Saturday, April 20, 2024

ad

Homeചിത്രകലഅബ്‌സ്‌ട്രാക്ട്‌ എക്‌സ്‌പ്രഷനിസത്തിന്റെ സംവേദാത്മക ചിത്രങ്ങൾ

അബ്‌സ്‌ട്രാക്ട്‌ എക്‌സ്‌പ്രഷനിസത്തിന്റെ സംവേദാത്മക ചിത്രങ്ങൾ

ഡോ. രഞ്‌ജു

റോബർട്ട് ലോപ്പസ് ചിത്രകലയിലെ തന്റെ പഠനങ്ങൾ തുടരുന്നു. അൻപതോളം വർഷങ്ങളായി തുടരുന്ന പഠനം. അംഗീകാരങ്ങൾക്കോ അതിനായി അവലംബിക്കപ്പെടുന്ന പ്രവണതകൾക്ക്- വഴങ്ങിയോ തന്റെ ഈ പഠനത്തിൽ നിന്ന് വ്യതിചലിക്കാൻ ഒരുക്കമല്ല ഈ കലാകാരൻ.


1987ൽ യൂണിവേഴ്സിറ്റി യൂണിയൻ സംഘടിപ്പിച്ച ഒരു കലാസാഹിത്യ ക്യാമ്പ്‌. കലാരംഗം സജീവമായിരുന്ന കാലഘട്ടം. കാവാലം നാരായണപണിക്കർ, ജി.അരവിന്ദൻ, മോഹൻദാസ്, അടൂർ ഗോപാലകൃഷ്-ണൻ, കാനായി കുഞ്ഞിരാമൻ തുടങ്ങിയവർ നയിച്ച ഈ ക്യാംപിൽ പങ്കെടുക്കുവാൻ കഴിഞ്ഞു, അന്ന് പ്രീ‐ഡിഗ്രി വിദ്യാർത്ഥിയായിരുന്ന റോബർട്ടിന്. ഈ മഹാകായൻമാരുമായുള്ള സമ്പർക്കവും സംവാദങ്ങളുമാണ് ഗൗരവപൂർണ്ണമായ കലാ പ്രവർത്തനത്തിലേക്ക്- തന്നെ എത്തിച്ചത്- എന്ന് ഇദ്ദേഹം കരുതുന്നു.


ഉപരിപഠനം ഫൈൻ ആർട്സ് കോളേജിൽ വേണമോ, തനിക്ക് തുല്യമായ താൽപര്യമുള്ള ചരിത്ര വിഷയത്തിൽ വേണമോ എന്ന് തെല്ലൊരു ആശങ്കയുണ്ടായിരുന്ന റോബർട്ട് കാനായി കുഞ്ഞിരാമനോട് ഉപദേശം തേടി. കാനായിയുടെ മറുപടി പദാനുപദം ഇദ്ദേഹം ഓർക്കുന്നു. “കഴിവുള്ള കലാകാരൻ ഫൈൻ ആർട്സ് കോളേജിൽ പഠിക്കേണ്ട കാര്യമില്ല. കഴിവില്ലാത്തവർ അവിടെ പഠിച്ചിട്ടും കാര്യമില്ല”


ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ റോബർട്ടിന്‌ ചരിത്രപഠനത്തിൽ ചിത്രകലയുടെ സ്വാധീനവും, പ്രാധാന്യവും മനസ്സിലാക്കാൻ അത് ഉപകരിച്ചു. പരമ്പരാഗത കലാ രീതികളും, റിനൈസൻസ് തുടങ്ങി ലോകമഹായുദ്ധങ്ങളും, സാമ്പത്തിക തളർച്ചയും, ഫാസിസവും, വിപ്ളവങ്ങളും, ഹോളോകാസ്റ്റ് പോലുള്ള ദുരന്തങ്ങളും, അവ ചിത്രകലയിൽ വരുത്തിയ മാറ്റങ്ങളും, ആധുനികത സൃഷ്ടിച്ച ചിത്രകലാസങ്കേതങ്ങളും പഠിച്ച് മനസ്സിലാക്കുവാനും കഴിഞ്ഞു.


ബോധപൂർവ്വം പിന്തുടർന്നതല്ലെങ്കിലും അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസത്തിന്റെ (Abstract expressionism) സ്വാധീനം ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കാണാവുന്നതാണ്. യുദ്ധാനന്തരം യൂറോപ്പിൽ രൂപപ്പെട്ട ചിത്രകലാസങ്കേതമാണ് എക്സ്പ്രഷനിസം. ദൃശ്യങ്ങളെ, വസ്തുനിഷ്ഠമായി, അവയുടെ യഥാർത്ഥ രൂപത്തിൽ, ചിത്രീകരിക്കുകയല്ല. മറിച്ച്, തിക്താനുഭവങ്ങളിലൂടെ കടന്നുപോയ മനസ്സിന്റെ വിഹ്വലതകൾ, തികച്ചും വ്യക്തിനിഷ്ഠമായി, അമൂർത്തമായ, പലപ്പോഴും വികലവുമായ, ബിംബരൂപങ്ങളിൽ ആവിഷ്ക്കരിക്കുന്നു ഈ ചിത്രരചനാശൈലി.


ചിത്രകലയിലെന്നപോലെ സാഹിത്യത്തിലും ഇതിന്റെ സ്വാധീനം വ്യാപിച്ചു. ഇതിനെത്തുടർന്ന് മറ്റനവധി കലാസങ്കേതങ്ങളും യൂറോപ്പിൽ രൂപപ്പെട്ടു.

എന്നിരിക്കിലും ഈ ആധുനിക കലാസങ്കേതങ്ങൾ നാം പിന്തുടരുന്നതിനോട് യോജിക്കാനാവില്ല. യുദ്ധങ്ങളും ദുരന്തങ്ങളും മറ്റ് സംഭവവികാസങ്ങളും നേരിൽ അനുഭവിച്ചവരല്ല നാം. ലോകത്തെ മുഴുവനായി ബാധിച്ച തളർച്ചയോ വളർച്ചയോ നമ്മിലും എത്തി എന്നുമാത്രം.

ഇത് പഠിച്ച് മനസ്സിലാക്കിയ കലാകാരനാണ് റോബർട്ട്. ഒരു കലാസങ്കേതത്തിൽ ക്രിയാത്മകതയെ തളച്ചിടാതെ തന്റെ കലാസൃഷ്ടികൾക്ക് തികച്ചും സ്വന്തമായ ഒരു ശൈലി രൂപകൽപന ചെയ്തു ഈ കലാകാരൻ.

ഇദ്ദേഹത്തിന്റെ രചനകളിൽ മനുഷ്യരൂപങ്ങളില്ല എന്നത് ശ്രദ്ധേയമാണ്. റോബർട്ടിന് പ്രപഞ്ചം മനുഷ്യകേന്ദ്രീകൃതമല്ല. മറ്റ് ജീവജാലങ്ങളെ അപേക്ഷിച്ച് അത്രയും പ്രസക്തമല്ലാത്ത ഒരു ഘടകമാണ് മനുഷ്യൻ എന്ന വിശ്വാസമാണ് ഇതിന് പിന്നിൽ.

വായനയിലൂടെയും, അനുഭവങ്ങളിലൂടെയും അനുദിനം വളരുന്ന ആശയങ്ങൾ സംവേദനം ചെയ്യുവാൻ തന്റെ ശൈലിയിലും കാഴ്ചപ്പാടിലും ഉറച്ചുനിന്ന് ചിത്രകലയിൽ വ്യാപൃതനാകുന്നു ഇദ്ദേഹം. ഇന്ത്യയിലും വിദേശത്തുമായി പല പ്രദർശനങ്ങൾ നടത്തുകയും, കലാപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്-തു. വിശിഷ്-ടരായ കലാസ്വാദകരുടെ ശേഖരത്തിൽ തന്റെ ചിത്രങ്ങളുടെ സാന്നിദ്ധ്യം അഭിമാനാർഹമാണ്. ഒപ്പം രചനകളിൽ കൂടുതൽ വ്യാപൃതനാകാനുള്ള കരുത്തും.

ഒരിക്കൽ, പ്രദർശനവേദിയിൽ, തന്റെ ചിത്രങ്ങൾ നിരീക്ഷിച്ച ഒരു ഓസ്ട്രിയൻ വനിത അഭിപ്രായപ്പെട്ടത് റോബർട്ട് ഓർക്കുന്നു. “ഇതിൽ ഉടനീളം സംഗീതമാണല്ലോ” സംഗീതത്തിന്റെ നാടാണല്ലോ ഓസ്ട്രിയ. ഇത് അദ്ദേഹത്തിന്റെ ആശയ സംവേദന ത്തിനുള്ള ശ്രമങ്ങൾക്കും പഠനങ്ങൾക്കുമുള്ള അംഗീകാരമായിരുന്നു.
റോബർട്ട് പഠനം തുടരുന്നു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 1 =

Most Popular