Wednesday, April 24, 2024

ad

Homeപുസ്തകംദാക്ഷായണി വേലായുധൻ: വിലപ്പെട്ട ഒരു രേഖാസഞ്ചയം

ദാക്ഷായണി വേലായുധൻ: വിലപ്പെട്ട ഒരു രേഖാസഞ്ചയം

റൂബിൻ ഡിക്രൂസ്

കാലശാസനകൾക്ക് കീഴടങ്ങാത്ത ദാക്ഷായണി വേലായുധൻ
ചെറായി രാമദാസ്
പ്രണത ബുക്സ്, കച്ചേരിപ്പടി, കൊച്ചി- 18. വില 400 രൂപ. 264 പുറം. ആദ്യപതിപ്പ്. മാർച്ച് 2023.

ദാക്ഷായണി വേലായുധന്റെ ഒരു ജീവിതചരിത്രം ഇതുവരെയും പ്രസിദ്ധീകരിക്കപ്പെടാത്തത് ആരുടെയെങ്കിലും കഴിവുകേടിന്റെയോ താല്പര്യക്കുറവിന്റെയോ പ്രശ്നമല്ല, അതൊരു രാഷ്ട്രീയപ്രശ്നമാണ്. “കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി കാണുന്നുണ്ടനേകവംശത്തിൻ ചരിതവും,” എന്ന് പൊയ്കയിൽ അപ്പച്ചൻ എഴുതിയ തമസ്കരണമാണ് ഇവിടെയും നടക്കുന്നത്. ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട ഒരു പ്രസിദ്ധീകരണമാണ് ജനകീയഗവേഷകനായ ചെറായി രാമദാസ് എഴുതി കൊച്ചിയിലെ പ്രണത ബുക്സ് പ്രസിദ്ധീകരിച്ച ‘കാലശാസനകൾക്ക് വഴങ്ങാത്ത ദാക്ഷായണി വേലായുധൻ.’

രേഖകളുടെ ഒരു കൊളാഷ്
ദാക്ഷായണി വേലായുധൻ കൊച്ചി നിയമസഭയിലും ഇന്ത്യൻ ഭരണഘടന നിർമാണ സഭയിലും ഒക്കെ നടത്തിയ പ്രസംഗങ്ങളും പത്രവാർത്തകൾ, മറ്റു രേഖകൾ എന്നിവ ചേർത്ത് തയ്യാറാക്കിയ ഒരു കൊളാഷാണ് ഈ പുസ്തകം. കൊച്ചിയിലെ മുളവുകാട് ദ്വീപിൽ അയിത്തജാതിയിൽ ജനിച്ച് ഇന്ത്യൻ ഭരണഘടനാ നിർമാണസഭയിലെ ഏക ദളിത് അംഗമായി വളർന്ന ദാക്ഷായണിയെപ്പോലൊരാളുടെ ജീവിതകഥ പറയുമ്പോൾ ഓരോ വാക്കും രേഖകളുടെ പിൻബലമില്ലാതെ അവിശ്വസനീയമായി തോന്നും എന്നതിനാലാവാമിത്. നോക്കൂ, ഞാൻ പറയുന്നതിന് രേഖയുണ്ട്, എന്ന് അവിശ്വാസത്തോടെ കണ്ണുമിഴിച്ചിരിക്കുന്ന വായനക്കാരനോട് ഗ്രന്ഥകർത്താവ് പേർത്തും പേർത്തും പറയുന്നപോലുണ്ട് ഈ പുസ്തകം.

“പുലയർ ദൈവം കല്പിച്ചതായ കൃഷിപ്പണി ചെയ്തു തൃപ്തരായി കഴിയണമെന്നും അല്ലാതെ ഗുമസ്തൻ പണിക്കും മറ്റ് ഉദ്യോഗങ്ങൾക്കും ശ്രമിക്കരുതെന്നും”1933 ജനുവരി 25ന് എടക്കൊച്ചിയിൽ നടന്ന പുലയയോഗത്തിൽ ദിവാൻ കസ്തൂരി രംഗയ്യർ പറഞ്ഞത് ഉദ്ധരിച്ചാണ് ‘കാലശാസനകൾക്ക് വഴങ്ങാത്ത ദാക്ഷായണി വേലായുധൻ’ ആരംഭിക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ സംഭവങ്ങളുടെ ചില വാർത്തകളാണ് തുടർന്നു നല്കിയിരിക്കുന്നത്. ബിഎയ്ക്ക് പഠിക്കുന്ന പുലയക്കുട്ടികൾക്കുള്ള ധനസഹായം ദാക്ഷായണിക്ക് നല്കാത്തതിനെക്കുറിച്ചുള്ള കൊച്ചി നിയമസഭയിലെ ചോദ്യോത്തരവും നൽകിയിരിക്കുന്നു. തുടർന്ന് ബിഎ പാസായ ദാക്ഷായണിക്ക് മംഗളപത്രം സമർപ്പിക്കുന്ന യോഗത്തിന്റെ വാർത്ത. ബിരുദം നേടിയ ഇന്ത്യയിലെ ആദ്യ ദളിത് സ്ത്രീയെ ആദരിക്കുന്ന ചരിത്രപ്രധാനമായ ചടങ്ങ്! ദാക്ഷായണിക്ക് എംഎ പഠിക്കാൻ സർക്കാർ ധനസഹായം ചെയ്യുമോ എന്ന നിയമസഭാചോദ്യത്തിലൂടെയാണ് ഈ വിപ്ലവകാരിയുടെ ജീവിതത്തിന്റെ അടുത്ത ഘട്ടം അനാവരണം ചെയ്യുന്നത്.

വിദ്യാഭ്യാസത്തിനുശേഷം ടീച്ചറായി ജോലിക്കുപോയ ദാക്ഷായണി ഒപ്പം പൊതുപ്രവർത്തനരംഗത്തും സജീവമാകുന്നു. പിന്നീട് നല്കിയിരിക്കുന്ന ശ്രദ്ധേയമായ ഒരു വിവരം ദാക്ഷായണി വേലായുധൻ ജനറൽ എഡിറ്ററായി ചെന്നൈയിൽ നിന്ന് ഗാന്ധി എറ പബ്ലിക്കേഷൻസ് എന്ന ഒരു പ്രസാധനശാല തുടങ്ങിയ കാര്യമാണ്. അവർ പ്രസിദ്ധീകരിച്ച Salute to the Mahatma എന്ന പുസ്തകത്തിന്റെ പത്രാധിപക്കുറിപ്പിൽ ദാക്ഷായണിയുടെ പേരാണ് നല്കിയിരിക്കുന്നത്. 1946ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ പത്രാധിപക്കുറിപ്പിൽ ദാക്ഷായണി എഴുതിയ കുറിപ്പ്, ഗ്രന്ഥകർത്താവിന് ലഭിച്ച ദാക്ഷായണിയുടെ ഏകരചന എന്ന കുറിപ്പോടെ നല്കിയിട്ടുണ്ട്. ദാക്ഷായണിയുടെ വിദ്യാഭ്യാസകാലത്തെ പത്രവാർത്തകൾ കണ്ടെത്തിയതും മദ്രാസിലെ ഈ പ്രസാധനസ്ഥാപനത്തിൽ ജോലിചെയ്ത കാര്യം കണ്ടെത്തിയതും ഗ്രന്ഥകാരന്റെ സംഭാവനകളാണ്.

ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭയിലംഗമായിരുന്ന ഏക ദളിത് വനിതയായ ദാക്ഷായണിയുടെ സഭാജീവിതത്തെക്കുറിച്ചുള്ള ഒരു ലേഖനവും സഭയിൽ ദാക്ഷായണി നടത്തിയ ചില ഇടപെടലുകളുടെ രേഖകളുമാണ് പിന്നെ നല്കിയിരിക്കുന്നത്. സഭയിൽ ദാക്ഷായണി നടത്തിയ പ്രസംഗങ്ങൾ അവസാനം നല്കുന്നുമുണ്ട്. കൊച്ചിയിൽ നിന്ന് ഡൽഹിയിലെ സഭയിലെത്തി എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്ന പ്രസംഗങ്ങൾ നടത്താനുള്ള ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം നേടിയത് അക്കാലത്ത് വച്ചു നോക്കുമ്പോൾ അസാമാന്യശേഷിയാണ്.

ഈ പുസ്തകത്തിൽ വിവരങ്ങൾ ചേർക്കുന്നതിന് കാലക്രമമോ മറ്റെന്തെങ്കിലും ക്രമമോ പാലിക്കാത്തതിന് എന്താണ് കാരണമെന്ന് എന്റെ സുഹൃത്തുക്കളായ ഗ്രന്ഥകർത്താവോ പ്രസാധകനോ ഒന്ന് വിശദീകരിച്ചെങ്കിൽ നന്നായിരുന്നു. ദാക്ഷായണി വേലായുധന്റെയും ഭർത്താവ് ആർ വേലായുധന്റെയും മറ്റും ചരമവാർത്തകളാണ് അടുത്തതായി നമുക്ക് വായിക്കാനാവുന്നത്.

നിയമസഭയിൽ കർശനമായ നിലപാടെടുക്കുന്ന ഒരംഗമായിരുന്നു ദാക്ഷായണി. 1945 ഓഗസ്റ്റ് 2ന് ദാക്ഷായണി ചോദിക്കുന്നത്, “വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് പുസ്തകങ്ങൾ വിതരണം ചെയ്തിരുന്ന ഒരുകാലം ഉണ്ടായിരുന്നു; ഞങ്ങളുടെ കോളനി വീടുകൾ കൃത്യമായി ഓലമേയുകയോ അവിടെ അറ്റകുറ്റപ്പണികൾ ചെയ്യുകയോ ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോൾ കഴിഞ്ഞ മൂന്നു വർഷങ്ങളായി അത്തരത്തിലുള്ള ഒരു കാര്യവും വകുപ്പ് ചെയ്യുന്നില്ല.” ഇതേ നിയമസഭയിലാണ് ഹരിജൻ എന്ന വിളിയെ ദാക്ഷായണി രൂക്ഷമായി എതിർത്തത്. “അയിത്തം നിലനിൽക്കുവോളം ഹരിജൻ എന്ന പേര് ഒരു പട്ടിയെ ‘നെപ്പോളിയൻ’ എന്നോ ‘ഹിറ്റ്ലർ’ എന്നോ വിളിക്കുന്നതുപോലെയാണ്.” ഉറച്ച ഗാന്ധിവാദിയായിരിക്കെ ത്തന്നെ, സ്വന്തം വിവാഹം വാർധാ ആശ്രമത്തിൽ ഗാന്ധിജിയുടെ കാർമികത്വത്തിൽ നടത്തണം എന്നു വാശിപിടിച്ച ദാക്ഷായണി, അതേസമയം ഗാന്ധിജിയുടെ ദളിതരോടുള്ള സമീപനത്തിന്റെ അടിസ്ഥാനസങ്കല്പത്തെ ചോദ്യംചെയ്യാനും മടിച്ചില്ല. “തൊട്ടുകൂടായ്മ എന്ന ഭൂതം ഈ സംസ്ഥാനത്ത് വാഴുന്നിടത്തോളം കാലം ശുദ്ധജലകേന്ദ്രങ്ങളെ സമീപിക്കാൻ അധഃസ്ഥിതവിഭാഗങ്ങൾക്ക് ഒരിക്കലും പറ്റില്ല.” എന്ന് നിയമസഭയിൽ പ്രസംഗിക്കുന്ന ദാക്ഷായണി, വാക്കുകളിൽ മിതത്വം പാലിക്കുന്ന ഒരാളായിരുന്നില്ല.

1946 ജൂലൈ 22നാണ് മദ്രാസ് അസംബ്ലിയിൽ നിന്ന് ദാക്ഷായണിയെ ഭരണഘടനാനിർമാണസഭയിലേക്ക് തെര ഞ്ഞെടുത്തത് (ജനറൽ വിഭാഗത്തിൽ). ഭരണഘടനാനിർമാണ സഭയിൽ ദാക്ഷായണിവേലായുധൻ നടത്തിയ പ്രസംഗങ്ങളാണ് പുസ്തകത്തിന്റെ അടുത്തഭാഗം. “ഹരിജനങ്ങളുടെ സാമൂഹികനില മെച്ചപ്പെടുത്താൻ ബ്രിട്ടീഷ് സർക്കാർ എന്താണ് ചെയ്തത്? കുറച്ചു ശിപായികളെയും പാചകക്കാരെയും ഉണ്ടാക്കിയതല്ലാതെ?” എന്ന കുലുക്കമില്ലാത്ത സാമ്രാജ്യത്വവിരുദ്ധനിലപാടെടുക്കാൻ ദാക്ഷായ ണിക്ക് മടിയുണ്ടായില്ല. ദളിത് വിമോചനത്തിന് പാശ്ചാത്യ ശക്തികളല്ലാതെ ആര് എന്ന രാഷ്ട്രീയം എടുത്തിരുന്നത് അംബേദ്ക്കർ മുതൽ മഹാരഥന്മാരായിരുന്നു എന്നത് ഓർക്കണം. അംബേദ്ക്കറെ വിമർശനബുദ്ധിയോടെ കണ്ടിരുന്ന ദാക്ഷായണി, “ഈ രാജ്യത്തെ ദേശീയവാദശക്തികൾക്കൊപ്പം ചേരാൻ ഡോ. അംബേദ്ക്കറോട് ഞാൻ വ്യക്തിപരമായി ഒരു അഭ്യർത്ഥന നടത്തട്ടെ. ഹരിജൻ സമുദായത്തിന്റെ ഏകനേതാവാണദ്ദേഹം. ദേശീയവാദശക്തികളോടദ്ദേഹം സഹകരിക്കാത്തത് ഹരിജനങ്ങളെ സംബന്ധിച്ച് വലിയ ദുരന്തമാണ്. ദേശീയവാദശക്തികളുമായി അദ്ദേഹം സഹകരിച്ചാൽ, അത് ഹരിജനങ്ങളിലൂടെ വിമോചനത്തിനുള്ള സാധ്യത ഉയർത്തും. ഇപ്പോൾ താങ്കൾക്ക് അതുല്യമായ ഒരു അവസരമുണ്ട് സർ, (അംബേദ്ക്കറുടെ നേരെ തിരിഞ്ഞ്,) സ്വന്തം സേവനങ്ങൾ രാജ്യത്തിനു മുന്നിൽ സമർപ്പിക്കാൻ,” എന്നും ഭരണഘടനാനിർമാണസഭയിൽ പറയുന്നുണ്ട്. ജവഹർലാൽ നെഹ്രുവിനോട് ഏറ്റുമുട്ടാനും ദാക്ഷായണി മടികാണിച്ചുമില്ല. സ്വാതന്ത്ര്യസമരത്തിന്റെ അവസാനനാളുകളിലെയും രണ്ടാം ലോകയുദ്ധത്തിന്റെ പ്രത്യേകസാഹചര്യത്തിലെയും സങ്കീർണമായരാഷ്ട്രീയത്തിന്റെ മൂർച്ചയോടെയാണ് കമ്യൂണിസ്റ്റുകാരെക്കുറിച്ചും ദാക്ഷായണി ഭരണഘടനാനിർമാണസഭയിൽ പറയുന്നത്.

ഗാന്ധിവധത്തിനുശേഷം ഒരിക്കൽ ദാക്ഷായണി സഭയിൽ പറഞ്ഞ വാക്കുകൾ കാണൂ, “മറ്റൊരു മന്ത്രി ആർഎസ്എസ് സ്പോൺസർ ചെയ്യുന്ന ഒരു യോഗത്തിനു പോകുന്നു, അതിനുശേഷം ഒരു കോൺഗ്രസ് യോഗത്തിൽ പോയി അവരോട് അഹിംസയെക്കുറിച്ച് പ്രസംഗിക്കുന്നു….. വർത്തമാനപ്പത്രങ്ങൾ ആർഎസ്എസ് പ്രസ്ഥാനം തകർന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ അത് ഇപ്പോഴും സർക്കാരിന് അകത്തും പുറത്തുനിന്ന് പിന്തുണ കിട്ടുന്ന ശക്തമായ ഒരു ഫാസിസ്റ്റ് സംഘടനയാണ് എന്ന് സത്യം അറിയാവുന്നവർ പറയും.”

“ആരാണ് ഈ രാജ്യത്തിന്റെ പരമശത്രുക്കൾ? കമ്യൂണിസ്റ്റുകളോ, കൂടുതൽ ഭയമുണ്ടാക്കുന്ന സോഷ്യലിസ്റ്റുകളോ, പണിമുടക്കുന്ന തൊഴിലാളികളോ? രാജ്യത്തിന് ഒരു ഗുണവും ചെയ്യാതെ എല്ലാ പണവും പൂഴ്ത്തിവയ്ക്കുന്ന കച്ചവടക്കാരും വ്യവസായികളുമല്ലാതെ ആരാണ് ഈ രാജ്യത്തിന്റെ ശത്രുക്കൾ?” എന്ന് 1949 മാർച്ചിൽ പറഞ്ഞ ദാക്ഷായണിയും ഭർത്താവ് ആർ വേലായുധനും പില്ക്കാലത്ത് കമ്യൂണിസ്റ്റ് പാർടിയുമായി കുറച്ചുകാലം സഹകരിക്കുകയും 1952ൽ കമ്യൂണിസ്റ്റ് പാർടി പിന്തുണയുള്ള സ്വതന്ത്രസ്ഥാനാർത്ഥിയായി ആർ വേലായുധൻ കൊല്ലം- മാവേലിക്കര ദ്വയാംഗമണ്ഡലത്തിൽ നിന്ന് ആദ്യ പാർലമെൻറിലേക്ക് പോവുകയും ചെയ്തു. എന്നാൽ 1971ൽ അടൂർ സംവരണമണ്ഡലത്തിൽ നിന്ന് സംഘടനാ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ദാക്ഷായണി വേലായുധൻ സിപിഐ‐-കോൺഗ്രസ് സ്ഥാനാർത്ഥി ഭാർഗവി തങ്കപ്പനോട് ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.

ഇന്ത്യൻ ഭരണഘടനയിൽ ഒപ്പുവച്ച ഏകദളിത് സ്ത്രീ ആയ ദാക്ഷായണിക്ക്, ഈ പ്രവർത്തനങ്ങൾക്കുശേഷം എൽഐസിയിലെ ഒരു ഉദ്യോഗസ്ഥയായി ഒടുങ്ങേണ്ടി വന്നു. കേരളത്തിലെ ദളിത് രാഷ്ട്രീയജീവിതത്തിന്റെ വിപ്ലവാത്മകതയെല്ലാം, ആദ്യപഥികയായ ദാക്ഷായണി വെളിപ്പെടുത്തുമ്പോൾ അതിന്റെ പരിമിതിയുടെയും രക്തസാക്ഷിയാണ് അവർ.

ചെറായി രാമദാസ്
കേരളത്തിലെ അക്കാദമിക് ചരിത്രകാരെ വെല്ലുവിളിക്കുന്ന ഗവേഷകനാണ് ചെറായി രാമദാസ്. സർവകലാശാലകളിലെ തൊഴിലിന്റെ ഭാഗമായല്ലാതെ, കേരളചരിത്രത്തിന്റെ തമസ്കരിക്കപ്പെട്ട ചില ഏടുകളിലേക്ക് വെളിച്ചംവീശാൻ രണ്ടു പതിറ്റാണ്ടുകൾ ഇരുണ്ട ആർക്കൈവ്സുകളിൽ സമർപ്പണബുദ്ധിയോടൈയിരുന്ന് അദ്ദേഹം പഠനം നടത്തി. ഈ ഗവേഷണത്തിന്റെ ഫലമായി അയ്യങ്കാളിക്ക് ആദരത്തോടെ (2006), കെ പി വള്ളോൻ നിയമസഭയിൽ (2009), കായൽ സമ്മേളനം രേഖകളിലൂടെ (2022) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇതിൽ അയ്യങ്കാളിക്ക് ആദരത്തോടെ എന്ന പുസ്തകത്തിലാണ് ദാക്ഷായണി വേലായുധനെക്കുറിച്ച് വിശദമായി പറയുന്ന ആദ്യത്തെ ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്. 2006ൽ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് ഈ പുസ്തകത്തിൽ ചേർത്തത്. ആ ലേഖനത്തിന്റെ പൂർണതപ്രാപിക്കലാണ് ഈ പുസ്തകം.

കുറിയേടത്ത് താത്രിയെക്കുറിച്ച് രാമദാസ് ഇംഗ്ലീഷിൽ തയ്യാറാക്കിയ Sexual Inquisition എന്ന രേഖകളുടെ പുസ്തകത്തിന്റെ ആമുഖം ആമസോൺ കിൻഡിലിൽ ലഭ്യമാണ്. കൊച്ചി രാജാക്കന്മാരെക്കുറിച്ചുള്ള രേഖകൾ സമാഹരിച്ച് ഒരു പുസ്തകവും തയ്യാറെടുപ്പിലാണ്.

രാമദാസിന്റെ നാട് ചെറായിയുടെ അയൽപക്കമായ എടവനക്കാട്ടെ പികെ ബാലകൃഷ്ണൻ ‘കേരളചരിത്രവും ജാതിവ്യവസ്ഥയും’ വഴി മലയാള യാഥാസ്ഥിതിക ചരിത്രരചനയിൽ ഏല്പിച്ച ആഘാതത്തിന്റെ തുടർച്ചയുണ്ടാവുന്നത് ചെറായി രാമദാസിനെ പോലുള്ള നിരവധി പേരിലൂടെയാണ്.

പൂർണജീവിതചരിത്രം ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു ഈ പുസ്തകവും നിയതമായ അർത്ഥത്തിൽ ഒരു ജീവിതചരിത്രമല്ല. ആദിമധ്യാന്തപ്പൊരുത്തത്തോടെ ദാക്ഷായണി വേലായുധന്റെ ജീവിതകഥ പറയുകയല്ല, മറിച്ച് ഗവേഷകനായ രാമദാസ് പുരാരേഖകൾ പരിശോധിക്കുന്നതിൽ തനിക്ക് കിട്ടിയ രേഖകൾ വിവരണങ്ങളോടെയും വിശദീകരണത്തോടെയും അടുക്കി വയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. മികച്ച ഒരു ജീവിതചരിത്രം എഴുതാനുള്ള സാമഗ്രികളുടെ മികച്ച ശേഖരമാണ് ഈ പുസ്തകം.

തന്റെ കീഴ്ജാതിജീവിതം തമസ്കരിക്കപ്പെടും എന്ന അറിവോടെ, തനിക്ക് പറയാനുള്ളവ ഡയറിയായി ഇംഗ്ലീഷിൽ എഴുതിവച്ചിട്ടുപോയ ദാക്ഷായണിയുടെ ജീവിതം ഇങ്ങനെ കാണാമറയത്തുപോവാമെങ്കിൽ ഒടുവിൽ ഓർമകൾ പോലും മറഞ്ഞുപോയ ആരാലും ഓർക്കപ്പെടാതെ പോവുന്നവരുടെ കാര്യം എന്തായിരിക്കും? ദാക്ഷായണി വേലായുധന്റെ ഡയറിക്കുറിപ്പുകൾ ഇനിയും താമസിക്കാതെ ഉത്തരവാദപ്പെട്ടവർ പ്രസിദ്ധീകരിക്കും എന്നും ഞാൻ ആശിക്കുന്നു.

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven − one =

Most Popular