Saturday, November 23, 2024

ad

Homeശാസ്‌ത്രംവേണം, ബഹിരാകാശത്ത് കർശന നിയമങ്ങൾ

വേണം, ബഹിരാകാശത്ത് കർശന നിയമങ്ങൾ

പി എം സിദ്ധാർത്ഥൻ ഐ.എസ്.ആർ.ഒയിലെ മുൻ ശാസ്ത്രജ്ഞൻ

ളരെക്കാലമായി ലോകമെങ്ങും ബഹിരാകാശ ഗവേഷണ-വ്യാപാര രംഗത്ത് ഗവൺമെന്റ്‌ പങ്കാളികളായതോ ഗവൺമെന്റ്‌ നിയന്ത്രണത്തിലുള്ളതോ ആയ സ്ഥാപനങ്ങളായിരുന്നു മുഖ്യ പങ്കു വഹിച്ചിരുന്നത്. ഇപ്പോഴും യൂറോപ്യൻ സ്പേസ് ഏജൻസി, ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിയത്രത്തിൽ തന്നെയാണ് റോക്കറ്റ് വിക്ഷേപണം നടക്കുന്നത്. അതിനാൽ അവ അല്പം ചില സന്ദർഭങ്ങളിലൊഴികെ പൊതുവെ ആശങ്ക ഉണ്ടാക്കുന്നതായിരുന്നില്ല. എന്നാൽ ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ പ്രൈവറ്റ് പ്ലെയേഴ്‌സ്‌ (private players) എന്ന് വിളിക്കുന്ന പ്രൈവറ്റ് കമ്പനികളും ഈ രംഗത്ത് പ്രവേശിച്ചിട്ടുണ്ട്. അവരുടെ നിയന്ത്രണമില്ലാത്ത വ്യാപാര താൽപര്യങ്ങൾ പല പുതിയ പ്രശ്നങ്ങളും സൃഷ്ടിക്കുമോ എന്ന് ശാസ്ത്രജ്ഞർ ഭയപ്പെടുന്നു. അതിവേഗ ഇന്റർനെറ്റ് നൽകാനായി പതിനായിരക്കണക്കിന്നു ചെറിയ ഉപഗ്രഹങ്ങൾ ഭൗമ സമീപ ഭ്രമണപഥത്തിൽ വിക്ഷേപിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. ഇത് ആകാശ നിരീക്ഷണത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞർ കരുതുന്നു. നക്ഷത്രങ്ങളെ വ്യക്തമായി കാണാതാവുന്ന സ്ഥിതിയോ, ഉപഗ്രഹങ്ങളെ നക്ഷത്രങ്ങളായി തെറ്റിദ്ധരിക്കാനിടയുള്ള സ്ഥിതിയോ വന്നാൽ അത് പ്രശ്നമാവുമെന്ന് അവർ കരുതുന്നു. അത് പല രാജ്യങ്ങളിലുമുള്ള ആദിമനിവാസികളുടെ ജീവിതചര്യകളെയും ആചാരങ്ങളെയും ബാധിക്കുമെന്ന് നരവംശ ശാസ്ത്രജ്ഞരും കരുതുന്നു. പതിനായിരക്കണക്കിന് ചെറിയ ഉപഗ്രഹങ്ങൾ അവയുടെ ജീവിത കാലത്തിനു ശേഷം ബഹിരാകാശ മാലിന്യമായി അവശേഷിക്കുന്നത് ഭാവിയിൽ വലിയ മറ്റൊരു തലവേദന ആവും എന്ന കാര്യത്തിലും ആർക്കും സംശയമില്ല. പക്ഷെ “പ്രൈവറ്റ് കളിക്കാർ” ഇതൊന്നും ഗൗനിക്കാതെ മുന്നോട്ട് തന്നെ പോകുകയാണ്. അതിൽ ഏറ്റവും പുതിയതാണ് ബ്ലൂ വാക്കർ 3 (BlueWalker 3) എന്ന ഉപഗ്രഹത്തിന്റെ സെപ്റ്റംബർ 10 ന്ന് നടന്ന വിക്ഷേപണം.. ആ പ്രശ്നങ്ങളെക്കുറിച്ചാണ് ഈ ലേഖനം. ഈ വിഷയങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് ബഹിരാകാശ പര്യവേക്ഷണങ്ങളുടെയും വ്യാപാരത്തിന്റെയും കാര്യങ്ങൾ ഒന്നോടിച്ച് നോക്കാം.

പശ്ചാത്തലം
2021 ഡിസംബർ 31 വരെയുള്ള കണക്കുൾ പ്രകാരം ഇപ്പോൾ 5465 പ്രവർത്തന ക്ഷമമായ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് ഉണ്ട്. (പട്ടിക 1 കാണുക). സ്പുട്നിക്ക് മുതൽ ഇന്നേവരെ 11,700 ൽ അധികം ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്. അവയിൽ പലതും ഭൂമിയിലേക്ക് തിരിച്ച് വീണ് അന്തരീക്ഷത്തിൽ കത്തി നശിച്ചു. വളരെയധികം എണ്ണം തകർന്നോ തകരാതെയോ ബഹിരാകാശത്ത് ചുറ്റിത്തിരിയുന്നുണ്ട് . അവയെ ബഹിരാകാശ മാലിന്യം (space debris) എന്ന് പറയുന്നു. അവയും പ്രശ്നം ഉണ്ടാക്കുന്നവയാണ്.

പ്രവർത്തനക്ഷമമായ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 5465
അമേരിക്കൻ ഐക്യനാടുകളുടേത് 3434
റഷ്യയുടേത് 172
ചൈനയുടേത്‌ 541
മറ്റുള്ളവരുടേത്‌
(ഇതിൽ ഇന്ത്യയുടേത് : ഏകദേശം 32 – ലേഖകൻ)
1319

 

ഭ്രമണപഥം അനുസരിച്ച്:
ഭൗമ സമീപം (ഭൂമിയിൽ നിന്ന് ഏകദേശം 250 മുതൽ 2000 കിലോ മീറ്റർ ഉയരെവരെ) 4700
മധ്യപഥം (ഭൂമിയിൽ നിന്ന് ഏകദേശം 20000 കിലോ മീറ്റർ ഉയരെ ) 140
ദീർഘ വൃത്താകാരപഥം 60
ഭൂ സിംക്രണപഥം (ഭൂമിയിൽ നിന്ന് 36000 കിലോ മീറ്റർ ഉയരെ, ഭൂമധ്യരേഖക്ക് മുകളിൽ) 565

 

അമേരിക്കൻ ഐക്യനാടുകളുടെ ഉപഗ്രഹങ്ങൾ- വിശദീകരണം
ആകെ 3434
സിവിൽ 31
വ്യാപാര ഉപഗ്രഹങ്ങൾ 2992
ഗവൺമെന്റ് 172
സൈനികം 237
(യൂണിയൻ ഓഫ് കൺസേൺഡ് സയന്റിസ്റ്റ്സ് നൽകിയ വിവരം)
Source: Union of Concerned Scientists

പട്ടിക 1

അമേരിക്കയുടെ 3434 ഉപഗ്രഹങ്ങളിൽ 2992 എണ്ണം വ്യാപാര ഉപഗ്രഹങ്ങൾ ആണെന്ന കാര്യം ശ്രദ്ധിക്കുക. മറ്റൊരു 237 ഉപഗ്രഹങ്ങൾ സൈനിക ആവശ്യങ്ങൾക്കുള്ളതാണെന്നതും ശ്രദ്ധേയമാണ്.

ബഹിരാകാശം -പുതിയ മാർക്കറ്റ്
ആദ്യകാല ബഹിരാകാശ ഉപഗ്രഹങ്ങൾ ശാസ്ത്രഗവേഷണത്തിന്നു വേണ്ടിയുള്ളതായിരുന്നുവെങ്കിലും അവയുടെ വ്യാപാര സാദ്ധ്യതകൾ മുന്നിൽ കണ്ട് അമേരിക്കയിൽ 1964 ൽ തന്നെ ഇന്റൽസാറ്റ് (INTELSAT ), കോംസാറ്റ് (COMSAT) എന്നീ കമ്പനികൾ നിലവിൽ വന്നുകഴിഞ്ഞിരുന്നു. വളരെ കാലത്തോളം ടെലികമ്യൂണിക്കേഷനും ടെലിവിഷൻ പ്രക്ഷേപണവും ആയിരുന്നു ഇവരുടെ വ്യാപാരമേഖലകൾ. അതിൽ പിന്നീട് മിക്ക രാജ്യങ്ങളിലും ഉപഗ്രഹ വാർത്താ വിനിമയവും ടെലിവിഷൻ പ്രക്ഷേപണവുമായി ബന്ധപ്പെട്ട സർവീസ് വ്യാപാര സ്ഥാപനങ്ങൾ വളർന്നിട്ടുണ്ട്. എന്നാൽ 1980കളോടുകൂടി ഈ വ്യാപാര മേഖല അതിവിപുലമായി. എന്നിട്ടു കൂടി ഈ വ്യാപാരമേഖല ഉപഗ്രഹങ്ങൾ ഉണ്ടാക്കുക, അവ ഉപയോഗിക്കാനാവശ്യമായ ഉപകരണങ്ങളും (equipmemts and subsystems) ഭൂ സ്റ്റേഷനുകളും (Earth station) ഉണ്ടാക്കുക, ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന റോക്കറ്റുകൾ നിർമിക്കുകയും വ്യാപാരടിസ്ഥാനത്തിൽ ഉപയോഗിക്കുകയും ചെയ്യുക എന്നതിൽ ഒതുങ്ങി നിന്നിരുന്നു.

ബഹിരാകാശ വ്യാപാരത്തിൽ നിന്നുള്ള റെവന്യൂ
2016ൽ ഈ മേഖലയിലെ കച്ചവടം 158 ബില്യൺ ഡോളറിന്റേതായിരുന്നു, അതായത് 158000 ദശലക്ഷം ഡോളറിന്റേത് (11.85 ലക്ഷം കോടി രൂപയുടേത്) ആയിരുന്നു. ഈ രംഗത്തെ ഒരു ചെറിയ പങ്കാളി മാത്രമായ ഐ.എസ്.ആർ.ഒ പോലും 2019‐-21 കാലയളവിൽ 350 ലക്ഷം ഡോളറും 100 ലക്ഷം യൂറോയും നേടിയതായി കേന്ദ്ര ശാസ്ത്ര-സാങ്കേതിക ഉപമന്ത്രി പാർലിമെന്റിൽ പ്രസ്താവിച്ചിട്ടുണ്ട്. (ഐ.എസ്.ആർ.ഒ ഒരു ഗവേഷണ സ്ഥാപനമായതിനാൽ വ്യാപാരമേഖലകളിൽ പ്രവേശിക്കുന്നതിനു പരിമിതികൾ ഉണ്ട്. ഐ.എസ്.ആർ.ഒയുടെ മുഖ്യമായ വരവ് വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നതിൽ നിന്നാണ്) . 2018ൽ ലോകത്താകെ ബഹിരാകാശ വ്യാപാരം 414750 ദശലക്ഷം ഡോളർ ( 31 ലക്ഷം കോടി രൂപ ) ആയി ഉയർന്നു. 2030 ആകുമ്പോഴേക്കും ഈ വ്യാപാര മേഖലയിലെ റവന്യൂ 1 ട്രില്ലിയനും 2.7 ട്രില്ലിയനും ഇടയിൽ ആയിരിക്കുമെന്ന് പറയുന്നു. (1 ട്രില്യൺ = 1,000,000,000,000).

കൊടും ലാഭം കൊയ്യാൻ സാധിക്കുന്ന ഈ മേഖല തങ്ങളുടേതാകണമെന്നു മുതലാളിത്ത കമ്പനികൾ ലക്ഷ്യമിട്ടതിൽ അത്ഭുതപെടാനില്ല. ബഹിരാകാശ ഗവേഷണ, വ്യാപാരമേഖലയിലെ രണ്ടാമനായ ചൈന ഈ രംഗത്ത് പ്രവേശിക്കുന്നതിന് മുൻപ് അത് കയ്യടക്കാനാണ് അമേരിക്കൻ ഗവണ്മെന്റിന്റെ അനുഗ്രഹാശിസ്സുകളുള്ള ചില അമേരിക്കൻ വ്യാപാരകുത്തകകൾ ഇറങ്ങിയിരിക്കുന്നത്. അതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും

ഉപഗ്രഹമുപയോഗിച്ച് ഉപഭോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് സർവീസു നൽകുക ആണ് വ്യാപാരത്തിനായി തുറന്ന ഒരു മേഖല. ബഹിരാകാശ വിനോദയാത്രയാണ് മറ്റൊരു മേഖല.

ഡിജിറ്റൽ വിടവും സാമ്പത്തിക വിടവും
ലോകത്ത് 360 കോടി ജനങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യം ഇല്ലെന്നും അത് അവരുടെ സാമ്പത്തിക-സാമൂഹ്യ വികസനത്തിന് തടസ്സമാവുന്നു എന്നുമാണ് അതിവേഗ ഉപഗ്രഹ-ഇന്റർനെറ്റ് പ്രയോക്താക്കളുടെ വാദം. എന്നാൽ ലോകത്താകെയുള്ള 790 കോടി ജനങ്ങളിൽ അതീവ ദരിദ്രരായ 80 കോടി പേർക്ക് ഒരുദിവസത്തെ വരുമാനം 1.90 ഡോളറിൽ (150 രൂപ) താഴെ ആണെന്നും ഏകദേശം 400 കോടി ദരിദ്രരുടെ ഒരു ദിവസത്തെ വരുമാനം 35.28 ഡോളറിൽ താഴെയാണെന്നും ലോക ബാങ്ക് തന്നെ പറയുന്നു. അപ്പോൾ ഈ സാമ്പത്തിക വിടവ് നികത്താതെ ഡിജിറ്റൽ വിടവ് (digital divide) മാത്രം നികത്തിയതുകൊണ്ടു കാര്യമുണ്ടോ എന്ന ചോദ്യം അക്കൂട്ടർക്ക് അപ്രസക്തമാണ്. കാരണം അവരെ സംബന്ധിച്ചിടത്തോളം ഈ മാർക്കറ്റ് ഒരു “ചാകര” ആണെന്നുതന്നെ. ഈ 360 കോടി ഉപഭോക്താൾക്കു സേവനം നൽകാനായി ഏകദേശം 50,000 ഉപഗ്രഹങ്ങൾ ഭൗമസമീപ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാനാണ് അവർ പദ്ധതിയിടുന്നത്. അതിൽ ഏകദേശം 2200 ഓളം ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു കഴിഞ്ഞു. ഈ ഉപഗ്രഹങ്ങൾ സൃഷ്‌ടിക്കുന്ന പ്രശ്നങ്ങൾ ആണ് ഈ ലേഖനത്തിന്റെ മുഖ്യ പ്രമേയം.

ആരൊക്കെയാണ് ഈ ഉപഗ്രഹങ്ങളുടെ ഉടമ, അവരോരുത്തരും എത്ര ഉപഗ്രഹങ്ങൾ വീതം വിക്ഷേപിച്ചിട്ടുണ്ട് അല്ലെങ്കിൽ വിക്ഷേപിക്കാനൊരുങ്ങുന്നു എന്നറിയുമ്പോൾ മാത്രമേ ശാസ്ത്രജ്ഞർ ഉന്നയിക്കുന്ന പ്രശ്നങ്ങളുടെ ഗൗരവം നമുക്ക് മനസ്സിലാവൂ. താഴെ തന്ന പട്ടിക നോക്കൂ.

മെഗാകോൺസ്റ്റല്ലെഷൻസ്

ഉപഗ്രഹ ശ്രുംഖല യുടെ പേര് കമ്പനി ഉടമ പ്രൈവറ്റ് /സർക്കാർ രാജ്യം ഇപ്പോൾ ഉള്ള എണ്ണം അടുത്ത ഭാവിയിൽ വിക്ഷേപിക്കുന്ന    എണ്ണം
സ്റ്റാർലിങ്ക് സ്പേസ്-എക്സ് എലോൺ മസ്ക് പ്രൈവറ്റ് അമേരിക്ക 2900 42000 (12000 എണ്ണതിന് അമേരിക്കയിലെ ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്)
കുയ്പ്പർ ആമസോൺ ജെഫ് ബെസോസ് പ്രൈവറ്റ് അമേരിക്ക 3236 ഭാവിയി ൽ ആയിരങ്ങളിൽ

പട്ടിക 2

എന്നാൽ 2030 ആകുമ്പോഴേക്കും ആകെ ഉപഗ്രഹങ്ങളുടെ എണ്ണം 50000 കടക്കുമെന്ന് മിഷിഗൺ സർവ്വകലാശാലയിലെ പാട്രിക് സിയിറ്റ്സറും ഒരു ലക്ഷത്തിനടുത്തുണ്ടാകുമെന്നു വയേർഡ്.കോം എന്ന മാഗസിനിൽ റാമിൻ സ്കിബ്ബ എന്ന റിപ്പോർട്ടറും പറയുന്നു. ഇവയെ മെഗാകോൺസ്റ്റല്ലെഷൻസ് (ഭീമൻ ഉപഗ്രഹവ്യൂഹങ്ങൾ) എന്ന് പറയുന്നു

എന്താണ് ഇത്രയും ഉപഗ്രഹങ്ങൾ ഉണ്ടായാലുള്ള കുഴപ്പം?
മെഗാകോൺസ്റ്റല്ലെഷൻസ് എന്ന് വിളിക്കുന്ന ഈ ഉപഗ്രഹങ്ങൾ ഭൂമിയിൽ നിന്നും 500 മുതൽ 1200 കിലോ മീറ്റർ വരെ ഉയരത്തിൽ ഭൂമിക്കു ചുറ്റുമുള്ള പരശ്ശതം ഭ്രമണപഥങ്ങളിൽ (ഓർബിറ്റുകളിൽ) ആണ് ഉണ്ടാവുക. സ്റ്റാർ ലിങ്കിന്റെ 2900 ഉപഗ്രഹങ്ങൾ 72 ഓർബിറ്റുകളിലായി ഇപ്പോൾ ഭൂമിയെ വലം വെക്കുന്നതിന്റെ ചിത്രീകരണമാണ് ചിത്രം 1ൽ കാണിച്ചിരിക്കുന്നത്. അവ ഭൂമിക്കു ചുറ്റും ഒരു സാങ്കല്പിക വല പോലെയാണ്. ഈ വലയുടെ ഓരോ കണ്ണികളിലും ഓരോ ഉപഗ്രഹം ഉണ്ടാവും. 42000 വും 50000 വും ഉപഗ്രഹങ്ങൾ വന്നാൽ അവ വളരെ അടുത്തടുത്തുള്ള ഭ്രമണപഥങ്ങളിൽ ഭൂമിയെ ചുറ്റും. എണ്ണം കൂടുന്നതിനനുസരിച്ച് പല ഉയരങ്ങളിലുള്ള പല ഓർബിറ്റുകൾ വേണ്ടിവരും. അപ്പോൾ ഭൂമി, ഒന്നിന് മുകളിൽ ഒന്നായ ധാരാളം സാങ്കല്പിക വലകൾക്കകത്തായിരിക്കും. ഈ വലകളുടെയെല്ലാം ഓരോ കണ്ണികളിലും ഓരോ ഉപഗ്രഹം ഉണ്ടാവും. അവയെല്ലാം ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കു കയും നിരന്തരം ഭൂമിയിലേക്കും തിരിച്ചും റേഡിയോതരംഗങ്ങൾ ഉപയോഗിച്ചുള്ള ഡാറ്റ വിനിമയം നടത്തുകയും ചെയ്യും..

ചിത്രം 1

ഇവ മൂന്ന് തരം പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. (1) ജ്യോതിശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും, (2) അവയുടെ റേഡിയോ തരംഗങ്ങളുടെ പ്രസരണം റേഡിയോ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളെ ബാധിക്കും. (3) നമ്മുടെ വാന നിരീക്ഷണം അലങ്കോലപ്പെടുകയും നമ്മൾ ഇതേവരെ കണ്ട ആകാശ കാഴ്ചകൾ എന്നേക്കുമായി ഇല്ലാതാകുകയും ചെയ്യും.

പ്രശ്‌നം 1-ഫോട്ടോബോംബിങ്
ഈ ഉപഗ്രഹങ്ങൾ പല ഉയരങ്ങളിലും ആനതിയിലും (ഭൂമധ്യരേഖയോടുള്ള ചെരിവ്, inclination) ആയതിനാൽ അവ സൂര്യപ്രകാശം പ്രതിഫലിപ്പിച്ച് ഒരു ചലിക്കുന്ന നക്ഷത്രം പോലെ കാണപ്പെടും. പഠനങ്ങൾ കാണിക്കുന്നത് ആകാശത്തു കാണുന്ന മിന്നുന്ന പ്രകാശ ബിന്ദുക്കളിൽ (ഗ്രഹം, നക്ഷത്രം, ഉപഗ്രഹങ്ങൾ) 16 പ്രകാശ ബിന്ദുക്കളിൽ ഒന്ന് എന്ന തോതിൽ നീങ്ങി കൊണ്ടിരിക്കുന്ന ഇത്തരം ഉപഗ്രഹങ്ങൾ ഉണ്ടാവും. ഈ ചലനം ജ്യോതിശാസ്ത്രജ്ഞർ എടുക്കുന്ന ഫോട്ടോകളിൽ വരകളായി പ്രത്യക്ഷപ്പെടും. (ചിത്രം 2 , 3 കാണുക). ഇതിനു ശാസ്ത്രജ്ഞർ നൽകിയ പേരാണ് “ഫോട്ടോബോംബിങ്”. ഗാലക്സി പോലുള്ള വലിയ പ്രപഞ്ച വസ്തുക്കളുടെ നിരീക്ഷണത്തിനു ഈ വരകൾ വലിയ തടസ്സമാവില്ല, എങ്കിൽ കൂടി ഒരു ജ്യോതിശാസ്ത്രജ്ഞനും അത്തരം ഒരു ചിത്രം സ്വീകാര്യമാവില്ല. വളരെ ചെറിയ വസ്തുക്കളെ നിരീക്ഷിക്കുന്നവർക്കു അവ നഷ്ടപെട്ടുപോവാൻ സാധ്യതയുണ്ട്. പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങൾ (നോവ , സൂപ്പർനോവ എന്നിവ) നിരീക്ഷിക്കുന്നവർക്കു അത് നഷ്ടപ്പെടാം. വരുന്ന പത്ത് വർഷക്കാലം എല്ലാ മൂന്ന്

ചിത്രം 2 , 3

ദിവസത്തിലും ആകാശമാകെ നിരീക്ഷിച്ചു ഫോട്ടോകൾ എടുക്കുന്ന, ചിലിയിലെ വേര റൂബിൻ ഒബ്സർവേറ്ററി നടത്തുന്ന “ആൾ സ്കൈ ഓട്ടോമേറ്റഡ് സർവ്വേ (All Sky Automated Survey)” യുടെ ഫോട്ടോകളിലെല്ലാം ധാരാളം വെളുത്തവരകൾ ഉണ്ടാവും. അതിനർത്ഥം അവരുടെ സർവ്വേ കാര്യമായി തന്നെ തടസ്സപ്പെടുമെന്നാണ്. പ്രഭാതത്തിലും സന്ധ്യയ്‌ക്കും നടത്തുന്ന നിരീക്ഷണങ്ങളും ഫോട്ടോകളും 40% മെങ്കിലും ഉപയോഗശൂന്യമാവുമെന്ന് അവർ ഭയപ്പെടുന്നു. സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ഈ വരകൾ മായ്ക്കാൻ സാധിക്കും. പക്ഷെ അത് യഥാർത്ഥ വസ്തുക്കളെയും മായ്ച്ചുകളയാൻ സാധ്യതയുണ്ട്. മാത്രമല്ല, ചിത്രത്തിൽ ഉള്ളതുപോലുള്ള പത്തോ, ഇരുപതോ, ഏറിവന്നാൽ നൂറോ ഉപഗ്രഹങ്ങൾ ഉണ്ടാക്കുന്ന പ്രകാശ വരകൾ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് എടുത്തുകളഞ്ഞാലും ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ ഉണ്ടാവുമ്പോൾ ഇത് അസാധ്യമായി തീരും.

ഭൂമിക്കടുത്ത് വരാൻ സാധ്യതയുള്ള, ഭൂമിക്ക് ഭീഷണിയാവുന്ന ചിന്ന ഗ്രഹങ്ങളെ (NEOs – Near Earth Objects) നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ജ്യോതിശാസ്ത്ര ശാഖയാണ് “നിയർ എർത്ത്‌ അസ്റ്ററോയ്ഡ്സ് വാച്ച്.) ഇവയെ നിരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ സമയം പ്രഭാതവും സന്ധ്യാസമയവുമാണ്. നിർഭാഗ്യവശാൽ അപ്പോഴാണ് നമ്മൾ ചർച്ചചെയ്ത ഉപഗ്രഹങ്ങൾ ആകാശത്തിൽ ഏറ്റവും അധികം തിളങ്ങിക്കാണപ്പെടുക. അതായത് ഈ ഉപഗ്രഹങ്ങൾ അപകടകാരികളായ ചിന്നഗ്രഹങ്ങളെ കണ്ടെത്തുന്നതിന് തടസ്സമാവും. നിരീക്ഷണം 50% വ്യര്ഥമാവും എന്ന് കണക്കാക്കപ്പെടുന്നു. ചുരുക്കത്തിൽ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾ പ്രഭാതത്തിലും സന്ധ്യയ്‌ക്കും തടസപ്പെടും. ഉപഗ്രഹങ്ങൾ എത്ര ഉയരത്തിലാണ് എന്നതിനനുസരിച്ച് മറ്റു സമയങ്ങളിലും ഫോട്ടോബോംബിങ് ഉണ്ടാകാം

പ്രശ്‌നം 2: റേഡിയോ നോയ്സ്
എല്ലാ കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളും റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചാണ് കമ്മ്യൂണിക്കേഷനും പ്രക്ഷേപണവും ചെയ്യുന്നത്. റേഡിയോ ജ്യോതിശാസ്ത്രജ്ഞർ നിരീക്ഷണം നടത്തുന്നതും ഇതിനോട് അടുത്ത ബാൻഡുകളിലാണ് . ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിൽ ഉള്ള റേഡിയോ ടെലെസ്കോപ്പ് ശൃംഖലയെ ഇത് ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ഗൗരിബീഡാന്നൂരിലും ഊട്ടിയിലും പുനെയിലും ഇത്തരം റേഡിയോ ടെലിസ്കോപ്പുകൾ ഉണ്ട്. അതിനാൽ പതിനായിരക്കണക്കിന് ഉപഗ്രഹങ്ങൾ ഒരേ സമയം പ്രക്ഷേപണം ചെയ്യുമ്പോൾ ഉണ്ടാവുന്ന “നോയ്സ്” ഈ നിരീക്ഷണത്തെ ബാധിക്കാനിടയുണ്ട്. അതിനെക്കറിച്ചുള്ള പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ് .

പ്രശ്‌നം 3: നഷ്ടപ്പെടുന്ന ആകാശക്കാഴ്ചകൾ
നമ്മുടെ പൂർവികർ കണ്ട രാത്രികാല ആകാശം നക്ഷത്രങ്ങൾ നിറഞ്ഞതായിരുന്നു. അവർ പല രൂപങ്ങളിലും അവയെ സങ്കല്പിച്ചു. ജ്യോതിഷത്തിൽ വിശ്വസിക്കാത്ത നമ്മൾക്കും നമ്മുടെ ജന്മനക്ഷത്രം എന്ന് പറയുന്ന നക്ഷത്രങ്ങളെയോ രാശികൾ എന്ന് നമ്മൾ വിളിക്കുന്ന നക്ഷത്രക്കൂട്ടങ്ങളെയോ, സപ്തർഷികൾ, ധ്രുവനക്ഷത്രം, തുടങ്ങിയവയേയോ തിരിച്ചറിയാൻ കഴിയും. ഇടക്കൊക്കെ പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങളെ മനുഷ്യർ കണ്ടിട്ടുണ്ട്. ഇതായിരുന്നു കഴിഞ്ഞ 20 ലക്ഷം വർഷങ്ങളായി നമ്മളുടെ പൂർവികർ കണ്ടുകൊണ്ടിരുന്ന രാത്രിയിലെ കാഴ്ച. ആകാശം നോക്കിയ ആദ്യത്തെ മനുഷ്യന്റെയോ മനുഷ്യ പൂർവികന്റെയോ കാലം മുതൽ ഇപ്പോഴും നമ്മൾ കാണുന്ന ഈ ഭൂമിയിൽനിന്ന് നമുക്ക് കാണാൻ കഴിയുന്ന ഏറ്റവും മനോഹരമായ ഒരു ആകാശ കാഴ്ചയാണിത്. ഒരു പത്തായിരം ഉപഗ്രഹങ്ങൾ കാരണം നമ്മുടെ ഈ ആകാശകാഴ്ചകൾ മാറിമറയും എന്നു പറഞ്ഞാൽ അധികമാരും വിശ്വസിക്കില്ല. അതിനു കാരണം ആരും തന്നെ ഈ പ്രശ്‌നം ഇതുവരെ നേരിട്ടിട്ടില്ല എന്നതാണ്.

2019ൽ സ്പേസ് എക്സിന്റെ ആദ്യത്തെ ബാച്ച് 60 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചപ്പോൾ അത് പ്രതീക്ഷിച്ചതിലും കൂടുതൽ തിളക്കമുള്ളതായി കാണപ്പെട്ടത്, വാനനിരീക്ഷകരെയും ജ്യോതിശാസ്ത്രജ്ഞനമാരെയും മാത്രമല്ല സ്പേസ് എക്സിലെ ഗവേഷകരെയും അത്ഭുതപ്പെടുത്തിയിരുന്നു. തുടർന്ന് കാനഡയിലെ മൂന്ന് ഗവേഷകർ സമാന്ത ലൗളർ (റെജീന സർവകലാശാല), ഹാന്നോ റീൻ (ടോറോന്റോ സർവകലാശാല), ആരോൺ ബോലേ (ബ്രിട്ടീഷ് കൊളംബിയ സർവകലാശാല ) എന്നിവർ ചേർന്ന് ഇതിനെക്കുറിച്ച് ഒരു കമ്പ്യൂട്ടർ സിമുലേഷൻ നടത്തി. വിവിധ കമ്പനികൾ പരസ്യപ്പെടുത്തിയ അവരുടെ ഉപഗ്രഹങ്ങളുടെ എണ്ണം, ഭ്രമണപഥം തുടങ്ങിയ വിവരങ്ങൾ ഉപയോഗിച്ച് ആണ് ഈ പഠനം നടത്തിയത്.

ചിത്രം 4

അതിന്റെ ഫലമാണ് ചിത്രം 4 ൽ കാണിച്ചിരിക്കുന്നത്. 65000 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് 500 കിലോ മീറ്ററിനും 1200 കിലോ മീറ്ററിനും ഇടയിൽ ഉണ്ടെങ്കിൽ ജൂൺ 22 ന്ന് (ഉത്തര അയനാന്തം, സൂര്യൻ ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും വടക്ക് എത്തുന്ന ദിവസം, അന്ന് ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമുള്ള പകൽ ആയിരിക്കും) അർദ്ധരാത്രിയിൽ കാനഡയിൽനിന്ന് കാണാൻ പറ്റുന്ന ഉപഗ്രഹങ്ങളാണ് ചിത്രത്തിൽ. ഇത്രയധികം പ്രകാശ ബിന്ദുക്കളുടെ ഇടയിലാണ് നമ്മൾ ഇപ്പോഴും കാണുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളും കാണുക!!! അതിനാലാണ് “നമ്മൾ കണ്ടുകൊണ്ടിരുന്ന ആകാശക്കാഴ്ച എന്നേക്കുമായി മാറിപ്പോകുമെന്ന് പറഞ്ഞത്. നമ്മൾ കണ്ടുപഠിച്ച നക്ഷത്രക്കൂട്ടങ്ങൾക്കിടയിൽ അവയെപ്പോലെയോ, അവയേക്കാളോ ശോഭയുള്ള എത്രയോ പ്രകാശ ബിന്ദുക്കൾ പ്രത്യക്ഷപ്പെടും. ഇത് ജ്യോതിശാസ്ത്രപരമായും സാംസ്കാരികമായും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലോ?

ഈ പ്രശ്‌നം ഗുരുതരമാണെന്ന് അഭിപ്രയപ്പെടുന്നവർ സാധാരണ പൗരന്മാർ മാത്രമല്ല. ന്യൂ ഹാംപ്ഷയർ സർവകലാശാലയിലെ പ്രൊഫസർറായ ചന്ദ പ്രസ്കാഡ്-വൈൻ സ്റ്റൈൻ, സാൻഫ്രാൻസിസ്കോ സർവ്വകലാശാലയിലെ പ്രപഞ്ച ശാസ്ത്രജ്ഞയായ അപർണ വെങ്കടേശൻ തുടങ്ങിയവർ ഈ പ്രശ്‌നം ലോകശ്രദ്ധയിൽ കൊണ്ടുവരാൻ പ്രയത്നിക്കുന്നവരാണ്.

നിയമങ്ങൾ ഇല്ലേ?
ഈ പ്രശ്‌നം ഇത്ര പ്രത്യാഘാതമുള്ളതാണെങ്കിൽ അതിനെ നിയമം കൊണ്ട് തടഞ്ഞുകൂടെ എന്ന് പലരും തീർച്ചയായും ചോദിക്കും. അവിടെയാണ് പ്രശ്നങ്ങളുടെ കിടപ്പ്.

ബഹിരാകാശം മനുഷ്യരുടെയെല്ലാം പൊതു സ്വത്താണ്. ഒരു വർഷത്തിൽ അഞ്ചോ പത്തോ ഉപഗ്രഹങ്ങൾ മാത്രം വിക്ഷേപി ച്ചിരുന്ന ആദ്യകാലത്ത്, കർശനമായ നിയമങ്ങൾ ഉണ്ടായിരുന്നില്ല. അവയുടെ ആവശ്യവും അക്കാലത്ത് ഉണ്ടായിരുന്നില്ലെന്ന് പറയാം. പിന്നീട് ബഹിരാകാശത്തിന്റെ വ്യാപാര സാധ്യതകൾ മനസ്സിലായപ്പോൾ ചില നിയമങ്ങളൊക്കെ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ തന്നെ മത്സരാധിഷ്ഠിത രംഗത്ത് രാജ്യങ്ങളെ അത്തരം നിയമങ്ങൾ അനുസരിപ്പിക്കുക അസാധ്യമാണ്. അമേരിക്ക പോലെ വൻശക്തികളായ രാജ്യങ്ങളെ ഇപ്പോഴും നിയന്ത്രിക്കാനാവുന്നില്ലല്ലോ? 1967ൽ ഉണ്ടാക്കിയ ബഹിരാകാശ ഉടമ്പടി (Outer Space Treaty), ദുർബലമാണ്. പിന്നീട് ഐക്യരാഷ്ട്ര സഭയുടെ കമ്മിറ്റികളും (ഉദാ : COPUOS‐-Committee on the Peaceful Uses of Outer Space) കാര്യമായ ഒരു നിയന്ത്രണവും കൊണ്ടുവന്നിട്ടില്ല. അതിനാലാണ് ഈ പുതിയ പ്രശ്നത്തെക്കുറിച്ച് സംസാരിക്കവെ, ഒരു ശാസ്ത്രജ്ഞൻ, “പ്രൈവറ്റ് കമ്പനികൾക്ക് സ്പേസ് പണ്ടത്തെ പടിഞ്ഞാറൻ അമേരിക്ക (Wild west) പോലെ ആണെന്ന് “ പറഞ്ഞത്. (Wild west – കുടിയേറ്റക്കാരായ വെള്ളക്കാരുടെ പരുക്കൻ സ്വഭാവവും നിയമരാഹിത്യവും ചെറിയ കാര്യങ്ങൾക്കു കൂടി വെടിവെപ്പും കൊലയും നടന്ന അമേരിക്കയുടെ പടിഞ്ഞാറൻ ഭാഗങ്ങളെക്കുറിച്ചുള്ള ഒരു പ്രയോഗം) എലോൺ മസ്കും, ജെഫ് ബെസോസും മറ്റും അക്കാലത്തെ “അനുസരിക്കാത്ത കൗ ബോയ്സി’നെപ്പോപോലെയാണ് സ്പേസ് രംഗത്ത്‌ പെരുമാറുന്നത്.

ഒരു ചർച്ചയിൽ ശാസ്ത്രജ്ഞർ ഈ പ്രശ്‌നം എലോൺ മസ്കിന്റെ മുൻപിൽ പറഞ്ഞപ്പോൾ, “ഹേയ്, ഒരു പ്രോബ്ലവും എന്റെ ഉപഗ്രഹങ്ങൾ കൊണ്ടുണ്ടാവുന്നില്ല’ എന്നാണ് പ്രതികരിച്ചത്. മറ്റുള്ളവർ ചർച്ചയ്ക്കു വരുകയോ, ഫോണിൽ വിളിച്ചാൽ മറുപടി നൽകുകയോ ഇല്ല തന്നെ.

എന്നാൽ എലോൺ മസ്ക് ഒന്നും ചെയ്തിട്ടില്ല എന്ന് പറയുന്നത് തെറ്റായിരിക്കും. അയാൾ രണ്ടു പരീക്ഷണങ്ങൾ നടത്തി. ഒരു ഉപഗ്രഹത്തെ മുഴുവൻ കറുത്ത ചായം പൂശി പരീക്ഷിച്ചു. അത് വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞതു പോലെയായി. ദൃശ്യ പ്രകാശത്തിന്റെ പ്രതിഫലനം കുറഞ്ഞു, പക്ഷെ ഇൻഫ്രാറെഡ് പ്രതിഫലനം കൂടി. അത് ഇൻഫ്രാറെഡ് ജ്യോതിശാസ്തത്തിനു പ്രശ്നമായി. രണ്ടാമത്, പിന്നീട് വിക്ഷേപിച്ച എല്ലാ ഉപഗ്രഹങ്ങൾക്കും ഒരുതരം “മറ’ (സൂര്യപ്രകാശം തടയുന്ന തൊപ്പിയുടെ മറഭാഗം, Visor ) ഘടിപ്പിച്ചു. ഇത് പ്രശ്‌നം കുറച്ച് ലഘൂകരിച്ചു എന്നു പറയുന്നു. അയാൾ മുന്നോട്ടുവെച്ച മറ്റൊരു നിർദേശം ഉപഗ്രഹങ്ങളെ ഉയർന്ന (1200 കിലോ മീറ്റർ) ഭ്രമണ പഥത്തിൽ വെക്കുകയാണ്. അത് പ്രകാശത്തിന്റെ പ്രതിഫലനം കുറയ്‌ക്കുമെങ്കിലും രാത്രി കൂടുതൽ സമയം ഉപഗ്രഹങ്ങൾ ദൃശ്യമാകും എന്നതിനാൽ പ്രശ്നത്തിന്റെ രൂപം മാറുന്നു എന്നുമാത്രം, പ്രശനം ഇല്ലാതാവുന്നില്ല.

ശാസ്ത്രജ്ഞർ ഈ പ്രശ്നത്തെ നേരിടുന്നതെങ്ങിനെ?
മിക്കവരും ബഹിരാകാശ കുത്തകകളുമായി ഒരേറ്റുമുട്ടലിന്ന് തയ്യാറല്ല എന്ന് ആദ്യമേ പറയുന്നു. അനുരഞ്ജനത്തിലൂടെ സ്പേസ് കുത്തകക്കാരെക്കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാമെന്നവർ കരുതുന്നു. എന്നാൽ മറ്റുചിലർ, അനുരഞ്ജനങ്ങളിലൂടെ എത്തിച്ചേരുന്ന തീരുമാനങ്ങൾ നിർബന്ധമല്ലാത്തതും സ്വമേധയാ നടപ്പിലാക്കേണ്ടതുമായതിനാൽ ലാഭമോഹിതരായ കുത്തകക്കാർ അനുസരിക്കുമോ എന്ന് സന്ദേഹിക്കുന്നു. അവർ ആ ഭയം തുറന്നുപറയുന്നുണ്ട് അപർണ വെങ്കടേശൻ അതിനെ നേരിടണമെന്നു തന്നെ വാദിക്കുന്നു. പ്രശ്‌നം ഇല്ലാതാക്കാൻ ഒരു മാർഗമേ ഉള്ളൂ, ഇത്തരം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാതിരിക്കുക എന്നാണ് കോണി വാൾക്കർ എന്ന ശാസ്ത്രജ്ഞ പറയുന്നത്. നമ്മൾക്ക് അവരുടെ വിക്ഷേപണങ്ങൾ നിർത്താൻ കഴിയില്ല, പക്ഷെ കോടതിയിൽ കേസ് കൊടുത്തു വിക്ഷേപണങ്ങൾ താമസിപ്പിക്കാം എന്നാണ് അപർണ വെങ്കടേശൻ പറയുന്നത്. പൊതുജനങ്ങളെ അവർക്കു എന്താണ് നഷ്ടപ്പെടാൻ പോകുന്നത് എന്ന് മനസ്സിലാക്കിപ്പിച്ചു രംഗത്തു കൊണ്ടുവരണം എന്നും അവർ വാദിക്കുന്നു. പക്ഷെ, കോവിഡ് മഹാമാരിയും, കാലാവസ്ഥാ മാറ്റങ്ങളും കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ, വർഗീയ-വർ വെറിയുടെ പ്രശ്നങ്ങൾ തുടങ്ങിയവയിൽ പെട്ടുഴലുന്ന ജനങൾക്ക് ഈ കാര്യം ശ്രദ്ധിക്കുവാൻ ആകുമോ എന്ന് അവർ വ്യാകുലപ്പെടുന്നു. ന്യൂ ഹാംപ്ഷയർ സർവകലാശാലയിലെ പ്രപഞ്ച ശാസ്ത്രജ്ഞയും ജ്യോതിശാസ്ത്ര പ്രൊഫസ്സറും ലിംഗ സമത്വ വാദിയും വർണവിരുദ്ധ പ്രവർത്തകയും ആയ ചന്ദ പ്രസ്കാഡ്-വൈൻ സ്റ്റൈൻ രാത്രി ആകാശം രക്ഷിച്ചു നിർത്തേണ്ടതിന്റെ ആവശ്യം നിരന്തരം പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്. അവരെല്ലാം ഉപഗ്രഹ ഇന്റർനെറ്റ് വ്യാപാരത്തെക്കാൾ പ്രധാനമാണ് രാത്രി ആകാശം എന്ന് വാദിക്കുന്നു.

ശാസ്ത്രജ്ഞരെ ഞെട്ടിപ്പിച്ച ബ്ലൂ വാക്കർ 3 വിക്ഷേപണം
ഈ പ്രശ്‌നം പരിഹാരമില്ലാതെ തുടരവേ ആണ് 2022 സെപ്റ്റംബർ 10‐ാം തീയതി എ.എസ്.ടി സ്പേസ് മൊബൈൽ എന്ന കമ്പനി അവരുടെ ബ്ലൂ വാക്കർ 3 എന്ന കൂറ്റൻ ഉപഗ്രഹം ഭൗമ സമീപ ഓർബിറ്റിലേക്ക് വിക്ഷേപിച്ചത്. ബ്ലൂ വാക്കർ 3 വളരെ വലുതാണ് (BlueWalker 3 is Huge -spaceweatherarchive.com), വലിയ ഉപഗ്രഹം എല്ലാ നക്ഷത്രങ്ങളെക്കാളും ഗ്രഹങ്ങളെക്കാളും പ്രകാശം പൊഴിക്കും (Huge satellite could outshine all stars and planets in the night sky – New Scientist magazine) എന്നൊക്കെ ഉടൻ തന്നെ പലരും ആകാംക്ഷ കാണിവാൻ തുടങ്ങിയിട്ടുണ്ട്.

ഭൂമിക്കു മുകളിൽ 500 കിലോമീറ്റർ ഉയരത്തിൽ ഓര്ബിറ്റ് ചെയ്യുന്ന ഈ ഉപഗ്രഹത്തിന്റെ ആന്റിന 64 ചതുരശ്ര മീറ്റർ ആണ്. 8 മീറ്റർ വശമുള്ള ഒരു സമചതുരമാണ് ആന്റിനയുടെ രൂപം. ഇതിൽ പ്രകാശം തട്ടുമ്പോൾ ആകാശത്തിൽ പൂർണ ചന്ദ്രനൊഴിച്ച് മറ്റേതു പ്രപഞ്ച വസ്തുവെക്കാളും കൂടുതൽ പ്രകാശത്തോടെ ശോഭിക്കും എന്ന് പറയുന്നു. അതേ കമ്പനി കൂടുതൽ വലുപ്പമുള്ള ആന്റിനകളോടുകൂടിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ പോകുകയാണ്.

ഇപ്പോൾ ഈ പ്രശ്‌നം ആ സ്ഥിതിയിൽ കിടക്കുകയാണ്, അത് കൂടുതൽ ഗുരുതരമാവുകയല്ലാതെ കുറയുമെന്ന് കരുതാൻ നിർവാഹമില്ല. എലോൺ മസ്ക് ചെറിയ ഉപഗ്രഹങ്ങളുടെ (വലിയവയുടെയും) വിക്ഷേപണം തുടരുന്നു. ബ്ലൂ വാക്കർ 3 വിക്ഷേപിച്ചതും എലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയുടെ ഫാൽക്കൺ -9 എന്ന റോക്കറ്റിൽ തന്നെയാണ്. നാസ കൂടുതൽ കൂടുതൽ അയാളെ ആശ്രയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ അയാൾ കൂടുതൽ പിടിമുറുക്കാനേ സാധ്യതയുള്ളൂ. പാശ്ചാത്യർക്കും പുതു തലമുറയ്‌ക്കും പ്രിയമുള്ള ആമസോണിന്റെ ജെഫ് ബെസോസും മറ്റനേകം ലാഭക്കൊതിയന്മാരും പിന്നാലെയുണ്ട്. ഹൈ സ്പീഡ് ഇന്റർനെറ്റ് എന്നുപറഞ്ഞാൽ ഉടൻ പ്രലോഭിതരാവുന്നവർ ഈ കച്ചവടം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കാണുന്നില്ല, അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുകയാണ്.

വേണം, ബഹിരാകാശത്ത് കർശന നിയമങ്ങൾ:
ബഹിരാകാശ പര്യവേക്ഷണം മനുഷ്യരാശിയെ എന്തെന്നില്ലാത്ത ഉയരങ്ങളിൽ എത്തിച്ചിട്ടുണ്ട്. നമ്മുടെ പ്രപഞ്ചത്തെക്കുറിച്ച് നമുക്ക് ഇന്നറിയുന്ന വളരെയധികം കാര്യങ്ങൾ ബഹിരാകാശ ഗവേഷണം ഇല്ലായിരുന്നെങ്കിൽ നമുക്കറിയുമായിരുന്നില്ല. പക്ഷെ നിയന്ത്രണമില്ലാത്ത, ലാഭം മാത്രം ലക്ഷ്യമാക്കിയിട്ടുള്ള ഉപഗ്രഹ വിക്ഷേപണം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. മിക്കവാറും എല്ലാ പഠനങ്ങളും, ഈ വാദത്തെ പിന്താങ്ങുന്നു. അത് നേരത്തെ മനസ്സിലാക്കി അതിനെതിരെ നടപടികൾ വേണമെന്ന് ശക്തിയായി വാദിക്കുന്നവരാണ് അപർണ വെങ്കടേശനും കോണി വാൾക്കറും ചന്ദ പ്രസ്കാഡ്-വൈൻ സ്റ്റൈനുമൊക്കെ. ബഹിരാകാശത്തിന്റെ ഉപയോഗങ്ങൾക്ക് കർശന നിയമങ്ങൾ വേണമെന്ന് മാത്രമല്ല കുത്തകകളെ കടിഞ്ഞാണിടേണ്ടതുണ്ട് എന്നും അവർ ശക്തിയുക്തം വാദിക്കുന്നു, . ഇന്ത്യൻ ശാസ്ത്രജ്ഞരിൽ നിന്നും ഈ പ്രശ്നത്തെ കുറിച്ച് പ്രതികരണങ്ങൾ ഒന്നും തന്നെ കാണുന്നില്ല.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen − thirteen =

Most Popular