Friday, May 17, 2024

ad

Homeകവര്‍സ്റ്റോറിബദലിനായി തൊഴിലാളി കർഷക ഐക്യം

ബദലിനായി തൊഴിലാളി കർഷക ഐക്യം

വിജൂ കൃഷ്ണൻ

പ്പോഴത്തെ കോർപ്പറേറ്റ് – വർഗീയ വാഴ്ചയെ പരാജയപ്പെടുത്താനാവില്ലെന്നതാണ് ഭരണവർഗങ്ങളും അവരുടെ ശിങ്കിടികളും കോർപ്പറേറ്റ് മാധ്യമങ്ങളും ബുദ്ധിജീവി വിഭാഗവും മുന്നോട്ടുവയ്ക്കുന്ന ആഖ്യാനം; ഇന്ത്യയിലെ തൊഴിലാളികളും കർഷകരും ഈ ആഖ്യാനത്തെ പൊളിച്ചടുക്കുകയാണ്. കഴിഞ്ഞ 9 വർഷമായി കടുത്ത അടിച്ചമർത്തലും, അസംഖ്യം ആക്രമണങ്ങളും നേരിട്ടുകൊണ്ട് തൊഴിലാളികളും കർഷകരും കോർപ്പറേറ്റ് വർഗീയ വാഴ്ചയ്ക്ക് ഒട്ടേറെ പരാജയങ്ങൾ ഏൽപിക്കുകയുണ്ടായി. 2023 ഏപ്രിൽ 5ന് നടന്ന മസ്ദൂർ – കിസാൻ സംഘർഷ് റാലി, രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് തൊഴിലാളികളും കർഷകരും നാനാവിധത്തിലുള്ള നിരവധി തടസ്സങ്ങൾ തരണം ചെയ്തുകൊണ്ട് നടത്തിയ റാലി ഡൽഹിയെ ചെങ്കടലാക്കി മാറ്റി; ഈ റാലി ജനശത്രുക്കൾക്ക് കനത്ത പരാജയം ഏൽപിക്കാനുള്ള തൊഴിലാളികളുടെയും കർഷകരുടെയും ദൃഢനിശ്ചയം ആവർത്തിച്ചുറപ്പിക്കുന്നതായിരുന്നു.

ഈ കാലഘട്ടത്തിൽ ദൃഢനിശ്ചയത്തോടുകൂടിയ പോരാട്ടങ്ങളിലൂടെ ഭരണവർഗത്തിനേൽപിച്ച പരാജയങ്ങളിൽ ചിലതിനെക്കുറിച്ച് ഓർമിക്കുന്നത് നന്നായിരിക്കും. ഒന്നാമതായി, ഭൂമിക്കുമേലുള്ള അവകാശങ്ങൾക്കായും കോർപ്പറേറ്റുകൾക്ക് കൊള്ളലാഭമടിക്കാൻ വേണ്ടി ഭൂമി തട്ടിയെടുക്കുന്നതിനെതിരെയും ഭൂമി അധികാർ ആന്ദോളൻ എന്ന പേരിൽ വിഷയാധിഷ്-ഠിത ഐക്യം കെട്ടിപ്പടുത്തുകൊണ്ട് നിരന്തരം നടത്തിയ സമരങ്ങൾ പ്രാകൃതമായ ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് പിൻവലിക്കാൻ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവൺമെന്റിനെ നിർബന്ധിതമാക്കി. രാജസ്താനിൽ അഖിലേന്ത്യാ കിസാൻ സഭ സ്വന്തം നിലയിൽ നടത്തിയ സമരം സംസ്ഥാന ഭരണത്തെയാകെ സ്തംഭനാവസ്ഥയിൽ എത്തിച്ചു; 13 ദിവസംനീണ്ട കിസാൻ കർഫ്യൂ അന്ന് അധികാരത്തിലിരുന്ന വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവൺമെന്റിനെ മുട്ടുമടക്കാൻ നിർബന്ധിതമാക്കി; വായ്പകൾ എഴുതിത്തള്ളൽ, സംഭരണകേന്ദ്രങ്ങൾ തുറക്കൽ എന്നിവ ഉൾപ്പെടെയുള്ള ഡിമാൻഡുകൾ അങ്ങനെയാണ് അംഗീകരിചക്കപ്പെട്ടത്. ത്രിപുര തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ട പശ്ചാത്തലത്തിൽ കോർപ്പറേറ്റ് മാധ്യമങ്ങൾ ഇടതുപക്ഷത്തിന്റെ ചരമക്കുറിപ്പ് എഴുതുകയും ചെങ്കൊടിയുടെ പ്രസക്തിതന്നെ നഷ്ടപ്പെട്ടുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോഴാണ് 2018 മാർച്ചിൽ നാസിക്ക് മുതൽ മുംബെെ വരെ ഐതിഹാസികമായ കിസാൻ ലോങ് മാർച്ച് നടത്തിയത്; ആയിരക്കണക്കിന് കർഷകരാണ്, അതിൽതന്നെ അധികം പേരും സ്ത്രീകളും ആദിവാസികളുമാണ് 186 കിലോമീറ്റർ ദൂരം കടുത്ത ബുദ്ധിമുട്ടുകൾ സഹിച്ച് ചെങ്കൊടി ചേർത്തുപിടിച്ചുകൊണ്ട് താണ്ടിയത്. അതോടെ മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി ഗവൺമെന്റ് മുട്ടുമടക്കാൻ നിർബന്ധിതമായി. ഭൂമിക്കുമേലുള്ള അവകാശങ്ങൾ, വനാവകാശങ്ങൾ, കടം എഴുതിത്തള്ളൽ എന്നിവയുൾപ്പെടെ കർഷകർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനും ഗവൺമെന്റ് നിർബന്ധിതമായി. ആയിരങ്ങൾ ചെങ്കൊടിയേന്തി കാസറഘട്ട് ചുരമിറങ്ങിവരുന്ന 47 സെക്കന്റ് ദെെർഘ്യമുള്ള വീഡിയോ ജനങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റുകയും ആഗോള ശ്രദ്ധയാകർഷിക്കുകയും ഭാവി പോരാട്ടങ്ങൾക്ക് പ്രചോദനമേകുകയും ചെയ്തു. നിരന്തരമായ പ്രക്ഷോഭങ്ങൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണാധികാരികളെ ചില ഇളവുകൾ നൽകാൻ നിർബന്ധിതരാക്കി. 250 ലേറെ സംഘടനകൾ ചേർന്ന് കെട്ടിപ്പെടുത്ത വിഷയാധിഷ്ഠിത അഖിലേന്ത്യ കിസാൻ സംഘർഷ് കോ–ഓർഡിനേഷൻ കമ്മിറ്റി എന്നു വിളിക്കപ്പെടുന്ന, സംഘടിപ്പിച്ച കിസാൻ മുക്തിയാത്ര, കിസാൻ പാർലമെന്റ്, കിസാൻ സംഘർഷ് യാത്ര എന്നിവയെല്ലാം ബിജെപിയ്ക്കെതിരായ ഒരന്തരീക്ഷം സൃഷ്ടിച്ചു. കേന്ദ്ര ട്രേഡ് യൂണിയനുകൾ കോർപറേറ്റ് വർഗീയ ഗവൺമെന്റിനെതിരായ ആക്രമണത്തിന് മൂർച്ചകൂട്ടിയ നിരവധി പണിമുടക്കുകൾ നടത്തി. സിഐടിയു, എഐകെഎസ്, എഐഎഡബ്ല്യുയു എന്നിവ സംയുക്തമായി നടത്തിയ ആഗസ്ത് 9 ക്വിറ്റിന്ത്യാ ദിനത്തിലെ ജയിൽ നിറയ്ക്കൽ സമരം, അതുപോലെ 2018 സെപ്തംബർ 5ന്റെ കിസാൻ സംഘർഷ് റാലി എന്നിവ വലിയ ആത്മവിശ്വാസം ജനിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ബിജെപി തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങുന്ന അന്തരീക്ഷവും ഈ സമരങ്ങൾ സൃഷ്ടിച്ചു. എന്നിരുന്നാലും പുൽവാമ–ബാലക്കോട്ട് സംഭവവികാസങ്ങളുടെ അനന്തരഫലമായും തീവ്രദേശീയത ലക്ഷ്യംവച്ചുള്ള കോർപ്പറേറ്റ് മാധ്യമങ്ങളുടെ അക്രമാത്മകമായ കാമ്പെയ്നും, പണാധികാരവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ പങ്കും ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ചു. 2014ൽ ബിജെപി മുന്നോട്ടുവെച്ച ആകർഷകമായ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. എല്ലാ രംഗത്തും പ്രതിസന്ധിയുണ്ടായി; വരുമാനത്തിലെ ഇടിവ്, തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി, കടബാധ്യത എന്നിവ അനുദിനം വർധിച്ചു. അതിനെല്ലാം പുറമെയാണ് മഹാമാരിയെത്തിയതും ബിജെപി ഗവൺമെന്റ് കർശനമായ ലോക്ഡൗൺ അടിച്ചേൽപിച്ചതും.


ലോക്ഡൗണിനുശേഷം ഒരു മാസത്തിനുള്ളിൽ, മഹാമാരിയുടെ ഭീതി നിലനിൽക്കവേതന്നെ സിഐടിയു വും കിസാൻസഭയും കർഷകത്തൊഴിലാളി യൂണിയനും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. അധികാരത്തിന്റെ അഹങ്കാരത്തിൽ തങ്ങളുടെ കോർപ്പറേറ്റ് ശിങ്കിടികൾക്ക് രാജ്യത്തെ വിഭവങ്ങൾ തുച്ഛമായ വിലയ്ക്ക് വിൽക്കുന്നതിൽ വ്യാപൃതരായിരിക്കുന്ന, അവർക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ ഇളവുകൾ നൽകുന്ന, എന്നാൽ ജനങ്ങളുടെ പ്രശ്നങ്ങളോട് കടുത്ത നിസ്സംഗത പുലർത്തുന്ന ഗവൺമെന്റിനുമേൽ അക്ഷരാർഥത്തിൽ ഈ സമരങ്ങൾ സമ്മർദ്ദം ചെലുത്തി. കർഷകജനസാമാന്യത്തെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും ബിജെപി സർക്കാർ ലോക്ഡൗണിൽ തളച്ചിടുകയും, കോർപ്പറേറ്റനുകൂല കാർഷിക നിയമങ്ങളിലൂടെയും ലേബർ കോഡുകളിലൂടെയും കർഷകരും തൊഴിലാളികളും നെടുനാൾനീണ്ട കഠിനമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തപ്പോൾ തൊഴിലാളിവർഗവും കർഷക ജനസാമാന്യവും വീണ്ടും സംഘടിതരായി തെരുവിലിറങ്ങി. ഒരു ഏകീകൃത രീതിയിൽ ഉടൻതന്നെ അത് ഐതിഹാസികമായ യോജിച്ച പോരാട്ടമായി വികസിക്കുകയും ചെയ്തു. അങ്ങനെ രൂപംകൊണ്ട സംയുക്ത കിസാൻ മോർച്ച, തൊഴിലെടുക്കുന്ന വർഗത്തിന്റെ, പ്രത്യേകിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സജീവ പിന്തുണയോടെ 380 ദിവസത്തെ ഡൽഹി അതിർത്തി ഉപരോധമുൾപ്പെടെയുള്ള എല്ലാ അടിച്ചമർത്തലുകളെയും നേരിട്ടുകൊണ്ട് ഏകദേശം 750 കർഷകർ രക്തസാക്ഷികളായ, 560 ദിവസം നീണ്ട സമരത്തിനുമുന്നിൽ ഊതിവീർപ്പിച്ച 56 ഇഞ്ചുകാരനായ പ്രധാനമന്ത്രി നയിക്കുന്ന ബിജെപി വാഴ്ച മുട്ടുമടക്കാൻ നിർബന്ധിതമായി; തോൽവി സമ്മതിച്ച് കാർഷിക നിയമങ്ങൾ പിൻവലിച്ചു. തൊഴിൽനിയമങ്ങൾ നടപ്പിലാക്കാനും ബിജെപി ഗവൺമെന്റിന് കഴിഞ്ഞില്ല; അഴിമതിയിൽ മുങ്ങിക്കുളിച്ച, കോർപ്പറേറ്റ് വർഗീയ വാഴ്ചയുടെ തോൽവികൾ അവിടെയും അവസാനിച്ചില്ല. മഹാരാഷ്ട്രയിലെ വെെദ്യുതി ജീവനക്കാരുടെ പണിമുടക്ക്, അദാനിമാർക്ക് നേട്ടമുണ്ടാക്കുന്നതിനുവേണ്ടിയുള്ള സ്വകാര്യവൽക്കരണ ശ്രമങ്ങൾക്കെതിരെ പോരാടാനും അതിനെ തടയാനും കഴിയുമെന്ന് ഉറപ്പാക്കി. കുത്തക ഇൻഷുറൻസ് കമ്പനികൾക്കെതിരായ രാജസ്താനിലെ കർഷകസമരവും മഹാരാഷ്ട്രയിൽ ഇപ്പോൾ നാസിക്കിൽനിന്നും മുംബെെയിലേക്കു നടത്തിയ കിസാൻ ലോങ്മാർച്ചും വിജയം നേടി.

ഇത്തരം വിജയങ്ങളുടെ പശ്ചാത്തലത്തിലാണ് മാർച്ചും ഏപ്രിലും രണ്ട് സുപ്രധാന സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. 2023 മാർച്ച് 20ലെ കിസാൻ മഹാപഞ്ചായത്തും 2023 ഏപ്രിൽ 5ലെ മസ്ദൂർ കിസാൻ സംഘർഷ് റാലിയും 2024ൽ ബിജെപിയക്ക് നിർണായക തോൽവി നൽകുന്നതിന് നിദാനമാകേണ്ട നിരന്തരമായ പോരാട്ടത്തിന്റെയും പ്രവർത്തനത്തിന്റെയും ആവശ്യകത വീണ്ടും ഊന്നിപ്പറയുന്നു. മസ്ദൂർ – കിസാൻ സംഘർഷ് റാലിയ്ക്കു മുന്നോടിയായി ഗ്രാമങ്ങളിലേക്ക് ഇറങ്ങി കോടിക്കണക്കിനാളുകളിലേക്ക് എത്തിച്ചേരുന്നവിധം തീവ്രമായ യോജിച്ച കാമ്പെയ്ൻ നടത്തിയത് ഇവിടെ എടുത്തുപറയേണ്ടതാണ്. വിവിധ പ്രവർത്തനമേഖലകളിലെ ഗവൺമെന്റിന്റെ പരാജയവും, ഭരണഘടന, ജനാധിപത്യം എന്നിവയ്ക്കുമേലുള്ള കടന്നാക്രമണവും വർഗീയ രാഷ്ട്രീയവും തുറന്നുകാട്ടുന്ന, വലിയതോതിലുള്ള രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കാലംതെറ്റിവന്ന മഴയിലും ആലിപ്പഴ വർഷത്തിലും ആയിരക്കണക്കിന് ഏക്കറിലെ വിളകൾ നഷ്ടമായ സാഹചര്യത്തിലും പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ റാലിയിൽ അണിനിരന്നു. ഏപ്രിൽ 30ന് ചേരുന്ന സംയുക്ത കിസാൻ മോർച്ച യോഗം ഭാവിപോരാട്ടങ്ങൾക്ക് രൂപം നൽകും. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലേക്കും എല്ലാ സംസ്ഥാനങ്ങളിലേക്കും പോരാട്ടം എത്തിക്കേണ്ടതുണ്ടെന്നത് വ്യക്തമാണ്. അതിന്റെ ഭാഗമായി പദയാത്രകളും ജാഥകളും കൺവെൻഷനുകളും ബഹുജന കൂട്ടായ്മകളും ആസൂത്രണം ചെയ്തുവരികയാണ്. വരാൻപോകുന്ന കർണാടക തിരഞ്ഞെടുപ്പിൽ തങ്ങളുടെ അവകാശപത്രികയുടെ അടിസ്ഥാനത്തിൽ നിലപാടെടുക്കാനും കർഷകവിരുദ്ധ ബിജെപിയെ പരാജയപ്പെടുത്താനും രാഷ്ട്രീയപാർട്ടികളോട് ആഹ്വാനം ചെയ്യാൻ സംയുക്ത കിസാൻ മോർച്ച ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ട്. സിഐടിയു –എഐകെഎസ് – എഐഎഡബ്ല്യുയു എന്നിവ സംയുക്തമായി ഇതുവരെയുള്ള പോരാട്ടങ്ങളുടെ നേട്ടങ്ങൾ ഊട്ടിയുറപ്പിക്കാനും ഒരു ബദലിനായി മുന്നേറാനും നടപടികളെടുക്കും. വിശാലമായ വിഭാഗങ്ങളെ, അതായത് അടിച്ചമർത്തപ്പെട്ടവർ, ചൂഷിതവർഗങ്ങൾ, പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, വിദ്യാർഥികൾ, യുവജനങ്ങൾ, ജനാധിപത്യം കാത്തുസൂക്ഷിക്കാനും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും, കോർപ്പറേറ്റ് കൊള്ളയ്ക്കെതിരെയും ജനപക്ഷ ബദലിനായും നിലകൊള്ളുന്നവർ എന്നിവരെയാകെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിപുലമായ പോരാട്ടങ്ങൾക്കായുള്ള ശ്രമങ്ങൾ നടത്തും. പോരാട്ടത്തിന്റെ നിർണായകഘട്ടം ആരംഭിച്ചുകഴിഞ്ഞു. സേ-്വച്ഛാധിപത്യ, കോർപ്പറേറ്റ് – വർഗീയ അവിശുദ്ധ സംഖ്യത്തിനെതിരെ ഒരു ജനപക്ഷ ബദൽ കെട്ടിപ്പടുക്കുന്നതിന് മസ്ദൂർ – കിസാൻ സംഘർഷ് റാലി ശക്തമായ ആഹ്വാനം നൽകി.


എല്ലായിടത്തും ഫാസിസ്റ്റ് ശക്തികൾ അധികാരലഹരിയിൽ, തങ്ങളുടെ നിലപാടുകൾ അചഞ്ചലമാണെന്ന മിഥ്യാധാരണയിലാണ്. നമുക്ക് വിദൂര ഭൂതകാലത്തിന്റെ താളുകൾ മറിച്ചുനോക്കേണ്ടതില്ല. ഏറ്റവുമടുത്ത, സമീപകാല അനുഭവം ബഹുജനമുന്നേറ്റത്തിന്റെ ശക്തിയിലേക്കു വിരൽചൂണ്ടുന്നു. തൊട്ടയൽ രാജ്യമായ ശ്രീലങ്കയിലെ സംഭവവികാസങ്ങൾ നോക്കിയാൽ മാത്രം മതി. കർഷകർ തുടങ്ങിവെക്കുകയും ബഹുജനങ്ങൾ അണിചേരുകയും ചെയ്ത ജനകീയ പ്രതിഷേധങ്ങൾ ദ്വീപ് രാഷ്ട്രത്തിൽനിന്ന് രായ്ക്കുരാമാനം പലായനം ചെയ്യാൻ നിർബന്ധിതരായ ഗോതബയ സഹോദരന്മാരുടെ ‘ഇരട്ട എഞ്ചിൻ സർക്കാരി’ന്റെ പാളംതെറ്റിച്ചു. ഇതു നാം മനസ്സിൽ സൂക്ഷിക്കണം. കോർപ്പറേറ്റ് വർഗീയ അവിശുദ്ധ കൂട്ടുകെട്ട് നിലവിലുള്ളിടത്തെല്ലാം ഉചിതമായ തിരിച്ചടി നൽകുകയും അവർക്ക് നിർണായക പരാജയം ഏൽപിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × two =

Most Popular