Saturday, May 18, 2024

ad

Homeകൃഷിമലബാർ ഹണി

മലബാർ ഹണി

ഷാജു ജോസഫ്

തേനീച്ച കൃഷിയും തേൻ വിപണനവും, തുടങ്ങി തേനീച്ചയുമായി ബന്ധപ്പെട്ട സംരംഭത്തിലൂടെ വിജയം കൈവരിച്ച ഒരു സ്ഥാപനമാണ് കണ്ണൂർ ജില്ലയിലെ ചെങ്ങളായി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മലബാർ ഹണി & ഫുഡ് പാർക്ക് ലി. എന്ന സ്ഥാപനം. ഷാജു ജോസഫ്, മനോജ് കുമാർ എന്നിവർ ചേർന്ന് തുടങ്ങിയ സ്ഥാപനം ഇന്ന് നൂറ് കണക്കിന് തേനീച്ച കർഷകർക്ക് അത്താണിയാണ്. തേനീച്ച വളർത്തൽ പരിശീലനം, തേനീച്ച കോളനികളുടെ വിതരണം, തേൻ സംഭരണം, സംസ്കരണം, വിപണനം എന്നിങ്ങനെ തേനീച്ചയുമായി ബന്ധപ്പെട്ട് സമഗ്ര മേഖലയും ഈ സ്ഥാപനം കൈകാര്യം ചെയ്യുന്നു. പ്രതിവർഷം 5 ലക്ഷം കിലോ തേൻ ഈ സ്ഥാപനം വിപണനം ചെയ്യുന്നുണ്ട്. തേനീച്ച വളർത്തൽ പരിശീലനം, പ്രചരണം എന്നിവയ്ക്കായി കണ്ണൂർ റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി എന്നൊരു ചാരിറ്റബിൾ സൊസൈറ്റിയും ഇവർ നടത്തുന്നുണ്ട്.

കാൽ നൂറ്റാണ്ട് മുൻപ് മലയോര ഗ്രാമമായ നെല്ലിക്കുറ്റിയിലാണ് ഇവർ പ്രവർത്തനം ആരംഭിച്ചത്. തേനീച്ചപ്പെട്ടികളുമായി തുടങ്ങിയ തേനീച്ച വളർത്തൽ സംരംഭം കഠിനാധ്വാനത്തിന്റെയും, സ്ഥിരോത്സാഹത്തിന്റെയും ഫലമായി വളരെ നല്ല രീതിയിൽ മെച്ചപ്പെടുത്തുവാൻ കഴിഞ്ഞിട്ടുണ്ട്. പ്രത്യക്ഷമായി 40 ജോലിക്കാരും പരോക്ഷമായി നൂറു കണക്കിന് ആളുകളും ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നു. പങ്കാളിത്ത വിപണനം എന്ന മാർക്കറ്റിങ് രീതിയിലൂടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതോടൊപ്പം ഒട്ടനവധി പേർക്ക് ഇവർ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾ സ്വന്തം ബ്രാൻഡിൽ വിറ്റഴിച്ച് നേട്ടം ഉണ്ടാക്കുവാനും കഴിയുന്നതാണ്.

കണ്ണൂർ ജില്ലയിലെ ചെങ്ങളായി പഞ്ചായത്തിൽ നെടുമുണ്ട് എന്ന സ്ഥലത്ത് 30000 ച. അടി വിസ്തൃതിയിലുള്ള നിർമ്മാണ യൂണിറ്റും പരിശീലനകേന്ദ്രവും ആർക്കും എപ്പോഴും സന്ദർശിക്കാവുന്നതാണ്. ഖാദി കമ്മീഷന്റെ ക്ലസ്റ്റർ ഡെവലപ്മെന്റ് നടത്തുന്നതിനുള്ള DPR തയ്യാറാക്കുക, സർവ്വേ നടത്തുക, മോണിറ്ററിംഗ് തുടങ്ങിയ കാര്യങ്ങൾ ചെയ്ത് പുതിയ ക്ലസ്റ്ററുകൾ രൂപീകരിച്ച്‌ പദ്ധതി രേഖകൾ സമർപ്പിക്കാനുള്ള ടെക്നിക്കൽ ഏജൻസി (TA) ആയി ഈ സ്ഥാപനത്തെ ഇപ്പോൾ ഉയർത്തിയിട്ടുണ്ട്.

എന്നാൽ തേൻ വിപണനവുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയിലൂടെയാണ് ഈ സ്ഥാപനം കടന്നുപോകുന്നത്. പുതിയ FSSAI നിയമപ്രകാരം 20% ത്തിൽ കൂടുതൽ ജലാംശമുള്ള തേൻ വിപണനം ചെയ്യാൻ പാടില്ല. എന്നാൽ കേരളത്തെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ അന്തരീക്ഷത്തിലെ ആർദ്രത വളരെ കൂടുതലായതിനാലും അന്തരീക്ഷത്തിലെ ജലാംശം ആഗിരണം ചെയ്യാനുള്ള തേനിന്റെ പ്രത്യേക സ്വഭാവം മൂലവും ഇവിടെ ഉല്പാദിപ്പിക്കുന്ന തേനിന് പൊതുവെ 23‐24% ജലാംശം കാണും.

ആധുനിക തേൻ സംസ്കരണ സംവിധാനമുപയോഗിച്ച് ഈ ജലാംശം 20 % താഴേക്ക് കൊണ്ടുവന്നാൽ പൊതുവെ ഗ്ലുക്കോസിന്റെ അളവ് കൂടിയ തേൻ കട്ട പിടിക്കുകയും കട്ടപിടിച്ച തേൻ വ്യാജ തേൻ എന്ന തെറ്റിദ്ധാരണ മൂലം വിപണനത്തിന് പ്രയാസം നേരിടുകയും ചെയ്യുന്നു. എന്നാൽ വൻകിട കമ്പനികൾ ആർട്ടിഫിഷ്യലായി നിർമ്മിക്കുന്ന തേനിന് ഇത്തരം പ്രശ്നങ്ങൾ ബാധിക്കുന്നില്ല. (ഇത്തരം ആർട്ടിഫിഷ്യൽ തേനിന് യാതൊരു ഔഷധ ഗുണവുമില്ല എന്നത് പ്രത്യേകം ഓർക്കുക). വർഷത്തിൽ തേൻ ഉത്പാദനം ഒരു സീസണിൽ മാത്രമാണ്. ഈ സമയത്ത്‌ ഒരു വർഷത്തേക്കുള്ള പച്ചത്തേൻ വാങ്ങി സ്റ്റോർ ചെയ്യുവാനായി വൻ സാമ്പത്തിക ബാധ്യത വരുന്നു എന്നതും പ്രധാനമാണ്. പ്രതിസന്ധികൾക്കിടയിലും കർഷകപക്ഷത്തു നിന്ന് നൂറു കണക്കിന് കർഷകർക്ക് ആവശ്യമായ പരിശീലനവും പിന്തുണയും നൽകി ന്യായവിലയ്‌ക്ക് സംഭരണം നടത്തുന്ന ഈ സ്ഥാപനം കണ്ണൂർ ജില്ലയ്ക്ക് തന്നെ അഭിമാനമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − fourteen =

Most Popular