ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കാൻ വരുന്നത് അക്കാദമിക ബിരുദം നേടുന്നതിനു മാത്രമല്ല അറിവ് സമ്പാദിക്കുന്നതിനും സാമൂഹികജ്ഞാനത്തിന്റെ ഭാഗമാകാനും വേണ്ടികൂടിയാണ്. അങ്ങനെയുള്ള ഒരു വിദ്യാർഥിയാണ് ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നായ യാദവ്പൂർ യൂണിവേഴ്സിറ്റിയിൽ പഠിക്കാനെത്തിയ സ്വപ്നദീപ്, അവിടെ അഡ്മിഷൻ ലഭിച്ച് ഏതാനും ദിവസങ്ങൾക്കുശേഷം ആഗസ്റ്റ് 10ന് സ്വപ്നജീപിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ലഭ്യമായ വിവരമനുസരിച്ച് യൂണിവേഴ്സിറ്റി ക്യാമ്പസിനു പുറത്തു സ്ഥിതിചെയ്യുന്ന പ്രധാനഹോസ്റ്റലിൽ വച്ച് സ്വപ്നദീപ് റാഗിങ്ങിനിരയായതാവാമെന്നാണ് കരുതുന്നത്. ഈ കാമ്പസിൽ പഠിക്കാനും തന്റെ ലക്ഷ്യങ്ങൾ നേടാനുമൊക്കെയുള്ള ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു ഈ വിദ്യാർഥിക്ക്. പശ്ചിമബംഗാളിലെ നാദിയയിലെ ബഗുള്ളയിൽനിന്നും വന്ന സ്വപ്നദീവ് യൂണിവേഴ് സിറ്റിയിലെ ബംഗാളി ഡിപ്പാർട്ട്മെന്റിലായിരുന്നു ചേർന്നത്.
സ്വപ്നദീപിനെ മരിച്ചനിലയിൽ കാണപ്പെടുമ്പോൾ ശരീരത്തിൽ വസ്ത്രങ്ങളില്ലായിരുന്നു. ഹോസ്റ്റലിലെ ബാൽക്കണിയിൽനിന്നും താഴേക്കു വീണതുമൂലമോ അല്ലെങ്കിൽ മാനസിക പീഡനംമൂലം താഴേക്കുചാടാൻ നിർബന്ധിതമായതുമൂലമോ ആകാം മരണം സംഭവിച്ചത്. ഈ അസ്വാഭാവിക മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഎഫ്എസ്‌യുവിന്റെ നേതൃത്വത്തിലുള്ള എസ്എഫ്ഐ ഉൾപ്പെടെയുള്ള പുരോഗമനവിദ്യാർഥി സംഘടനകളും വിദ്യാർഥികളൊക്കെയും ഒന്നിച്ച് തെരുവിലിറങ്ങി പ്രക്ഷോഭം നടത്തി. സംഭവത്തെക്കുറിച്ച് ശരിയായവിധം അന്വേഷിച്ച് കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകണം. വിവിധ സ്രോതസുകളിൽ നിന്നും ലഭ്യമായ വിവരമനുസരിച്ച് ഈ വിദ്യാർഥി ക്രൂരമായ റാഗിങ്ങിനിരയായിട്ടുണ്ടെന്നാണ്. ഒരുപക്ഷേ ലൈംഗീകപീഡനത്തിന്റെ ഭാഗമായിട്ടാകും; അവൻ ഇഷ്ടപ്പെടാത്ത കാര്യത്തിന് അവനെ നിർബന്ധിച്ചിട്ടുണ്ടാകാം. ഈ ആദ്യവർഷവിദ്യാർഥിയുടെ മരണം അതിദാരുണവും അങ്ങേയറ്റം ദുഃഖകരവുമാണ്. ഈ അസ്വാഭാവികമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി പുരോഗമന സംഘടനകളും പൊതുജനങ്ങളും ഉൾപ്പെടെ തെരുവിൽ പ്രതിഷേധിച്ചു. മിക്ക വിദ്യാർഥികളും കാമ്പസിലെ തങ്ങളുടെ ആദ്യദിനങ്ങളിൽ നേരിടേണ്ടിവന്ന റാഗിങ്ങിന്റെ അനുഭവത്തെക്കുറിച്ച് പറയാൻ തയ്യാറായി. ഈ 21‐-ാം നൂറ്റാണ്ടിലും റാഗിങ്ങിന്റെ പേരിൽ ശല്യവും അതുപോലെ ശാരീരികവും മാനസികവുമായ പീഡനങ്ങളും സഹിക്കേണ്ടി വരുന്നത് അങ്ങേയറ്റം ലജ്ജാകരവും ഗൗരവമായി പരിഗണിക്കേണ്ടതുമായ കാര്യമാണ്. ഡബ്ല്യൂടിയുവുമായി ബന്ധമുള്ള (സയൻസ് ഫാക്കൽറ്റിയുടെ ഒരു വേദി) സൗരവ് ചൗധരി എന്ന സീനിയർ വിദ്യാർഥി ഈ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. ബിജെപിയുമായി ഇയാൾക്ക് ബന്ധമുണ്ട്. ബിജെപിയുമായി ദീർഘകാലമായിത്തന്നെ ബന്ധമുള്ളതായി ഇയാളുടെ ഫേസ്ബുക്ക് പേജുകൾ സൂചിപ്പിക്കുന്നു. എസ്എഫ്ഐയെ എതിർക്കുകയും സയൻസ് ഫാക്കൻറ്റിയിൽ ആധിപത്യം നേടുകയും ചെയ്യുക എന്ന പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കി ഉണ്ടാക്കിയിട്ടുള്ള വേദിയാണ് യഥാർഥത്തിൽ ഡബ്ല്യുടിയു. മരണപ്പെട്ട സ്വപ്നദീപ് ആർട്സ് ഫാക്കൽറ്റിയിലായിരുന്നിട്ടും യാദവ്പൂർ യൂണിവേഴ്സിറ്റിയുടെ പ്രധാന ഹോസ്റ്റലിൽ താമസിക്കാൻ നിർബന്ധിക്കപ്പെട്ടു. എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഒന്നാം വർഷവിദ്യാർഥികൾക്ക് യൂണിവേഴ്സ്റ്റി പരിസരത്തുതന്നെ ഹോസ്റ്റൽ സൗകര്യമൊരുക്കണമെന്ന് നേരത്തേതന്നെ എഎഫ്എസ്‌യു (ആർട്സ് ഫാക്കറ്റി സ്റ്റുഡൻസ് യൂണിയൻ) ആവശ്യപ്പെട്ടിരുന്നതാണ്. യൂണിവേഴ്സിറ്റി അധികൃതർ അത്തരം ക്രമീകരണങ്ങൾ നടത്തിയില്ല. അതുകൊണ്ടുതന്നെ പുതുതായി പ്രവേശനം നേടിയവർക്ക് കാമ്പസിനു പുറത്തുള്ള പ്രധാന ഹോസ്റ്റലിൽ താമസിക്കേണ്ടതായി വന്നു. ഈ ഹോസ്റ്റലിന് റാഗിങ്ങിന്റെ ഒരു നീണ്ട ചരിത്രവും എഞ്ചിനീയറിങ് ഫാക്കൽറ്റിയുടെ റൂളിങ് ഫോറങ്ങളുടെ ആധിപത്യഭരണത്തിന്റെ ഇരുണ്ട ഭൂതകാലവുമുണ്ട്. ഈ വിഷയത്തിൽ രാഷ്ട്രീയം കൊണ്ടുവരേണ്ടതുണ്ട്. എന്നാൽ എൻജിനിയറിങ്, സയൻസ് ഫാക്കൽറ്റികളിലെ ചില വേദികളെ ഉപയോഗിച്ചുകൊണ്ട് ഒരു വിഭാഗം വിദ്യാർഥികൾ ആധിപത്യവും അരാജകത്വവും പ്രയോഗിക്കുന്നതാണ് യഥാർഥത്തിൽ വിദ്യാർഥി രാഷ്ട്രീയത്തിന് ചീത്തപ്പേരുണ്ടാക്കുന്നത്. ഹോസ്റ്റലിൽ നവാഗതരെ സ്വാഗതം ചെയ്യുന്നു എന്ന പേരിൽ സഹിക്കാനാകാത്തവിധം റാഗിങ് നടത്തുന്നതായും ചില വിദ്യാർഥികൾ മാസികപീഡനം അവരെ മോശമായ അവസ്ഥയിലെത്തിച്ചതായും പറയുന്നു. പത്തും പന്ത്രണ്ടും വർഷം മുമ്പ് അക്കാദമിക ജീവിതം പൂർത്തിയാക്കിയ ചില വിദ്യാർഥികൾ ഇപ്പോഴും ഹോസ്റ്റലുകളിൽ താമസിക്കുന്നുണ്ട്. അവർ നവാഗതരെ സ്വാഗതം ചെയ്യന്നതിന്റെ പേരിൽ മോശം പ്രവൃത്തികൾ കണ്ട് യാദവ്പൂരിന്റെ മുഴുവൻ സാഹോദര്യത്തെ നിഷേധാത്മകമായി വിലയിരുത്തരുത്. കാരണം, ലോകമൊട്ടുക്കുള്ള ആളുകൾക്ക് യാദവ്പൂരിന്റെ അക്കാദമിക മികവിനെക്കുറിച്ചും കാമ്പസിലെ പുരോഗമനപരമായ അന്തരീക്ഷത്തെക്കുറിച്ചും അറിയാം. ഈ സവിശേഷ ഇടത്തെ സ്വേച്ഛാധിപത്യം വച്ചുപുലർത്തുന്ന തൃണമൂലും, ബിജെപിയും കടന്നാക്രമിക്കുകയാണ്. എന്നാൽ ഈ ക്യാമ്പസിലെ വിദ്യാർഥികൾ ബുദ്ധിശാലികളാണ്. അവർ ഈ രണ്ട് പ്രതിലോമശക്തികളുടെയും വിഭജന രാഷ്ട്രീയത്തിൽ വീഴില്ല. യാദവ്പൂർ സർവകലാശാലയിലെ എല്ലാപേരും കുണ്ഡുവിന്റെ മാതാപിതാക്കൾക്കൊപ്പം നിന്നുകൊണ്ട് തെരുവിലിറങ്ങിയിരിക്കുകയാണ്. ആവശ്യം ലളിതമാണ്. സംഭവത്തെപ്പറ്റി ശരിയായ അന്വേഷണം നടത്തി കുറ്റക്കാരായവരെ ശിക്ഷിക്കണം. സർവകലാശാലാ ഭരണാധികാരികളും സംസ്ഥാന ഭരണകൂടവും ഇക്കാര്യത്തിൽ പുറന്തിരിഞ്ഞു നിൽക്കുകയാണ്. അതിനാൽത്തന്നെ അന്വേഷണ നടപടികൾ മന്ദഗതിയിലുമാണ്. ശരിയായ അന്വേഷണം വേണമെന്നും ലോകത്തൊരിടത്തും ഒരിക്കലും ഒരു വിദ്യാർഥിക്കും ഇത്തരമൊരു അനുഭവം നേരിടേണ്ടതായി വരരുതെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. ♦
യാദവ്പൂർ സർവകലാശാലയിൽ വിദ്യാർഥിയുടെ ദുരൂഹമരണം
ഷുവജിത് സർക്കാർ
Sourceഷുവജിത് സർക്കാർ