Friday, November 22, 2024

ad

Homeപല രാജ്യങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ടികള്‍ചിലിയിലെ സമകാലിക രാഷ്ട്രീയ 
സങ്കീർണതകൾ

ചിലിയിലെ സമകാലിക രാഷ്ട്രീയ 
സങ്കീർണതകൾ

എം എ ബേബി

നുഷ്യർ സ്വന്തം ചരിത്രം സ്വയം രചിക്കുകയാണ്; പക്ഷേ അവർ അങ്ങനെ ചെയ്യുന്നത് കേവലം അവരുടെ ഇഷ്ടാനുസരണമല്ല. സ്വയം തിരഞ്ഞെടുക്കപ്പെട്ട സാഹചര്യങ്ങൾക്കുള്ളിൽ നിന്നല്ല അവർ അത് ചെയ്യുന്നത്. കഴിഞ്ഞ കാലങ്ങളിൽ നിന്ന് കെെമാറിക്കിട്ടിയതും നിശ്ചിത പരിമിതികൾക്കകത്ത് നിൽക്കുന്നതുമായ നിലവിലുള്ള സാഹചര്യങ്ങൾക്കനുസരിച്ചാണ് അവർ ചരിത്രം രചിക്കുന്നത്. മൺമറഞ്ഞ തലമുറകളുടെ പാരമ്പര്യങ്ങളാകെ ഇന്നത്തെ തലമുറയുടെ, ഇന്ന് ജീവിച്ചിരിക്കുന്നവരുടെ മസ്തിഷ്-കങ്ങളിൽ ഒരു ദുഃസ്വപ്നംപോലെ ആഴത്തിൽ പതിഞ്ഞു കിടപ്പുണ്ട‍്.’’

(The Eighteenth Brumaire of Louis Bonaparte) എന്ന പേരിൽ 1852ൽ കാറൽ മാർക്-സ് എഴുതിയ കൃതിയിൽ രേഖപ്പെടുത്തിയ ചിന്തകളാണിവ.

ഗബ്രിയേൽ ബോറിക്

ചിലിയുടെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ശ്രദ്ധിക്കുന്ന ഏതൊരാൾക്കും മാർക്സിന്റെ ഈ വാക്കുകൾ ഓർമയിൽ ഓടിയെത്തും. 1973 സെപ്തംബർ 11ന്റെ പട്ടാള അട്ടിമറിയെത്തുടർന്ന് ചിലിയുടെ മണ്ണിൽ കമ്യൂണിസവും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ഇനിയൊരിക്കലും തലപൊക്കില്ലെന്ന് വീരവാദം മുഴക്കിയാണ് 17 വർഷത്തോളം ജനറൽ അഗസ്റ്റൊ പിനോഷെയെന്ന സെെനിക സേ-്വച്ഛാധിപതി തിമിർത്താടിയത്. ആയിരക്കണക്കിന് കമ്യൂണിസ്റ്റുകാരെയും ജനാധിപത്യ വിമർശകരെയും കൊന്നൊടുക്കിയതിന്റെയും പീഡിപ്പിച്ചതിന്റെയും കൽത്തുറുങ്കിൽ അടച്ചതിന്റെയും ബലത്തിലാണ് പിനോഷെയും അനുചരരും ഇങ്ങനെ വീരവാദം മുഴക്കിയത്.

എന്നാൽ ചിലിയിലെ കമ്യൂണിസ്റ്റു പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന ലൂയി കോർവാലനെപ്പോലെ ആ തലമുറയിൽ തന്നെ നിരവധി കമ്യൂണിസ്റ്റുകാർ കൊല്ലപ്പെടാതെ അവശേഷിച്ചിരുന്നു. മുഖ്യമായും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും മറ്റു സേ-്വച്ഛാധിപത്യവിരുദ്ധശക്തികളും ഒളിവിലും തെളിവിലുമായി നടത്തിയ സുദീർഘമായ പോരാട്ടത്തിന്റെയും ത്യാഗപൂർണ്ണമായ ചെറുത്തുനിൽപിന്റെയും ഫലമായാണ് പിനോഷെ സേ-്വച്ഛാധിപത്യത്തിന് അന്ത്യംകുറിച്ചത്. പക്ഷേ, പിനോഷെ അധികാരമൊഴിഞ്ഞപ്പോൾ അധികാരമേറ്റെടുത്ത ബൂർഷ്വാ ലിബറൽ കക്ഷികൾ സെെനിക സേ-്വച്ഛാധിപത്യത്തിന്റെ ചുവടുപിടിച്ച്, ചിലിയിൽ വേരുറപ്പിച്ച നവലിബറൽ നയങ്ങൾ പിന്തുടരുകയും 1980ൽ പിനോഷെ സേ-്വച്ഛാധിപത്യകാലത്ത് രൂപംകൊടുത്ത ഭരണഘടന തന്നെ ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു.

കാമില വലേജോ

എന്നാൽ, ഇന്ന് ചിലിയിൽ 1970ലെ എന്നപോലെ കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും മറ്റു വിവിധ ഇടതുപക്ഷ ഗ്രൂപ്പുകളും ഉൾപ്പെടുന്ന കൂട്ടുകക്ഷി ഗവൺമെന്റാണ് നിലവിലുള്ളത്. എന്നാൽ 1970ൽ അലന്ദെ തിരഞ്ഞെടുക്കപ്പെട്ടത് രണ്ടാംവട്ടം പാർലമെന്റിൽ നടന്ന വോട്ടെടുപ്പിലൂടെയാണ്. ജനകീയ വോട്ടെടുപ്പിൽ ആർക്കും 50 ശതമാനം വോട്ട് ലഭിക്കാതായപ്പോൾ അന്നത്തെ ഭരണഘടനപ്രകാരം ഏറ്റവും കൂടുതൽ വോട്ടുലഭിച്ച രണ്ടു പേരിൽ ഒരാളെ പാർലമെന്റ് തിരഞ്ഞെടുക്കുകയായിരുന്നു. പാർലമെന്റിൽ ക്രിസ്ത്യൻ ഡെമോക്രറ്റുകളുടെകൂടി പിന്തുണയോടെയാണ് അലന്ദെ വിജയിച്ചത്. എന്നാൽ, 2021 ഡിസംബറിൽ നടന്ന രണ്ടാംവട്ട വോട്ടെടുപ്പിൽ 56 ശതമാനം ജനകീയ വോട്ടു നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഗബ്രിയേൽ ബോറിക് ഇപ്പോൾ അധികാരത്തിലെത്തിയത്. ഈ അധികാരാരോഹണത്തിനുപിന്നിൽ സേ-്വച്ഛാധിപത്യത്തിനെതിരെയും അതിനുശേഷം നവലിബറൽ നയങ്ങൾക്കും പിനോഷെ കാലത്തെ ഭരണഘടനയ്ക്കും എതിരെയുമുള്ള പോരാട്ടത്തിന്റെ സുദീർഘമായ ചരിത്രമുണ്ട്.

കൺസർട്ടേഷൻ മുന്നണി എന്ന മധ്യ ഇടതുപക്ഷ കൂട്ടുകെട്ടിന്റെ ഭാഗമായി മത്സരിച്ച സോഷ്യലിസ്റ്റ് ആയ മിഷേൽ ബാഷ്ലെ (Michelle Bachelet) 2005ൽ അധികാരത്തിലെത്തിയെങ്കിലും ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ല. സ്വാഭാവികമായും അത് ജനങ്ങളിൽ അസംതൃപ്തി രൂ-ഢമൂലമാക്കി. അത് പ്രതിഫലിച്ചത് വിദ്യാർഥികളുടെ പ്രക്ഷോഭത്തിലൂടെയാണ്.

2006ൽ ചിലിയിലുടനീളമുള്ള വിദ്യാർഥികൾ വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിൽ പ്രതിഷേധിച്ച് പഠിപ്പുമുടക്കി. പിനോഷെ കാലത്തെ നവലിബറൽ ‍(‘തീവ്ര മുതലാളിത്ത’മാണ് യഥാർത്ഥത്തിൽ ഈ മൃദുലോക്തി എന്നു മറക്കരുത്! ) പരിഷ്കാരങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണം. ‘സോഷ്യലിസ്റ്റായ’ മിഷേൽ ബാഷ്ലെ അതേ നയം തുടരുന്നതിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർഥികളുടെ പ്രത്യേകിച്ചും ഹെെസ്കൂൾ വിദ്യാർഥികളുടെ പഠിപ്പുമുടക്ക്. ഈ വമ്പിച്ച വിദ്യാർഥി മുന്നേറ്റം ‘‘പെൻഗ്വിൻ വിപ്ലവം’’ (Penguin Revolution) എന്നാണ് അറിയപ്പെട്ടത്. വെള്ളയും കറുപ്പും നിറത്തിലുള്ള സ്ക-ൂൾ യൂണിഫോം ധരിച്ച കുട്ടികൾ നടത്തിയ പ്രതിഷേധ പ്രക്ഷോഭമായതുകൊണ്ടാണ് പെൻഗ്വിനുകൾ കൂട്ടത്തോടെ നിരനിരയായി നീങ്ങുന്നതുപോലെയുള്ള വിദ്യാർഥികളുടെ, പ്രതിഷേധ പ്രകടനത്തെ പെൻഗ്വിനുകളുടെ വിപ്ലവം എന്നു വിളിച്ചത്. ഇന്ന് ചിലിയിൽ അധികാരത്തിലുള്ള മന്ത്രിമാരിലും മേയർമാരിലും പലരും പെൻഗ്വിൻ വിപ്ലവത്തിലൂടെ പൊതുരംഗത്ത് വന്നവരാണ്.

ഗബ്രിയേൽ ഗാർഷ്യ മാർക്വേസ്

ശതകോടീശ്വരനും ബിസിനസുകാരനുമായ സെബാസ്റ്റ്യൻ പിനേറയുടെ വലതുപക്ഷ ഭരണകാലത്ത് 2011ലും 2013ലും പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതും മുഖ്യപങ്കുവഹിച്ചതും ഹെെസ്കൂൾ വിദ്യാർഥികളും സർവകലാശാലാ വിദ്യാർഥികളുമായിരുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് ഗ്രബിയേൽ ബോറിക്കും (Gabriel Boric) കാമില വലേജൊ (Camila Vallego)ഉൾപ്പെടെയുള്ള മന്ത്രിമാരിൽ പലരും 2021 നവംബറിൽ നടന്ന ഒന്നാംവട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് മൂന്നാം സ്ഥാനത്ത് എത്തിയ കമ്യൂണിസ്റ്റു പാർട്ടി സ്ഥാനാർഥിയും സാന്തിയാഗൊയിലെ മേയറുമായ ഡാനിയൽ ജാദു (Daniel Jadue) വുമെല്ലാം 2011ലെയും 2013ലെയും ചിലിയൻ വിദ്യാർഥി മുന്നേറ്റത്തിന് നേതൃത്വം നൽകിയവരായിരുന്നു.

ചിലിയൻ സമൂഹത്തിൽ നിലനിന്നിരുന്ന, പിനോഷെ കാലം മുതൽ വളർന്നുകൊണ്ടിരുന്ന, നവലിബറലിസത്തിന്റെ സ്വാഭാവികമായ അനന്തരഫലമായ അസമത്വം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ആവശ്യപ്പെട്ടായിരുന്നു 2011ലും 2013ലും ചിലിയിൽ സ്-കൂൾ–സർവകലാശാലാ വിദ്യാർഥികൾ തെരുവിലിറങ്ങിയത്. വിദ്യാർഥി പ്രക്ഷോഭത്തിനൊപ്പംതന്നെ എല്ലാ മേഖലകളിലെയും തൊഴിലാളികളും പണിമുടക്കി പ്രതിഷേധ പ്രകടനങ്ങളിൽ അണിനിരന്നു. 1990ൽ പിനോഷെ പുറത്താക്കപ്പെട്ടതിനുശേഷവും, 1980ൽ പിനോഷെയുടെ നേതൃത്വത്തിൽ രൂപം നൽകിയ നവലിബറൽ ഭരണഘടന തുടരുന്നതിനുള്ള പ്രമാണിവർഗത്തിന്റെ സമവായത്തെ പിടിച്ചുലയ്ക്കുന്നതായിരുന്നു തൊഴിലാളികളും വിദ്യാർഥികളും തോളോടുതോളുരുമ്മിനിന്ന് നടത്തിയ പ്രക്ഷോഭം. കമ്യൂണിസ്റ്റ് പാർട്ടി മുഖ്യപങ്കുവഹിച്ച ഈ പ്രക്ഷോഭത്തിൽ സോഷ്യലിസ്റ്റുകളും വിവിധ ഇടതുപക്ഷ ഗ്രൂപ്പുകളും സജീവമായിട്ടുണ്ടായിരുന്നു. പുതിയൊരു ജനപക്ഷ ഭരണഘടനയ്ക്ക് രൂപം നൽകിക്കൊണ്ടു മാത്രമേ തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെയുള്ള ചിലിയിലെ ജനസാമാന്യത്തിന്റെ ജീവൽപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവൂ എന്ന ചർച്ച ഈപ്രക്ഷോഭത്തിൽ സജീവമായി ഉയർന്നുവന്നു.

ഈ പ്രക്ഷോഭത്തെ സെബാസ്റ്റ്യൻ പിനേറയുടെ ഗവൺമെന്റ് അടിച്ചമർത്തിയെങ്കിലും 2014ലെ തിരഞ്ഞെടുപ്പിൽ പിനേറയ്ക്ക് അധികാരം നഷ്ടപ്പെട്ടു. വീണ്ടും മിഷേൽ ബാഷ്ലെ തന്നെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പ്രാവശ്യം കമ്യൂണിസ്റ്റു പാർട്ടിയുടെ ഉൾപ്പെടെ പിന്തുണയോടെയും 2013ലെ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലും കൂടുതൽ ഇടതുപക്ഷ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബാഷ്ലെ അധികാരത്തിൽ വന്നത്. എന്നാൽ അതൊന്നും നടപ്പാക്കാനാകാതെ വന്നതോടെ 2018ൽ വീണ്ടും സെബാസ്റ്റ്യൻ പിനേറതന്നെ അധികാരത്തിലെത്തി.

പൊതുഗതാഗത സംവിധാനത്തിൽ യാത്രക്കൂലി വർധിപ്പിച്ചതിനെത്തുടർന്ന് 2019 ഒക്ടോബറിൽ ഹെെസ്കൂൾ വിദ്യാർഥികൾ പഠിപ്പുമുടക്കി തെരുവിലിറങ്ങി. ചിലിയുടെ രാഷ്ട്രീയ ചരിത്രത്തെയാകെ മാറ്റിമറിച്ച സമരമായി ആ വിദ്യാർഥി പ്രക്ഷോഭം മാറി. യാത്രക്കൂലിയിൽ 30 പെസോ വർധിപ്പിച്ചതിനെതിരെ നടത്തിയ സമരത്തിന്റെ മുദ്രാവാക്യം തന്നെ ‘‘30 പെസോയുടെ പ്രശ്നമല്ല, 30 വർഷത്തെ പ്രശ്നമാണ്’’ എന്ന് മാറി. 1990ൽ പിനോഷെയ്ക്കൊപ്പം മാറ്റപ്പെടേണ്ടതായിരുന്ന ഭരണഘടന മാറ്റുകയാണ് ഉടൻ ചെയ്യേണ്ടത് എന്നാണ് ആ മുദ്രാവാക്യത്തിലൂടെ വിദ്യാർഥികൾ അർത്ഥമാക്കിയത്.

പുതിയ ഭരണഘടന എന്ന ലക്ഷ്യം നേടുന്നതുവരെ പിന്മാറില്ല എന്ന തീരുമാനത്തിൽ വിദ്യാർഥികളും അവർക്കൊപ്പം തൊഴിലാളികളും ഉറച്ചുനിന്നതുകൊണ്ട് പിനേറ ഗവൺമെന്റിന് അതംഗീകരിക്കാതെ നിവൃത്തിയില്ലാതായി. അതിനായി ഹിതപരിശോധന നടത്താമെന്ന് പിനേറ ഗവൺമെന്റ് സമ്മതിച്ചു.

17 വർഷത്തെ സേ-്വച്ഛാധിപത്യവാഴ്ചയും പിന്നീടതിന് അന്ത്യം കുറിച്ചിട്ടും ജീവിതാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകാത്തതും ഭരണസംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് ചിലിയിൽ ലാറ്റിനമേരിക്കയിലെ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വോട്ടിങ് ശതമാനം കുറവായിരിക്കുന്നത്. 2009 മുതൽ വോട്ടുചെയ്യുകയെന്നത് ചിലിയിൽ നിർബന്ധിതമാണ്. എന്നാൽ വോട്ടറായി രജിസ്റ്റർ ചെയ്യുന്നത് നിർബന്ധിതമല്ല. അതുകൊണ്ട് ചെറുപ്പക്കാർ പൊതുവെ വോട്ടർ രജിസ്ട്രേഷനിൽ താൽപ്പര്യമെടുക്കാറില്ലായിരുന്നു. എന്നാൽ പുതിയ ഭരണഘടനയെന്നത് ചെറുപ്പക്കാരെയും സ്ത്രീകളെയുമാകെ ആവേശഭരിതരാക്കി. അതുകൊണ്ട് ഹിതപരിശോധനയ്ക്കും ഭരണഘടന നിർമാണസഭ രൂപീകരിക്കാനുമുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടർ രജിസ‍്ട്രേഷനിലും വോട്ടിങ്ങിലും പതിവിൽനിന്ന് വ്യത്യസ്തമായി നല്ല പങ്കാളിത്തം, പ്രത്യേകിച്ചും ചെറുപ്പക്കാരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. അതു സംബന്ധിച്ച ഡാറ്റ വ്യക്തമാക്കുന്നത് ചിലിയിലെ 18നും 29നും ഇടയ്ക്ക് പ്രായമുള്ളവരിൽ പകുതിയിലേറെപ്പേരും ഹിതപരിശോധനയിലും ഭരണഘടന നിർമാണസഭ രൂപീകരിക്കുന്നതിനുമുള്ള വോട്ടെടുപ്പിലും പങ്കെടുത്തതായാണ്. അതുപോലെതന്നെ വോട്ടർമാരായി രജിസ്റ്റർ ചെയ്തവരിൽ 52.9 ശതമാനവും സ്ത്രീകളായിരുന്നു.

2020 ഒക്ടോബറിൽ നടന്ന ഹിതപരിശോധനയിൽ പുതിയ ഭരണഘടന ആവശ്യമാണെന്ന് വോട്ടുചെയ്തവർ 78 ശതമാനവും പുതിയ ഭരണഘടനാ നിർമാണസഭയ്ക്കുള്ള വോട്ടെടുപ്പിൽ 79 ശതമാനവും പങ്കെടുത്തു. ഭരണഘടന മാറ്റേണ്ടതില്ല എന്നു വാദിച്ച വലതുപക്ഷത്തിന് 155 സീറ്റിൽ 37 എണ്ണം, അതായത് കഷ്ടിച്ച് 23 ശതമാനം മാത്രമാണ് ലഭിച്ചത്. അതേസമയം അടിസ്ഥാനപരമായ മാറ്റം ആവശ്യമാണ് എന്നു വാദിച്ചവർക്ക് 118 സീറ്റ്, അതായത് 77% ലഭിച്ചു. അതിൽ തന്നെ സോഷ്യലിസ്റ്റുകൾക്കും ക്രിസ്ത്യൻ ഡെമോക്രാറ്റുകൾക്കുംകൂടി (അതായത് പഴയ കൺസർട്ടേഷൻ മുന്നണി) 17 സീറ്റാണ് കിട്ടിയത്. അവശേഷിക്കുന്ന സീറ്റുകളാകെ കമ്യൂണിസ്റ്റു പാർട്ടിക്കും വിവിധ ഇടതുപക്ഷ ഗ്രൂപ്പുകൾക്കുമായാണ് ലഭിച്ചത്. ഭരണഘടനാ നിർമാണസഭയുടെ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത് മപ്പൂച്ചെ എന്ന ആദിവാസി ജനവിഭാഗത്തിൽപ്പെട്ട എലിസ ലങ്കൺ അന്റീലിയെ ആണ്. ആദിവാസി ജനവിഭാഗങ്ങൾക്കായി 155ൽ 17 സീറ്റ് നീക്കി വച്ചിട്ടുമുണ്ടായിരുന്നു.

 

ക്ലാൻഡസ്റ്റെെൻ ഇൻ ചിലി

ലോക പ്രശസ്ത നോവലിസ്റ്റായ ഗബ്രിയേൽ ഗാർഷ്യാ മാർകേ–്വസ് പ്രശസ്ത ചിലിയൻ ചലച്ചിത്രകാരനായ മിഗേ–്വൽ ലിറ്റിന്റെ പന്ത്രണ്ടു വർഷത്തെ വിദേശവാസത്തിനുശേഷം സ്വദേശത്തേക്കു മടങ്ങിയെത്തിയതിനുപിന്നിലെ സാഹസികതയെക്കുറിച്ച് എഴുതിയ കൃതിയാണിത്. അഗസ്റ്റോ പിനോഷെ തന്റെ സേ–്വച്ഛാധിപത്യവാഴ്ചയുടെ പത്തുവർഷം പിന്നിട്ടപ്പോൾ വിദേശത്ത് കഴിയുന്ന ചിലി പൗരരിൽ മടങ്ങിവരാനാർഹതയുള്ള ഒരു പട്ടിക പ്രസിദ്ധീകരിച്ചു. അതിൽ മിഗേ–്വൽ ലിറ്റിന്റെ പേരില്ലായിരുന്നു. എന്നാൽ പിനോഷെ പ്രസിദ്ധീകരിച്ച മറ്റൊരു ലിസ്റ്റിൽ ലിറ്റിന്റെ പേരുണ്ടായിരുന്നു. അത് ചിലിയിൽ പ്രവേശനം നിരോധിച്ചിട്ടുള്ളവരുടെ ലിസ്റ്റായിരുന്നു. എന്തായാലും ലിറ്റിൻ തന്റെ ജന്മദേശത്തേക്കു മടങ്ങാൻ തന്നെ തീരുമാനിച്ചു. അതിനായി അദ്ദേഹം ഒരു വ്യാജ പാസ്പോർട്ടുണ്ടാക്കി. വ്യാജ തൊഴിൽ പശ്ചാത്തലവും ചിലിയിലേക്കു പോകാനുള്ള വ്യാജ കാരണവും പറഞ്ഞുവെച്ചു. മാത്രവുമല്ല അതിനായി ഒരു വ്യാജ ഭാര്യയെത്തന്നെ സൃഷ്ടിക്കുകയും ചെയ്തു.

ഉറുഗേ–്വയൻ ബിസിനസുകാരനെന്ന വ്യാജ ഐഡന്റിറ്റിയിൽ തന്റെ സ്വദേശം സന്ദർശിച്ച മിഗേ–്വൽ ലിറ്റിൻ സാധാരണക്കാരായ നിരവധി ആളുകളെയും സംസാരിക്കുകയും ഒപ്പം സേ–്വച്ഛാധിപത്യത്തിനെതിരെ പൊരുതിയിരുന്ന നിരവധി പോരാളികളെയും കണ്ട് സംസാരിക്കുകയും അതെല്ലാം തന്റെ ചെറിയ ക്യാമറയിൽ പകർത്തുകയും ചെയ്തു. അത് ആക്റ്റ ജനറൽ ഡി ചിലി എന്ന പ്രശസ്തമായ ഡോക്യുമെന്ററിയായി പുറത്തുവരുകയും ചെയ്തു. ഇത്തരത്തിൽ സാഹസികമായ സർഗാത്മക പ്രവർത്തനം നടത്തിയ മിഗേ–്വൽ ലിറ്റിനുമായി പതിനെട്ട് മണിക്കൂറോളം നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് മാർകേ–്വസ് ഈ ഗ്രന്ഥം രചിച്ചത്.

 

2019ലെ ജനകീയപ്രക്ഷോഭംമൂലം പിനേറ ഗവൺമെന്റിൽ നിന്ന് ചില ആനുകൂല്യങ്ങൾ നേടിയെടുക്കാനും കഴിഞ്ഞു. സ്വകാര്യപെൻഷൻ കമ്പനികളിൽനിന്ന് പെൻഷൻ കോൺട്രിബ്യൂഷന്റെ 70 ശതമാനം തിരിച്ചുപിടിക്കാൻ കഴിഞ്ഞത് ഈ പോരാട്ടത്തിന്റെ വലിയൊരു നേട്ടമാണ്. ധനമൂലധനത്തിന് ഏൽപ്പിച്ച വലിയൊരു ആഘാതവുമാണിത്. ഭരണഘടന ഭേദഗതി ചെയ്യാൻ ഭരണവർഗത്തെക്കൊണ്ട് സമ്മതിപ്പിച്ചതിന് പുറമേയാണിത്.

എന്നാൽ 2021 നവംബറിൽ നടന്ന ഒന്നാംവട്ട തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സ്ഥാനാർഥി കാസ്റ്റ് (Jose Antonio Kast Rist) മുന്നിലെത്തുകയും (കാസ്റ്റിന് 27 ശതമാനം വോട്ടും ഇടതുപക്ഷത്തെ ബോറിക്കിന് 25 ശതമാനവും) പാർലമെന്റിൽ വലതുപക്ഷത്തിന് ശ്രദ്ധേയമായ സ്ഥാനം ലഭിക്കുകയും ചെയ്തത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായി. അപ്ര്യുബൊ ഡിഗ്നിഡാഡ് (Apruebo Dignidad– ഞാൻ ആത്മാഭിമാനത്തിനായി വോട്ടു ചെയ്യുന്നു) എന്ന ഇടതുപക്ഷ കൂട്ടുകെട്ട് 155 അംഗ പാർലമെന്റിൽ 37 ഡെപ്യൂട്ടിമാരെയും 50 അംഗ സെനറ്റിൽ 5 അംഗങ്ങളെയും വിജയിപ്പിച്ചു. എന്നാൽ സെബാസ്റ്റ്യൻ പ്ലിനേറ പക്ഷക്കാരായ ചിലി പോഡെമോസ് മാസ് (Chile Podemos Mas) 53 ഡെപ്യൂട്ടിമാരെയും സെനറ്റർമാരെയും വിജയിപ്പിച്ചു. പഴയ കൺസർട്ടേഷൻ മുന്നണിക്ക് 37 ഡെപ്യൂട്ടിമാരെയും 17 സെനറ്റർമാരെയും വിജയിപ്പിക്കാൻ കഴിഞ്ഞു. പഴക്കവും തഴക്കവുമുള്ള പരമ്പരാഗത രാഷ്ട്രീയ നേതാക്കൾക്കുള്ള പ്രാദേശിക സ്വാധീനമാണ് പാർലമെന്ററി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ഇത് പക്ഷേ ഭരണഘടന നിർമാണ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമാണ്. അതിൽ ഭരണഘടന പുതുക്കണമോ വേണ്ടയോയെന്ന ഒറ്റവിഷയത്തിൽ കേന്ദ്രീകരിച്ചായിരുന്നു തിരഞ്ഞെടുപ്പ്. ഭരണഘടന പുതുക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നവർ ഉന്നയിക്കുന്നതാകട്ടെ പെൻഷനുകൾ, വെള്ളത്തിന്റെ സ്വകാര്യവൽക്കരണം, ഗ്യാസിന്റെ വില, പബ്ലിക് യൂട്ടിലിറ്റി കമ്പനികളെ ദുരുപയോഗം ചെയ്യൽ, മപ്പൂച്ചെകളുടെ പരമ്പരാഗത ഭൂമിയുടെ സംരക്ഷണം, ഭരണകൂടത്തെ ബാധിച്ചിട്ടുള്ള അഴിമതി തുടങ്ങിയ നിരവധി ജനകീയ വിഷയങ്ങൾ ഉയർത്തിയുമാണ്. അതാണ് അടുത്തടുത്ത് നടന്ന ഈ രണ്ട് തിരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത ജനവിധി ഉണ്ടായതിനുകാരണം. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിലാകട്ടെ ആർക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിൽ 2021 ഡിസംബറിൽ ഏറ്റവും കൂടുതൽ വോട്ടു ലഭിച്ച കാസ്റ്റും ബോറിക്കും നേർക്കുനേർ മത്സരിച്ചപ്പോൾ ബോറിക് 56 ശതമാനം വോട്ടു നേടി വിജയിച്ചു.

ബോറിക്കിന്റെ മന്ത്രിസഭ തന്നെ വളരെയേറെ വിപ്ലവകരമാണ്. 24 അംഗ മന്ത്രിസഭയിൽ 14 അംഗങ്ങളും വനിതകളാണ്. മന്ത്രിസഭയുടെ ശരാശരി പ്രായം 42 ആണ്; 30 വയസ്സിൽ താഴെ പ്രായമുള്ള അംഗങ്ങളും ഉണ്ടായിരുന്നു. മന്ത്രിസഭയിൽ നിർണായകമായ സ്ഥാനം കമ്യൂണിസ്റ്റു പാർട്ടിക്കും നൽകിയിരുന്നു. സാൽവദോർ അലന്ദെയുടെ കൊച്ചുമകൾ മായ ഫെർണാണ്ടസ് അലന്ദെ ആണ് പ്രതിരോധമന്ത്രി. കമ്യൂണിസ്റ്റു പാർട്ടി നേതാവും 2011ലെയും 2013ലെയും വിദ്യാർഥി പ്രക്ഷോഭത്തിലെ മുൻനിര നായികയുമായ കാമില വലേജൊ ബോറിക് ഗവൺമെന്റിന്റെ ഒൗദ്യോഗിക വക്താവും മന്ത്രിസഭാംഗവുമാണ്. ജ്യാനെറ്റ് ഹാറ (Jeannette Hara), ഫ്ളാവിയൊ അന്ദ്രെ സലാസർ (Flavio Andres Salazar) എന്നിവരും കമ്യൂണിസ്റ്റു പാർട്ടി പ്രതിനിധികളായി മന്ത്രിസഭയിലുണ്ട്– ക്ഷേമം, തൊഴിൽ എന്നീ വകുപ്പുകളുടെ ചുമതല ജ്യാനെറ്റ് ഹാറയ്ക്കും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ചുമതല ഫ്ളാവിയൊയ്ക്കുമാണ്. നാഷണൽ പൊലീസ് സേനയിൽനിന്നുള്ള കേണൽ സിസിലിയ നവാരൊയെയാണ് പ്രസിഡന്റിന്റെ അംഗരക്ഷകരുടെ മേധാവിയായി ബോറിക് ചുമതലപ്പെടുത്തിയത്. ഈ സ്ഥാനം ഏറ്റെടുക്കുന്ന ആദ്യ സ്ത്രീയാണിവർ. ഗബ്രിയേൽ ബോറിക് അധികാരമേറ്റെടുത്ത ശേഷം നടത്തിയ ആദ്യ പ്രതികരണം ‘‘നമ്മുടെ സമൂഹത്തിൽനിന്ന് എന്നെന്നേക്കുമായി പുരുഷാധിപത്യ രീതികൾ തുടച്ചുനീക്കപ്പെടും’’ എന്നാണ്. ഈ ആശയം പ്രതിഫലിപ്പിക്കുന്നതാണ് മന്ത്രിസഭയിലേക്കും മറ്റു പ്രധാന പദവികളിലേക്കും നടത്തിയ നിയമനങ്ങൾ.

ഡാനിയേൽ ജാദു

2022 മാർച്ച് 11നാണ് ഗബ്രിയേൽ ബോറിക് ചിലിയുടെ പ്രസിഡന്റായി ചുമതലയേറ്റത്. 1973 സെപ്തംബർ 11ന്റെ പട്ടാള അട്ടിമറിയിലൂടെ, ലോകത്തുതന്നെ ആദ്യമായി നവലിബറലിസം (തീവ്രമുതലാളിത്തം‍) ഒരു രാജ്യത്തിന്റെ ഔദ്യോഗികനയമായി നിലവിൽ വരുകയാണുണ്ടായത്. അതേ രാജ്യത്തുതന്നെ, അതേ ചിലിയിൽതന്നെ നവലിബറലിസത്തിന്റെ ശവക്കുഴി തോണ്ടിയിരിക്കുകയാണ്. പുതിയ പ്രസിഡന്റായി ചുമതലയേറ്റ ബോറിക് നടത്തിയ പ്രസ്താവന, ‘‘ഇതേ വരെ ചിലി നവലിബറലിസത്തിന്റെ കളിത്തൊട്ടിലായിരുന്നെങ്കിൽ, അതിന്റെ ശവക്കുഴിയും ഇവിടെ, ഈ ചിലിയിൽതന്നെ ആയിരിക്കും’’ എന്നാണ്. ദരിദ്രരുടെ ചെലവിൽ സമ്പന്നർക്ക് തടിച്ചുകൊഴുക്കാനാവുന്ന ഒരു നയവും ചിലിയിൽ നടപ്പാക്കാനനുവദിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ 2022 സെപ്തംബറിൽ നടന്ന പുതിയ ഭരണഘടനയ്ക്ക് അംഗീകാരം തേടിയുള്ള വോട്ടെടുപ്പിലെ ജനവിധി ചിലിയിലെ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന ഒന്നായി. നിലവിലെ ഭരണഘടന പൊളിച്ചെഴുതണമെന്ന് വൻഭൂരിപക്ഷത്തിൽ ഉണ്ടായ ജനവിധിയെ നിരാകരിക്കുന്നതായിരുന്നു പുതിയ ഭരണഘടനയെ സംബന്ധിച്ച ജനവിധി. 85 ശതമാനം ആളുകൾ പങ്കെടുത്ത ഹിതപരിശോധനയിൽ 38.13 ശതമാനം വോട്ടർമാർ മാത്രമേ പുതുക്കിയ ഭരണഘടനയ്ക്കനുകൂലമായി വോട്ടു ചെയ്തുള്ളൂ. 61.37 ശതമാനം പേർ അതിനെ നിരാകരിച്ചു.

ഈ ജനവിധിയെ തുടർന്ന് ബോറിക് ഗവൺമെന്റ് പുതുതായി ഒരു ഭരണഘടനാ കൗൺസിൽ രൂപീകരിക്കാൻ തീരുമാനിച്ചു. മെയ് 7ന് നടന്ന, 1.2 കോടിയിലേറെ പൗരർ പങ്കെടുത്ത 50 അംഗ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭരണഘടന മാറ്റുന്നതിനെ എതിർത്ത വലതുപക്ഷത്തിനാണ് ഭൂരിപക്ഷം എന്നത് വിരോധാഭാസമായിരിക്കുന്നു. അതിതീവ്രവാദികളായ റിപ്പബ്ലിക്കൻ പാർട്ടിക്ക് 23 സീറ്റും മധ്യവലതുപക്ഷ കൂട്ടുകെട്ടിന് 11 സീറ്റുമാണ് ഈ 50 അംഗ കൗൺസിലിലേക്ക് ലഭിച്ചത്. ഇടതുപക്ഷ, മധ്യ ഇടതുപക്ഷ സഖ്യത്തിന് 16 സീറ്റും ലഭിച്ചു. ഒരു സീറ്റ് ആദിവാസി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്.

പിനോഷെയുടെ കാലത്ത് 1980ൽ രൂപം നൽകിയ നവലിബറൽ ഭരണഘടനയിൽ ഒരു മാറ്റവും ആവശ്യമില്ലെന്ന നിലപാടുകാരായ റിപ്പബ്ലിക്കൻ പാർട്ടിക്ക് മൂന്നിൽ രണ്ട് ഭാഗം സീറ്റ് ലഭിച്ചത് അപകട സൂചന നൽകുന്നതാണ്. മാത്രവുമല്ല, മധ്യവലതുപക്ഷത്തിനു ലഭിച്ച 11 സീറ്റു കൂടി ചേരുമ്പോൾ 30 സീറ്റിലധികം ആകുന്നു. തന്മൂലം ഇടതുപക്ഷത്തിന്റെ സഹായം കൂടാതെ തന്നെ എന്തുമാറ്റവും ഇപ്പോൾ ഭരണഘടനാ കൗൺസിലിനു മുന്നിലുള്ള വിദഗ്ധർ തയ്യാറാക്കിയ കരടിൽ വരുത്താൻ വലതുപക്ഷത്തിനു കഴിയും. ഇപ്പോഴത്തെ ഭരണകക്ഷിക്ക് പുതിയ ഭരണഘടനയിൽ ഒരു തരത്തിലുള്ള സ്വാധീനവും ചെലുത്താനാവില്ല എന്നതും പ്രശ്നമാണ്.

2019ൽ ജനകീയ പോരാട്ടത്തിന്റെ മുഖ്യമുദ്രാവാക്യമായ പുതിയ ഭരണഘടന രൂപീകരിക്കണമെന്നത് ജനഹിതത്തിലൂടെതന്നെ അട്ടിമറിക്കപ്പെടുകയാണ്. രണ്ടു വർഷത്തോളം നീണ്ടുനിന്ന ജനാധിപത്യപ്രക്രിയയിലൂടെ തയ്യാറാക്കപ്പെട്ട പുതിയ ഭരണഘടനയാണ് ഇപ്പോൾ തകർക്കപ്പെടുന്നത്, അതും അതേ ജനാധിപത്യപ്രക്രിയയിലൂടെ. പ്രസിഡന്റ് ബോറിക് പറഞ്ഞത‍്, ‘‘ജനാധിപത്യത്തെ കൂടുതൽ ജനാധിപത്യത്തിലൂടെയാണ് സംരക്ഷിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതും. ജനാധിപത്യ പ്രക്രിയയിലൂടെ പിറക്കുന്ന ഭരണഘടനയ്ക്കു മാത്രമേ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ജനങ്ങളോട് നീതി പുലർത്താനും കഴിയൂ.’’ ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ ജൂൺ ഏഴിന് അധികാരമേൽക്കുകയും 5 മാസത്തിനകം കരട് ഭരണഘടന പരിശോധിച്ച് അതിന് അന്തിമരൂപം നൽകുകയും ചെയ്യും. എന്നിട്ട് 2023 ഡിസംബർ 17ന് അതിന്മേൽ ജനഹിത പരിശോധന നടത്തി അംഗീകാരം നൽകും.

ലോകത്തിലേക്കു വച്ചുതന്നെ ഏറ്റവും മികച്ചതായി കരുതപ്പെടുന്ന, ആദ്യം 155 അംഗങ്ങളടങ്ങിയ ഇടതുപക്ഷത്തിനു വൻഭൂരിപക്ഷമുണ്ടായിരുന്ന കൗൺസിൽ തയ്യാറാക്കിയ ഭരണഘടനയാണ് ജനഹിത പരിശോധനയിൽ നിരാകരിക്കപ്പെട്ടത്, ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുന്നതും. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ്. 2022 സെപ്തംബറിൽ നടന്ന ഹിതപരിശോധനയുടെ വേളയിൽ വലതുപക്ഷം വ്യാപകമായ വ്യാജപ്രചരണങ്ങളിലൂടെ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തിയിരുന്നുവെന്നത് വസ്തുതയാണ്. അതേ സമയം, തയ്യാറാക്കപ്പെട്ട, ഹിതപരിശോധനയ്ക്കായി ജനങ്ങൾക്ക് നൽകിയ ഭരണഘടനയുടെ മേന്മയെ സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ ഇടതുപക്ഷം വേണ്ടത്ര ശ്രദ്ധിച്ചിട്ടുമില്ല. മാത്രമല്ല, ചിന്താപരമായി ഏറ്റവും പിന്നിൽ നിൽക്കുന്ന ജനങ്ങൾക്കടക്കം സ്വീകാര്യമായവയാണോ (അതെത്ര മാത്രം പുരോഗമനപരവും വിപ്ലവകരവുമാണെങ്കിൽപോലും) എന്ന ആത്മപരിശോധനയും ഇടതുപക്ഷം നടത്തേണ്ടതുണ്ട് എന്നാണ് ഈ അനുഭവം വെളിപ്പെടുത്തുന്നത്. എന്തായാലും, ഇക്കാര്യത്തിൽ ചിലിയിലെ ഇടതുപക്ഷത്തിന് ജാഗ്രതക്കുറവ് ഉണ്ടായോയെന്ന പരിശോധനയാണ് അവർ നടത്തുന്നത്. ഒറ്റയടിക്ക് മാറ്റങ്ങൾ ഉണ്ടാക്കുവാൻ ആത്മനിഷ്ഠമായി ആഗ്രഹിച്ചാൽ പോരാ. ജനതയെ അതിനു സജ്ജമാക്കണം എന്ന പാഠവും പ്രസക്തമാണ്.

കുറഞ്ഞ കാലം കൊണ്ട് ജനങ്ങൾക്ക് അനുകൂലമായ കാര്യങ്ങൾ– കൂലി വർധിപ്പിക്കൽ, ആരോഗ്യസംവിധാനം കൂടുതൽ വിപുലപ്പെടുത്തൽ, അതിനെല്ലാംവേണ്ട പണം കണ്ടെത്താൻ സമ്പന്നരുടെ നികുതി വർധിപ്പിക്കൽ തുടങ്ങിയവ പലതും നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ ഇത്തരമൊരു തിരിച്ചടി ഇടതുപക്ഷത്തിന് ഉണ്ടാകേണ്ടതായിരുന്നില്ല. ലാറ്റിനമേരിക്കയിൽ മറ്റു രാജ്യങ്ങളെക്കാൾ രൂക്ഷമാണ് ചിലിയിലെ വലതുപക്ഷത്തിന്റെ ആക്രമണം. മാധ്യമങ്ങളും പാർട്ടികളും മാത്രമല്ല പിനോഷെ കാലത്ത് സ്വകാര്യവൽക്കരിച്ച കമ്പനികളും സജീവമായി ഇടതുപക്ഷത്തിനെതിരായുണ്ട്. എന്തായാലും 2023 ഡിസംബർ 17ന്റെ ഹിതപരിശോധനയിൽ ജനാധിപത്യപരമായ ഒരു തീർപ്പുണ്ടാകുമെന്നുതന്നെ നമുക്ക് കരുതാം. അതാണ് പ്രസിഡന്റ് ബോറിക് വലതുപക്ഷത്തോട് ജനാധിപത്യവിരുദ്ധമായ നിലപാടിലേക്ക് തിരിയരുത് എന്ന താക്കീത് നൽകിയതിന്റെ അർഥം. അതിരൂക്ഷമായ കമ്യൂണിസ്റ്റ് വിരുദ്ധപ്രചാരണമാണ് ചിലിയിൽ നടന്നുകൊണ്ടിരിക്കുന്നത് എന്ന് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ഗ്വില്ലർമൊടെല്ലിയർ പറഞ്ഞതും ശ്രദ്ധേയമാണ്. അയൽക്കാരനായ സാമ്രാജ്യത്വ കൂറ്റനും സിഐഎയും നടത്തുന്ന കുത്തിത്തിരിപ്പുകളും ഈ സാഹചര്യത്തിനു പിന്നിലുണ്ട് എന്നതും മറന്നുകൂടാ. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 4 =

Most Popular