Monday, November 25, 2024

ad

Homeവിശകലനംഎസ്എഫ്ഐയ്ക്കെതിരെ മാധ്യമ ഗൂഢാലോചന

എസ്എഫ്ഐയ്ക്കെതിരെ മാധ്യമ ഗൂഢാലോചന

സി പി നാരായണൻ

സിപിഐ എം നയിക്കുന്ന എൽഡിഎഫ് സർക്കാരിനു ജനങ്ങൾക്കിടയിൽ വ്യാപകമായ അംഗീകാരവും പിന്തുണയും ഉണ്ടാകുന്നതു പിന്തിരിപ്പന്മാർക്ക് ഒട്ടും സഹിക്കാൻ കഴിയുന്നില്ല. പിണറായി വിജയൻ മന്ത്രിസഭക്കും അദ്ദേഹം സിപിഐ എമ്മിനും എൽഡിഎഫിനും നൽകുന്ന നേതൃത്വപാടവവും എൽഡിഎഫിലെ ഘടകകക്ഷികൾ തമ്മിലുള്ള ഒത്തൊരുമയും അതിലെ പ്രധാന ഘടകമാണ്. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും അടിയന്തരാവശ്യങ്ങൾ മാത്രമല്ല ഈ സർക്കാർ നിറവേറ്റുന്നത്. കഴിഞ്ഞ ഏഴു വർഷങ്ങൾക്കിടയിൽ അത്തരം പലതും നിറവേറ്റപ്പെട്ടു കഴിഞ്ഞു. മാത്രമല്ല, 2016 മുതൽക്കു തന്നെ നവകേരള നിർമിതി എന്ന ലക്ഷ്യവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. കാർഷിക പരിഷ്കരണത്തിനുശേഷം കൃഷിയുടെയും സംസ്ഥാനത്തിന്റെയും സമഗ്ര പുരോഗതിക്ക് ഉതകുന്ന വിധത്തിൽ ഉൽപന്നങ്ങളുടെ മൂല്യവർധന ഉറപ്പാക്കുന്നതിനു കാർഷികമേഖലയിൽ രണ്ടാംനിര പരിഷ്കാരങ്ങൾ നടപ്പാക്കുകയുമാണ്. കർഷകത്തൊഴിലാളികളുടെയും ദരിദ്ര കൃഷിക്കാരുടെയും കൂടി സുരക്ഷിതത്വവും പുരോഗതിയും ലാക്കാക്കിയാണത്. സാർവത്രികമാക്കിയ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി അതിനെ നവകേരള നിർമിതിക്ക് യോജിച്ച വിധത്തിൽ പരിഷ്കരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസം പുതിയ സാഹചര്യങ്ങൾക്കൊത്തവിധം വെെവിധ്യമാർന്നതും ഉയർന്ന നിലവാരമുള്ളതും കാലോചിതവുമാക്കുകയുമാണ്.

അത്തരം പരിഷ‍്കാരങ്ങളോടൊപ്പം വ്യവസായരംഗവും നവീകരിക്കുകയാണ്. ഇവിടെ നിർമിക്കപ്പെടുന്ന കാർഷികോൽപന്നങ്ങൾ ഉപയോഗിച്ച് പുതുമയാർന്ന ഉൽപന്നങ്ങൾ ഉണ്ടാക്കൽ, സുലഭമായി ഇവിടെ ലഭിക്കുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് പുതുമയാർന്ന ഉൽപന്നങ്ങൾ ഉണ്ടാക്കൽ, നിർമിത ബുദ്ധി മുതലായ ആധുനിക സങ്കേതങ്ങൾ പ്രയോജനപ്പെടുത്തൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് അത്. ഇങ്ങനെ പല പദ്ധതികളും ആ ലക്ഷ്യത്തോടെ സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. ഈ ലക്ഷ്യങ്ങൾക്ക് ചേർന്ന വിധത്തിൽ കേരളം നടപ്പാക്കി വരുന്ന ഭരണപരിഷ്കാരങ്ങൾ ലോകത്തിന്റെയാകെ ശ്രദ്ധ ആകർഷിക്കുന്നതായി വിവിധ റിപ്പോർട്ടുകൾ വെളിവാക്കുന്നു. അതൊക്കെ കാണാനും മനസ്സിലാക്കാനുമായി തന്നെ അന്യസംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നും പലരും വരുന്നുമുണ്ട്.

കാര്യങ്ങൾ ഈ രീതിയിൽ മുന്നോട്ടുപോയാൽ എൽഡിഎഫ് ഇനി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടിയേക്കാം എന്ന ആശങ്ക അതിനെ എതിർക്കുന്ന യുഡിഎഫിലും ബിജെപിയിലും അതിലുപരി അവയെ ഉപദേശിക്കുന്ന വലതുപക്ഷ മാധ്യമങ്ങളിലും വളർന്നുവരുന്നുണ്ട്. എൽഡിഎഫിനെയും സിപിഐ എമ്മിനെയും പിണറായി സർക്കാരിനെയും വികസനരംഗത്ത് പിന്നോട്ടടിപ്പിക്കാൻ പല നീക്കങ്ങളും അവ തുടർച്ചയായി നടത്തുന്നു. അതോടൊപ്പം എൽഡിഎഫ്, സിപിഐ എം, അതുമായി ബന്ധപ്പെട്ട ബഹുജനസംഘടനകൾ എന്നിവയെ താറടിച്ചു കാണിക്കാനും പല നീക്കങ്ങളും നടത്തപ്പെടുന്നു.

സിപിഐ എമ്മിനെ ലക്ഷ്യമിട്ടുകൊണ്ട് ഒരു വിഭാഗം മാധ്യമങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ച് നടത്തിയ പ്രചരണം ആരംഭിക്കുന്നത് ഏഷ്യാനെറ്റാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എഴുതാത്ത പരീക്ഷയിൽ വിജയം നേടി എന്നു ആരോപിച്ചുകൊണ്ട് ഏഷ്യാനെറ്റ് വാർത്തപൊട്ടിച്ച് കത്തിക്കയറി. അതിന്റെ തുടർച്ചയെന്നോണമാണ് ജൂൺ 7 ബുധനാഴ്ച മുതൽ പല പത്രങ്ങളിലും മറ്റും ഉന്നയിക്കപ്പെടുന്ന ഒരു വാർത്തയായി ഇതിനെ മാറ്റിയത്. മലയാള മനോരമയാണ് വാർത്ത ഒന്നാം പേജിൽ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്. എസ്എഫ്ഐ വീണ്ടും വിവാദക്കുരുക്കിൽ. എന്തും നടക്കും എന്ന വെണ്ടയ്ക്കാ തലക്കെട്ടോടെ ഒന്നാം പേജിൽ പ്രധാന വാർത്തയായി അന്ന് ആ പത്രം ഒരു പുതിയ വാർത്താ പൊയ്–വെടി പൊട്ടിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ‘‘എഴുതാത്ത പരീക്ഷ’’ വിജയിച്ചു എന്നതായിരുന്നു ആരോപണം.

എറണാകുളം മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇൻ ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾച്ചറൽ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക്ലിസ്റ്റിൽ ഒരു വിഷയത്തിലും ആർഷോക്ക് മാർക്കോ ഗ്രേഡോ ഇല്ല. എന്നാൽ ‘പാസ്ഡ്’ എന്നു രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇതാണ് ‘മലയാള മനോരമ’ വാർത്തയുടെ പ്രധാന ഭാഗം. മാർച്ച് 23നാണ് ഫലം പ്രസിദ്ധീകരിച്ചത്. അത് വിവാദമായത് ജൂൺ ആദ്യം കെഎസ്–യു പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെയാണ് എന്നു ‘മനോരമ’ റിപ്പോർട്ട് ചെയ്യുന്നു. ആർഷോയുടെ പേരിനു നേരെ ‘ആബ്സെന്റ്’ എന്നും ‘ഫെയിൽഡ്’ എന്നുമാണ് ഇപ്പോഴുമുള്ളത് എന്നും റിപ്പോർട്ടിലുണ്ട്. ഫലം വന്നു രണ്ടുമാസം കഴിഞ്ഞിട്ടും ആർഷോ തെറ്റു ചൂണ്ടിക്കാണിക്കാതിരുന്നത് വലിയ തെറ്റായി എന്ന് ആ വാർത്ത ചൂണ്ടിക്കാണിക്കുന്നു. താൻ എഴുതാത്ത പരീക്ഷയുടെ ഫലം ഉടനെ നോക്കേണ്ട ബാധ്യത ആർഷോക്ക് ഉണ്ട് എന്നാണ് മാധ്യമ വാദം.

മലയാള മനോരമ ഈ വാർത്ത പ്രസിദ്ധീകരിച്ചതിനു സമാന്തരമായി മാതൃഭൂമി, കേരള കൗമുദി മുതലായ പത്രങ്ങളും അവയുടേതായ രീതിയിൽ അത് പ്രസിദ്ധീകരിച്ചു. എസ്എഫ്ഐ നേതാക്കൾ പരീക്ഷ എഴുതാതെ വിജയം കെെവരിക്കുന്നവരാണ് എന്ന പ്രതീതി വിദ്യാർഥികളിലും രക്ഷിതാക്കളിലും മറ്റും സൃഷ്ടിക്കാനാണ് ഈ മാധ്യമങ്ങൾ തുടർന്നു ശ്രമിക്കുന്നത്. കേരളത്തിലെ വിദ്യാർഥി രംഗത്ത് മുൻപന്തിയിലുള്ള എസ്എഫ്ഐയെ സംഘടനാപരമായി ഇകഴ്ത്തിക്കാട്ടാനും.

ആർഷോയുടെ ‘കള്ള’ വിജയ വാർത്തക്കൊപ്പം മുൻ എസ്എഫ്ഐ പ്രവർത്തകയായ കെ വിദ്യ വ്യാജ പരിചയ സർട്ടിഫിക്കറ്റ് നിർമിച്ച് ജോലി നേടാൻ നടത്തിയ നീക്കങ്ങളെക്കുറിച്ചും അവ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മൊത്തത്തിൽ എസ്എഫ്ഐ നേതൃത്വം ഉന്നത വിദ്യാഭ്യാസമേഖലയെയാകെ തങ്ങളുടെ സെെ–്വരവിഹാര മേഖലയാക്കി മാറ്റിയിരിക്കുന്നു എന്ന പ്രതീതി പരത്തി ജനങ്ങളെയാകെ എസ്എഫ്ഐക്കും സിപിഐ എമ്മിനും എൽഡിഎഫ് സർക്കാരിനും എതിരായി അണിനിരത്താനാണ് അവ ശ്രമിക്കുന്നത്; ഉന്നത വിദ്യാഭ്യാസ രംഗമാകെ കുത്തഴിഞ്ഞിരിക്കുന്നു എന്ന പ്രതീതി ഉളവാക്കാനും.

2020–21ൽ ആരംഭിച്ച ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം കോഴ്സിൽ ആർഷോ ചേർന്നിരുന്നു. ഒന്നാം സെമസ്റ്ററിൽ ഒന്നൊഴികെ എല്ലാ പേപ്പറുകളിലും പാസായി. രണ്ടാം സെമസ്റ്റർ പരീക്ഷക്ക് ഇരിക്കാൻ കഴിഞ്ഞില്ല. കാരണം സമരങ്ങൾ സംബന്ധിച്ച കേസുകൾമൂലം ഹാജർ കുറവായിരുന്നു. അതിനാൽ മൂന്നാം സെമസ്റ്ററിൽ റോൾ ഔട്ടായി. കഴിഞ്ഞ ഡിസംബറിൽ നാലാം സെമസ്റ്ററിനു പ്രവേശനം നേടി. മൂന്നാം സെമസ്റ്റർ പരീക്ഷക്ക് ആർഷോ രജിസ്റ്റർ ചെയ്യുകയോ ഫീസ് അടയ്ക്കുകയോ ചെയ്തിരുന്നില്ല. മാത്രമല്ല, പരീക്ഷ നടക്കുന്ന കാലത്ത് ജില്ലയിൽ പ്രവേശിക്കുന്നതിനു ആർഷോക്ക് വിലക്കുണ്ടായിരുന്നു. അതിനാൽ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയിട്ടില്ല. അതിന്റെ മാർക്ക്ലിസ്റ്റാണ് വിവാദം സൃഷ്ടിച്ചത്. പൂജ്യം മാർക്ക് ലഭിച്ചു എന്നാണ് രേഖകളിൽ. പക്ഷേ പാസായതായി അതിൽ പറയുന്നു. ആർഷോ പരീക്ഷക്ക് ഹാജരായിട്ടില്ല എന്നും മാർക്ക്ലിസ്റ്റിലുണ്ട്. സാമാന്യബുദ്ധിയുള്ള ആർക്കും ആ മാർക്ക്ലിസ്റ്റിൽ അപാകതയുണ്ട് എന്നു മനസ്സിലാകും; അതിനെ ചൊല്ലി വിവാദം ഉണ്ടാക്കാൻ കഴിയില്ല എന്നും.

എന്നാൽ വ്യാജ വാർത്ത പ്രസിദ്ധീകരിച്ച ശേഷം ജൂൺ 7 ബുധനാഴ്ച മാധ്യമ പ്രതിനിധികൾ പ്രിൻസിപ്പലിനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് ആർഷോ വിവാദ സെമസ്റ്റർ പരീക്ഷക്ക് പേര് രജിസ്റ്റർ ചെയ്തിരുന്നു എന്നും പരീക്ഷക്ക് ഹാജരായില്ല എന്നുമായിരുന്നു. ഇക്കാര്യം ആർഷോ നിഷേധിച്ചപ്പോൾ മാത്രമാണ് പ്രിൻസിപ്പൽ റെക്കോർഡുകൾ പരിശോധിച്ചത് എന്നുവേണം കരുതാൻ. തുടർന്ന് അദ്ദേഹം നേരത്തെ പറ്റിയ തെറ്റ് തിരുത്തി. ആർഷോയുടെ സമ്മർദ്ദംമൂലമാണ് പ്രിൻസിപ്പൽ അങ്ങനെ പറഞ്ഞത് എന്ന് ആരോപിക്കാൻ മാധ്യമങ്ങൾക്കും പ്രതിപക്ഷങ്ങൾക്കും, ബോധപൂർവമല്ലെങ്കിലും അവസരം നൽകുകയാണ് പ്രിൻസിപ്പൽ ചെയ്തത്. പക്ഷെ, ആർഷോ പറഞ്ഞതാണ് ശരി എന്നു അദ്ദേഹം സ്വയം തിരുത്തി എന്ന വസ്തുത മറന്നുകൂട.

പരീക്ഷാഫലങ്ങൾ രേഖപ്പെടുത്താൻ കോളേജ് ഉപയോഗിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ എൻഐസി (നാഷണൽ ഇൻഫോമാറ്റിക് സെന്റർ) യുടെ സോഫ്ട്–വെയറിൽ ഇത്തരം തെറ്റുകൾ സാധാരണ സംഭവിക്കുന്നുണ്ട് എന്നാണ് അത് ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ അനുഭവം. പക്ഷേ, എസ്‌എഫ്‌ഐ നേതാവായ ആർഷോയെയും കേരള സർക്കാരിനെയും കുരിശിലേറ്റാൻ നിരന്തരം ശ്രമിക്കുന്ന മാധ്യമങ്ങൾക്ക്‌ അതൊന്നും പ്രശ്‌നമല്ല. അവയ്‌ക്ക്‌ ദിവസേന എൽഡിഎഫ്‌ സർക്കാരിനെയും അതിനെ നയിക്കുന്നവരെയും ആക്രമിക്കാൻ എന്തെങ്കിലും വേണം. യാതൊരു അടിസ്ഥാനവുമില്ലാത്ത ഏത്‌ ആരോപണം ഉന്നയിക്കാനും അവയ്‌ക്ക്‌ ഒരു മടിയുമില്ല.

മഹാരാജാസ്‌ കോളേജിലെ ഏതോ അധ്യാപകനും കെഎസ്‌യു ഘടകവുമാണ്‌ ഇങ്ങനെയൊരു വാർത്ത മാധ്യമപ്രവർത്തകരെ അറിയിച്ചത്‌ എന്നാണ്‌ സൂചനകൾ. മാർച്ച്‌ മാസത്തിലാണ്‌ ഫലം പ്രസിദ്ധീകരിച്ചത്‌. ആ പരീക്ഷക്ക്‌ രജിസ്റ്റർ ചെയ്യുകയോ അതിനാൽതന്നെ അത് എഴുതുകയോ ചെയ്യാത്ത ആർഷോ ആ ഫലം എന്താണെന്നു തിരക്കാത്തത് സ്വാഭാവികം. മൂവായിരം വിദ്യാർഥികളുള്ള കോളേജിന്റെ പ്രിൻസിപ്പൽ അതേക്കുറിച്ച് ഒന്നും പറയാത്തതിൽ അത്ഭുതമില്ല. മാസങ്ങൾ കഴിഞ്ഞ് കെഎസ്-യുവിന്റെ കോളേജ് ഘടകവും സംസ്ഥാന നേതൃത്വവുമാണ് മാധ്യമങ്ങൾക്ക് വാർത്ത നൽകുന്നത്. അത് വിവാദമായപ്പോൾ പ്രിൻസിപ്പലും പരീക്ഷാ കൺട്രോളറും പ്രസിദ്ധീകരിച്ച -ഫലത്തെ ആദ്യം ന്യായീകരിച്ചു. ആർഷോ പരീക്ഷക്ക് താൻ രജിസ്റ്റർ ചെയ്തിരുന്നില്ല എന്നു കാണിച്ച് പരാതിപ്പെട്ടപ്പോഴാണ് അവർ വസ്തുത അനേ-്വഷിച്ചത് എന്നു വേണം കരുതാൻ. ആർഷോ രജിസ്റ്റർ ചെയ്യാത്ത പരീക്ഷയിൽ അയാൾ എഴുതി, പൂജ്യം മാർക്ക് ലഭിച്ചു, അതേ സമയം ജയിച്ചു എന്നു രേഖപ്പെടുത്തിയതിന്റെ കുറ്റം ഇപ്പോൾ എൻഐസി സോഫ്റ്റ്-വെയറിലാണ് ആരോപിച്ചിരിക്കുന്നത്. അത് ശരിയായിരിക്കാം. ഏതായാലും പൊലീസും മറ്റും അത് അനേ-്വഷിക്കുന്നുണ്ട്.

ആർഷോ എസ്-എഫ്ഐ നേതാവായതുകൊണ്ട് അദ്ദേഹത്തെ കുറ്റവാളിയാക്കുന്നതിനു ആരെങ്കിലും ബോധപൂർവം ശ്രമിച്ചിട്ടുണ്ടോ എന്ന സംശയം ന്യായമാണ്. രജിസ്റ്റർ ചെയ്യാത്ത ഒരു വിദ്യാർഥി പരീക്ഷക്ക് ഇരുന്നു എന്നു രേഖപ്പെടുത്തുന്നത് എങ്ങനെ? അയാളുടെ റോൾ നമ്പറും പേരും പരീക്ഷാ കൺട്രോളറുടെ പരിഗണനയിൽ വരേണ്ടതല്ലല്ലൊ. ആർഷോയുടെ പരാതി ലഭിച്ചപ്പോൾ പ്രിൻസിപ്പൽ ഉടനെ തെറ്റുതിരുത്തിയത് അതുകൊണ്ടാണ്. അതോടെ ആ അധ്യായം അവസാനിക്കേണ്ടതായിരുന്നു. കാരണം ഇത്തരം അബദ്ധങ്ങൾ ചിലപ്പോൾ സംഭവിച്ചു എന്നു വരാം. യാഥാർഥ്യം വ്യക്തമാകുന്നതോടെ വിവാദം അവസാനിക്കണം. പക്ഷേ, മറ്റ് താൽപ്പര്യമുള്ളവർ– മാധ്യമങ്ങൾ ആകാം, മറ്റു സ്ഥാപനങ്ങൾ ആകാം– അങ്ങനെ ചെയ്യില്ല.

മുപ്പത്തഞ്ചു വർഷം മുമ്പ് എഡേ-്വർഡ് ഹെർമനും നോം ചോംസ്കിയും ചേർന്നെഴുതിയ സമ്മതനിർമിതി (മാനുഫാക്ചറിങ്ങ് കൺസെന്റ്) എന്ന പുസ്തകം സ്ഥാപിത താൽപ്പര്യക്കാരുടെ പ്രചരണ ഏജൻസികൾ വ്യക്തമായ ലക്ഷ്യബോധത്തോടെ നടത്തുന്ന പ്രചരണ സംവിധാനത്തെയും രീതിയെയും ഉദ്ദേശ്യത്തെയും കുറിച്ച് വിവരിക്കുന്നുണ്ട്. അവയ്ക്കു വ്യക്തമായ ലക്ഷ്യമുണ്ട്. അതുപോലെ ഏഷ്യാനെറ്റ്, മലയാള മനോരമാദി മാധ്യമങ്ങൾക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. ഇടതുപക്ഷത്തെയും അതിന്റെ നേതാക്കളെയും സ്ഥാപനങ്ങളെയും ജനമധ്യത്തിൽ കരിതേച്ചു കാണിക്കുക. പി എം ആർഷോക്കെതിരായ പ്രചരണം അക്കൂട്ടത്തിൽപ്പെടുന്നതാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകമുതലാളിത്തം അമേരിക്കൻ സർക്കാരിന്റെ നേതൃത്വത്തിൽ ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റുകാർക്കും എതിരായി നടത്തുന്ന ആക്രമണപരിപാടിയുടെ ഭാഗമാണ് മാധ്യമങ്ങൾ വഴി നടത്തുന്ന ഇടതുപക്ഷത്തിനെതിരായ നീക്കങ്ങൾ. അതല്ലെങ്കിൽ, മഹാരാജാസ് പ്രിൻസിപ്പൽ പരീക്ഷാഫലത്തിൽ തെറ്റുപറ്റിയെന്നു സമ്മതിച്ച് തിരുത്തൽ വരുത്തിയതോടെ ഈ വിഷയം സംബന്ധമായ കോലാഹലം അവസാനിപ്പിക്കേണ്ടതായിരുന്നു.

മഹാരാജാസ് കോളേജ് അധികൃതർ സോഫ്റ്റ്-വെയർ തകരാറുമൂലമാണ് ഔദ്യോഗിക രേഖകളിൽ തെറ്റുപറ്റിയത് എന്നു പറഞ്ഞിട്ടും, ആർഷോയെയും എസ്-എഫ്ഐയെയും കുറിച്ചുള്ള ദുഷ്-പ്രചരണം കെഎസ്-യുവും യുഡിഎ-ഫും വലതുപക്ഷ മാധ്യമങ്ങളും അവസാനിപ്പിക്കുന്ന ലക്ഷണമില്ല.
കാരണം അവരുടെ ലക്ഷ്യം എസ്-എഫ്ഐയും, അതിന്റെ നേതാക്കളും, സിപിഐ എമ്മും എൽഡിഎഫ് സർക്കാരുമാണ്. ഏഷ്യാനെറ്റ് മലയാള മനോരമാദി മാധ്യമങ്ങൾക്ക് അതിനു വസ്തുതകൾ വേണമെന്നില്ല. പറയുന്നതു യാഥാർഥ്യം ആകണമെന്നില്ല. ഇല്ലാത്തയാൾ അപ്രത്യക്ഷനായതിനു കാരണം കമ്യൂണിസ്റ്റുകാരാണെന്ന് നിരന്തരം പ്രചരിപ്പിക്കുന്നതിനുള്ള തൊലിക്കട്ടി തങ്ങൾക്കുണ്ട് എന്നു പതിറ്റാണ്ടുകൾക്കുമുമ്പേ തെളിയിച്ചവരാണല്ലോ അവർ. കയ്യോടെ പിടിക്കപ്പെട്ടാലും അവർക്കു ഒരു ജാള്യതയുമില്ല, ഒരു കൂസലുമില്ല. കമ്യൂണിസ്റ്റുകാരെ ആക്രമിക്കാൻ വേണ്ടി ഇതും ഇതിനപ്പുറവും ചെയ്യാൻ അനുവദിക്കുന്നതാണ് അവരുടെ മാധ്യമധർമം!

മാധ്യമങ്ങൾ റിപ്പോർട്ടുചെയ്ത മറ്റൊരു കേസ് മുൻ എസ്എഫ്ഐ പ്രവർത്തകയായിരുന്ന വിദ്യയുടേതാണ്. ജോലിക്ക് അർഹത നേടനായി, ചില കോളേജുകളിൽ ജോലി ചെയ്തു എന്ന സർട്ടിഫിക്കറ്റ് കൃത്രിമമായി ചമച്ചു എന്നാണ് അവർക്കെതിരായ കേസ്. പൊലീസ് അതു അനേ-്വഷിക്കുന്നുണ്ട്. തെറ്റുകാരിയെന്നു കണ്ടാൽ അവർ ശിക്ഷിക്കപ്പെടട്ടെ. ഒരിക്കൽ എസ്എഫ്ഐ പ്രവർത്തകയായിരുന്നു എന്നത് തെറ്റ് ചെയ്തതിനു ന്യായീകരണമാക്കാനാവില്ല. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − 11 =

Most Popular