Friday, March 29, 2024

ad

Homeപുസ്തകംഅധികാരത്തിന്റെ നീരാളിപ്പിടുത്തങ്ങൾക്കെതിരെ

അധികാരത്തിന്റെ നീരാളിപ്പിടുത്തങ്ങൾക്കെതിരെ

ടി  കെ നാരായണദാസ്

ർക്കിച്ചും ബഹളംവച്ചും അന്തിച്ചർച്ചകൾ മുന്നേറുന്നതിനിടയിൽ അധികാരത്തിന്റെ നീരാളിപ്പിടുത്തത്തിൽ ജനാധിപത്യം ഞെരുങ്ങി ശ്വാസം മുട്ടുന്ന കാര്യം തുറന്നുകാട്ടുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഭാഷാ ഇൻസ്റ്റിറ്റ്യൂട് പ്രസിദ്ധീകരിച്ച ടി. നാരായണൻ മാസ്റ്റരുടെ “വിദ്യാഭ്യാസം സംസ്കാരം, സമൂഹം.’ കുട്ടികളുടെ രംഗത്തും വിദ്യാഭ്യാസരംഗത്തും പ്രവർത്തിക്കുന്ന വർക്ക് ഒരു കൈപ്പുസ്തകം പോലെ പ്രയോജനപ്പെടുന്ന ഈ പുസ്തകത്തിൽ 13 ലേഖനങ്ങ്ളാണുള്ളത്. ആദ്യത്തെ ഏഴു ലേഖനങ്ങളും കുട്ടികളും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണ്. തുടർന്നുള്ളവ അധികവും ചില വായനാനുഭവങ്ങളുടെ വിമർശനാത്മക വിലയിരുത്തലുമാണ്.

ദേശീയവിദ്യാഭ്യാസനയം മതരാഷ്ട്രത്തിന്റെ അടിത്തറ
ഏറ്റവും പ്രധാനമായത് ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള വിശദമായ പഠനമാണ്. ഇതിനകം പലരുടെയും പ്രതികരണങ്ങളും പഠനങ്ങളും പുറത്തു വന്നിട്ടുണ്ടെങ്കിലും . ഇതുപോലെ സർവതല സ്പർശിയായ പരിശോധനയും കമ്പോടുകമ്പ് വിമർശനവും നടത്തുന്ന പഠനങ്ങൾ അപൂർവ്വമാണ്. കൺകറന്റ്ലിസ്റ്റിൽ ഉൾപെട്ട വിഭാഭ്യാസത്തിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരത്തെ വെട്ടിച്ചുരുക്കി കേന്ദ്രത്തിന്റെ സമഗ്രാധിപത്യം സ്ഥാപിക്കാനാണ് ഈ നയത്തിലൂടെ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇതാണ് ഏറ്റവും വിനാശകരവും. പ്രധാനമന്ത്രി അധ്യക്ഷനായുള്ള രാഷ്ട്രീയ ശിക്ഷാ ആയോഗ് ആണ് എല്ലാം തീരുമാനിക്കുന്നത്. ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണിത്.
ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. പലമകളുടെ ഒരുമയാണ് ഈ നാടിന്റെ പെരുമയും മഹിമയും. ഈ സാംസ്കാരിക വൈവിധ്യങ്ങളെ പരിഗണിച്ചാണ് വിദ്യാഭ്യാസം ഭരണഘടനാ രൂപീകരണ ഘട്ടത്തിൽ സംസ്ഥാന വിഷയമാക്കിയത്. പിന്നീടത് കൺകറന്റ്ലിസ്റ്റിലായി. ഇന്നാകട്ടെ,കേന്ദ്രത്തിന്റെ പരമാധികാരം സ്ഥാപിക്കാനുള്ള ശ്രമമാണ്. വിദ്യാഭ്യാസതത്വങ്ങൾക്കെതിരായ നീക്കമാണിത്.

പ്രാദേശിക സംസ്കൃതികളെ മാനിക്കാത്ത വിദ്യാഭ്യാസം ഫലപ്രദമല്ല. മാത്രമല്ല കേന്ദ്രസർക്കാരിന്റെ അധികാര കേന്ദ്രീകരണത്തിനുള്ള ഈ ശ്രമം ഫെഡറലിസത്തിനും ജനാധിപത്യത്തിനും നേരെയുള്ള കടന്നാക്രമണം കൂടിയാണ്. ഒരു ജനതക്കുമേൽ അധികാരം സ്ഥാപിക്കാനുള്ള മുന്നുപാധി വിദ്യാഭാസത്തിന്റെ നിയന്ത്രണ മേറ്റെടുക്കലാണ് എന്ന് അധീശ ശക്തികൾക്കറിയാം.

നാരായണൻമാഷ് ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം കഴിഞ്ഞ വിദ്യാഭ്യാസനയങ്ങളുടെ പ്രയോഗാനുഭവത്തിന്റെ വിലയിരുത്തലില്ലാത്ത ഒരു നയപ്രഖ്യാപനമാണിത് എന്നതാണ്. മുതലിയാർ കമീഷനും കോത്താരി കമ്മീഷനും അതിനുമുമ്പുള്ള വിദ്യാഭ്യാസനയങ്ങൾ നടപ്പിലാക്കിയതിന്റെ അനുഭവങ്ങൾ വിലയിരുത്തിയിരുന്നു.

അതുപോലെ തന്നെ മതനിരപേക്ഷത എന്ന വാക്ക് ഒരിക്കൽ പോലും ഈ രേഖയിൽ കടന്നു വരാതിരിക്കാൻ അതീവശ്രദ്ധ പുലർത്തിയിട്ടുണ്ട്. ആ പദം ബോധപൂർവം ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്ന കാര്യം മാഷ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

പതിനൊന്നാം ക്ലാസ്സിലെ പൊളിറ്റിക്കൽ സയൻസ് ടെക്സ്റ്റ് ബുക്കിൽ ഭരണഘടനയുടെ ദർശനം (phylosophy of the constitution) എന്ന അധ്യായത്തിൽ നിന്ന് ഒന്നാമത്തെ വിദ്യാഭ്യാസമന്ത്രി അബ്ദുൾ കലാം ആസാദിന്റെ പേർ ഒഴിവാക്കിയതും, മുഗർഭരണത്തെക്കുറിച്ച് കുട്ടികൾ പഠിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതും ഗാന്ധി വധത്തെ തുടർന്ന് RSS നെ നിരോധിച്ചതുൾപ്പെടെയുള്ള ഭാഗങ്ങൾ നീക്കം ചെയ്തതുമായി ബന്ധപ്പെടുത്തി വേണം, ഈ പദബഹിഷ്കരണം വിലയിരുത്താൻ. വിദ്യാഭ്യാസത്തെ മതരാഷ്ട്രരൂപീകരണത്തിനുള്ള ആയുധമാക്കി ഉപയോഗിക്കാനുള്ള ഈ നീക്കത്തെ അതീവ ജാഗ്രതയോടെ ചെറുക്കേണ്ടതുണ്ട്.

ഭരണഘടനാ മൂല്യങ്ങൾ ഒഴിവാക്കുന്ന സമീപനം മുതൽ വിദ്യാഭ്യാസ ഘട്ട വിഭജനം വരെ ഓരോ ഘട്ടത്തിലും നിർദ്ദേശിക്കപ്പെട്ട പൊതു പരീക്ഷകൾ , ഭാഷാനയം, പ്രീപ്രൈമറി വിദ്യാഭ്യാസം, (വിദ്യാഭ്യാസ പൂർവ്വ പരിചരണം എന്ന പദം മാഷ് ഉപയോഗിച്ചിട്ടുണ്ട്. അതാണ് ഏറ്റവും ശരിയായ പദം) തൊഴിലധിjvTnX വിദ്യാഭ്യാസം, ഹയർ സെക്കൻഡറി വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഗവേഷണ വിദ്യാഭ്യാസം തുടങ്ങി സമസ്ത മേഖലകളേയും ജനപക്ഷത്തു നിന്ന് വിശദമായി പരിശോധിക്കുന്നുണ്ട്, ഈ ലേഖനം. സാമൂഹ്യജ്ഞാന നിർമ്മിതിവാദം, വിമർശനാത്മക അവബോധം, ശിശുകേന്ദ്രിത വിദ്യാഭ്യാസം, മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം തുടങ്ങി ജനാധിപത്യപരമായ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മോഹന പദാവലികളുടെ ഘോഷയാത്ര ആരെയും വിഭ്രമിപ്പിക്കും. പലരുടേയുമെന്നപോലെ നാരായണൻമാഷുടെ പഠനവും വ്യക്തമാക്കുന്നത് മുത്തുകളും രത്നങ്ങളും കൊണ്ടലങ്കരിച്ച വിഷചഷകമാണ് ദേശീയ വിദ്യാഭ്യാസ നയമെന്നാണ്. ഹിന്ദു രാഷ്ട്ര സ്ഥാപനത്തിനനുകൂലമായ ഒരു വിദ്യാഭ്യാസക്രമം രൂപപ്പെടുത്തുകയാണ്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അപ്രഖ്യാപിതലക്ഷ്യം.

ഖാദർ കമ്മിറ്റി റിപ്പോർട്ട്
ഖാദർക്കമ്മിറ്റി റിപോർട് ഇനിയും പൂർണ്ണ മായിട്ടില്ലെങ്കിലും അതു നടപ്പിലാക്കാൻ തിരുമാനിച്ചു കഴിഞ്ഞിട്ടില്ലെങ്കിലും വിവാദങ്ങൾക് ഒരു കുറവുമുണ്ടായില്ല. ചില മതമൗലികവാദ ശക്തികൾ ആ റിപ്പോർട് മത വിശ്വാസത്തിനെതിരാണെന്നു വരുത്തിത്തീർക്കാനാണ് ശ്രമിച്ചത്.

എന്തു പഠിക്കണമെന്നും എങ്ങിനെ പഠിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം തങ്ങൾക്കാണന്നമട്ടിലുള്ള മതമൗലികവാദികളുടെ ഈ നീക്കങ്ങൾ മതനിരപേക്ഷ സമുഹത്തിന് ഒട്ടും ആശാസ്യമല്ല. മാത്രമല്ല മതരാഷ്ട്ര നിർമ്മിതിലക്ഷ്യംവച്ചു നീങ്ങുന്നവരെ ഫലത്തിൽ സഹായിക്കുകയാണ് അവർ ചെയ്യുന്നത്.

ഖാദർ കമ്മീഷൻ ശുപാർശകളിൽ സ്കൂൾ സമയമാറ്റ നിർദ്ദേശം മാത്രമാണ് വിവാദമായത്. എന്നാൽ ഫലപ്രദമായ ഒട്ടേറെ നിർദേശങ്ങൾ കമ്മീഷൻ മുന്നോട്ടു വക്കുന്നുണ്ട്. അതെല്ലാം ഈ ലേഖനം വിശദമായി പരിശോധിക്കുന്നുണ്ട്.

അക്ഷരാഭ്യാസത്തിൽ ഊന്നിയുള്ള പ്രീസ്കൂൾ സമ്പ്രദായത്തിന്റെ അശാസ്ത്രീയ ത ചൂണ്ടിക്കാട്ടാനാണ് ലേഖനത്തിന്റെ സംഹഭാഗവും ഉപയോഗിച്ചത്. പ്രീ സ്കൂൾ ഘട്ടം ഇന്ന് അനിയന്ത്രിതമാണ്. അനാഥമാണ്. അശാസ്ത്രീയമാണ്. പ്രീസ്കൂൾ , പ്രീപ്രൈമറി എന്നൊക്കെപ്പറയുമ്പോൾ ഔപചാരിക വിദ്യാഭ്യാസത്തിന്റെ അനുബന്ധം എന്ന സമീപനമാണ് വ്യക്തമാകുന്നത്. അതിനാൽ ഈ ഘട്ടത്തെ വിദ്യാഭ്യാസ പൂർവ പരിചരണ ഘട്ടം എന്നു തന്നെയാണ് വിളിക്കേണ്ടത്. ഈ ഘട്ടത്തെ നിയന്ത്രിക്കാൻ ഒരു നിയമാവലി ആവശ്യമാണ്. അധ്യാപക നിയമനം, വിദ്യാഭ്യാസയോഗ്യത, അധ്യാപകരുടെ വേതനം തുടങ്ങ്ങി സമസ്ത വിഷയങ്ങളും ലേഖനം ചർച്ച ചെയ്യുന്നുണ്ട്.

വിദ്യാഭ്യാസാവകാശം അട്ടിമറിക്കപ്പെടുന്നു
അട്ടിമറിക്കപ്പെടുന്ന വിദ്യാഭ്യാസാവകാശ നിയമത്തെക്കുറിച്ചുള്ളതാണ് മൂന്നാമത്തെ ലേഖനം. ലോകത്തിൽ ഏറ്റവും കൂടുതൽ നിരക്ഷരരുള്ള രാജ്യമാണിന്ത്യ. സ്കൂൾ പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ എണ്ണവും ഏറ്റവും കൂടുതൽ ഇന്ത്യയിലാണ്‐ 60,164 ലക്ഷം. കൊഴിഞ്ഞു പോക്കും വലിയ തോതിലാണ്. സ്കൂൾ പ്രവേശനം നേടുന്നവരിൽ 5-ാം ക്ലാസ്സിലെത്തും മുമ്പ് 43% വും കൊഴിഞ്ഞു പോകുന്നു. 42% കുട്ടികൾ മാത്രമാണ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. ഈ ദാരുണാവസ്ഥയിൽ 8-ാം തരം വരെ നിർബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം നല്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നനുശാസിക്കുന്ന വിദ്യാഭ്യാസാവകാശ നിയമം (RTE Act) ഏറെ ആശ്വാസകരമായിരുന്നു. കുട്ടികൾക്ക് നടന്നെത്താവുന്ന ദൂരത്തിൽ (LP സ്കൂൾ – 1 Km, HS -3 Km) വിദ്യാലയങ്ങളുണ്ടാകണമെന്നും 8-ാം തരം വരെ ക്ലാസ് കയറ്റത്തിന് ഒരു പരീക്ഷയും ബാധകമാകരുതെന്നും RTE യിൽ വ്യക്തമാക്കിയിരുന്നു.. ഇതിനെല്ലാം ഘടകവിരുദ്ധമാണ് പുതിയ വിദ്യാഭ്യാസനയത്തിലെ ഓരോ നിർദേശങ്ങളും . ഓരോഘ്ട്ടത്തിലും പരീക്ഷ നടത്താനുള്ള നിർദ്ദേശം വിദ്യാഭ്യാസാവകാശ നിയമത്തെ അട്ടിമറിക്കുന്നതാണെന്ന് ലേഖനം സമർത്ഥിക്കുന്നു.

കുട്ടികളുടെ ക്ഷേമവും  വികസനവും
കേന്ദ്രശിശുനയത്തിലെ അപാകതകൾ ചൂണ്ടിക്കാണിക്കുന്നതാണ് അടുത്ത ലേഖനം . ഇന്ത്യയിലും ലോകത്തും ഇത:പര്യന്തമുള്ള ബാലാ വകാശ നിയമങ്ങളെ അവലോകനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ 2018 ലെ കേന്ദ്ര ശിശുസംരക്ഷണ നയത്തിന്റെ പരിമിതികൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

കുട്ടികളുടെ ക്ഷേമവും വികസനവും സംബന്ധിച്ച് ഇന്ത്യയിലെയും കേരളത്തിലേയും ഇന്നത്തെ സ്ഥിതി അവലോകനം ചെയ്യുകയും പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന ലേഖനത്തിൽ ജൻഡർ ബജറ്റിങ് നടപ്പാക്കണമെന്നും 40% ബാലക്ഷേമ പദ്ധതികൾക്കായി നിക്കി വെക്കണമെന്നും ആവശ്യപ്പെടുന്നു.

വേട്ടയാടപ്പെടുന്ന പെൺകുട്ടികളെ സംബന്ധിച്ച കുറിപ്പുകൾ നാം പലപ്പോഴായി കേട്ടതാണെങ്കിലും ഇങ്ങിനെ സമാഹൃതരൂപത്തിൽ കാണുമ്പോൾ ഹൃദയവേദനയോടെ മാതമേ നമുക്കു വായിച്ചു തീർക്കാൻ കഴിയു . മനുഷ്യരിൽ ഇത്രമാത്രം ക്രൂരതയും ഹൃദയശുന്യതയും എങ്ങിനെ നിലനില്ക്കുന്നു എന്നു നാം അത്ഭുതപ്പെട്ടുപോകും. പോക്സോ നിയമമുൾപ്പെടെയുള്ള ബാലാവകാശ നിയമങ്ങളുടെ പരിമിതികൾ മൂലം വിചാരണകൾ തന്നെ പീഡനത്തിന്റെ ആവർത്തനമാകുന്ന സ്ഥിതിയുണ്ട്. ശിക്ഷ കഠിനമാക്കിയതു കൊണ്ടോ വധശിക്ഷ തന്നെ വിധിച്ചതുകൊണ്ടോ ഈ ക്രൂരതകൾക്കന്ത്യമുണ്ടാകുമോ എന്ന ചോദ്യവും പ്രസക്തമാണ്.

ഇതിനുള്ള ഒരു മറുപടിയാണ് വീടുകളിലെ ജനാധിപത്യത്തെക്കുറിച്ചുളള ലേഖനം . അഞ്ചു വർഷം കൂടുമ്പോൾ നടക്കുന്ന വോട്ടെടുപ്പല്ല, ജനാധിപത്യം . അതൊരു ജീവിത രീതിയാണ്. സംസ്കാരമാണ്. സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റായ കുടുംബത്തിൽ അതുണ്ടാവണം. അപ്പോൾ മാത്രമേ നാം ജനാധിപത്യ സംസ്കാരമുള്ള ജനതയായി മാറൂ.

നിർഭാഗ്യവശാൽ കുടുംബം ഏറ്റവും ജനാധിപത്യ വിരുദ്ധവും യാഥാസ്ഥിതികവുമായി തുടരുകയാണ്. അതിലെ ജനാധിപത്യവിരുദ്ധതതിരിച്ചറിയപ്പെടുന്നതുപോലുമില്ല.. ഗാർഹികജോലികൾ എല്ലാവരും ഒരുമിച്ചു പങ്കിടുന്ന, കുടുംബ കാര്യങ്ങൾ എല്ലാവരും ചേർന്ന് ചർച്ചചെയ്തു തീരുമാനിക്കുന്ന സ്ഥിതിയുണ്ടാവുക, സ്ത്രീകൾക്കും കുട്ടികൾക്കും ഇത്തരം കാര്യങ്ങളിൽ തുല്യത ഉണ്ടായിരിക്കുക തുടങ്ങിയ സമീപനങ്ങൾ സ്വീകരിക്കപ്പെടണം.. അങ്ങിനെയുള്ള കുടുംബമാണ് ജനാധിപത്യ കുടുംബം. അപ്പോഴാണ് കുടുംബം കൂടുമ്പോൾ ഇമ്പമുള്ളതാകുന്നത്. വീട് സ്നേഹവീടാകുന്നത്.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾക്കും കുട്ടികൾക്കു നേരെ നടക്കുന്ന ക്രൂരമായ ബലപ്രയോഗങ്ങൾക്കും അടിസ്ഥാനം ജനാധിപത്യ വിരുദ്ധതയാണ്. ആണധികാരത്തിന്റെ ധാർഷ്ട്യങ്ങളാണ്.

കുടുംബ ബന്ധങ്ങളിൽ വരെ വേരിറക്കമുള്ള ജനാധിപത്യ സംസ്കാരം ശക്തിപ്പെടുമ്പോഴാണ് മാനവികമായ ഒരു സമൂഹം രൂപം കൊള്ളുന്നത്.

വിമർശനാത്മകവായന
തുടർന്നുള്ള കുറിപ്പുകൾ മുഖ്യമായും തന്റെ വായനാനുഭവങ്ങളുടെ പങ്കു വെപ്പാണ്. വ്യക്തി ജീവിതവും സാമൂഹ്യ ജീവിതവും തമ്മിൽ വ്യത്യാസമില്ലാതിരുന്ന Ems ന്റെ ആത്മകഥയുടെ പുനർവായന നല്കിയ പുതിയ അനുഭവം പങ്കു വെക്കുന്നതാണ് ഒന്ന്. ദുരവസ്ഥയുടെ ലാവണ്യ പരമായ വിലയിരുത്തലിനോട് (ഡോ. എം.ലീലാവതി ) കടുത്ത വിയോജിപ്പുരേഖപ്പെടുത്തുന്നതാണ് മറ്റൊരു ലേഖനം . വി.ടി.യുടെ ജീവിതത്തെ ആസ്പദമാക്കി ഇ.ഡി. ഡേവിസ് രചിച്ച ” ഇരിക്കപ്പിണ്ഡം കഥ പറയുമ്പോൾ ” എന്ന നാടകത്തെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പാണ് മറ്റൊന്ന്. അക്കിത്തത്തിന്റെ ജീവിതാന്ത്യത്തിൽ പതറിപ്പോയ ജീവിത വീക്ഷണത്തോട് വിയോജിക്കുമ്പോൾ തന്നെ. മലയാളത്തിനും മനുഷ്യരാശിക്കും അദ്ദേഹം നല്കിയ മഹത്തായ സംഭാവനകളെ നമുക്കു മാനിക്കാൻ കഴിയണമെന്ന നിലപാടുയർത്തിപ്പിടിക്കുന്നതാണ് മറ്റൊരു കുറിപ്പ്. തന്റെ സഹപാഠിയും സുഹൃത്തും സഹപ്രവർത്തകനും സഖാവുമായിരുന്ന സി.ജി. ശാന്തകുമാറിനെക്കുറിച്ചുള്ള ഹൃദയസ്പൃക്കായ ഓർമ്മക്കുറിപ്പാണ് മറ്റൊന്ന്.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം വ്യാപകമായി വായിക്കപ്പെടേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതുമാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen − 6 =

Most Popular