തൊഴിലാളി കർഷക ഐ ക്യമെന്ന മൂർത്തമായ മുദ്രാവാക്യം കാശ്മീരും കേരളവും ഗുജറാത്തും മണിപ്പൂരുമടക്കം എല്ലാ സംസ്ഥാനങ്ങളിലെയും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളിലെത്തിക്കുന്നതിൽ 2023 ഏപ്രിൽ 5 ന് ഡൽഹിയിൽ നടന്ന തൊഴിലാളി – കർഷക സംഘർഷ് റാലി വൻ വിജയമായി. ഇന്ത്യയിലെ ഈ ജനമുന്നേറ്റം കോർപ്പറേറ്റുവിരുദ്ധ സമരങ്ങളിൽ ലോകരാജ്യങ്ങളിലാകെ അണിനിരക്കുന്ന ജനകോടികൾക്കും ആവേശം പകർന്നു.
കോർപ്പറേറ്റ് – വർഗീയ കൂട്ടുകെട്ടിനെ ചെറുത്തുതോൽപ്പിക്കാൻ തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് റാലി ആഹ്വാനം ചെയ്തു. രാംലീല മൈതാനത്ത് അണിനിരന്ന ജനലക്ഷങ്ങൾ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും തൊഴിലാളി – കർഷക ഐക്യം വളർത്തിയെടുക്കുമെന്ന് പ്രതിജ്ഞയെടുത്തു. അതിനായി ഗ്രാമ – നഗര തലംവരെ ഏകോപന സംവിധാനമുണ്ടാക്കും.
ഈ വർഗഐക്യത്തിന്റെ അടിത്തറയിൽ രൂപപ്പെടുന്ന കോർപ്പറേറ്റുവിരുദ്ധ ബഹുജന മുന്നണിക്കാണ് ബദൽ നയങ്ങൾ നടപ്പിലാക്കി ഒരു ആധുനിക ജനാധിപത്യ – മതനിരപേക്ഷ – വ്യവസായവൽകൃത സമൂഹത്തിലേക്ക് മുന്നേറാൻ രാജ്യത്തെ ജനങ്ങളെ പ്രാപ്തരാക്കാനാവുക.
2008 ലെ അമേരിക്കൻ ഓഹരി വിപണി തകർച്ചയെ തുടർന്ന് മുതലാളിത്ത രാജ്യങ്ങൾ അകപ്പെട്ട വ്യവസ്ഥാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലോകത്താകെയും ഇന്ത്യയിലും സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾ ഉയർന്നുവരുന്നത് ആവേശകരമാണ്.
ഇന്ത്യൻ ഭരണവർഗങ്ങളുടെ ലജ്ജാകരമായ സാമ്രാജ്യത്വ വിധേയത്വത്തെ വെല്ലുവിളിക്കുക, നവ ഉദാരവൽക്കരണ ലോകക്രമത്തിൽനിന്നും പുറത്തുവന്ന് ബദൽ സ്വാശ്രയ സാമ്പത്തിക വികസന നയങ്ങൾ സ്വീകരിക്കുക, ഭരണഘടനയുടെ ജനാധിപത്യ- മതനിരപേക്ഷ- ഫെഡറൽ (ബഹുദേശീയതകളുടെ സംയുക്ത ഭരണസംവിധാനം) സ്വഭാവം സംരക്ഷിക്കുക, അതിരൂക്ഷമായ കാർഷിക പ്രശ്നം പരിഹരിക്കുക എന്നീ ലക്ഷ്യങ്ങൾ നേടാനുള്ള ജനകീയ പോരാട്ടങ്ങളുടെ മുന്നുപാധിയാണ് തൊഴിലാളി -കർഷക ഐക്യം.
കൃഷിഭൂമി കർഷകന്, ചൂഷണം അവസാനിപ്പിച്ച് തൊഴിലും മിനിമം വേതനവും ലഭ്യമാക്കുക എന്നീ മൂർത്തമായ മുദ്രാവാക്യങ്ങളുയർത്തി കർഷകരും തൊഴിലാളികളും വർഗസമരങ്ങളിൽ അണിനിരന്നതാണ് ബ്രിട്ടീഷ് കോളണി ഭരണത്തിൽനിന്നും ഇന്ത്യ സ്വതന്ത്രമാകുന്നതിലേക്ക് നയിച്ച മുഖ്യഘടകം. കയ്യൂർ, തെലങ്കാന, തേഭാഗ, വർളി, പുന്നപ്ര – വയലാർ എന്നിവയടക്കം രാജ്യത്താകെ നടന്ന എണ്ണമറ്റ കർഷക പ്രക്ഷോഭങ്ങളും നിരന്തരമായ തൊഴിലാളി പണിമുടക്ക് പ്രക്ഷോഭങ്ങളുമാണ് സ്വാതന്ത്ര്യ സമരമായി വികസിച്ചത്. വിദ്യാർഥികൾ, വനിതകൾ, യുവജനങ്ങൾ, ദളിതർ, ആദിവാസികൾ, ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവരുൾപ്പെടെ ബഹുജനങ്ങളെയാകെ രാഷ്ട്രീയമായി ഉത്തേജിപ്പിക്കാനും ഒപ്പം അണിനിരത്താനും ഈ പോരാട്ടങ്ങൾക്ക് സാധിച്ചു.
ബ്രിട്ടീഷ് കോളനിവാഴ്ചയിലും സംഘടിക്കാനും പണിമുടക്കാനുമുള്ള അവകാശം മുതലാളിവർഗത്തിൽനിന്നും പിടിച്ചുവാങ്ങിയവരാണ് ഇന്ത്യൻ തൊഴിലാളിവർഗം. നവ ഉദാരവൽക്കരണ നയങ്ങളെ 1991 മുതൽ ശക്തമായി പ്രതിരോധിച്ചത് ട്രേഡ് യൂണിയനുകളും ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമാണ്. കോർപ്പറേറ്റ് ശക്തികൾ ആഗ്രഹിച്ച തരത്തിൽ സ്വകാര്യവൽക്കരണം അടിച്ചേൽപ്പിക്കാൻ തടസ്സമായത് കഴിഞ്ഞ മൂന്നു ദശകത്തിനകത്ത് നടന്ന 22 അഖിലേന്ത്യാ പണിമുടക്കുകളും, നിരന്തരമായ വർഗസമരങ്ങളുമാണ്.
കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയും ബഹുജന സംഘടനകളുടെ ദേശീയ വേദിയും (എൻപിഎംഒ) സംഘടിപ്പിച്ച പ്രക്ഷോഭങ്ങൾ 1990 കളിലെ രാഷ്ട്രീയ ധ്രുവീകരണത്തിൽ നിർണ്ണായകമായി. 1991ൽ ഉദാരവൽക്കരണ നയങ്ങൾക്കു തുടക്കമിട്ട നരസിംഹറാവു സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയില്ല. നവ ഉദാരവൽക്കരണ നയങ്ങൾ തീവ്രമായി നടപ്പാക്കിയ 1999–-2004 ലെ വാജ്പേയി സർക്കാരും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
ആ കാലഘട്ടത്തിൽ വിദർഭയിലും വയനാട്ടിലും രാജ്യത്താകെയും പ്രത്യക്ഷമായ കർഷക ആത്മഹത്യകൾക്കും രൂക്ഷമായ കാർഷിക പ്രതിസന്ധിക്കുമെതിരെ ഉയർന്ന കർഷകരുടെ പ്രാദേശിക ചെറുത്തുനിൽപ്പുകളും നിരന്തരമായ തൊഴിലാളി സമരങ്ങളുമാണ് കാർഷിക പ്രതിസന്ധി ദേശീയ രാഷ്ട്രീയത്തിലെ മുഖ്യവിഷയമായി ഉയർത്തിയത്.
കാർഷിക പ്രതിസന്ധിക്കെതിരായ നിരന്തര സമരങ്ങളുടെ പശ്ചാത്തലത്തിലാണ് ഒന്നും രണ്ടും യുപിഎ സർക്കാരുകൾ അധികാരത്തിലെത്തിയത്. കർഷകജനസമാന്യത്തിന് ആശ്വാസം നൽകുന്ന ചില സവിശേഷ നടപടികൾ ഒന്നാം യുപിഎ സർക്കാർ സ്വീകരിച്ചതു മേൽ പറഞ്ഞ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ്. എന്നാൽ ഒന്നും രണ്ടും യുപിഎ സർക്കാരുകൾ എംഎസ്പി@സി2+50% ഫോർമുല നടപ്പാക്കിയില്ല. എന്നു മാത്രമല്ല കൂടുതൽ നവ-ഉദാരവൽക്കരണ പരിഷ്കാരങ്ങളിലേക്കും അഭൂതപൂർവമായ കോർപ്പറേറ്റ് അഴിമതിയിലേക്കും തിരിഞ്ഞ് തൊഴിലാളികളുടെയും കർഷകരുടെയും രോഷത്തിന് ഇരയായ രണ്ടാം യുപിഎ സർക്കാർ അധികാരത്തിൽ മടങ്ങിവന്നില്ല.
സി2+50% പ്രകാരം എംഎസ്പി, പ്രതിവർഷം 2 കോടി തൊഴിൽ, കർഷകരുടെ കടങ്ങൾ റദ്ദാക്കൽ എന്നീ ഇടതുപക്ഷ ബദൽ മുദ്രാവാക്യങ്ങൾ മുന്നോട്ടുവെച്ചാണ് ബിജെപി 2014 ൽ അധികാരത്തിൽ വന്നത്. അവ നടപ്പാക്കിയില്ലെന്ന് മാത്രമല്ല; കഴിഞ്ഞ 9 വർഷമായി നരേന്ദ്ര മോദി സർക്കാർ സാമ്രാജ്യത്വ -കോർപ്പറേറ്റ് ശക്തികൾക്കു മുന്നിൽ നഗ്നമായി മുട്ടിലിഴയുകയുമാണ്. 3 കാർഷിക നിയമങ്ങളും നാലു ലേബർ കോഡുകളും അടിച്ചേൽപ്പിച്ചത് അക്കാര്യം വ്യക്തമാക്കുന്നു.
കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയാണ് തൊഴിലാളി സമരങ്ങളുടെ നേതൃത്വ പദവിയിലുള്ളത്. കാർഷിക മേഖലയിൽ ഭൂമി അധികാർ ആന്ദോളൻ, അഖിലേന്ത്യാ കർഷക സമന്വയ സമിതി, പിന്നീട് സംയുക്ത കിസാൻ മോർച്ച എന്നിവ വികസിച്ചുവന്നത് മോദി സർക്കാരിന്റെ കാലത്താണ്. 3 കർഷക നിയമങ്ങൾ പിൻവലിപ്പിച്ച ഐതിഹാസിക കർഷക പ്രക്ഷോഭത്തിലൂടെ സംയുക്ത കിസാൻ മോർച്ച കർഷകരുടെ രാജ്യവ്യാപക പൊതുവേദിയായി ഉയർന്നു.
ആദ്യ ഘട്ടത്തിൽ നവ -ഉദാരവൽക്കരണ പരിഷ്കാരങ്ങളിൽ വ്യാമോഹം ഉണ്ടായിരുന്ന ധനിക കർഷക ജനവിഭാഗങ്ങളും അടുത്തകാലത്തായി സംയുക്ത കർഷക പ്രക്ഷോഭങ്ങളിൽ അണിനിരക്കുന്നത് രാഷ്ട്രീയമായി പ്രാധാന്യമുള്ളതാണ്. അനുദിനം ശക്തിപ്പെടുന്ന നിയോലിബറൽ കടന്നാക്രമണം വർഗപരമായ വൈജാത്യങ്ങളെ മറികടന്ന് ഐക്യപ്പെടാനും തൊഴിലാളികളുമായി ഐക്യം വളർത്തിയെടുക്കാനും സമ്പന്ന കർഷക വർഗങ്ങളെ പോലും നിർബന്ധിതമാക്കുകയാണ്.
തൊഴിലാളി -കർഷക ഐക്യം രാജ്യത്താകെ ഒരു ഭൗതിക ശക്തിയായി ഉയർന്നതാണ് കഴിഞ്ഞ പത്തു വർഷത്തെ അനുഭവം. അതിൽ സിഐടിയു, കിസാൻ സഭ, കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ നടന്ന സ്വതന്ത്രവും സംയുക്തവുമായ പ്രക്ഷോഭങ്ങൾ വഹിച്ച പങ്ക് പ്രധാനമാണ്. നിലവിലുള്ള അഖിലേന്ത്യാ ഏകോപന സംവിധാനം ഈ ഘട്ടത്തിൽ രൂപപ്പെട്ടതാണ്. കിസാൻ സഭ നേതൃത്വം നൽകിയ 2018 മാർച്ചിലെ മഹാരാഷ്ട്ര കിസാൻ ലോങ് മാർച്ച്, 2018 സെപ്തംബറിൽ രാജസ്താനിലെ സീക്കർ മഹാപഠാവ് പ്രക്ഷോഭങ്ങൾ എന്നിവ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാരുകൾ നിർബന്ധിതമായി.
സിഐടിയു, കിസാൻ സഭ, കർഷക തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ചരിത്രത്തിൽ ആദ്യമായി ഡൽഹിയിൽ ഒന്നാം തൊഴിലാളി -കർഷക സംഘർഷ് റാലി സംഘടിപ്പിച്ചത് 2018 സെപ്തംബർ 5 നാണ്. സാമ്രാജ്യത്വ – കോർപ്പറേറ്റ് ചൂഷണത്തിന് വിധേയരാവുന്ന എല്ലാ ജനവിഭാഗങ്ങൾക്കും കരുത്തുപകരാൻ റാലിക്ക് സാധിച്ചു.
പിന്നീട്, മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ ഉയർന്നുവന്ന ഐതിഹാസികമായ കർഷക പ്രക്ഷോഭത്തിനു പ്രേരണയായത് മേൽ വിവരിച്ച സമരങ്ങളാണ്. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയും സംയുക്ത കിസാൻ മോർച്ചയും കൂടിയാലോചിച്ചാണ് 2020 നവംബർ 26ന് അഖിലേന്ത്യാ പണിമുടക്കും 27 ന് പാർലമെന്റ് മാർച്ചും പ്രഖ്യാപിച്ചത്. ഭാവിയിലും ഈ ദേശീയ സമരവേദികൾ നിർണായകമായ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.
വിഷയാധിഷ്ഠിത ഐക്യത്തിലൂടെ വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള സംഘടനകളെയും വ്യക്തികളെയും ഒരുമിപ്പിക്കുക, പ്രാദേശിക പ്രശ്നങ്ങൾ ഭരണവർഗ നയങ്ങളുമായി ബന്ധിപ്പിച്ച് വർഗപ്രക്ഷോഭങ്ങളെ ബഹുജന രാഷ്ട്രീയ സമരങ്ങളായി വികസിപ്പിക്കുക എന്നീ നയങ്ങളാണ് മുന്നോട്ടുവെച്ചത്. ഡൽഹി കേന്ദ്രീകരിച്ച ഐതിഹാസിക കർഷക സമരത്തിൽ പഞ്ചാബ് വഹിച്ച പങ്ക് രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. ഹരിത വിപ്ലവത്തിലൂടെ ഉല്പാദിപ്പിച്ച നെല്ലും ഗോതമ്പും കർഷകരിൽ നിന്നും സംഭരിക്കുന്ന അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റികൾ മൂന്നു കാർഷിക നിയമങ്ങൾ നടപ്പാകുന്നതോടെ ഇല്ലാതാവുകയും തങ്ങൾ വിപണിചൂഷണത്തിനു ഇരകളാകുകയും ചെയ്യുമെന്ന ബോധ്യമാണ് പ്രാഥമികമായി ഈ പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രമായി പഞ്ചാബിനെ മാറ്റിയത്.
മൂന്നു കാർഷിക നിയമങ്ങൾ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തെ കോർപ്പറേറ്റുവിരുദ്ധ പ്രക്ഷോഭമായി ഉയർത്തി രാജ്യത്താകെയുള്ള എല്ലാ കോർപ്പറേറ്റുവിരുദ്ധ ശക്തികളുടെയും പിന്തുണ നേടാൻ പഞ്ചാബിലെ കർഷക നേതൃത്വത്തിന് സാധിച്ചു. പടിപടിയായി റിലയൻസ് പെട്രോൾ പമ്പുകൾ ഉപരോധിക്കൽ, അദാനി-–റിലയൻസ് സൂപ്പർ മാർക്കറ്റുകൾ ബഹിഷ്കരിക്കൽ, ടോൾ പ്ലാസകൾ തുറന്ന് യാത്ര സൗജന്യമാക്കൽ, ജിയോ സിം കാർഡുകൾ ബഹിഷ്കരിക്കൽ, റെയിൽവേ പാതകൾ ഉപരോധിക്കൽ എന്നിങ്ങനെ വൈവിധ്യപൂർണ്ണമായ സമരരൂപങ്ങൾ ഭാവനാപൂർവം വികസിപ്പിച്ചാണ് കോർപ്പറേറ്റുവിരുദ്ധ രാഷ്ട്രീയ ബോധത്തിലേക്ക് ജനങ്ങളെ ആനയിച്ചതും ഡൽഹിയിൽ ഒരു വർഷത്തിലേറെക്കാലം നീണ്ട -സ്വാതന്ത്ര്യാനന്തര കാലത്തെ ഏറ്റവും ജനപങ്കാളിത്തമുള്ള, ദീർഘമായ -പ്രക്ഷോഭം വിജയകരമായി സംഘടിപ്പിച്ചതും.
കാർഷിക നിയമങ്ങൾ പിൻവലിപ്പിക്കാൻ സാധിച്ചു. എന്നാൽ എല്ലാ വിളകൾക്കും എംഎസ്–പി@സി2 +50%, ലേബർ കോഡുകൾ പിൻവലിക്കൽ, തൊഴിലുറപ്പ് പദ്ധതി വഴി വർഷം 200 ദിന തൊഴിലും 600 രൂപ ദിവസ വേതനവും, കർഷകരുടെ കടങ്ങൾ റദ്ദാക്കൽ, പൊതുമേഖലയുടെ സംരക്ഷണം, ഭക്ഷ്യ സുരക്ഷ, 10,000 രൂപ പ്രതിമാസ പെൻഷൻ, വിലക്കയറ്റം തടയൽ, വിദ്യാഭ്യാസ – ആരോഗ്യ സേവനം എന്നിവ ഉൾപ്പെടെ എല്ലാ നീറുന്ന അടിസ്ഥാന ആവശ്യങ്ങളും നേടിയെടുക്കാനുള്ള പ്രക്ഷോഭങ്ങൾ തുടരണം.
ഡൽഹി കേന്ദ്രീകരിച്ച പ്രക്ഷോഭം എന്ന സമരരൂപം യാന്ത്രികമായി ആവർത്തിക്കാനാവില്ല. രാജ്യത്താകെ, സംസ്ഥാന, പ്രാദേശിക തലത്തിൽ കൂടുതൽ ജനപങ്കാളിത്തവും, ആവേശവും, തീവ്രതയും പ്രതിഫലിക്കുന്ന പ്രക്ഷോഭങ്ങൾ രൂപപ്പെടുത്തണം. അതിനായി ജീവിതോപാധികളെ ബാധിക്കുന്ന പ്രാദേശിക വിഷയങ്ങൾ കണ്ടെത്തി മൂർത്തമായ ആവശ്യങ്ങൾ ഉന്നയിക്കാനാവണം. ആകർഷകമായ സമരരൂപങ്ങൾ വികസിപ്പിക്കണം.
കേരളത്തിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള കാർഷിക വിഷയമാണ് ആസിയാൻ സ്വതന്ത്ര വ്യാപാര കരാറിനെ തുടർന്ന് റബ്ബർ കർഷകർ നേരിടുന്ന പാപ്പരീകരണം. ഇന്ത്യയിലെ 85% റബ്ബറും കേരളമാണ് ഉല്പാദിപ്പിക്കുന്നത്. യൂണിയൻ സർക്കാർ നയങ്ങളുമായി ബന്ധപ്പെടുത്തി മൂർത്തമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരരൂപങ്ങൾ വികസിപ്പിച്ചാൽ ഭാവിയിൽ രാജ്യവ്യാപകമായി വികസിക്കേണ്ട കോർപ്പറേറ്റുവിരുദ്ധ പോരാട്ടത്തിന്റെ പ്രഭവകേന്ദ്രമായി കേരളത്തിന് ഉയർന്നുവരാവുന്നതാണ്.
സമാനമായി കേരളത്തിലെ നാളികേരം, കേരളത്തിലെയും കർണാടകത്തിലെയും കോഫി, പശ്ചിമ ബംഗാളിൽ നെല്ലും ഉരുളക്കിഴങ്ങും, അതാത് സംസ്ഥാനങ്ങളിൽ കരിമ്പ്, പരുത്തി, ഗോതമ്പ്, പാൽ, പച്ചക്കറി എന്നി കേന്ദ്രീകരിച്ച് മൂർത്തമായ ആവശ്യങ്ങൾ മുന്നോട്ടുവെക്കാവുന്നതാണ്.
സമാനമായി, തൊഴിൽ ബന്ധങ്ങളിലും വേതന വ്യവസ്ഥയിലും വരുന്ന മാറ്റങ്ങൾ, മൂല്യ വർദ്ധനവിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ന്യായവിഹിതം തുടങ്ങി വ്യവസായ- – സേവന മേഖലകളിലും വിഷയങ്ങൾ കണ്ടെത്തി മൂർത്തമായ ആവശ്യങ്ങളുടെ പിന്നിൽ തൊഴിലാളി കർഷകതൊഴിലാളി വിഭാഗങ്ങളെ അണിനിരത്തേണ്ടതുണ്ട്.
തൊഴിലാളി- കർഷക ഐക്യമാണ് വിപുലമായ സാമ്രാജ്യത്വ വിരുദ്ധ, കോർപ്പറേറ്റുവിരുദ്ധ ബഹുജന മുന്നണിയിലേക്ക് നയിക്കുക. അതിൽ ഇടതുപക്ഷ ഐക്യത്തിന് വൻപ്രാധാന്യമുണ്ട്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പാക്കുന്ന ബദൽ വികസന നയങ്ങൾ ദേശീയ തലത്തിൽ ഉയർത്തിക്കാണിക്കേണ്ടത് രാജ്യത്താകെ കോർപ്പറേറ്റുവിരുദ്ധ പ്രക്ഷോഭങ്ങൾ വികസിപ്പിക്കാൻ അനിവാര്യമാണ്.
ഓരോ സംസ്ഥാനത്തും രാജ്യവ്യാപകമായും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യം വികസിപ്പിക്കാനും ജനകീയ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കാനും വർഗസമരങ്ങൾ ശക്തിപ്പെടേണ്ടതുണ്ട്.
കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി 2023 ആഗസ്ത് 9 മുതൽ 11 വരെ രാജ്യവ്യാപകമായി പഠാവ് സമരത്തിനൊരുങ്ങുകയാണ്. ഏപ്രിൽ 30 ന് ഡൽഹിയിൽ ചേരുന്ന സംയുക്ത കിസാൻ മോർച്ചയുടെ ദേശീയ കൗൺസിൽ ഭാവി സമരരൂപങ്ങൾ പ്രഖ്യാപിക്കും. രാജ്യമാകെ കോർപ്പറേറ്റുവിരുദ്ധ സമരങ്ങൾ ഉയർന്നുവരികയാണ്. എല്ലാ ദേശീയ, -പ്രാദേശിക പ്രക്ഷോഭങ്ങളിലും ബഹുജനപങ്കാളിത്തം ഉറപ്പുവരുത്താൻ രാഷ്ട്രീയമായ നിശ്ചയദാർഢ്യത്തോടെ ഗ്രാമ–നഗര തലത്തിൽ ഏകോപന സംവിധാനങ്ങൾ നമുക്ക് രൂപപ്പെടുത്താം. ♦