Saturday, July 27, 2024

ad

Homeനാടകംഗുരുവും ശിഷ്യനും

ഗുരുവും ശിഷ്യനും

ഹബീബ്‌ സർഗം, പൊന്നാനി

ഗുരു: പ്രിയപ്പെട്ട ശിഷ്യാ ഞാൻ ചിലതൊക്കെ പഠിപ്പിക്കാൻ പോകുകയാണ്‌. പാഠം ഒന്ന്‌ രാഷ്‌ട്രസ്‌നേഹം
ഇന്ത്യ എന്റേതുമാത്രമായ രാജ്യം
ഇന്ത്യയിലെ ചിലർമാത്രം സഹോദരീ സഹോദരർ
മുസ്ലിങ്ങൾ ഒഴിച്ച്‌
ക്രിസ്‌ത്യാനികൾ ഒഴിച്ച്‌
ദളിതർ ഒഴിച്ച്‌
കമ്യൂണിസ്റ്റുകാർ ഒഴിച്ച്‌
സ്‌ത്രീകളൊഴിച്ച്‌
ഞാൻ എന്നെയും എന്റെ സമുദായത്തെയും സ്‌നേഹിക്കുന്നു.
ശിഷ്യൻ: ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്ക്‌
നയിക്കുന്നവനല്ലേ ഗുരു…
പിന്നെന്താ ഗുരു വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക്‌ നയിക്കുന്നത്‌.
ഗുരു: തിരുവായയ്‌ക്ക്‌ എതിർവായില്ല
ശിഷ്യൻ: എന്നാലും ഗുരു. മുസ്ലിങ്ങൾ ഈ മഹാരാജ്യത്തിൽ അലിഞ്ഞുചേർന്ന്‌ നമ്മളോട്‌ ഒന്നിച്ച്‌ ജീവിക്കുന്നവരല്ലേ?
ഗുരു: ഡാ… ശിഷ്യാ അവന്മാർക്ക്‌ കൂറില്ല.
വരത്തന്മാരാണ്‌
ശിഷ്യൻ: അപ്പോൾ ക്രിസ്‌ത്യാനികൾ!
ഗുരു: അവരും വരുത്തന്മാർ തന്നെ.
റോമും വത്തിക്കാനുമാണ്‌ അവർക്ക്‌
ശിഷ്യൻ: ചരിത്രനിർമാണത്തിൽ ഇവരുടെ പങ്ക്‌ കണ്ടില്ലെന്ന്‌…
ഗുരു: പ്ഫു… പറഞ്ഞത്‌ മനസ്സിലാക്കുക. അവരൊക്കെ നമ്മുടെ ശത്രുക്കൾ. ഉരുവിട്ട്‌ പഠിക്കുക
ശിഷ്യൻ: അപ്പോൾ കമ്യൂണിസ്റ്റുകളോ
ഗുരു: ചേദിക്കാനുണ്ടോ? അവരുടെ നാഥൻ തന്നെ വിദേശിയല്ലേ…
നമ്മുടെ ഭൂപടത്തിൽ ഇവരാരുമില്ല. ഭാരതമാതാവ്‌, ചാതുർവർണ്യം
ശിഷ്യൻ: ഗുരുവെ നമ്മൾ ആര്യ സന്തതികളും വിദേശിയല്ലേ! വരത്തന്മാരല്ലേ
ഗുരു: അങ്ങനെ ആരു പറഞ്ഞു?
ശിഷൻ: ചരിത്രപുസ്‌തകത്തിലുണ്ട്‌
ഗുരു: ഉവ്വോ, എന്നാൽ വെട്ടത്തിരുത്തുക. നമ്മൾ പറയുന്നത്‌ മാത്രമാണ്‌ ശരി. വെട്ടുവിൻ പാഠപുസ്‌തകങ്ങൾ!
ശിഷ്യൻ പുസ്‌തകം വെട്ടുന്നു. തിരുത്തുന്നു.
ശിഷ്യൻ: ഗുരുവെ! ഒരുനഗ്നപാദനായ മനുഷ്യൻ, അർധ വസ്‌ത്രധാരി, ആരാണിത്‌.
ഗുരു: ഓ അദ്ദേഹമോ… അത്‌… അത്‌… മരിച്ചയാളാണ്‌
ശിഷ്യൻ: മരിച്ചതല്ല, കൊന്നതാണ്‌. രക്തസാക്ഷിയായി. എന്നൊക്കെ എഴുതി വെച്ചിരിക്കുന്നു.
ഗുരു: എന്താ പേര്‌
ശിഷ്യൻ: ബാപ്പു
ഗുരു: വെട്ടൂ… വെട്ടൂ
ശിഷ്യൻ: വെട്ടുന്നു. ഗുരുവെ! ഈ ചിത്രവും പേരും വെട്ടുന്തോറും തെളിഞ്ഞു തെളിഞ്ഞു വരുന്നു. തെളിനീര്‌ പോലെ. ഗുരുവേ… ഇങ്ങേരെന്തിനാ മരിച്ചത്‌/കൊന്നത്‌?
ഗുരു: അതൊന്നും നീ പഠിക്കണ്ട. വെട്ടുക. അതെ, ഒരു പ്രഖ്യാപനം നമ്മുടെ രാജ്യത്തെ കുട്ടികളോട്‌; നമ്മുടെ ചരിത്രത്തിൽ കുറെ വെട്ടിത്തിരുത്തുവാനുണ്ട്‌. ശിഷ്യാ. ചോദ്യങ്ങൾ ചോദിക്കരുത്‌. അത്‌ വലിയ തെറ്റാണ്‌. അതിനാൽ എന്നോട്‌ ചോദിച്ചതിന്‌ മാപ്പെഴുതി ത്തായോ.
ശിഷ്യൻ: ഞാൻ ഗുരുവിനോട്‌ ചെയ്‌തതെല്ലാം തെറ്റാണ്‌. മാപ്പ്‌. മാപ്പ്‌. മാപ്പ്‌. പ്രേക്ഷകരോട്‌
ശിഷ്യൻ: ഞാൻ ചെയ്‌തത്‌ അപരാധമാണ്‌. എന്നെ ഇവിടെനിന്ന്‌ പുറത്ത്‌ വിട്ടാലും. ഞാൻ അങ്ങയുടെ പാദസേവകനായി എന്നും ഉണ്ടാകും.
ഗുരു: നല്ല ബുദ്ധി
ശിഷ്യൻ: ഗുരുവേ! ഈ ഗുജറാത്തിലും ഉത്തർപ്രദേശിലും നിൽക്കുമ്പോൾ വല്ലാത്ത ചൂട്‌. ഉത്തർഖണ്ഡിലും മധ്യപ്രദേശിലും ചൂട്‌ തന്നെ. ഒന്നു തണുപ്പിക്കാൻ കേരളം വരെ ഒന്നു പോകട്ടെ.
ഗുരു: നോ. കേരളത്തിൽ പോകരുത്‌. നമ്മളെ നിന്ദിക്കുന്നവരവാണ്‌ അവർ. അവിടെ വേറൊരു രാജ്യമാണ്‌.
ശിഷ്യൻ: ഇവിടെ കാലുപൊള്ളുന്നു ഗുരു. ഗുരുവെ! ഇരുട്ട്‌ പടരുന്നു. കണ്ണു കാണുന്നില്ല. ഗുരു തന്ന ഒരറിവും എനിക്ക്‌ ഉപകരിക്കുന്നില്ല. ഇനി ഗുരുവിന്‌ ഗുരുവിന്റെ വഴി, എനിക്ക്‌ എന്റേതും.
കൂട്ടരെ,
എനിക്ക്‌ നിങ്ങൾ വഴി കാണിക്കൂ. ഞാൻ നിങ്ങൾക്ക്‌ വർണങ്ങളുടെ പൂക്കൾ തരാം.
ഗുരു: നമ്മുടെ നിഘണ്ടുവിലെ പൂക്കൾക്ക്‌ ഒരൊറ്റ നിറം മാത്രം (ഒരു പൂവ്‌ ശിഷ്യന്‌ എറിഞ്ഞുകൊടുക്കുന്നു)
ശിഷ്യൻ: അയ്യോ വാടിയ പൂവ്‌, നിറമില്ല, വാസനയുമില്ല (ശിഷ്യൻ എല്ലാവർക്കും വിവിധ നിറത്തിലുള്ള പൂക്കൾ കൊടുക്കുന്നു). ഗുരു ചാടിവരുന്നു. വടിയുമായി. ഗുരുവും ശിഷ്യനും വടിതല്ലു നടത്തുന്നു. ഗുരുവിനെ ശിഷ്യൻ തള്ളിയിടുന്നു.
ശിഷ്യൻ: ഗുരുവേ! ആളുകളിൽ വെറുപ്പ്‌ ഉൽപാദിപ്പിക്കുന്ന നാവിനെ ഞാനിങ്ങ്‌ പിഴുതെടുക്കുന്നു. ഇനിയുള്ള കാലം ഒരാഗോള പൗരനാകൂ. വിശ്വമാനവികനാകൂ.

‌‌‌‌‌മൗനം
(വെടിയൊച്ചകൾ… നിന്തരമായി ഒച്ചകൾ തുടരുന്നു)
നടി/നടൻ പരക്കംപായുന്നു
വേണ്ട, വേണ്ട എന്ന ആംഗ്യത്തോടെയുള്ള ചലനങ്ങൾ. പ്രേക്ഷകരിലേക്ക്‌ വന്ന്‌ ചെവിയടച്ച്‌, അസ്വസ്ഥതതകൾ പ്രകടിപ്പിക്കുന്നു
താഴേക്ക്‌ വീഴുന്നു. ഉരുളുന്നു.
വെടിവെപ്പ്‌ ശബ്ദം നിൽക്കുന്നു.
(നെഞ്ച്‌ പൊളിയുന്ന ശോക സംഗീതം ഒഴുകിവരുന്നു)
നടി/നടൻ ഏന്തി ഏന്തി വരുന്നു.
തിരഞ്ഞ്‌ തിരഞ്ഞ്‌
ഒരു കുഞ്ഞിന്റെ ശവശരീരവുമായി വരുന്നു.
സംഗീതത്തിനനുസരിച്ച്‌ ആളുകളോട്‌
ആംഗ്യങ്ങളോടെ സങ്കടം പങ്കുവയ്‌ക്കുന്നു.
(മ്യൂസിക്ക്‌ നിലയ്‌ക്കുന്നു)
രാജാവേ… രാജാവേ… രക്ഷിക്കണം.
ഞങ്ങളുടെ നൂറ്റിയന്പതുപേർ കൊലചെയ്യപ്പെട്ടു. മുന്നൂറ്റിയറുപത്‌ പള്ളികൾ തകർത്തു. അറുപതിനായിരം പേർ അഭയാർഥികളായി.
രാജാവെ!
എന്തെങ്കിലും ഉരിയാടൂ. മൗനം വെടിയൂ.
രാജാവ്‌ വായകെട്ടി ഇരിക്കുന്നു. പ്രത്യക്ഷപ്പെടുന്നു.
ഒന്നും മിണ്ടുന്നില്ല.
(സംഹാരതാണ്ഡവമാടുന്ന മ്യൂസിക്ക്‌)
രാജാവ്‌ കാലിന്മേൽ കാൽ കയറ്റിവെയ്‌ക്കുന്നു.
കാലുകൾ മാറ്റിവെച്ച്‌ ഇരുത്തത്തിന്റെ പോസ്റ്റർ ഞൊടിയിടയിൽ ചലിക്കുന്നു.
പ്രേക്ഷകരോട്‌ നടി/നടൻ
രാജാവ്‌ ഒന്നും മിണ്ടുന്നില്ല.
രാജാവെ! ഇവർക്ക്‌ കൊന്നുതള്ളുവാൻ ആവശ്യമായ യുദ്ധക്കോപ്പുകൾ ആരാണ്‌ നൽകുന്നത്‌?
പ്രേക്ഷകരോട്‌ നടി/നടൻ
എന്റെ നാട്‌ കത്തുകയാണ്‌. സഹായിക്കൂ.
എന്റെ നാട്ടിൽ പുകനിറയുന്നു;
പകയുടെയും വെറുപ്പിന്റെയും.
ഇത്‌ ഞാനല്ല പറഞ്ഞത്‌
മണിപ്പൂരിന്റെ കായികതാരം
മേരികോം. ട്വിറ്ററിലൂടെ
രാജാവിന്റെ രാജസഭയിലെ അംഗമാണവർ. പിന്നീട്‌ അവരൊന്നും ഉരിയാടിയില്ല.
(ചീവിടിന്റെ ശബ്ദം)
നിശബ്ദതയുടെ അടയാളങ്ങൾ പല അംഗങ്ങളിലൂടെ നടനിൽ പടരുന്നു.
മിണ്ടരുതെന്ന്‌ ആംഗ്യം കാണിക്കുന്നു.
ഹലോ
ഇവിടെ എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്‌.
കർഫ്യൂവാണ്‌.
ഇന്റർനെറ്റില്ല. സംസ്ഥാന സർക്കാർ വെറുമൊരു നോക്കുകുത്തി. കുക്കികളും മെയ്‌ത്തികളും പരസ്‌പരം നിറയൊഴിക്കുന്നു.
ഉളുപ്പുണ്ടോ രാജാവെ!
അൽപം ഉളുപ്പ്‌.
ഈ വിഷയം യൂറോപ്പ്യൻ യൂണിയനിൽ പോലും ചർച്ചചെയ്‌തു.
മണിപ്പൂർ സംഘർഷം, ആക്രമണം, മരണം, നാശനഷ്ടം എന്നിവയെക്കുറിച്ച്‌ അപലപിച്ചു.
നാട്ടുകാരെ എന്നിട്ടും എന്റെ ഇന്ത്യ തിളങ്ങുന്നു
നാട്ടുകാരെ എന്നിട്ടും എന്റെ ഇന്ത്യ തിളങ്ങുന്നു
നാട്ടുകാരെ എന്നിട്ടും എന്റെ ഇന്ത്യ തിളങ്ങുന്നു
(ചിരിയുടെ മ്യൂസിക്‌)
ചിരി… ചിരിയോട്‌ ചിരി
ചിരി പടരുന്നു.
നടൻ/നടി പ്രേക്ഷകരിലേക്ക്‌ ഓടിവന്ന്‌ ഗോഷ്ടികൾ കാണിച്ച്‌ ചിരിപ്പിക്കുന്നു.
നടൻ/നടി ഓടിവന്ന്‌ ദേശീയപതാകയെടുക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ നട്ടുച്ചക്കാലത്ത്‌
മഹാരഥന്മാർ ഉയർത്തിയ കൊടിയാണിത്‌.
മഹാരാജാവെ! നാണം കെടുത്തല്ലേ…
ഇതിനെ തരംതാഴ്‌ത്തല്ലേ…
തരംതാഴ്‌ത്തല്ലേ….
തരംതാഴ്‌ത്തല്ലേ….
വന്ദേമാതരം പാട്ട്‌ ഒഴുകിവരുന്നു.
പ്രേക്ഷകരെ തൊഴുത്‌ നടി/നടൻ കളം വിടുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × 4 =

Most Popular