Saturday, June 22, 2024

ad

Homeകവര്‍സ്റ്റോറികോർപ്പറേറ്റ് വർഗീയ സഖ്യത്തിനെതിരെ വർഗ പോരാട്ടം

കോർപ്പറേറ്റ് വർഗീയ സഖ്യത്തിനെതിരെ വർഗ പോരാട്ടം

എ ആർ സിന്ധു

‘‘കോർപ്പറേറ്റ് വർഗീയ സഖ്യത്തിനെതിരെ, ജനകീയ നയങ്ങൾക്കായി തൊഴിലാളി –കർഷക സമര ഐക്യം” എന്നതായിരുന്നു, ഒരു ലക്ഷത്തിലധികം സമര വളണ്ടിയർമാർ പങ്കെടുത്ത 2023 ഏപ്രിൽ 5 ന്റെ മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ പ്രധാന മുദ്രാവാക്യം. എല്ലാവർക്കും തൊഴിൽ, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ ഉന്നയിച്ചുകൊണ്ട് ജനങ്ങളെ അണിനിരത്തിയ രാജ്യവ്യാപക പ്രചാരണ പ്രവർത്തനങ്ങളുടെ പരിസമാപ്തിയായ ഈ പ്രക്ഷോഭം മുതലാളിത്ത ചൂഷണത്തിന്റെ അടിത്തറയായ തൊഴിലാളികളുടെ മിനിമം കൂലി, കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില, പൊതുമേഖലാ സ്വകാര്യവത്കരണം എന്നീ വിഷയങ്ങളെ അടിസ്ഥാന പ്രശ്നങ്ങളായി ഉയർത്തിക്കൊണ്ടു വരുന്നതിൽ വിജയിച്ചു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി സി ഐ ടി യു, അഖിലേന്ത്യാ കിസാൻസഭ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ എന്നീ വർഗ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന നിരന്തര സമരങ്ങളിലൂടെ രൂപംകൊളളുകയും വികസിക്കുകയും ചെയ്ത തൊഴിലാളി – കർഷക ഐക്യമാണ് ഐതിഹാസിക കർഷക സമരത്തിലേക്കും അതിന്റെ വിജയത്തിലേക്കും നയിച്ചത്. അതിന്റെ തുടർഘട്ട സമരപാത നിശ്ചയിക്കുന്ന ഈ റാലി, ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന വർഗീയതയുടെയും നവഉദാരവത്കരണ നയങ്ങളുടെയും ഭീഷണിയെ വെവ്വേറെ നേരിടാനാവില്ല എന്ന രാഷ്ട്രീയ വ്യക്തതയിലേയ്ക്കുള്ള ചുവടുവയ്പായി, ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും കാവലാളുകൾ സമ്പത്തിന്റെ ഉത്പാദകരായ കർഷകരും കർഷകത്തൊഴിലാളികളും തൊഴിലാളികളുമാണെന്നുള്ള പ്രഖ്യാപനവും.

മുതലാളിത്ത വ്യവസ്ഥാപ്രതിസന്ധി പരിഹാരത്തിനായി രൂപംകൊണ്ട വർഗീയ – കോർപ്പറേറ്റ് ഫാസിസ്റ്റ് കൂട്ടുകെട്ടിനെ ചെറുത്തുതോൽപ്പിക്കാൻ പ്രധാന ഉത്പാദനശക്തികളായ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും ചേരുന്ന ഒരു ഐക്യ വേദിക്കു രൂപം കൊടുക്കാനുള്ള ആഹ്വാനമായി ഈ വർഗ മുന്നേറ്റം. വരും നാളുകളിൽ കോർപ്പറേറ്റു വിരുദ്ധ വർഗീയവിരുദ്ധ സമരങ്ങളുടെ അച്ചുതണ്ട് ഈ മുന്നണിയായിരിക്കും.

വലതുപക്ഷ ഫാസിസ്റ്റ് വളർച്ചയും 
പ്രതിരോധവും
വർഗീയ ഫാസിസ്റ്റ് ശക്തികളുടെ ഉത്ഭവവും വളർച്ചയും അതാതുകാലത്തെ മുതലാളിത്ത വളർച്ചയെയും സാമ്രാജ്യത്ത അജൻഡയെയും ആശ്രയിച്ചാണിരിക്കുക. അതുകൊണ്ടു തന്നെ വർഗീയതയെക്കുറിച്ചുള്ള വിശകലനങ്ങളും അതിനെതിരായ സമരതന്ത്രങ്ങളും സമകാലികമുതലാളിത്ത വളർച്ചാഘട്ടത്തിന്റെ വിശകലനവുമായും അതിനെതിരായ സമരതന്ത്രവുമായും അടവുകളുമായും വേർപിരിക്കാനാവാത്ത വിധം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

1930കളിലെ മഹാമാന്ദ്യം ക്ലാസിക്കൽ ഫാസിസത്തിലേക്ക് നയിച്ചെങ്കിൽ ഇന്ന് നവലിബറൽ മുതലാളിത്തത്തിന്റെ വ്യവസ്ഥാപ്രതിസന്ധി വിവിധ രാജ്യങ്ങളിൽ വലതുപക്ഷ ഫാസിസ്റ്റ് ശക്തികളുടെ മുന്നേറ്റത്തിലേക്കും ലോക വ്യാപകമായി രാഷ്ട്രീയമായി വലതുപക്ഷ മേൽക്കോയ്മ (hegemony)യിലേക്കും നയിച്ചിട്ടുണ്ട്. അതേസമയം ഇതിനെതിരായ അതിശക്തമായ സമരങ്ങളും വൻതോതിൽ ഉയർന്നു വരുന്നുണ്ട്.

പ്രശസ്ത മാർക്സിയൻ സാമ്പത്തിക വിദഗ്ദ്ധൻ പ്രൊഫസ്സർ പ്രഭാത് പട്നായക്കിന്റെ വിശകലനപ്രകാരം ഈ നവഫാസിസം ലോകമെമ്പാടും സാമ്രാജ്യത്വത്തിന്റെയും വൻകിടമുതലാളിത്ത ശക്തികളുടെയും പൂർണ പിന്തുണയോടെയും ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെയുമാണ് മുന്നേറുന്നത്. മത–-വംശീയ ന്യൂനപക്ഷങ്ങൾ, പ്രവാസികൾ എന്നിങ്ങനെ അപരങ്ങളെ (other) സൃഷ്ടിച്ചുകൊണ്ട് വെറുപ്പും വിദ്വേഷവും വളർത്തി സംവാദങ്ങളെ (discourse) വഴിതിരിച്ചുവിടുക എന്ന തന്ത്രമാണ് എല്ലായിടത്തും ഈ ശക്തികൾ പയറ്റുന്നത്. വൻകിട മുതലാളിമാർക്ക് വൻതോതിൽ ഇളവുകളും വഴിവിട്ട സഹായങ്ങളും ചെയ്തുകൊണ്ട് അവയുടെ പിന്തുണ ഉറപ്പുവരുത്തിയാണ് ഈ ഭരണകൂടങ്ങൾ നിലനില്ക്കുന്നത്. ഫാസിസ്റ്റ് ശക്തികളും വാൽ (fringe) ഗ്രൂപ്പുകളും എല്ലാ സമൂഹങ്ങളിലും നിലനിൽക്കുന്നുണ്ടെങ്കിലും, വൻകിട ബിസിനസ്സിന്റെ സഹായത്തോടെയാണ് ഇവ മുഖ്യധാരാ നേതൃത്വത്തിലേക്ക് വരുന്നത്. വ്യവസ്ഥയ്ക്കെതിരായ ജനരോഷം മുതലെടുത്ത് അധികാരത്തിൽ വരുന്ന ഈ നവ ഫാസിസ്റ്റ് ശക്തികൾ മിക്കപ്പോഴും ജനപിന്തുണ, പ്രത്യേകിച്ച് യുവജനങ്ങളുടെ പിന്തുണയാർജ്ജിക്കാറുണ്ട്. ഈ നവ ഫാസിസ്റ്റ് ശക്തികൾ അധികവും ബൂർഷ്വാ ജനാധിപത്യത്തിന്റെ പുറന്തോടിനുള്ളിലാണ് ഇന്ന് പ്രവർത്തിക്കുന്നത്.

ഇവിടെ പ്രസക്തമായ കാര്യം ക്ലാസിക്കൽ ഫാസിസത്തിന്റെ അനുഭവത്തിൽ നിന്നു വ്യത്യസ്തമായി, വർത്തമാന കാലത്ത്, അന്താരാഷ്ട്ര ധനമൂലധനം സമ്പന്നർക്കു നികുതി ഏർപ്പെടുത്താൻ അനുവദിക്കാത്തതിനാൽ ഈ ഭരണകൂടങ്ങൾക്ക് നവലിബറൽ മുതലാളിത്തത്തെ പ്രതിസന്ധിയിൽ നിന്നു പുറത്തുകൊണ്ടുവരാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ ഇന്ന് ലോകമെമ്പാടും കാണുന്നതുപോലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ, പ്രത്യേകിച്ച് തൊഴിലാളിവർഗത്തിന്റെ, ത്രിഷേധസമരങ്ങൾ ഉയർത്തിക്കൊണ്ടുവരാനും എത്രത്തോളം ഏകാധിപത്യ സ്വഭാവമുള്ളതാണെങ്കിൽപോലും ലിബറൽ ബൂർഷ്വാ വ്യവസ്ഥയിൽ ഈ ശക്തികളെ അധികാരത്തിൽനിന്നും പുറത്താക്കുവാനുമുള്ള സാധ്യതയും മുൻപെന്നത്തേക്കാളും ശക്തമായി ഉയർന്നു വരുന്നുണ്ട്.


ഇന്ത്യയിലെ കോർപ്പറേറ്റ് 
വർഗീയ ഭരണവർഗ സഖ്യവും 
ഭൗതികാടിത്തറയും

ഇന്ന് ഇന്ത്യയിലെ കോർപ്പറേറ്റ് – വർഗീയ ഭരണവർഗ സഖ്യം സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെല്ലാം ഏതാണ്ട് ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. ആർഎസ്എസ് – ബിജെപി എല്ലാക്കാലത്തും സാമ്രാജ്യത്വ കോർപ്പറേറ്റ് ശക്തികളുടെ വിടുപണി ചെയ്യാൻ തയാറായിട്ടുണ്ട്. വൻകിട ബിസിനസ്സിന്റെ സഹായത്തോടെ, ഒപ്പം ആധുനിക സാങ്കേതികവിദ്യയുടെയും മാധ്യമങ്ങളുടെയും സഹായത്തോടെ നിരന്തരമായ വർഗീയ ജാതീയ ഇടപെടലുകളിലൂടെയും കലാപങ്ങളിലൂടെയും സമ്മതി നിർമ്മാണത്തിലൂടെയും സമൂഹത്തിൽ എല്ലാറ്റിനും ഉപരിയായി ഹിന്ദുത്വ സ്വത്വ നിർമ്മിതിയുടെ മേൽകോയ്മയുടെ നിർമിതിക്കും ആർഎസ്എസിന് കഴിഞ്ഞിരിക്കുന്നു.

നവലിബറൽ മുതലാളിത്തമാകട്ടെ, അതിന്റെ നിലനിൽപ്പിനായി ‘ആധുനികത’യെ പൂർണമായും തള്ളിപ്പറഞ്ഞുകൊണ്ട് അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അടിസ്ഥാനമാക്കിയ ഏറ്റവും പിന്തിരിപ്പനായ മനുവാദത്തോട് സന്ധിചെയ്യുന്ന വിരോധാഭാസമാണ് ഇന്ന് നമ്മുടെ രാജ്യത്ത് കാണുന്നത്.

നമ്മുടെ രാജ്യത്തെ ലിബറൽ ബൂർഷ്വാസിയും ഇടതുപക്ഷമൊഴികെ ഏതാണ്ടെല്ലാ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ഈ ‘ഹിന്ദുത്വ’ ആശയസംഹിതയുടെ മേൽക്കോയ്മയ്ക്ക് കീഴടങ്ങി തങ്ങളുടെ മതനിരപേക്ഷ സ്വഭാവം ഉപേക്ഷിക്കുകയോ അതിൽ വിട്ടുവീഴ്ച ചെയ്യുകയോ ചെയ്തിരിക്കുന്നു.
ഭൂരിപക്ഷ വർഗീയതയ്ക്കു അനുപൂരകമായി ന്യൂനപക്ഷ വർഗീയത വളർത്തുന്നതിലും ഭരണവർഗങ്ങൾക്ക് നേരിട്ടു പങ്കുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മത, വംശീയ, ഗോത്ര സ്വത്വത്തെ അടിസ്ഥാനമാക്കി വിവിധ വിഘടന ശക്തികളെ- പഞ്ചാബിലും ത്രിപുരയിലുമടക്കം- വളർത്തിക്കൊണ്ടുവരുന്നതിൽ ഹിന്ദുത്വ ശക്തികൾക്കുള്ള പങ്ക് വളരെ വ്യക്തമാണ്.

നമ്മുടെ രാജ്യത്ത് നിലവിലുള്ള ഫ്യൂഡൽ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളിൽ നിലനിൽക്കുന്ന പുരാതന നാടുവാഴിത്ത ബന്ധങ്ങളും ഭൂ ബന്ധങ്ങളും (land relations) വർഗീയതയുടെ വളർച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നു. മുതലാളിത്ത വളർച്ചയിലെ വൻതോതിലുള്ള ചരക്കുത്പാദനവും കമ്പോളവത്കരണവും ഉപഭോഗവസ്തുക്കളെ ലോകത്തിന്റെ എല്ലാ കോണുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇത് ജനസാമാന്യത്തിൽ സൃഷ്ടിക്കുന്ന ഭൗതിക ആശയാഭിലാഷങ്ങൾ യാഥാർഥ്യമാക്കാൻ, നിലനില്ക്കുന്ന ചൂഷണ വ്യവസ്ഥയിലെ ജീവിത നിലവാരം അനുവദിക്കാതിരിക്കുന്ന സ്ഥിതി സംജാതമാക്കുന്ന കഠിനമായ മോഹഭംഗം മത വർഗീയതയ്ക്കു കീഴ്പെടാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. മദ്ധ്യവർഗത്തിലാകട്ടെ, ഉപഭോക്തൃ സംസ്കാരം സൃഷ്ടിക്കുന്ന സാംസ്കാരിക പ്രതിസന്ധി സാംസ്കാരിക ദേശീയതയുടെ രൂപത്തിൽ അവതരിപ്പിക്കപ്പെടുന്ന വർഗീയതയ‍്ക്കുള്ള വിമർശനരഹിത പിന്തുണയുടെ രൂപത്തിൽ പ്രകടിപ്പിക്കപ്പെടുന്നു.

വർഗീയ കോർപ്പറേറ്റ് 
കൂട്ടുകെട്ടിനെതിരെ 
സമഗ്ര- സംയോജിത 
പ്രത്യാക്രമണം
ഇന്ന് ഇന്ത്യ ഭരിക്കുന്ന വർഗീയ കോർപ്പറേറ്റ് കൂട്ടുകെട്ട് ഒരു ആധുനിക സമൂഹമെന്ന നിലയിൽ രാജ്യത്തിന്റെയും ജനങ്ങളുടെയും നിലനിൽപ്പിനെത്തന്നെ അപകടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ നവലിബറൽ വർഗീയ ഹിന്ദുത്വ ആശയസംഹിതയെ നേരിട്ട്, ആധിപത്യം പുലർത്തുന്ന വ്യവഹാരങ്ങളെ മാറ്റാൻ രാഷ്ട്രീയമായും ആശയപരമായും സാംസ്കാരികമായും സമഗ്രമായ ഒരു പദ്ധതി അടിയന്തരമായി രൂപപ്പെടുത്തേണ്ടതുണ്ട്. ഇതാണ് നവലിബറൽ മുതലാളിത്തതത്തെ വർഗപരമായും രാഷ്ട്രീയമായും ആശയപരമായും നേരിടുന്ന തൊഴിലാളി വർഗത്തിനും അധ്വാനിക്കുന്ന മറ്റ് വർഗങ്ങൾക്കും മുൻപിലുള്ള പ്രധാന കടമ.

വലതുപക്ഷ 
ആഖ്യാനങ്ങൾക്കെതിരെ
സമഗ്ര “സാംസ്കാരിക പ്രവർത്തനങ്ങൾ”
പ്രസിദ്ധ ചരിത്രകാരനായ പ്രൊഫസ്സർ കെ എൻ പണിക്കരുടെ അഭിപ്രായപ്രകാരം ‘സാംസ്കാരിക പ്രവർത്തനം’ എന്നത് സാമൂഹ്യ ബോധത്തെ മാറ്റിത്തീർക്കാനായി മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ഇടപെടലാണ്. അത് വിവിധ രൂപത്തിലുള്ള കലാപ്രകടനങ്ങളല്ല-, മറിച്ച് നിരന്തരമായ ഒരു സാമൂഹിക ഇടപെടലാണ്. ഇതിന്റെ പ്രധാന ഉദ്ദേശ്യം നവലിബറലിസത്തിന്റെയും വർഗീയതയുടെയും ആശയ സ്വാധീനത്തിൽ നിന്നു മുക്തമാക്കി പൗരസമൂഹത്തെ പുരോഗമനോൻമുഖമാക്കുക എന്നതും. ഇതിനായി നിരന്തരമായി അന്യവത്കരണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന വ്യക്തികളെ സാമൂഹ്യവത്കരിക്കുന്നതിനുവേരണ്ടി രണ്ടു തലത്തിലുള്ള ഇടപെടലുകളെപ്പറ്റി പ്രൊഫസ്സർ പണിക്കർ നിർദേശിക്കുന്നു – സൃഷ്ടിപരമായ മണ്ഡലവും (constructive realm) ക്രിയാത്മകമായ മണ്ഡലവും (creative realm).

സ്വാതന്ത്ര്യസമരത്തിലെ ഖാദിയുടെ പ്രയോഗവത്കരണം പോലെ ‘സാംസ്കാരിക’(വിപുലമായ അർത്ഥത്തിൽ) പ്രവർത്തനങ്ങളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്ന നിരന്തര സാമൂഹിക ഇടപെടലുകളുടെ സാധ്യതയാണ് സൃഷ്ടിപരമായ മണ്ഡലത്തിലെ ഇടപെടലുകളിൽ അദ്ദേഹം ഉദാഹരിക്കുന്നത്.

പൊതുബോധ നിർമ്മിതിയിൽ 
വർഗ സമരങ്ങളുടെ പങ്ക്
ഈ മേഖലയിലെ ഇടപെടലുകൾ നിശ്ചയമായും നവലിബറൽവിരുദ്ധ വർഗ സമരങ്ങളുമായി കൂട്ടിയോജിപ്പിച്ചാണ് നടത്തേണ്ടത്. സ്വാതന്ത്ര്യാനന്തരം, ആദ്യദശകങ്ങളിൽ, മുംബൈ, കോയമ്പത്തൂർ, കാൺപൂർ തുടങ്ങി തൊഴിലാളിവർഗ മുന്നേറ്റമുണ്ടായിട്ടുള്ള പ്രദേശങ്ങളിൽ വൻകിട ബിസിനസ്സുകാരും വർഗീയശക്തികളും ആസൂത്രിതമായി വർഗീയ കലാപങ്ങളുണ്ടാക്കി സംഘടിത തൊഴിലാളി പ്രസ്ഥാനത്തെ തകർത്തത് നമ്മുടെ മുമ്പിലുള്ള ചരിത്രം. അതുപോലെതന്നെ വിവിധ പ്രദേശങ്ങളിൽ പ്രശ്നാധിഷ്ഠിത വർഗ്ഗ മുന്നേറ്റങ്ങൾ ജാതി– മത ഭിന്നതകൾക്കതീതമായ ജനകീയ ഐക്യം രൂപപ്പെടാൻ സഹായകമായതും നമുക്കു മുന്നിലുണ്ട്.

ഈ തരത്തിലുള്ള ഒരു മുന്നേറ്റത്തിന് മോദി സർക്കാരിന്റെ കാർഷിക കരിനിയമങ്ങൾക്കെതിരായ ഐതിഹാസിക കർഷക സമരവും വഴിവച്ചു. വിവിധ കർഷക വർഗങ്ങളുടെ വിപുലമായ പ്രശ്നാധിഷ്ഠിത ഐക്യം രൂപപ്പെടുത്തിയ ഈ സമരം വർഗ ഭിന്നതകൾ പലപ്പോഴും ജാതി/ മത ഭിന്നതകളായാണ് ഇന്ത്യയിൽ പ്രത്യക്ഷമാവാറുള്ളത്) മുസഫർപ്പൂർ വർഗീയ കലാപത്തിന്റെ മുറിവുണക്കുന്നതും, ജാതി- –ലിംഗ വ്യത്യാസങ്ങളുടെയും മൂടുപടമടക്കമുള്ള സമൂഹികാചാരങ്ങളുടെയും ഉല്ലംഘനവും സമൂഹികാംഗീകാരം നേടുന്നതും നമ്മുടെ കൺമുൻപിലാണ്. പൊതുബോധത്തിലുള്ള ശക്തമായ സാംസ്കാരിക ഇടപെടൽ കൂടിയായി ഈ സമരം മാറി. ഇന്നത്തെ അധിനിവേശ കാലഘട്ടത്തിൽ നവലിബറൽവിരുദ്ധ വർഗ ഐക്യ സമരങ്ങളിൽനിന്നും സാമൂഹിക, സാംസ്കാരിക രംഗത്തെ ഇടപെടലുകളെ വേർതിരിക്കാനാവില്ല.

1991–92 നു ശേഷമുള്ള കഴിഞ്ഞ മുപ്പതു കൊല്ലം സിഐടിയുവും കിസാൻ സഭയും കർഷകത്തൊഴിലാളി യൂണിയനും സ്വതന്ത്രമായും, കൂട്ടായും ഈ സംഘടനകളുടെ നേതൃത്വത്തിലുളള മുന്നണികളിലൂടെയും ഉയർത്തിക്കൊണ്ടുവന്ന നിരന്തര സമരങ്ങൾ അഖിലേന്ത്യാ തലത്തിൽ നവലിബറൽ വിരുദ്ധ സമര മുന്നണി രൂപീകരണത്തിന്റെ അടുത്ത ഗുണാത്മക ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. വർഗീയ–ജാതീയ വ്യത്യാസങ്ങൾക്കതീതമായി അടിസ്ഥാന വിഷയങ്ങളിൽ ഐക്യം എന്ന പൊതുബോധത്തെ വളർത്താൻ ഒരു പരിധിവരെ ഈ നയം വിജയിച്ചിട്ടുണ്ട്.

എന്നാൽ വർഗ സമരങ്ങളും വർഗ ഐക്യവും സ്വാഭാവികമായും ഒരു വർഗീയവിരുദ്ധ ബോധത്തിലേക്ക് സാമാന്യ ജനങ്ങളെ നയിക്കുകയില്ല. ഇതിനായി വിവിധ തലങ്ങളിൽ വളരെ സൂക്ഷ്മമായും നിരന്തരമായുമുള്ള ബോധപൂർവമായ ഇടപെടലുകൾ ആവശ്യമുണ്ട്.

എല്ലാ തലങ്ങളിലുമുള്ള 
തൊഴിലാളി – കർഷക 
ഐക്യത്തിന്റെ പ്രാധാന്യം
ഈ സന്ദർഭത്തിലാണ് സിഐടിയുവും കിസാൻ സഭയും കർഷകത്തൊഴിലാളി യൂണിയനും ചേർന്ന് ഏറ്റെടുത്തിട്ടുള്ള താഴെ തട്ടിൽ ഗ്രാമീണ – നഗര തലങ്ങൾ വരെയുള്ള ഐക്യവേദി ഏറെ പ്രാധാന്യമർഹിക്കുന്നത്. നയപ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുള്ള അഖിലേന്ത്യാ റാലി വിജയകരമായി സംഘടിപ്പിച്ചു എന്നതിലുപരി മൂന്ന്, അടിസ്ഥാനവർഗ സംഘടനകളും ചേർന്ന് സംസ്ഥാന തലത്തിലും താഴെ ജില്ലാ പ്രാദേശിക തലങ്ങളിലും മുതലാളിത്ത വളർച്ചയുടെ ഇപ്പോഴത്തെ ഘട്ടം, – വർഗ ബന്ധങ്ങൾ, വർഗവൈരുധ്യങ്ങൾ – എന്നിവ വിലയിരുത്തി പ്രധാന മുദ്രാവാക്യങ്ങൾ രൂപീകരിക്കുകയും പ്രാദേശിക വിഷയങ്ങളുടെയും അതത് സംഘടനകളുടെ ശക്തിയുടെയും അടിസ്ഥാനത്തിൽ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരിക വഴി തൊഴിലാളി –കർഷക ഐക്യം താഴെ തട്ടിൽ വികസിപ്പിക്കുക എന്ന പ്രധാന ദൗത്യമാണിതുവഴി നിർവഹിക്കപ്പെട്ടത്.

ഈ ദൗത്യമേറ്റെടുക്കുമ്പോൾ ഉയർന്നുവരുന്ന വർഗ സാമൂഹിക ഭിന്നതകളെയും വൈരുദ്ധ്യങ്ങളെയും നേരിട്ടുകൊണ്ടു വേണ്ടിവരും ഈ ഐക്യം വികസിപ്പിക്കാൻ. പ്രാദേശിക തലത്തിൽ നീറുന്ന അടിസ്ഥാന പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന ഈ അടിസ്ഥാന വർഗ കൂട്ടായ്മയ്ക്ക് വ്യക്തികളുടെയും കുടുംബങ്ങളുടെയും ദൈനംദിന വ്യവഹാരങ്ങളിൽ നിരന്തരം നേരിട്ടിടപെട്ട് വർഗീയ നവലിബറൽ മേൽക്കോയ്മ സ്ഥാപിച്ചെടുക്കുന്ന കോർപ്പറേറ്റ് ആർഎസ്എസ് മുന്നണിയുടെ അടിത്തറയിളക്കാനുള്ള ശേഷിയുണ്ട്. സമരങ്ങളോടൊപ്പം സാമ്പത്തിക മണ്ഡലത്തിൽ മാത്രമല്ല, സാംസ്കാരിക മണ്ഡലത്തിലാകെ, തൊഴിലാളിവർഗ ബദലുകൾ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

സ്വത്വരാഷ്ട്രീയത്തെ വർഗീയ ശക്തികൾക്കെതിരായ ബദലായി പ്രചരിപ്പിച്ച ഉത്തരാധുനികത എന്ന ആശയസംഹിതയുടെ പാപ്പരത്തം വെളിവാക്കുന്നതും നവലിബറലിസത്തിനെതിരായ സമരം നടത്താൻ കഴിയും അടിസ്ഥാന വർഗങ്ങൾക്കാണ് എന്നു തെളിയിക്കുന്നതുമായിരുന്നു കഴിഞ്ഞ കാലങ്ങളിലെ സമാരാനുഭവങ്ങൾ.

സാമൂഹ്യ വിവേചനങ്ങളിലൂടെയും അടിച്ചമർത്തലുകളിലൂടെയും കൂടി പ്രതിഫലിപ്പിക്കപ്പെടുന്ന വർഗ ചൂഷണങ്ങളെ വിശകലനം ചെയ്യുന്നതിനും അവയിൽ ഇടപെടുന്നതിനും പ്രാദേശിക തലങ്ങളിൽ തൊഴിലാളി–കർഷക വർഗ ഐക്യത്തിലൂടെ ശേഷിയാർജ്ജിക്കുകയും അവയെ നവലിബറൽ വിരുദ്ധ ദേശീയ സമരങ്ങളുമായി കണ്ണി ചേർക്കുകയും വേണം.

ഇടതുപക്ഷ ജനാധിപത്യ മുന്നണി
താഴെത്തട്ടിൽ വർഗ സമരങ്ങളുടെ കരുത്തിൽ അടിത്തറ ഉറപ്പിച്ചതും വിവിധ ജനവിഭാഗങ്ങളെ ഒരുമിപ്പിക്കുന്നതുമായ ഒരു മുന്നണിക്ക് മാത്രമേ കോർപ്പറേറ്റ് – വർഗീയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താനാവൂ. ഇത് ഒരു തിരഞ്ഞെടുപ്പ് മുന്നണിയല്ല. ഈ കാഴ്ചപ്പാടോടെയാണ് താഴെതലം മുതൽ ഈ വർഗ ഐക്യം രൂപപ്പെടുത്താനുള്ള ശ്രമം ഏറ്റെടുക്കേണ്ടത്. ഈ കൂട്ടുകെട്ടായിരിക്കും അന്താരാഷ്ട്ര ധനമൂലധനത്തിന്റെ താത്പര്യാനുസരണം പണക്കൊഴുപ്പും മാധ്യമകുത്തകയും വർഗീയ – ജാതീയ ധ്രുവീകരണവുംവഴി അധികാരത്തിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്ന കോർപ്പറേറ്റ്- വർഗ്ഗീയ ഭരണവർഗ കൂട്ടുകെട്ടിനെതിരായ ഇടതുപക്ഷ ജനാധിപത്യ സമരമുന്നണിയായി വികസിക്കുക. തൊഴിലാളി-–കർഷക ഐക്യത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെടുന്ന ഇങ്ങനെയൊരു കൂട്ടുകെട്ടിന് മാത്രമേ അതത് സംസ്ഥാനങ്ങളിലും അഖിലേന്ത്യാ തലത്തിലും ഇടതുപക്ഷ ജനാധിപത്യ ശക്തികളെ ശക്തിപ്പെടുത്താനും എല്ലാ ജനാധിപത്യ – മതനിരപേക്ഷ ശക്തികളെയും ഒരുമിപ്പിച്ച് 2024 ലും അതിനു ശേഷവും വർഗീയ കോർപ്പറേറ്റ് ശക്തികളെ പരാജയപ്പെടുത്താനും കഴിയൂ. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four + 1 =

Most Popular