ഇന്ത്യയുടെ നോവായി മാറിയ കത്തിയെരിയുന്ന മണിപ്പൂരിൽ പോയി നേരിട്ടുകണ്ട ഹൃദയഭേദകമായ വസ്തുതകൾ മുൻ ആരോഗ്യമന്ത്രിയും എം പിയും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റുമായ പി കെ ശ്രീമതി ടീച്ചർ വിവരിക്കുന്നു. സ്ത്രീ ശരീരത്തെ യുദ്ധഭൂമിയാക്കി മാറ്റിയ വർഗീയതയുടെ വിഷലിപ്‌തമായ പ്രയോഗശാല എന്ന തരത്തിൽ ലോകത്തിനു മുന്നിൽ ഇന്ത്യ അപഹാസ്യയാകുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിസ്സംഗതയെയും നിശ്ശബ്ദതയെയും ആണ് മണിപ്പൂർ ജനത ഒരേ സ്വരത്തിൽ അപലപിക്കുന്നത്:
നിങ്ങളുടെ യാത്രയെക്കുറിച്ച് പറയുമോ ടീച്ചർ?
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു യാത്രയായിരുന്നു അത്. ഞാനും സിപിഐ എം പോളിറ്റ് ബ്യുറോ അംഗം വൃന്ദ കാരാട്ടും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെയുമാണ് കലാപ ബാധിത മണിപ്പൂരിലേക്ക് പോയത്. ഡൽഹിയിൽ നിന്നും ഇംഫാലിലേക്ക് വിമാനത്തിൽ പോയി. അവിടെ പത്തോളം സിപിഐ എം, മഹിളാ അസോസിയേഷൻ നേതാക്കൾ ഞങ്ങളെ കാത്ത് നിന്നിരുന്നു. കുക്കി ഭൂരിപക്ഷ ജില്ലയായ കാങ് പോക് പി ആയിരുന്നു ആദ്യ ലക്ഷ്യം. ഞങ്ങൾ മൂന്നു വണ്ടികളിലായിട്ടാണ് പോയത്. സാധാരണ ഹെലികോപ്റ്ററിൽ ആണ് അവിടെ പോകുന്നത്. ഞങ്ങൾക്ക് അന്ന് ഹെലികോപ്റ്റർ ലഭിച്ചില്ല. അതാണ് കാറിൽ തന്നെ പോയത്. ഞങ്ങൾ മൂന്ന് പേർ സഞ്ചരിച്ച വണ്ടിയിൽ മഹിളാ അസോസിയേഷൻ പ്രവർത്തകയായ, എംകോം വിദ്യാർഥിയായ പഠിക്കുന്ന സാദിഖ ഉണ്ടായിരുന്നു. ഞങ്ങളുടെ കാറിന്റെ ഡ്രൈവറും ഒരു മുസ്ലിം യുവാവായിരുന്നു. മുസ്ലിങ്ങൾക്ക് മാത്രമേ അവിടെ കുറച്ചെങ്കിലും സഞ്ചാര സ്വാതന്ത്ര്യം ഇപ്പോഴുള്ളൂ.
ഞങ്ങളുടെ വാഹനങ്ങൾ ആസാം റൈഫിൾസും സി ആർ പി എഫും നാലു സ്ഥലത്തു തടഞ്ഞു നിർത്തി കടലാസുകളും തിരിച്ചറിയൽ കാർഡും പരിശോധിച്ചു. വൃന്ദയെ അവർ തിരിച്ചറിഞ്ഞതിനാൽ പ്രശ്നമുണ്ടാക്കാതെ കടത്തിവിട്ടു.
ഒരു സ്ഥലത്ത് എത്തിയപ്പോൾ ഞങ്ങളുടെ പിന്നിൽ ഉണ്ടായിരുന്ന രണ്ടു കാറുകളിൽ വന്നിരുന്ന സഖാക്കൾ പറഞ്ഞു ഇനി അവർക്ക് മുന്നോട്ട് വരാൻ കഴിയില്ല എന്ന്. അവർ മടങ്ങിപ്പോയി. കാരണം അവർ പാർട്ടിക്കാരാണെങ്കിലും മെയ്തികൾ ആണ്.
അല്പമകലെ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഒരു വലിയ സംഘം വടികളുമായി കാത്തുനിൽക്കുന്നതു ഞങ്ങൾ കണ്ടു. അവർ ഞങ്ങളുടെ വണ്ടിക്കരികിൽ വന്ന് പരിശോധിച്ചു. മെയ്തികൾ ആണോ എന്നാണ് നോക്കുന്നത്. അവരിൽ ചിലരും വൃന്ദയെ തിരിച്ചറിഞ്ഞു. മുസ്ലിം ഡ്രൈവർ ആയതു കൊണ്ട് മാത്രം അവർ കടത്തിവിട്ടു. അതിക്രമങ്ങളുടെ ഇരകളെ കാണാൻ ആണ് ഞങ്ങൾ വരുന്നതെന്ന് അവർ മനസ്സിലാക്കി.
ഇംഫാലിൽ നിന്നും കാങ് പൊക്പിയിലേക്കുള്ള യാത്രയിൽ കണ്ട കാഴ്ചകൾ എന്തൊക്കെയായിരുന്നു?
അതീവ മനോഹരമായ പ്രകൃതി അനുഗ്രഹിച്ച ഒരു സംസ്ഥാനമാണ് മണിപ്പൂർ. കണ്ണെത്താദൂരത്തോളം കേരളത്തിൽ കാണുന്ന പോലെ വിശാലമായ നെൽ വയലുകളും മലകളും കുന്നുകളും താഴ്വാരകളും … പക്ഷേ നിരത്തുകൾ എല്ലാം വിജനം. റോഡിലാകെ മുള്ളു കമ്പികളുടെ വേലിക്കെട്ടുകൾ. പോലീസിന്റെയും പട്ടാളത്തിന്റെയും വലിയ വണ്ടികൾ അല്ലാതെ മറ്റൊന്നുമില്ല. ഒരു യുദ്ധഭൂമിയുടെ പ്രതീതി. വലിയ മണൽ ചാക്കുകൾ അട്ടിയാക്കി വെച്ചതിനു പിന്നിലാണ് എല്ലാവരും മറഞ്ഞിരിക്കുന്നത്. വഴിയിൽ കാണുന്ന വീടുകളും കെട്ടിടങ്ങളുമെല്ലാം ശൂന്യം. ഒരു കടപോലും തുറക്കുന്നില്ല. സ്‌കൂളുകളും കോളേജുകളും എല്ലാം ക്യാമ്പ് ആക്കി മാറ്റിയിട്ടുണ്ട്. മെയ്തികളും കുക്കികളും ഇല്ലാത്ത ഒരു ശൂന്യ സ്ഥലം ഇടയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഒരു സംസ്ഥാനം രണ്ടായി പിളർന്നു പോയി. കുക്കികളുടെ എന്ന് പറയുന്ന സ്ഥലത്തേക്ക് മെയ്തികൾക്കോ മെയ്തികളുടെ ഭൂരിപക്ഷ പ്രദേശത്തേക്ക് കുക്കികൾക്കോ വരാൻ കഴിയില്ല. അതിനാണ് സ്ത്രീകൾ ഉൾപ്പടെയുള്ളവർ കാവൽ നിൽക്കുന്നത്.
സ്ത്രീകൾ ആണോ പ്രതിരോധിക്കാൻ മുന്നിട്ടു നിൽക്കുന്നത്?
അതെ. അത്ഭുതകരമാണ് ആ കാഴ്‌ച. മണിപ്പൂരി സ്ത്രീകൾ, കുക്കി ആയാലും മെയ്തി ആയാലും, ധീരരും തന്റേടമുള്ളവരും വിദ്യാസമ്പന്നരുമാണ്. അവർക്ക് ഹിന്ദിയും ഇംഗ്ലീഷും അറിയാം. 100 വർഷം മുൻപ് ക്രിസ്ത്യൻ മിഷനറിമാർ കുക്കികളുടെ പ്രദേശത്തു വന്ന് വിദ്യാലയങ്ങൾ തുടങ്ങിയതിനാൽ അവർക്ക് പഠിക്കാൻ കഴിഞ്ഞു. പട്ടാള വണ്ടിവരെ സ്ത്രീകളാണ് തടഞ്ഞുനിർത്തി പരിശോധിക്കുന്നത്. കുക്കി സ്ത്രീകളുടെ പക്കൽ ആയുധങ്ങൾ ഞങ്ങൾ കണ്ടില്ല. മെയ്തി സ്ത്രീകളുടെ കൈവശം ആയുധമുണ്ട്. അവർ പൊലീസുകാരുടെ ആയുധപ്പുരകളിൽ കയറി എല്ലാ ആയുധങ്ങളും എടുത്തുകൊണ്ടു പോയി. അവരുടെ തോക്കുകളിൽ നിന്നും വെടി ഏൽക്കാതിരിക്കാനാണ് മണൽ ചാക്കുകൾ നിറച്ചിരിക്കുന്നത്. ഏതു നിമിഷവും പൊട്ടിപ്പുറപ്പെടുന്ന സംഘർഷങ്ങൾ അവർ പ്രതീക്ഷിക്കുന്നു.
പൊലീസും സൈന്യവും ഇല്ലേ അവിടെ?
ആസാം റൈഫിൾസും സിആർപിഎഫും ആണ് കൂടുതലും ഉള്ളത്. മണിപ്പുർ സംസ്ഥാന പൊലീസും ഉണ്ട്. പക്ഷെ ഈ മൂന്നു വിഭാഗവും തികച്ചും നിസ്സഹായരായാണ് കാണുന്നത്. ഈ കലാപങ്ങൾ എല്ലാം അവരുടെ കൺമുന്നിലാണ് നടന്നത്. അവർക്കൊന്നും ചെയ്യാൻ പറ്റിയിട്ടില്ല. അവരുടെ ആയുധങ്ങളല്ലേ സ്ത്രീകൾ എടുത്തുകൊണ്ടുപോയത്! എന്നിട്ടുപോലും അവർ നോക്കിനിൽക്കുകയാണ്. അവർ മണൽ ചാക്കുകൾക്കു പിന്നിൽ സ്വന്തം സുരക്ഷയ്‌ക്കായി മറഞ്ഞിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
ക്യാമ്പുകളും ഗ്രാമങ്ങളും സന്ദർശിച്ചില്ലേ?
ഗ്രാമങ്ങളിലേക്ക് പോകാൻ കഴിയുന്ന സ്ഥിതിയല്ല. അവിടെയാണ് വീടുകൾ മുഴുവൻ ചുട്ടെരിച്ചത്. വീടുകൾ നഷ്ടപ്പെട്ട 60000ലേറെപ്പേർ വിവിധ ക്യാമ്പുകളിൽ കഴിയുന്നു. അവരിൽ ഗർഭിണികളും പ്രസവിച്ച് ഏതാനും ദിവസം മാത്രമായവരും കുഞ്ഞുങ്ങളും ഉണ്ട്. വല്ലാത്ത കാഴ്ച്ചയായിരുന്നു. സർക്കാർ എത്തിച്ചു കൊടുക്കുന്ന അല്പം ചോറും പരിപ്പും മാത്രമാണ് ആഹാരം. അത് തികയാൻ കിട്ടാറില്ല. ഒന്നോ രണ്ടോ ദിവസമല്ല എന്നോർക്കണം. മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ ചെല്ലുന്നത് കലാപത്തിന്റെ 99‐ാം ദിവസമാണ്. ഇവർ പോഷകാഹാരമില്ലാതെ എന്തായി തീരും എന്നറിയില്ല. ആയിരംപേർ വരെ ഒരു ക്യാമ്പിൽ ഉണ്ട്. അവിടെ രണ്ടു ശുചിമുറി മാത്രമേ ഉള്ളൂ. കേന്ദ്രീയവിദ്യാലയത്തിൽ പന്ത്രണ്ടാം ക്‌ളാസിൽ പഠിക്കുന്ന ഒരു ആൺകുട്ടി വൃന്ദയെ തിരിച്ചറിഞ്ഞപ്പോൾ വന്നുപറഞ്ഞു, എങ്ങനെയെങ്കിലും കൂടുതൽ ടോയ്‌ലെറ്റുകൾ ഉണ്ടാക്കണമെന്ന്. നല്ല ഇംഗ്ലീഷിലാണവൻ സംസാരിച്ചത്. വൃന്ദയുടെ പ്രസംഗവും മറ്റും അവൻ യു ട്യൂബിൽ കേട്ടിട്ടുണ്ടായിരുന്നു. നമ്മൾ കേരളത്തിൽ കാണുന്ന പോലെയുള്ള ക്യാമ്പൊന്നും അല്ല അവിടെ. പരമ ദയനീയം. എല്ലാം നഷ്ടമായ ഒരു പ്രതീക്ഷയും ഇല്ലാത്ത കുറെയധികം ആളുകൾ. സ്ത്രീകളാണ് പണിയെടുത്ത് ഓടിനടക്കുന്നത്.
ബലാത്‌സംഗത്തിന്റെ ഇരകളായവരെയും കാണാൻ കഴിഞ്ഞോ?
കണ്ടു. വാക്കുകളില്ല അവരുടെ യാതന വിവരിക്കാൻ. ലോകം മുഴുവൻ മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങൾ അറിയാൻ ഇടയാക്കിയ ആ വീഡിയോയിലെ സ്ത്രീകളെ അതീവസുരക്ഷിതമായി കുക്കി വനിതാ സംഘടന പാർപ്പിച്ചിരിക്കുകയാണ്. ആരും പുറത്തുനിന്നവരെ ഇതുവരെ കണ്ടിട്ടില്ല. വൃന്ദയുടെ പരിചയത്താലാണ് ഞങ്ങൾക്ക് അവരെ കാണാൻ കഴിഞ്ഞത്. ആധുനിക മനുഷ്യ ചരിത്രത്തിലെവിടെയെങ്കിലും ഇത്രയും നിഷ്ഠൂരമായ സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. 18 വയസ്സുള്ള പെൺകുട്ടിക്ക് മുഖം ഒന്നുയർത്താൻപോലും ആകുന്നില്ല. അവൾ പനിപിടിച്ചെന്ന പോലെ വിറച്ചുകൊണ്ടിരിക്കുകയാണ്. അവളുടെ അമ്മയാണ് ചില വാക്കുകളെങ്കിലും സംസാരിച്ചത്. അവർക്ക് വല്ലാത്ത ഒരുതരം മരവിപ്പുപോലെ. 14 വയസ്സുള്ള കുഞ്ഞനിയൻ രക്ഷിക്കാനായി അവളെ കെട്ടിപ്പിടിച്ചുനിന്നപ്പോഴാണ് അക്രമികൾ അവന്റെ തലക്കടിച്ചു കൊന്ന് വീഴ്ത്തിയത്. അവന്റെ തല ചിതറിപ്പോയി. സഹായിക്കാൻ വന്ന അച്ഛനെയും അവർ കൊന്നു. പിന്നീടാണ് അവർ അവളെ ക്രൂരമായി ബലാത്‌സംഗം ചെയ്തത്. കുറേ ദിവസം അവളുടെ അമ്മ ബലാത്‌സംഗത്തിന്റെ കാര്യം അറിഞ്ഞിരുന്നില്ല. രണ്ടു കൊലകൾ കണ്ട പെൺകുട്ടിയുടെ മനസ്സാകെ തകർന്നിരിക്കുകയാണ്. ഒരു അഭിഭാഷകയും മനഃശാസ്ത്രവിദഗ്ധയും കൗൺസലറും അവൾക്കൊപ്പമുണ്ട്. ആ അമ്മയ്ക്കും മകൾക്കും ഇപ്പോൾ ആവശ്യം അച്ഛന്റെയും മകന്റെയും മൃതദേഹമെങ്കിലും വിട്ടുകിട്ടണം എന്നതാണ്. തിരിച്ചറിഞ്ഞ 37 മൃതദേഹങ്ങൾ ഇംഫാലിലെ മോർച്ചറിയിൽ ആണിപ്പോഴും. ക്രൂരമായി ആക്രമിക്കപ്പെട്ടു കൊല്ലപ്പെട്ട അവരുടെ മൃതദേഹങ്ങൾ ഇങ്ങോട്ട് കൊണ്ടുവന്നാൽ എന്താകും സ്ഥിതി? ഞങ്ങൾ കളക്ടർ വിക്രമിനെ കണ്ടു സംസാരിച്ചു. എന്തു ചെയ്യണമെന്ന് അവർക്കറിയില്ല. സമാധാനമായി സംസ്കാരം നടത്താം എന്ന് ഉറപ്പുണ്ടെങ്കിൽ മൃതദേഹങ്ങൾ എത്തിക്കാം എന്നാണ് കളക്ടർ പറയുന്നത്. കിലോമീറ്ററുകളോളം റോഡുമാർഗം സഞ്ചരിച്ച് ഈ അവസ്ഥയിൽ മൃതദേഹങ്ങൾ, അതും 137 പേരുടേത്, എങ്ങനെ കൊണ്ടുവരും?
എല്ലാം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുമ്പോഴാണ് ഓടിച്ചിട്ട് പിടിച്ചുകൊണ്ടുവന്ന് കൊല്ലുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്നത്.. മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ എത്രയോ പേരുണ്ടാകും? ലിങ് നെയ് എന്ന് സ്‌ത്രീയുടെ മകൾ മെയ് 15ന് എടിഎമ്മിൽ പോയതാണ്. പിന്നെ ആരും അവളെ കണ്ടിട്ടില്ല.
സൈകൂൾ ഗ്രാമത്തിലെ ജങ് ഖോലും 26 വർഷം മുൻപ് അന്ധനായതാണ്. അദ്ദേഹത്തിന്റെ, കിഴക്കൻ ഇംഫാലിൽ ജോലിക്കുപോയ 18 വയസ്സുള്ള മകനെ വീട്ടിൽ ഒളിപ്പിച്ചതിന് മണിപ്പൂരുകാരനല്ലാത്ത ഒരാളുടെ വീട്ടിൽ കടന്നുകയറി പരിശോധന നടത്തിയ അക്രമികൾ ഇരുവരെയും കൊന്നു. അവരുടെ മൃതദേഹങ്ങൾക്ക് എന്തു സംഭവിച്ചു എന്നുപോലും ആർക്കും അറിയില്ല.
കാർ വാഷ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഫ്ലോറൻസ്, ഒളീവിയ എന്നീ യുവതികൾ കൊല്ലപ്പെട്ടു. മാതൃദിനമായ മെയ് 14ന് ഇവർ വീട്ടിൽ ഫോൺ ചെയ്തപ്പോൾ ആക്രമണ സാധ്യത ഉണ്ടെന്ന് ആശങ്കപ്പെട്ടിരുന്നു. എന്നാൽ കാർ വാഷ് ഉടമസ്ഥൻ ഇവരെ സംരക്ഷിച്ചു കൊള്ളാമെന്ന് വീട്ടുകാർക്ക് ഉറപ്പു കൊടുത്തു. പക്ഷേ അയാൾ അത് ചെയ്തില്ല. ഇരു കുടുംബങ്ങളിലും ഉള്ളവർ ക്യാമ്പുകളിൽ ഉണ്ട്.
കുക്കിയായ ജോഷ്വ വിവാഹം ചെയ്തത് മെയ്തിയായ മീനയെയാണ്. അവരുടെ ഏഴ് വയസ്സുള്ള മകന് വെടിയേറ്റു. അവനെയും കൊണ്ട് മീനയും ഒരു കൂട്ടുകാരിയും ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകുംവഴിയിൽ അക്രമികൾ തടഞ്ഞു നിർത്തി. കുക്കിയതിനാൽ സുരക്ഷിതമല്ല എന്നറിയാവുന്നകൊണ്ട് ജോഷ്വാ ഇവർക്കൊപ്പം പോയില്ല. ഒരു സ്ഥലത്തെത്തിയപ്പോൾ ഒപ്പം ഉണ്ടായിരുന്ന പോലീസ് അപ്രത്യക്ഷമായി. അക്രമികൾ ആധാർ കാർഡ് ഉൾപ്പടെ പരിശോധന നടത്തുകയും മീനയുടെ ഭർത്താവ് കുക്കി ആണെന്ന് മനസ്സിലാക്കുകയും ചെയ്തു. ആംബുലൻസിന് അവർ തീയിട്ടു. കുട്ടിയും രണ്ടു സ്ത്രീകളും വെന്തു മരിച്ചു.
ആശുപത്രികൾ കുക്കികൾക്ക് ഇപ്പോൾ ലഭ്യമല്ല. ഇംഫാലിലെ പ്രശസ്തമായ ക്രിസ്ത്യൻ ആശുപത്രി തീയിടുകയും ഉപകരണങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. 24 വയസ്സുള്ള ചോങ്നേയോ എന്ന കുക്കി യുവതി പ്രസവവേദന തുടങ്ങി ആശുപത്രിയിൽ ചെല്ലുമ്പോൾ ഒരു നഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ കിട്ടിയെങ്കിലും അമിതമായ രക്തസ്രാവത്താൽ യുവതി മരിച്ചു പോയി. ഇപ്പോൾ രണ്ടരമാസം പ്രായമുള്ള കുഞ്ഞിനെ ക്യാമ്പിൽ നോക്കുന്നത് അമ്മൂമ്മയാണ്. ജനിച്ച് ഏതാനും ദിവസങ്ങൾ മാത്രമായ ഇരട്ടക്കുട്ടികളും ഉണ്ട് ക്യാമ്പിൽ. ഇത്തരം എത്രയോ സംഭവങ്ങൾ. ഡോക്ടർമാർ ഏറെയും മെയ്തികളണ്. അവരെല്ലാവരും കുക്കി പ്രദേശങ്ങളിൽ നിന്നും രക്ഷപ്പെട്ടു പോയി. അതിനാൽ കുക്കികൾക്ക് ഇപ്പോൾ മിസോറാമിലേക്കും നാഗാലാന്റിലേക്കും പോയാൽ മാത്രമേ ചികിത്സ കിട്ടൂ എന്ന സ്ഥിതിയാണ്. സാനിറ്ററി നാപ്‌കിനും മരുന്നുകൾക്കും അവശ്യ സാധനകൾക്കും ക്യാമ്പുകളിൽ കടുത്ത ക്ഷാമം ആണ്.
മെയ്തി ക്യാമ്പുകളിൽ പോയില്ലേ?
പോയി. കുക്കികളുടെ ചുരാചന്ദ്പുരിലും കാങ് പൊക് പിയിലും ഉള്ള അഞ്ച് ക്യാമ്പിലും മെയ്തികളുടെ നാല് ക്യാമ്പിലും പോയി. അതിൽ ഏറ്റവും ദയനീയം സന്താക് എന്ന സ്ഥലത്തെ ഒരു മെയ്തി ക്യാമ്പാണ്. ചെളിയാണവിടെയെങ്ങും. തീരെ ശുചിത്വമില്ല. എങ്ങനെയെങ്കിലും തങ്ങളെ രക്ഷിക്കണമെന്നവർ യാചിക്കുന്നു. എംഎൽഎമാർ ശ്രദ്ധിക്കുന്ന ചില ക്യാമ്പുകൾ ഭേദപ്പെട്ട അവസ്ഥയിലാണ്. മാസങ്ങളോളം ഇത്തരം സ്ഥലങ്ങളിൽ ജീവിക്കുന്നത് ചിന്തിക്കാൻപോലും കഴിയില്ല. മെയ്തികൾ ആകട്ടെ ഭേദപ്പെട്ട സാമ്പത്തിക സൗകര്യമുള്ളവരുമാണ്. ജോലിയും വിദ്യാഭ്യാസവും അടച്ചുറപ്പുള്ള വീടുകളും ഉള്ളവർ. 37 മെയ്തികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കേൾക്കുന്നു ഒരു ബലാത്‌സംഗം നടന്നുവെന്ന്. അത് തെളിയിക്കപ്പെട്ടിട്ടില്ല. ഇംഫാൽ പൂർണമായും മെയ്തികളുടെ കൈവശമാണ്. തലസ്ഥാനമെന്ന തരത്തിൽ കുക്കികളും കുറച്ച് നാഗകളും മെയ്തികളും ഇടകലർന്ന് ജീവിച്ചിരുന്ന പ്രദേശമാണ്. അവർ അന്യോന്യം വിവാഹവും കഴിച്ച സംഭവങ്ങൾ ഉണ്ട്. പക്ഷേ കുക്കികൾക്കിപ്പോൾ അവിടെ കാലുകുത്താനാവില്ല. കുക്കികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ക്യാമ്പുകളിലും അധികൃതരുടെ യാതൊരുവിധ സാന്നിധ്യവും കാണാൻ കഴിയുന്നില്ല. ജനം കടുത്ത അമർഷത്തിൽ ആയതിനാൽ അധികൃതർ അങ്ങോട്ട് പോകാൻ ഭയക്കുന്നുണ്ടാകാം.
ക്യാമ്പിൽ കഴിയുന്നവരുടെ നിലപാട് എന്താണ്? പൊതുവിൽ സാധാരണ ജനങ്ങൾ എന്താണ് നിങ്ങളോട് പറയുന്നത്?
ഭൂരിപക്ഷം പേരും സമാധാനം ആഗ്രഹിക്കുന്നവരാണ്. മെയ്തികളുമതെ. കുക്കികളുമതെ. അവർക്കവരുടെ വീടുകൾ തിരിച്ചു വേണം. ജീവിതം വേണം. അതിനു പ്രധാന മന്ത്രി ഇടപെടണം എന്നിവർ ആഗ്രഹിക്കുന്നു. മെയ്തി ആയ മുഖ്യമന്ത്രി ബീരേൻ സിങ്ങിന് യാതൊന്നും ചെയ്യാനാവില്ല, അല്ലെങ്കിൽ അയാൾ ചെയ്യില്ല എന്ന് ഇരുകൂട്ടരും ഉറച്ചു വിശ്വസിക്കുന്നു. ചുരാചന്ദ്പുരിൽ നൂറാം ദിവസമാണ് ഞങ്ങൾ എത്തിയത്. അന്നവിടെ കറുത്ത വസ്ത്രം ധരിച്ചുകൊണ്ട് കുക്കികളുടെ ഒരു വലിയ പ്രതിഷേധ മാർച്ച് നടന്നു. സ്ത്രീകൾക്കാണ് അതിന്റെയും നേതൃത്വം. മുഖ്യമന്ത്രി രാജിവെക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്.
വാർത്താ വിതരണ സംവിധാനം പൂർണമായും നിശ്ചലമാണല്ലേ?
തലസ്ഥാനത്ത് മലയാളികൾ ഉൾപ്പടെയുള്ള മാധ്യമ പ്രവർത്തകർ ഉണ്ട്. പക്ഷെ അവർക്ക് കുക്കി പ്രദേശങ്ങളിലേക്കോ ഗ്രാമങ്ങളിലേക്കോ പോകാൻ അനുമതിയില്ല.ഇന്റർനെറ്റ് ഇല്ല. പക്ഷേ ജനത്തിന് എല്ലാ വിവരങ്ങളും അറിയാം. മെയ് 4നാണ് ആ വീഡിയോയിലെ സംഭവം ഉണ്ടായത്. പുറംലോകം അറിയാൻ വൈകി. ഏതോ മെയ്തി യുവാവ് തന്നെയാണ് സഹിക്കാൻ ആകാതെ വീഡിയോ പുറത്തുവിട്ടതെന്ന് തോന്നുന്നു. ആ സ്ത്രീകൾക്ക് നീതി ലഭിക്കുന്നില്ല. ലോകത്തിനു മുന്നിൽ ഇന്ത്യ ലജ്ജിച്ചു തലതാഴ്ത്തി നിൽക്കുന്ന ഏറ്റവും അപഹാസ്യമായ അവസ്ഥയാണ്. മണിപ്പുർ ഇന്ത്യയിൽ നിന്നും അടർത്തിമാറ്റപ്പെട്ട ഒരു സംസ്ഥാനമായി മാറിയിരിക്കുന്നു.
വംശഹത്യ മാത്രമാണോ മണിപ്പൂരിൽ നടക്കുന്നത് ?
ക്രിസ്ത്യൻ വിരോധം നന്നായിട്ടുണ്ട്. അതിനു സംഘപരിവാർ തന്നെയാണ് കാരണം. ബി ജെ പി സർക്കാർ അതിനു സഹായവും ചെയ്യുന്നു. മുന്നൂറിലേറെ ക്രിസ്ത്യൻ പള്ളികൾ കത്തിച്ചുകളഞ്ഞു. ഞങ്ങൾ ഒരു ക്രിസ്‌ത്യൻ പുരോഹിതനെ കണ്ടിരുന്നു. ഞങ്ങൾ ഇന്ത്യക്കാരല്ലേ എന്നാണ് അദ്ദേഹം നെഞ്ചുപൊട്ടി ചോദിക്കുന്നത്.
കുക്കികൾ ധാരാളമായി ജീവിക്കുന്ന മലയോര പ്രദേശങ്ങൾ സ്വന്തമാക്കാൻ ഒരു വിഭാഗം ശ്രമം നടത്തുന്നുണ്ട്. അവർ ആസൂത്രിതമായി ഈ കലാപം അഴിച്ചുവിടുന്നതാണ്. കുക്കികളെ അവിടെനിന്നും ഓടിക്കണം. മലമുകളിൽ റിസോർട്ടുകൾ സ്ഥാപിക്കണം, ഖനികൾ നിർമിക്കണം. പ്രധാനമന്ത്രിക്ക് ഏറ്റവും അടുപ്പമുള്ള അദാനി എന്ന കുത്തകമുതലാളിക്കും നോട്ടം അതുതന്നെയാണ്. മുഖ്യമന്ത്രിക്കുൾപ്പടെ കാട്ടിനുള്ളിൽ പോപ്പി കൃഷി ഉണ്ടെന്ന് പറയപ്പെടുന്നു. കൃഷിക്ക് പണം ഇറക്കുന്നത് മെയ്തികളാണ്. എന്നാൽ ഇപ്പോഴത്തെ നിയമപ്രകാരം മെയ്തികൾക്കവിടെ ഭൂമി സ്വന്തമാക്കാനാവില്ല. അങ്ങനെയാണ് മെയ്തികളെകൂടി ആദിവാസികളായി പ്രഖ്യാപിക്കാനും അങ്ങനെ കാടുകളിൽ അവർക്കു കൂടി അവകാശം സ്ഥാപിക്കാനും ഒരുവിഭാഗം ശ്രമിച്ചതും കുക്കികൾ ഈ നീക്കത്തെ തടഞ്ഞതും. അതിനാൽ വെറും വംശവെറി എന്ന് ഈ സംഘർഷത്തെ വിളിക്കാനാവില്ല.
എന്നാൽ കഴിഞ്ഞ കുറേക്കാലമായി സംഘപരിവാർ നടത്തിവരുന്ന വിദ്വേഷപ്രചരണമാണ് കേട്ടുകേൾവിയില്ലാത്തവിധം ക്രൂരമായ അക്രമങ്ങൾക്കിടയാക്കുന്നത്. പരസ്പരം നരികളെപ്പോലെ കടിച്ചുകീറുന്ന ഒരു ജനതയെയാണ് അവിടെ കാണാൻ കഴിഞ്ഞത്. കോർപറേറ്റ് -ബിജെപി സംഘപരിവാർ സഖ്യത്തിന്റെ വിദ്വേഷരാഷ്ട്രീയത്തിന്റെ പരിണിതഫലമായി വേണം മണിപ്പൂരിന്റെ അവസ്ഥയെ വിലയിരുത്താൻ. ♦