ഗാന്ധി സമാധാന സമ്മാനം ഏർപ്പെടുത്തപ്പെട്ടത് 1995ൽ ആയിരുന്നു. മഹാത്മാഗാന്ധിയുടെ 125–ാം ജന്മവാർഷികമായിരുന്നു അക്കൊല്ലം. ഈ വർഷം അത് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലുള്ള ഗീതാ പ്രസ്സിനാണ് നൽകിയിരിക്കുന്നത്. അതിനാൽത്തന്നെ ഗാന്ധി സമാധാന സമ്മാനത്തെയും ഗീതാ പ്രസ്സിനെയുംക്കുറിച്ച് ചില പശ്ചാത്തല വിവരങ്ങൾ വായനക്കാർക്കു ആദ്യം നൽകേണ്ടതുണ്ട്. അതുകൂടി ആകുമ്പോഴേ പ്രധാനമന്ത്രി അധ്യക്ഷനും ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്, ലോക്-സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയുടെ നേതാവ്, നാമനിർദേശം ചെയ്യപ്പെടുന്ന രണ്ടു പ്രമുഖർ എന്നിവർ അടങ്ങുന്ന സമിതിയുടെ തീരുമാനത്തെ മനസ്സിലാക്കാൻ കഴിയൂ. ഗാന്ധി സമാധാന സമ്മാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തായിരുന്നു എന്നും ഇതേവരെ അത് ലഭിച്ചവർ ആരെല്ലാമായിരുന്നു എന്നു അറിയുമ്പോൾ നമുക്ക് ഊഹിക്കാനാകും.
നമുക്കാദ്യം ഗാന്ധി സമാധാന സമ്മാനത്തിൽ നിന്നു തുടങ്ങാം. പ്രശസ്തിപത്രവും ഒരു കോടി രൂപയുമാണ് സമ്മാനം. നേരത്തെ പറഞ്ഞ സമിതിയാണ് അർഹരെ തിരഞ്ഞെടുക്കുന്നത്. 2006 മുതൽ 2012 വരെയുള്ള വർഷങ്ങളിൽ സമ്മാനം നൽകപ്പെട്ടിരുന്നില്ല. അത് ആദ്യം (1995ൽ) നൽകപ്പെട്ടത് ടാൻസാനിയ പ്രസിഡന്റായിരുന്ന ജൂലിയസ് നെരേരെക്കായിരുന്നു. ആ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിനു ഇന്ത്യയിൽ മഹാത്മാഗാന്ധിയെപ്പോലെ അഹിംസാ, മാർഗത്തിലൂടെ ജനങ്ങളെ അണിനിരത്തിയ നേതാവായ നെരേരെ- ആ രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു; ലോകമാകെ അംഗീകരിക്കപ്പെട്ട നേതാവ്; നെൽസൺ മണ്ടേല, ജോൺ ഹ്യൂം, ഡെസ്‌മണ്ട്ടുട്ടു എന്നിവരെപ്പോലെ വിവിധ രാജ്യങ്ങളുടെ വിമോചനപ്രസ്ഥാനങ്ങൾക്കും സമാധാനത്തിനും ജനങ്ങൾ തമ്മിലുള്ള ഐക്യത്തിനും വേണ്ടി, അങ്ങേയറ്റത്തെ ത്യാഗങ്ങൾ ചെയ്ത് ജനങ്ങളെ അണിനിരത്തി പോരാടിയ പലരും സമ്മാനിതരുടെകൂട്ടത്തിലുണ്ട്. ബാബാ ആംതെ, ചണ്ഡീപ്രസാദ് ദത്ത് തുടങ്ങി ഇന്ത്യയിൽ വ്യത്യസ്ത രീതികളിൽ ജനങ്ങളുടെ ചിന്തയിലും പ്രവർത്തനത്തിലും മാറ്റം വരുത്തുന്നതിനും അവരെ മോചിപ്പിക്കുന്നതിനും നേതൃത്വം നൽകിയ മഹാന്മാരുമുണ്ട്; രാമകൃഷ്ണ മിഷൻ, ഭാരതീയ വിദ്യാഭവൻ, ഐഎസ്ആർഒ, വിവേകാനന്ദകേന്ദ്രം, അക്ഷയപത്ര ഫൗണ്ടേഷൻ, സുലഭ് ഇന്റർനാഷണൽ എന്നിങ്ങനെ വിവിധ മേഖലകളിൽ സമാധാനത്തിനും സമൂഹ പുരോഗതിക്കുമായി വ്യത്യസ്തരീതികളിൽ കീർത്തിമുദ്ര പതിപ്പിച്ച സ്ഥാപനങ്ങളുണ്ട്. ചുരുക്കത്തിൽ, ഗാന്ധി സമാധാന സമ്മാനം നൽകപ്പെടാറുള്ളത് വ്യത്യസ്ത രീതികളിൽ മാനവരാശിക്ക് തങ്ങളുടേതായ അനശ്വര സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങൾക്കും സ്ഥാപനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും ആയിരുന്നു.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സമാധാന സമ്മാനം നൽകപ്പെടുമ്പോൾ അത് പ്രത്യേകം ശ്രദ്ധിക്കപ്പെടും. കാരണം മഹാത്മാഗാന്ധിക്കെതിരായി നിരന്തരം പ്രചാരണം നടത്തുക മാത്രമല്ല, ആശയപരമായും കായികമായും അദ്ദേഹത്തെ കടന്നാക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ഒരു പ്രസ്ഥാനത്തെയും സംഘടനയെയും അനുകൂലിക്കുന്നവരും പിന്തുടരുന്നവരുമായവർ നയിക്കുന്ന സർക്കാർ ആകുമ്പോൾ, അവർ ഈ സമ്മാനത്തെ എങ്ങനെ കെെകാര്യം ചെയ്യുന്നു എന്നു പ്രത്യേകം ശ്രദ്ധിക്കപ്പെടും.
ഈ വർഷം 2023ൽ, 2021ലെ ഗാന്ധി സമാധാന സമ്മാനം ഉത്തർപ്രദേശിലെ ഗോരഖ്പുരിലുള്ള ഗീതാപ്രസ്സിനാണ് നൽകിയിരിക്കുന്നത്. പക്ഷേ, ഇതേവരെ ഗാന്ധി സമാധാന സമ്മാനം നൽകപ്പെട്ട സ്ഥാപനങ്ങളിൽനിന്നും പ്രസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമാണത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന, സമിതിയാണ് ഗീതാപ്രസ്സിനു ഗാന്ധി സമാധാന സമ്മാനം നൽകാൻ തീരുമാനിച്ചത്. സാങ്കേതികമായി അതിൽ തർക്കമൊന്നുമില്ല. പക്ഷേ, രാഷ്ട്രപിതാവിന്റെ സ്-മരണ, അതിലേറെ അദ്ദേഹത്തിന്റെ മുഖ്യ ജീവിതലക്ഷ്യത്തിന്റെ തന്നെ സ്-മരണ നിലനിർത്താൻ ഏർപ്പെടുത്തപ്പെട്ട സമ്മാനം നൽകപ്പെടുമ്പോൾ അതിനു അർഹതയുള്ള വ്യക്തിയെയോ സ്ഥാപനത്തെയോ കണ്ടെത്തി നൽകാൻ ആ സമിതിക്കും അതിനു നേതൃത്വം നൽകുന്നവർക്കും ഉത്തരവാദിത്തമുണ്ട്. എന്നാൽ അത് നിറവേറ്റപ്പെട്ടില്ല.
സംഘപരിവാറിന്റെ പ്രചാരകരായ ഗീതാപ്രസ് രാജ്യത്തെ ഹിന്ദുത്വ ആശയം ഊട്ടിയുറപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. അതായിരുന്നു അവരുടെ പ്രവർത്തനലക്ഷ്യവും. ഗീതാപ്രസ്സിന്റെ ഉടമസ്ഥരായ ഹനുമാൻ പ്രസാദ് പൊദ്ദാറും ജയ്ജയാൽ ഗോയങ്കയും ഗാന്ധിവധത്തിൽ പങ്കുള്ളതിന്റെ പേരിൽ അറസ്റ്റു ചെയ്യപ്പെട്ടവരാണ്. സനാതന ധർമം എന്ന പേരിൽ വിഭാഗീയ ആശയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്ന ഗീതാപ്രസിന്റെ പ്രസിദ്ധീകരണങ്ങൾ ഗോഡ്സെയെ ഹിന്ദുമഹാസഭാക്കാരനാക്കിയതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. യഥാർഥത്തിൽ ആർഎസ്-എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്ര പ്രചാരണത്തിന് സാംസ്കാരികമായ അടിത്തറയിടുകയാണ്, 1923ൽ രൂപീകരിക്കപ്പെട്ട കാലംമുതൽ മുതൽ ഗീതപ്രസ് ചെയ്തുപോന്നത്. ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ അതേക്കുറിച്ച് സമ്പൂർണ മൗനം പാലിച്ച ഗീതാ പ്രസിന് ഗാന്ധിജിയുടെതന്നെ പേരിലുള്ള സമാധാന സമ്മാനം നൽകുന്നത് ഗാന്ധിജിയെ അവഹേളിക്കലാണ്.
ഒരു മതത്തിലും അതിന്റെ ഗ്രന്ഥങ്ങളിലും മാത്രമായി ഒതുങ്ങിനിന്നയാളല്ല ഗാന്ധി. അദ്ദേഹം നയിച്ച വെെകുന്നേരങ്ങളിലെ പ്രാർഥനയിൽ ആവർത്തിച്ചു കേട്ടിരുന്ന വരികൾ ‘‘രഘുപതി രാഘവ രാജാറാം’’ എന്നാരംഭിച്ച് ‘‘ഈശ്വര അള്ളാ തേരേ നാം’’ എന്ന വരികളും കഴിഞ്ഞാണല്ലൊ അവസാനിച്ചത്. ഒരു മതത്തിന്റെ ദെെവാരാധനയിൽ മാത്രമായി ഗാന്ധിജി ഒതുങ്ങി നിന്നില്ല. അതായിരുന്നു അദ്ദേഹത്തിന്റെ മതവിശ്വാസത്തിന്റെ, ഭക്തിയുടെ തനിമ. മതനിരപേക്ഷമായിരുന്നു അദ്ദേഹത്തിന്റെ ഈശ്വര വിശ്വാസം. അതിൽ ഉറച്ചുനിന്നുകൊണ്ട് അയിത്തം മുതൽ ഹിന്ദുക്കൾ പരമ്പരാഗതമായി ആചരിച്ചിരുന്നതും വിശ്വസിച്ചിരുന്നതുമായ പലതിനെയും അദ്ദേഹം എതിർത്തു. തിരുത്തി പ്രചരിപ്പിച്ചു. മതനിരപേക്ഷമായിരുന്നു അദ്ദേഹം വിഭാവനം ചെയ്ത രാമാരാജ്യം. മുസ്ലീങ്ങൾക്കുമാത്രമായി പാകിസ്താൻ രൂപീകരിക്കപ്പെട്ടപ്പോൾ അവിടെ പോകാൻ താൽപ്പര്യമില്ലാത്ത എല്ലാ ഇന്ത്യക്കാർക്കും താൻ അടങ്ങുന്ന ഇന്ത്യയിൽ സ്ഥാനമുണ്ടായിരിക്കും, ഉണ്ടാകണം എന്നു ഗാന്ധിജി നിഷ്കർഷിച്ചു. അതിന്റെ പേരിലാണല്ലൊ അതിനെ എതിർത്തിരുന്ന സംഘടനക്കും പ്രസ്ഥാനത്തിനുംവേണ്ടി ഗോദ്-സെ ഗാന്ധിജിയെ ജനസമക്ഷം വെടിവച്ചുകൊന്നത്.
ഗാന്ധി സമാധാന സമ്മാനം ഗീതാപ്രസ്സിനു നൽകിയതിനെ ഗാന്ധിജിയെ ആദരിക്കുന്നവർക്കു മാത്രമല്ല, മതനിരപേക്ഷമായി ഇന്ത്യ നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്നവർക്കും ഉൾക്കൊള്ളാനാവില്ല. സമ്മാനം നൽകിയവർ എന്തൊക്കെ വാദം ഉന്നയിച്ചാലും. തീൻമൂർത്തി ഭവനെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലെെബ്രറി എന്നു വിളിച്ചിരുന്നതിനെ പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലെെബ്രറി എന്നാക്കി മാറ്റിയതുപോലെയാണത്. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടന്റെ ദാസരായിരുന്നവരുടെ പിൻഗാമികൾ ആ സമരത്തിന്റെ എല്ലാ സൂചനകളും തുടച്ചുമാറ്റിവരുന്നതിന്റെ ഭാഗമായി മാത്രമേ ഗാന്ധി സമാധാന സമ്മാനം ഗീതാപ്രസ്സിനു നൽകിയതിനെയും കാണാനാവൂ. സ്വാതന്ത്ര്യസമരത്തെ എതിർത്തിരുന്നവർക്കെല്ലാമുള്ള ആഗ്രഹം അതിന്റെ ജീവിക്കുന്ന അടയാളങ്ങളെയാകെ തൂത്തുകളയാനാണ്. ആ ഒരു അഭ്യാസമാണ് ബിജെപി സർക്കാർ നടത്തുന്നത്. അവർ ഓർക്കേണ്ടത് കോടിക്കണക്കിനു ആളുകൾ പതിറ്റാണ്ടുകൾ കാലം നടത്തിയ ആ സമരത്തിന്റെ സ്-മരണ തങ്ങളുടെ പാഴ്-മുറംകൊണ്ട് ജനശ്രദ്ധയിൽനിന്നു മറക്കാനാവില്ല എന്നാണ്. ഈ മുന്നറിയിപ്പ് ഗാന്ധിജിയെ അക്കാലത്ത് മിസ്റ്റർ ഗാന്ധി എന്നു വിളിച്ചവർക്കടക്കം ബാധകമാണ്. ♦