മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ കെട്ടുറപ്പും സാമൂഹ്യ ജീവിത പുരോഗതിയും പരസ്പരപൂരകങ്ങളും പരസ്പര ആശ്ലേഷിതങ്ങളുമാണെന്നതിന്റെ ഏറ്റവും നല്ല തെളിവാണ് സ്കാൻഡിനേവിയൻ രാജ്യങ്ങൾ. വടക്കൻ യൂറോപ്പിലുള്ള നോർവെ, സ്വീഡൻ, ഡെന്മാർക്ക്, ഫിൻലാൻഡ്, ഐസ്-ലാൻഡ് എന്നീ രാജ്യങ്ങളുടെ സാമൂഹ്യ –സാംസ്കാരിക സാഹചര്യങ്ങൾ ഇക്കാര്യം ആവർത്തിച്ചു തെളിയിക്കുന്നുമുണ്ട്. 2022 ൽ ആർഎസ്എഫിന്റെ (റിപ്പോർട്ടേഴ്സ് സാൻസ് ഫ്രോണ്ടിയേഴ്സ്) 20–ാമത് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം നോർവെയാണ്. ഡെന്മാർക്കും സ്വീഡനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. മറ്റ് രണ്ട് സ്-കാൻഡിനേവിയൻ രാജ്യങ്ങളായ ഫിൻലാൻഡ് അഞ്ചാം സ്ഥാനവും ഐസ-്ലാൻഡ് 15–ാം സ്ഥാനവും നേടിയിട്ടുണ്ട്. 180 രാജ്യങ്ങളുടെ പട്ടികയിൽ നമ്മുടെ രാജ്യം 150–ാം സ്ഥാനത്താണ്. 2021 ലെ 142–ാം സ്ഥാനമാണ് ഇപ്പോൾ 150 ൽ എത്തിനിൽക്കുന്നത് എന്നു കൂടി ഓർക്കണം. പൊതു താൽപ്പര്യം മുൻനിർത്തി സ്വതന്ത്രമായി വിവരങ്ങളും വാർത്തകളും നൽകാൻ കഴിയുന്ന സാഹചര്യം കണക്കിലെടുത്താണ് മാധ്യമ സ്വാതന്ത്ര്യ സൂചിക തയ്യാറാക്കുന്നത്. രാഷ്ട്രീയമോ, സാമ്പത്തികമോ, സാമൂഹ്യമോ, നിയമപരമോ ആയ വിലക്കുകളോ നിയന്ത്രണങ്ങളോ ഇല്ലാതെ മാധ്യമപ്രവർത്തനം സാധ്യമാവുക, മാധ്യമപ്രവർത്തകർക്ക് മാനസികമോ ശാരീരികമോ ആയ ഭീഷണികൾ ഉണ്ടാവാതിരിക്കുക എന്നിവയും മാധ്യമസ്വാതന്ത്ര്യ സൂചിക തയ്യാറാക്കുന്നതിലെ നിർണായക ഘടകങ്ങളാണ്. മാധ്യമപ്രവർത്തകർ, സർവകലാശാലതലത്തിലുള്ള അക്കാദമിക് പണ്ഡിതർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവർക്കിടയിൽ നടത്തുന്ന സർവേയിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്തു തയ്യാറാക്കുന്ന ഏറ്റവും ശാസ്ത്രീയവും ആധികാരികവുമായ രേഖയാണ് മാധ്യമസ്വാതന്ത്ര്യ സൂചിക. മാധ്യമ പ്രവർത്തകർക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളും കൈയേറ്റങ്ങളും കൊലപാതകങ്ങളുമൊക്കെ സർവേയുടെ ചോദ്യാവലിയിൽ സ്ഥാനം പിടിക്കുന്നുണ്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മാധ്യമ സ്വാതന്ത്ര്യസൂചികയിൽ ഇന്ത്യ 150–ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു എന്നത് ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നമ്മുടെ അഹങ്കാരത്തിന്റെ കൊമ്പ് ഒടിക്കാൻ പോന്ന സംഗതിയാണ്. മ്യാന്മറും (140), പാകിസ്താനു (145)മൊക്കെ നമ്മുടേതിനേക്കാൾ കൂടുതൽ മാധ്യമ സ്വാതന്ത്ര്യം അനുഭവിക്കുന്ന രാജ്യങ്ങളാണ് എന്ന വസ്തുത മനസ്സിലാക്കുമ്പോഴാണ് ഇക്കാര്യത്തിൽ നമ്മുടെ പരാധീനതയുടെ ആഴവും പരപ്പും ബോധ്യപ്പെടുക.
ലോക സന്തോഷ സൂചികയുടെ റിപ്പോർട്ടു കൂടി ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കുന്നത് കൗതുകരമായിരിക്കും. 2023ലെ ലോക സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 126 ആണ്. ആകെ 146 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം 126 ആയത് എന്നു കൂടി ഓർക്കണം. നമ്മളേക്കാൾ മെച്ചപ്പെട്ട സന്തോഷ സൂചികയാണ് സംഘർഷങ്ങളുടെയും അസ്വസ്ഥതകളുടെയും നടുവിൽ ജീവിക്കുന്ന ശ്രീലങ്കയ്ക്കും (112), പാകിസ്താനും (108), നേപ്പാളിനും (78) ഉള്ളത് എന്നറിയുമ്പോഴാണ് നമ്മുടെ രാജ്യത്തിന്റെ ദയനീയസ്ഥിതി ബോധ്യപ്പെടുക. ഇക്കാര്യത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി തുടർച്ചയായി ഒന്നാം സ്ഥാനത്തു നിലയുറപ്പിച്ചിട്ടുള്ളത് സ്-കാൻഡിനേവിയൻ രാജ്യമായ ഫിൻലാൻഡ് ആണെന്നതും ശ്രദ്ധേയമാണ്. ഐക്യരാഷ്ട്രസഭയുടെ ‘സസ്റ്റെെനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്-വർക്കാണ്’ ലോക സന്തോഷ സൂചിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഇതിൽ സ്കാൻഡിനേവിയൻ രാജ്യങ്ങളായ ഡെന്മാർക്ക് (2), ഐസ്-ലാൻഡ് (4), നോർവെ (6), സ്വീഡൻ (7) എന്നിവ തന്നെയാണ് മുൻനിരയിൽ.
ഏറെ പരിമിതമായ മാധ്യമ സ്വാതന്ത്ര്യത്തിനു മേൽ കൂടുതൽ വിലക്കുകളും വിലങ്ങുകളും തീർക്കുകയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ള ഐടി ആക്ട് 2000ത്തിലെ ഭേദഗതി നിർദ്ദേശങ്ങൾ എന്ന വിമർശനം ഇതിനകം തന്നെ ജനാധിപത്യവാദികളെല്ലാം ഉയർത്തിയിട്ടുണ്ട്. ഐടി (മധ്യവർത്തി മാർഗനിർദ്ദേശങ്ങൾ, ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ഭേദഗതി ചട്ടങ്ങൾ, 2023 ആണ് വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിട്ടുള്ളത്.
ജനങ്ങളുടെ ഭരണവും
ജനാഭിപ്രായവും
ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ തന്നെ ഭരണമാണ് ജനാധിപത്യത്തിൽ സംഭവിക്കുന്നതെന്നാണ് എബ്രഹാം ലിങ്കന്റെ ‘ഗെറ്റിസ്ബർഗ്’ പ്രസംഗത്തിലൂടെ നാം മനസ്സിലാക്കിയിട്ടുള്ളത്. അങ്ങനെയെങ്കിൽ, ജനങ്ങളുമായി ബന്ധപ്പെട്ട ഭരണത്തിന്റെ ന്യായാന്യായങ്ങൾ ജനങ്ങൾ അറിയുന്നതിൽ അപകടമൊന്നുമില്ലല്ലോ. നല്ല കാര്യങ്ങളെ പുകഴ്ത്താനും, മോശം കാര്യങ്ങളെ വിമർശനാത്മകമായി കാണാനുമുള്ള അവകാശം സാധാരണ ജനങ്ങൾക്ക് സ്വാഭാവികമായും ഉണ്ടാകണമല്ലോ.. ഭരണ നടത്തിപ്പിന്റെ അലകും പിടിയും നേരെയാക്കാനും അത്തരം ജനാഭിപ്രായത്തിനു കഴിയുമല്ലോ. എന്നു പറഞ്ഞാൽ, ജനാഭിപ്രായം സ്വാഭാവികമായി ഉണ്ടാകേണ്ടത് ജനാധിപത്യ ഭരണസംവിധാനത്തിന് കരുത്തു പകരാനേ സഹായിക്കൂ. അത് നിയമപരമായിത്തന്നെ പരിമിതപ്പെടുത്തുക എന്നു പറഞ്ഞാൽ, ഷേക്സ്പിയർ ‘ഹാംലെറ്റി’ൽ പറയുന്നതുപോലെ ‘ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട്’ എന്ന് കരുതേണ്ടിവരും.
മാധ്യമസ്വാതന്ത്ര്യം
പോരാടി നേടിയതാണ്
മാധ്യമചരിത്രത്തിലെ ആദ്യപഥികൻ അച്ചടിച്ച പത്രങ്ങളാണല്ലോ. ലോകത്തെ തന്നെ ലക്ഷണമൊത്ത പത്രത്തിന് ഏതാണ്ട് മൂന്നേകാൽ നൂറ്റാണ്ടിന്റെ ചരിത്രമേയുള്ളൂ എന്നാണ് മാധ്യമ ചരിത്രകാരർ പറയുന്നത്. ഈ പത്രങ്ങളുടെ ആദ്യ ഘട്ടത്തിലൊന്നും, പാർലമെന്റിന്റെ നടപടിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ പത്രപ്രവർത്തകർക്ക് അനുവാദമുണ്ടായിരുന്നില്ല. ഇതിൽ ധീരമായ പൊളിച്ചെ ഴുത്ത് നടത്തുന്നത് ഇംഗ്ലണ്ടിൽ ‘ദ ജന്റിൽമാൻസ് മാഗസിൻ’ എന്ന പത്രത്തിന്റെ പത്രാധിപരായിരുന്ന എഡേ-്വർഡ് കേവ് ആണ്. നേരത്തെ സൂചിപ്പിച്ചതുപോലെ, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പാർലമെന്റിൽ നടത്തുന്ന ചർച്ചകൾ എന്തുകൊണ്ട് ജനങ്ങൾ അറിഞ്ഞുകൂടാ എന്ന തരത്തിലാണ് കേവ് ചിന്തിച്ചത്. 1731 ലായിരുന്നു സംഭവം. ഏതുവിധേനയും പാർലമെന്റിലെ ചർച്ചകൾ ജനമധ്യത്തിലെത്തിക്കണമെന്ന് കേവ് തീരുമാനിച്ചു. അതിനായി കേവ് തന്റെ സമർത്ഥനായ റിപ്പോർട്ടർ ഗുത്രിയെ ചുമതലപ്പെടുത്തി. ഗുത്രി പാർലമെന്റ് മന്ദിരത്തിലെത്തി, കവാടത്തിലെ കാവൽ ഭടന്മാർക്ക് കൈക്കൂലി നൽകി മന്ദിരത്തിനകത്ത് കടന്നു. നല്ല ഓർമശക്തിയുണ്ടായിരുന്ന ഗുത്രി ഗാലറിയിലിരുന്ന് നടപടിക്രമങ്ങളെല്ലാം കേട്ട് മനസ്സിൽ സൂക്ഷിക്കും. തിരിച്ച് ഓഫീസിലെത്തി അത് വാർത്തയാക്കും. കൂടുതൽ മെച്ചപ്പെടുത്താനായി വലിയ എഴുത്തുകാരനായ ഡോ. സാമുവൽ ജോൺസൺ അതു തിരുത്തിയെഴുതി പത്രത്തിൽ പ്രസിദ്ധീകരിക്കും. അങ്ങനെയാണ് ചരിത്രത്തിൽ ആദ്യമായി പാർലമെന്റ് നടപടികൾ സാഹസികമായി പത്രത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ ഐതിഹാസികമായ പോരാട്ടം എന്നു വേണമെങ്കിൽ ഇതിനെ വിളിക്കാം, എന്നാൽ മാധ്യമ സ്വാതന്ത്ര്യത്തിന് വലിയ സാംഗത്യമുണ്ടെന്ന് ഇതിനും ഒരു നൂറ്റാണ്ടുമുമ്പുതന്നെ മറ്റൊരാൾ പറഞ്ഞിട്ടുണ്ട്. പത്രങ്ങൾ പിച്ചവച്ചു തുടങ്ങിയിട്ടുപോലുമുണ്ടായിരുന്നില്ല അന്ന്. 1644 ൽ ഇംഗ്ലണ്ടിലായിരുന്നു സംഭവം. അന്ന് ബ്രിട്ടീഷ് ഗവൺമെന്റ് പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നതിനു സമാനമായി ഒരു ‘‘ലെെസൻസിങ് ആക്ട്’ കൊണ്ടുവന്നു. ഇതിനെതിരെ, പത്ര സ്വാതന്ത്ര്യത്തിനു വേണ്ടി ശക്തമായി വാദിച്ചുകൊണ്ട് വിശ്രുത കവി ജോൺ മിൽട്ടൺ ഒരു പ്രസംഗം നടത്തി. അത് പിന്നീട് ‘അരിയോ പജെറ്റിക്ക’ എന്നപേരിൽ ചെറുപുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിൽ അദ്ദേഹം പറഞ്ഞത് ‘അറിയാനും പറയാനും മനഃസാക്ഷിക്കനുസരിച്ച് വാദിക്കാനുമുള്ള സ്വാതന്ത്ര്യമാണ‍് മറ്റെല്ലാ സ്വാതന്ത്ര്യത്തേക്കാളും തനിക്ക് വേണ്ടത്’ എന്നായിരുന്നു. (Give me the liberty to know, to utter and to argue according to conscience above all liberties). ഈ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവും, അതുവഴി ജനാധിപത്യസംവിധാനം തകർക്കാനുള്ള ശ്രമവും ആയി വേണം ഐടി ചട്ടഭേദഗതിയെ കാണേണ്ടത്.
വാർത്തയിലെ വ്യാജമോ,
സർക്കാരിന്റെ വ്യാജമോ
വ്യാജവാർത്താ പരിശോധനയ്ക്കായിട്ടാണ് നിർദ്ദിഷ്ട ഭേദഗതി കൊണ്ടുവന്നിട്ടുള്ളതെന്നാണ് ഔദ്യോഗിക വ്യാഖ്യാനം. കേൾക്കുമ്പോൾ നിരുപദ്രവകരമെന്നോ, നിഷ്-കളങ്കമെന്നോ തോന്നാവുന്ന ഒരു ന്യായവാദമാണിത്. സർക്കാരിനെയും ഭരണസംവിധാനത്തെയും കരിവാരി ത്തേയ്ക്കാൻ ദുരുപദിഷ്ടമായി കെട്ടിച്ചമയ്ക്കുന്ന വാർത്തകൾ പരിശോധിക്കപ്പെടേണ്ടതും തടയപ്പെടേണ്ടതുമല്ലേ എന്നു നമുക്ക് സ്വാഭാവികമായിത്തന്നെ തോന്നാവുന്നതാണ്. എന്നാൽ വാർത്തയുടെ ‘വ്യാജ സ്വഭാവം’ നിർണയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനും, അതിന്റെ ഏജൻസിക്കുമാണ്: അതുകൊണ്ട് കേന്ദ്ര സർക്കാരിനെതിരെ വരുന്ന വാർത്തയോ പരമാർശങ്ങളോ വ്യാജമാണെന്ന് തീരുമാനിക്കാൻ അവർക്ക് പ്രയാസമുണ്ടാകില്ല. അങ്ങനെ കേന്ദ്രസർക്കാർ ഏജൻസി വ്യാജമെന്ന് തീരുമാനിക്കുന്ന വാർത്ത , ഫേസ്ബുക്ക് , ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യേണ്ടിവരും. സർക്കാർ പറയുന്ന വ്യാജവാർത്തകൾ നീക്കം ചെയ്തില്ലെങ്കിൽ ഗൂഗിൾ, ഫെയ്സ്ബുക്ക്, ട്വിറ്റർ, വാട്ട്സ് ആപ്പ് തുടങ്ങിയ ‘മധ്യവർത്തികൾ’ എന്ന് ഐടി നിയമത്തിൽ വിവക്ഷിക്കുന്ന പ്ലാറ്റ്ഫോമുകൾക്കെതിരെ നിയമപരമായ കർശന നടപടി ഉണ്ടാകും. ഇതാണ് ഇപ്പോഴത്തെ ചട്ടഭേദഗതിയിൽ വരുത്തിയിരിക്കുന്ന കാതലായ മാറ്റം. അതുകൊണ്ട് ഏതൊരാളും നേരത്തെ പരാമർശിച്ച സമൂഹമാധ്യമങ്ങളിൽ ഏതെങ്കിലും വാർത്തയോ, പരാമർശമോ, ചിത്രമോ ഒക്കെ പോസ്റ്റ് ചെയ്താൽ മധ്യവർത്തികളായ സമൂഹമാധ്യമങ്ങൾ അവ ഉടനടി നീക്കം ചെയ്യണം. നേരത്തേ, ഒരു മൂന്നാം കക്ഷി പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരിൽ മധ്യവർത്തികളായ ഇത്തരം സമൂഹമാധ്യമങ്ങൾക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ‘സേഫ് ഹാർബർ’ പരിരക്ഷ എന്നാണ് ഇതിനു പറഞ്ഞിരുന്നത്. പുതിയ ഭേദഗതിയിൽ ഈ സേഫ് ഹാർബർ പരിരക്ഷ എടുത്തു കളഞ്ഞിരിക്കുകയാണ്.
സമൂഹ്യ മാധ്യമങ്ങളുടെ
വായടപ്പിക്കാൻ ശ്രമം
സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളെയാണ് ഈ വഴി സർക്കാർ ഉന്നം വയ്ക്കുന്നത്. നമുക്കറിയാം ഫേസ്ബുക്കും വാട്സ് ആപ്പുമൊക്കെ യാഥാർത്ഥ്യമായതിനുശേഷം, മുഖ്യധാരാ മാധ്യമങ്ങൾ മുക്കുന്ന പല വാർത്തകളും ജനം അറിയുന്നുണ്ട്. പല വാർത്തകളുടെയും സൂചന മാധ്യമ പ്രവർത്തകർക്ക് പലപ്പോഴും നൽകുന്നതും ഈ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളാണ്. ഉത്തരവാദിത്വമില്ലാതെയും കുറ്റമറ്റ പരിശോധനകളില്ലാതെയും പലരും സമൂഹമാധ്യമങ്ങളിൽ ഓരോന്ന് എഴുതുന്നുണ്ടെന്ന കാര്യം അറിയാതെയല്ല ഇതു പറയുന്നത്. എന്നാൽ, അധികാരി വർഗത്തിന് ഹിതകരമല്ലാത്തതും പല കാരണങ്ങൾകൊണ്ടും മുഖ്യധാര മാധ്യമങ്ങൾ പറയാത്തതുമായ കാര്യങ്ങൾ പലതും ലോകത്തെ അറിയിക്കുന്നതിൽ സമൂഹമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. എന്നാൽ ആരെങ്കിലും നടത്തുന്ന പോസ്റ്റിന്റെ പേരിൽ നടപടി ഉണ്ടാകില്ലെന്ന ‘സേഫ് ഹാർബർ’ പരിരക്ഷ എടുത്തുകളഞ്ഞതോടെ സമൂഹമാധ്യമങ്ങൾ സംഭ്രമത്തിലായിരിക്കുകയാണ്.
എന്താണ് സേഫ് ഹാർബർ പരിരക്ഷ?
നേരത്തെ ഐടി ആക്ടിന്റെ സെക്ഷൻ 79ലാണ് ‘സേഫ് ഹാർബർ’ പരിരക്ഷ നൽകിയിരുന്നത്. ഒരു മൂന്നാംകക്ഷി പോസ്റ്റ് ചെയ്യുന്ന വിവരങ്ങളുടെയോ ഡാറ്റകളുടെയും പേരിൽ മധ്യവർത്തിയായ സമൂഹമാധ്യമത്തിന് ബാധ്യതയൊന്നും ഉണ്ടായിരിക്കില്ല എന്നായിരുന്നു സെക്ഷൻ 79 ൽ പറഞ്ഞിരുന്നത്. മേലിൽ ആ പരിരക്ഷയുണ്ടാവില്ല എന്ന കാര്യം കേന്ദ്രസർക്കാർ ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ, വാട്സ് ആപ്പ് എന്നീ സമൂഹ മാധ്യമങ്ങളെ അറിയിച്ചിരിക്കുകയാണ്. ഇതിൽ ട്വിറ്റർ ഒഴികെയുള്ള മധ്യവർത്തികളെല്ലാം ഇത്തരം കാര്യങ്ങളുടെ പരിശോധനയ്ക്കായി ചീഫ് കംപ്ലൈന്റ്സ് ഓഫീസർ, നോഡൽ ഓഫീസർ, ഗ്രീവൻസ് ഓഫീസർ എന്നിവരെ നിയമിച്ചു കഴിഞ്ഞു. ട്വിറ്റർ ആകട്ടെ ഇതിനായി ഒരു അഭിഭാഷകന്റെ വിശദാംശങ്ങളാണ് നൽകിയിട്ടുള്ളത്. 36 മണിക്കൂറിനുള്ളിൽ വ്യാജവാർത്തകളുടെ ഉറവിടം കണ്ടെത്തണമെന്നാണ് സർക്കാർ നൽകിയിട്ടുള്ള നിർദ്ദേശം.
ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ് 1996ലെ ‘കമ്യൂണിക്കേഷൻസ് ഡീസൻസി ആക്ട്’. ഇതിന്റെ സെക്ഷൻ 230 പറയുന്നത് കമ്പ്യൂട്ടർ സേവനം ഉപയോഗിച്ച് ആരെങ്കിലും ആശയവിനിമയം നടത്തിയാൽ, ആ കമ്പ്യൂട്ടർ സംവിധാനം നൽകുന്നയാളെ ആശയത്തിന്റെ പ്രസാധകനോ ആശയം പ്രചരിപ്പിക്കുന്ന ആളോ ആയി കാണാൻ പാടില്ല എന്നാണ്. എന്നുപറഞ്ഞാൽ, മധ്യവർത്തികളായ സമൂഹമാധ്യമങ്ങൾക്ക് കേവലം ഒരു പുസ്തകശാലക്കാരന്റെ പങ്കു മാത്രമേയുള്ളൂ എന്നാണർത്ഥം. പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ പേരിൽ കച്ചവടക്കാരനെ ശിക്ഷിക്കാൻ കഴിയില്ലല്ലോ. അത്തരത്തിൽ ഒരുതരത്തിലുമുള്ള യുക്തി കണ്ടെത്താൻ കഴിയാത്ത വിധമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് വ്യാജ വാർത്തകൾ നീക്കം ചെയ്യാനുള്ള നിയമഭേദഗതി.
അഞ്ചാം തൂണിനെയും
നിശബ്ദമാക്കാൻ ശ്രമം
മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നാണ് വിളിക്കുന്നതെങ്കിൽ, സമൂഹമാധ്യമങ്ങളെ ജനാധിപത്യത്തിന്റെ അഞ്ചാം തൂണ് എന്നാണ് വിവക്ഷിക്കുന്നത്. ജനാധിപത്യത്തിന്റെ ആദ്യ മൂന്നു തൂണുകളായ നിയമനിർമ്മാണ സഭ, ഭരണനിർവഹണസഭ, നീതി നിർവഹണ സഭ എന്നിവിടങ്ങളിലെ പുഴുകുത്തലുകൾ കണ്ടെത്താനും അവ ജനങ്ങൾക്കുമുന്നിലും അധികൃതർക്കു മുന്നിലും അവതരിപ്പിച്ചു പരിഹാരം കാണാനും മാധ്യമങ്ങൾക്ക് കഴിയും, കഴിയണം എന്നതിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങളെ ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നുപറയുന്നത്. ‘സമൂഹത്തിന്റെ കാവൽ നായ്ക്കൾ’എന്ന് മാധ്യമങ്ങളെ വിളിക്കുന്നതും ഈ അർത്ഥത്തിലാണ്. നിർഭാഗ്യവശാൽ അവ ഇപ്പോൾ മടിത്തട്ടിലെ നായ്ക്കൾ (lapdogs) ആയി മാറിയിരിക്കുന്നു എന്നാണ് ആക്ഷേപം. ഈ നാലാം തൂണിനെ കൂടി വിമർശനബുദ്ധ്യാ സമീപിക്കുന്നു എന്ന നിലയിലാണ് സമൂഹമാധ്യമങ്ങളെ ജനാധിപത്യത്തിന്റെ അഞ്ചാം തൂണ് എന്ന് വിശേഷിപ്പിക്കുന്നത്. ഈ അഞ്ചാംതൂണിന്റെ ഇടപെടലുകൾ ഉണ്ടാകുന്നത് ഞൊടിയിടയിൽ ആണെന്നതും, അതിന് ഫലസിദ്ധി കൈവരുന്നത് നിമിഷങ്ങൾക്കുള്ളിലാണെന്നതും ഇതിനെ ഭയപ്പാടോടെ കാണാൻ അധികാരികളെ പ്രേരിപ്പിക്കുന്നുണ്ട്. അതുകൊണ്ട് അറിയാനുള്ള അവകാശവും അഭിപ്രായങ്ങൾ ധീരമായി രേഖപ്പെടുത്താനുള്ള അവകാശവും കവർന്നെടുക്കുകയാണ് ഇതുവഴി ചെയ്യുന്നത്. അതുകൊണ്ടാണ് ഇത് സെൻസർഷിപ്പ് തന്നെയാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പറയുന്നത്.
അഭിപ്രായസ്വാതന്ത്ര്യം
ഭരണഘടനാദത്തം
മാധ്യമസ്വാതന്ത്ര്യം നമ്മുടെ ഭരണഘടനയിൽ സവിശേഷമായി പറഞ്ഞിട്ടില്ലെങ്കിലും, അനുച്ഛേദം 19(1)a നൽകുന്ന പരിരക്ഷയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ മാധ്യമപ്രവർത്തനം നടത്തുന്നത്. 1948ലെ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 19–ാം അനുച്ഛേദവും സംസാരിക്കാനും അഭിപ്രായ വിനിമയം നടത്താനുമുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നുണ്ട്. ഇത്തരം അന്താരാഷ്ട്ര പ്രഖ്യാപനങ്ങളെ പോലും തൃണവൽഗണിച്ചാണ് ഇപ്പോഴത്തെ ഐടി ചട്ട ഭേദഗതി വന്നിട്ടുള്ളത്.
പ്രധാനമന്ത്രിക്കോ, കേന്ദ്രമന്ത്രിക്കോ എതിരായ വിമർശനങ്ങളെയും പരാമർശങ്ങളെയും പോലും രാജ്യത്തിനെതിരാണെന്ന് വ്യാഖ്യാനിക്കുകയും, രാജ്യദ്രോഹ കുറ്റം ചുമത്തുകയും ചെയ്യുന്നത് സാധാരണ സംഭവവുമായി മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പുറമേ നിരുപദ്രവകരമെന്ന് തോന്നുന്ന ഐടി നിയമഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. പട്ടിയെ പേപ്പട്ടിയാക്കുകയും പിന്നീട് പേപ്പട്ടിയെ തല്ലിക്കൊല്ലുകയും ചെയ്യുന്നുവെന്ന മലയാളികൾക്കൊക്കെ ചില പരിചിതമായ ചൊല്ല് ഓർമ്മപ്പെടുത്തുന്ന മട്ടിൽ, കേന്ദ്രസർക്കാരിനെതിരായ ഏത് വാർത്തയേയും വ്യാജം എന്ന ഗണത്തിൽ പെടുത്താൻ കേന്ദ്രസർക്കാർ ഏജൻസികൾക്ക് ഒരു ബുദ്ധിമുട്ടുണ്ടാവില്ല. കേന്ദ്രസർക്കാരിനോ, പ്രധാനമന്ത്രിക്കോ എതിരായാൽ, അത്തരം വാർത്തകളെ രാജ്യദ്രോഹത്തിന്റെ ഗണത്തിലേക്ക് വലിച്ചു നീട്ടാനും, ഈ വ്യാജവാർത്താ പരികല്പനയ്ക്ക് ഇടമുണ്ടാകും. അങ്ങനെ വരുമ്പോൾ വാർത്തകളുടെ പേരിൽ തടവറകൾക്കുള്ളിലേക്ക് പോകുന്നത് മാധ്യമ പ്രവർത്തകർ മാത്രമായിരിക്കുകയില്ല, സമൂഹമാധ്യമങ്ങളിൽ ഓരോന്ന് എഴുതുകയും പോസ്റ്റ് ചെയ്യുകയും ചെയ്യുന്നവർ കൂടിയായിരിക്കും. ആർ എസ് എഫ് റിപ്പോർട്ട് പ്രകാരം നിലവിൽ ഇന്ത്യയിൽ ജയിലഴികൾക്കുള്ളിലുള്ളത് 13 മാധ്യമ പ്രവർത്തകരാണ്. ഇവരിൽ അടുത്തിടെയാണ് സിദ്ദിക് കാപ്പന് ജാമ്യം ലഭിച്ചത്.
സർക്കാരിന്റെ വാർത്തകൾ
വ്യാജമായാൽ എന്തു ചെയ്യും?
വ്യാജ വാർത്തകൾ നിരോധിക്കാനെന്ന പേരിൽ ഐടി ചട്ടഭേദഗതി കൊണ്ടുവരുമ്പോൾ ഉയരുന്ന കാതലായ ഒരു ചോദ്യമുണ്ട്. സർക്കാരിന്റെ മുഖംമിനുക്കാൻ സർക്കാർ തന്നെ സൃഷ്ടിക്കുന്ന വ്യാജവാർത്തകൾ ആരു നിയന്ത്രിക്കും? രാജ്യസ്നേഹം, രാജ്യസുരക്ഷ തുടങ്ങിയവയുടെ പേരിൽ സർക്കാർ പല വാർത്തകളും സൃഷ്ടിച്ചിട്ടുള്ളതിന് നാം സാക്ഷികളാണ്. വ്യാജ സംഭവങ്ങളും വ്യാജ ഏട്ടുമുറ്റലുകളും ഉണ്ടാക്കി. അതുവഴി വ്യാജ വാർത്തകൾ സൃഷ്ടിക്കുന്ന ബിജെപി സർക്കാരിന്റെ നടപടികൾ ഏറ്റവും ഒടുവിൽ ജമ്മു– കാശ്മീർ ഗവർണറായിരുന്ന ബിജെപി നേതാവ് സത്യപാൽ മല്ലിക്കിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുകയാണ്.
അതായത് ബിജെപി സർക്കാരിന് തരാതരം പോലെ വ്യാജ വാർത്തകൾ സൃഷ്ടിക്കാനും, അവ ഏത് പ്ലാറ്റ്ഫോം വഴിയും ജനങ്ങളിലേക്ക് എത്തിക്കാനും ഒരു പ്രയാസവും ഉണ്ടാവുകയില്ല. ചുരുക്കത്തിൽ കേന്ദ്രസർക്കാർ സൃഷ്ടിക്കുന്ന വ്യാജ വാർത്തകൾ മാത്രം ഭക്ഷിച്ച് കാലയാപനം നടത്തേണ്ടിവരുന്ന സ്ഥിതിയായിരിക്കും രാജ്യത്തു സംജാതമാവുക. ♦