അണ്ണാൻ ആനയോട് പറഞ്ഞപോലെ എന്നൊരു ചൊല്ലുണ്ട്; ചൊല്ലിന് ആസ്പദമായ ഒരു കഥയുമുണ്ട്. ആ കഥ അവിടെ നിൽക്കട്ടെ. എന്നാൽ ആ ചൊല്ലിനെയും കഥയെയും അനുസ്മരിപ്പിക്കുന്നതാണ് ജൂൺ 19ന്റെ മനോരമയുടെ രണ്ടാം ഒന്നാം പേജിന്റെ ടോപ് ഐറ്റം റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുള്ള ചിത്രം. തിരുവനന്തപുരം പ്രസ് ക്ലബ്ബാണ് അരങ്ങ‍്. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിച്ചശേഷം പുറത്തേക്കിറങ്ങാൻ നേരത്ത് വെള്ളം കുടിക്കാനുള്ള ഗ്ലാസിൽ തൊട്ടുനോക്കുന്നതും അദ്ദേഹം പുറത്തേക്കിറങ്ങുന്നതുമാണ് ചിത്രത്തിൽ കാണുന്നത്. ആ ചിത്രത്തിന്റെ അടിക്കുറിപ്പ് നമുക്കൊന്നു നോക്കാം. ‘‘വെള്ളം തൊടാതെ: തിരുവനന്തപുരത്ത് മുഖാമുഖം പരിപാടിക്കു ശേഷം മേശമേൽ ഇരുന്ന വെള്ളം കുടിക്കാൻ കെെനീട്ടുകയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പെട്ടെന്നാണ് ക്യാമറകൾ ക്ലിക്കു ചെയ്യുന്ന ശബ്ദം കേൾക്കുന്നത്. അതോടെ വെള്ളം കുടിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.’’ എങ്ങനുണ്ട്? മ്മളെ ഒരു ക്ലിക്കുകൊണ്ട് സിപിഐ എം സംസ്ഥാന സെക്രട്ടറിയെ വെള്ളംപോലും കുടിക്കാൻ അനുവദിക്കാതെ ഓടിച്ചുവിട്ടു എന്ന് മനോരമേടെ അവകാശം നമ്പർ ഒന്ന്. മറ്റൊരുവശം മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത സിപിഐ എം സെക്രട്ടറിയെ ഞങ്ങള്, മാപ്രകള്, വെള്ളം കുടിപ്പിച്ചു എന്നുമുണ്ട്. അതാണ് നേരത്തെ അണ്ണാൻ ആനയോട് പറഞ്ഞതുപോലെ എന്ന് സൂചിപ്പിച്ചത്. അണ്ണാന് അതോണ്ട് പൊടിക്കൊരു സുഖം കിട്ടുമെങ്കില് ആയിക്കോട്ടേന്ന്.
എന്നാൽ ചിത്രത്തിലെ അടിക്കുറിപ്പ് തന്നെ വ്യാജനാണെന്നു വന്നാലോ? മനോരമതന്നെ അടിമുടി വ്യാജനാകുമ്പോൾ എങ്ങനാ, അടിക്കുറിപ്പ് വ്യാജനല്ലാതാകുക? എന്താ സംഭവിച്ചതെന്നു നോക്കാം. പ്രസ് ക്ലബ്ബുകാർ പതിവുപോലെ മുഖാമുഖം പരിപാടിക്ക് എത്തിയ ഗോവിന്ദൻമാഷിനും കുടിക്കാൻ വെള്ളം ഗ്ലാസ്സിൽവച്ചിരുന്നു. സാധാരണ തണുത്ത വെള്ളം കുടിക്കാറില്ലാത്ത അദ്ദേഹം ഗ്ലാസിൽ തൊട്ടു നോക്കി, തണുത്തതാണോ ചെറുചൂടുള്ളതാണോന്നറിയാൻ. തണുത്തതാണെന്ന് കണ്ട് അത് കുടിക്കാതെ അവിടെ തന്നെ വെച്ചൂന്നാണ് അറിയുന്നത്. മാത്രമല്ല, ഡയസിൽ ഉണ്ടായിരുന്ന പ്രസ് ക്ലബ് ഭാരവാഹി ചൂടുള്ള വെള്ളം വേണമോയെന്നു ചോദിച്ചതായും കേൾക്കുന്നു. മാത്രമല്ല, മനോരമയെ പേടിച്ച് വെള്ളം കുടിക്കാതെ ഓടുകയല്ല, മുഖാമുഖം അവസാനിച്ചശേഷം പിന്നീടും അൽപ്പനേരം അവിടെനിന്ന് മാപ്രകളോടെല്ലാം ലോഹ്യം പറഞ്ഞിട്ടുമാണ് മടങ്ങയത് എന്നും സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞറിയുന്നു.
ഇനി എന്താണ് ങ്ങനെ ഗോവിന്ദൻ മാഷിനെ വെള്ളം കുടിപ്പിച്ചതെന്ന് കൂടി നോക്കാം. അത് മനോരമേടെ തലവാചകത്തിൽതന്നെയുണ്ട്– ‘‘ഗോവിന്ദനെ തള്ളി ക്രൈംബ്രാഞ്ച്. കെ സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചത് പോക്-സോ കേസിലെന്ന് എം വി ഗോവിന്ദൻ. സുധാകരന്റെ പേര് ഒരിക്കൽപോലും ഉയർന്നു വന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്.’’ അപ്പോ പ്രശ്നം സുധാകരന്റെ പോക്-സോ കേസാണ്. ഇതിലും മനോരമ സ്വതസിദ്ധമായി തന്നെ നുണ ഒളിപ്പിച്ചുവച്ചിരിക്കുകയാണ്. എന്താ അത്?
ഗോവിന്ദൻ മാഷ് പറഞ്ഞത്, മാവുങ്കലിനെ ആജീവനാന്തം ജയിൽവാസത്തിനു ശിക്ഷിക്കുന്നതിന് നിദാനമായ പോക്-സോ കേസ് നടക്കുന്ന വേളയിൽ സംഭവസ്ഥലത്ത് സുധാകരൻ ഉണ്ടായിരുന്നതായി ചില മാധ്യമങ്ങളിൽ കാണുന്നുണ്ടല്ലോയെന്നാണ്. എന്നാൽ അതിനെ ഗോവിന്ദൻ മാഷ് പറഞ്ഞതായും ക്രൈംബ്രാഞ്ച് നിഷേധിച്ചതായും വാർത്ത ചമയ്ക്കുന്നത് നുണയല്ലെങ്കിൽ പിന്നെന്താണ്? ഇനി ക്രൈംബ്രാഞ്ചിനെ ഉദ്ധരിച്ച് വാർത്ത നൽകിയത് മനോരമാദികൾ പറയണപോലെ ‘‘പാർട്ടി പത്ര’’വും ‘‘പാർട്ടി ചാനലും’’ മാത്രമാണോ? ഏതാനും മാസങ്ങൾക്കുമുൻപ് കെെംബ്രാഞ്ച് കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടർ ചാനൽ ഇതേകാര്യം റിപ്പോർട്ടുചെയ്തിരുന്നു. അപ്പോൾ മാധ്യമങ്ങളെ ഉദ്ധരിച്ച് രാഷ്ട്രീയ നേതാക്കൾ അല്ലെങ്കിൽ പൗരർ ഒരു കാര്യം പറഞ്ഞാൽ ആ പറയുന്നവർ സമാധാനം പറയണമെന്നത് എവിടത്തെ ന്യായമാണാവോ? അങ്ങനെയെങ്കിൽ അത് എല്ലാവർക്കും ബാധകമാകണ്ടേ? ഇനി അതും സെലക്ടീവ് സ്വഭാവത്തിലുള്ളതാണോ? അതവിടെ നിൽക്കട്ടെ.
ഇതേവാർത്തയും ചിത്രവധവും മനോരമയിൽ അച്ചടിച്ചുവന്ന ദിവസംതന്നെ മാതൃഭൂമി പത്രത്തിൽ വന്ന ഇതുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത കൂടി നോക്കാം– ‘‘സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ ഉന്നതരാഷ്ട്രീയക്കാർ അവിടെ വരാറുണ്ടായിരുന്നോ, ബന്ധമുണ്ടായിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി അതിജീവിത സുധാകരന്റെ പേര് പറയുന്നുണ്ട്. അവതാരകൻ ചോദിച്ചത് വ്യാജപുരാവസ്തു സംബന്ധിച്ച കേസുമായി ബന്ധപ്പെട്ടാണോ പീഡനവുമായി ബന്ധപ്പെട്ടാണോ എന്നു വ്യക്തമല്ലെന്നും ശ്രീജിത്ത് പറഞ്ഞു.’’ അപ്പോ, ആരണപ്പാ ഈ ശ്രീജിത്ത്? അത് മറ്റാരുമല്ല; മോൺസൺ മാവുങ്കലിന്റെ സ്വന്തം അഭിഭാഷകൻതന്നെ. ഇക്കാര്യം പല ചാനലുകളിലും വക്കീല് പറഞ്ഞിട്ടുമുണ്ട്. ഇത് കാണിക്കുന്നത് മോൺസണിന്റെ വക്കീലിന് സുധാകരന്റെ പേര് അതിജീവിത പറഞ്ഞുവെന്ന കാര്യത്തിൽ സംശയമേയില്ലയെന്നാണ്. പോക്-സോ കേസിൽ ശിക്ഷിക്കപ്പെട്ട കൊടുംക്രിമിനലായ ഒരാളിനു പിന്നാലെ സർ, സർ എന്നു വിളിച്ച് കോലുംകൊണ്ട് ബെെറ്റെടുക്കാൻ പായാൻ ചാനൽ പിള്ളാർക്കേ കഴിയൂ.
ഇനി മറ്റൊരു കാര്യം. മനോരമ ഈ സംഭവം അവതരിപ്പിച്ച അതേദിവസം തന്നെ, അതായത് ജൂൺ 19നുതന്നെ കെപിസിസി പ്രസിഡന്റ് സുധാകരൻ ഒരു പത്രസമ്മേളനം നടത്തി. അതിൽ പറഞ്ഞ കാര്യം മനുഷ്യത്വമോ മാനവിക മൂല്യങ്ങളോ ഉള്ള ഒരാളിനും അംഗീകരിക്കാനാവുന്നവയല്ല. എന്താ അതിയാൻ പറഞ്ഞത്? മാവുങ്കൽ തന്റെ ശത്രുവല്ല, മിത്രമാണ് എന്നല്ലേ! എന്തിനാ മാവുങ്കലിനെ ശത്രുവാക്കുന്നത‍് എന്നും കുമ്പക്കുടി സുധാകരൻ തുടർന്നു ചോദിക്കുന്നുമുണ്ട്. മാത്രമോ? മാവുങ്കൽ തനിക്കു വേണ്ട പല സഹായങ്ങളും ചെയ്തു തന്നിട്ടുമുണ്ട് എന്നും കൂടി പറഞ്ഞല്ലോ! സമൂഹമാകെ വെറുക്കുന്ന ഒരു കൊടും ക്രിമിനൽ എങ്ങനെയാണ് പ്രമുഖനായ കോൺഗ്രസ് നേതാവിന്റെ അതും മുൻമന്ത്രിയും എംപിയുമെല്ലാമായിരുന്ന കെപിസിസി പ്രസിഡന്റിന്റെ മിത്രവും സഹായിയുമെല്ലാമാകുന്നത്? എന്തു സഹായമാണ് ആ ക്രിമിനലിൽനിന്ന് ബാലപീഡകനിൽനിന്ന് കെപിസിസി അധ്യക്ഷന് ലഭിച്ചത്? ഇതൊന്നും കോൺഗ്രസുകാരാരും ചോദിക്കുമെന്നു തോന്നുന്നില്ല. എന്നാൽ സിപിഐ എമ്മിനുനേരെ കൊലവിളിയുയായി കോലും നീട്ടി നടക്കുന്ന മാപ്രകളിൽ ആരെങ്കിലുമൊരാൾ ചോദിച്ചോ? ഇല്ലല്ലോ! അങ്ങനെ ചോദിക്കണമെന്നുതന്നെയില്ല സുധാകര, കോൺഗ്രസ് സംരക്ഷണ വേഷം കെട്ടിയാടുന്ന മുഖ്യധാരക്കാർക്ക്. അവിടെയാണ് അവരുടെ അജൻഡയുടെ കമ്യൂണിസ്റ്റു വിരുദ്ധ മുഖം തെളിഞ്ഞുവരുന്നത്.
19–ാം തീയതി തന്നെ മനോരമയുടെ ഒന്നാം പേജിൽ കാണാം ഒരു കലക്കൻ ഐറ്റം. ‘‘ബികോം ‘ജയിക്കാതെ’ എസ്എഫ്ഐ നേതാവിന്റെ എംകോം പ്രവേശനം. പിൻവാതിൽ സർവത്ര. അതിന്റെ ഒരു ടിപ്പണി കൂടി നോക്കാം: ‘‘രാഷ്ട്രീയ നേതാവിന്റെ ശുപാർശയിൽ കോളേജിലെ മാനേജ്മെന്റ് ക്വാട്ട സീറ്റ്’’. ‘‘സർവത്ര’’ എന്ന് പറയണമെങ്കിൽ ചുരുങ്ങിയത് ഒന്നിലേറെ കേസെങ്കിലും ഉണ്ടായിരിക്കണമല്ലോ. ആ റിപ്പോർട്ടാകെ അരിച്ചു പെറുക്കിയിട്ടും ഒന്നല്ലാതെ മറ്റൊന്ന് ലഭിച്ചില്ല. അപ്പോൾ അതാണ് സംഗതി – പർവതീകരണം. ആരാണ് പിൻവാതിലിലൂടെ കടന്ന എസ്എ-ഫ്ഐ ‘‘നേതാവ്’’? എസ്എഫ്ഐയുടെ കായംകുളം ഏരിയാ സെക്രട്ടറിയായിരുന്നയാളാണ് പ്രതി. ഈ വാർത്ത വരുന്നതിനും ദിവസങ്ങൾക്കുമുൻപ്, ഇതുസംബന്ധിച്ച് പരാതി വിദ്യാർഥികളിൽ നിന്ന് ഉയർന്നതിനെത്തുടർന്ന് അയാളെ എസ്എഫ്ഐ ഏരിയാ സെക്രട്ടറി സ്‍ഥാനത്തുനിന്ന് നീക്കുകയും ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കുകയും ചെയ്തതായി പത്ര റിപ്പോർട്ടുണ്ടായിരുന്നു. അപ്പോൾ ഇങ്ങനെ പ്രമാദമായി ഇത് അവതരിപ്പിക്കേണ്ട കാര്യമില്ല. സ്വകാര്യ കോളേജിൽ മാനേജ്മെന്റ് ക്വാട്ടയിൽ അഡ്മിഷൻ നേടാൻ നേതാവിന്റെ ശുപാർശയെന്നെല്ലാമുള്ളത് വെറും തള്ളല്ലാതെ മറ്റൊന്നുമല്ല. ഇൗ പ്രശ്നം സൂക്ഷിച്ചു പരിശോധിച്ചാൽ മാനേജ്മെന്റിന്റെ, കോളേജ് അധികൃതരുടെ വീഴ്ചയോ അനാസ്ഥയോ ആണ് കാണാൻ കഴിയുന്നത്. അതേ കോളേജിൽ ബികോമിന് പഠിച്ച്, പാസാകാത്ത ഒരു കുട്ടി തൊട്ടടുത്ത വർഷം അവിടെ തന്നെ എംകോം പ്രവേശനത്തിനെത്തിയാൽ അയാൾ അനർഹനാണെന്ന്, അങ്ങനെ പ്രവേശനം നൽകുന്നത് നിയമവിരുദ്ധമാണെന്ന് കാണാൻ പാഴൂർപടിവരെ പോകേണ്ടല്ലോ. അപ്പോൾ മാനേജ്മെന്റും കോളേജ് അധികൃതരും ഈ നിയമവിരുദ്ധ നടപടികളിൽ പങ്കാളികളാണെന്നു പറയുന്നതിനുപകരം സിപിഐ എമ്മിനെയും എസ്എഫ്ഐയെയും കൂട്ടിക്കെട്ടാൻ ശ്രമിക്കുന്ന മാധ്യമങ്ങൾ കമ്യൂണിസ്റ്റു വിരുദ്ധ അജൻഡ പ്രകടമാക്കുകയാണിവിടെ.
എസ്എഫ്ഐയുടെ താഴേത്തലത്തിലുള്ള ഒരു പ്രവർത്തകൻ കോളേജ് അധികൃതരുമായി ചേർന്ന് നടത്തിയ കൊള്ളരുതായ്മയെ സർക്കാരിന്റെയും പാർട്ടിയുടെയും എസ്എഫ്ഐയുടെയും ചുമലിൽ ചാരാൻ നോക്കുന്ന മനോരമയ്ക്ക് എന്നാൽ കെഎസ്–യുവിന്റെ സംസ്ഥാന കൺവീനർ നടത്തിയ സമാന സ്വഭാവത്തിലുള്ള തട്ടിപ്പിനെക്കുറിച്ച് മിണ്ടാട്ടമില്ല. മാത്രമോ? കോൺഗ്രസിന്റെ പ്രമുഖ നേതാവും എംഎൽഎയുമായ അഭിഭാഷകൻ തന്റെ ബിരുദ പഠനകാലത്ത് നടത്തിയ തരികിട ഏർപ്പാടുകൾ പുറത്തുവന്നപ്പോഴും മനോരമ കണ്ണടച്ച് ഇരുട്ടാക്കുകയായിരുന്നില്ലോ. ഇപ്പോഴത്തെ മറ്റൊരു പ്രമുഖ കോൺഗ്രസ് നേതാവ് വിദ്യാർഥികാലത്ത് പരീക്ഷാ ഹാളിൽ നടത്തിയ ക്രമക്കേട് പിടിക്കപ്പെടുകയും അതിയാനെ ഡീബാർ ചെയ്യുകയുമുണ്ടായല്ലോ. അതും ഓർമിപ്പിക്കാനും നമ്മുടെ മാധ്യമ വീരന്മാർക്ക് പറ്റില്ലല്ലോ. ഏറ്റവും ഒടുവിൽ വന്ന വാർത്തയുണ്ടല്ലോ. കേരള – ആരോഗ്യ സർവകലാശാലകളിൽ ഒരേസമയം വെെസ് ചാൻസലറായി സേവിക്കുന്ന, സംഘപരിവാർ ഇഷ്ടക്കാരനായതുകൊണ്ടു മാത്രം ഗവർണർ നിയമിച്ച കുന്നമ്മേൽ മോഹനൻ തന്റെ പഠനകാലത്ത് നടത്തിയ കെെക്രിയകളും കണ്ടില്ലെന്നു നടിക്കുകയാണ് മുഖ്യധാരക്കാർ. ♦