Friday, November 22, 2024

ad

Homeസിനിമഭാർഗവീനിലയത്തിൽനിന്നും നീലവെളിച്ചത്തിലേക്കുള്ള ദൂരം

ഭാർഗവീനിലയത്തിൽനിന്നും നീലവെളിച്ചത്തിലേക്കുള്ള ദൂരം

രാധാകൃഷ്‌ണൻ ചെറുവല്ലി

ഥാർഥത്തിൽ ഈ ലേഖനത്തിനുള്ള തലക്കെട്ട്‌ നീലവെളിച്ചത്തിൽ നിന്നും ഭാർഗവീനിലയത്തിലേക്കുള്ള ദൂരം എന്നാണ്‌ നൽകേണ്ടിയിരുന്നത്‌. 1952ൽ പ്രസിദ്ധീകൃതമായ ‘പാവപ്പെട്ടവരുടെ വേശ്യ’ എന്ന കഥാസമാഹാരത്തിലാണ്‌ ‘നീലവെളിച്ചം’ എന്ന കഥ ബഷീർ ഉൾപ്പെടുത്തിയിരുന്നത്‌. 1964ൽ ‘നീലവെളിച്ചം’ എന്ന കഥാബീജത്തെ ബഷീർ വിപുലമായ തിരക്കഥയാക്കി. ആ ചെറുകഥ ഭയരഹിതമായും തെല്ല്‌ തമാശരൂപേണയും ബഷീർ എഴുതി. എന്നാൽ തിരക്കഥയിൽ ഭീതിയുടെ ഘടകങ്ങൾ ഉൾച്ചേർത്തു. ഒരുപക്ഷേ, കഥയേക്കാൾ എത്രയോ മുകളിലാണാ തിരക്കഥ. ബഷീറിയൻ ടച്ച്‌ അതിന്റെ ഉത്തുംഗതയിൽ പരിലസിക്കുന്ന സാഹിത്യകുസുമം.

1964ൽ പുറത്തുവന്ന ഭാർഗവീനിലയം ഒരു വമ്പൻ ഹിറ്റായിരുന്നു. എ വിൻസന്റ്‌ എന്ന ഛായാഗ്രാഹകന്റെ ആദ്യ സംവിധാനസംരംഭം. എന്നാൽ ഛായാഗ്രാഹകന്റെ പണി വിൻസന്റ്‌ ഏൽപ്പിച്ചത്‌ പി ഭാസ്‌കര റാവുവിനെയും. അക്കാലത്തെ ഏറ്റവും മികച്ച പ്രതിഭാധനന്മാരുടെ കൂട്ടായ പരിശ്രമമാണ്‌ ഭാർഗവീനിലയം എന്ന സിനിമയുടെ പിറവിക്കുപിന്നിൽ. ടി കെ പരീക്കുട്ടി എന്ന നിർമാതാവ്‌, എ വിൻസന്റ്‌ എന്ന സംവിധായകൻ, വൈക്കം മുഹമ്മദ്‌ ബഷീർ എന്ന തിരക്കഥാകൃത്ത്‌, പി ഭാസ്‌കരൻ എന്ന ഗാനരചയിതാവ്‌, എം എസ്‌ ബാബുരാജ്‌ എന്ന സംഗീതസംവിധായകൻ, ജി വെങ്കിട്ടരാമൻ എന്ന എഡിറ്റർ‐ എന്തൊരു മഹത്തായ കൂടിച്ചേരൽ!


ഭാർഗവീനിലയം എന്ന ചലച്ചിത്രം മലയാള സിനിമാസ്വാദകരുടെ സഞ്ചിതസ്‌മരണകളിൽ. സദാ കൂടിക്കൊണ്ടിരുന്നു. തലമുറകളിലേക്ക്‌ ആ ചലച്ചിത്രം പ്രദാനംചെയ്‌ത ഭീതിയും കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. ആ ചലച്ചിത്രത്തിലെ പാട്ടുകൾ സഞ്ചിത ഗാനസംസ്‌കാരത്തിന്റെ ഭാഗമാവുകയും ആ ചിത്രത്തെക്കുറിച്ചുള്ള. സ്‌മരണകൾ പുനരുൽപ്പാദിപ്പിക്കുകയും ചെയ്‌തിരുന്നു. ഒരു ‘പ്രേത സിനിമ’ എന്നതിനപ്പുറം ആ സിനിമ വായിക്കപ്പെടാതെ പോയത്‌ അക്കാലത്തെ ചലച്ചിത്ര നിരൂപണശാഖയുടെ പരിമിതിമൂലമാകാം. എഴുത്തുകാരന്റെ ഭാവനാലോകം എന്ന അതിരുകളില്ലാത്ത സാമ്രാജ്യത്തിലേക്ക്‌ സംഭാവ്യത എന്ന ഒറ്റ അളവുകോൽകൊണ്ട്‌ അളക്കാൻ ചെന്നാൽ എന്താണുണ്ടാവുക? മരണാനന്തര ജീവിതം എന്ന ‘ഭയങ്കര’ സമസ്യ ഇന്നും കുരുക്കഴിയാതെ കിടക്കുന്നുണ്ട്‌. എഴുത്തുകാരന്റെ ഭാവനയ്‌ക്കകത്തെ ‘യക്ഷിയെ’ തൂവെള്ള സാരിയുടുപ്പിച്ച്‌ അവതരിപ്പിക്കുമ്പോൾ മിഥ്യയും യാഥാർഥ്യവും പ്രേക്ഷകമനസ്സിൽ കീഴ്‌മേൽ മറിയുന്നു.

ഭാർഗവീനിലയം ആഷിക്ക്‌ അബു റീമേക്ക്‌ ചെയ്യുന്നുവെന്ന വാർത്ത മലയാള ചലച്ചിത്രപ്രേമികൾ ആവേശത്തോടെയാണ്‌ സ്വീകരിച്ചത്‌. അതിലെ പാട്ടുകൾ ശഹബാസ്‌ അമൻ, ചിത്ര എന്നിവരുടെ ശബ്ദത്തിലൂടെ കേട്ടപ്പോൾ പുതുജീവൻ വച്ചപോലെ. ഇത്തരം പ്രതീക്ഷകളുടെ ലോകത്തിലേക്കാണ്‌ നീലവെളിച്ചം പിറന്നുവീണത്‌. ഭാർഗവീനിലയത്തിൽ നിന്നും വേറിട്ടുനിന്ന്‌ ‘നീലവെളിച്ചം’ കാണാനാണ്‌ ശ്രമിച്ചത്‌. എന്നിട്ടും നീലവെളിച്ചത്തിന്റെ ബാക്‌ഡ്രോപ്‌ പോലെ ഭാർഗവീനിലയം അങ്ങനെ നിലകൊണ്ടു. അതിനു കാരണം സംവിധായകൻ തന്നെയാണ്‌. ബഷീറിന്റെ തിരക്കഥയെ ആരാധമാക്കുകയും അതിൽ അന്തർലീനമായ കാലത്തിന്റെ പരിമിതി എന്ന ഘടകത്തെ അഭിസംബോധന ചെയ്യാൻ തയ്യാറാവാതിരിക്കുകയും ചെയ്‌തതിനാലാവാം അങ്ങനെ സംഭവിച്ചത്‌. കാലത്തിന്റെ പരിമിതിയെ മറികടക്കണമെങ്കിൽ പുതിയ കാലത്തുനിന്നുകൊണ്ട്‌ ആ വിഷയത്തെ സമീപിക്കണം. അങ്ങനെ സമീപിക്കുന്നില്ലെങ്കിൽ ആ സിനിമയുടെ റീമേക്കിന്‌ എന്തു പ്രസക്തിയാണുള്ളത്‌? ആറരപ്പതിറ്റാണ്ട്‌ കലാസ്വാദനത്തിന്റെയും വിശകലനത്തിന്റെയും ടൂളുകളിൽ എന്തെല്ലാം മാറ്റം കൊണ്ടുവന്നിരിക്കുന്നു! അതിലേക്ക്‌ മനസ്സു പായിക്കാൻ ആഷിക്ക്‌ ഒട്ടും ശ്രദ്ധചെലുത്തി കണ്ടില്ല. മിഥ്യയും യാഥാർഥ്യവും ഇടകലർത്തി പുതിയ ഭാവുകത്വതലങ്ങൾ ഉത്പാദിപ്പിക്കാൻ പറ്റുന്ന വിശകലനരീതി ഇന്നു നടപ്പിലുണ്ട്‌. സിനിമ ഏറെ മാറിയിരിക്കുന്നു. ചതഞ്ഞ മെറ്റഫറുകൾ ഇന്ന്‌ പ്രേക്ഷിത മനസ്സിലേക്ക്‌ പ്രവേശിക്കില്ല എന്നെങ്കിലും ചലച്ചിത്ര പ്രവർത്തകർ മനസ്സിലാക്കണം.

ഇത്രയും കാര്യങ്ങൾ ആമുഖമായി പറഞ്ഞത്‌ നിലവെളിച്ചത്തെ ഇകഴ്‌ത്താനല്ല. ബഷീറിന്റെ കഥയെയും തിരക്കഥയെയും എങ്ങനെ വർത്തമാന വായനയ്‌ക്ക്‌ വിധേയമാക്കും എന്ന്‌ സൂചിപ്പിക്കാനാണ്‌. ഭാർഗവീനിലയം കാണാനായി നീലവെളിച്ചം കണ്ടവർക്ക്‌ നിരാശ തോന്നിയിട്ടുണ്ടാകും. കാരണം അവർക്ക്‌ ഭാർഗവീനിലയം നൽകിയ ഭീതിയുടെ ഫീൽ ഇതിൽ ലഭ്യയാമിട്ടുണ്ടാവില്ല. ഇനി ഭാർഗവീനിലയത്തിൽ കയറിയിട്ട്‌ നീലവെളിച്ചം കാണാൻ പോയവർക്കോ? അവർക്ക്‌ കാണാനായത്‌ ഭാർഗവീനിലയത്തിന്റെ മോശം അനുകരണവും.

നീലവെളിച്ചം ഒരു ശരാശരി ചലച്ചിത്രം മാത്രമായി. എന്നാൽ ഭാർഗവീനിലയം ആ കാലഘട്ടത്തിലെ പുതുമയായിരുന്നു. ഭാർഗവീനിലയത്തിൽ നിഴൽപരത്തിയിരുന്ന ഭീതി എന്ന ഘടകത്തിന്റെ ഉപയോഗം ചിത്രത്തെ ഒരു ‘യക്ഷി’ സിനിമയാക്കാൻ ഇടവരുത്തി. ബഷീറിന്റെ ഭാവനയുടെ ആഴം ചലച്ചിത്രത്തിലേക്കു പകരുന്നതിൽ ഭാർഗവീനിലയം വിജയിച്ചിരുന്നില്ല. ഭീതി എന്ന ഘടകത്തെ ആഷിക്ക്‌ വേണ്ടത്ര ഉപയോഗിച്ചില്ല എന്നത്‌ മേന്മയായ ഘടകമാണ്‌. എന്നാൽ ബഷീറിയൻ നിരീക്ഷണത്തിന്‌ കാലികമായ വ്യാഖ്യാനം ചമയ്‌ക്കാനൊട്ട്‌ ആയിട്ടുമില്ല.

‘‘നീലവെളിച്ചം എന്ന കഥ എന്റെ ജീവിതത്തിന്റെ അത്ഭുത സംഭവങ്ങളിൽ ഒന്നാണ്‌. സംഭവത്തേക്കാൾ നല്ലത്‌ അത്ഭതത്തിന്റെ ഒരു കുമിള എന്നു പറയുന്നതായിരിക്കും. ശാസ്‌ത്രത്തിന്റെ സൂചികൊണ്ട്‌ ഇതിനെ കുത്തിപ്പൊട്ടിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്‌. പക്ഷേ, എന്നെക്കൊണ്ട്‌ പൊട്ടിക്കാൻ കഴിയുന്നില്ല. ഒരുപക്ഷേ നിങ്ങൾക്ക്‌ കഴിഞ്ഞക്കാം; വിശകലനം ചെയ്‌ത്‌, വ്യാഖ്യാനിക്കാനും…’’ നീലവെളിച്ചം എന്ന കഥ ഇങ്ങനെ പറഞ്ഞുകൊണ്ടാണ്‌ ബഷീർ തുടങ്ങുന്നത്‌.

ഭീതിജനകമായ ആ പഴയ മാളികയിൽ യക്ഷിക്കഥകൾ കേട്ട്‌ കഴിയുന്ന ഒരുവന്റെ ഹാലൂസിനേഷൻ അഥവാ ഇല്ലാത്ത അനുഭവത്തെ ഉള്ളതായി കാണുന്ന അവസ്ഥയെപ്പറ്റി പരിശോധിക്കാൻ വിൻസെന്റോ ആഷിക്ക്‌ അബുവോ ശ്രമിച്ചുകണ്ടില്ല. വിപണി എന്ന ലക്ഷ്യത്തെ മുൻനിർത്തി ഒരു കഥയെ സമീപിക്കുന്നതിനാലാവാം അത്തരമൊരു പരിശോധനയ്‌ക്ക്‌ മുതിരാത്തത്‌.

ബഷീറിന്റെ ഭാർഗവിക്ക്‌ വിൻസന്റ്‌ നൽകിയ ഭാഷ്യവും ആഷിക്ക്‌ നൽകിയ ഭാഷ്യവും ഒന്നായിരിക്കുമ്പോൾതന്നെ ഭിന്നവുമാണ്‌. എന്നാൽ വിൻസന്റിന്റെ ഭാർഗവി കൂടുതൽ സ്‌ത്രീകേന്ദ്രീകൃത നിർമിതിയാണ്‌. ഭാർഗവിയുടെ ‘മരണാനന്തര ജീവിത’ത്തിന്‌ കൂടുതൽ മികവു പകരാൻ വിൻസന്റ്‌ ശ്രമിച്ചപ്പോൾ മറുഭാഗത്തിനാണ്‌ കൂടുതൽ മികവേകാൻ ആഷിക്ക്‌ ശ്രമിച്ചത്‌. ക്ലാസിക്കുകൾ ഒരിക്കൽ മാത്രമാണ്‌ സംഭവിക്കുന്നത്‌. ഒരു ക്ലാസിക്‌ രണ്ടുവട്ടം ആവർത്തിക്കില്ല. പുനർജനിപ്പിക്കാനാകും. ഒറിജിനലിൽനിന്നും കലാപരമായ ഇടർച്ചയും തുടർച്ചയും ഉണ്ടാകുമ്പോൾ മാത്രമാണ്‌ ക്ലാസിക്കുകളുടെ പുനരാവിഷ്‌കാരം പ്രസക്തമാകുന്നത്‌. ആൽഫ്രഡ്‌ ഹിച്ച്‌കോക്ക്‌ ‘തെർട്ടിനയൻ സ്‌റ്റെപ്പ്സ്‌’ എന്ന ജോൺ ഡ്യൂക്കന്റെ നോവലിനു നൽകിയ ഭാഷ്യം ഇന്നും തിളക്കമാർന്നു നിൽക്കുമ്പോൾ പിന്നീട്‌ ആ നോവലിനെ അധികരിച്ചെടുത്ത സിനിമകൾ പരാജയപ്പെടുന്നത്‌ ഹിച്ച്‌കോക്ക്‌ സ്വീകരിച്ച സമീപനത്തിനൊത്ത്‌ അത്‌ ഇല്ലാതെ പോയതുകൊണ്ടാണ്‌.

എറിക്‌ മറിയ റെമാൻക്യുവിന്റെ ‘ആൾ ക്വയറ്റ്‌ ഓൺ ദ വെസ്‌റ്റേൺ ഫ്രണ്ട്‌’ (1929) 1930ൽ ലൂയിസ്‌ മൈൽസ്‌റ്റോൺ ചലച്ചിത്രമാക്കിയപ്പോൾ അത്‌ എക്കാലത്തെയും മികച്ച യുദ്ധവിരുദ്ധ സിനിമകളിലൊന്നായി. ഇതേ നോവലിനെ അധികരിച്ച്‌ എഡ്വാർഡ്‌ ബർഗർ ഇതേപേരിൽ പുതിയ സിനിമയെടുത്തപ്പോൾ (2022) ഒറിജിനൽ സിനിമ തന്നെ സ്വാധീനിക്കാതിരിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളും എന്നാൽ സിനിമ ഫലത്തിൽ പഴയ സിനിമാരംഗങ്ങളുടെ അനുകരണമായിത്തീർന്നതും ഒരു അഭിമുഖത്തിൽ ആ സംവിധായകൻ വിശദമാക്കിയിരുന്നു. എന്നാൽ, താൻ അത്രമേൽ ഇഷ്ടപ്പെട്ടിരുന്ന ഒറിജിനൽ സിനിമ തന്റെ അബോധ സ്വാധീനമായി വർത്തിച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. അതുകൊണ്ട്‌ പഴയ സിനിമയുടെ പല സീനുകളും അതേപടി അനുകരിക്കപ്പെട്ടത്രേ.

ഈ അനുഭവങ്ങൾ പഠിപ്പിക്കുന്ന പാഠം ഒറിജിനൽ സിനിമകളുടെ അബോധ സ്വാധീനം റീമേക്ക്‌ ചെയ്യുന്ന പുതിയ സംവിധായകർക്ക്‌ വലിയ വെല്ലുവിളിയായിരിക്കും ഉയർത്തുന്നത്‌ എന്നാണ്‌. എന്തിനാണ്‌ നിങ്ങൾ റീമേക്ക്‌ ചെയ്യുന്നത്‌? നിങ്ങൾ എന്തു ചെയ്‌താലും അത്‌ ഒറിജിനൽ സിനിമയെ ബാധിക്കാൻ പോകുന്നില്ല. പൊളിച്ചിട്ട കെട്ടിടത്തിന്റെ ഇഷ്ടികകൾകൊണ്ടല്ല നിങ്ങളിവിടെ പുതിയ കെട്ടിടം പണിയുന്നത്‌. പഴയ കെട്ടിടത്തിന്റെ ഛായ അതേപടി നിലനിർത്തി പുതിയ കെട്ടിടം പണിയുകയാണ്‌. അത്‌ ഒരു വെല്ലുവിളി തന്നെയാണ്‌.

ഈ വെല്ലുവിളി ഏറ്റെടുക്കാൻ ആഷിക്കിന്‌ എത്രമാത്രം കഴിഞ്ഞിട്ടുണ്ടെന്ന്‌ പരിശോധിക്കുമ്പോൾ വേണ്ടത്ര വിജയിച്ചിട്ടില്ലെന്നേ പറയാനാവൂ.

ബഷീറിന്റെ സ്‌പർശമുള്ള സംഭാഷണങ്ങളും സിറ്റ്വേഷനുകളും പകരുന്ന ചാരുത ഈ സിനിമ നിലനിർത്തുന്നു. മനോഹരങ്ങളായ ഗാനങ്ങൾ പുതുജീവനേകുന്നു. എങ്കിലും പുതിയകാല പ്രേക്ഷകർക്ക്‌ ഈ സിനിമ ഉൾക്കൊള്ളാനായില്ല. ‘യക്ഷി’ സിനിമയായോ മനസ്സിന്റെ മായാജാലമായോ അവർക്ക്‌ ഈ സിനിമയെ കണക്ട്‌ ചെയ്യനായില്ല. അവർക്കു പലർക്കും ഇത്‌ പരാജയപ്പെട്ട ഹൊറർ സിനിമമാത്രം. പഴയ ഭാർഗവീനിലയത്തിന്റെ ഓർമകളുമായെത്തിയവർക്കും ആ ഫീൽ ലഭിച്ചിട്ടുണ്ടാവില്ല. കാരണം അവർ കാണാൻ ശ്രമിച്ചത്‌ പഴയ സിനിമയായിരുന്നു. ഈ രണ്ടുകൂട്ടരെയും കൂട്ടിപ്പോകാനുള്ള കലാകുശലതയും സയന്റിഫിക്‌ ടെന്പറും സംവിധായകന്‌ ഇല്ലാതെപോയി. ടൊവിനോ, റിമ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ തുടങ്ങിയവരുടെ കഥാപാത്രങ്ങൾ അഭിനയമികവു പുലർത്തിയപ്പോൾതന്നെ കഥാസന്ദർഭങ്ങളുമായി ഇഴുകിച്ചേരാതെ കിടക്കുന്നു.

ഈ സിനിമയുടെ ഏറ്റവും മോശമായ ഘടകം അതിന്റെ കലാസംവിധാനമാണ്‌. അറുപതുകളിലെ അന്തരീക്ഷം സൃഷ്ടിക്കാൻ നടത്തിയ ശ്രമങ്ങൾ കേവലം നാടകസെറ്റുപോലെ അനുഭവപ്പെട്ടു. കഥയുടെ കേന്ദ്രസ്ഥാനമായ ‘ഭാർഗവീനിലയം’ അത്യാധുനിക നിർമിതിയായാണ്‌ തോന്നിയത്‌. ഭാർഗവീനിലയം എന്നത്‌ ഭീതിയുടെ അപരനാമധേയമായത്‌ സംവിധായകൻ കണക്കിലെടുത്തില്ല.

ബഷീറിന്റെ കഥയെ/തിരക്കഥയെ ആ കാലത്തു നിലനിർത്തി പുതിയ ഭാവുകത്വത്തിലേക്ക്‌ ആനയിക്കാൻ ഈ ചിത്രത്തിനായില്ല. യക്ഷിയുടെ യൂണിഫോമായ വെള്ള സാരി ബഷീറിയൻ കൺസപ്‌റ്റല്ല; അദ്ദേഹം വാർപ്പുമാതൃകകൾ പൊളിച്ചയാളാണ്‌. പഴയ ചിത്രം മുന്നോട്ടുവച്ച ഭാവുകത്വപരിസരങ്ങൾ ഒട്ടുമേ നിലനിൽക്കാത്ത ഇക്കാലത്തേക്ക്‌ ബഷീറിന്റെ തിരക്കഥയെ ആനയിക്കുമ്പോൾ പുലർത്തേണ്ട ഭാവുകത്വപരിണാമത്തെ കണക്കിലെടുക്കാത്തു കാരണമാകാം ഈ സിനിമയെ തിരസ്‌കരിക്കാൻ പഴയ തലമുറയും പുതിയ തലമുറയും ഒരുപോലെ തയ്യാറായത്‌.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × three =

Most Popular