Friday, May 17, 2024

ad

Homeകവര്‍സ്റ്റോറിലാറ്റിനമേരിക്കയിലെ ഇപ്പോഴത്തെ സാഹചര്യം

ലാറ്റിനമേരിക്കയിലെ ഇപ്പോഴത്തെ സാഹചര്യം

വിജയ് പ്രഷാദ്

ടയ്ക്കിടെ ലാറ്റിനമേരിക്കയിൽ ഇടതുപക്ഷത്തെയും മധ്യ–ഇടതുപക്ഷത്തെയും രാഷ്ട്രീയ ശക്തികൾ തിരഞ്ഞെടുപ്പുകൾ വിജയിക്കാറുണ്ട്. ഈ തിരഞ്ഞെടുപ്പ് വിജയങ്ങൾ ആവേശം ജനിപ്പിക്കുന്നതുമാണ്. ഈ മേഖലയിൽ ‘ഇളം ചുവപ്പ് തരംഗം’ (Pink tide) മടങ്ങിവരുമോ എന്ന ചോദ്യമാണ് ഇത് ഉയർത്തുന്നത്. ‘ഇളം ചുവപ്പ് തരംഗം’ എന്ന പ്രയോഗം തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ്; കാരണം, ഈ തിരഞ്ഞെടുപ്പ് ചാക്രിക പ്രക്രിയയിൽ അധികാരത്തിലെത്തുന്ന രാഷ്ട്രീയശക്തികളെല്ലാം ഇടതുപക്ഷ പാരമ്പര്യത്തിൽ അടിയുറച്ചവരായിരിക്കണമെന്നില്ല എന്നതാണത്; അതുകൊണ്ടാണ് ‘ചുവപ്പ് തരംഗം’ എന്ന് പ്രായോഗിക്കാതിരിക്കുന്നത്; എന്നാൽ, ഇവയെല്ലാം തന്നെ തിരഞ്ഞെടുപ്പ് മുന്നണികളുമാണ്; അവ മധ്യവർത്തികളായ സോഷ്യൽ ഡെമോക്രാറ്റുകൾക്കും കമ്യൂണിസ്റ്റുകാർക്കുമിടയിൽ ആടിക്കളിക്കുന്ന സ്വഭാവമുള്ളവയാണ്. ബൂർഷ്വാ ജനാധിപത്യം പണക്കൊഴുപ്പിൽ ദുഷിക്കുന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാകുന്നത് അസാധ്യമായിരിക്കെ, ഈ ഭൂലോകത്താകെയുള്ള ഇടതുപക്ഷ ശക്തികളെ സംബന്ധിച്ചിടത്തോളം ലാറ്റിനമേരിക്കയിലെ തിരഞ്ഞെടുപ്പ് വിജയങ്ങൾ ആശ്വാസകരമാണ്. ലോകത്തെ മറ്റൊരു മേഖലയിലും സമാനമായ വിധം സ്ഥിരമായി ഇടയ്ക്കിടെ ഇടതുപക്ഷ വിജയങ്ങളുടെ തരംഗം ഉണ്ടാകാറില്ല; നിശ്ചയമായും ആഗോള ദക്ഷിണദിക്കിലെ മറ്റു മുഖ്യഭൂഖണ്ഡങ്ങളിൽ– അതായത് ആഫ്രിക്കയിലും ഏഷ്യയിലും, ഇങ്ങനെ ഉണ്ടാകാറില്ല.

സമീപകാലത്ത്, ബൊളീവിയയിലും ബ്രസീലിലും ചിലിയിലും കൊളമ്പിയയിലും വ്യത്യസ്തങ്ങളായ ശക്തികളുടെ തിരഞ്ഞെടുപ്പ് വിജയത്തോടുകൂടി, മെക്സിക്കോയിലെ ഗവൺമെന്റിൽ വ്യക്തമായ ഇടതുപക്ഷ ദിശാബോധം വർധിച്ചുവരുന്നതോടെ, പരപീഡനത്തിൽ ആനന്ദമനുഭവിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഉപരോധങ്ങൾക്കെതിരായ ക്യൂബയിലെയും നിക്കരാഗ്വയിലെയും വെനസേ-്വലയിലെയും ഇടതുപക്ഷ ഗവൺമെന്റുകളുടെ ചെറുത്തുനിൽപ്പോടുകൂടി ലാറ്റിനമേരിക്ക ‘‘ഇളം ചുവപ്പ് തരംഗ’’ത്തിലേക്ക് മടങ്ങുന്നുവോ എന്ന ചോദ്യം ഉയർന്നുവന്നു. ചിലിയിലെ ഗവൺമെന്റ് ക്യൂബയിലെ കമ്യൂണിസ്റ്റ് വിപ്ലവത്തെക്കാൾ വളരെയേറെ മധ്യവർത്തി സ്വഭാവമുള്ളതാണെന്നത് പ്രസക്തമേയല്ല; കാരണം ലോകത്തിന്റെ ഇതരഭാഗങ്ങളിൽ നിന്നുള്ളവരുടെ നിലപാടിൽ നിന്നു നോക്കിയാൽ ഈ സംഭവവികാസങ്ങൾ വളരെയേറെ ആദരവ് അർഹിക്കുന്നതാണ്; അവയുടെ ‘ഇടതുപക്ഷ’ സ്വഭാവത്തെക്കുറിച്ച് അതിശയോക്തിയോടെ പറയാൻ കഴിയുന്നു. (ഉയർത്തിപ്പിടിക്കാൻ പറ്റുന്ന വിധത്തിലുള്ള അജൻഡ അവതരിപ്പിക്കുന്നതിലുള്ള അവയുടെ പരാജയം നിരാശയുളവാക്കുന്നതുമാണ്.) എന്നാൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് വിജയം –പ്രത്യേകിച്ചും ബൊളീവിയയിലെയും ബ്രസീലിലെയും കൊളംബിയയിലെയും ശ്രദ്ധേയമാണെന്നതിൽ സംശയമേയില്ല; അവയെ ശ്രദ്ധാപൂർവം പരിഗണിക്കേണ്ടതുമാണ്.

ഈ ലേഖനം ലാറ്റിനമേരിക്കയിലെ നാല് ഇടതുപക്ഷ തരംഗങ്ങളെക്കുറിച്ച് വിലയിരുത്തുന്നതാണ്; ഇടതുപക്ഷ ഗവൺമെന്റുകളും മധ്യ ഇടതുപക്ഷ ഗവൺമെന്റുകളും പുരോഗമനപരമായ അജൻഡ നടപ്പാക്കുന്നതിൽ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ച് താക്കീതും നൽകുന്നു.


1959ലെ ക്യൂബൻ വിപ്ലവത്തോടുകൂടിയാണ് ലാറ്റിനമേരിക്കയിലെ ഇടതുപക്ഷത്തിന്റെ ആധുനികചരിത്രം തുടങ്ങുന്നത്; നവ കൊളോണിയലിസത്തിന്റെ ഘടനയ്ക്കു നേരെയും അമേരിക്കൻ സാമ്രാജ്യത്വം നടത്തുന്ന കടന്നാക്രമണങ്ങൾക്കുനേരെയും ക്യൂബൻ വിപ്ലവം അതിപ്രധാനമായ വെല്ലുവിളിയാണ് ഉയർത്തിയത്. ഇടതുപക്ഷ സമരങ്ങൾ ക്യൂബൻ വിപ്ലവത്തോടെയാണ് ആരംഭിക്കുന്നത്; സ്പാനിഷ് സാമ്രാജ്യത്തിൽ നിന്നും സ്വയം വിമോചിതമാക്കപ്പെട്ട രാഷ്ട്രങ്ങളുടെ പരമാധികാരം സ്ഥാപിക്കുന്നതിനുള്ള പോരാട്ടങ്ങളുൾപ്പെടെ ഇതിൽപ്പെടുന്നു. സ്പാനിഷ് സാമ്രാജ്യത്തിന്റെ പഴയ ചട്ടക്കൂട് തന്നെയാണ് അമേരിക്കയും പിന്തുടർന്നത്; കാർഷികവിഭവങ്ങളുടെയും ഖനിജങ്ങളുടെയും പിഴിഞ്ഞെടുക്കലിന്റെ കാര്യത്തിലും ചില നിർമിത ചരക്കുകളുടെ ഉൽപ്പാദനത്തിന്റെ കാര്യത്തിലുമെന്നപോലെ, പുതിയ രാഷ്ട്രങ്ങളിലെ സംഭവ വികാസങ്ങളെ പാശ്ചാത്യ ബഹുരാഷ്ട്ര കോർപറേഷനുകൾ നിയന്ത്രിക്കുകയും അതിന്റെ ഗുണഫലങ്ങൾ പാശ്ചാത്യധനകാര്യ കേന്ദ്രങ്ങൾക്ക് ലഭിക്കുകയും ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതിനാണ് അമേരിക്ക ഇത് ചെയ്തത്. ഈ മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരം സ്ഥാപിക്കുന്നതിനുള്ള പല സമരങ്ങളും– സ്പാനിഷ് ചക്രവർത്തിക്കെതിരായ പോരാട്ടങ്ങൾ മുതൽ (ക്യൂബയിലും പ്യൂർട്ടൊറിക്കൊയിലും 1898 ൽ നടന്ന കലാപങ്ങൾ പോലെയുള്ളവ) 1911 ലെ മെക്സിക്കൻ വിപ്ലവവും ഗ്വാട്ടിമാലയിലെ വിഭവങ്ങൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കങ്ങളും വരെ –അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വെട്ടിപ്പിടുത്തവും (ക്യൂബയെയും പ്യൂർട്ടൊറിക്കൊയെയും ഒപ്പം മെക്സിക്കൻ ഭൂപ്രദേശത്തിന്റെ മൂന്നിലൊരു ഭാഗംവരെ) പട്ടാളത്തെക്കൊണ്ടുള്ള അട്ടിമറികളും പോലെയുള്ള നടപടികളെ തുടർന്ന് ഉണ്ടായതാണ്.

1959ലെ ക്യൂബൻ വിപ്ലവം സമാനമായ പ്രസ്ഥാനങ്ങളുടെ ആവർത്തനത്തിൽ നിന്നും ഉയർന്നു വന്നതാണ്; ഇത് ഉയർന്നുവന്നത് ലാറ്റിനമേരിക്കയിലെ സുദീർഘമായ കൊളോണിയൽ വിരുദ്ധ ചരിത്രത്തിൽനിന്നും സോവിയറ്റ് യൂണിയൻ നിലവിൽ വരുന്നതിനിടയാക്കിയ 1917ലെ ഒക്ടോബർ വിപ്ലവം മുന്നോട്ടുവച്ച ഒഴിവാക്കാനാവാത്ത ചോദ്യങ്ങളിൽ നിന്നുമാണ്. ഈ രണ്ട് സാമൂഹിക ശക്തികളും–കോളനി വിരുദ്ധ ദേശീയതയും സോഷ്യലിസവും–1960കളുടെ തുടക്കത്തിൽ തന്നെ ക്യൂബയിൽ ഒരുമിച്ചുയർന്നു വന്നു. പരമാധികാരം (അമേരിക്കൻ ഇടപെടലിനെതിരെ), അന്തസ്സ് (ജനങ്ങളുടെ സാമൂഹിക വളർച്ചയ്ക്കുവേണ്ടി) എന്നീ സങ്കൽപ്പനങ്ങളെ വിപ്ലവം ഊട്ടിയുറപ്പിച്ചു. സോഷ്യലിസ്റ്റ് ക്യൂബൻ വിപ്ലവത്തിൽനിന്ന് ആവേശം ഉൾക്കൊണ്ട് ഒന്നിനു പുറകെ ഒന്നായി വിപ്ലവവേലിയേറ്റങ്ങൾ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെയും ഇടതുപക്ഷ മുന്നേറ്റത്തിനു വേണ്ടിയുമുള്ള പ്രതീക്ഷയോടുകൂടി ലാറ്റിനമേരിക്കയിൽ അലയടിച്ചുയരുന്ന സ്ഥിതിവന്നു. ഓപ്പറേഷൻ കോൺഡൂർ എന്ന പേരിലുള്ള അമേരിക്കൻ പദ്ധതിപ്രകാരം സംഘടിപ്പിക്കപ്പെട്ട സെെനിക അട്ടിമറിയിലൂടെ ക്യൂബൻ മാതൃകയ്ക്കെതിരായി നടത്തിയ ശക്തമായ ബലപ്രയോഗത്തിലൂടെ ആദ്യതരംഗത്തെ തകർത്തു. ബ്രസീൽ മുതൽ (1964) അർജന്റീന വരെ (1975) നടന്ന ഈ സെെനിക അട്ടിമറികൾ ക്യൂബൻ ബദലിന്റെ മുന്നേറ്റത്തെ തടഞ്ഞു. ക്യൂബയ്ക്കെതിരായി അമേരിക്കയുടെ നിയമവിരുദ്ധമായ ഉപരോധം സോഷ്യലിസത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതിൽ നിന്നും സാർവദേശീയത വിപുലീകരിക്കുന്നതിൽനിന്നും ആ കൊച്ചുദ്വീപിനെ പിന്തിരിപ്പിച്ചില്ല.


രണ്ടാം ഇടതുപക്ഷതരംഗം:
നിക്കരാഗ്വയിലെ വിപ്ലവം മുതൽ 1979ലെ ഗ്രനഡയിലെ വിപ്ലവം വരെ–പുത്തൻ പ്രതീക്ഷകൾക്ക് വഴിതുറന്നു; സാമ്രാജ്യത്വം ഒരിക്കൽക്കൂടി അതിനെ തകർത്തു; മധ്യഅമേരിക്കയിൽ നടത്തിയ ‘വൃത്തികെട്ട ആക്രമണങ്ങളി’ലൂടെയും ആ മേഖലയിൽ നിലനിന്നിരുന്ന മയക്കുമരുന്ന് ഭീകരരുമായി കൂട്ടുകെട്ടുണ്ടാക്കിയുമാണ് അമേരിക്കൻ സാമ്രാജ്യത്വം ആ മുന്നേറ്റത്തെ തകർത്തത്.

മൂന്നാം തരംഗം: ഉയർന്നുവന്നത് 1999ൽ വെനസേ-്വലയിലെ തിരഞ്ഞെടുപ്പിൽ ഹ്യൂഗൊ ഷാവേസ് വിജയിച്ചതോടെയാണ്; തുടർന്നുണ്ടായ ലാറ്റിനമേരിക്കയിലെ ‘ഇളം ചുവപ്പ് തരംഗ’ (പിങ്ക് ടെെഡ‍്) ത്തിന്റെ മുന്നേറ്റത്തോടെയുമാണ്. ഈ തരംഗം തകർക്കപ്പെട്ടത് വെനസേ-്വലയ‍്ക്കെതിരായി അമേരിക്ക നടത്തിയ നിയമവിരുദ്ധമായ സങ്കര ആക്രമണ (Hybrid War) ത്തിലൂടെയാണ്; ചരക്കു വിലകളിൽ വന്ന ഇടിവ് ഉപയോഗിച്ചാണ്; ആ മേഖലയിലെ പല രാജ്യങ്ങളിലും ആധിപത്യമുറപ്പിച്ചിരുന്ന ബൂർഷ്വാസിയെ ചെറുക്കുന്നതിൽ സാമൂഹിക–രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സംഭവിച്ച ദൗർബല്യം മൂലവുമാണ്. ഈ ഓരോ തരംഗത്തിലും ക്യൂബൻ മാതൃക തിളങ്ങി.

1959ലെ ക്യൂബൻ വിപ്ലവത്തിനു ശേഷം ഉയർന്നുവന്ന നാലാമത്തെ ഇടതുപക്ഷ തരംഗത്തിനാണ് നാമിന്ന് സാക്ഷ്യം വഹിക്കുന്നത്. ഈ തരംഗം ശ്രദ്ധേയമായ ഒന്നാണ്; പക്ഷേ അതിശയോക്തിയോടെ അതിനെ കാണാനാവില്ല. ഏറ്റവും മൃദുസ്വഭാവത്തിലുള്ള മധ്യ ഇടതുപക്ഷ ഗവൺമെന്റുകൾപോലും ഈ അർധഗോളത്തെ ബാധിച്ച ഗുരുതരമായ സാമൂഹിക പ്രതിസന്ധിയെ നേരിടാൻ നിർബന്ധിതമാകും; ചരക്കുവിലകളിലുണ്ടായ തകർച്ചയും മഹാമാരിയും മൂലം രൂക്ഷമായതാണ് ആ പ്രതിസന്ധി. ഉദാഹരണത്തിന് പട്ടിണിക്കെതിരായ നയങ്ങൾ നടപ്പാക്കുന്നതിന് പണം കണ്ടെത്തേണ്ടത് അനിവാര്യമാണ്; ഒന്നുകിൽ അത് അതാത് രാജ്യത്തെ ബൂർഷ്വാ വിഭാഗങ്ങളിൽനിന്നു സമാഹരിക്കണം; അല്ലെങ്കിൽ അതാതിടത്തെ പ്രകൃതി വിഭവങ്ങൾ ഞെക്കിപ്പിഴിഞ്ഞെടുക്കുന്നതിനുള്ള റോയൽറ്റിയിൽ നിന്നും സമാഹരിക്കണം. രണ്ടായാലും തങ്ങളുടെ നാട്ടിലെ ബൂർഷ്വാവിഭാഗങ്ങളുമായും അമേരിക്കൻ സാമ്രാജ്യത്വവുമായും ഒരേസമയം ഏറ്റുമുട്ടാൻ ഈ ഗവൺമെന്റുകൾ നിർബന്ധിതമാകും. അതുകൊണ്ടുതന്നെ, ഈ ഗവൺമെന്റുകളുടെ മാറ്റു നോക്കാനുള്ള ഉരകല്ല് ഏതെങ്കിലുമൊരു വിഷയത്തെക്കുറിച്ച് (ഉദാഹരണത്തിന് ഉക്രൈൻ) അവർ പ്രകടിപ്പിക്കുന്ന അഭിപ്രായം മാത്രമായിരിക്കരുത്; മറിച്ച് നമ്മുടെ കാലഘട്ടത്തിലെ മുഖ്യ സാമൂഹിക പ്രതിസന്ധികൾ പരിഹരിക്കുന്നതിന് മുതലാളിത്ത ശക്തികൾ വിസമ്മതിക്കുന്നതിനെ അവ എങ്ങനെയാണ് നേരിടുന്നത് എന്ന് നോക്കിയായിരിക്കണം. ഈ ഗവൺമെന്റുകളെ വേർതിരിച്ചു കാണേണ്ടതുണ്ട്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഉയർന്നുവന്നതിൽ ഏറ്റവുമധികം ബുദ്ധിമുട്ടുകൾ നിറഞ്ഞ രാജ്യം കൊളംബിയയാണ്; പത്തൊൻപതാം നൂറ്റാണ്ടിൽ ആ രാജ്യം നിലവിൽ വന്നതുമുതൽ അവിടെ ഭരണം നടത്തിയിരുന്നത് നിർദയരായ പ്രമാണിവർഗമാണ്. സമാധാനം സ്ഥാപിക്കുന്നതിനായി എന്തെങ്കിലും ചില വിട്ടുവീഴ്ചകൾ–ലിബറൽ ഇളവുകളെങ്കിലും– അനുവദിക്കുന്നതിന് അവർ തയ്യാറായിരുന്നില്ല; ദശകങ്ങളായി തുടർന്നിരുന്ന ആഭ്യന്തര യുദ്ധം ഒഴിവാക്കുന്നതിൽ അവർ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. നവലിബറലിസത്തിനെതിരെ അവിടെ നടന്ന പ്രതിഷേധപരമ്പരയാണ് ഗുസ്താവൊ പെത്രോയുടെ നേതൃത്വത്തിലുള്ള മധ്യഇടതുപക്ഷ ഗവൺമെന്റ് അധികാരത്തിലെത്തുന്നതിന് ഇടയാക്കിയത്; അത് വലിയൊരു നേട്ടം തന്നെയാണ്. മെക്സിക്കൊയിലെ ആന്ദ്രെ മാന്വൽ ലോപ്പസ് ഒബ്രദോർ (ആംലോ– AMLO) അധികാരത്തിൽ വന്നതിനൊപ്പം പെത്രോയും ഈ അർധഗോളത്തിലെ വിവേകപൂർണമായ ശബ്ദമായി ഉയർന്നുവന്നതിന് നിർണായകമായ പ്രാധാന്യമുണ്ട്. ആംലോയ്ക്കോ പെത്രോയ്ക്കോ ഒരു സോഷ്യലിസ്റ്റ് പരിപാടി മുന്നോട്ടുവയ്ക്കാൻ കഴിയില്ല; എന്നാൽ തങ്ങളുടെ പ്രദേശത്തിന്റെ പരമാധികാരത്തിന്റെയും ജനങ്ങളുടെ അന്തസ്സിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവർ ഇരുവർക്കും വ്യക്തമായ ധാരണയുണ്ട്. ബ്രസീലിൽ ലുല അധികാരത്തിലേക്ക് മടങ്ങിവന്നതോടെ ആ മേഖലയിൽ ആംലോയ്ക്കും പെത്രോയ്ക്കുമൊപ്പം മൂന്നാമതൊരു നേതാവ് കൂടിയായി; വിവേകത്തോടെ കാര്യങ്ങൾ അവതരിപ്പിക്കാനും ക്യൂബൻ വിപ്ലവത്തെയും ഒപ്പം വെനസേ-്വലയിലെയും നിക്കരാഗ്വയിലെയും വിപ്ലവപ്രക്രിയയെയും ശ്വാസംമുട്ടിക്കാനും ഒറ്റപ്പെടുത്താനും അമേരിക്കൻ സാമ്രാജത്വം നടത്തുന്ന നീക്കങ്ങൾക്കെതിരെ വാദിക്കാനും അവരുണ്ടാകും.

2000ത്തെ തുടർന്നുള്ള ദശകത്തിലേതിനെക്കാൾ വളരെയേറെ അനിശ്ചിതാവസ്ഥ നിലനിൽക്കുമ്പോഴാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് വിജയങ്ങളുണ്ടായത‍്. ഒരു വശത്ത്, അമേരിക്കൻ സാമ്രാജ്യത്വം ഇരുപത് വർഷം മുൻപത്തേതിനെക്കാൾ ഏറെ ദുർബലമായ അവസ്ഥയിലാണ് ഇന്ന് കാണപ്പെടുന്നത്; അമേരിക്കൻ സമ്പദ്ഘടന വളരെ ക്ഷീണിക്കുകയും ചെെനയെയും റഷ്യയെയും ദുർബലമാക്കാൻ അമേരിക്ക അന്തംവിട്ടുള്ള ശ്രമത്തിലേർപ്പെട്ടിരിക്കുകയും വാഷിങ്ടണിൽനിന്നുള്ള തീട്ടൂരങ്ങൾ പിന്തുടരാൻ ശ്രമിക്കുന്ന മാനസികാവസ്ഥ ലോകത്താകെ ഇല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിന്നുള്ളത്. ഈ സംഭവവികാസങ്ങൾ മൂലമാണ് ലാറ്റിനമേരിക്കയിൽ പുതിയൊരു ഉന്മേഷം നമുക്ക് കാണാൻ കഴിയുന്നത്. വിദേശബന്ധങ്ങളുടെ കാര്യത്തിൽ മെക്സിക്കൻ പ്രസിഡന്റ് ആംലോ സ്വതന്ത്രമായ നിലപാടുകൾ കെെക്കൊള്ളുന്നത് ഇതിന്റെ ദൃഷ്ടാന്തമാണ്; ദക്ഷിണാഫ്രിക്ക മുതൽ ഇൻഡൊനേഷ്യ വരെ ഇപ്പോൾ ഇതാണ് പൊതുസ്ഥിതി. എന്നാൽ അതേസമയം തന്നെ ആഗോളനാണയപ്പെരുപ്പ പ്രതിസന്ധിയും വായ്പയുടെയും കടബാധ്യതയുടെയും പ്രശ്നങ്ങളും അമേരിക്കൻ ഭരണാധികാരികൾ മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന പ്രാകൃതമായ നിലപാടുകളും ഈ ഗവൺമെന്റുകളിൽ പലതിനെയും അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ മുഖാമുഖം വെല്ലുവിളിക്കുന്നതിൽ നിന്നും തടയുന്നു. ചെെനയ്ക്കും റഷ്യക്കുമെതിരെ അമേരിക്ക അടിച്ചേൽപ്പിച്ചിരിക്കുന്ന ശീതയുദ്ധത്തിനിടയിൽപെടാതെ ലാറ്റിനമേരിക്കയിലെ രാജ്യങ്ങളിൽ പലതും അതിൽനിന്ന് അകന്നുനിൽക്കാനാണ് ശ്രമിക്കുന്നത്; പൊതുവെ സാമ്പത്തിക വീണ്ടെടുപ്പിനായാണ് അവ കാത്തിരിക്കുന്നത്; അതിനിടയ്ക്ക് അടിസ്ഥാന സാമൂഹികക്ഷേമ പരിപാടികൾ പ്രദാനം ചെയ്യുകയെന്നതാണ് തങ്ങളുടെ പരമാവധി അഭിലാഷമായി അവ കാണുന്നത്. അതുകൊണ്ടാണ് ഷാവേസിന്റെ ബൊളിവേറിയൻ പ്ലാറ്റ്ഫോമിനെ ഇൗ രണ്ടാം ഘട്ടത്തിൽ നമുക്ക് കാണാൻ കഴിയാത്തത്.

ഈ പുതിയ അവസരത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ബ്രസീലും കൊളമ്പിയയും. എന്നാൽ പൊതുവായ ഈ ദിശ ചിലിയുടെും മെക്സിക്കോയുടെയും കാര്യത്തിലും കാണാവുന്നതാണ്. ഈ രാജ്യങ്ങളിലെ സമ്പദ്ഘടനയുടെ കടിഞ്ഞാൺ പൂർണമായും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയുള്ള ഭരണവർഗങ്ങളുടെ കെെയിലാണ്. ചെമ്പ് ഖനികൾ ദേശസാൽക്കരിക്കുമെന്ന് ചിലിയിലെ ഗബ്രിയേൽ ബോറിക്കിന്റെ മധ്യ ഇടതുപക്ഷ ഗവൺമെന്റ് പറയുമ്പോൾ തന്നെ അവിടത്തെ കരുത്തരായ ബൂർഷ്വാസി അതിന് തടയിടുകയാണ് (പ്രസിഡന്റ് അലന്ദെ ചിലിയിലെ ചെമ്പ് ഖനികൾ ദേശസാത്കരിച്ചതിന്റെ അമ്പതാം വാർഷികമാണ് ഈ വർഷം; അതു കഴിഞ്ഞ് അടുത്ത വർഷം പട്ടാള അട്ടിമറിയിലൂടെ ആ ഗവൺമെന്റ് പുറത്താക്കപ്പെട്ടു). അത് നമ്മുടെ കാലഘട്ടത്തിലെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും മയക്കുമരുന്ന് മുതലാളിത്തത്തിന്റെയും ശക്തിയുമായി ചുറ്റിപ്പിണഞ്ഞ പഴയ മുതലാളിവർഗം പഴയ സാമൂഹിക അധികാരശ്രേണി നിലനിർത്തുകയാണ്; ഉദാഹരണത്തിന്, കൊളമ്പിയയിലെ പെത്രോയുടെ ഗവൺമെന്റിനോട് ഇതിനകം തന്നെ സെെന്യം പറഞ്ഞു കഴിഞ്ഞത് അടിസ്ഥാനപരമായ പരിഷ്കാരങ്ങളൊന്നും തന്നെ തങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നാണ് (പെത്രോ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയാനായി 2022 ജൂലെെയിൽ ജനറൽ എഡേ-്വർഡൊ സപ്പാറ്റെറൊ രാജിവച്ചു. ഇതാണ് അവരുടെ സമീപനം). അവസാനമായി, ചെലവുചുരുക്കൽ നയങ്ങളും സെെനിക സേ-്വച്ഛാധിപത്യത്തിന്റെ പാരമ്പര്യവും മൂലം ഈ അർധഗോളത്തിലെ തൊഴിലാളിവർഗവും കർഷകജനസാമാന്യവും താരതമ്യേന ശിഥീലീകരിക്കപ്പെട്ടതും അസംഘടിതവും ആയിരിക്കുന്നു. ഈ രാജ്യങ്ങളിൽ പലതിലും പുരോഗമനപരമായ അജൻഡ അവതരിപ്പിക്കാൻ അവർക്കു കഴിയാതിരുന്നത് ആവർത്തിക്കുന്നതായാണ് കാണുന്നത്. ഉദാഹരണത്തിന്, പെറുവിൽ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വഭാവമുള്ള ‘പെറു ലിബ്രെ’ പാർട്ടിയുടെ പെദ്രൊ കാസ്റ്റിയോ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടും അദ്ദേഹത്തിന്റെ ഗവൺമെന്റിനെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ നിർബന്ധിതമാക്കാൻ അവിടുത്തെ സാമൂഹിക രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് കഴിയുന്നില്ല. വീണ്ടും ഐഎംഎഫിനെ സമീപിക്കുന്നത് സംബന്ധിച്ച് അർജന്റീനയിൽ ഉയർന്നുവന്ന പ്രതിസന്ധി വെളിപ്പെടുത്തുന്നത് ഇടതുപക്ഷത്തുള്ള ഒരു ഗവൺമെന്റിലൂടെ തങ്ങളുടെ അജൻഡ നടപ്പാക്കാൻ ജനകീയശക്തികൾക്കുള്ള പരിമിതിയാണ്. അതുകൊണ്ടുതന്നെ ഈ കാലഘട്ടത്തിൽ ഉണ്ടാകുന്ന സാധ്യതകളെ കേവലം സോഷ്യൽ ഡെമോക്രാറ്റിക് സ്വഭാവത്തിലുള്ളത് എന്നേ കണക്കാക്കാനാവൂ; സോഷ്യലിസ്റ്റ് സ്വഭാവത്തിലുള്ളതായി കരുതാനേ കഴിയില്ല. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × three =

Most Popular