Wednesday, May 8, 2024

ad

Homeകവര്‍സ്റ്റോറിഭാവി സമരങ്ങൾക്ക് 
ദിശാബോധം നൽകുന്ന 
സംഘർഷ് റാലി

ഭാവി സമരങ്ങൾക്ക് 
ദിശാബോധം നൽകുന്ന 
സംഘർഷ് റാലി

എ വിജയരാഘവൻ

2023 ഏപ്രിൽ അഞ്ചിന് ഡൽഹിയിലെ രാംലീല മൈതാനത്ത് തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും അണിനിരന്ന മഹാപ്രതിഷേധ റാലി നരേന്ദ്രമോദി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരായ ഏറ്റവും ശക്തമായ പ്രതിഷേധമായി മാറി. ജാതിമത ചിന്തകളിലൂന്നി രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന കേന്ദ്ര ബിജെപി സർക്കാർ നടപ്പിലാക്കുന്ന സാമ്പത്തിക നയങ്ങൾ സാധാരണക്കാരായ അധ്വാനിക്കുന്ന ജനങ്ങളുടെ ജീവിതത്തിൽ രൂപപ്പെടുത്തിയ പ്രതികൂല ജീവിതാവസ്ഥയോടുള്ള രോഷം പ്രകടിപ്പിച്ചുകൊണ്ട് പതിനായിരക്കണക്കിനാളുകൾ ഈ സമരത്തിലണിനിരന്നു. ദുർബല ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായുള്ള ഈ സമരം സമ്പന്ന താൽപ്പര്യം സംരക്ഷിക്കുന്ന കേന്ദ്ര ഭരണാധികൾക്കുള്ള ഒരു കനത്ത താക്കീതായിരുന്നു. സമരത്തിൽ പങ്കെടുത്തവരിലധികം പേരും ഹിന്ദിഹൃദയഭൂമിയിൽനിന്നുള്ള പാവപ്പെട്ട മനുഷ്യരായിരുന്നു. സംഘാടകരുടെ പ്രതീഷയ്ക്കപ്പുറമുള്ള പങ്കാളിത്തം ഈ സമരത്തെ വ്യത്യസ്തമാക്കിയ പ്രധാന ഘടകമായിരുന്നു. ബിജെപിയുടെ തീവ്രവർഗീയ, കോർപ്പറേറ്റ് അജൻഡയ്ക്കെതിരെ രൂപപ്പെടുന്ന സമരങ്ങൾക്ക് ശരിയായ ദിശാബോധം നൽകുന്ന ബദൽ രാഷ്ട്രീയനയങ്ങളാണ് സമരക്കാർ മുന്നോട്ടുവച്ചത്.

സമ്പന്നാനുകൂല വലതുപക്ഷ നയങ്ങൾ സൃഷ്ടിച്ച പ്രതികൂല ജീവിതാവസ്ഥയുടെ കാഠിന്യം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഗ്രാമീണ ഇന്ത്യയിലെ ജനങ്ങളാണ്. മുതലാളിത്ത താല്പര്യം സംരക്ഷിക്കുവാൻ സമ്പന്നർക്ക് ധാരാളം ആനുകൂല്യങ്ങൾ നൽകുമ്പോൾ ദുർബലവിഭാഗങ്ങൾ സമൂഹത്തിൽ പിന്തള്ളപ്പെടുന്നു. രൂക്ഷമാവുന്ന തൊഴിലില്ലായ്മ, വർധിക്കുന്ന ദാരിദ്ര്യം, കുട്ടികളിലെ പോഷകാഹാരക്കുറവ്, ശിശുമരണനിരക്കിലെ വർധനവ് എന്നിങ്ങനെ വികലമായ ഭരണനയങ്ങളുടെ ദോഷഫലങ്ങൾ തീവ്രമായി അനുഭവിക്കുന്നത് ഗ്രാമീണ ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളാണ്. ഈ ആപത്ത് കൂടുതൽ രൂക്ഷമാവുന്ന നിലപാടുകളാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്.

ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ കാർഷിക പ്രതിസന്ധിയിലൂടെയാണ് ഗ്രാമീണ ഇന്ത്യ കടന്നുപോവുന്നത്. ഭൂപരിഷ്കരണനിയമങ്ങളിൽ നിന്ന് ഭരണകൂടം പിൻവലിഞ്ഞതോടെ ഭൂരഹിതരുടെയും ഭവനരഹിതരുടെയും എണ്ണം വർധിക്കുകയാണ്. ഗ്രാമീണ ഇന്ത്യയിലെ 47 ശതമാനം പേർക്കും സ്വന്തമായി കൃഷി ഭൂമിയില്ല. ദളിതരും ന്യൂനപക്ഷ വിഭാഗക്കാരും ആദിവാസികളുമാണ് ഇവരിലധികവും. 2018 –19ൽ പുറത്തിറക്കിയ എൻഎസ്എസ്ഒ സ്ഥിതിവിവര കണക്കനുസരിച്ച് 57.1 ശതമാനം ദളിതരും 53.1 ശതമാനം മുസ്ലീങ്ങളും 32.18 ശതമാനം ആദിവാസി കുടുംബങ്ങളും ഭൂരഹിതരാണ്. 20 ശതമാനംവരുന്ന ഉയർന്ന വരുമാനക്കാരുടെ കൈവശമാണ് കൃഷിഭൂമിയുടെ 83 ശതമാനവും എന്ന സ്ഥിതി തുടരുന്നു; വിതരണം ചെയ്യാവുന്ന 18 ലക്ഷം ഹെക്ടർ പ്രഖ്യാപിത ഭൂമിയും ഒരു കോടി ഹെക്ടർ തരിശു ഭൂമിയും 60 ലക്ഷം ഹെക്ടർ കൃഷിയോഗ്യമാക്കാവുന്ന ചതുപ്പുനിലവും ലഭ്യമാണെങ്കിലും ഈ ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നില്ല. സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തി ഇത്തരം ഭൂമി കോർപ്പറേറ്റുകൾക്ക് കെെമാറാൻ നിലവിലുള്ള നിയമങ്ങൾ മാറ്റി ‘ഭൂബാങ്കുകൾ’ നിർമിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. ഇത്തരമൊരു സന്ദർഭത്തിൽ ഭൂരഹിതരെയും ഭവനരഹിതരെയും സംഘടിപ്പിച്ച് സമരരംഗത്തിറക്കുക എന്നത് പ്രധാനപ്പെട്ട ഒരു ചുമതലയായി ഏറ്റെടുക്കേണ്ടതുണ്ട്.


ഗ്രാമീണ തൊഴിലില്ലായ്മ കുതിച്ചുയർന്നിരിക്കുന്നു. കോവിഡാനന്തരം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് മുരടിക്കുകയാണ്. ജനങ്ങളുടെ വാങ്ങൽശേഷി വർദ്ധിപ്പിക്കാനുതകുന്ന പദ്ധതിയായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം സർക്കാർ വെട്ടിക്കുറച്ചിരിക്കുന്നു. ഇപ്പോൾ തൊഴിലിനായി അപേക്ഷിച്ചവർക്ക് 100 ദിവസം തൊഴിൽ നൽകാൻ 2.25 ലക്ഷം കോടി രൂപ ബജറ്റ് നീക്കിയിരിപ്പ് വേണമെന്നിരിക്കെ ഇത്തവണ ബജറ്റ് ഇതിനനുവദിച്ചത് കേവലം 60000 കോടി രൂപയാണ്. കഴിഞ്ഞ വർഷമിത് 73,000 കോടി രൂപയായിരുന്നു. 15 വയസ്സിനും 17 വയസ്സിനുമിടയിൽ പ്രായമുള്ള പുതുതലമുറയിലെ 34 ശതമാനം പേർ തൊഴിലന്വേഷകരാവുന്ന സ്ഥിതിയുള്ള നാടാണ് ഇന്ത്യ. ഇന്നത്തെ നിലയിൽ 20 ദിവസം മാത്രം തൊഴിൽ നൽകുന്ന സ്ഥിതിയാണുള്ളത്. തൊഴിൽ സമയം സംബന്ധിച്ചും തൊഴിലിന്റെ അളവു സംബന്ധിച്ചുമുള്ള കടുത്ത നിബന്ധനകൾ കേന്ദ്ര ഗവൺമെന്റ് മുന്നോട്ടുവച്ചു കഴിഞ്ഞു. കൃത്യമായി കൂലി നൽകാതെയും വർധിപ്പിക്കാതെയും പദ്ധതിയെ അനാകർഷകമാക്കുന്നു. ഈ വിഷയങ്ങളിൽ ശക്തമായ ജനകീയ മുന്നേറ്റങ്ങൾ നാട്ടിൻപുറങ്ങളിൽ രൂപപ്പെടുത്തണം.

ആരോഗ്യം ഉറപ്പാക്കുന്ന ഭക്ഷണക്രമം എന്നത് മനുഷ്യാവകാശമാണ്, സമൂഹത്തിലെ 75 ശതമാനം പേർക്കും ഇത് നിഷേധിക്കപ്പെടുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങളും വിളർച്ച രോഗമുള്ള അമ്മമാരും ഇന്ത്യയിലാണ്. പൊതുവിതരണ രംഗംവഴി വിലക്കുറവുള്ള അരി 5 കിലോ വീതം പ്രതിശീർഷം നൽകി വന്നത് ഇപ്പോൾ നിർത്തിയിരിക്കുന്നു. ഉച്ചഭക്ഷണ വിതരണത്തിന് അങ്കണവാടി വഴിയുള്ള ഭക്ഷ്യവിതരണത്തിനുള്ള ബജറ്റ് നീക്കിയിരിപ്പ് വെട്ടിക്കുറച്ചിരിക്കുന്നു. ഈ മേഖലയിൽ മുൻകാലങ്ങളെ അപേക്ഷിച്ച് 1.5 ലക്ഷം കോടിരൂപയുടെ കുറവാണ് ആകെ ചെലവിൽ വരുത്തിയിരിക്കുന്നത്. ഗ്രാമീണ ഇന്ത്യ പൂർണ പട്ടിണിക്കാരുടെ ഇന്ത്യയായി മാറാതിരിക്കാനുള്ള പോരാട്ടം വരുദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്തണം.

ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും വരുത്തിയ ബജറ്റ് വെട്ടിക്കുറവ് ഗ്രാമീണ ഇന്ത്യയെ ഏറെ ബാധിക്കാൻ പോവുകയാണ്. ഗ്രാമീണ ഇന്ത്യയിൽ 1.6 ലക്ഷം ഒഴിവുകൾ ആരോഗ്യമേഖലയിലുണ്ട്. ബജറ്റിന്റെ 2.2 ശതമാനം കഴിഞ്ഞ വർഷം ഈ മേഖലയ്ക്കായി നീക്കിവച്ചപ്പോൾ ഇത്തവണ അത് 2 ശതമാനമായി ചുരുക്കി. ഈ രംഗത്തെ ഇൻഷുറൻസ് കമ്പനികളുടെ താൽപ്പര്യത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്. വിദ്യാഭ്യാസമേഖലയിലെ നീക്കിയിരിപ്പ് വെട്ടിക്കുറയ്ക്കുമ്പോൾ ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവരാണ് തിരസ്കൃതരാവുന്നത് എന്ന പ്രശ്നം ഗൗരവപൂർവം കാണേണ്ടതുണ്ട്.

ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉയരുന്ന ജനരോഷം ഇല്ലാതാക്കാൻ ഇന്ത്യയിലെ ഗ്രാമീണ ജനവിഭാഗങ്ങളിലും വർഗീയഭിന്നിപ്പ് ശക്തിപ്പെടുത്തുവാനുള്ള സംഘപരിവാർ നീക്കങ്ങളെ ജാഗ്രതയോടെ കാണുന്നത് തുടരാനാവണം. വർഗീയതയെ പരാജയപ്പെടുത്തുമ്പോൾതന്നെ ജാതീയ ചേരിതിരിവുകളെ സ്വന്തം താൽപ്പര്യ സംരക്ഷണത്തിനായി ബിജെപി ഉപയോഗപ്പെടുത്തുന്നതിനെയും ചെറുക്കേണ്ടതുണ്ട്. പട്ടികജാതി ജനവിഭാഗങ്ങൾക്കെതിരായുള്ള ആക്രമണങ്ങളും വർധിച്ചുവരികയാണ്. ഈ ഇടക്കാലത്ത് പ്രസിദ്ധീകരിച്ച ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ച് പട്ടികജാതിക്കെതിരായ അതിക്രമങ്ങൾ 2018ൽ 42,747 എന്നത് 2019 ആയപ്പോൾ 45,876 ആയി വർധിച്ചു. 2020ൽ ഇത് 50,203 ആയി വർധിച്ചു. ഹരിയാന, ജാർഖണ്ഡ്, മധ്യപ്രദേശ്, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഈ വർധനയിലധികവും രേഖപ്പെടുത്തിയത്. 2020ൽ മാത്രം 12,714 കേസുകൾ രജിസ്റ്റർ ചെയ്ത ഉത്തർപ്രദേശിൽ 3955 പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ദളിത് ജനവിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങൾക്കൊപ്പം തൊട്ടുകൂടായ്മ പോലെയുള്ള അനാചാരങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട‍്. ബിജെപി ഭരണത്തിൽ സവർണ മേധാവിത്വത്തിന് കിട്ടിയ പുതിയ ആത്മവിശ്വാസത്തെ പ്രതിരോധിച്ച് തോൽപ്പിക്കാനുതകുന്ന തരത്തിൽ ശക്തമായ ചെറുത്തുനിൽപ്പ് രൂപപ്പെടുത്തിക്കൊണ്ട് സാമ്പത്തിക അസമത്വം ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളും തുടരേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങളെ ദേശീയതലത്തിൽ പ്രചരിപ്പിക്കണം. സമൂഹത്തിലെ അതിദരിദ്രർക്ക് മുൻഗണന നൽകി, സാമൂഹ്യതുല്യതയുടെയും ജീവിതസാഹചര്യത്തിന്റെയും വിപുലീകരണത്തിനായുള്ള കേരളത്തിന്റെ മുൻകെെ തകർക്കാനുള്ള കേന്ദ്ര ഗൂഢാലോചനകളും തുറന്നുകാട്ടണം.

കേന്ദ്ര ബിജെപി ഭരണകൂടത്തിന്റെ നയങ്ങൾ സൃഷ്ടിച്ച പരിമിതികൾ വർധിക്കുന്ന തരത്തിലാണ് രാജ്യത്തെ സമ്പദ്ഘടനയുടെ തകർച്ച ദൃശ്യമാവുന്നത്. കോവിഡാനന്തര ലോകം നേരിടുന്ന രൂക്ഷമായ സാമ്പത്തികത്തകർച്ചയുടെ പ്രത്യാഘാതങ്ങൾ ദൃശ്യമാവുന്ന ഈ കാലത്ത് ഇന്ത്യൻ സമ്പദ്ഘടനയിൽ യാതൊരു വിധ ഗുണപരമായ വളർച്ചയും ഉണ്ടാകുന്നില്ല. രാജ്യത്തിന്റെ പൊതുസമ്പത്ത് ശിങ്കിടി മുതലാളിത്തത്തിലെ സുഹൃത്തുക്കൾക്ക് കെെമാറുക എന്ന ചരിത്ര ചുമതലയാണ് ബിജെപി സർക്കാർ നിർവഹിക്കുന്നത്. രാജ്യം ഉത്പാദിപ്പിക്കുന്ന സമ്പത്തിന്റെ സിംഹഭാഗവും കെെവശപ്പെടുത്താൻ കുത്തകകൾക്ക് കഴിയുന്നു. ഗൗതം അദാനിയെ പോലുള്ള സർക്കാർ സ്പോൺസേഡ് കുത്തകകൾ ദുർവിനിയോഗം ചെയ്യുന്നത് ദേശസാൽകൃത ബാങ്കിലേയും എൽഐസി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെയും പൊതുജനങ്ങളുടെ നിക്ഷേപമാണ്. ഈ ദുസ്ഥിതി കേന്ദ്ര സർക്കാർ പിന്തുടരുന്ന സാമ്പത്തിക നയങ്ങളുടെ ഉൽപ്പന്നമാണ് എന്ന തിരിച്ചറിവ് സമൂഹത്തിൽ രൂപപ്പെടുത്തേണ്ടതുണ്ട്.

ജനങ്ങളുടെ ജീവിത പരിമിതികൾ വർധിപ്പിക്കുന്ന ഭരണകൂടത്തെ തിരുത്തിക്കാനുള്ള ചർച്ചയാകേണ്ട പാർലമെന്റിനെ ഭരണകക്ഷിതന്നെ സ്തംഭിപ്പിക്കുന്ന സ്ഥിതി തുടരുകയാണ്. അദാനിയും മോദിയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്യപ്പെട്ടപ്പോൾ പാർലമെന്റിനെ നിശബ്ദമാക്കാനാണ് ബിജെപി തയ്യാറായത്. അമിതാധികാര ശക്തിയായി ഭരണകൂടം മാറുകയും ഭരണഘടന നൽകുന്ന മൗലിക ഉറപ്പുകൾ നിരന്തരം ലംഘിക്കുകയും ചെയ്യുന്നു. ജനാധിപത്യ ഇന്ത്യയ്ക്ക് സാധാരണക്കാരുടെ മൗലികാവകാശങ്ങളെയും ജീവിതത്തെയും സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ശക്തമായ ബഹുജന സമരങ്ങൾ മാത്രമാണ് പ്രതിരോധത്തിന്റെ ഏക പോംവഴി.

വളർന്നുവരുന്ന ജനകീയ അസംതൃപ്തിക്ക് ശക്തമായ സമരരൂപം നൽകേണ്ടത് ഇന്നത്തെ അതിപ്രധാനമായ ചുമതലയാണ്. രൂപപ്പെടുന്ന ജീവിതപ്രതിസന്ധിയുടെ യഥാർഥ കാരണം തിരിച്ചറിയാൻ സാധാരണക്കാരെ പ്രാപ്തരാക്കണം. മുതലാളിത്തം ഒരു വ്യവസ്ഥ എന്ന നിലയിൽ താറുമാറായ ഈ കാലത്ത് അതേ വികലനയങ്ങൾ കൂടുതൽ വേഗതയിൽ തുടരുന്നതിന്റെ പ്രതിഫലനമാണ് വർധിക്കുന്ന കർഷക ആത്മഹത്യകളും കാർഷികപ്രതിസന്ധിയും. ജനങ്ങളുടെ വാങ്ങൽശേഷിയിലെ കുറവ് വർധിതമായ തൊഴിലില്ലായ്-മയും ഇതിന്റെ ഉപോൽപ്പന്നങ്ങളാണ്. അതുകൊണ്ടുതന്നെ ബദൽ നയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സമരങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇത്തരം സമരങ്ങൾ പ്രാദേശികമായ പ്രതിരോധരൂപങ്ങളായി കരുത്തോടെ രൂപപ്പെടുത്തണം. ഇന്ത്യയിലെ എല്ലായിടത്തും തെരുവുകൾ അശാന്തമാവുകയും ജനങ്ങൾ കേന്ദ്രത്തിന്റെ ജനവിരുദ്ധ നിലപാടിനെതിരെ ഉണർന്ന് പൊരുതുകയും വേണം. രാജ്യതലസ്ഥാനത്ത് ഏപ്രിൽ 5ന് ദൃശ്യമായത് അത്തരമൊരുണർവിന്റെ നേർക്കാഴ്ചയാണ്. ജനകീയപ്രതിരോധത്തിലൂടെ രൂപംകൊള്ളുന്ന ബദൽ രാഷ്ട്രീയം നാട്ടിൻപുറങ്ങളിൽ കൂടുതൽ ശക്തമാക്കണം. ആഗോളവൽക്കരണ കാലത്ത് എല്ലാ സമ്പത്തും വെട്ടിപ്പിടിച്ചവരുടെ പ്രതിനിധികൾ ഗ്രാമീണ ഇന്ത്യയിലും കരുത്താർജിക്കുന്നുണ്ട്.

ഗ്രാമീണജനതയെ കൂടുതൽ ശക്തമായ സമരങ്ങളിലേക്ക് നയിക്കാനും സാമൂഹ്യ സുരക്ഷയും സാമ്പത്തിക തുല്യതയും ഉറപ്പുവരുത്താനായുള്ള പോരാട്ടങ്ങൾ വളർത്താനുമുള്ള ദിശാബോധമാണ് ഡൽഹിയിലെ ഈ സംഘർഷ് റാലിയിൽ മുഴങ്ങിയത്. ഇതിനായി തൊഴിലാളികളും കൃഷിക്കാരും കർഷകത്തൊഴിലാളികളും ഉണർന്നു പ്രവർത്തിക്കും എന്നതിന്റെ തെളിവുകൂടിയാണ് ഈ മഹാറാലിയുടെ ഉജ്ജ്വല വിജയം വ്യക്തമാക്കുന്നത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen − eleven =

Most Popular