Friday, May 17, 2024

ad

Homeകവര്‍സ്റ്റോറിനവലിബറലിസവും 
തൊഴിലാളി – കർഷക സഖ്യവും

നവലിബറലിസവും 
തൊഴിലാളി – കർഷക സഖ്യവും

പ്രഭാത് പട്നായക്

ഷ്യയിലും മുതലാളിത്തം വെെകി മാത്രംവന്ന മറ്റു രാജ്യങ്ങളിലും ഫ്യൂഡൽവിരുദ്ധ ജനാധിപത്യ വിപ്ലവം മുന്നോട്ടുകൊണ്ടുപോകുന്നതിന് തൊഴിലാളികളും കർഷകജനസാമാന്യവും തമ്മിലുള്ള സഖ്യത്തെ അനിവാര്യതയായി ലെനിൻ കണ്ടു. മുതലാളിത്തം വെെകിവന്ന രാജ്യങ്ങളിൽ ബൂർഷ്വാ സ്വത്തുതന്നെ തൊഴിലാളിവർഗത്തിൽനിന്നുള്ള ഭീഷണി നേരിടുകയും, അത് ബൂർഷ്വാസിയെ ഭൂവുടമകളുമായി സഖ്യത്തിലേർപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്തതിനാലായിരുന്നു ഇത്; അതുകൊണ്ടുതന്നെ ഭൂമിയുടെ കേന്ദ്രീകരണത്തെ തകർക്കുകയും, കർഷക ജനസാമാന്യത്തിന് ഭൂമി വിതരണം ചെയ്യുകയും ഫ്യൂഡൽ നുകത്തിൽനിന്നും സ്വാതന്ത്ര്യം നേടാനുള്ള കർഷകജനസാമാന്യത്തിന്റെ അഭിലാഷത്തെ തൃപ്തിപ്പെടുത്തുകയും വഴി ജനാധിപത്യവിപ്ലവത്തെ അതിന്റെ പൂർണതയിലേക്കെത്തിക്കുവാൻ മുതലാളിത്തം തയ്യാറായില്ല. ജനാധിപത്യ വിപ്ലവം പൂർത്തീകരിച്ച് സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് നീങ്ങുവാൻ ശേഷിയുള്ള തൊഴിലാളിവർഗത്തിനു മാത്രമേ ആ അഭിലാഷത്തെ തൃപ്തിപ്പെടുത്തുവാനും ഭൂമിയുടെ കേന്ദ്രീകരണത്തെ തകർക്കുവാനും കഴിയുകയുള്ളൂ. കർഷകജനസാമാന്യവുമായുള്ള തൊഴിലാളിവർഗത്തിന്റെ സഖ്യം എന്നതർഥമാക്കുന്നത്, ചരിത്രപരമായ ഈ കടമ സഫലീകരിക്കുക എന്നതാണ്; വിപ്ലവം ജനാധിപത്യ ഘട്ടത്തിൽനിന്നും സോഷ്യലിസ്റ്റ് ഘട്ടത്തിലേക്കുനീങ്ങവെ, കർഷകജനസാമാന്യത്തിനുള്ളിൽതന്നെയുള്ള അതിന്റെ സവിശേഷ സഖ്യങ്ങൾ മാറേണ്ടതുണ്ട് എങ്കിലും കർഷകജനസാമാന്യവുമായുള്ള തൊഴിലാളി വർഗത്തിന്റെ സഖ്യം എന്നതുകൊണ്ടർഥമാക്കുന്നത് ചരിത്രപരമായ ഈ കടമ പൂർത്തിയാക്കുക എന്നതാണ്.

ഏതാണ്ട് ഒരു നൂറ്റാണ്ടോളം ഈ വിശകലനം മൂന്നാം ലോക രാജ്യങ്ങളിലെ വിപ്ലവ പദ്ധതിയെ നന്നായി സേവിച്ചു എന്നു തന്നെ പറയാം. എന്തുതന്നെയായാലും, നവലിബറലിസത്തിന്റെ കടന്നുവരവോടുകൂടി ഇപ്പോൾ പുതുതായി ഒരു ഘടകംകൂടി ചിത്രത്തിലേക്ക് വന്നിട്ടുണ്ട് – നവലിബറലിസം അന്താരാഷ്ട്ര ധനമൂലധനത്തിന്റെ അധീശത്വം അനിവാര്യമാക്കുന്നു; അതുകൊണ്ടുതന്നെ, അപകോളനിവൽക്കരണത്തിനുശേഷം ഇന്ത്യയടക്കമുള്ള ഒട്ടേറെ മൂന്നാംലോക രാജ്യങ്ങൾ സ്വീകരിച്ച സാമ്പത്തിക നയങ്ങളുടെ, അതായത് സാമ്പത്തിക സാമൂഹിക കാര്യങ്ങളിൽ ഭരണകൂടത്തിന് നിയന്ത്രണമുള്ള നയങ്ങളുടെ എല്ലാ വശങ്ങളെയും നവലിബറലിസം തകിടംമറിക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നവലിബറലിസം സാമ്രാജ്യത്വത്തിൽനിന്നും താരതമേ–്യന സ്വതന്ത്രമായ മുതലാളിത്ത വികസനം നടപ്പാക്കുന്നില്ല; വർഗങ്ങൾക്കെല്ലാം ഉപരിയായി നിൽക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന ഭരണകൂടംവഴി മൂലധനത്തിന്റെ സ്വമേധയായുള്ള പ്രവണതകൾക്കുമേൽ തടസ്സമേൽപിക്കുന്നുമില്ല. മറിച്ച്, മൂലധനത്തിന്റെ പ്രവർത്തനത്തിലുള്ള യാദൃച്ഛിക സ്വഭാവത്തെ അത് പുനരവതരിപ്പിക്കുന്നു; ഭരണകൂടംതന്നെ ഭരണവർഗങ്ങളുടെ താൽപര്യത്തിനുവേണ്ടി മാത്രം പ്രവർത്തിക്കുന്നതാകുകയും അതിനാൽതന്നെ ഈ യാദൃച്ഛികതയെ കൂടുതൽ ദൃഢപ്പെടുത്തുകയും ചെയ്യുന്നതുവഴി അത് സാധ്യമാക്കുന്നു.

മൂലധനത്തിന്റെ വളരെയധികം പ്രധാനപ്പെട്ടൊരു യാദൃച്ഛിക പ്രവണത, അത് കർഷകകേന്ദ്രിത കൃഷിയടക്കമുള്ള ചെറുകിട ഉത്പാദനത്തിന്റെ അടിത്തറ തോണ്ടുന്നു എന്നതാണ്; അങ്ങനെ ആ ചെലവിൽ വൻകിട മൂലധനത്തിനും ബഹുരാഷ്ട്ര അഗ്രിബിസിനസ്സിനും വളർന്ന് പന്തലിക്കാം. ഈ ലക്ഷ്യത്തോടെ, നവലിബറൽ വാഴ്ചയ്ക്കുകീഴിൽ ഇന്ത്യയിൽ ജലസേചന പദ്ധതികളടക്കമുള്ള ഗ്രാമീണ പശ്ചാത്തല സൗകര്യത്തിനു മുടക്കിയിരുന്ന പൊതുനിക്ഷേപം, രാജ്യത്തെ ജിഡിപിയുമായി താരതമ്യപ്പെടുത്തുമ്പോൾ കുത്തനെ കുറച്ചു; കാർഷികോൽപന്നങ്ങൾക്കുണ്ടായിരുന്ന അളവുപരമായ ഇറക്കുമതി നിയന്ത്രണങ്ങൾ പിൻവലിക്കുകയും കാർഷികോൽപന്ന ഇറക്കുമതിക്കുമേലുള്ള താരിഫുകൾ അമിതമായി കുറയ്ക്കുകയും ചെയ്തു; വിവിധ കമ്മോഡിറ്റി ബോർഡുകളിലൂടെ നടപ്പാക്കിയിരുന്ന നാണ്യവിളകൾക്ക് സർക്കാർ ഏർപ്പെടുത്തിയിരുന്ന വില പിന്തുണയും നിർത്തലാക്കി; കാർഷിക ഇൻപുട്ടുകളുടെ സബ്സിഡികൾ വെട്ടിക്കുറച്ചു; ഒരു മുൻഗണനാ മേഖലയെന്ന നിലയിൽ കൃഷിക്കുവേണ്ടി നിർബന്ധമായും നീക്കിവെച്ചിരുന്ന സ്ഥാപനപരമായ വായ്പയും വെട്ടിക്കുറച്ചു; ഇത് ഭീമമായ പലിശ ഈടാക്കുന്ന സ്വകാര്യ വട്ടിപ്പലിശക്കാരുടെ ദയാവായ്പിനെ ആശ്രയിച്ചു നിൽക്കേണ്ട അവസ്ഥയിലേക്ക് കർഷകരെ ഒരിക്കൽക്കൂടി തള്ളിവിടുകയാണ്; അവശ്യസേവനങ്ങളായ ആരോഗ്യമേഖലയും വിദ്യാഭ്യാസ മേഖലയും സ്വകാര്യവത്കരിച്ചതുവഴി കർഷകർക്ക് ആ രംഗത്തു നൽകേണ്ടിവരുന്ന ചെലവും ഉയർത്തി; കർഷകരുടെ ഭൂമി വലിയ തോതിൽ ‘‘തുച്ഛവിലയ്ക്ക്’’ വൻകിട മുതലാളിത്ത പദ്ധതികൾക്കുവേണ്ടി പിടിച്ചെടുക്കുന്നതും സാധാരണമായിരിക്കുന്നു. എല്ലാത്തിനുംപുറമെ, പുതിയ വിത്തുകളെയും കൃഷിരീതികളെയും സംബന്ധിച്ച് ഗവൺമെന്റ് സ്ഥാപനങ്ങൾ നടത്തുന്ന ഗവേഷണങ്ങളുടെ ഫലം കർഷകർക്കിടയിലേക്ക് വ്യാപിപ്പിക്കുവാനും പ്രചരിപ്പിക്കുവാനുപയോഗിച്ചിരുന്ന വിപുലീകരണ ശൃംഖലയാകെ അവസാനിപ്പിച്ചു; വൻകിട മൂലധനവും കർഷകരും തമ്മിൽ ഏതെങ്കിലും വിധത്തിലുള്ള നേരിട്ടുള്ള ബന്ധപ്പെടലിനെ തടയുകയെന്ന ലക്ഷ്യംവെച്ചു നടപ്പാക്കിയിരുന്ന ഈ വിപുലീകരണ ശൃംഖലയ്ക്ക് അതേ ഫലവുമുണ്ടായിരുന്നു.

കർഷകകേന്ദ്രിത കൃഷിയുടെ ലാഭസാധ്യതയും അതിജീവനക്ഷമതയും കുറഞ്ഞു എന്നതാണ് ഈ നടപടികളുടെ ആകത്തുക; മാത്രമല്ല, അത് ഗ്രാമപ്രദേശങ്ങളിൽ മൂലധനത്തിന്റെ പ്രാകൃത സഞ്ചയത്തെ കെട്ടഴിച്ചുവിടുകയും ചെയ്തു; ഈ നടപടികളുടെ മറ്റൊരു അനന്തരഫലമാണ് മൂന്ന് ദശകക്കാലത്ത് മൂന്നുലക്ഷത്തിലധികം കർഷക ആത്മഹത്യകളിലേക്കു നയിച്ച കാർഷിക പ്രതിസന്ധി; സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ അഭൂതപൂർവമായൊരു സംഭവവികാസമാണിത്; മറ്റൊന്ന്, 1991നും 2011നുമിടയ്ക്ക് ‘‘കൃഷിക്കാരുടെ’’ (Cultivators ഇന്ത്യൻ സെൻസസിൽ ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗം) എണ്ണത്തിലുണ്ടായ ഇടിവാണ്; അവരാകെയും ഒന്നുകിൽ കർഷകത്തൊഴിലാളികളാവുകയോ അല്ലെങ്കിൽ തൊഴിൽതേടി പട്ടണങ്ങളിലേക്ക് കുടിയേറുകയോ ചെയ്തു.

എന്നാൽ, നവലിബറൽ വാഴ്ചയ്ക്കുകീഴിൽ ജിഡിപി വളർച്ചയിൽ വർധനവ് എന്ന വാദമുണ്ടെങ്കിലും സാമ്പത്തിക സാമൂഹിക കാര്യങ്ങളിൽ സർക്കാരിന് നിയന്ത്രണമുണ്ടായിരുന്ന കാലത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ തൊഴിൽ സൃഷ്ടിയുടെ കാര്യത്തിൽ പിന്നോട്ടുപോക്കാണ് അത് രേഖപ്പെടുത്തിയിട്ടുള്ളത്. സ്വതന്ത്രമായ വിദേശ മത്സരത്തിന് സമ്പദ്ഘടന തുറന്നുകൊടുത്തത്, ഘടനാപരവും സാങ്കേതികവിദ്യാപരവുമായ മാറ്റംകൊണ്ടുവരുന്നതിനു മേലുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കംചെയ്യുന്നത് അനിവാര്യമാക്കി; ഇത് ഉൽപാദനക്ഷമതയുടെ വളർച്ചാനിരക്ക് ഉയർത്തുകയും അതുകൊണ്ടുതന്നെ ഉയർന്ന ജിഡപി വളർച്ചാനിരക്കിനപ്പുറം തൊഴിൽ ഡിമാന്റിന്റെ വളർച്ചാനിരക്ക് കുറയ്ക്കുകയും ചെയ്തു. ഗ്രാമപ്രദേശങ്ങളിൽനിന്നു കുടിയേറുന്നവരെ ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നു മാത്രമല്ല, തൊഴിലവസര വളർച്ച ജനസംഖ്യയുടെ വളർച്ചാനിരക്കിനോടും അതുകൊണ്ടുതന്നെ അധ്വാനശക്തിയോടും പൊരുത്തപ്പെടുന്നുമില്ല; ഇതിന്റെ ഫലം തൊഴിലാളികളുടെ കരുതൽസേനയിലുണ്ടാകുന്ന വർധനവാണ്; അത് സ്വയം പ്രകടമാകുന്നത് ഓരോ തൊഴിലാളിക്കും കുറച്ചു ദിവസത്തെ തൊഴിൽ മാത്രം കിട്ടുന്നു എന്ന പ്രതിഭാസത്തിലൂടെയാണ്.


നവലിബറലിസം ചൂഷണം
 തീവ്രമാക്കുന്നു

അതേസമയം, തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് വ്യത്യസ്ത രീതികളിൽ നവലിബറലിസം തീവ്രമാക്കുന്നു. ഒന്നാമതായി, മൂലധനം ആഗോളവൽകൃതമായതുകൊണ്ടുതന്നെ, മെച്ചപ്പെട്ട സാഹചര്യങ്ങൾക്കുവേണ്ടി തങ്ങൾ പോരാട്ടത്തിലേർപ്പെട്ടാൽ ഉത്പാദനംതന്നെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റിക്കൊണ്ടുപോകും എന്നത് ഏതൊരു രാജ്യത്തിലേയും തൊഴിലാളികൾക്ക് സദാ ഭീഷണിയായിരിക്കുന്നു; അങ്ങനെ ആഗോളവൽകൃത മൂലധനം ഒരു രാജ്യത്തെ തൊഴിലാളികൾക്കെതിരായി മറ്റൊരു രാജ്യത്തെ തൊഴിലാളികളെ അണിനിരത്തുന്നു; അതിനിങ്ങനെ ചെയ്യാൻ കഴിയുന്നത്, തൊഴിലാളികൾ ഇപ്പോഴും ദേശീയമായാണ‍് സംഘടിപ്പിക്കപ്പെടുന്നത് എന്നതുകൊണ്ടാണ്. രണ്ടാമതായി, മുൻപു സൂചിപ്പിച്ചതുപോലെ, കരുതൽസേനയുടെ ആപേക്ഷിക വലുപ്പത്തിലുണ്ടാകുന്ന വർധനവ് തൊഴിലാളികളുടെ വിലപേശൽശേഷി കുറയ്ക്കും. മൂന്നാമതായി, സ്വകാര്യമേഖലയേക്കാൾ പൊതുമേഖലയിലാണ് യൂണിയൻവത്കരണത്തിന്റെ തോത് കൂടുതലുള്ളത് എന്നതുകൊണ്ടുതന്നെ, സ്വകാര്യവത്കരണം തൊഴിലാളിവർഗത്തിന്റെ കരുത്ത് കുറയ്ക്കുന്നു; 1974ലെ റെയിൽവെ പണിമുടക്കുപോലെയുള്ള വമ്പിച്ച തൊഴിലാളിവർഗ പണിമുടക്കുകൾ സംഘടിപ്പിക്കുന്നത് കൂടുതൽ വിഷമകരമായി തീർന്നിരിക്കുന്നു. നാലാമതായി, ഇതിലൊന്നും ഉൾപ്പെടാത്തൊരു കാര്യം പറയട്ടെ, ദശകങ്ങൾ നീണ്ട പോരാട്ടത്തിലൂടെ തൊഴിലാളികൾ നേടിയെടുത്ത സ്വയം സംഘടിക്കുവാനും പണിമുടക്കിലും സമരത്തിലും ഏർപ്പെടുവാനുമുള്ള അവകാശങ്ങളടക്കം എടുത്തുമാറ്റുവാൻ നവലിബറൽ വാഴ്ച തയ്യാറാകുന്നു; അതാണ് പുതിയ ലേബർ കോഡുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

ആയതിനാൽ തൊഴിലാളികളും കർഷകരും ഒരുപോലെ നവലിബറൽ വാഴ്ചയുടെ സവിശേഷ ഉന്നവും അതുണ്ടാക്കുന്ന ദാരിദ്ര്യത്തിന്റെ ഇരകളുമാകുന്നു. 1993–94 ലെയും 2011–2012ലെയും ദേശീയ സാമ്പിൾ സർവ്വെ ഡാറ്റ താരതമ്യം ചെയ്യുകയാണെങ്കിൽ, പ്രതിദിനം ഒരാൾക്ക് 2200 കലോറിയിൽ (ഗ്രാമീണ ദാരിദ്ര്യത്തെ നിർവചിക്കുന്നതിനുവേണ്ടി ആസൂത്രണ കമ്മീഷൻ ഉപയോഗിച്ചിരുന്ന മാനദണ്ഡമാണിത്‍) താഴേക്കുപോകുന്ന ഗ്രാമീണ ജനസംഖ്യയുടെ ശതമാനം 58ൽനിന്നും 68 ലേക്ക് വർധിച്ചതായി കാണാം; പ്രതിദിനം ഒരാൾക്ക് 2100 കലോറിയിൽ (അർബൻ ദാരിദ്ര്യത്തെ നിർവചിക്കുന്നതിനുവേണ്ടി ആസൂത്രണ കമ്മീഷൻ മുൻപുപയോഗിച്ചിരുന്ന മാനദണ്ഡം) താഴേക്കുപോകുന്ന അർബൻ ജനസംഖ്യയുടെ ശതമാനം 57ൽനിന്നും 65 ലേക്ക് വർധിക്കുന്നതായും കാണാം; ഇതിനുശേഷം പുറത്തുവന്ന എൻഎസ്എസ് ഡാറ്റ കാണിക്കുന്നത് കൂടുതൽ ഭയാനകമായ ചിത്രമാണ്: ഗ്രാമീണ ജനതയിലെ എല്ലാ വർഗങ്ങളെയും ഒന്നിച്ചെടുത്തുനോക്കുമ്പോൾ ഗ്രാമീണ ഇന്ത്യയിലെ പ്രതിശീർഷ യഥാർത്ഥ ചെലവഴിക്കൽ 2011–12നും 2017 –18നും ഇടയിൽ കേവലാടിസ്ഥാനത്തിൽ 9 ശതമാനംകണ്ട് കുറഞ്ഞു; ഈ കണ്ടെത്തൽ അത്രയേറെ ഞെട്ടിപ്പിക്കുന്നതായതുകൊണ്ട്  കേന്ദ്ര ഗവൺമെന്റ് ആ ദേശീയ സാമ്പിൾ സർവ്വെ ഫലങ്ങൾ മൊത്തത്തിൽ പൊതുമണ്ഡലത്തിലെത്താതെ മൂടിവച്ചിരിക്കുകയാണ്.

കർഷക കേന്ദ്രിത കൃഷിക്കുമേൽ നടത്തുന്ന കടുത്ത ചൂഷണത്തിനുപുറമെ, ഭക്ഷ്യധാന്യങ്ങൾക്കു നൽകിവന്നിരുന്ന താങ്ങുവില അന്താരാഷ്ട്ര ധനമൂലധനത്തിന്റെ ഒത്താശയിൽ പിൻവലിക്കുവാനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്; ഒരു വർഷം നീണ്ട കർഷകപ്രക്ഷോഭം ഈ നീക്കത്തിൽനിന്ന‍് തൽകാലത്തേക്ക് പിൻവലിയാൻ കേന്ദ്ര ഗവൺമെന്റിനെ നിർബന്ധിതമാക്കി; എന്നിരുന്നാലും കേന്ദ്ര ഗവൺമെന്റ് ഇൗ നീക്കം ഉപേക്ഷിച്ചിട്ടില്ല. കർഷകജനസാമാന്യത്തെ കൂടുതൽ ഞെക്കിപ്പിഴിയുന്നതിലൂടെ ഈ നടപടി നിലവിലെ കാർഷിക പ്രതിസന്ധിയെ കൂടുതൽ ദൃഢീകരിക്കുക മാത്രമല്ല, മറിച്ച് അത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ തകരാറിലാക്കുകയും ചെയ്യും; കൊളോണിയൽ കാലത്ത് നമുക്ക് നേരിടേണ്ടിവന്ന തരത്തിലുള്ള ക്ഷാമങ്ങൾ ആവർത്തിക്കുന്നത് ഇതേവരെ തടഞ്ഞുനിർത്തിയ നമ്മുടെ പൊതുവിതരണ സംവിധാനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെയാകും.

ഇവിടെ ശ്രദ്ധിക്കേണ്ടൊരു കാര്യം, നവലിബറലിസത്തിനുകീഴിൽ തൊഴിലാളികളുടെയും കർഷകരുടെയും സാമ്പത്തിക താൽപര്യങ്ങൾ ഒന്നായിതീരുമെന്നതാണ്. ഇരു വിഭാഗങ്ങളും നിർദ്ദയമായ ചൂഷണം അനുഭവിക്കേണ്ടതായി വരുന്നു; എടുത്തുപറയേണ്ടതെന്തെന്നാൽ, കർഷകജനസാമാന്യത്തിനുമേലുള്ള നിർദ്ദയമായ ചൂഷണം തൊഴിലാളികളുടെ അവസ്ഥയും കൂടുതൽ വഷളാക്കുന്നു. ഗ്രാമങ്ങളിൽനിന്നും നഗരങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം വർധിക്കുന്നതുവഴി തൊഴിലാളികളുടെ കരുതൽസേനയുടെ ആപേക്ഷിക വലുപ്പവും വർധിക്കുന്നു. വലിയൊരു എണ്ണം തൊഴിലന്വേഷകർക്ക് ഇപ്പോൾ ഒരു നിശ്ചിത എണ്ണം തൊഴിൽ മാത്രമേ നൽകാനാവുന്നുള്ളൂ എന്നതുകൊണ്ടുതന്നെ ഇത് തൊഴിലാളികളുടെ കൂലിനിരക്ക് താഴ്ത്തിനിർത്തുകയും ഓരോ തൊഴിലാളിക്കും നൽകാൻ കഴിയുന്ന ശരാശരി തൊഴിൽ കാലാവധി കുറയ്ക്കുകയും ചെയ്യുന്നു.


തൊഴിലാളികളും കർഷകരും തമ്മിലുള്ള ബന്ധം മുൻപ് നിലനിന്നിരുന്നത് ഉൽപന്ന കമ്പോളത്തിലൂടെയായിരുന്നു എങ്കിൽ ഇപ്പോഴത് തൊഴിൽ കമ്പോളത്തിലൂടെയാണ്. ഇത് ഇനി പറയുന്നതിൽനിന്ന് മനസ്സിലാക്കാം: സാമൂഹിക സാമ്പത്തിക കാര്യങ്ങളിൽ ഭരണകൂടത്തിന് നിയന്ത്രണമുണ്ടായിരുന്ന കാലത്ത് കർഷകകേന്ദ്രിത കൃഷിക്ക് പിന്തുണ നൽകുന്നതിനുവേണ്ടി സൃഷ്ടിച്ച സ്ഥാപനപരമായ സംവിധാനത്തിനുള്ളിൽ – ഏറെക്കുറെ അത് മാറ്റമില്ലാതെ തുടർന്നിരുന്നു – കർഷകരുടെ അവസ്ഥ, പ്രാഥമികമായും ഭക്ഷേ–്യാൽപന്നങ്ങളുടെ വിലയടക്കമുള്ള കാർഷികോൽപന്നങ്ങളുടെ വിലയെ ആശ്രയിച്ചായിരുന്നു. ഭക്ഷേ-്യാൽപന്നങ്ങളടക്കമുള്ള കാർഷികോൽപന്നങ്ങൾക്ക് കുറഞ്ഞ വില നൽകിക്കൊണ്ട് കർഷകരെ ഊറ്റിയാൽ അതിനർഥം തൊഴിലാളികൾക്ക് വിലകുറച്ച് ഭക്ഷേ-്യാൽപന്നങ്ങൾ ലഭിക്കുമെന്നാണ്;അതുപോലെ കർഷകർക്ക് അവരുൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് ഉയർന്ന വില ലഭിച്ചാൽ ഭക്ഷ്യധാന്യങ്ങൾക്ക് വില കൂടുമെന്നതുമൂലം തൊഴിലാളികൾ ദുരിതമനുഭവിക്കേണ്ടിവരുന്നു. അതുകൊണ്ടുതന്നെ അവരുടെ സാമ്പത്തിക താൽപര്യങ്ങൾ പരസ്പരവിരുദ്ധമായിരുന്നു. യാതൊരു സംശയവുംവേണ്ട, ഭക്ഷ്യ സബ്സിഡി തുകയിൽ ക്രമീകരണങ്ങൾ വരുത്തുന്നതുവഴി ഈ വെെരുദ്ധ്യത്തെ മറികടക്കാൻ ശ്രമിച്ചതായിരുന്നു; പക്ഷേ പൂർണമായി മറികടക്കാനായില്ല.

എന്തുതന്നെയായാലും, ഇന്ന് കർഷകജനസാമാന്യത്തിനുമേൽ നടത്തുന്ന ചൂഷണം കേവലം വിലയിലൂടെ മാത്രമല്ല, മറിച്ച് സാമൂഹിക, സാമ്പത്തിക കാര്യങ്ങളിൽ ഭരണകൂടത്തിനു നിയന്ത്രണമുണ്ടായിരുന്ന കാലത്തെ പിന്തുണാ സംവിധാനത്തെയാകെ നീക്കം ചെയ്യുന്നതിലൂടെയുമാണ്. അതിനാൽ ഇത്തരമൊരു ചൂഷണം കർഷകജനതയുടെ കൂട്ടത്തിൽനിന്നും വലിയ തോതിലുള്ള കുടിയേറ്റത്തിലേക്കാണ് നയിക്കുക; അതുകൊണ്ടുതന്നെ ഇത് ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള മൊത്തം തൊഴിലാളികൾക്കുമേലുള്ള ചൂഷണവുമാണ്.

മറ്റു വാക്കുകളിൽ പറഞ്ഞാൽ, കർഷകജനസാമാന്യത്തിനുനേരെയുള്ള കടന്നാക്രമണം കേവലം അവരുൽപാദിപ്പിക്കുന്ന വിളകൾക്ക‍ു താഴ്ന്ന വില നൽകുന്നതിൽ മാത്രമായി ഒതുങ്ങുന്നില്ല (കർഷകർക്ക് താഴ്ന്ന വില ലഭിക്കുമ്പോഴും ഈ താഴ്ന്ന വില തൊഴിലാളികളിലേക്കെത്തുന്നില്ല; മറിച്ച് ഗണ്യമായൊരു പരിധിവരെ, പരമ്പരാഗതമായുണ്ടായിരുന്ന ചെറുകിട ഇടനിലക്കാരെ മാറ്റി പകരംവന്ന മുതലാളിമാരും അഗ്രിബിസിനസ്സുകാരും അതിന്റെ നേട്ടം കെെവശപ്പെടുത്തുകയാണ്); കർഷകർക്ക് നൽകിവന്നിരുന്ന പിന്തുണ കുറയ്ക്കുന്നതിലൂടെയും ഈ കടന്നുകയറ്റം നടത്തുകയാണ്; ഇത് അപര്യാപ്തമായിട്ടുള്ള പുറംപണി അനേ–്വഷിക്കുവാൻ കർഷകരെ നിർബന്ധിതരാക്കുകയും, അതുവഴി തൊഴിലാളികളുടെ താൽപര്യങ്ങൾക്കും ഇത് മുറിവേൽപ്പിക്കുകയും ചെയ്യുന്നു.

നവലിബറലിസത്തിനെതിരെ
വെല്ലുവിളി
അതിനാൽ നവലിബറലിസത്തെ മറികടക്കുന്നതിന് തൊഴിലാളി – കർഷക സഖ്യത്തിനുള്ള വിശാലമായൊരു സാധ്യത ഇവിടെ വികസിച്ചുവരുന്നു; നവലിബറൽ മുതലാളിത്തത്തെ കീഴടക്കിയ തൊഴിലാളികൾക്കും കർഷകർക്കും വെറുതെ മാറിനിന്നുകൊണ്ട് സമ്പദ്ഘടനയെ വീണ്ടും കുത്തകകൾക്കും ആഗോള ധനമൂലധനത്തിനും വിട്ടുകൊടുക്കാനാവാത്തതിനാൽ, അവർ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനുള്ള ഘട്ടങ്ങളിലേക്ക് നീങ്ങും.

ഒരു കണിക പോലും പ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ലാത്ത, ഫ്യൂഡൽ ഭൂകേന്ദ്രീകരണത്തിനും ഫ്യൂഡൽ സ്ഥാപനങ്ങൾക്കുമെതിരായ തൊഴിലാളി – കർഷക സഖ്യമെന്ന അജൻഡയ്ക്കു പുറമെ, നവലിബറലിസത്തോട് പൊരുതുകയെന്ന അധിക കടമകൂടി ഇപ്പോൾ മുന്നിലുണ്ട്. ലെനിൻ രേഖപ്പെടുത്തിയ കടമ ഒരു കാരണവശാലും പിന്തള്ളപ്പെട്ടിട്ടില്ല; മറിച്ച് നവലിബറലിസത്തോട് പൊരുതുകയെന്ന കടമ ഇന്ന് അതിനോടൊപ്പം കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്.

ഇതിന് രണ്ടു മാനങ്ങളുണ്ട് : ഒന്ന്, തൊഴിലാളി – കർഷക സഖ്യത്തിനുള്ള അടിത്തറ കൂടുതൽ ശക്തമാകുകയും, മറ്റു വർഗങ്ങളെയുംകൂടി ദ്രോഹിക്കുന്ന നവലിബറലിസത്തിനെതിരായ പോരാട്ടത്തിലേർപ്പെടുന്നു എന്നുള്ളതുകൊണ്ടുതന്നെ ഈ സഖ്യത്തിന് മറ്റു വർഗങ്ങളുടെ പിന്തുണ കൂടുതൽ വിശാലമാകുകയും ചെയ്യുന്നു. രണ്ട്, തൊഴിലാളി – കർഷക സഖ്യം സാമ്രാജ്യത്വവുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് എത്തിച്ചേരുന്നു. ജനാധിപത്യ വിപ്ലവം മുന്നോട്ടുകൊണ്ടുപോകുന്നതിന് നമ്മുടേതുപോലുള്ള രാജ്യങ്ങളിൽ രൂപംകൊണ്ട തൊഴിലാളി – കർഷക സഖ്യത്തോട് സാമ്രാജ്യത്വം മുൻപ് സഹിഷ്ണുത പുലർത്തിയിരുന്നു എന്നല്ല, മറിച്ച് നേരത്തെയുണ്ടായിരുന്ന ശത്രുത തന്ത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളാലായിരുന്നു: തൊഴിലാളിവർഗം നയിക്കുന്ന ഇത്തരമൊരു സഖ്യം മുതലാളിത്തത്തെ കീഴ്പ്പെടുത്തുകയും സോഷ്യലിസത്തിലേക്ക് നയിക്കുകയും ചെയ്യുമോയെന്ന് സാമ്രാജ്യത്വം ഭയപ്പെട്ടിരുന്നു. എന്നാലിപ്പോൾ, തൊഴിലാളി – കർഷക സഖ്യം നവലിബറലിസത്തിന് നേരിട്ടും ആയതിനാൽതന്നെ നവലിബറലിസത്തിലൂടെ പ്രവർത്തിക്കുന്ന സാമ്രാജ്യത്വത്തിനും വെല്ലുവിളിയാകുന്നു. അഗ്രിബിസിനസിന്റെയും ബഹുരാഷ്ട്ര കോർപറേഷനുകളുടെയും ആഗോളവൽകൃത ധനമൂലധനത്തിന്റെയും ‘‘ഭക്ഷ്യ സാമ്രാജ്യത്വ’’ത്തിന്റെയും (അതായത് ഭക്ഷണത്തിന്റെ കാര്യത്തിൽ സാമ്രാജ്യത്വത്തിന്റെ ആശ്രിതരാക്കി രാജ്യങ്ങളെ മാറ്റുകയും അതിനുശേഷം അവയ്ക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതിന് ആ യാഥാർത്ഥ്യത്തെ ഉപയോഗിക്കുകയും ചെയ്യുക) സാമ്പത്തിക താൽപര്യങ്ങൾക്കെല്ലാം അത് ഭീഷണിയാകുന്നു.

നവലിബറലിസംതന്നെ ഇപ്പോൾ പ്രതിസന്ധിയിലേക്കു കടന്നിരിക്കുന്നു; അതുകൊണ്ടാണത് നവഫാസിസവുമായി സഖ്യത്തിലേർപ്പെട്ടത്. ഇന്ത്യൻ സമൂഹത്തിനും ഭരണസംവിധാനത്തിനുംമേൽ അധീശത്വം കെെവരിച്ച കോർപ്പറേറ്റ് – ഹിന്ദുത്വ സഖ്യം ഇതാണ് കാണിക്കുന്നത്. ഇതിനെ ചെറുക്കുന്നതിന്, ഫാസിസത്തിനും സാമ്പത്തിക പ്രതിസന്ധി അഴിച്ചുവിടുന്ന വൻതോതിലുള്ള ദാരിദ്ര്യത്തിനും സാമ്രാജ്യത്വത്തിനുമെതിരായി രാജ്യത്തെ പ്രതിരോധിക്കുന്നതിന്, തൊഴിലാളി – കർഷക സഖ്യം കെട്ടിപ്പടുക്കേണ്ടത് തീർച്ചയായും അനിവാര്യമാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − thirteen =

Most Popular