Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിഏകീകൃത സിവിൽകോഡും കോൺഗ്രസ്സുകാരുടെ 
അവസരവാദവും

ഏകീകൃത സിവിൽകോഡും കോൺഗ്രസ്സുകാരുടെ 
അവസരവാദവും

കെ ടി കുഞ്ഞിക്കണ്ണൻ

തീവ്ര ഹിന്ദുത്വ അജൻഡയിൽ നിന്നുകൊണ്ടാണ് മോഡി സർക്കാർ ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കം നടത്തുന്നത്. ആ തിരിച്ചറിവിൽ നിന്നാണ് സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾ ഏകീകൃത സിവിൽകോഡിനെതിരായി ശക്തമായ നിലപാട് സ്വീകരിച്ചത്. എന്നാൽ ചില കോൺഗ്രസ് നേതാക്കളും നവനാസ്തികരും സംഘികളും അവരുടെ മറുപുറം കളിക്കുന്ന മൗദൂദിസ്റ്റുകളും ഏകീകൃത സിവിൽകോഡിനെ എതിർക്കാൻ സിപിഐ എമ്മിന് ധാർമ്മികമായി അവകാശമില്ലെന്ന പ്രചാരണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

കോൺഗ്രസുകാരുടെ പ്രശ്‌നം അവരുടെ ദേശീയനേതൃത്വത്തിന് ഏകീകൃത സിവിൽകോഡ് വിഷയത്തിൽ ഒരു ഏകീകൃത നിലപാട് എടുക്കാൻ കഴിയുന്നില്ല എന്നതാണ്. മാത്രമല്ല ഹിമാചൽ മന്ത്രിസഭയിലെ അംഗമായ കോൺഗ്രസ് നേതാവ് വിക്രമാദിത്യസിംഗിനെപ്പോലുള്ള പലരും ബി.ജെ.പിയുടെ ഏകീകൃത സിവിൽകോഡിനെ സ്വാഗതം ചെയ്ത് പ്രസ്താവന ഇറക്കിയിട്ടുമുണ്ട്. രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യഘടനയെ തകർക്കുന്ന ആർ.എസ്.എസ് അജൻഡക്കെതിരായി രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകൾ സ്വീകരിക്കാൻ പലപ്പോഴും കോൺഗ്രസ് മടിച്ചുനിൽക്കുന്നതാണ് കഴിഞ്ഞ 9 വർഷമായി നാം കണ്ടുകൊണ്ടിരിക്കുന്നത്.

എൻ.ഐ.എ, യു.എ.പി.എ നിയമഭേദഗതികൾ, മുത്തലാഖ് നിരോധന നിയമം, 370–ാം വകുപ്പ് എടുത്തുകളയൽ എന്നീ പ്രശ്‌നങ്ങളിലെല്ലാം പ്രതിപക്ഷപാർട്ടികളെ യോജിപ്പിച്ച് രാജ്യസഭയിൽ നിയമഭേദഗതികളെ പരാജയപ്പെടുത്താനുള്ള ഒരു മുൻകൈയും കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. 370-–ാം വകുപ്പ് എടുത്തുകളയുന്ന നീക്കത്തോട് തത്വത്തിൽ തങ്ങൾക്ക് എതിർപ്പില്ലെന്നാണല്ലോ രാജ്യസഭയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവുതന്നെ വ്യക്തമാക്കിയത്. അതായത് 370-–ാം വകുപ്പ് റദ്ദാക്കുന്നതിനോട് വിയോജിപ്പില്ലായെന്നും അത് പാർലമെന്റിൽ അവതരിപ്പിച്ച രീതിയോടുമാത്രമാണ് തങ്ങൾക്കെതിർപ്പെന്നുമാണല്ലോ കോൺഗ്രസ് പറഞ്ഞത്.

370-–ാം വകുപ്പ് റദ്ദ് ചെയ്യുന്ന പ്രമേയം വോട്ടിനിടണമെന്ന് ആവശ്യം ഇടതുപക്ഷം ഉയർത്തിയപ്പോൾ കോൺഗ്രസ് അതിനെ അനുകൂലിക്കാൻ തയ്യാറായില്ല. രാഷ്ട്രപതിയുടെ വിജ്ഞാപനം അംഗീകരിക്കണമെന്ന പ്രമേയം വോട്ടെടുപ്പില്ലാതെ പാസ്സാക്കണമെന്ന അഭിപ്രായമായിരുന്നല്ലോ കോൺഗ്രസിനും. ആ ഒരു സാഹചര്യത്തിലാണല്ലോ രാജ്യസഭാധ്യക്ഷ സ്ഥാനത്തേക്കു വോട്ടെടുപ്പിനുള്ള ഇടതുപക്ഷ ആവശ്യം പരിഗണിക്കാൻ വിസമ്മതിച്ചത്.

ഏകീകൃത സിവിൽകോഡിന്റെ കാര്യത്തിലും കോൺഗ്രസ് നേതൃത്വം ഒളിച്ചോടുകയാണെന്നാണ് ഇതുവരെയുള്ള സംഭവഗതികൾ കാണിക്കുന്നത്. നേരത്തെ രാജ്യസഭയിൽ സ്വകാര്യബില്ലായി ഏകീകൃതസിവിൽകോഡ് വന്നപ്പോഴും ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് മാത്രമാണ് രാജ്യസഭയിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങളുടെ ഭാഗത്തുനിന്ന് ഔപചാരികമായ പ്രതികരണമുണ്ടായത്. എന്നുമാത്രമല്ല ഏകീകൃത സിവിൽകോഡിന്റെ കാര്യത്തിൽ പാർലമെന്റിൽ കോൺഗ്രസ് അംഗങ്ങൾ കാണിക്കുന്ന ഉദാസീനമായ നിലപാടിനെ മുസ്ലീംലീഗ് എം.പി പി.വി.അബ്ദുൾ വഹാബ് പരസ്യമായിത്തന്നെ വിമർശിച്ചിരുന്നുവല്ലോ. തങ്ങളുടെ നിലപാടില്ലായ്മയും അവസരവാദ സമീപനവും മറച്ചുവെക്കാനാണ് ഏകീകൃത സിവിൽകോഡ് വിഷയത്തിൽ സിപിഐ എമ്മിനെതിരായി കോൺഗ്രസ് നേതൃത്വവും അവരോട് രാഷ്ട്രീയ ബാന്ധവം പങ്കിടുന്ന മൗദൂദിസ്റ്റുകളും ആക്ഷേപങ്ങൾ അഴിച്ചുവിടുന്നത്.

ഇ.എം.എസ് ശരിഅത്ത് വിവാദത്തിന്റെ കാലത്ത് ഏകീകൃത സിവിൽകോഡിനുവേണ്ടി ആവശ്യപ്പെട്ടിരുന്നു എന്നൊക്കെയുള്ള വസ്തുതാടിസ്ഥാനമില്ലാത്ത നുണകൾ തള്ളുകയാണ് മൗദൂദിസ്റ്റ് ഗ്രൂപ്പുകളും അവരുടെ സ്വാധീനത്തിൽപ്പെട്ടവരും. എന്നാൽ എന്താണ് വസ്തുത? ഇ.എം.എസോ സി.പി.ഐ.എമ്മോ ഒരിക്കലും ഏകീകൃത സിവിൽകോഡ് ഇന്ത്യയുടെ സാഹചര്യത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. 1985 ജൂലെെ 12-ന്റെ ദേശാഭിമാനിയിൽ ഇക്കാര്യത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിക്കൊണ്ട് ഇ.എം.എസ് എഴുതുകയും ചെയ്തു.

ഭൂരിപക്ഷ ഹൈന്ദവതയിൽ ഇന്ത്യയുടെ ബഹുസ്വരതയെയും സാംസ്‌കാരിക വൈവിധ്യങ്ങളെയും വിലയിപ്പിച്ചെടുക്കാനുള്ള സംഘപരിവാർ അജൻഡയിൽ നിന്നുള്ള ഏക സിവിൽകോഡ് വാദത്തെ 1956 മുതൽ കമ്യൂണിസ്റ്റ് പാർട്ടി ശക്തമായിതന്നെ എതിർത്തുപോന്നിട്ടുണ്ട്. മാത്രമല്ല സാമൂഹ്യസാംസ്‌കാരിക വിഭാഗങ്ങളുടെ എതിർപ്പിനെ അടിച്ചമർത്തിക്കൊണ്ട് വ്യക്തിനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ പാടില്ലായെന്നതാണ് സിപിഐ എമ്മിന്റെ പ്രഖ്യാപിത നിലപാട്. വിവിധ സമൂഹങ്ങളിലെ വ്യക്തിനിയമങ്ങളിൽ നിലനിൽക്കുന്ന ലിംഗപരമായ വിവേചനങ്ങൾ പരിഹരിക്കാനാവശ്യമായ പരിഷ്‌കാരങ്ങൾക്ക് അതാത് സമൂഹങ്ങളിൽ നിന്നുതന്നെ ഉണർവ്വുകളുണ്ടാവുകയാണ് വേണ്ടത്. അതിനവരെ സജ്ജരാക്കുകയാണ് വേണ്ടത്. അല്ലാതെ എക്‌സിക്യുട്ടീവ് ഉത്തരവിലൂടെ സിവിൽകോഡ് അടിച്ചേൽപ്പിക്കുന്ന നിലപാടുകളോട് ജനാധിപത്യശക്തികൾക്ക് ഒരിക്കലും യോജിക്കാനാവില്ല.

ഇന്ത്യ എന്നത് ജവഹർലാൽ നെഹ്‌റു നിർവചിച്ചതുപോലെ നാനാത്വത്തിലെ ഏകത്വമാണ്. ആറോളം നരവംശവിഭാഗങ്ങളും 55 ഗോത്രവിഭാഗങ്ങളും ആറ് മതങ്ങളും ആയിരക്കണക്കിന് ജാതികളും ഉപജാതികളും നിലനിൽക്കുന്ന സമൂഹമാണ് ഇന്ത്യയുടേത്. മുസ്ലീം, ക്രിസ്ത്യൻ മതങ്ങളെയൊഴിച്ച് ബുദ്ധ, ജൈന, സിഖ് മതങ്ങളെ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഹിന്ദുമതത്തിന്റെ ഭാഗമായിട്ടാണ് വ്യവസ്ഥചെയ്തിരിക്കുന്നത്. ഇന്ത്യയിലിപ്പോൾ 7 വ്യക്തിനിയമങ്ങളാണ് നിലവിലുള്ളത്. 1. ഹിന്ദു വ്യക്തിനിയമം, 2. ഹിന്ദു, ബുദ്ധ, ജൈന, സിഖ് വിഭാഗങ്ങളുടെ നാട്ടാചാര നിയമങ്ങൾ, 3. ഹിന്ദുക്കളുടെ ഗോത്രനിയമങ്ങൾ, 4. ക്രിസ്ത്യൻ വ്യക്തിനിയമം, 5. പാർസി വ്യക്തിനിയമം, 6. ജൂത വ്യക്തിനിയമം, 7. മുസ്ലീം വ്യക്തിനിയമം എന്നിവയാണ്. ഇവയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, രക്ഷാകർതൃത്വം, ദത്തെടുക്കൽ, ഒസ്യത്ത് എന്നിവ നിർണയിക്കപ്പെടുന്നത്.

ഹിന്ദുവ്യക്തിനിയമത്തിന് പുറത്ത് ഹിന്ദുക്കൾക്ക് ബാധകമായ നാലോളം വ്യക്തിനിയമങ്ങൾ വേറെയുമുണ്ട്. 1. 1955 ലെ ഹിന്ദു വിവാഹ നിയമം, 2. 1956 ഹിന്ദു പിന്തുടർച്ചാ നിയമം, 3. 1955 ലെ ഹിന്ദു ദത്തെടുക്കൽ നിയമം, പരിപാലന നിയമം, 4. 1956 ലെ ഹിന്ദു രക്ഷാകർതൃത്വ നിയമം. യഥാർത്ഥത്തിൽ ഈ യാഥാർത്ഥ്യങ്ങളെയെല്ലാം അജ്ഞതയിൽ നിർത്തിക്കൊണ്ടാണ് ഹിന്ദുത്വവാദികൾ ഏകീകൃത സിവിൽകോഡിനുവേണ്ടിയുള്ള വിചിത്രവാദങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370–-ാം വകുപ്പ് എടുത്തുകളഞ്ഞതുപോലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള 371-–ാം വകുപ്പും എടുത്തുകളയാനുള്ള ആസൂത്രിത നീക്കങ്ങളിലാണ് കേന്ദ്രസർക്കാർ. അതിനായുള്ള ബാൾക്കണൈസേഷൻ നീക്കങ്ങളാണ് മണിപ്പൂരിൽ ഹിന്ദുത്വവാദികൾ ആരംഭിച്ചിരിക്കുന്ന വംശീയ കലാപങ്ങളെന്നും തിരിച്ചറിയേണ്ടതുണ്ട്. ഭരണഘടന നൽകുന്ന സംവരണാവകാശങ്ങളെയും മതഭാഷാ ന്യൂനപക്ഷാവകാശങ്ങളെയും പട്ടികപ്രദേശങ്ങളെയും പ്രത്യേകപദവി പ്രദേശങ്ങളെയും കുടിയേറ്റവിഭാഗങ്ങളുടെ സംരക്ഷണത്തെയും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.

ഹൈന്ദവദേശീയതയുടെയും ബഹുസ്വരതയെ നിഷേധിക്കുന്ന ഏകനിയമ സിദ്ധാന്തങ്ങളുടെയും പ്രയോഗവൽക്കരണമാണ് ആർ.എസ്.എസ് തങ്ങളുടെ കേന്ദ്രസർക്കാരിനെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങളിൽ ഒന്നുമാത്രമാണ് അനുച്ഛേദം 144. ഭരണഘടനയിൽ 136 മുതൽ 151 വരെയുള്ള 16 വകുപ്പുകൾ നിർദ്ദേശകതത്വങ്ങളായി മുന്നോട്ടുവെച്ചിട്ടുണ്ട്. രാഷ്ട്രത്തിന്റെ സാമ്പത്തികവും സാമൂഹികവും നിയമപരവും വിദ്യാഭ്യാസപരവും സാർവ്വദേശീയവുമായ പ്രശ്‌നങ്ങളെ സമാശ്ലേഷിച്ചുകൊണ്ടുള്ള നിരവധി വിഷയങ്ങളെ ഉൾക്കൊള്ളുന്നതാണ് ഈ നിർദ്ദേശകതത്വങ്ങൾ.

14 വയസ്സിനു താഴെയുള്ള എല്ലാവരെയും സ്‌കൂളുകളിലെത്തിക്കാനും സ്ത്രീ–പുരുഷ വ്യത്യാസമില്ലാതെ തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കാനും പൊതുനന്മയ്ക്കായി ജനസഞ്ചയത്തിന്റെ ഭൗതികവിഭവങ്ങൾ ശരിയായി വിതരണം ചെയ്യാനും എല്ലാ പൗരർക്കും ആവശ്യമായ ഉപജീവനമാർഗങ്ങൾ ലഭ്യമാക്കാനും നിർദ്ദേശകതത്വങ്ങൾ വ്യവസ്ഥചെയ്യുന്നു. പൊതുദ്രോഹത്തിന് ഇടയാക്കുന്ന രീതിയിൽ സ്വത്ത് വ്യക്തികളിൽ കേന്ദ്രീകരിക്കുന്നത് തടയണമെന്ന് നിർദ്ദേശകതത്വങ്ങളിൽ വ്യവസ്ഥയുണ്ട്. സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും നിർദ്ദേശകതത്വങ്ങളിലെ ഇക്കാര്യങ്ങളൊന്നും നടപ്പിലാക്കാൻ ഒരു നീക്കവും നടത്താത്തവരാണ് ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള ഭരണഘടനാ ബാധ്യതയെക്കുറിച്ച് വാചകമടിക്കുന്നത്. രാജ്യത്ത് ഒരു മിനിമം കൂലി വ്യവസ്ഥപോലും ഇല്ല എന്നതാണ് യാഥാർത്ഥ്യം.

മോഡി ഭരണത്തിനുകീഴിൽ ലോകത്തിലെ ഏറ്റവും നിരക്ഷരരും ദരിദ്രരുമുള്ള രാജ്യമായി മാറുകയാണ് ഇന്ത്യ. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാകുന്നതും ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങൾ അനുശാസിക്കുന്ന രീതിയിൽ ജനങ്ങൾക്ക് ജീവനോപാധികൾ ഉറപ്പുവരുത്താനും അവശ്യസാധനങ്ങൾ എത്തിക്കാനും ഒരു നടപടിയും സ്വീകരിക്കാത്തവരാണ് ഏകസിവിൽകോഡിനെക്കുറിച്ച് പർവ്വതപ്രസംഗം നടത്തുന്നത്. സ്ത്രീ പുരുഷ വിവേചനങ്ങൾ അവസാനിപ്പിക്കുകയെന്നത് ആർ.എസ്.എസിന്റെ രാഷ്ട്രീയ അജൻഡയല്ലെന്നും കൃത്യമായ വർഗീയധ്രുവീകരണം ലക്ഷ്യമിട്ടാണ് അവർ ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കം നടത്തുന്നതെന്നും തിരിച്ചറിയേണ്ടതുണ്ട്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + seven =

Most Popular