അഭിമാനത്തോടെ ജീവിക്കുവാൻ കേരളത്തിലെ കർഷകർക്ക് സാഹചര്യം ഒരുക്കിയ ഭൂപരിഷ്കരണം നടന്നിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഭൂപരിഷ്കരണം എന്നത് അപൂർണ്ണമായ പ്രക്രിയയാണ്. 1957ലെ ആദ്യ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വ സർക്കാരിൽ റവന്യൂ മന്ത്രിയായിരുന്ന കെ ആർ ഗൗരിഅമ്മ നിയമസഭയിൽ അവതരിപ്പിച്ച കേരള കാർഷിക ബന്ധബിൽ പാസാക്കപ്പെട്ടുവെങ്കിലും പ്രതിലോമ ശക്തികൾ ആവിഷ്കരിച്ച വിമോചന സമരത്തിലൂടെ ആ സർക്കാർ അട്ടിമറിക്കപ്പെട്ടു. കേരള ഭൂപരിഷ്കരണ നിയമം 1957 മുതൽ ഒരു വ്യാഴവട്ടക്കാലം നിയമസഭാ സംവാദങ്ങൾ, സെലക്ട് കമ്മിറ്റി, – സബ്ജക്ട് കമ്മിറ്റി പരിശോധനകൾ, ഭേദഗതികൾ, കോടതി വ്യവഹാരങ്ങൾ എന്നീ പ്രക്രിയകളിലൂടെ കടന്ന് 1969ൽ പാസാക്കപ്പെട്ടു. സമഗ്രമായ കാർഷിക പരിഷ്കരണത്തിനുവേണ്ടി ഒന്നാം ഇഎംഎസ് നമ്പൂതിരിപ്പാട് സർക്കാർ വിഭാവനം ചെയ്ത നിയമത്തിന്റെ അന്തഃസത്തെ പിന്നീടുവന്ന സർക്കാരുകൾ ഒട്ടേറെ ഭേദഗതികളിലൂടെ ദുർബലമാക്കിയെങ്കിലും ഇന്ത്യയിൽ വളരെ മെച്ചപ്പെട്ട രീതിയിൽ ഭൂപരിഷ്കരണം നടപ്പിലാക്കപ്പെട്ടിട്ടുള്ളത് കേരളത്തിലാണ്.
കേരളത്തിൽ ജന്മിത്വം അവസാനിപ്പിച്ചതിന്റെയും കുടിയായ്മാ പരിഷ്കരണത്തിന്റെയും കർഷക പോരാട്ടങ്ങളുടെയും, കർഷക സംഘത്തിന്റെ മുന്നേറ്റത്തിന്റെയും സജീവവും സങ്കീർണവുമായ ചരിത്രം മൗലികമായ തെളിവ് സാമഗ്രികൾ സൂക്ഷ്മമായി വിശകലനം ചെയ്ത് വസ്തുനിഷ്ഠമായി രചിക്കപ്പെട്ട പുസ്തകമാണ് ഡോക്ടർ വി വി കുഞ്ഞുകൃഷ്ണന്റെ “കേരളത്തിലെ കുടിയായ്മ പരിഷ്കരണങ്ങളുടെയും കർഷക പോരാട്ടങ്ങളുടെയും ചരിത്രം”. വസ്തുനിഷ്ഠ ചരിത്രരചനാ രീതിശാസ്ത്രത്തിന്റെ പ്രയോഗവൽക്കരണത്തിലും ഉള്ളടക്കത്തിന്റെ സമഗ്രതയിലും ആധികാരികതയിലും മികച്ചുനിൽക്കുന്ന ഈ പുസ്തകം കേരളത്തിന്റെ ചരിത്രവിജ്ഞാന ശാഖയിലെ പുതിയൊരേടാണ്.
ഇതിന് അവതാരിക എഴുതിയ പ്രശസ്ത പണ്ഡിതനായ, ഡോക്ടർ പി കെ മൈക്കിൾ തരകൻ ഈ പുസ്തകത്തിന്റെ സമഗ്രതയെ കുറിച്ചും സൂക്ഷ്മ ദർശനത്തെക്കുറിച്ചും എടുത്തുപറയുന്നുണ്ട്. 39 ലളിതമായ അധ്യായങ്ങളിലായി കേരളത്തിലെ കർഷക സമരങ്ങളെക്കുറിച്ചും കുടിയായ്മ കർഷക പരിഷ്കരണങ്ങളെക്കുറിച്ചും കർഷകനിയമങ്ങളെക്കുറിച്ചും, കർഷക സംഘത്തിന്റെ ആവിർഭാവത്തെക്കുറിച്ചും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും അതിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയും വളർന്നുവന്നതിനെക്കുറിച്ചും ഒക്കെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് കർഷക പോരാട്ടങ്ങളും കർഷ പ്രസ്ഥാനവും വഹിച്ച പങ്കിനെക്കുറിച്ചുംകൃത്യമായി വിവരിക്കുന്നു.
സങ്കീർണമായ തിരുവിതാംകൂറിലെ കുടിയായ്മ വ്യവസ്ഥകളിൽ വലിയ മാറ്റങ്ങൾവരുത്തുന്നതിന് 1865ലെയും 1867ലെയും രാജകീയ വിളംബരങ്ങൾ ഇടയാക്കി. ചതുപ്പുനിലങ്ങളും മറ്റും കൃഷിക്ക് ഉപയുക്തമാക്കിയ കൃഷിക്കാർക്ക് സ്ഥിരാവകാശം നൽകിയതും ദീർഘവ്യാപകമായ ചലനങ്ങളുണ്ടാക്കി. കാർഷിക മുതലാളിത്തം (agricultural capitalism) അവിടെ വളർന്നുവരാനിടയായ സാഹചര്യങ്ങളും പഠനവിധേയമാക്കിയിട്ടുണ്ട്.
85 ശതമാനത്തിലേറെ ജനങ്ങളും കാർഷിക മേഖലയെ ആശ്രയിച്ച് കഴിഞ്ഞുകൂടിയിരുന്ന കാലത്ത് കാർഷിക മേഖലയിലെ ചൂഷണം ഏതെല്ലാം തരത്തിൽ ആയിരുന്നു എന്നതിനെക്കുറിച്ചും, ഭൂരിപക്ഷം ജനങ്ങളും അടിയാന്മാരും കുടിയാന്മാരും ആയി കഴിഞ്ഞിരുന്ന കാലത്തെ മേലാളന്മാരുടെ ചൂഷണത്തിന്റെ തീവ്രതയെ കുറിച്ചും, കുടിയാന്മാരുടെ ദാരുണമായ ജീവിതാവസ്ഥയെക്കുറിച്ചും സൂക്ഷ്മമായി വിശകലനംചെയ്യുന്നു. മലബാറിലെ ഓരോ താലൂക്കിലെയും കർഷക പ്രസ്ഥാനം എങ്ങനെ രൂപപ്പെട്ട് പ്രവർത്തിച്ചുവന്നുവെന്നും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ കർഷക സമരങ്ങളുടെ ഗതിവിഗതികൾ എപ്രകാരമായിരുന്നു എന്നും കർഷകപ്രക്ഷോഭങ്ങളുടെ പ്രസക്തിയും പ്രാധാന്യവും എന്തായിരുന്നു എന്നും വസ്തുനിഷ്ഠമായി പരിശോധിക്കുന്നു ഈ പുസ്തകം.
കല്യാട്ട് യശമാനനും കരക്കാട്ടിടം നായനാരും വേങ്ങയിൽ നായനാരും ചിറക്കൽ കോവിലകവും ഒക്കെ പാവപ്പെട്ട കർഷകരുടെ നീരൂറ്റി കുടിച്ചതിനെക്കുറിച്ചും കഴുമരം സ്ഥാപിച്ച, കൊല്ലും കൊലയും നടത്തിയ ജന്മിത്വത്തിന്റെ ക്രൂരതകളെക്കുറിച്ചും വടക്കൻ കാസർകോട്ട് പൈവളികെമുതൽ ഇടുക്കി ഹൈറേഞ്ചിലെ അമരാവതി വരെ നടന്നിട്ടുള്ള കർഷക സമരങ്ങളെക്കുറിച്ചും വിശകലനം ചെയ്യുന്നു. കയ്യൂർ, കൊടക്കാട്, കരിവെള്ളൂർ, മുനയംകുന്ന്, കാവുമ്പായി, മോറാഴ, കണ്ടക്കൈ, ആറളം, തില്ലങ്കേരി, കൂത്താളി, ഒഞ്ചിയം എന്നീ സമരകേന്ദ്രങ്ങൾ മുതൽ മലബാറിൽ വിവിധ പ്രദേശങ്ങളിലും കേരളത്തിൽ പൊതുവായും നടന്നിട്ടുള്ള കർഷക പോരാട്ടങ്ങളുടെയും കർഷക സമരങ്ങളുടെ സാമ്പത്തിക രാഷ്ട്രീയ സ്വാധീനത്തെ കുറിച്ചും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് കർഷക പോരാട്ടങ്ങളും കർഷക പ്രസ്ഥാനവും വഹിച്ച പങ്ക് എത്രയെന്നും വിശദമാക്കുന്നുണ്ട്. കൊളോണിയൽ കാലത്ത് മദ്രാസ് നിയമസഭയിലും തിരുവിതാംകൂറിലും കൊച്ചിയിലും സ്വതന്ത്ര്യാനന്തര കേരളത്തിലെ നിയമസഭകളിലും കാർഷികപ്രശ്നങ്ങളെക്കുറിച്ചും കർഷിക നിയമനിർമ്മാണ പ്രക്രിയയെകുറിച്ചും ഒക്കെ ഉണ്ടായ ചർച്ചകളും നിയമനിർമ്മാണങ്ങളും ഒക്കെ വസ്തുനിഷ്ഠമായി പരിശോധിക്കുന്നു. ‘കുടിയായ്മയെ കുറിച്ചുള്ള ദീർഘ സംവാദം’ മുതൽ ‘കർഷക സംഘത്തിന്റെ രൂപീകരണം’, ‘കർഷകർ രാഷ്ട്രീയ പ്രബുദ്ധരാകുന്ന’തിന്റെ സാഹചര്യങ്ങളും, സ്വാധീനവും; കാർഷിക പരിഷ്കരണങ്ങളെക്കുറിച്ചും കാർഷിക നിയമങ്ങളെക്കുറിച്ചും നീണ്ടുനിന്ന കോടതി വ്യവഹാരങ്ങളും, നിയമനിർമാണസഭാ സംവാദങ്ങളെക്കുറിച്ചുമൊക്കെ വളരെ തന്മയത്വത്തോടെ വിശകലനം ചെയ്യുന്നു. ‘കർഷകസംഘവും സാംസ്കാരിക മുന്നേറ്റവും’ ഈ പുസ്തകത്തിലെ വളരെ ശ്രദ്ധേയമായ ഒരു അധ്യായമാണ്. കേരളത്തിലെ ദേശീയപ്രസ്ഥാനത്തിൽ കർഷകപോരാളികളുടെ പങ്ക് അനിഷേധ്യമാണ്. നിരക്ഷരരായിരുന്ന കർഷകരിൽ ജന്മി വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ മനോഭാവവും ഇടതുപക്ഷ ആശയങ്ങളും രൂഢമൂലമായതെങ്ങനെയെന്ന് ഗ്രന്ഥകാരൻ ഈ പുസ്തകത്തിലൂടെ വിവരിക്കുന്നു. കേരളത്തിൽ മാറിമാറി വന്ന രാഷ്ട്രീയ കൂട്ടുകെട്ടുകൾ സമ്മർദ്ദം ചെലുത്തി നേടിയ “ഇഷ്ടദാനം’ പോലുള്ള നടപടികൾ ഒന്നാം ഇ എം എസ് സർക്കാർ ആവിഷ്കരിച്ച കാർഷിക ബന്ധ നിയമത്തെ എത്രമാത്രം ദുർബലമാക്കിത്തീർത്തുവെന്നതിന്റെ സാഹചര്യങ്ങളും പരിശോധിക്കുന്നു. കർഷക പോരാട്ടങ്ങളിലെ സ്ത്രീകളുടെ പങ്ക്, എയിഡഡ് അധ്യാപക പ്രസ്ഥാനത്തിന്റെ ഇടപെടലുകൾ, തൊഴിലാളി‐കർഷക ഐക്യം കമ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപ്പെടുത്തിയത് തുടങ്ങിയ കാര്യങ്ങളൊക്കെ വിശകലനവിധേയമാക്കിയിട്ടുണ്ട്. കൊളോണിയൽ കാലഘട്ടത്തിലെ കാർഷിക നിയമങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതോടൊപ്പം 1957ലെ കാർഷികബന്ധ നിയമം മുതൽ കേരളത്തിൽ ഭൂപരിഷ്കരണം നടപ്പിലാക്കിയ പ്രക്രിയയും അതിലെ സങ്കീർണതകളും ഗവേഷണ പ്രബബ്ധഭാഷാ പ്രയോഗത്തിന്റെ ശൈലി ഒഴിവാക്കി ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.. അടിമകൾ എങ്ങനെ ഉടമകളായെന്ന്, ജാതി ജന്മി നാടുവാഴിത്ത വ്യവസ്ഥിതിയിൽ ജന്മി നാടുവാഴിത്തം അവസാനിപ്പിച്ചത് എങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കുന്നതിന് ഈ പുസ്തകം ഉപകരിക്കും. ജാതീയത ഇന്നും ശക്തമായി നിലനിൽക്കുന്നുണ്ടല്ലോ.
കേരളത്തിന്റെ ഒരു പ്രധാന സവിശേഷത ഇവിടുത്തെ മദ്ധ്യവർഗ്ഗവത്കരണമാണ്. സമൂഹത്തിലെ പ്രാന്തവൽകൃതരായിരുന്ന ജനവിഭാഗങ്ങൾ, -അടിയാന്മാരും കുടിയാന്മാരും- ഭൂമിയുടെ അവകാശികൾ ആയത് കർഷക പ്രക്ഷോഭങ്ങളിലൂടെയും കുടിയിറക്ക് നിരോധന നിയമങ്ങളിലൂടെയും ഭൂപരിഷ്കരണങ്ങളിലൂടെയുമൊക്കെ ആയിരുന്നു. കർഷക സംഘത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും 1957ലെ ആദ്യ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വ സർക്കാരിന്റെയും പ്രവർത്തനഫലമായി ഭൂ അവകാശം ലഭിച്ച അടിസ്ഥാന ജനവിഭാഗങ്ങൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് നേതൃത്വസർക്കാരിന്റെയും കാർഷിക – വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെ പ്രയോജകരായിരുന്നു. ഭൂമിയിൽ അവകാശം ലഭിച്ച, സ്വന്തമായി ഭൂമി ലഭിച്ച പരമ്പരാഗതമായി അടിയാന്മാരും കുടിയാന്മാരും ആയിരുന്ന അടിസ്ഥാന ജനവിഭാഗങ്ങൾ തങ്ങളുടെ മക്കൾക്ക്, കമ്യൂണിസ്റ്റ് സർക്കാർ ആവിഷ്കരിച്ച വിദ്യാഭ്യാസ പരിഷ്കരണങ്ങളിലൂടെ കരഗതമായ വിദ്യാഭ്യാസം ലഭ്യമാക്കി. അങ്ങനെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിലേക്ക് എത്തിപ്പെട്ട തലമുറയിൽ ഏറെപ്പേരും കാലത്തിന്റെ മാറ്റത്താൽ ലഭ്യമായ മറ്റ് അവസരങ്ങൾ കൂടി ഉപയോഗപ്പെടുത്തി മധ്യവർഗ്ഗ ജീവിതസാഹചര്യങ്ങൾ കൈവരിച്ചു. കേരളീയ സമൂഹത്തിന്റെ മധ്യവർഗവൽക്കരണത്തിന്റെ പരിണാമവഴികൾ ഡോ: വി വി കുഞ്ഞുകൃഷ്ണന്റെ ഈ പുസ്തകം സൂക്ഷ്മമായി വായിക്കുന്ന ഒരാൾക്ക് മനസ്സിലാക്കാൻ കഴിയും.
കേരള സ്റ്റേറ്റ് ആർക്കൈവ്സ്, മദ്രാസ് ആർക്കൈവ്സ്, സെൻട്രൽ ആർക്കൈവ്സ് ഡൽഹി, ന്യൂഡൽഹി നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി, പാർലമെൻറ് ലൈബ്രറി, സെൻട്രൽ സെക്രട്ടറിയേറ്റ്സെല്ലാർ, നിയമസഭാ ലൈബ്രറി എന്നീ പഠന ഗവേഷണ കേന്ദ്രങ്ങളിലെ ചരിത്ര രേഖകൾ സൂക്ഷ്മമായി പരിശോധിച്ചതിനോടൊപ്പംതന്നെ കെ എ കേരളീയൻ, വിഷ്ണു ഭാരതീയൻ, സുബ്രഹ്മണ്യ ഷേണായി, എ വി കുഞ്ഞമ്പു തുടങ്ങിയ ഒട്ടേറെ സമരനായകരോട് ചർച്ച ചെയ്തുo, കർഷക പോരാട്ട സ്ഥലങ്ങൾ സന്ദർശിച്ച് ഫീൽഡ് സ്റ്റഡി നടത്തിയുമൊക്കെ ഗ്രന്ധകാരൻ ദീർഘകാലം ഗവേഷണ പഠനം നടത്തിയതിന്റെ ഫലമായി തയ്യാറാക്കിയ പിഎച്ച്‌ഡി പ്രബന്ധത്തെ ആധാരമാക്കി രചിക്കപ്പെട്ടതാണ് മൂല്യവത്തായ ഈ ഗ്രന്ഥം .
ഈ പുസ്തകത്തിലെ ഏറ്റവും ആസ്വാദ്യകരമായ ഭാഗം ഉപസംഹാരം ആണ്. കഥകളിൽ, കവിതകളിൽ, നോവലുകളിൽ, നാടകങ്ങളിൽ, നാടൻപാട്ടുകളിൽ, സിനിമകളിൽ, ഒക്കെ പ്രതിപാദിച്ചിട്ടുള്ള കർഷക പോരാട്ടങ്ങളെക്കുറിച്ച് ഇതിൽ എടുത്തു പറയുന്നു. “തമ്പ്രാൻ എന്ന് വിളിപ്പിക്കും പാളയിൽ കഞ്ഞികുടിപ്പിക്കും” എന്ന് ആക്രോശിച്ചവരുടെ അഹങ്കാരവും മർദ്ദനവും ചൂഷണവും ഇല്ലാതാക്കി “അടിമകൾ എങ്ങനെ ഉടമകളായെന്ന്” കേരളത്തെ ആധുനിക വികസിത കേരളമാക്കി മാറ്റിയത് എങ്ങനെയെന്ന്, അതിന് കർഷക പോരാട്ടങ്ങളും കർഷക നിയമപരിഷ്കരണങ്ങളും എത്രമാത്രം സഹായകരമായി എന്ന് മനസ്സിലാക്കുന്നതിന് ഒരു ഉത്തമ ഗ്രന്ഥമാണിത്. ലളിതമായ ഭാഷയിൽ എഴുതിയ സരസമായി വായിച്ച് ആസ്വദിക്കാവുന്ന, ചിന്ത പബ്ലിഷ്ഴ്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം പൊതുപ്രവർത്തകർക്കും, ഗവേഷകർക്കും, അധ്യാപകർക്കും ചരിത്ര വിദ്യാർത്ഥികൾക്കും, പൊതുവായനക്കാർക്കും ഒരുപോലെ ഉപകാരപ്രദമാണ്. ഭൂമി സമം അധികാരം (Land is equal to power) എന്ന സമവാക്യത്തിൽനിന്നും കുടിയായ്മ പരിഷ്കരണങ്ങൾവഴി സാമൂഹ്യ തുല്യതയിലേക്ക് നയിച്ച ചരിത്രത്തെ ആഖ്യാന സമഗ്രതയോടെ സംഗ്രഹിച്ചതിന് ഗ്രന്ധകാരൻ പ്രശംസയർഹിക്കുന്നു. തീർച്ചയായും ഡോ. വി വി കുഞ്ഞികൃഷ്ണൻ രചിച്ച ‘കേരളത്തിലെ കുടിയായ്മ പരിഷ്കരണങ്ങളുടെയും കർഷക പോരാട്ടങ്ങളുടെയും ചരിത്രം’ ആധൂനിക കേരളത്തിന്റെ ചരിത്ര വിജ്ഞാന ശാഖയ്ക്ക് മൂല്യവത്തായ ഒരു മുതൽക്കൂട്ടാണ്. ♦