Friday, November 22, 2024

ad

Homeസംസ്ഥാനങ്ങളിലൂടെവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഗൂഢാലോചനയ്ക്കെതിരെ വിദ്യാർഥികൾ

വിദ്യാഭ്യാസത്തെ തകർക്കാനുള്ള ഗൂഢാലോചനയ്ക്കെതിരെ വിദ്യാർഥികൾ

ഷുവജിത് സർക്കാർ

കോവിഡ്‐19 നമ്മുടെ ജീവിതകാലം മുഴുവൻ ഭീഷണിയാണ്. അനേകമാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ദശലക്ഷക്കണക്കിനാളുകൾ രക്തസാക്ഷികളായി. ഇവിടെ ഒരു ചോദ്യമുയരാം. എന്തുകൊണ്ടാണ് കോവിഡ് ബാധിച്ച് മരിച്ചവരെ നാം രക്തസാക്ഷികളെന്നു വിളിക്കുന്നത്? ഉത്തരം ലളിതമാണ്. എന്തെന്നാൽ ഈ മനുഷ്യർ ഈ വൈറസിനെതിരെ നിർഭയം പൊരുതി. അവരിൽ ഭൂരിഭാഗംപേരും രോഗം ബാധിച്ച മറ്റുള്ളവരെ ശുശ്രൂഷിക്കവേ രോഗബാധിതരായി മരിച്ചവരാണ്. തീർച്ചയായും അവർ രക്തസാക്ഷികൾ തന്നെയാണ്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് വ്യാപകമാകാൻ തുടങ്ങിയപ്പോൾ ചരിത്രത്തിലാദ്യമായി നാം പലതിനും സാക്ഷ്യംവഹിച്ചു. മാസ്കും സാനിറ്റൈസറും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറി. ഒരു വിദ്യാർഥിയെ സംബന്ധിച്ച് ക്ലാസ് മുറിയിലെ അധ്യാപന രീതിയിൽ നിന്നും ഓൺലൈൻ രീതിയിലേക്കു വിദ്യാഭ്യാസം പറിച്ചുനട്ടതാണ് ഇതിന്റെ ഏറ്റവും വിനാശകരമായ ഭാഗം. ഈയടുത്ത കുറേ മാസങ്ങളായി പുരോഗമന വിദ്യാർഥി സംഘടനകൾ, പ്രത്യേകിച്ച് എസ്.എഫ്.ഐ വിദ്യാഭ്യാസ സംവിധാനം പുനഃസ്ഥാപിക്കുക, ഓപ്പൺ ക്യാമ്പസുകൾ, ഹോസ്റ്റലുകൾ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുവരികയാണ്. എന്നാൽ നിലവിലെ ഭരണസംവിധാനം ഇതിനെതിരെ മുഖംതിരിഞ്ഞുനിൽക്കുകയാണ്. തിരഞ്ഞെടുപ്പുകൾ നടത്താൻ കഴിഞ്ഞു; ഉത്സവങ്ങൾ സംഘടിപ്പിക്കാൻ കഴിഞ്ഞു; കമ്യൂണിക്കേഷൻ സംവിധാനങ്ങൾ മിക്കവാറും പുനഃസ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. എന്നാൽ വിദ്യാർഥി സമൂഹത്തിന്റെ പ്രശ്നങ്ങളെ ആരും കണക്കിലെടുക്കുന്നില്ല.

ക്ലാസ് റൂം വിദ്യാഭ്യാസം ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറ്റിയത് കോവിഡ്‐19 മൂലം മാത്രമായിരുന്നില്ല. അതിലുപരി രാജ്യത്തെ “അടച്ചുപൂട്ടിയ’ ലോക്ക്ഡൗൺ സാഹചര്യത്തെ ഇത്തരമൊരു ഗുരുതരമായ നടപടി എടുക്കുന്നതിനായി ഭരണകൂടം ഉപയോഗിക്കുകയായിരുന്നു.

നമ്മൾ ആദ്യമായി സ്കൂളിലേക്കു പോയ, നമ്മുടെ ആ ബാല്യകാലത്തിലേക്കൊന്നു പോകാം. നിങ്ങൾ ഓർക്കുന്നുണ്ടോ?

അതെ, നമ്മുടെ ക്ലാസ് റൂമുകളിൽ നിന്നാണ് നമ്മൾ ജീവിതത്തോടുള്ള സംവാദാത്മക സമീപനം രൂപപ്പെടുത്തിയത്. ലളിതമായി പറഞ്ഞാൽ അതിനർഥം, വ്യക്തിപരതയ്ക്കപ്പുറം ഒരു ജീവിതമുണ്ടെന്ന തിരിച്ചറിവ് നമ്മൾ വികസിപ്പിച്ചെടുത്തു. നമ്മൾ ഒരേ യൂണിഫോം ധരിച്ചത്, നമ്മളെല്ലാം ഒരേ നിലയിലുള്ളവരാണെന്ന ബോധം ഉളവാക്കി. നമ്മളിൽ നട്ടുവളർത്തപ്പെട്ട കൂട്ടായ്മയുടെ ആശയം ചോറ്റുപാത്രം മാത്രമല്ല എല്ലാമെല്ലാം പരസ്പരം പങ്കിടാൻ നമ്മെ പഠിപ്പിച്ചു. സഹപാഠികളുടെ ജാതി, മതം, ലിംഗം, വംശം എന്നിവയെപ്പറ്റി നമ്മൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഒന്നിച്ചുജീവിക്കാനും ഒന്നിച്ചുപഠിക്കാനും ഒന്നിച്ചുപ്രവർത്തിക്കാനും നമ്മൾ പഠിച്ചു. പുരോഗമനാത്മക വിദ്യാഭ്യാസത്തിനായുള്ള ഒരേയൊരു പാത ക്ലാസ് റൂം വിദ്യാഭ്യാസം തന്നെയാണ്. യാതൊരു ആസൂത്രണവുമില്ലാതെ നടപ്പാക്കിയ ലോക്ക്ഡൗൺ ആരംഭിച്ചകാലം മുതൽ എസ്.എഫ്.ഐ ഇത് ഊന്നിപ്പറഞ്ഞിരുന്നു.

2019ൽ എൻആർസി, എൻപിആർ, സിഎഎ എന്നിവയ്ക്കെതിരെ നടന്ന പ്രക്ഷോഭങ്ങൾ രാജ്യത്തെയാകെ ഒന്നിപ്പിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുമായും നേരിട്ടു ബന്ധമില്ലാത്ത ജനങ്ങൾ തെരുവിലേക്കിറങ്ങുകയും ഗവൺമെന്റിന്റെ ഈ നിയമങ്ങൾക്കെതിരായി ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. “ബിജെപി ഹഠാവോ ദേശ് ബച്ചാവോ’ എന്ന മുദ്രാവാക്യവും ഈ പ്രക്ഷോഭങ്ങളിലെല്ലാം ഉയർന്നുകേട്ടു. പ്രക്ഷോഭപരിപാടികളിലും ധർണകളിലും ഭൂരിഭാഗവും പങ്കെടുത്തത് വിദ്യാർഥികളായിരുന്നു എന്നത് ശ്രദ്ധേയമാണ്. മിക്ക വിദ്യാർഥികളും സാധാരണപോലെ അവരുടെ ക്ലാസുകൾ അറ്റൻഡ് ചെയ്യുകയും വീടുകളിലേക്കു മടങ്ങുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും പോസ്റ്ററുകളെഴുതുകയും ചെയ്തു. അക്ഷരാർഥത്തിൽ രാജ്യത്തിന്റെ രണ്ടാം സ്വാതന്ത്ര്യസമരത്തിലൂടെ നാം കടന്നുപോവുകയായിരുന്നു. ഇത്തരമൊരു മുന്നേറ്റത്തിന്റേതായ സാഹചര്യത്തെ ഭരിക്കുന്ന പാർട്ടിയായ ബിജെപി ഭയക്കുകയും വിദ്യാർഥികളുടെ ഐക്യം ശിഥിലമായില്ലെങ്കിൽ രാജ്യം ഭരിക്കുന്നത് അവർക്ക് ബുദ്ധിമുട്ടായിത്തീരുമെന്നും അവർ തിരിച്ചറിഞ്ഞു. വിദ്യാർഥി യൂണിയനുകൾ രൂപീകരിക്കപ്പെടുകയും യൂണിയൻവൽക്കരണം വിപുലമാവുകയും ചെയ്തു. അതിശയകരമാംവിധം വിദ്യാർഥികളാണിത് ചെയ്തത്. വിദ്യാർഥികളെ മാത്രമല്ല എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള ജനങ്ങളെയും സംഘടിപ്പിച്ചു. ബി.ജെ.പിയിലും വലതുപക്ഷത്തും നിൽക്കുന്ന മിക്ക കുടുംബങ്ങൾക്കും ഈ മുന്നേറ്റത്തിൽ പങ്കെടുക്കുന്നതിൽ നിന്നും തങ്ങളുടെ കുട്ടികളെ തടയാൻ കഴിഞ്ഞില്ല. നമ്മുടെ രാജ്യത്തിന്റെ യഥാർഥ ചിരിത്രം അറിയാൻ ജനങ്ങൾക്ക് അവസരം ലഭിച്ചു; ആർ.എസ്.എസ് പ്രചരണത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു. ഇടത് പുരോഗമനസ്വഭാവത്തോടുകൂടിയ ജനകീയമായ ഈ ഉയർന്നുവരവുമൂലം ഒരളവോളം ക്രമേണ വലതുപക്ഷ രാഷ്ട്രീയം ഒതുക്കപ്പെട്ടു. മുദ്രാവാക്യങ്ങൾ ഒന്നിച്ചു മുഴക്കുന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും ഐക്യത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചു.

ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചതു മൂലമുണ്ടായ മറ്റു ചില കാരണങ്ങളും വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികളുടെ എണ്ണം കുറയുന്നതിനു കാരണമായി. വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കുന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് എൻഇപി (ദേശീയ വിദ്യാഭ്യാസ പദ്ധതി). ഇത് വിദ്യാഭ്യാസം പണം കൊടുത്തുവാങ്ങാൻ കഴിയുന്ന ഒന്നാണെന്ന ആശയത്തെ നേരിട്ടു പ്രോത്സാഹിപ്പിക്കുന്നു. വിദ്യാഭ്യാസം കുറച്ചുപേർക്കു മാത്രം ലഭ്യമാവുകയാണെങ്കിൽ അപ്പോൾ അസംഘടിത മേഖലയിലെ ജോലിയ്ക്ക് കുറച്ചുപേർ മാത്രമേ യോഗ്യരായിരിക്കുകയുള്ളൂ. ആശുപത്രിയെക്കാൾ മന്ദിർ മസ്ജിദിന് ഒരു ഭരണകൂടം ഊന്നൽ നൽകുന്നുവെന്നത് ഞെട്ടലുളവാക്കുന്നു. വാസ്തവത്തിൽ അവർ കാർഷിക നിയമങ്ങൾ, പരിസ്ഥിതി ആഘാത വിലയിരുത്തൽ, ദേശീയ വിദ്യാഭ്യാസ നയം, ഡിജിറ്റൽ വിവേചനം എന്നിവ നടപ്പാക്കുമ്പോൾ ഇത്തരത്തിൽ വർഗീയമായ ചേരിതിരിവ് സൃഷ്ടിച്ച് ഇത്തരം വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ അവർ ശ്രമിക്കുന്നു.

ഡിജിറ്റൽ വിവേചനം രാജ്യത്ത് ആയിരക്കണക്കിന് സ്കൂൾ‐കോളേജ് വിദ്യാർഥികൾ പഠനമവസാനിപ്പിക്കാൻ നിർബന്ധിതരാകുന്ന അവസ്ഥയിലേക്കെത്തിച്ചു. കാമ്പസുകൾ അടച്ചിരുന്നതിനാൽ ഗവേഷക വിദ്യാർഥികൾക്ക് അവരുടെ ഗവേഷണം തുടരാനായില്ല. ലബോറട്ടറി, ലൈബ്രറികൾ എന്നിവയും തുടർന്ന് ഓഫ് ക്ലാസ്സുകളും ഘട്ടംഘട്ടമായി തുറക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. മഹാമാരി സൃഷ്ടിച്ച സാഹചര്യം വിദ്യാർഥി സമൂഹത്തിന്റെ അക്കാദമിക് അന്തരീക്ഷത്തെ താറുമാറാക്കിയെന്നും വലിയൊരു വിഭാഗം വിദ്യാർഥികളും മനോനില നഷ്ടപ്പെടുംവിധം, മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോവുകയാണെന്നും ഈയിടെ നടത്തപ്പെട്ട പഠനങ്ങൾ പറയുന്നു. മിക്കവാറും ലാബുകളെല്ലാം  വർഷം മുഴുവനും അടച്ചിട്ട അവസ്ഥയാണെങ്കിൽ പ്രാക്ടിക്കൽ ക്ലാസുകൾ തങ്ങൾക്ക് എങ്ങനെ പൂർത്തിയാക്കാൻ കഴിയുമെന്നതിനെപ്പറ്റി സയൻസ് വിദ്യാർഥികൾ ആശങ്കാകുലരാണ്. ചില സ്ഥാപനങ്ങൾ വിദ്യാർഥികൾക്ക് ലാബ് സൗകര്യങ്ങൾ ലഭ്യമാക്കിയെങ്കിലും അക്കാദമിക പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നത് സംബന്ധിച്ച്  മതിയായ ഗവൺമെന്റ് സർക്കുലർ ഇല്ലെന്നതാണ് യാഥാർഥ്യം. ഈ സാഹചര്യം സംബന്ധിച്ച് മിക്ക അധ്യാപകരും അവരുടെ ആശങ്ക ചൂണ്ടിക്കാണിക്കുകയും മറ്റെല്ലാം സാധാരണനിലയിലായ സാഹചര്യത്തിൽ വിദ്യാഭ്യാസ സമ്പ്രദായവും പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ഞങ്ങളുടെ സംസ്ഥാനമായ പശ്ചിമബംഗാളിനെ സംബന്ധിച്ച് ഏറ്റവും വിഷമകരമായത്, സർക്കാർ ഇക്കാര്യങ്ങളിലെല്ലാം വിമുഖതകാട്ടുന്നുവെന്നതാണ്. അതേസമയം അവർ വൈൻഷോപ്പുകൾ തുറക്കാൻ അനുവദിച്ചു. മമത സർക്കാർ ഇങ്ങനെ കാര്യങ്ങൾ തെറ്റായി കൈകാര്യം ചെയ്യുന്നതിൽ പുതുതായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്ന വിദ്യാർഥികളും പരിഭ്രാന്തിയിലാണ്. ഭരണകൂട സംവിധാനം രാജ്യത്തുടനീളം ഉത്സവങ്ങൾ സംഘടിപ്പിക്കുന്നു എന്നിട്ടും എന്തുകൊണ്ട് ക്യാമ്പസുകൾ തുറക്കുന്നില്ല? സമൂഹത്തിന്റെ കൂട്ടായ്മ എന്ന ആശയത്തെ തകർക്കാനുള്ള ഒരു വലിയ പദ്ധതിയാണ് ഓൺലൈൻ വിദ്യാഭ്യാസം. വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ഐക്യം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്. ഇതിനെതിരെയാണ് സമൂഹത്തിന്റെ ഭാവിനയരൂപീകരണ കർത്താക്കളായ വലതുപക്ഷ ശക്തികൾക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധമുയരുന്നത്. കാന്റീനുകൾ, പൊതുമുറികൾ, യൂണിയൻ മുറികൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ, ലാബുകൾ, കളിസ്ഥലങ്ങൾ എന്നിവയുൾപ്പെടുന്ന ആശയങ്ങൾ രൂപപ്പെടുത്തിയെടുക്കുന്ന അക്കാദമിക മേഖലയിൽ വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചുകഴിഞ്ഞാൽ അത് കൂടുതൽ പ്രശ്നമുണ്ടാക്കുമെന്ന് വലതുപക്ഷ ശക്തികൾ ഭയക്കുന്നു. അതുകൊണ്ടാണ് അവിടേക്കുള്ള പ്രവേശനം അവർ പരിമിതപ്പെടുത്തുന്നത്. ഈ ഓൺലൈൻ വിദ്യാഭ്യാസം ഞങ്ങളുടെ കാമ്പസുകളിൽ നിന്നും ഞങ്ങളെ നിയന്ത്രിക്കാനുള്ള ഒരു പദ്ധതിയാണ്. നമ്മുടെ കാമ്പസുകൾ വീണ്ടെടുക്കാനുള്ള സമയമാണിത്; കാമ്പസ് വിദ്യാർഥികളുടേതാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × one =

Most Popular