Monday, May 6, 2024

ad

Homeകവര്‍സ്റ്റോറിയൂറോപ്പിൽ സമരങ്ങളുടെ 
വേലിയേറ്റം

യൂറോപ്പിൽ സമരങ്ങളുടെ 
വേലിയേറ്റം

ജി വിജയകുമാർ

ഗ്നമായ സേ-്വച്ഛാധിപത്യം അടിച്ചേൽപ്പിച്ചുകൊണ്ടും ഭീകരമായ ബലപ്രയോഗത്തിലൂടെയുമാണ്, ഒപ്പം പ്രാങ് മുതലാ‍ളിത്ത വ്യവസ്ഥയുടെ അവശിഷ്ടങ്ങളായ സങ്കുചിത ദേശീയതയും വംശീയതയും വർഗീയതയും പ്രയോഗിച്ചുമാണ് മുതലാളിത്തത്തിന്റെ പുതിയ അവതാരമായ നവലിബറലിസത്തിന്റെ അരങ്ങേറ്റവും അതിന്റെ നിലനിൽപ്പും. 1980കളിൽ അമേരിക്കയിൽ റൊണാൾഡ് റീഗൻ എയർട്രാഫിക് കൺട്രോളർമാരുടെ സമരത്തെ അടിച്ചമർത്തിക്കൊണ്ടാണ് അവിടെ നവലിബറലിസത്തിന്റെ അഴിഞ്ഞാട്ടത്തിന് അടിസ്ഥാനശിലയിട്ടത്. മാന്യമായി ജീവിതക്കാനാവശ്യമായ ശമ്പളം ലഭിക്കണമെന്നും അധ്വാനഭാരം ലഘൂകരിക്കുന്നതിനായി കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടാണ് 1981 ആഗസ്ത് രണ്ടിന് എയർ ട്രാഫിക് കൺട്രോളർമാർ സമരം ആരംഭിച്ചത്. പൊതുസേവനങ്ങളിൽ പണിയെടുക്കുന്നവർ പണിമുടക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അതുകൊണ്ട് എയർട്രാഫിക് കൺട്രോളർമാർ മൂന്ന് ദിവസത്തിനകം പണിക്ക് കയറിക്കൊള്ളണമെന്നും തീട്ടൂരമിറക്കുകയായിരുന്നു പ്രസിഡന്റ് റീഗൻ. എന്നാൽ അത് ചെവിക്കൊള്ളാൻ ജീവനക്കാരോ അവരുടെ സംഘടനയോ (പാറ്റ്കോ– പ്രൊഫഷണൽ എയർ ട്രാഫിക് കൺട്രോളേഴ്സ് ഓർഗനെെസേഷൻ) തയ്യാറായില്ല. തുടർന്ന് ആ സംഘടനയെ നിരോധിക്കുകയും പതിനായിരത്തിലേറെ വരുന്ന ജീവനക്കാരെ പിരിച്ചുവിടുയക്കുകയും ചെയ്തായിരുന്നു റീഗൻ വിജയമാഘോഷിച്ചത്. നവലിബറലിസത്തിന്റെ അപരനാമമായി അങ്ങനെയാണ് റീഗനോമിക്സ് അറിയപ്പെടാൻ തുടങ്ങിയത്.

ഇനിയൊരിക്കലും അമേരിക്കയിൽ തൊഴിലാളി തലപൊക്കില്ലെന്നും യൂണിയനുകളിൽ ചേരാൻ ഒരു തൊഴിലാളിയും തയ്യാറാകില്ലെന്നും റീഗണും വെെതാളിക സംഘവും വീമ്പടിച്ചു. ശരിയാണ്, താൽക്കാലികമായ ഒരു തിരിച്ചടി അന്നുണ്ടായി. 1960നും 1981നും ഇടയ്ക്ക് അമേരിക്കയിൽ പ്രതിവർഷം 270 ലധികം പണിമുടക്കുകൾ ഉണ്ടാവുകയും അവയിൽ ഓരോ വർഷവും 13 ലക്ഷം തൊഴിലാളികൾ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ 1981നു ശേഷം 1992 വരെയുള്ള കാലത്ത് പ്രതിവർഷം നടന്നത് 56 പണിമുടക്കുകളായിരുന്നു. അവയിലെ പങ്കാളിത്തമാകട്ടെ, ഓരോ വർഷവും 4 ലക്ഷം തൊഴിലാളികളും. എന്നാലും ഈ കടുത്ത ആക്രമണങ്ങൾ നേരിട്ടുകൊണ്ടും തൊഴിലാളികൾ പണിമുടക്കാൻ തയ്യാറായി മുന്നോട്ടുവരുന്നുണ്ട് എന്നാണ് നാം കാണേണ്ടത്. 2011ൽ നവലിബറലിസത്തിന്റെ കടന്നാക്രമണത്തിനെതിരെ, ഒരു ശതമാനം വരുന്ന അതിസമ്പന്നർക്കെതിരെ 99 ശതമാനത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തിയ വാൾസ്ട്രീറ്റ് പിടിച്ചടക്കൽ പ്രക്ഷോഭം വലിയൊരു മുന്നേറ്റമായി ഉയർന്നുവന്നെങ്കിലും വ്യക്തമായ പരിപാടിയുടെയും നേതൃത്വത്തിന്റെയും അഭാവത്തിൽ അത് മുന്നോട്ടുകൊണ്ടുപോകാനായില്ല. എന്നിരുന്നാലും വിവിധ വിഭാഗം തൊഴിലാളികളുടെയും ജീവനക്കാരുടെയും (പ്രത്യേകിച്ച് അധ്യാപകരും നേഴ്സുമാരും) ഉശിരൻ സമരങ്ങൾ ഇപ്പോൾ വർധിച്ചുവരുന്നതായാണ് കാണുന്നത്.


ന്യായമായ കൂലിക്കായി 
ബ്രിട്ടീഷ് തൊഴിലാളികൾ

റീഗണോമിക്-സിന്റെ ബ്രിട്ടീഷ് പതിപ്പായി അറിയപ്പെടുന്നതാണ് താച്ചറിസം–ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ കാലത്താണ് നവലിബറൽ നയങ്ങൾ ബ്രിട്ടനിൽ കൊടുകുത്തി വാഴ്ച ആരംഭിക്കുന്നത്. ബ്രിട്ടനിലെ ശക്തമായ ട്രേഡ് യൂണിയൻ പ്രവർത്തനവും തൊഴിലാളി സമരങ്ങളും നടന്നിരുന്ന മേഖലകളാണ് കൽക്കരി ഖനികളും റെയിൽവേയും. പൊതുമേഖലയിലുള്ള ഈ രണ്ട് രംഗങ്ങളിലും 1970കളിൽ ഒട്ടേറെ ഉശിരൻ സമരങ്ങൾ നടന്നിരുന്നു. 1984 മാർച്ചിൽ താച്ചർ പ്രധാനമന്ത്രിയായിരുന്നപ്പോൾ കൽക്കരി തൊഴിലാളികൾ നടത്തിയ സമരത്തെ അതിക്രൂരമായി അടിച്ചമർത്തിയാണ് താച്ചറിസം വെന്നിക്കൊടിപാറിച്ചത്. ഖനികൾ തന്നെ അടച്ചുപൂട്ടപ്പെട്ടതിനൊപ്പം ബ്രിട്ടീഷ് റയിൽ പൊതുമേഖലയിൽ നിന്ന് സ്വകാര്യമേഖലയ്ക്ക് കെെമാറിയുമാണ് ബ്രിട്ടനിൽ നവലിബറലിസം താച്ചറിസമെന്ന പേരിൽ തല ഉയർത്തിയത്. പണിമുടക്കിലൂടെ തങ്ങൾക്ക് ഒന്നും നേടാനാവില്ല എന്ന ആശയം തൊഴിലാളികളിൽ വേരുറപ്പിച്ചുകൊണ്ട് നവലിബറൽ കടന്നാക്രമണങ്ങളെ ശിരസു കുനിച്ച് അംഗീകരിക്കുന്ന സ്ഥിതിയുണ്ടാക്കലായിരുന്നു ഇതിന്റെ ലക്ഷ്യം. തൽഫലമായി രണ്ട് പതിറ്റാണ്ടിലേറെക്കാലം ബ്രിട്ടനിൽ ഉശിരൻ തൊഴിലാളി പണിമുടക്കുകൾ ഉണ്ടായില്ലെന്നുതന്നെ പറയാം. കൺസർവേറ്റീവ് പാർട്ടിക്കുപകരം അധികാരത്തിൽവന്ന ലേബർ പാർട്ടിയും ജനവിരുദ്ധമായ നവലിബറൽ നയങ്ങളുടെ വക്താക്കളായി.

എന്നാൽ 2008ലെ സാമ്പത്തികപ്രതിസന്ധിയെതുടർന്ന് ഈ സ്ഥിതിയിൽ മാറ്റം വരാൻ തുടങ്ങി. 2022ൽ തൊഴിലാളിവർഗത്തിന്റെ പോരാട്ടങ്ങൾ ബ്രിട്ടനിൽ അതിന്റെ പാരമ്യത്തിലെത്തി. 2023ലും അവ അതിശക്തമായി തുടരുന്നു. ഗതാഗത മേഖലയിലുള്ളവരാണ്– റോഡ്, റെയിൽ, വേ-്യാമ ഗതാഗതമേഖലകളിലെ തൊഴിലാളികൾ– ബ്രിട്ടനിലെ ഇപ്പോഴത്തെ പണിമുടക്ക് പരമ്പരകൾക്ക് തിരികൊളുത്തിയത്. ഡോക്ടർമാരും നേഴ്സുമാരും ആംബുലൻസ് ജീവനക്കാരും തുടങ്ങി അഭിഭാഷകരും ബാങ്ക് ജീവനക്കാരും ഫയർ സർവീസുകാരും കോളേജ്– സ്-കൂൾ അധ്യാപകരും ജീവനക്കാരും ശുചീകരണത്തൊഴിലാളികളും ഉൾപ്പെടെ സമസ്ത മേഖലകളിലുള്ളവരും ഈ പോരാട്ടത്തിൽ അണിനിരന്നിട്ടുണ്ട്.

കഴിഞ്ഞ 40 വർഷത്തിനിടയിൽ (അതായത് 1984നു ശേഷം) കണ്ടിട്ടില്ലാത്തത്ര രൂക്ഷമായ സമരത്തിനാണ് ബ്രിട്ടൻ ഇന്ന് സാക്ഷ്യം വഹിക്കുന്നത്. വിലക്കയറ്റം സർവകാല റിക്കാർഡും ഭേദിച്ച് 11.1 ശതമാനത്തിലെത്തിയതോടെയാണ് ജീവിതം വഴിമുട്ടിയ തൊഴിലാളികളും ജീവനക്കാരും പണിമുടക്കാൻ നിർബന്ധിതരായത്. ഫ്രാൻസിലും ജർമനിയിലും ഉൾപ്പെടെ യൂറോപ്പിലാകെ പണിമുടക്ക് പടർന്നുപിടിച്ചിട്ടുണ്ടെങ്കിലും അവ തങ്ങൾ നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങൾ, ജീവിത സൗകര്യങ്ങൾ നിലനിർത്താനായാണെങ്കിൽ ബ്രിട്ടനിൽ നടക്കുന്ന പണിമുടക്ക് അവർക്ക് നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് എന്ന വ്യത്യാസമുണ്ട്. കുറേക്കാലം മുൻപുവരെ ബ്രിട്ടനിലുള്ളവർ ചിന്തിച്ചിരുന്നത് –തൊഴിലാളികൾ ഉൾപ്പെടെ–ചിന്തിച്ചിരുന്നത് മറ്റു യൂറോപ്യൻ രാജ്യങ്ങളുലുള്ളവർ, പ്രത്യേകിച്ചും ഫ്രാൻസിൽ, എപ്പോഴും ഇങ്ങനെ പണിമുടക്കുന്നത് ശരിയല്ലെന്നാണ്; അത് ബിസിനസ് സംരംഭങ്ങളെ തകർക്കുമെന്നാണ് അവർ കരുതിയത്. അതുകൊണ്ട് 2008ലെ ധനകാര്യപ്രതിസന്ധിയെ തുടർന്ന് ചെലവുചുരുക്കലിന്റെ പേരിൽ പല അവകാശങ്ങളും കവർന്നെടുക്കപ്പെട്ടപ്പോഴും അവർ അതിനോട് പൊരുത്തപ്പെടുകയായിരുന്നു; മുണ്ടു മുറുക്കിയുടുത്ത് അതെല്ലാം സഹിക്കുകയായിരുന്നു. ഒടുവിൽ ആക്രമണം സർവപരിധിയും കടന്നപ്പോഴാണ് ബ്രിട്ടീഷ് തൊഴിലാളിവർഗം തിരിച്ചടിക്കാനാരംഭിച്ചത്. സ്ഥാപനങ്ങളുടെ മേധാവികൾക്കും എക്-സിക്യൂട്ടീവുകൾക്കും അഞ്ചും ആറും ഇരട്ടി കൂടുതൽ ശമ്പളം ലഭിക്കുമ്പോൾ താഴെ തലങ്ങളിൽ പണിയെടുക്കുന്നവരുടെ പരിതാപകരമായ വേതന ഘടന തുടരുന്നതാണ് തൊഴിലാളികളെ പ്രകോപനംകൊള്ളിക്കുന്നത്.

കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലേറെയായി ബ്രിട്ടീഷ് തൊഴിലാളികളുടെ യഥാർഥ വേതനം സ്തംഭനാവസ്ഥയിലാണ്– അതായത് വിലക്കയറ്റത്തിനനുസരിച്ച് അവരുടെ വേതനത്തിൽ വർധനവുണ്ടാകുന്നില്ല. ഇതിനുമുൻപ് ഇത്രയും നീണ്ടകാലം ഇങ്ങനെ വേതനം മരവിപ്പിക്കപ്പെടുന്നത് ബ്രിട്ടനിൽ 19–ാം നൂറ്റാണ്ടിനുശേഷം ഇതാദ്യമാണ്. 2007 ഡിംസബറിനുശേഷം ബ്രിട്ടീഷ് തൊഴിലാളികളുടെ യഥാർഥ വേതനത്തിൽ നാണയപ്പെരുപ്പംമൂലം 5.1%ത്തിന്റെ ഇടിവുണ്ടായി. തന്മൂലം അവരുടെ ജീവിതനിലവാരത്തിൽ വലിയ തകർച്ച സംഭവിച്ചു. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ചെലവുകൾ പോലും നിറവേറ്റാനാകാത്ത അവസ്ഥയുണ്ടായി. ഒരു നേരത്തെ ആഹാരത്തിനായി തൊഴിൽരഹിതർക്കും അഗതികൾക്കും വേണ്ടിയുള്ള ഭക്ഷണ വിതരണകേന്ദ്രങ്ങളെ ആശ്രയിക്കാൻ പല തൊഴിലാളികളും നിർബന്ധിതരാകുന്നു. ഫ്രാൻസിലെയും ജർമനിയിലെയും തൊഴിലാളികൾ നിരന്തരമുള്ള പോരാട്ടങ്ങളിലൂടെ തങ്ങളുടെ വേതനത്തിൽ ഇടിവുണ്ടാകാതെ പിടിച്ചുനിർത്തുകയായിരുന്നു.

1980കൾക്കുശേഷം, അതായത് താച്ചർ കാലത്തിനുശേഷം, ബ്രിട്ടനിൽ ഇപ്പോൾ ട്രേഡ് യൂണിയനുകളുടെയും തൊഴിലാളി മുന്നേറ്റങ്ങളുടെയും പുതുയുഗം ആരംഭിച്ചതായാണ് കാണുന്നത്. 1979നുശേഷം ട്രേഡ് യൂണിയൻ മെമ്പർഷിപ്പ് തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്നത് ഇപ്പോൾ വീണ്ടും അതിവേഗം വർധിക്കുന്ന പ്രവണതയാണ് ബ്രിട്ടനിൽ കാണുന്നത്. സ്വകാര്യമേഖലയിലും പൊതുമേഖലയിലും ഒരേ പോലെ ട്രേഡ് യൂണിയൻ പ്രവർത്തനം സജീവമായിരിക്കുകയാണ്.

പണിമുടക്കുകളോട് പൊതുവിൽ ബ്രിട്ടീഷുകാർ മുഖം തിരിഞ്ഞു നിന്നിരുന്നതുകൊണ്ട് 1980കളിൽ താച്ചർക്ക് അനായാസം അവയെ അടിച്ചമർത്താൻ കഴിഞ്ഞിരുന്നു. അക്കാലത്ത് വിവിധ മേഖലകളിൽ പണിയെടുത്തിരുന്നവർക്കിടയിൽപോലും ഐക്യദാർ-ഢ്യവും ഏകോപനവും അസാധ്യമാകത്തക്കവിധത്തിൽ സ്പർധ വളർത്തിയെടുക്കാൻ മുതലാളിത്ത പ്രചാരകർക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ ആ അവസ്ഥയാകെ മാറിയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ 2023 ജനുവരിയിൽ സ്–കെെ ന്യൂസ് നടത്തിയ അഭിപ്രായ സർവെയിൽ കണ്ടത് 63 ശതമാനത്തിലേറെ ബ്രിട്ടീഷുകാരും ആരോഗ്യമേഖലയിലെ, പ്രത്യേകിച്ചും ഡോക്ടർമാരുടെയും നേഴ്സുമാരുടെയും പണിമുടക്കിനെ അനുകൂലിക്കുന്നതായാണ്; 49 ശതമാനം പേരും എല്ലാ പൊതുമേഖലയിലെയും തൊഴിലാളി പണിമുടക്കുകകളെ പിന്തുണയ്ക്കുകയാണ്.

പോരാട്ടത്തിനുറച്ച്
2022 ജൂണിലാണ് ബ്രിട്ടനിൽ വിവിധ വിഭാഗം തൊഴിലാളികൾ പണിമുടക്ക് തുടങ്ങിയത്. 2023 ഏപ്രിൽ മാസമായപ്പോഴും, അവർ ഉന്നയിച്ച ആവശ്യങ്ങൾ അനുവദിക്കാത്തതുമൂലം ഇപ്പോഴും പണിമുടക്ക് തുടരുകയാണ്. അപൂർവം ചില മേഖലകളിൽ മാത്രമാണ് സമവായത്തിലൂടെ ഒത്തുതീർപ്പിലെത്തിയത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമെന്ന നിലയിൽ ഈ പണിമുടക്കുകൾ തുടരുകയാണ്; ചില ദിവസങ്ങളിൽ എല്ലാ മേഖലകളിലുള്ളവരും ഒരുമിച്ച് പണിമുടക്കുന്ന അവസ്ഥയുണ്ടാകുമ്പോഴാണ് സർവവും നിശ്ചലമാകുന്നത്. ഈ പണിമുടക്കുകളെയെല്ലാം ലേബർ പാർട്ടിയിലെ ഇടതുപക്ഷ വിഭാഗവും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റ് ഗ്രൂപ്പുകളും സജീവമായി പിന്തുണയ്ക്കുന്നുമുണ്ട്.

തൊഴിലാളികൾക്ക് കൂലി കൂട്ടിക്കൊടുത്താൽ വിലവർധനവിനിടയാക്കുമെന്ന വാദമാണ് ‍ഋഷി സുനകിന്റെ കൺസർവേറ്റീവ് ഗവൺമെന്റ് മുന്നോട്ടുവയ്ക്കുന്ന വാദം. എന്നാൽ വർഷങ്ങളോളം ബ്രിട്ടനിൽ തൊഴിലാളികളുടെ വേതനം വർധിപ്പിക്കാതിരുന്നിട്ടും നിത്യോപയോഗസാധനങ്ങളുടെ വില വർധിച്ചുകൊണ്ടിരിക്കുന്നതായി കാണുന്ന ജനങ്ങൾക്കുമുന്നിൽ ഭരണവർഗത്തിന്റെ ഈ വിതണ്ഡവാദം വിലപ്പോകുന്നില്ല. അതാണ് തൊഴിലാളികളുടെയും ജീവനക്കാരുടെയും പണിമുടക്കിന് ജനപിന്തുണ വർധിച്ചുവരുന്നതിനു കാരണം.

2022 ഡിസംബറിൽ മാത്രം ബ്രിട്ടനിൽ ഏകദേശം പത്ത് ലക്ഷം തൊഴിൽദിനങ്ങളാണ് നഷ്ടപ്പെട്ടത്. 1989നു ശേഷം ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്ഥിരം ജീവനക്കാർ പണിമുടക്കുന്നതുമൂലം ഉൽപ്പാദനത്തിലും സേവനങ്ങളിലും സ്തംഭനമുണ്ടാകുന്നത് ഒഴിവാക്കാൻ കമ്പനികൾക്ക് ഗവൺമെന്റ് വിവിധ ഏജൻസികൾക്ക് ജോലികൾ കരാർ നൽകാൻ ഉത്തരവിട്ടെങ്കിലും അതിനെതിരെ നിയമനടപടികൾക്കാണ് ട്രേഡ് യൂണിയനുകൾ ശ്രമിക്കുന്നത്. ബ്രിട്ടനിൽ വിവിധ മേഖലകളിൽ പണിമുടക്ക് തുടരുകയാണ്.

ഫ്രാൻസിൽ 
പെൻഷൻ ആനുകൂല്യങ്ങൾ 
കവർന്നെടുക്കുന്നതിനെതിരെ
ഫ്രാൻസിൽ നവലിബറലിസത്തിന്റെ സമ്പൂർണാധിപത്യത്തെ തൊഴിലാളിവർഗത്തിനു ചെറിയൊരു പരിധിവരെയെങ്കിലും ചെറുത്തുനിൽക്കാൻ കഴിഞ്ഞത് നിരന്തരം നടത്തിയ പോരാട്ടങ്ങളിലൂടെയാണ്. സമ്പൂർണമായും നവലിബറലിസം അടിച്ചേൽപ്പിക്കുമെന്ന വാശിയിലാണ് ബാങ്ക് മേധാവിയായിരുന്ന പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. അതിനായി ജനാധിപത്യത്തെതന്നെ അട്ടിമറിക്കുകയാണ് മാക്രോൺ. പെൻഷൻ പ്രായം 62ൽനിന്ന് 64 ആയി ഉയർത്താനുള്ള ബില്ല് പാർലമെന്റിൽ പാസാകില്ലെന്ന് കണ്ട മാക്രോണും പ്രധാനമന്ത്രി എലിസബത്ത് ബോണും മാർച്ച് 16ന് ഫ്രഞ്ച് ഭരണഘടനയുടെ 49 (3) വകുപ്പുപ്രകാരം വോട്ടെടുപ്പ് അനുവദിക്കാതെ പാസാക്കുകയാണുണ്ടായത്. അസാധാരണ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ള ഭരണഘടനാ വ്യവസ്ഥയാണ് തന്റെ നവലിബറൽ അജൻഡ നടപ്പാക്കുന്നതിനായി മാക്രോൺ ഉപയോഗിച്ചത്. പെൻഷൻ പ്രായം വർധിപ്പിക്കുക മാത്രമല്ല, പെൻഷൻ ലഭിക്കുന്നതിനുള്ള സേവന കാലാവധി 43 വർഷമായി ഉയർത്തുകയുമാണ് മാക്രോൺ ഗവൺമെന്റ് ഈ നിയമത്തിലൂടെ. അതിനും പുറമെ ഭിന്നശേഷിക്കാർ, സ്ത്രീകൾ തുടങ്ങി പലവിഭാഗങ്ങൾക്കും നിലവിലുണ്ടായിരുന്ന പെൻഷൻ തുല്യത റദ്ദാക്കുകയുമാണ്. തൊഴിലാളികളുടെയും സാധാരണ ജനങ്ങളുടെയും പൊതുവികാരം മനസ്സിലാക്കിയ, ഇതേവരെ മാക്രോൺ ഗവൺമെന്റിന് പിന്തുണ നൽകിയിരുന്ന വലതുപക്ഷക്കാരായ പല നാഷണൽ അസംബ്ലി അംഗങ്ങളും പെൻഷൻ പരിഷ്കരണത്തിൽ മാക്രോണിനെതിരെ തിരിഞ്ഞു. അതിന്റെ ദൃഷ്ടാന്തമാണ് മാർച്ച് 20ന് നടന്ന അവിശ്വാസപ്രമേയത്തിന്റെ വോട്ടെടുപ്പിൽ കണ്ടത്. കേവലം 9 അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് മാക്രോണിന് തന്റെ ഭരണം നിലനിർത്താനായത്.

മാക്രോണിന്റെ അവകാശവാദം തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുകയാണ് പെൻഷൻ പ്രായം വർധിപ്പിക്കുന്നതിലൂടെ ചെയ്യുന്നത് എന്നാണ്. എന്നാൽ മാക്രോണിനെ വോട്ടുചെയ്ത് ജയിപ്പിച്ച ജനതതന്നെയാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ തെരുവിലിറങ്ങുന്നത്. 2022ൽ മാക്രോൺ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത് അദ്ദേഹത്തിന്റെ എതിരാളി തീവ്രവംശീയവാദിയായ മരീൻ ലെ പെൻ ആയിരുന്നതിനാലാണ്. വലതുപക്ഷത്തുനിന്നുള്ള രണ്ട‍് വിപത്തുകളിൽ ഒന്നിനെ തിരഞ്ഞെടുക്കാൻ നിർബന്ധിതരായ ഫ്രാൻസിലെ ജനത അതിൽ ‘ചെറിയ വിപത്താ’യി കരുതപ്പെട്ട, പരസ്യമായി വംശീയതയുടെ പക്ഷംപിടിക്കാത്ത മാക്രോണിനെ തിരഞ്ഞെടുക്കുകയായിരുന്നു.

ഇപ്പോൾ കമ്യൂണിസ്റ്റുകാരും വിവിധ വിഭാഗം സോഷ്യലിസ്റ്റുകളും ഒരുമിച്ച് നിന്ന് മാക്രോണിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ പൊരുതുകയാണ്. ഈ കൂട്ടായ്മയുടെ കരുത്താണ് മാർച്ച് 20ന് ദേശീയ അസംബ്ലിയിൽ കണ്ടത്. പെൻഷൻ പരിഷ്കരണത്തിനായി ജനഹിത പരിശോധന നടത്തണമെന്നാണ് ഇടതുപക്ഷം ഇപ്പോൾ ആവശ്യപ്പെടുന്നത്. അതിനായി ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ഏപ്രിൽ 6ന്റെ പണിമുടക്കും പ്രതിഷേധപ്രകടനവും വൻ വിജയമായി. മുപ്പത് ലക്ഷത്തോളം ആളുകളാണ് പ്രതിഷേധ പ്രകടനത്തിൽ അണിനിരന്നത്.

എന്നാൽ പെൻഷൻ പരിഷ്കരണ ബില്ല് ഫ്രാൻസിലെ ഭരണഘടന കൗൺസിലിന്റെ പരിഗണനയ്ക്ക് അയച്ച് ആ സ്ഥാപനത്തിൽനിന്നും മാക്രോണിന്റെ ജനാധിപത്യവിരുദ്ധമായ പരിഷ്കാരങ്ങൾക്ക് അംഗീകാരം വാങ്ങുകയാണുണ്ടായത്. ഭരണഘടനാ കൗൺസിലിൽനിന്ന് നീതിയും ജനാധിപത്യമര്യാദയും പ്രതീക്ഷിച്ചവരെയാകെ നിരാശപ്പെടുത്തുന്നതായിരുന്നു അതിൽനിന്നുള്ള തീരുമാനം. മാക്രോണിന്റെ പരിഷ്കാരങ്ങൾക്കും അതിന് അംഗീകാരം നൽകിയ ജനാധിപത്യവിരുദ്ധമായ രീതിക്കും തുല്യം ചാർത്തുകയായിരുന്നു ഭരണഘടനാ കൗൺസിൽ. ഭരണഘടനാ കൗൺസിൽ ജനവിരുദ്ധമായ പെൻഷൻ നിയമത്തിന് തുല്യം ചാർത്തിയതിനെത്തുടർന്ന് ഏപ്രിൽ 21ന് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ 30 ലക്ഷത്തിലേറെ ആളുകൾ അണിനിരന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫ്രാൻസിലെ ജനങ്ങളിൽ നാലിൽ മൂന്നു ഭാഗവും മാക്രോണിന്റെ പരിഷ്കാരങ്ങളെ തള്ളിക്കളയുകയാണ്; പണിമുടക്കുന്ന തൊഴിലാളികൾക്കൊപ്പമാണ് അവർ, ഇത്തരമൊരവസ്ഥ, ഇത്തരമൊരു രാഷ്ട്രീയപ്രതിസന്ധി, ഫ്രാൻസിൽ സംജാതമാകുന്നത് 1968ലെ പ്രസിദ്ധമായ പൊതുപണിമുടക്കിനുശേഷം ഇതാദ്യമായാണ്. പ്രതിലോമകരമായ ഈ നിയമം സർക്കാർ റദ്ദു ചെയ്യുന്നതുവരെ ഇപ്പോഴത്തെ പണിമുടക്ക് തുടരണമെന്നാണ് 65 ശതമാനത്തോളം ഫ്രഞ്ച് ജനത അഭിപ്രായപ്പെടുന്നത്; 40 ശതമാനം ആളുകൾ അഭിപ്രായപ്പെടുന്നത് സമരം ഇനിയും കൂടുതൽ രൂക്ഷമാക്കണമെന്നാണ്. ‘‘ഞങ്ങൾ ഇതേവരെ ജയിച്ചില്ല, പരാജയപ്പെട്ടിട്ടുമില്ല.’’ എന്നാണ് പണിമുടക്കുന്ന തൊഴിലാളികളും അവരെ പിന്തുണയ്ക്കുന്നവരും പറയുന്നത്. 1968ലെ പോലെ ശക്തമായ പൊതുപണിമുടക്കിലേക്ക് ഫ്രാൻസ് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

1995ലാണ് ഫ്രഞ്ച് തൊഴിലാളിവർഗം തങ്ങളുടെ പെൻഷൻ അവകാശം സംരക്ഷിക്കുന്നതിനായി ആദ്യമായി പണിമുടക്കി തെരുവിലിറങ്ങിയത്. അതിനെ തുടർന്നുള്ള മൂന്ന് പതിറ്റാണ്ടിനിടയിൽ നിരന്തരം നടത്തിയ പോരാട്ടങ്ങളിലൂടെ രാഷ്ട്രീയമായ വർഗബോധവും പക്വതയും അവർ ആർജിച്ചു കഴിഞ്ഞുവെന്ന് വ്യക്തമാണ്. മറ്റൊരു വസ്തുത പണിമുടക്കിലും പ്രക്ഷോഭ പരിപാടികളിലും അണിനിരക്കുന്നവരെയെല്ലാം നേരിട്ടു ബാധിക്കുന്ന വിഷയമല്ല പെൻഷൻ പരിഷ്കരണം എന്നതാണ്. ഉദാഹരണത്തിന്, ഫ്രാൻസിലെ കർഷകർ ഈ സമരത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്; വിദ്യാർഥികളുമുണ്ട്; യുവജനങ്ങളുമുണ്ട്. തൊഴിലാളികളിൽ തന്നെ പെൻഷന് അർഹതയില്ലാത്ത വിഭാഗങ്ങളും പണിമുടക്കിലും പ്രതിഷേധ പ്രകടനങ്ങളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. ഇതൊന്നുംതന്നെ കേവലം ഐക്യദാർഢ്യപ്രകടനമല്ല; മറിച്ച് തങ്ങളുടെ ജീവിതത്തെയും ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്ന നവലിബറൽ നയങ്ങൾക്കെതിരായ ചെറുത്തുനിൽപ്പെന്ന നിലയിലാണ‍്, ഉയർന്ന രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സമരത്തിൽ സജീവമായി അവർ അണിനിരക്കുന്നത്.

ഫ്രാൻസിലെ ട്രേഡ് യൂണിയൻ മെമ്പർഷിപ്പ് ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ഉള്ളതിനെക്കാൾ കുറവാണ്. പൊതുമേഖലയിലെ തൊഴിലാളികളിൽ 20 ശതമാനവും സ്വകാര്യമേഖലയിലേതിൽ 10 ശതമാനത്തോളവും മാത്രമാണ് ട്രേഡ് യൂണിയനുകളിൽ ചേർന്നിട്ടുള്ളത് എന്നൊരു റിപ്പോർട്ടുണ്ട്. ഇത് പൂർണമായും ശരിയാകണമെന്നില്ല. എന്നാൽ യൂണിയൻ മെമ്പർഷിപ്പിലുള്ള തൊഴിലാളികൾ മാത്രമല്ല പണിമുടക്കുന്നത്. യൂണിയൻ അംഗങ്ങൾ എന്നാൽ വിവിധ ഔദ്യോഗിക ബോഡികളിൽ തങ്ങളെ പ്രതിനിധാനം ചെയ്യാനുള്ള ആക്ടിവിസ്റ്റുകളാണെന്ന രീതിയിലാണ് സാധാരണ തൊഴിലാളികൾ കാണുന്നത്. അവരുടെ നിർദേശങ്ങൾക്കനുസരിച്ച് സമരങ്ങളിലും ഇതരപ്രക്ഷോഭങ്ങളിലും അണിനിരക്കേണ്ടവരാണ് തങ്ങൾ എന്നാണ് യൂണിയൻ മെമ്പർമാരല്ലാത്ത തൊഴിലാളികൾ കരുതുന്നത്. എന്നാൽ ഇപ്പോഴത്തെ പ്രക്ഷോഭം ഫ്രഞ്ച് തൊഴിലാളികളുടെ അലസമനോഭാവത്തെ പാടെ മാറ്റിമറിക്കുകയാണ്. കൂടുതൽ തൊഴിലാളികൾ, പ്രത്യേകിച്ചും ചെറുപ്പക്കാർ, യൂണിയൻ അംഗങ്ങളായി സ്വമേധയാ ചേരുന്ന പ്രവണതയും വർധിച്ചുവരുന്നു. കമ്യൂണിസ്റ്റുകാർ നയിക്കുന്ന ഉശിരൻ ട്രേഡ് യൂണിയൻ പ്രസ്ഥാനമായ സിജിടി (General Confederation of Labour) ഇപ്പോൾ ചെറുപ്പക്കാരായ തൊഴിലാളികളെ മെമ്പർഷിപ്പിലേക്ക് കൊണ്ടുവരുന്നതിന് കാംപെയ‍്ൻ ആരംഭിച്ചിരിക്കുകയുമാണ്.

മറ്റൊരു പ്രത്യേകത ഈ പണിമുടക്കിൽ എല്ലാ ട്രേഡ് യൂണിയൻ കോൺഫെഡറേഷനുകളും ഒരുമിച്ചുനിന്ന് പൊരുതുന്നുവെന്നതാണ്. 1995ലും 2003ലും 2019ൽ പോലും പെൻഷനു നേരെ ഭരണകൂടത്തിൽനിന്നും ആക്രമണം നേരിട്ടപ്പോൾ സിഎഫ്ഡിറ്റിയെന്ന ട്രേഡ് യൂണിയൻ ഫെഡറേഷനെ പണിമുടക്കിൽനിന്ന് അടർത്തിമാറ്റാൻ കഴിഞ്ഞിരുന്നു. സിഎഫ്ഡിറ്റി വർഗസമരത്തിന്റെ ആശയമല്ല, വർഗസഹകരണത്തിന്റെ ആശയമാണ് ഉയർത്തിപ്പിടിക്കുന്നത്. പെൻഷൻ നിയമം പൊളിച്ചെഴുതാനുള്ള നീക്കം തുടങ്ങിയപ്പോൾ 2023 ജനുവരി 19ന് നടന്ന ആദ്യ പണിമുടക്കുമുതൽ ഇതേവരെ (ഏപ്രിൽ 21ന് നടന്നത് 13–ാമത്തെ പണിമുടക്കാണ്) പണിമുടക്കിൽ ഉറച്ചുനിൽക്കുകയാണ്. ഇത് ഫ്രാൻസിലെ തൊഴിലാളികളുടെ രാഷ്ട്രീയബോധ്യത്തിലുണ്ടായ ഗുണപരമായ മാറ്റത്തിന്റെ പ്രതിഫലനമാണ്. ദേശീയ നേതൃത്വത്തിന്റെ ആഹ്വാനപ്രകാരമല്ലാതെ തന്നെ താഴെ തലങ്ങളിൽ തൊഴിലാളികൾ നടത്തുന്ന യോജിച്ച കാംപെയ്നുകളുടെ കൂടി ഫലമാണിത്. ഈ രാഷ്ട്രീയബോധ്യവും യൂണിയൻവൽക്കരണവും ഈ സമരം വിജയകരമായി പര്യവസാനിച്ചാൽ, അതായത് പെൻഷൻപ്രായത്തിൽ മാറ്റം വരാതിരുന്നാൽ ഇനിയും കൂടുതൽ ശക്തമാകും. അതാണ് ഭരണവർഗത്തെ കൂടുതൽ അങ്കലാപ്പിലാക്കുന്നത്.

ബ്രിട്ടനിലും ഫ്രാൻസിലും മാത്രമല്ല, അയർലണ്ടിലും ജർമനിയിലും സ്പെയിനിലും ഗ്രീസിലും ബൽജിയത്തിലും ഉൾപ്പെടെ യൂറോപ്പിലാകെ 2023ലെ ആദ്യപാദത്തിൽ തന്നെ (2023 ജനുവരി –മാർച്ച്) പണിമുടക്കുകളുടെ പരമ്പര സംഭവിച്ചുകഴിഞ്ഞു. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമെല്ലാം നടക്കുന്ന പണിമുടക്കുകളിൽ ഉയർത്തപ്പെടുന്ന മുഖ്യമുദ്രാവാക്യം ജീവിക്കാൻ ആവശ്യമായ കൂലി ലഭിക്കണമെന്നുള്ളതാണ്. അതുപോലെതന്നെ തൊഴിൽ സമയം വർധിപ്പിക്കാനും ചൂഷണം കൂടുതൽ രൂക്ഷമാക്കാനുമുള്ള നീക്കത്തിനെതിരെയും പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹിക സുരക്ഷാസംവിധാനങ്ങൾക്കു നേരെ ഉയർന്നുവരുന്ന കടന്നാക്രമണങ്ങളെ ചെറുക്കാനും യൂറോപ്പിലാകെ തൊഴിലാളികൾ ഉണർന്നെണീക്കുകയാണ്. ലോകമാകെ ഇതാണവസ്ഥ. നവലിബറലിസത്തിന്റെ കടന്നാക്രമണത്തിനെതിരെ ആഗോളതലത്തിൽ തന്നെ തൊഴിലാളികൾ ശക്തമായ ചെറുത്തുനിൽപ്പുയർത്തുകയാണ്. വീണ്ടുമൊരു മെയ്ദിനം കൂടി പിന്നിടുമ്പോൾ നാം കാണുന്നത് ഇതാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 + 14 =

Most Popular