ഭരണഘടനയിലെ 370 –ാം വകുപ്പ് റദ്ദാക്കി ജമ്മു കാശ്‌മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി മാറ്റിയതോടെ ഭീകരവാദത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞുവെന്നാണ് മോദി സർക്കാരിന്റെ അവകാശവാദം. ഭീകരാക്രമണങ്ങളില്ലാത്ത സമാധാനപൂർണമായ താഴ്‌വരയായി കാശ്‌മീർ മാറിയെന്നും അവർ വാദിക്കുന്നു. എന്നാൽ ഏപ്രിൽ 20 ന് പൂഞ്ച് ജില്ലയിലെ ഭീംബർ ഗലിയിലുണ്ടായ ഭീകരാക്രമണം ഈ അവകാശവാദങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ്. സൈനികവാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ചു സൈനികരാണ് വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പകൽ മൂന്നിന് ഭീംബർ ഗലിയിൽനിന്ന് സംഗിയോട്ടിലേക്ക് പോകുകയായിരുന്ന സൈനിക ട്രക്കിനുനേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. ഗ്രനേഡുകളും പ്രയോഗിച്ചതോടെ ട്രക്കിന് തീപിടിച്ചെന്ന് സൈന്യം അറിയിച്ചു.നിയന്ത്രണരേഖയ്ക്ക് അടുത്തുവെച്ച് നടന്ന ആക്രമണമായതുകൊണ്ടു തന്നെ പ്രശ്‌നത്തെ ലാഘവത്തോടെ സമീപിക്കാനാവില്ല.
ഭീകരവിരുദ്ധ പ്രവർത്തനത്തിനായി നിയോഗിച്ചിരുന്ന രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ സൈനികരാണ് കൊല്ലപ്പെട്ടത്. അക്രമികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും ആരെയും പിടിക്കാൻ കഴിഞ്ഞിട്ടില്ല. അവർ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. അടുത്തമാസം 22 മുതൽ 24 വരെ ശ്രീനഗറിൽ ജി 20 ടൂറിസം വർക്കിങ് ഗ്രൂപ്പ് നടക്കാനിരിക്കെയാണ് ഭീകരാക്രമണം. യോഗത്തിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മേഖലയിലെ സുരക്ഷാസ്ഥിതി അവലോകനം ചെയ്തിരുന്നു. അതിന് തൊട്ടുപുറകെയാണ് ഈ ഭീകരാക്രമണം നടന്നത്.
ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പാണ് ഈ ഭീകരാക്രമണം എന്നാണ് മുൻ ‘റോ ’ മേധാവി എ എസ് ദുലാത് ഉൾപ്പടെയുള്ള പല കാശ്‌മീർ കാര്യ വിദഗ്‌ധരും പറയുന്നത്. സമാധാനപരമായി മുന്നോട്ടുപോകുകയായിരുന്ന റംസാൻ കാലത്താണ് ഈ ആക്രമണം നടന്നത് എന്നത് ഗൗരവത്തോടെ വീക്ഷിക്കണം. അതോടൊപ്പം രഹസ്യാന്വേഷണവിഭാഗത്തിന്റെ പരാജയമാണ് ഈ ആക്രമണത്തിനു കാരണമായതെന്ന വാദവും പരിശോധിക്കപ്പെടേണ്ടതാണ്. 2019 ആഗസ്‌തിലാണ് കാശ്‌മീരിനുള്ള പ്രത്യേക ഭരണ ഘടനാധികാരങ്ങൾ കേന്ദ്രം എടുത്തുകളഞ്ഞത്. അതിനുശേഷം കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണമാണ് കാശ്‌മീരിൽ നടക്കുന്നത്. പട്ടാളക്കാരെ ഇറക്കി സാധാരണ ജനജീവിതത്തെ മുൾമുനയിൽ നിർത്തിയുള്ള ഭരണമാണ് ഇപ്പോഴത്തേത്. മാധ്യമസ്വാതന്ത്ര്യത്തിന്റെ ചിറകരിഞ്ഞും അഭിപ്രായസ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും പരിമിതപ്പെടുത്തിയുമുള്ള ഭരണം. ഇത് സ്വാഭാവികമായും തീവ്രവാദത്തെ ശക്തമാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ദുലാതിനെ പോലുള്ളവർ പറയുന്നത്. അതോടൊപ്പം ഭീകരാക്രമണം നടത്തിയവരെ പിടിക്കാൻ കഴിയാത്തത് ഭാവിആക്രമണങ്ങൾക്ക് വഴിവെക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പാക്കിസ്ഥാനും ഐഎസ്‌ഐയും ഈ ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ സിപിഐ എം പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടതുപോലെ ‘‘ഹീനമായ ഈ ആക്രമണം സാധ്യമാക്കിയ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം. ഭീകരവാദത്തെ ഫലപ്രദമായി നേരിടാൻ ഇത് അനിവാര്യമാണ്’’.
ജി 20ന്റെ ഉച്ചകോടി സെപ്‌തംബറിൽ ഇന്ത്യയിലാണ് നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പെയെുള്ള നേതാക്കൾ അതിൽ പങ്കെടുക്കുമെന്നാണറിയുന്നത്. അതുകൊണ്ടു തന്നെ ജമ്മു കാശ്‌മീരിലെ ഈ ഭീകരാക്രമണം ഒരു മുന്നറിയിപ്പായി കണ്ട് സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.
സംസ്ഥാനത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ഭീകരാക്രമണത്തെ പരാജയപ്പെടുത്താൻ കഴിയില്ല. അതിനാൽ ആദ്യം വേണ്ടത് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണം. അതോടൊപ്പം ജമ്മു കാശ്‌മീരിൽ തിരഞ്ഞെടുപ്പ് നടത്തുകയും വേണം. ജനാധിപത്യ പ്രക്രിയക്ക് തുടക്കമിടുകയാണ് ഭീകരവാദത്തെ പരാജയപ്പെടുത്താനുള്ള എളുപ്പ വഴി. ജമ്മു കാശ്‌മീരിൽ സമാധാനം നിലനിൽക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്രം തയ്യാറാകാത്തത്.
പുൽവാമ ഭീകരാക്രമണം സംബന്ധിച്ച് മുൻ ജമ്മു കാശ്‌മീർ ഗവർണർ സത്യപാൽ മല്ലിക്ക് അടുത്തയിടെ നടത്തിയ വെളിപ്പെടുത്തലുകൾ കേന്ദ്രത്തെ വേട്ടയാടുന്ന വേളയിലാണ് കാശ്‌മീരിൽ ഭീകരാക്രമണം നടന്നിട്ടുള്ളത്. സൈനികരെ ശ്രീനഗറിലേക്ക് കൊണ്ടുപോകാൻ സിആർപിഎഫ് വിമാനം ആവശ്യപ്പെട്ടിട്ടും അത് നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാകാത്തതാണ് പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിന് കാരണമായതെന്നാണ് മല്ലിക്ക് ആരോപിച്ചത്. അതാടൊപ്പം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയവും ഇതിന് വഴിവെച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. അതോടൊപ്പം ആർഎസ്‌എസ് നേതാവ് റാം മാധവ് റിലയൻസ് കമ്പനിക്ക് കരാൻ നൽകണമെന്ന് അഭ്യർഥിച്ചുവെന്നും അതിനു പ്രത്യുപകാരമായി 300 കോടി രൂപ നൽകാമെന്ന് പറഞ്ഞുവെന്നും മല്ലിക്ക് വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ കേന്ദ്ര സർക്കാരോ പ്രധാനമന്ത്രിയോ തയ്യാറായില്ല. നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തും ബിസിനസ്സുകാരനുമായ ഗൗതം അദാനി ഓഹരിവില ഊതിവീർപ്പിച്ച് കോടികൾ തട്ടിയെടുത്തതായി ഹിൻഡൻബർഗ് റിപ്പോർട്ട് ആരോപിച്ചപ്പോഴും പ്രധാനമന്ത്രിക്ക് മൗനമായിരുന്നു. ഭരണപക്ഷം തന്നെ പാർലമെന്റ് സ്‌തംഭിപ്പിച്ച് അദാനിവിഷയം ചർച്ചചെയ്യാതിരിക്കാൻ ശ്രദ്ധിച്ചു. ഇപ്പോൾ പുൽവാമയിലും അന്വേഷണമോ പ്രതികരണമോ ഇല്ല. എന്നാൽ സത്യപാൽമല്ലിക്കിന് സിബിഐ നൊട്ടീസ് നൽകുന്ന സ്ഥിതിയുണ്ടായി. റിലയൻസ് കോഴ വാഗ്‌ദാനം ചെയ്‌ത വിഷയത്തിലാണ് മല്ലിക്കിന് നോട്ടീസ് ലഭിച്ചത്. മല്ലിക്കിന്റെ വായടപ്പിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. വിമർശിക്കുന്നവരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുക എന്ന സ്ഥിരം പരിപാടിയാണ് മോദി പുറത്തെടുത്തിട്ടുള്ളത്. എന്നിട്ടും മല്ലിക്ക് നിശ്ശബ്‌ദനായിട്ടില്ലയെന്നു മാത്രമല്ല അദ്ദേഹത്തെ പിന്തുണച്ച് ഉത്തരേന്ത്യയിലെ കർഷകർ രംഗത്ത് വന്നിരിക്കുകയുമാണ്.
മോദി നിശ്ശബ്‌ദനാണെങ്കിലും ആഭ്യന്തരമന്ത്രി അമിത് ഷാ വായതുറക്കാൻ തയ്യാറായി. ഗവർണർസ്ഥാനത്ത് ഇരിക്കുമ്പോൾ എന്തുകൊണ്ട് മല്ലിക്ക് ഇക്കാര്യത്തെക്കറിച്ച് മൗനം പാലിച്ചുവെന്ന ചോദ്യമാണ് അമിത് ഷാ ഉയർത്തിയത്. ഗവർണർ സ്ഥാനം നഷ്ടപ്പെട്ടപ്പോഴാണ് സർക്കാരിനെതിരെ വിമർശനവുമായി രംഗത്തു വന്നിരിക്കുന്നത് എന്ന ആഖ്യാനമാണ് അമിത് ഷാ സൃഷ്ടിക്കാൻ ശ്രമിച്ചത്. എന്നാൽ അമിത് ഷായുടെ അവകാശവാദം വസ്‌തുതയുമായി ബന്ധമൊന്നുമില്ലാത്തതാണ്. 2019 ഫെബ്രുവരി 14 നാണ് പുൽവാമ ആക്രമണം നടന്നത്. ഫെബ്രുവരി 15 ന് ഇന്ത്യൻ എക്സ്‌പ്രസ് പ്രസിദ്ധീകരിച്ച വാർത്ത സത്യപാൽ മല്ലിക്കിനെ ഉദ്ധരിച്ചിട്ടുള്ളതായിരുന്നു. പുൽവാമയിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണ് ഉണ്ടായത് എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. അതാണിപ്പോഴും അദ്ദേഹം ആവർത്തിക്കുന്നത്. ഈ വെളിപ്പെടുത്തൽ ബിജെപിയെ എത്രമാത്രം അലോസരപ്പെടുത്തുന്നു എന്ന് ആഭ്യന്തരമന്ത്രി കള്ളം പറയുന്നതിൽ നിന്നും വ്യക്തമാകുന്നു.
ഏതായാലും ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിക്കെതിരായ രാഷ്ട്രീയ നീക്കങ്ങൾക്ക് ആക്കം വർധിച്ചിരിക്കുകയാണ്. അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന് 20 ലധികം രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരിക്കുകയാണ്. അതോടൊപ്പം പ്രതിപക്ഷ ഐക്യം ഉണ്ടാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ബിഹാർ മുഖ്യമന്ത്രിയും ജെഡി യു നേതാവുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ നീക്കങ്ങളെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളുമായി ചർച്ച നടത്തിയ നിതീഷ് കുമാർ പശ്‌ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയുമായും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായും ചർച്ച നടത്തുകയുണ്ടായി. വരുംനാളുകളിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടാകും. അടുത്ത വർഷം നടക്കുന്ന ലോക്-സഭാ തിരഞ്ഞെടുപ്പിൽ മോദി സർക്കാരിനെ താഴെയിറക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന സൂചനയാണ് ഇതെല്ലാം നൽകുന്നത്. ♦