട് ഇവയെ ഇന്ന് എമർജിംഗ് സമ്പദ്ഘടനകൾ എന്നാണു വിശേഷിപ്പിക്കുന്നത്.

എന്നുവച്ച് നമ്മൾ 2030-ൽ സമ്പന്നരാഷ്ട്രമാകുമെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഇന്ന് ഇന്ത്യ വലുപ്പത്തിൽ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. പക്ഷേ, പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ നമ്മുടെ ആഗോളസ്ഥാനം 142–-ാമത്തേതാണ്. നമ്മുടെ പ്രതിശീർഷ വരുമാനം 2600 ഡോളറാണ്. ബ്രിട്ടന്റേത് 47000 ഡോളറും. ഇന്ത്യയെപോലുള്ള മറ്റ് എമർജിംഗ് സമ്പദ്ഘടനകളുടെയും പോലും പ്രതിശീർഷ വരുമാനം നമ്മളേക്കാൾ വളരെ ഉയർന്നതാണ്. ഉദാഹരണത്തിന് ബ്രസീലിന്റെ പ്രതിശീർഷ വരുമാനം 10000 ഡോളറാണ്. നമ്മൾ മൂന്നാംസ്ഥാനം നേടുമ്പോൾപോലും ചൈനയുടെ ദേശീയ വരുമാനത്തിന്റെ അഞ്ചിലൊന്നേ ഇന്ത്യയുടെ ദേശീയ വരുമാനം വരൂ.

മോദി സർക്കാരിന്റെ നേട്ടമല്ല, ഉണ്ടാകുമെന്നു പറയുന്ന വളർച്ച. നോട്ടുനിരോധനം പോലുള്ള മണ്ടൻ തീരുമാനങ്ങൾമൂലം കോവിഡിനു മുമ്പു തന്നെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 8-ൽ നിന്നും 4 ശതമാനമായി താഴ്ന്നിരുന്നു. 2004-നും 2014-നും ഇടയ്ക്ക് ഇന്ത്യയുടെ ദേശീയ വരുമാനം 183 ശതമാനം വളർന്നു. എന്നാൽ മോദി ഭരണകാലത്ത് (2014-–2023) ദേശീയവരുമാനം 83 ശതമാനം മാത്രമാണ് വളർന്നത്. മോദി ഭരണകാലത്തെ സാമ്പത്തിക തളർച്ച ഇല്ലായിരുന്നുവെങ്കിൽ 2030-നു മുമ്പുതന്നെ നമ്മൾ മൂന്നാംസ്ഥാനം നേടിയേനേ.

ഏതൊക്കെ രീതിയിലാണ് കേന്ദ്ര സർക്കാർ കേരളത്തോടു സാമ്പത്തിക വിവേചനം കാണിക്കുന്നത്? കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയും പദ്ധതികൾ പലതും അനുവദിക്കാതിരിക്കുകയും ചെയ്യുമ്പോൾ ശക്തമായ കേന്ദ്ര വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടതല്ലേ?

എൻ. അനിൽകുമാർ, കണിയൂർ

അഞ്ച് രീതികളിലാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കു പണം അനുവദിക്കുന്നത്.

(1) ധനകാര്യ കമ്മീഷന്റെ തീർപ്പു പ്രകാരമുള്ള നികുതി വിഹിതവും ഗ്രാന്റുകളുമാണ് ഏറ്റവും പ്രധാനപ്പെട്ടത് ഭരണഘടനാപരവുമായ ധനവിന്യാസരീതി. ധനകമ്മീഷൻ ആദ്യം നികുതിയുടെ എത്ര ശതമാനം സംസ്ഥാനങ്ങൾക്കു പങ്കുവയ്ക്കണമെന്നു തീരുമാനിക്കും. അതിപ്പോൾ 42 ശതമാനമാണ്. അടുത്തതായി ഇത്രയും തുക സംസ്ഥാനങ്ങൾക്കിടയിൽ വീതം വയ്ക്കേണ്ടുന്ന മാനദണ്ഡങ്ങൾ തീരുമാനിക്കും. ഈ മാനദണ്ഡങ്ങളിൽ മുഖ്യം ജനസംഖ്യയും സാമ്പത്തിക വളർച്ചയുമാണ്. കേരളത്തിന്റെ ജനസംഖ്യാവിഹിതം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക വളർച്ചയുടെ വേഗത കൂടിക്കൊണ്ടിരിക്കുകയുമാണ്. തന്മൂലം നമ്മുടെ നികുതി വിഹിതം തുടർച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 10-ാം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.8 ശതമാനം ഉണ്ടായിരുന്നത് 15-ാം ധനകാര്യ കമ്മീഷനിൽ അത് 9 ശതമാനമായി താഴ്ന്നു. എങ്കിലും 16-ാം ധനകാര്യ കമ്മീഷൻ കേരളത്തിന്റെ കമ്മി പരിഗണിച്ചു വലിയ റവന്യു കമ്മി ഗ്രാന്റ് നൽകി. ആദ്യ വർഷം ഇത് 50000 കോടി രൂപയായിരുന്നു. ഇത് പടിപടിയായി കുറഞ്ഞ് ഇപ്പോൾ ഇല്ലാതായി. ഇതിന്റെ ഫലമായി നാല് വർഷം മുമ്പ് സംസ്ഥാന റവന്യു വരുമാനത്തിന്റെ 45 ശതമാനം കേന്ദ്രമാണ് നൽകിയത്. എന്നാൽ ഇന്ന് ഈ തോത് 30 ശതമാനമായി കുറഞ്ഞു. എന്നുവച്ചാൽ സംസ്ഥാന റവന്യു വരുമാനത്തിന്റെ 70 ശതമാനം സംസ്ഥാനം കണ്ടുപിടിക്കണം. മറ്റു സംസ്ഥാനങ്ങളുടെ ശരാശരി —– ശതമാനം കേന്ദ്ര സർക്കാരാണു നൽകുന്നത്.

(2) പദ്ധതി ധനസഹായമാണ് മറ്റൊരു വിഭവ സ്രോതസ്സ്. സംസ്ഥാനങ്ങളോടു ചർച്ച ചെയ്ത് ഗാഡ്ഗിൽ ഫോർമുലയുടെ അടിസ്ഥാനത്തിലാണ് പദ്ധതി ധനസഹായം വിതരണം ചെയ്തിരുന്നത്. എന്നാൽ പദ്ധതി സമ്പ്രദായം കേന്ദ്ര ബിജെപി സർക്കാർ അവസാനിപ്പിച്ചു. പഞ്ചവത്സര പദ്ധതികൾക്കു ചെലവാക്കിയിരുന്ന ഭീമൻ തുക യാതൊരു മാനദണ്ഡവുമില്ലാത്ത തന്നിഷ്ടപ്രകാരം കേന്ദ്ര സർക്കാർ ബജറ്റിലൂടെ ചെലവഴിക്കുകയാണ്. ഈ തുക മുഴുവൻ പല പാക്കേജുകളുടെ പേരിൽ ബിജെപി സംസ്ഥാനങ്ങൾക്കു വിതരണം ചെയ്യുകയാണ്. കേരളത്തിന് ഒന്നുംതന്നെ ലഭിക്കുന്നില്ല.

(3) പണ്ട് പദ്ധതിയുടെ ഭാഗമായിരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികൾ ചില ഭേദഗതികളോടെ ഇന്നും തുടരുന്നുണ്ട്. എന്നാൽ പണ്ട് ഈ സ്കീമുകളുടെ 25-–30 ശതമാനം മാത്രമേ സംസ്ഥാനം നൽകേണ്ടിയിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഏതാണ്ട് എല്ലാ സ്കീമുകളുടെയും 40 ശതമാനം ചെലവ് സംസ്ഥാനങ്ങളുടെ ചുമലിലാണ്. പല സ്കീമുകളും ഏകപക്ഷീയമായി കേന്ദ്ര സർക്കാർ നിർത്തലാക്കിയപ്പോൾ അവയുടെ ഭാരവുംകൂടി സംസ്ഥാനങ്ങൾ പേറേണ്ടി വന്നു.

(4) ഇതിനൊക്കെ പുറമേ കേന്ദ്ര സർക്കാർ പണ്ടേ മാനദണ്ഡങ്ങളൊന്നും ഇല്ലാതെ കുറച്ചു തുക ഇഷ്ടമുള്ള സംസ്ഥാനങ്ങൾക്കു നൽകാറുണ്ടായിരുന്നു. ഇത്തരം സഹായങ്ങളുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെയും കേരളം തഴയപ്പെടുന്നു.

(5) മേൽപ്പറഞ്ഞ റവന്യു വരുമാനങ്ങൾക്കു പുറമേ സംസ്ഥാനങ്ങൾക്ക് അവരുടെ ദേശീയ വരുമാനത്തിന്റെ 3 ശതമാനം വായ്പയെടുക്കാനുള്ള അവകാശമുണ്ട്. പക്ഷേ, അതിനു കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുവാദം വേണം. ഈ ഭരണഘടനാ വകുപ്പ് ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ 3 ശതമാനം വായ്പ നടപ്പുവർഷത്തിൽ എതാണ്ട് 2 ശതമാനമായി വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി സംസ്ഥാന ബജറ്റിൽ 10-–12000 കോടി രൂപയുടെ കുറവുണ്ടാകും.

എന്തിന്റെ പേരിലാണെങ്കിലും ഇത്തരമൊരു വിവേചനം കേരളത്തോടു എന്തിനു കാണിക്കുന്നു? ഇതിനു കേന്ദ്ര സർക്കാർ പറയുന്ന ന്യായം കിഫ്ബി വഴി എടുക്കുന്ന വായ്പകൾ സർക്കാർ നേരിട്ട് എടുക്കുന്ന വായ്പയ്ക്കു തുല്യമാണെന്നാണ്. എന്നാൽ സ്വന്തം കാര്യം വരുമ്പോൾ കേന്ദ്ര സർക്കാർ ഈ മാനദണ്ഡം സ്വീകരിക്കുന്നില്ല. വർഷംതോറും 3-4 ലക്ഷം കോടി രൂപയുടെ ഇത്തരം വായ്പകൾ കേന്ദ്ര സർക്കാർ ബജറ്റിനു പുറമേ സമാഹരിക്കുന്നുണ്ട്. അവയൊന്നും കേന്ദ്ര സർക്കാരിന്റെ വായ്പയായി കണക്കു കൂട്ടുന്നില്ല.

സംസ്ഥാനങ്ങളുടെ വായ്പ സംബന്ധിച്ച് കേന്ദ്ര സർക്കാർ നിർവചനത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ്. ഈ മാറ്റത്തിനു മുൻകാല പ്രാബല്യം നൽകി കിഫ്ബി ഇതുവരെ എടുത്തിട്ടുള്ള വായ്പകൾ മുഴുവൻ കണക്കാക്കി സംസ്ഥാന സർക്കാരിന്റെ വായ്പയിൽ ഉൾപ്പെടുത്തി വായ്പാ പരിധി വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഈ നടപടി സംസ്ഥാനത്തു ധനകാര്യ പ്രതിസന്ധി സൃഷ്ടിക്കാൻ മനപൂർവ്വം ചെയ്തിരിക്കുന്ന അട്ടിമറിയാണ്.

ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തേണ്ടേ എന്നാണു ചോദ്യത്തിന്റെ രണ്ടാം ഭാഗം. നിശ്ചയമായും 2023 സെപ്തംബർ 6 മുതൽ 11 വരെയുള്ള തീയതികളിൽ കേരളത്തിലെ എല്ലാ മണ്ഡലങ്ങലിലും കേന്ദ്ര സാമ്പത്തിക-ഉപരോധത്തിന് എതിരെ ബഹുജന ധർണ്ണനടത്തുകയാണ്. ശക്തമായ പ്രക്ഷോഭ പ്രചാരണം കൂടിയേതീരൂ.

എന്നാൽ നമ്മൾ ആലോചിക്കേണ്ടുന്ന ഒരു കാര്യം – എന്തുകൊണ്ട് കേന്ദ്ര സർക്കാരിന്റെ ഇത്തരമൊരു സാമ്പത്തിക ഉപരോധത്തിനെതിരെ കേരളത്തിൽ വമ്പിച്ച ജനകീയ പ്രതിഷേധം സ്വാഭാവികമായി ഉയരുന്നില്ലായെന്നുള്ളതാണ്. ഇവിടെയാണ് കഴിഞ്ഞ രണ്ട് വർഷമായി യുഡിഎഫും മാദ്ധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന ദുഷ്പ്രചാരവേലയുടെ പങ്കു വ്യക്തമാകുന്നത്. കേരളം കടക്കെണിയിലാണെന്നും ശ്രീലങ്കയുടെ പാതയിലാണെന്നും കേരളത്തിന്റെ വരുമാനം ലോട്ടറിയും മദ്യവുമാണെന്നും വമ്പിച്ച ധൂർത്താണെന്നുമുള്ള ദുഷ്പ്രചരണങ്ങൾ ജനങ്ങളെ ഒരു പരിധിവരെ നിരായുധരാക്കിയിട്ടുണ്ട്. ഇതിനെ മറികടക്കാൻ കഴിയുംവിധം ശക്തമായ പ്രചാരണം ഇടതുപക്ഷം നടത്തേണ്ടതുണ്ട്.

അടിസ്ഥാന ജനവിഭാഗങ്ങളുടെ (ബീഡി, കൈത്തറി, കയർ, ഖാദി, സ്കീം തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ തുടങ്ങിയവ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പ്രഥമ പരിഗണന സർക്കാർ നല്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അതു പരിഹരിക്കാൻ എന്താണു ചെയ്യാൻ ഉദ്ദേശിക്കുന്നത്?

കെ. ഗണേശൻ, മൊറാഴ

കേരളത്തിൽ ഇടതുപക്ഷത്തിന്റെ അടിത്തറ ചോദ്യകർത്താവ് പരാമർശിക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളാണ്. അതുകൊണ്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു തന്നെയായിരിക്കും മുൻഗണന. എന്നാൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഇവർക്കു നല്കിവരുന്ന സഹായത്തെയും ക്ഷേമപ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന വിമർശനമുണ്ട്. ഇത്തരം ആക്ഷേപം ഗൗരവമായിത്തന്നെ പാർട്ടി പരിഗണിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നുമുണ്ട്. കയർ സഹകരണ സംഘങ്ങൾക്കുള്ള കുടിശ്ശിക തീർപ്പാക്കിയിട്ടുണ്ട്. സംഭരണം പുനരാരംഭിച്ചിട്ടുണ്ട്. കൈത്തറി യൂണിഫോം കുടിശ്ശികയും മറ്റും അടിയന്തരമായി നൽകുന്നതിനുള്ള തീരുമാനം എടുത്തിട്ടുണ്ട്. ഇതുപോലെ കശുവണ്ടി വ്യവസായത്തിൽ പ്രതിസന്ധിയിലായ സ്വകാര്യ സംരംഭകരെപ്പോലും സഹായിക്കുന്നതിനുള്ള പുതിയൊരു സ്കീം തയ്യാറാക്കിയിട്ടുണ്ട്. നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കുടിശിക പരിഹരിക്കും.

പക്ഷേ, ഒരു കാര്യമുണ്ട്. ഈ മേഖലകളിലെ അടുത്ത വിദ്യാസമ്പന്നരായ തലമുറ പരമ്പരാഗത തൊഴിലുകൾ ഇഷ്ടപ്പെടുന്നവർ ആയിരിക്കില്ല. ഇതു മുൻകൂട്ടികണ്ടുകൊണ്ടും നമ്മുടെ വ്യവസായങ്ങളുടെ മത്സരശേഷി ഉയർത്തുന്നതിനു വേണ്ടിയും നവീകരണവും വൈവിധ്യവല്കരണവും അനിവാര്യമാണ്. അതോടൊപ്പം അടുത്ത തലമുറയുടെ പ്രതീക്ഷകൾക്കനുസരിച്ചുള്ള പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്.

കേരളം മുന്നോട്ടുവയ്ക്കുന്ന ബദൽ പരിപാടികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഉദാഹരണം: കൃഷിക്കാരുടെ താൽപ്പര്യം സംരക്ഷിക്കാൻ വ്യവസായങ്ങൾ കൊണ്ടുവരുന്നതിനു സഹായകമായ പദ്ധതികൾ എൽഡിഎഫ് സർക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാൽ റിസർവ് ബാങ്ക് ഏർപ്പെടുത്തുന്ന വായ്പാ നിയന്ത്രണം പ്രതീക്ഷകൾ തകർക്കുന്നു. ഉദാഹരണമായി, സിവിൽ സപ്ലൈസ് കോർപറേഷൻ കർഷകർ നൽകുന്ന നെല്ലിന്റെ വിലപോലും സമയത്തിന് നൽകാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നു. ഇതിനെ എങ്ങനെ മുറിച്ചുകടക്കാം?

കുഞ്ഞിക്കണ്ണൻ, ഷൊർണ്ണൂർ

രാജ്യത്തെ ക്രെഡിറ്റ് മേഖലയിൽ വലിയ മാറ്റങ്ങളാണു വന്നുകൊണ്ടിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്ക്കരിക്കുന്നതിനാണു ശ്രമം. അതിനെതിരെ ശക്തമായ ചെറുത്തുനില്പുണ്ട്. അതുകൊണ്ട് സ്വകാര്യ കോർപ്പറേറ്റ് ധനകാര്യ സ്ഥാപനങ്ങൾക്ക് പൊതുമേഖലാ ബാങ്കുകളെ കീഴ്പ്പെടുത്താനുള്ള ശ്രമങ്ങളാണു നടക്കുന്നത്. മുൻഗണനാ വായ്പകൾ ദുർബലമാക്കിക്കൊണ്ടിരിക്കുകയാണ്. കാർഷിക വായ്പകളും മറ്റും പൊതുമേഖലാ ബാങ്കുകൾ നേരിട്ടു നല്കുന്നതിനു പകരം അദാനി ക്യാപിറ്റൽ പോലുള്ള സ്വകാര്യ ബാങ്കേതര സ്ഥാപനങ്ങൾ വഴി നല്കുന്നതിനു കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരിക്കുകയാണ്. പൊതുമേഖലാ സംഭരണം വേണ്ട. അതിനുപകരം അഗ്രി ബിസിനസ് സ്ഥാപനങ്ങളുമായി കൃഷിക്കാർ കരാറുണ്ടാക്കിയാൽ മതി. അവർ വിത്തും വളവും വായ്പയുമെല്ലാം പാക്കേജായി നല്കും. വിള കൊയ്യുമ്പോൾ വാങ്ങി സംഭരിച്ചു വില്ക്കുകയും ചെയ്യും. കർഷകസമരംമൂലം ഈ പണി മന്ദഗതിയിലായി എങ്കിലും ഉപേക്ഷിക്കപ്പെട്ടിട്ടില്ല.

ഈ പശ്ചാത്തലത്തിൽവേണം കേരളത്തിലെ നെല്ലു സംഭരണ പ്രതിസന്ധിയെ കാണാൻ. സംഭരിക്കുന്ന നെല്ലിന് 70 ശതമാനത്തോളം തുക കേന്ദ്ര സർക്കാരാണു നല്കുന്നത്. ബാക്കി കേരളവും. കേന്ദ്ര സർക്കാരിന്റെ ധനസഹായം എത്താൻ കാലതാമസം ഉണ്ടാകും. ചില സന്ദർഭങ്ങളിൽ സംസ്ഥാന സർക്കാരിനും കൈയിൽ പണം ഇല്ലാത്ത സ്ഥിതി ഉണ്ടാകും. ഇതുമൂലം കൃഷിക്കാർ വലയാതിരിക്കാനാണ് സംഭരണം കഴിഞ്ഞാലുടൻ തന്നെ ബാങ്കിൽ നിന്ന് സംഭരണ വില വായ്പയായി കൃഷിക്കാർക്കു നല്കുന്നതിന് ബാങ്കുകളുമായി ധാരണയിലെത്തിയത്. എന്നാൽ ബാങ്കുകൾ ഈ ധാരണയനുസരിച്ചു പ്രവർത്തിക്കാൻ തയ്യാറായില്ല. ബാങ്കുകളുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണ പ്രകാരം അവരുടെ അനുവാദം ഇല്ലാതെ ഇക്കാര്യത്തിനു മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്പയെടുക്കാനും കഴിയില്ല. ഇതുകൊണ്ടുകൂടിയാണ് സഹകരണ ബാങ്കുകളിൽ നിന്ന് ആവശ്യമായ പണം സമാഹരിക്കുന്നതിന് തടസ്സങ്ങൾ ഉണ്ടായത്.

ഇത് അടുത്ത വർഷവും ആവർത്തിക്കാൻ അനുവദിക്കില്ല. അതുകൊണ്ട് ഇപ്പോഴേ ബദൽ സംവിധാനങ്ങൾ ഒരുക്കും. കൃഷിക്കാർക്കു സംഭരണവില നല്കാനുള്ള വിഭവം കേരളത്തിലെ സഹകരണ മേഖലയ്ക്കുണ്ട്. സഹകരണ സംഘങ്ങൾ വഴി സംഭരിക്കുകയും അവവഴി വില നല്കുകയും ചെയ്യുന്നരീതിയാണ് ആവിഷ്കരിക്കേണ്ടിയിരിക്കുന്നത്.

കുടുംബശ്രീ പ്രവർത്തനങ്ങൾ നമ്മുടെ നാട്ടിൽ നല്ല രീതിയിൽ നടക്കാറുണ്ട്. അവരുടെ നേതൃത്വത്തിൽ ഗ്രാമങ്ങൾതോറും കലാവതരണങ്ങളും, അത്തരം കൂട്ടായ്മകളിൽ നല്ല രീതിയിൽ ആശയപ്രചരണം നടത്താൻ കഴിവുള്ളവരെ നിയോഗിച്ച് ആശയപ്രചരണവും സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കാവുന്നതല്ലേ?

പ്രീത സുരേഷ്, പയ്യാവൂർ

കുടുംബശ്രീ എല്ലാ രാഷ്ട്രീയത്തിൽപ്പെട്ടവരും അടങ്ങുന്ന അയലത്തുകാരുടെ കൂട്ടായ്മയാണ്. അതുകൊണ്ട് പുറത്തുനിന്നും ആശയപ്രചരണം നടത്താൻ കഴിവുള്ളവരെ നിയോഗിച്ച് പ്രചരണം സംഘടിപ്പിക്കുന്നത് ഉചിതമാകില്ല. എന്നാൽ കുടുംബശ്രീയിലെ അംഗങ്ങൾക്ക് അവരുടെ തലങ്ങളിൽ ആശയപ്രചരണം നടത്താൻ തടസ്സമില്ല. അത് ഒരുമിച്ചുള്ള പ്രവർത്തനത്തിനു തടസ്സമാകുന്ന ശൈലിയിലാകരുത്. അതുകൊണ്ട് കുടുംബശ്രീയിൽ ആശയപ്രചരണം നടത്താൻ താല്പര്യമുള്ളവർ കുടുംബശ്രീ അംഗങ്ങളാകണം. പ്രവർത്തനത്തിലൂടെ അവരുടെ അയൽക്കൂട്ടത്തിന്റെയും മറ്റ് അയൽക്കൂട്ടങ്ങളുടെയും വിശ്വാസം ആർജ്ജിക്കണം. അല്ലാതെ എളുപ്പവഴികളില്ല.

നവകേരള സൃഷ്ടി വൈജ്ഞാനിക സമൂഹത്തിലൂടെ എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ പ്രധാനപ്പെട്ട ഒരു വാഗ്ദാനമായിരുന്നല്ലോ. സർക്കാരിന്റെ പ്രധാന അജൻഡയുടെ ഭാഗമായ ഇത്തരമൊരു വിഷയം പരിഗണിക്കുമ്പോൾ കേരളം മുന്നോട്ടുവെക്കുന്ന ബദൽ മാതൃക എന്താണ്?

കെ.പി. ശിവപ്രസാദ് കാവുമ്പായി

കേരളം മുന്നോട്ടുവയ്ക്കുന്ന ബദൽ മാതൃകയുടെ സുപ്രധാന ഭാഗമാണ് വൈജ്ഞാനിക സമൂഹം എന്ന സങ്കല്പം. എന്താണ് വൈജ്ഞാനിക സമൂഹമെന്നാൽ? അത് എങ്ങനെ ബദലാകും? ഇതാണു ചോദ്യം.

കേരളവികസന മാതൃക പ്രസിദ്ധമാണ്. താഴ്ന്ന സാമ്പത്തിക വളർച്ചയുടെ ഘട്ടത്തിലും ഉചിതമായ സാമ്പത്തിക പുനർവിതരണനയങ്ങൾ നടപ്പാക്കിക്കൊണ്ട് സാധാരണജനങ്ങളുടെ ക്ഷേമവും പുരോഗതിയും കേരളത്തിൽ ഉറപ്പുവരുത്തി. ആദ്യം സാമ്പത്തിക വളർച്ച. തുടർന്നു വളർച്ചയുടെ നേട്ടങ്ങൾ ജനങ്ങളിലേക്കു കിനിഞ്ഞിറങ്ങി അവരുടെ ക്ഷേമം ഉയർത്തുക എന്നതാണ് മാമൂൽ വികസന മാതൃക. ഇതാണ് പാശ്ചാത്യ രാജ്യങ്ങളിൽ നടന്നുവരുന്നത്. പക്ഷേ, നമ്മൾ വളർച്ചയുടെ ഉച്ചസ്ഥായിയിൽ എത്താൻ കാത്തുനിന്നില്ല. അതിനു മുമ്പുതന്നെ കൂലി ഉയർത്തി. ഭൂപരിഷ്കരണം നടപ്പാക്കി. സർക്കാർ മുൻകൈയെടുത്തു എല്ലാവർക്കും വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പുവരുത്തി.

എന്നാൽ ഈ നേട്ടങ്ങളിൽ അഭിമാനിക്കുന്നതിനോടൊപ്പം രണ്ടു വലിയ വെല്ലുവിളികളെ മറികടക്കേണ്ടതുണ്ട്. സാമൂഹ്യക്ഷേമ മേഖലകൾക്കു മുൻഗണന നൽകിയതുകൊണ്ട് പശ്ചാത്തലസൗകര്യങ്ങളിൽ നാം പിന്നോക്കം പോയി. ഇതു പരിഹരിച്ചാലേ നിക്ഷേപങ്ങളെ ആർഷിക്കാനാകൂ. ഇതിനു നാം ആവിഷ്കരിച്ച മാർഗ്ഗമാണ് കിഫ്ബി.

ഇതുപോലെ നാടിനെ അലട്ടുന്ന മറ്റൊരു പ്രശ്നം അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണ്. അവർക്കു പരമ്പരാഗതമായ തൊഴിലുകൾ പോരാ. നല്ല വരുമാനമുള്ള ആധുനിക തൊഴിലുകൾ വേണം. ഇത്തരം തൊഴിലുകൾ സൃഷ്ടിച്ച് തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഇടതുപക്ഷത്തിനു കഴിയില്ലായെന്നാണ് നിയോലിബറലുകളുടെ വാദം. ഇതിനുള്ള നമ്മുടെ മറുപടിയാണ് വിജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിന്റെ പരിവർത്തനം. എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്?

കേരള സമ്പദ്ഘടനയുടെ അടിത്തറ ഉയർന്ന ഉല്പാദനക്ഷമത ഉറപ്പുവരുത്തുന്ന നൂതന ശാസ്ത്രസാങ്കേതികവിദ്യകളുടെ അടിസ്ഥാനത്തിൽ പുതുക്കിപ്പണിയണം. ഇതിനായി വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലേക്കു കോർപ്പറേറ്റു നിക്ഷേപത്തെ ആകർഷിക്കണം. ഈ മേഖലകളിൽ സ്റ്റാർട്ട്അപ്പ് സംരംഭകരെ പ്രോത്സാഹിപ്പിക്കണം. ഇത്തരം പുത്തൻ തൊഴിൽത്തുറകളിൽ ജോലി ചെയ്യുന്നതിനുള്ള ഡിജിറ്റൽ പ്രാവീണ്യം തൊഴിൽസേനയ്ക്ക് ഉറപ്പുവരുത്തണം. ഇതിനായി വിപുലമായ നൈപുണി വികസന പരിപാടി ആവിഷ്കരിക്കണം. ഉന്നതവിദ്യാഭ്യാസം അഴിച്ചുപണിയണം.

ഇതിൽ എന്താണ് ഇടതുപക്ഷ പക്ഷപാതിത്വമെന്നു ന്യായമായും ചോദിച്ചേക്കാം. ഒന്നാമത്തേത്, സ്റ്റാർട്ട്അപ്പുകൾക്കും പരമ്പരാഗതമേഖലകളിലെ ആധുനികവല്ക്കരണത്തിനും സാമൂഹ്യസംരംഭങ്ങൾക്കും നൽകുന്ന പ്രാധാന്യമാണ്. രണ്ടാമത്തേത്, ഈ പുതിയ കുതിപ്പിൽ എല്ലാവരേയും ഉൾച്ചേർക്കാനുള്ള പരിശ്രമമാണ്. അതുകൊണ്ടാണ് വിദ്യാഭ്യാസം ഡിജിറ്റലൈസ് ചെയ്യുന്നതിനും എല്ലാ വീട്ടിലും ഇന്റർനെറ്റ് എത്തിക്കുന്നതിനും കുടുംബശ്രീ വഴി ലാപ്പ്ടോപ്പ് നൽകുന്നതിനും ശ്രമിക്കുന്നത്. മൂന്നാമത്തേത്, അധികാരവികേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തിൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ചെറുകിട മേഖല നവീകരിക്കുന്നതിനും നൽകുന്ന ഊന്നലാണ്. നാലാമത്തേത്, നമുക്ക് ഓസ്യത്തായി കിട്ടിയിട്ടുള്ള ഭൂതകാല ക്ഷേമ-സാമൂഹ്യ നേട്ടങ്ങളെ പരിരക്ഷിക്കുന്നതിനു നൽകുന്ന ഊന്നലാണ്.

ചുരുക്കത്തിൽ ഇന്ത്യ ലോകത്ത് മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളരുമ്പോൾ അതിനോടൊപ്പം കേരളവുമുണ്ടാകും. എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി കേരളത്തിലെ ജനങ്ങളുടെ ക്ഷേമ സ്ഥാനം ലോകരാജ്യങ്ങളുടെ അടിത്തട്ടിലായിരിക്കില്ല. നമ്മൾ ക്ഷേമത്തിലും മുന്നിലായിരിക്കും. സാമ്പത്തിക വളർച്ചയോടൊപ്പം ജനക്ഷേമവും ഉറപ്പുവരുത്തുന്ന ഒരു മാതൃകയായിരിക്കും നമ്മുടേത്.

മതനിരപേക്ഷ സമൂഹത്തിനു വലതുപക്ഷ ഭരണം ഉണ്ടാക്കുന്ന കോട്ടങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയാക്കുന്ന കാര്യത്തിൽ നാം വിജയിക്കുന്നുണ്ടോ? ഈ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും അവകാശപ്പെട്ട വിഭവങ്ങൾ എങ്ങനെ കുറച്ചുപേരുടെ കൈകളിലേക്ക് എത്തപ്പെട്ടുവെന്നു ചോദിച്ചു ജനങ്ങളെ അണിനിരത്തി പ്രതികരിക്കാൻ നമുക്കു കഴിയുന്നുണ്ടോ?

ടി.ആർ. അജയൻ, പാലക്കാട് ടൗൺ

ചോദ്യകർത്താവ് സൂചിപ്പിക്കുന്നപോലെ എല്ലാ വിഭാഗം ജനങ്ങൾക്കും അവകാശപ്പെട്ട വിഭവങ്ങൾ കുറച്ചുപേരുടെ കൈകളിൽ മാത്രം എത്തിച്ചേരുകയാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ സ്വത്തുവിഹിതം 1961-നും 1981-നും ഇടയ്ക്ക് ഏതാണ്ട് 12 ശതമാനമായി വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ തുടർന്നുള്ള കാലഘട്ടത്തിൽ അത് അനുക്രമമായി വർദ്ധിച്ചു. 2020 ആയപ്പോഴേയ്ക്കും 42.5 ശതമാനമായി. ഇതുപോലെ തന്നെ ഏറ്റവും മുകൾ ത്തട്ടിലുള്ള 10 ശതമാനം കുടുംബങ്ങളുടെ സ്വത്തുവിഹിതമെടുത്താൽ 1961-നും 1981-നും ഇടയ്ക്ക് ഏതാണ്ട് 43-–45 ശതമാനമായിരുന്നത് പിന്നീടുള്ള കാലയളവിൽ അനുക്രമമായി വർദ്ധിച്ച് 74.3 ശതമാനമായി ഉയർന്നു.

ഇതിന്റെ നേർവിപരീതമാണ് ഏറ്റവും താഴേക്കിടയിലുള്ള 50 ശതമാനം കുടുംബങ്ങളുടെ സ്വത്തുവിഹിതം. 1961-ൽ 12.3 ശതമാനം ഉണ്ടായിരുന്നത് പതുക്കെ കുറഞ്ഞ് 1981-ൽ 10.9 ശതമാനമായി. പിന്നെ ഇടിവിന്റെ വേഗതകൂടി. 2020-ൽ 2.8 ശതമാനമായി കുറഞ്ഞു. ഇടത്തരം കുടുംബങ്ങളുടെയും സ്വത്തുവിഹിതത്തിന്റെ ഗതി വ്യത്യസ്തമല്ല. ഏതാണ്ട് 45 ശതമാനം ഉണ്ടായിരുന്ന ഇവരുടെ സ്വത്തുവിഹിതം ഇപ്പോൾ 22.9 ശതമാനം മാത്രമാണ്.

വരുമാനത്തിന്റെ വിഹിതമെടുത്താൽ 1961-–1981 കാലത്ത് ഏറ്റവും പണക്കാരായ ഒരു ശതമാനം കുടുംബങ്ങളുടെ വരുമാന വിഹിതം 13 ശതമാനത്തിൽ 6.9 ശതമാനമായി താഴ്ന്നു. എന്നാൽ പിന്നീട് തുടർച്ചയായ വർദ്ധനയാണ് കാണുന്നത്. 2020-ൽ അത് 21.7 ശതമാനമായി. ഏറ്റവും പണക്കാരായ 10 ശതമാനം കുടുംബങ്ങളെടുത്താൽ 1961-–1981 കാലയളവിൽ അവരുടെ വിഹിതം 37.2 എന്നത് 30.7 ആയി കുറഞ്ഞെങ്കിൽ തുടർന്നുള്ള കാലയളവിൽ വർദ്ധിച്ച് 2020-ൽ 56.1 ശതമാനമായി.

അതേസമയം ഏറ്റവും പാവപ്പെട്ട 50 ശതമാനം കുടുംബങ്ങളുടെ വരുമാന വിഹിതമാവട്ടെ 1961-–1981 കാലത്ത് 21.2 ശതമാനത്തിൽ നിന്ന് 23.5 ശതമാനമായി ഉയർന്നെങ്കിൽ തുടർന്നുള്ള കാലയളവിൽ തുടർച്ചയായി കുറഞ്ഞ് 2020-ൽ 14.7 ശതമാനമായി. ഇടത്തരം കുടുംബങ്ങളുടെ വിഹിതം ആഗോളവൽക്കരണത്തിനുമുമ്പ് വർദ്ധിച്ചുവെങ്കിൽ, 1981-–2020 നും ഇടയിൽ 47.1 ശതമാനത്തിൽ നിന്നും 29.7 ശതമാനമായി കുറഞ്ഞു.

മോദി ഭരണത്തിനു കീഴിൽ തൊഴിലവസരങ്ങൾ കുറഞ്ഞു. തൊഴിലില്ലായ്മ പെരുകി. യഥാർത്ഥ കൂലി ഇടിഞ്ഞു. 2018-–19-ലെ ഉപഭോഗ സർവ്വേ കാണിച്ചത് ഗ്രാമീണ ജനങ്ങളുടെ ഉപഭോഗത്തിൽ സർവ്വേയുടെ ചരിത്രത്തിൽ ആദ്യമായി കേവലമായി ഇടിവുണ്ടായിയെന്നാണ്. ഇതുമൂലം 1980-കളിൽ ദരിദ്രരുടെ എണ്ണം ഔദ്യോഗിക കണക്കുകളിൽ കുറയുന്ന പ്രവണത മോദി ഭരണത്തിൽ വർദ്ധിച്ചു. ഇവ മറച്ചുവയ്ക്കാൻ സർവ്വേ കണക്കുകൾ പ്രസിദ്ധീകരിക്കുന്നതുപോലും വേണ്ടെന്നുവച്ചു.

ചോദ്യകർത്താവ് ഉയർത്തുന്ന ഗൗരവമായ പ്രശ്നം ഈ വർദ്ധിക്കുന്ന അസമത്വത്തെക്കുറിച്ചു വേണ്ടത്ര അവബോധം ജനങ്ങളിൽ സൃഷ്ടിക്കാൻ കഴിയാതെ പോകുന്നത് എന്തുകൊണ്ടെന്നാണ്. ഇതിനുത്തരം ലളിതമല്ല. എന്നാൽ ഒരുകാര്യം അവിതർക്കിതമാണ്. ബിജെപിയുടെ വർഗീയ ധ്രുവീകരണ തന്ത്രം അടിസ്ഥാനപരമായ ഇത്തരം വൈരുധ്യങ്ങളെ മറയ്ക്കുന്നതിൽ വിജയിക്കുന്നു. ഉദാഹരണം കർഷകസമരം തന്നെയാണ്. കാർഷികമേഖലയുടെ കോർപ്പറേറ്റുവല്ക്കരണത്തിനെതിരെ കർഷകപ്രഭുക്കൾ അടക്കമുള്ളവർ ഒരുമിച്ചു നടത്തിയ വമ്പിച്ച സമരമായിരുന്നു അത്. സമരം ചെയ്യുന്ന കർഷകന്റെ മുന്നിൽ സർക്കാരിനു കീഴടങ്ങേണ്ടിയും വന്നു. യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നു കണ്ടാണ് ബിജെപി സർക്കാർ കാൽ പിന്നോട്ടുവച്ചത്. കർഷകസമരം യുപി തെരഞ്ഞെടുപ്പിനെ ബാധിച്ചൂവെന്നു പറയാനാവില്ല. സമരവേദിയിൽ ഒന്നിച്ചു നിന്നവർ തങ്ങളുടെ ഗ്രാമങ്ങളിൽചെന്നപ്പോൾ വർഗീയജ്വരം ബാധിച്ചവരായി. അതിന്റെ അടിസ്ഥാനത്തിലായി വോട്ട്. അതുകൊണ്ട് അടിസ്ഥാനവൈരുദ്ധ്യങ്ങളേയും അതിനെ അടിസ്ഥാനമാക്കിയുള്ള ആവശ്യങ്ങളെയുംകുറിച്ചു പ്രചാരണം നടത്തുന്നതോടൊപ്പം വർഗീയതയെ ചെറുക്കുന്നതിനുള്ള നിലപാടും കൈക്കൊള്ളേണ്ടത് അത്യന്താപേക്ഷിതമാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × three =

Most Popular