Sunday, May 19, 2024

ad

Homeലേഖനങ്ങൾക്രമസമാധാന മേഖലയുടെ കേരളീയ പരിപ്രേക്ഷ്യം

ക്രമസമാധാന മേഖലയുടെ കേരളീയ പരിപ്രേക്ഷ്യം

ഡോ. പി എം സലിം

ഭാഗം 2

പട്ടം- ശങ്കർ മന്ത്രിസഭയുടെ പൊലീസ് നയം

ദ്യ ഇഎംഎസ് സർക്കാരിനെതിരായി വർഗീയ പിന്തിരിപ്പൻ ശക്തികൾ വിട്ടുവീഴ്ചയോ അനുരഞ്ജന സമീപനമോ ഇല്ലാതെ നടത്തിയ പ്രതിപ്രവർത്തനങ്ങൾ വിമോചന സമരം എന്ന പേരിൽ അറിയപ്പെട്ട കുപ്രസിദ്ധമായ അട്ടിമറി സമരത്തിൽ കലാശിച്ചു. വർഗീയ സംഘടനകളുടെയും നിക്ഷിപ്ത താല്പര്യ ഗ്രൂപ്പുകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും സംയോജിതവും അക്രമാസക്തവുമായ ഈ അട്ടിമറിപ്രക്ഷോഭം കാരണം കേന്ദ്രസർക്കാർ സ്വന്തം താല്പര്യത്തിന്റെയും കൂടി ഫലമായി ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രയോഗിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ ജനകീയ സർക്കാരിനെ 1959 ജൂലൈ 31ന് പിരിച്ചുവിട്ടു.

തുടർന്നുള്ള ഏതാനും മാസങ്ങൾ കേരളം രാഷ്ട്രപതി ഭരണത്തിൽ ആയിത്തീർന്നു. 1960 ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിലൂടെ പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ പി എസ് പി- കോൺഗ്രസ് സഖ്യ മന്ത്രിസഭ അധികാരത്തിലെത്തി. (ആ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് സീറ്റ് കുറഞ്ഞങ്കിലും വോട്ട് ശതമാനം വർദ്ധിക്കുകയാണ് ഉണ്ടായത്. 1957‐59 കാലഘട്ടത്തിൽ പ്രതിപക്ഷ നേതാവായിരുന്ന പി ടിചാക്കോ ആഭ്യന്തരവകുപ്പ് മന്ത്രിയായി. ആ സർക്കാർ പൊലീസ് നയത്തിന്റെ കാര്യത്തിൽ ഇഎംഎസ് സർക്കാരിന്റെ കാലത്തേതിൽനിന്നും വലിയ മാറ്റങ്ങളൊന്നും വരുത്തിയില്ല. എന്നാൽ വരേണ്യ വർഗ്ഗവും മുതലാളിമാരും മറ്റു നിക്ഷിപ്ത താല്പര്യ ഗ്രൂപ്പുകളും പ്രാദേശിക തലത്തിലും മറ്റും തലത്തിലും മറ്റും പൊലീസിന്റെ മേൽ തങ്ങളുടെ സ്വാധീനം പുനസ്ഥാപിക്കാൻ ശ്രമിച്ചു. ഇടുക്കിയിലെയും മലബാറിലെയും മലയോരമേഖലകളിലെ പാവപ്പെട്ട കുടിയേറ്റ കർഷകരെ കുടിയൊഴിപ്പിക്കാൻ പി എസ് പി കോൺഗ്രസ് സർക്കാർ പൊലീസ് സേനയെ ഉപയോഗിച്ചു. കുടിയേറ്റ കർഷകരെ ബലമായി കുടിയൊഴിപ്പിക്കുന്നതിനെതിരെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള കേരള കർഷകസംഘം ശക്തമായ പ്രക്ഷോഭം നടത്തി. കമ്യൂണിസ്റ്റ് പാർട്ടി നേതാവ് എ കെ ഗോപാലൻ (എ കെ ജി) കുടിയിറക്കലിനെതിരെ കർഷകസംഘം നടത്തിയ സമരത്തിന് ശക്തമായ നേതൃത്വം നൽകുകയും പൊലീസ് അടിച്ചമർത്തലിനെതിരെ നിരാഹാര സമരം നടത്തുകയും ചെയ്തു.

യഥാർത്ഥത്തിൽ പട്ടം-ശങ്കർ മന്ത്രിസഭയുടെ ആഭ്യന്തര പൊലീസ് നയം അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് അനുകൂലമായിരുന്നില്ല. എന്നാൽ മുൻ സർക്കാർ ആവിഷ്കരിച്ച പൊലീസ് നയത്തിന്റെ സ്വാധീനം ശക്തമായിരുന്നു. പ്രതിപക്ഷത്തായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ സാന്നിധ്യവും ജനങ്ങളുടെ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളിൽ പാർട്ടി നടത്തിയ ക്രിയാത്മകമായ ഇടപെടലുകളും കാരണം വരേണ്യ വലതുപക്ഷ സർക്കാരിന് മുമ്പ് ഇഎംഎസ് സർക്കാർ ആവിഷ്കരിച്ച പൊലീസ് നയത്തെ കാര്യമായി മാറ്റിമറിക്കുവാൻ കഴിഞ്ഞിരുന്നില്ല.

1967 – 69 കാലഘട്ടം
1967 മുതൽ 69 വരെ ഐക്യ ഇടതുപക്ഷ മുന്നണി സഖ്യ സർക്കാരാണ് കേരളം ഭരിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലുണ്ടായിരുന്ന ആദ്യ സർക്കാരിന്റെ അതെ പൊലീസ് നയം തന്നെയാണ് 67ലെ ഇഎംഎസ് സർക്കാരും പിന്തുടർന്നത്. സഖ്യത്തിലെ രാഷ്ട്രീയപാർട്ടികളിൽ സിപിഐ എമ്മിന്റെ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ- മാർക്സിസ്റ്റ്) ഭരണത്തോടുള്ള സമീപനം നിർവചിക്കപ്പെട്ടത് ‘ഭരണവും സമരവും’ എന്ന മുദ്രാവാക്യമാണ്.

ഇടതുമുന്നണി നയം
എന്നാൽ ആ സമയത്ത് കേരളത്തിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ വിധത്തിലുള്ള പൊലീസ് ക്രമസമാധാനനയം നടപ്പിലാക്കുന്നതിന് വിഘാതം സൃഷ്ടിച്ച പ്രധാന ഘടകം അന്നത്തെ ഇടതുമുന്നണി സർക്കാരിന്റെ ഘടനയിലെയും ഭരണപരമായ ഏകോപനത്തിലെയും പോരായ്മകളായിരുന്നു. ഒരു വശത്ത് കേന്ദ്രസർക്കാരിന്റെ അമിതാധികാര പ്രവണതയും സംസ്ഥാനത്തിന്റെ ആഭ്യന്തര പൊലീസിന്റെ ഭരണത്തിൽ കടന്നുകയറുവാനുള്ള ശ്രമങ്ങളും സജീവമായപ്പോൾ മറുവശത്ത് മുന്നണിക്കുള്ളിൽ തന്നെയുള്ള അസ്വാരസ്യങ്ങളും ദോഷകരമായി ഭവിച്ചു. റിട്ടയേർഡ് ഐ സി എസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്ന വി വിശ്വനാഥനായിരുന്നു അന്നത്തെ കേരള ഗവർണർ. കടുത്ത കമ്യൂൂണിസ്റ്റ് വിരുദ്ധനായിരുന്ന ഗവർണറുടെ നിലപാടുകൾ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പ്രയാസങ്ങൾ സൃഷ്ടിക്കുകയുണ്ടായി. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയില്ല എന്ന തരത്തിലുള്ള ഗവർണറുടെ പ്രചാരണം ഫലപ്രദമായ വിധത്തിൽ ആഭ്യന്തര പൊലീസ് നയം നടപ്പിലാക്കുന്നതിന് വിഘാതങ്ങൾ സൃഷ്ടിച്ചു.

ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന വിധത്തിൽ സംസ്ഥാനത്തിന്റെ ആഭ്യന്തര പൊലീസ് നയത്തിൽ ഇടപെടുവാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന കൂട്ടുകക്ഷി മന്ത്രിസഭ ശക്തമായി എതിർത്തു. കേരളത്തിൽ 1957ൽ ഉണ്ടായ ആദ്യ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വ സർക്കാരിനെ തകർക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് അനുഭവങ്ങൾ ഉണ്ടായിരുന്ന 1967ലെ സിപിഐഎം നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിന്റെ നിലപാടുകളിൻമേൽ ജാഗരൂകരായിരുന്നു.

1970‐-77 കാലഘട്ടം മുന്നണിക്കുള്ളിലെ ഏകോപനത്തിന്റെ തെറ്റിദ്ധാരണകളും തർക്കങ്ങളും പരിഹരിക്കുന്നതിലെ അവധാനത, എന്നിങ്ങനെയുള്ള ആഭ്യന്തരവൈരുദ്ധ്യങ്ങൾ കാരണം 1967ലെ കമ്യൂണിസ്റ്റ് കൂട്ടുകക്ഷി മന്ത്രിസഭ 1969 ഒക്ടോബർ 24 രാജിവെക്കുകയുണ്ടായി. തുടർന്ന് 1969 നവംബർ ഒന്നു മുതൽ 1977 വരെ കേരളം ഭരിച്ചത് സിപിഐ നേതൃത്വത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ മുന്നണിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്തും അതേ മുന്നണി തന്നെയാണ് ഭരണത്തിൽ ഉണ്ടായിരുന്നത്. 1971ൽ കോൺഗ്രസ് ഔപചാരികമായി ആ സഖ്യത്തിൽ ചേർന്നപ്പോൾ തന്നെ ആഭ്യന്തര പോലീസ് വകുപ്പ് ഭരണം കോൺഗ്രസ് നേതാവായിരുന്ന കെ കരുണാകരന്റെ കയ്യിലെത്തി. കെ കരുണാകരൻ ആഭ്യന്തര മന്ത്രി ആകുന്നതിനുമുമ്പ് മുസ്ലിം ലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയ രണ്ടുവർഷം (1969-71) ആഭ്യന്തരവകുപ്പ് ഭരിച്ചിരുന്നു. കരുതൽ തടങ്കൽ നിയമം, മിസ (Maintanance of Internal Security Act) തുടങ്ങിയ കടുത്ത നിയമങ്ങളുടെ വക്തവായിരുന്നു മുസ്ലിംലീഗ് നേതാവായിരുന്ന ആഭ്യന്തരവകുപ്പ് മന്ത്രി സി എച്ച് മുഹമ്മദ് കോയ. അദ്ദേഹം മുൻ ഇഎംഎസ് സർക്കാരുകളുടെ കാലത്ത് നടപ്പാക്കപ്പെട്ടിരുന്ന ആഭ്യന്തരവകുപ്പിന്റെയും പൊലീസ് ഭരണത്തിനെയും സുതാര്യമായ രീതികളെ അപ്പാടെ മാറ്റിമറിച്ചു. സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ചിരുന്ന വിപ്ലവകാരികളെയും നക്സലൈറ്റുകളെയും നേരിടുന്നതിനായി പൊലീസ് സായുധവിഭാഗങ്ങളെ മുഹമ്മദ് കോയ പരിപൂർണ്ണമായും ഉപയോഗപ്പെടുത്തി. അന്നത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായിരുന്ന സിപിഐ എം വലതുമുന്നണി സർക്കാരിന്റെ പോലീസ് തേർവാഴ്ചക്കെതിരെ ശക്തമായ പ്രക്ഷോഭപരിപാടികൾ ആവിഷ്കരിച്ചിരുന്നു. സിപിഐ എം മിസ നിയമത്തിനെ ശക്തമായി എതിർത്തു. അതോടൊപ്പം ഭൂരഹിതരെ സംഘടിപ്പിച്ചുകൊണ്ട് മിച്ചഭൂമി പിടിച്ചെടുക്കുന്നതിന് വേണ്ടി ശക്തമായ ഭൂപ്രക്ഷോഭങ്ങളും മറ്റൊട്ടേറെ പ്രക്ഷോഭപരിപാടികളും സംഘടിപ്പിച്ചു.

മുഖ്യമന്ത്രി സി അച്യുതമേനോൻ ആഭ്യന്തര വകുപ്പ് 1971 സെപ്റ്റംബറിൽ കോൺഗ്രസ് പാർട്ടിക്ക് കൈമാറി. 1970കളിലെ കെ കരുണാകരന്റെ ആഭ്യന്തരഭരണം കേരള രാഷ്ട്രീയ ചരിത്രത്തിൽ കുപ്രസിദ്ധമാണല്ലോ. മന്ത്രിസഭയുടെയോ മുഖ്യമന്ത്രിയുടെ പോലുമോ താൽപര്യങ്ങൾക്കോ മേൽനോട്ടത്തിനോ പോലും ഇടംനൽകാതെ വകുപ്പ് കൈകാര്യംചെയ്ത ആഭ്യന്തരമന്ത്രിയുടെ ഭരണശൈലി പ്രതിപക്ഷ പാർട്ടിയായിരുന്ന സിപിഐ എമ്മിന് മാത്രമല്ല ഭരണപക്ഷത്ത് ഉണ്ടായിരുന്ന സിപിഐകാർക്കുപോലും വിനാശകരമായിരുന്നു. കെ കരുണാകരന്റെ തന്നിഷ്ടത്തിന് ആഭ്യന്തരവകുപ്പ് വിട്ടുകൊടുത്ത മുഖ്യമന്ത്രി അച്യുതമേനോന് ഒരു ഘട്ടം കഴിഞ്ഞപ്പോൾ പോലീസ് വകുപ്പിന്മേലുള്ള ഇടപെടൽ ശേഷി പോലും നഷ്ടപ്പെട്ടു. തന്റെ പാർട്ടി അംഗങ്ങളെ പോലും കരുണാകരന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന പോലീസിന്റെ കിരാത മർദ്ദനമുറകളിൽ നിന്നും സംരക്ഷിക്കുവാൻ അച്യുതമേനോന് കഴിഞ്ഞിരുന്നില്ല.
അക്കാലത്ത് കെ കരുണാകരന്റെ കീഴിലുള്ള ആഭ്യന്തരവകുപ്പ് സർക്കാരിനുള്ളിലെ ഒരു ഘടകം എന്നതിനേക്കാൾ ഉപരി സർക്കാരിനെ തന്നെ നിയന്ത്രിക്കുന്ന ഒരു ഘടകം എന്നപോലെ ആയിത്തീർന്നിരുന്നു. കേന്ദ്രസർക്കാരിൽ, പ്രത്യേകിച്ചും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ഉണ്ടായിരുന്ന അടുപ്പവും സ്വാധീനവും കെ കരുണാകരനെ ഒരു പ്രത്യേക അധികാര കേന്ദ്രമാക്കി മാറ്റി. അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്തെ ചില വർഷങ്ങളിലെ സർക്കാർ ബജറ്റിൽ വിവിധ വകുപ്പുകൾക്കായി തുക വകയിരുത്തിയതിനെക്കുറിച്ച് പരിശോധിക്കുമ്പോൾ ആഭ്യന്തരവകുപ്പിന് അമിതമായ തുക വകയിരുത്തിയിരുന്നതായി കാണാൻ കഴിയുന്നുണ്ട്. കെ കരുണാകരന്റെ പോലീസ് ഭരണത്തിലെ അപ്രമാദിത്വം പോലീസിന്റെ അടിച്ചമർത്തൽ പ്രവർത്തനങ്ങൾക്ക് വേണ്ടി വിഭവസൗകര്യങ്ങൾ ഒരുക്കുന്നതിനായി സംസ്ഥാന ഖജനാവിനെ പോലും ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിന്റെ ഒരു പ്രതിഫലനവുമായി ബജറ്റിലെ തുക വകയിരുത്തലിനെ കണക്കാക്കാവുന്നതാണ്. നക്സലൈറ്റുകളെ ഉന്മൂലനം ചെയ്യുന്നതിനായി രൂപീകരിച്ച സ്പെഷ്യൽ ബ്രാഞ്ച്, അതിനായി സജ്ജീകരിച്ച ചോദ്യം ചെയ്യൽ കേന്ദ്രങ്ങളും ക്യാമ്പുകളുംഒക്കെ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരെ ക്രൂരമായി പീഡിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങൾ ആയിരുന്നു. നക്സലൈറ്റ് വേട്ടയുടെപേരിൽ ഒട്ടേറെ ചെറുപ്പക്കാരുടെ ജീവിതം കരുണാകരന്റെ പോലീസ് തല്ലിത്തകർത്തു. ഭരണത്തിലു ണ്ടായിരുന്ന സിപിഐകാർക്കുപോലും രക്ഷയില്ലാതിരുന്ന കാലത്ത് കരുണാകരന്റെ പൊലീസിന്റെ കിരാത പ്രവർത്തനങ്ങളും നിഷ്ഠുരമായ മർദ്ദനമുറകളും കഠിനമായി അനുഭവിക്കേണ്ടിവന്നത് സിപിഐഎം പ്രവർത്തകർക്കായിരുന്നു. ഇന്ന് കേരളത്തിലെ മുഖ്യമന്ത്രിയായിരിക്കുന്ന സഖാവ് പിണറായി വിജയൻ അടക്കമുള്ള പല സിപിഐഎം നേതാക്കളും അടിയന്തരാവസ്ഥക്കാലത്ത് കരുണാകരന്റെ പോലീസിന്റെ നിഷ്ഠൂരമായ മർദ്ദന മുറകളെ അതിജീവിച്ചു വന്നവരാണ്.

അടിച്ചമർത്തൽ ഭരണവും പോലീസ് ഭീകരതയും ഉണ്ടായിരുന്ന അടിയന്തരാവസ്ഥക്കാലത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഭരണമുന്നണി തന്നെയാണ് അധികാരത്തിൽ വന്നത്.. അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരതയെക്കുറിച്ച് അത് പ്രയോഗിക്കാതിരുന്ന സ്ഥലങ്ങളിലെ ജനങ്ങൾക്ക് അറിയാമായിരുന്നില്ല. അന്നത്തെ കടുത്ത മാധ്യമനിയന്ത്രണങ്ങൾ കാരണം അടിച്ചമർത്തൽപ്രവർത്തനങ്ങളും മർദ്ദനമുറകളും ഒന്നുംതന്നെ സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. അടിയന്തരാവസ്ഥക്കാലത്തുടനീളം ഉണ്ടായ പൊലീസ് നരനായാട്ടിനെക്കുറിച്ച് പിന്നീട് കോടതി വ്യവഹാരങ്ങളിലൂടെ വെളിച്ചം കണ്ട നിർണായകമായ തെളിവുകൾ പുതിയ സർക്കാരിൽ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്റെ രാജിയിൽ കലാശിച്ചു. ഇടതുപക്ഷ പ്രവർത്തകരുടെ പ്രചാരണ പ്രവർത്തനങ്ങളും ചില മാധ്യമപ്രവർത്തകരുടെ അന്വേഷണാത്മക ഇടപെടലുകളും കാരണമാണ് അടിയന്തരാവസ്ഥക്കാലത്തെ നിഷ്ഠുരമായ സംഭവവികാസങ്ങൾ പിൽക്കാലത്ത് കേരള സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടത്.

അടിയന്തരാവസ്ഥയ്ക്കുശേഷം
കെ കരുണാകരൻ, എ കെ ആന്റണി, പി കെ വാസുദേവൻ നായർ, സി എച്ച് മുഹമ്മദ് കോയ എന്നീ നാല് മുഖ്യമന്ത്രിമാർ 1977‐80 കാലഘട്ടത്തിൽ കേരളം ഭരിക്കുകയുണ്ടായി.

1977‐80 കാലത്ത കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെയും പോലീസിന്റെയും പ്രവർത്തനങ്ങൾ അടിയന്തരാവസ്ഥക്കാലത്തെ അപ്രമാദിത്വരീതികളിൽ നിന്നും വിഭിന്നമായിരുന്നു. ആ കാലത്ത് രാജ്യത്തുടനീളം നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന്റേതായ പൊതുഅന്തരീക്ഷം കേരളത്തിലെ സർക്കാരുകളുടെയും ആഭ്യന്തരവകുപ്പിന്റെയും പ്രവർത്തനങ്ങളെ സ്വാധീനിച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം അഖിലേന്ത്യാതലത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പാർലമെന്റ്‌ തിരഞ്ഞെടുപ്പിലെ ഫലങ്ങളും ഇന്ത്യൻ ജനാധിപത്യത്തെ ഉത്തേജിപ്പിക്കുന്നവയായിരുന്നു. അത് ദേശീയതലത്തിലും, കേരളത്തിലെയും പോലീസ് സംവിധാനത്തെ സ്വാധീനിക്കുകയുണ്ടായി. ആ സമയത്ത് പൊലീസിൽ സംഘടനാ പ്രവർത്തനത്തിന്റെ പ്രവണതകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടൊപ്പം സ്വാഭാവികമായും രാഷ്ട്രീയവൽക്കരണത്തിന്റെ ലക്ഷണങ്ങളും പ്രകടമായി തുടങ്ങി.

ഇ കെ നായനാരുടെ നേതൃത്വത്തിൽ (1980‐-81) അധികാരത്തിലിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ക്രമസമാധാന നയം പുരോഗമനപരം ആയിരുന്നുവെങ്കിലും ഭരണമുന്നണിയിലെ ഘടകകക്ഷികൾക്കിടയിലെ യോജിപ്പിന്റെ കുറവും അസ്വാരസ്യങ്ങളും പ്രവർത്തനങ്ങളെ ദോഷകരമായി ബാധിച്ചു. മുന്നണിയിലെ ആന്തരിക വൈരുദ്ധ്യങ്ങൾ പ്രത്യേകിച്ചും ആന്റണി കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും വലതുനിലപാടിൽ അധിഷ്ഠിതമായ പ്രവർത്തനരീതികളും ഉദ്ദേശ്യലക്ഷ്യങ്ങളും ഭരണത്തിന് നേതൃത്വം നൽകിയിരുന്ന സിപിഐഎമ്മിന്റെ നിലപാടുകളോട് യോജിച്ചുപോകുന്നവ ആയിരുന്നില്ല.

യോജിച്ച പൊതുമിനിമം പരിപാടിയുടെ അഭാവം ഭരണത്തിന്റെ തുടക്കം മുതലേ മുന്നണിയെ ബാധിക്കുകയുണ്ടായി. വലതുപക്ഷ പാർട്ടികളിൽ നിന്ന് പിളർന്നെത്തിയ വിഭാഗങ്ങൾ കമ്യൂണിസ്റ്റ് പാർട്ടികളോടൊപ്പം ചേർന്ന് രൂപപ്പെടുത്തിയ മുന്നണിയുടെ ഭരണ പ്രവർത്തനങ്ങളും പൊലീസ് ക്രമസമാധാന നയത്തിന് എതിരായി ഭരണ മുന്നണിക്കുള്ളിൽ നിന്നുതന്നെ ഉയർന്ന എതിർപ്പുകളും ആഭ്യന്തര വൈരുദ്ധ്യങ്ങളും ആദ്യ നായനാർ സർക്കാരിനെ തകർച്ചയിലേക്ക് എത്തിച്ചു. അറബി ഭാഷ വിദ്യാഭ്യാസ പ്രശ്നത്തിന്റെ പേരിൽ മുസ്ലിം ലീഗ് വർഗീയ പ്രചാരണം നടത്തിയത് ഒന്നാം നായനാർ സർക്കാരിന്റെ കാലത്ത് ഗൗരവമായ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. നടവരമ്പ് തൊഴിൽതർക്കവും സജീവമായി തുടർന്നിരുന്ന നക്സലൈറ്റ് പ്രവർത്തനങ്ങളുമൊക്കെ ക്രമസമാധാന പരിപാലന മേഖലയെ ബാധിച്ചു. തൊഴിൽ സമരങ്ങളോട് അനുഭവപൂർണ്ണമായ നിലപാട് പുലർത്തിയിരുന്ന ഒന്നാം നായനാർ സർക്കാർ തൊഴിൽ തർക്കങ്ങളിൽ പോലീസ് ഇടപെടുന്നത് വിലക്കുന്ന നയത്തിനോട് ഔപചാരികമായി പ്രതിജ്ഞാബദ്ധമായിരുന്നു. എന്നാൽ നടവരമ്പ്‌ തൊഴിൽതർക്കത്തിൽ തൊഴിലാളികൾക്ക് നേരെ പൊലീസ് ക്രൂരമായ അക്രമമുറകൾ അഴിച്ചുവിട്ടു. പ്രാഥമികമായും തൊഴിലാളി വർഗ്ഗത്ത പ്രതിനിധീകരിച്ചിരുന്ന സിപിഐ എം നയിച്ചിരുന്ന സർക്കാരിന്റെ പോലീസ് ‘നടവരമ്പ്’ പ്രശ്നത്തിൽ തൊഴിലാളിവിരുദ്ധമായ നടപടികൾ സ്വീകരിച്ചത് വ്യാപകമായ വിമർശനം ക്ഷണിച്ചുവരുത്തി. അതോടൊപ്പം നക്സലൈറ്റ് ആഭിമുഖ്യത്തിൽ ഉണ്ടായിരുന്ന ജനകീയ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചതും സർക്കാരിന്റെ യശസ്സിന് സാരമായ കോട്ടം വരുത്തി.

ഒന്നാം നായനാർ സർക്കാരിൽ ആഭ്യന്തരവകുപ്പിന്റെയും പോലീസ് ഭരണത്തിന്റെയും ചുമതല വഹിച്ചിരുന്നത് ടി കെ രാമകൃഷ്ണൻ ആയിരുന്നു. 1980 മാർച്ച് 22ന് ഇ കെ നായനാർ സർക്കാരിന്റെ അനുമതിയോടെ കേരള പോലീസ് അസോസിയേഷൻ രൂപീകരിച്ചത് ഒരു പ്രധാന സംഭവവികാസമായിരുന്നു. കേരളത്തിലെ പോലീസ് സേനാംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഉതകുന്ന വിവിധ പദ്ധതികൾ അന്നത്തെ സർക്കാർ നടപ്പിലാക്കുകയുണ്ടായി. കേരളത്തിലെ പോലീസ് കോൺസ്റ്റാബുലറിയുടെ അതിജീവന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്ന ഭവന നിർമ്മാണ സൗകര്യങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിന് 1980ലെ എൽഡിഎഫ് സർക്കാർ പോലീസ് ഹൗസിങ് കോ‐-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ചു. മുന്നണിയിലെ ആഭ്യന്തരപ്രശ്നങ്ങളും ഘടകകക്ഷികളുടെ ഉദ്ദേശലക്ഷങ്ങളിലെയും താൽപര്യങ്ങളിലേയും വൈരുദ്ധങ്ങളുമൊക്കെ ഒന്നാം ഇ കെ നായനാർ മന്ത്രിസഭയുടെ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിച്ചു. കോൺഗ്രസ് ആന്റണി ഗ്രൂപ്പിലെ വലിയൊരു വിഭാഗവും കേരള കോൺഗ്രസ് മാണി വിഭാഗവും പിന്തുണ പിൻവലിച്ചതിനെ തുടർന്ന് 21 മാസത്തെ ഭരണത്തിനുശേഷം ഒന്നാം നായനാർ മന്ത്രിസഭ രാജിവച്ചു.

1982-86 കാലഘട്ടത്തിൽ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരാണ് കേരളം ഭരിച്ചത്. ആഭ്യന്തരവകുപ്പിന്റെയും പോലീസ് ഭരണത്തിന്റെയും ചുമതല വയലാർ രവിക്കായിരുന്നു. കേരളത്തിൽ പലവിധ ക്രമസമാധാന പ്രശ്നങ്ങളും 1986 കാലഘട്ടത്തിൽ ഉടലെടുത്തിരുന്നു. പലയിടങ്ങളിലും വർഗീയ കലാപങ്ങളും ഉണ്ടായി. മന്ത്രിസഭയുടെ പ്രതിച്ഛായ പ്രശ്നം മാധ്യമങ്ങളിൽ നിരന്തര ചർച്ചകൾക്ക് വിധേയമായ നാളുകളിൽ കെ കരുണാകരൻ തന്റെ രാഷ്ട്രീയ കൗശലം കൊണ്ട് ക്രമസമാധാന പ്രശ്നങ്ങളിൽനിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമിച്ചുകൊണ്ടിരുന്നു. പ്രതിച്ഛായ പ്രശ്നത്തിന്റെ പേരിൽ മന്ത്രിസഭ അഴിച്ചുപണിതു. വയലാർ രവിയിൽനിന്നും നിന്നും ആഭ്യന്തര-, പൊലീസ് വകുപ്പുകൾ മുഖ്യമന്ത്രി കരുണാകരൻ ഏറ്റെടുത്തു. അടിയന്തരാവസ്ഥ കാലത്തിനു ശേഷം കേരളം കണ്ട ഏറ്റവും ഹീനമായ പൊലീസ് അതിക്രമമാണ് 1986ൽ ഇടുക്കിയിലെ തങ്കമണിയിൽ സംഭവിച്ചത്.

1982 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ കേരളത്തിൽ യുഡിഎഫ്‐എൽഡിഎഫ് സർക്കാരുകൾ മാറിമാറി അധികാരത്തിലിരുന്നു. 1970 മുതലുള്ള ഒരു പതിറ്റാണ്ടുകാലം പൊതുവേയും അടിയന്തരാവസ്ഥക്കാലം പ്രത്യേകിച്ചും മാറ്റിനിർത്തിയാൽ കേരളത്തിലെ ആദ്യ ജനകീയ സർക്കാർ ആവിഷ്കരിച്ച ക്രമസമാധാന നയത്തിൽ അടിസ്ഥാനപരമായി ഗൗരവമായ മാറ്റങ്ങൾ മറ്റു സർക്കാരുകളൊന്നും കൊണ്ടുവന്നിരുന്നില്ല.

1982ൽ പൊലീസിന്റെ യൂണിഫോം പരിഷ്കരിച്ചത് ശ്രദ്ധേയമായ ഒരു മാറ്റമായിരുന്നു തുടർന്നുള്ള രണ്ടര പതിറ്റാണ്ടുകാലം വിവിധ സർക്കാരുകളുടെ കീഴിൽ എടുത്തു കാട്ടാവുന്ന ഗൗരവമായ മാറ്റങ്ങൾ പോലീസ് ഭരണത്തിൽ ഉണ്ടായില്ല. പോലീസ് റാങ്കുകൾ പരിഷ്കരിച്ചു. ഉന്നത തലങ്ങളിലെ പോസ്റ്റുകളുടെ എണ്ണം കൂട്ടി. പോലീസ് കോൺസ്റ്റാബുലിയുടെ അംഗസംഖ്യ വർദ്ധിപ്പിച്ചു. വേതനാനുകൂല്യങ്ങളും കാലാനുസൃതമായി വർദ്ധിപ്പിക്കുകയുണ്ടായി. 2006‐-2011 കാലത്ത് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ കേരളം ഭരിച്ചകാലത്ത് ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ പോലീസ് ഭരണത്തിലും പുരോഗമനപരമായ ഒട്ടേറെ പരിഷ്കരണ പ്രവർത്തനങ്ങൾ ക്രമസമാധാനപരിപാലനത്തിലും നടപ്പിലാക്കുകയുണ്ടായി. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven − one =

Most Popular