ഇക്കണോമിക് നോട്ട്‌ബുക്ക്‐ 4
പർവതങ്ങൾ പോലെ അചഞ്ചലമെന്ന് നാം കരുതുന്ന സാമൂഹിക വ്യവസ്ഥകളും സംഘടനാരൂപങ്ങളും തകർന്നടിയാൻ ക്ഷണിക കാലം മാത്രം മതിയെന്ന് ലോകത്തിന് ആദ്യം കാട്ടിത്തന്നത് സാമൂഹിക വിപ്ലവങ്ങളോ ലോക യുദ്ധങ്ങളോ ഒന്നുമല്ല, മധ്യകാലയുഗത്തിൽ പടർന്നുപിടിച്ച ഒരു മഹാമാരിയാണ്.
“പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യ ദശകത്തിലാണ്, കൃത്യമായി പറഞ്ഞാൽ 1347‐1352 കാലയളവിൽ, ബ്യൂബോണിക് പ്ലേഗ് യൂറോപ്പിലാകെ പടർന്നുപിടിക്കുന്നത്. അത് വിതറിയ കറുത്ത മരണത്തിൽ യൂറോപ്യൻ ജനതയുടെ പകുതി നാമാവശേഷമായതിനൊപ്പം, പൗരോഹിത്യവും രാജഭരണവും പ്രഭുക്കളും ചേർന്ന് നിലനിർത്തിയിരുന്ന ജന്മിത്വ വ്യവസ്ഥയുടെ വേരുകൾ കൂടിയാണ് അറുക്കപ്പെട്ടത്. യൂറോപ്പിലെ പ്ലേഗിന്റെ ചരിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. സമീപകാലത്ത് കോവിഡ് മഹാമാരിയിൽ ലോകം നിസ്സഹായതയോടെ നിലകൊണ്ടപ്പോഴും മാനവചരിത്രത്തിലെ ഈ ഏറ്റവും കറുത്ത അദ്ധ്യായം പരക്കെ ഓർമിക്കപ്പെട്ടു. അതിന്റെ വിവിധ വശങ്ങൾ പരിശോധിക്കപ്പെട്ടു. യൂറോപ്യൻ ഭൂവുടമ വ്യവസ്ഥയ്ക്ക് ബ്യൂബോണിക് പ്ലേഗ് എങ്ങിനെയാണ് അതിമാരകമായ പ്രഹരമേല്പിച്ചതെന്നുള്ള ഹ്രസ്വമായ ഒരു പരിശോധനയാണ് ഈ കുറിപ്പ്.
മധ്യേഷ്യയിൽനിന്ന് 1347 ഒക്ടോബറിൽ ഇറ്റലിയിലെ സിസിലിയൻ തുറമുഖത്തെന്നുന്ന ചരക്കു കപ്പലുകളിലൂടെയാണ് പ്ലേഗ് വൈറസ് യൂറോപ്പിൽ എത്തുന്നത് എന്നാണ് കരുതപ്പെടുന്നത്. അതിവേഗതയിലാണ് യൂറോപ്പ്യൻ രാജ്യങ്ങളിലും മധ്യ പൂർവ ഏഷ്യൻ രാജ്യങ്ങളിലും ഇത് പടർന്നുപിടിച്ചതും ജനസംഖ്യയിൽ പകുതിയുടെ ജീവനെടുക്കുന്നതും. ആധുനിക വൈദ്യശാസ്ത്രവും ആരോഗ്യരക്ഷാ സംവിധാനങ്ങളും ഭരണകൂടമൊരുക്കുന്ന രക്ഷാകവചങ്ങളും അക്കാലത്ത് ഏതാണ്ട് അന്യമായിരുന്നു . മരണം നിയന്ത്രണാതീതമായതിൽ ഈ ഘടകങ്ങൾക്ക് വലിയൊരു പങ്കുണ്ട്. ആധുനിക പൂർവ സമ്പദ് വ്യവസ്ഥകളെ രൂപപ്പെടുത്തുന്നതിൽ പാരിസ്ഥിതിക ഘടകങ്ങൾ വലിയ പങ്കുവഹിച്ചിരുന്നു. പടിഞ്ഞാറൻ യൂറോപ്പിന്റെ പിൽക്കാല വളർച്ചയ്ക്ക് വഴിയൊരുക്കിയ ആധുനിക സാമൂഹിക സ്ഥാപനങ്ങൾ രൂപപ്പെടുത്തുന്നതിൽ ഈ മഹാമാരി ഏൽപ്പിച്ച ആഘാതങ്ങൾ നിർണായകമായ പങ്കുവഹിച്ചു.
തൊഴിൽ ശക്തി, ഭൂമി, മൂലധനം എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണല്ലോ സാമ്പത്തിക പ്രക്രിയയെ അടിസ്ഥാനപരമായി ചലിപ്പിക്കുന്നത്. ഇതിൽ ഒരു ഘടകത്തെ മാത്രമാണ് ഈ മഹാമാരി ബാധിച്ചത്. പലപ്പോഴും പാരിസ്ഥിതിക ദുരന്തങ്ങളും യുദ്ധങ്ങളും മറ്റും എല്ലാ ഘടകങ്ങളെയും ഒരേപോലെ വിനാശകരമായി ബാധിക്കാറുണ്ട്. ഇവിടെ സ്ഥിതി വ്യത്യസ്തമായിരുന്നു. തൊഴിൽ ശക്തിയിൽ കുത്തനെയുണ്ടായ ഇടിവാണ് പ്ലേഗ് സൃഷ്ടിച്ച സാമൂഹിക മാറ്റങ്ങൾക്ക് കാരണമായത്. ഈ സാമൂഹിക സാമ്പത്തിക മാറ്റങ്ങളെ വളരെ വ്യത്യസ്തങ്ങളായ സാമ്പത്തിക സാമൂഹിക രീതി ശാസ്ത്രങ്ങളുടെ കണ്ണടയിലൂടെ നോക്കിക്കാണാൻ പലരും ശ്രമിച്ചിട്ടുണ്ട്. ജനസംഖ്യയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മാൽത്തൂസിയൻ സിദ്ധാന്തം, തൊഴിൽ വിഭജനത്തിലും കമ്പോള ശക്തിയിലും ഊന്നിനിന്നുകൊണ്ടുള്ള ആദം സ്മിത്തിന്റെ സിദ്ധാന്തം, തൊഴിൽശക്തിയും മൂലധനവും തമ്മിലുള്ള വൈരുധ്യങ്ങളാൽ നിർണയിക്കപ്പെടുന്ന സാമൂഹിക സാമ്പത്തിക സ്ഥാപനങ്ങളെപ്പറ്റിയുള്ള മാർക്‌സിയൻ കാഴ്ചപ്പാട്, ഇവയെല്ലാം ഇതിനായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം വിശകലനത്തിലേക്ക് കടക്കുന്നതിനു മുൻപ് പ്ലേഗ് സൃഷ്ടിച്ച സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കാം.
ആഘാതത്തിന്റെ വ്യാപ്തിയും സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളും
യൂറോപ്പിലെ വിവിധ പ്രദേശങ്ങളിൽ 40 മുതൽ 60 ശതമാനം വരെ ജനങ്ങൾ ഈ മഹാമാരിയിൽപെട്ട് മരണപ്പെട്ടു. ഫ്ലോറൻസിൽ ഇത് 60 ശതമാനത്തിനും മീതെയാണ് എന്നാണ് കണക്ക്. യൂറോപ്പിൽ ഇത്രയധികം പേർ കൊല്ലപ്പെടാനിടയായത് എന്തുകൊണ്ടാണ് എന്നതാണ് ഒരു പ്രധാന ചോദ്യം. പടിഞ്ഞാറൻ യൂറോപ്പിലെ താരതമ്യേന ഉയർന്ന ജനസാന്ദ്രത, വളരെ ദയനീയമായ സാമൂഹിക സാഹചര്യങ്ങൾ, ഉയർന്ന ദാരിദ്ര്യനിരക്ക്, പോഷകാഹാരക്കുറവ് എന്നിവ ഇതിനു പ്രധാന കാരണങ്ങളാണ്. ആരോഗ്യരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തത ആഘാതം പല മടങ്ങ് വർധിക്കുന്നതിന് ഇടയാക്കി . ആദ്യം ഇറ്റലിയിലാണ് പ്ലേഗ് പടർന്നുപിടിക്കുന്നത്. 1348 ലാണ് ഇംഗ്ലണ്ടിൽ പ്ലേഗ് ദുരന്തം ആരംഭിക്കുന്നത്. ഒരു വർഷത്തിനകം ഇത് ഇംഗ്ലണ്ട് മുഴുവൻ വ്യാപിച്ചു . 55 ശതമാനം ജനങ്ങൾ പ്ലേഗിനിരയായി. ഗ്രാമ നഗര ഭേദമില്ലാതെയാണ് പ്ലേഗ് വ്യാപിച്ചത്. ദരിദ്രരാജ്യങ്ങളിലും പ്രദേശങ്ങളിലുമാണ് മരണസംഖ്യ ഏറ്റവും കൂടിയത്.
തൊഴിൽ സേനയിലുണ്ടായ വന്പിച്ച കുറവ് ഉയർന്ന കൂലിനിരക്കുകളിലേക്ക് നയിച്ചു എന്നതാണ് പ്ലേഗിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളിൽ ഏറ്റവും പ്രധാനം. കൂലി നിരക്കുകൾ വർധിക്കുന്നത് തടയാനായി പ്രത്യേക നിയമങ്ങൾ തന്നെ ഇംഗ്ലണ്ടിൽ കൊണ്ടുവരപ്പെട്ടു. 1351ൽ കൂലി വർധനയ്ക്കെതിരായ നിയമം ഇംഗ്ലണ്ടിൽ പ്രാബല്യത്തിൽ വന്നു. ഇതേ കാലത്തു തന്നെ ഫ്രാൻസിലും കൂലി വർധനയ്ക്കെതിരായ നിയമം നിലവിൽ വന്നു. പ്ലേഗ് രൂക്ഷമായ നാളുകളിൽ വിളവെടുപ്പുകൾ നടക്കാതായി, നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കപ്പെട്ടു. കാർഷികമേഖലയിലും വ്യവസായിക മേഖലയിലും വ്യത്യസ്തമായ മാറ്റങ്ങളാണ് ഇത് വരുത്തിയത്. നിർമാണപ്രവർത്തനങ്ങൾ നിർത്തിവെയ്ക്കപ്പെട്ടതുകൊണ്ട് ആ മേഖലയിൽ കൂലിവർധന ഉടനെ ഉണ്ടായില്ല. മറിച്ച് കാർഷികമേഖലയിൽ തൊഴിൽ ശക്തിയുടെ കുറവ് കൂലി വർധനയിലേക്ക് ഉടൻ തന്നെ നയിച്ചു. ഇറ്റലിയിൽ 1348 നും 1350 നുമിടയിൽ അവിദഗ്ധ തൊഴിലാളികളുടെ കൂലിയിൽ 87 ശതമാനം വർധനവുണ്ടായി. വിലക്കയറ്റം 27 ശതമാനം വർധിച്ചു. ഗ്രാമങ്ങളിൽനിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റവും പ്ലേഗ് ദിനങ്ങളിൽ ഏതാണ്ടില്ലാതായി. നഗരങ്ങളിലെ ജനസംഖ്യ ഗണ്യമായി കുറഞ്ഞു.
യൂറോപ്പിലെ മേൽക്കോയ്മയ്ക്കായി ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നടന്ന ഒരു നൂറ്റാണ്ടു കാലത്തെ യുദ്ധം ആരംഭിച്ചത് പ്ലേഗിന് തൊട്ടു മുൻപുള്ള ദശകത്തിലാണ്. മഹാമാരി ഈ യുദ്ധത്തിന് താൽക്കാലിക വിരാമമിട്ടു. പൗരോഹിത്യത്തിന്റെ പിടി അയഞ്ഞതാണ് പ്ലേഗ് വരുത്തിയ മറ്റൊരു പ്രധാന മാറ്റം. ഉന്നതരായ പുരോഹിതരടക്കം ഈ മഹാമാരിക്കിരയായത് പള്ളിയിലുള്ള നിയന്ത്രണത്തിലും വിശ്വാസ സമ്പ്രദായങ്ങളിലും ഉലച്ചിലുണ്ടാക്കി. ഫ്ലാഗെല്ലന്റ് പ്രസ്ഥാനം പോലുള്ളവ ശക്തിപ്പെട്ടു.
കാർഷികമേഖലയിൽ നിലനിന്നിരുന്ന അടിമസമ്പ്രദായങ്ങൾക്കെതിരെയും കടുത്ത പാട്ടനികുതി വ്യവസ്ഥകൾക്കുമെതിരായ കർഷകകലാപങ്ങളും പടിഞ്ഞാറൻ യൂറോപ്പിൽ പലയിടത്തും പൊട്ടിപ്പുറപ്പെട്ടു. ഭൂ പ്രഭുക്കൾക്കെതിരായ പ്രക്ഷോഭങ്ങൾ ഫ്രാൻസിലും വ്യാപകമായി ജാക്രി എന്ന പേരിലാണ് ഈ പ്രക്ഷോഭങ്ങൾ അരങ്ങേറിയത് . ഫ്യൂഡൽ പ്രഭുക്കൾ ചുമത്തിയ ഉയർന്ന നികുതിക്കെതിരായ പ്രക്ഷോഭങ്ങളായിരുന്നു ഇവയിൽ പലതും.
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ രാഷ്ട്രീയമായ സമരമുഖങ്ങൾ മാത്രമല്ല പലപ്പോഴും തുറക്കപ്പെടുന്നത്. മതപരവും വംശീയവുമായ സംഘർഷങ്ങൾ രൂപംകൊള്ളും. ജൂതവിഭാഗങ്ങൾക്കെതിരായ നീക്കങ്ങൾ പ്ലേഗ് സമയത്ത് യൂറോപ്പിൽ പലയിടത്തും പൊട്ടിപ്പുറപ്പെട്ടത് ഈ സിദ്ധാന്തത്തിനു നിദാനമാണ്. രാജ്യത്ത് പരിമിതമായ വിഭവങ്ങൾ പൂർണമായും കൈപ്പിടിയിലാക്കാൻ ഭൂരിപക്ഷം ശ്രമിക്കുമ്പോൾ ന്യൂനപക്ഷങ്ങൾ ഇരയാക്കപ്പെടും. ജൂതർക്കെതിരായ കൂട്ടക്കൊലകൾ, പുറന്തള്ളലുകൾ, അതിക്രമങ്ങൾ ഇതെല്ലാം യൂറോപ്പിൽ വ്യാപകമായി. പ്ലേഗ് തുടങ്ങുന്ന സമയത്ത് ജൂതവിഭാഗങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ള 363 നഗരങ്ങൾ യൂറോപ്പിലുണ്ടായിരുന്നു. പ്ലേഗ് സമയത്ത് ഇവിടെ പാർത്തിരുന്നവരിൽ പകുതിയും കൊല്ലപ്പെടുകയോ പുറന്തള്ളപ്പെടുകയോ ചെയ്തു. പ്ലേഗ് പരത്തുന്നത് ജൂതരാണ് എന്ന് പറഞ്ഞായിരുന്നു ഈ നരഹത്യ അരങ്ങേറിയത്. 1920കളിൽ മഹാമാന്ദ്യത്തെത്തുടർന്ന് യൂറോപ്പിൽ തലപൊക്കിയ നാസിസത്തിന്റെ വേരുകൾ കിടക്കുന്നത് ഇവിടെയാണ് .
ദീർഘകാല പ്രത്യാഘാതങ്ങൾ
14‐ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ 19‐ാം നൂറ്റാണ്ടിന്റെ തുടക്കം വരെയുള്ള കാലയളവിൽ യൂറോപ്പിലെമ്പാടും ഈ മഹാമാരി സൃഷ്ടിച്ച ആഘാതങ്ങൾ കാണാം. സാമ്പത്തിക പ്രക്രിയയിലെ ഘടകങ്ങൾ അധ്വാനശക്തി, മൂലധനം, പ്രകൃതിവിഭവങ്ങൾ എന്നിവയാണെന്നിരിക്കെ ജനസംഖ്യയിൽ വൻതോതിലുണ്ടാകുന്ന ഇടിവ് പ്രതിശീർഷ വരുമാനത്തിന്റെ വർധനയ്ക്ക് ഇടയാക്കും. പ്രകൃതിവിഭവങ്ങളിലും മൂലധനത്തിന്റെ അളവിലും മാറ്റമുണ്ടാകാതെ 50 ശതമാനം ജനങ്ങൾ പൊടുന്നനെ ഇല്ലാതായത് ദീർഘകാല കാലയളവിൽ പടിഞ്ഞാറൻ യൂറോപ്പിലെ പ്രതിശീർഷ വരുമാന വർദ്ധനവിന് സ്വാഭാവികമായും വഴിതെളിച്ചു. ഇതിന്റെ കണക്കുകൾ സംബന്ധിച്ച് നിരവധി സാമ്പത്തികശാസ്ത്ര പഠനങ്ങൾ നടന്നിട്ടുണ്ട്.
കറുത്ത മരണത്തിന്റെ പിടിയിൽ പെടാതെ രക്ഷപെട്ട തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പിന്നീടുള്ള കാലത്തെ അവസ്ഥ എങ്ങനെയായിരുന്നു? വ്യവസായിക വിപ്ലവത്തിലേക്ക് നീങ്ങുന്നതുവരെയുള്ള കാലം താരതമ്യേന ചെറിയ വർധനകൾ മാത്രമേ കൂലിയുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളൂ എന്നാണ് ഇതു സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കുന്നത്. ജനസംഖ്യ പൂർവസ്ഥിതിയിലാകുന്നതുവരെയുള്ള കാലത്ത് 16‐ാം നൂറ്റാണ്ടുവരെ കൂലിനിരക്കിൽ വർധന ഇംഗ്ലണ്ടിലും ഇറ്റലിയിലും ഉണ്ടായി. വ്യാവസായിക വിപ്ലവത്തിന് ശേഷമാണ് സ്ഥിരമായ നിരക്കിൽ വർദ്ധനയുണ്ടാകുന്നത് . സേവന വ്യവസ്ഥകളുടെ കാര്യത്തിലും പ്ലേഗ് കാര്യമായ മാറ്റങ്ങളുണ്ടാക്കി. പ്ലേഗിന് ശേഷമുള്ള വർഷങ്ങളിൽ തൊഴിൽദിനങ്ങൾ കുറഞ്ഞു. 1348നു മുൻപ് അവധി ദിനങ്ങൾ 20‐27 ആയിരുന്നത് 15‐ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ 46 ആയി വർധിച്ചു.
യൂറോപ്യൻ സമ്പദ്ഘടനയെ അടിമുടി അഴിച്ചുപണിയാൻ പ്ലേഗ് കാരണമായി. പ്ലേഗിനുശേഷം തൊഴിലെടുക്കുന്നവരുടെ വരുമാനത്തിലുണ്ടായ വർധന ഉല്പന്നങ്ങളുടെ ആവശ്യകതയുടെ സ്വഭാവത്തെ പാടെ പുനർനിർണയിച്ചു. അവശ്യവസ്തുക്കളുടെ മാത്രം വാങ്ങലിൽ നിന്ന്, കൈവശമുള്ള കാശിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് മാത്രം വാങ്ങുന്ന ആഡംബരവസ്തുക്കളുടെ വാങ്ങൽ വർധിച്ചു. പൊതു ജീവിതനിലവാരത്തിൽ വർധന കൈവന്നു. പ്ലേഗിനുശേഷമുള്ള ദശകങ്ങളിൽ അസമത്വനിരക്കിലും കുറവുണ്ടായി. 14‐ാം നൂറ്റാണ്ടിന്റെ ആദ്യം യൂറോപ്പിലെ ഏറ്റവും ഉയർന്ന വരുമാനമുള്ളവർ സ്വത്തിന്റെ 65‐70 ശതമാനം കൈവശം വെച്ചിരുന്നത് 1450 ആയപ്പോഴേക്കും 15‐20 ശതമാനം കുറഞ്ഞു. ഇംഗ്ലണ്ടിലെ അതിസമ്പന്നരുടെ എണ്ണം 1300ൽ 200 ആയിരുന്നത് 1500 ആയപ്പോഴേക്ക് 60 ആയി കുറഞ്ഞു. ഭൂപ്രഭുക്കളുടെ എണ്ണം 1300ൽ 3000 ആയിരുന്നത് 1500 ആയപ്പോഴേക്ക് 1300 ആയി കുറഞ്ഞു. ഇറ്റലിയിലും സമാനമായ മാറ്റങ്ങളുണ്ടായി. അടിയാള സമ്പ്രദായത്തിന് മുന്നോട്ട് പോകാനാകാത്ത അവസ്ഥ യൂറോപ്പിലെമ്പാടും ഉണ്ടായി. ഭൂപ്രഭുക്കളുടെ തോട്ടങ്ങളിൽ തൊഴിലാളികളുടെ ചങ്ങലക്കെട്ടുകൾ ആദ്യമായി അയഞ്ഞു. തൊഴിൽ ശക്തി കൂടുതൽ ചലനാത്മകമായി.
മരണ നിരക്കിൽ ഗ്രാമ നഗര വ്യത്യാസങ്ങൾ കുറവായിരുന്നുവെങ്കിലും യൂറോപ്പിലെ ഗ്രാമീണ ജീവിതത്തെയാണ് പ്ലേഗ് മഹാമാരി ഏറെ മാറ്റിമറിച്ചത്. നഗരങ്ങളിലുണ്ടായ തൊഴിൽസേനയുടെ കുറവ് നികത്താൻ ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റം വൻതോതിലുണ്ടായി. ഇതുഗ്രാമങ്ങളിലെ ഭൂവിനിയോഗത്തിന്റെ സ്വഭാവത്തെ കാര്യമായി മാറ്റി. തൊഴിലാളികൾ അധികം ആവശ്യമുള്ള കാർഷികവൃത്തിയിൽനിന്നും കുറഞ്ഞ തൊഴിൽശക്തി മാത്രം ആവശ്യമുള്ള കാലിമേയ്ക്കലിലേയ്ക്ക് ഭൂഉടമകൾ മാറി. ജനങ്ങൾ ഉപേക്ഷിച്ചുപോയ ഗ്രാമങ്ങൾ വൻതോതിൽ പെരുകി. 1350നും 1500നുമിടയിൽ 1300 ഗ്രാമങ്ങൾ ഇംഗ്ലണ്ടിൽ മാത്രം ഇല്ലാതായി.
രണ്ടു നൂറ്റാണ്ടുകൊണ്ടുണ്ടാകേണ്ട പ്രതിശീർഷ വരുമാന വർദ്ധനയാണ് പ്ലേഗ് മഹാമാരിക്കു ശേഷമുള്ള നാളിൽ പൊടുന്നനെ യൂറോപ്പിൽ ഉണ്ടായത്. ഇത് നഗരങ്ങളിൽ നിർമിത വസ്തുക്കളുടെ ആവശ്യകതയിലേക്ക് നയിച്ചു. 16‐ാം നൂറ്റാണ്ടുവരെ നീണ്ടുനിന്ന ഈ ഡിമാൻഡ് ഉത്തേജനം യൂറോപ്പിലെ പിൽക്കാല സാമ്പത്തിക വളർച്ചയ്ക്ക് വഴിതെളിച്ചു എന്ന് ചില നിരീക്ഷണങ്ങൾ ഉണ്ട്.
ഇത്തരത്തിൽ വ്യാവസായിക വിപ്ലവത്തിന്റെ വാതിലുകൾ യൂറോപ്പിന് തുറന്നുകൊടുത്തത് പ്ലേഗ് മഹാമാരിയാണെന്നും ചിലർ വാദിക്കുന്നു.
ജനസംഖ്യയിലുണ്ടായ ഇടിവിനെ മാത്രം മുൻനിർത്തി പ്ലേഗ് അനന്തര യൂറോപ്പിനെ പഠിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. തൊഴിലാളികളുടെ വിലപേശൽ ശക്തിവർധിച്ചത്, വർഗ വൈരുധ്യങ്ങൾ മൂർച്ഛിച്ചത്, പുതിയ സാമ്പത്തിക സംഘടനാ രൂപങ്ങൾ പ്രത്യക്ഷപ്പെട്ടത്, പൗരോഹിത്യ രാജഭരണ കൂട്ടുകെട്ടിനെ തകർത്ത് പുതിയ രാഷ്ട്രീയ സംവിധാനങ്ങൾ രൂപപ്പെട്ടത് ഇതെല്ലാം കണക്കിലെടുക്കേണ്ടി വരും. അടിമ സമ്പ്രദായം അവസാനിപ്പിച്ച് കൂലിവേല നിലവിൽ വരുന്നതും ഗിൽഡുകൾ പോലെ പുതിയ ഉല്പാദന സമ്പ്രദായങ്ങൾ യൂറോപ്പിൽ ആരംഭിക്കുന്നതും ഈ മഹാമാരിയെ തുടർന്നാണ്. ചിതറിക്കിടക്കുന്ന ചെറിയ അധികാര സ്വരൂപങ്ങളുടെ സ്ഥാനത്ത്, വലിയ വിശാലമായ അതിർത്തികളുള്ള ഭരണകൂടങ്ങളും സ്റ്റേറ്റും ഇംഗ്ലണ്ടിൽ രൂപംകൊള്ളുന്നത് പ്ലേഗ് മഹാമാരിക്ക് ശേഷമാണ്. ഇത്തരത്തിൽ നാമിന്നു കാണുന്ന ആധുനിക യൂറോപ്പിനെ രൂപപ്പെടുത്തുന്നതിൽ കറുത്തമാരണമെന്നറിയപ്പെടുന്ന ബ്യൂബോണിക് പ്ലേഗ് അതിനിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ♦