ദേശാഭിമാനിയുടെ കൊച്ചി എഡിഷൻ 1968ൽ ആരംഭിച്ചപ്പോൾ പ്രസിദ്ധീകരണത്തിന്റെ ചുമതല പാർട്ടി ഏൽപിച്ചത് പി കണ്ണൻ നായരെയാണ്. ഐതിഹാസിക കർഷകസമരങ്ങളായ കോറോം, മുനയൻകുന്ന് സമരങ്ങളിലെ പ്രധാന സേനാനികളിലൊരാളായ അദ്ദേഹത്തെ പത്രത്തിന്റെ ചുമതല ഏൽപിക്കാൻ മാനദണ്ഡമാക്കിയതെന്താണ്? അനുപമമായ ആത്മാർത്ഥത, കൃത്യനിഷ്‌ഠ, ഏതു കാര്യത്തിലുമുള്ള സവിശേഷമായ ശ്രദ്ധ, ലാളിത്യം… അങ്ങനെ ഒരു ഉത്തമ കമ്യൂണിസ്റ്റിന് ആവശ്യമായ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയ വ്യക്തിത്വം. ഔപചാരിക വിദ്യാഭ്യാസം കുറഞ്ഞ, ബീഡിതെറുപ്പു തൊഴിലാളിയായിരുന്ന കണ്ണൻ നായർ ദേശാഭിമാനിയുടെ സാരഥിയായതോടെ പത്രത്തിന്റെ വളർച്ചയും സാങ്കേതിക മികവും അത്ഭുതകരമായ രീതിയിൽ വർദ്ധിച്ചു.
കണ്ണൻ നായർ ദേശാഭിമാനിയുടെ ജനറൽ മാനേജരായതിന്റെ പശ്ചാത്തലം ഇ എം എസ് ഇങ്ങനെ അനുസ്‌മരിക്കുന്നു: ‘‘ദേശാഭിമാനി പ്രസിദ്ധീകരണത്തിന്റെ ചുമതല ഏറ്റെടുക്കുന്നതുവരെ വ്യാപാര–-വ്യവസായാദി കാര്യങ്ങളിൽ യാതൊരു പരിചയവുമില്ലാത്ത ഒരു സാധാരണ പാർട്ടി പ്രവർത്തകനായിരുന്നു കണ്ണൻ നായർ. പാർട്ടി സംഘടനയും കർഷക പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച അദ്ദേഹം 1948–-50 കാലത്ത് സായുധസമരം സംഘടിപ്പിക്കുന്നതിലും മുൻനിന്നു. അങ്ങനെ പാർട്ടിയുടെ സജീവ സംഘാടകനെന്ന നിലയിൽ പ്രശസ്‌തനായിത്തീർന്ന അദ്ദേഹം പുതിയൊരു മേഖലയിലേക്ക് കാൽവെക്കുകയായിരുന്നു. ആ ജോലിക്ക് അദ്ദേഹത്തെ നിയോഗിച്ച സി എച്ചിനും അഴീക്കോടനും നോട്ടപ്പിഴ ഒട്ടും വന്നില്ല. അതേവരെ യാതൊരു പരിചയവുമില്ലാതിരുന്ന പുതിയ മേഖലയിൽ അദ്ദേഹത്തിന് ശോഭിക്കാൻ കഴിയുമെന്ന അവരുടെ പ്രതീക്ഷ അസ്ഥാനത്തായിരുന്നില്ല. പിന്നീടുള്ള ഇരുപത്തിരണ്ടു വർഷത്തെ കണ്ണൻ നായരുടെ ജീവിതവും പ്രവർത്തനവും ഇതിന് സാക്ഷ്യം വഹിക്കുന്നു.’’
പയ്യന്നൂരിൽ പുന്നൂർ കൃഷ്‌ണൻനായരുടെയും പിലാങ്കു കുഞ്ഞാതിയമ്മയുടെയും മൂത്ത മകനായി 1921ൽ ആണ് കണ്ണൻ നായർ ജനിച്ചത്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ കേന്ദ്രങ്ങളിലൊന്നായിരുന്നല്ലോ പയ്യന്നൂർ. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതലേ സ്വാതന്ത്ര്യസമരത്തിന്റെ ആവേശം നെഞ്ചിലേറ്റിയാണ് അദ്ദേഹം ജീവിച്ചത്.
അച്ഛന്റെയും അമ്മയുടെയും ആറുമക്കളിൽ ഏറ്റവും മൂത്തയാളായിരുന്നു കണ്ണൻ നായർ. മൂന്ന് അനുജന്മാരും രണ്ട് അനുജത്തിമാരും അച്ഛനും അമ്മയും അടങ്ങിയ ദരിദ്രകുടുംബം. അച്ഛന്റെ വരുമാനംകൊണ്ടുമാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകുക എന്നത് വിഷമമായി. പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിക്കുകപോലും ചെയ്യുന്നതിനു മുമ്പ് ഉപജീവനത്തിന് തൊഴിൽ കണ്ടെത്താൻ കണ്ണൻ നായർ നിർബന്ധിതനായി. അങ്ങനെ പതിനാലാം വയസ്സിൽ അദ്ദേഹം ബീഡിതെറുപ്പ് തൊഴിലാളിയായി.
മാനേജർ ബീഡി, പിവിഎസ് കമ്പനി തുടങ്ങി പല കമ്പനികളിലും കണ്ണൻ നായർ ജോലിചെയ്‌തു. ബീഡിത്തൊഴിലാളികൾക്ക് യൂണിയൻ രൂപീകരിക്കപ്പെട്ടപ്പോൾ കണ്ണൻ നായരും അതിന്റെ സജീവപ്രവർത്തകനായി. കോൺഗ്രസിന്റെ സജീവ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെടുകയും ചെയ്‌തു. ബീഡിത്തൊഴിലാളി യൂണിയനിൽ കമ്യൂണിസ്റ്റു പാർട്ടി അനുഭാവികൾക്കായിരുന്നു ഭൂരിപക്ഷം. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായിരുന്ന തമ്പാൻ അടിയോടി, മനിയേരി രാഘവൻ നമ്പ്യാർ തുടങ്ങിയവരുമായുള്ള അടുപ്പം കണ്ണൻ നായരെ കമ്യൂണിസ്റ്റ് പാർട്ടിയോടടുപ്പിച്ചു. 1943ൽ അദ്ദേഹം പാർട്ടി മെമ്പറായി.
മുനയൻകുന്ന് സമരം
രണ്ടാംലോകയുദ്ധത്തിന്റെ കെടുതികൾ ഏറ്റവും ഇന്ത്യൻ ജനത ഏറ്റുവാങ്ങുന്ന സമയമായിരുന്നല്ലോ 1940കൾ. നാടാകെ പട്ടിണിയും രോഗങ്ങളുംമൂലം പൊറുതിമുട്ടി. ഒരുനേരത്തെ ഭക്ഷണത്തിനുപോലും അരികിട്ടാതെ ജനങ്ങൾ കഠിനയാതനയിൽ അകപ്പെട്ടു. അതേസമയം ജന്മിമാർ നെല്ല് പൂഴ്‌ത്തിവെച്ച് കരിഞ്ചന്തയിൽ വിറ്റ് അമിതലാഭം കൊയ്‌തു. ഇതിനെതിരെ കർഷകർക്കിടയിൽ പ്രതിഷേധം ശക്തിപ്പെട്ടു.
1947 ആഗസ്‌ത് 15ന് സ്വാതന്ത്ര്യം കിട്ടിയതോടെ തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് ജനങ്ങൾ കരുതി. പൂഴ്‌ത്തിവെച്ച നെല്ല് ന്യായമായ വിലയ്‌ക്ക് വിതരണം ചെയ്യണമെന്ന് കർഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും നേതൃത്വത്തിൽ ജനങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
എന്നാൽ, ന്യായമായ ആവശ്യങ്ങളുന്നയിച്ചു പ്രക്ഷോഭം നടത്തിയ ജനങ്ങളെ ഭീഷണിപ്പെടുത്തി കീഴടക്കാനാണ് സർക്കാർ ശ്രമിച്ചത്. അതോടൊപ്പം ജന്മിമാർക്ക് എല്ലാ സംരക്ഷണവും നൽകാൻ സർക്കാർ പ്രത്യേകം ശ്രദ്ധിച്ചു. പല സ്ഥലങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിക്കപ്പെട്ടു: പട്ടാളം റൂട്ടുമാർച്ച് നടത്തി. എംഎസ്‌പിക്കാർ ക്രൂരമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. നേതാക്കളെയും പ്രവർത്തകരെയും തിരഞ്ഞുപിടിച്ച് അറസ്റ്റുചെയ്‌ത് ജയിലിലാക്കി.
1948 ഏപ്രിൽ 11നാണ് കോറോം വെടിവെപ്പിന് ആധാരമായ സംഭവമുണ്ടായത്. വിഷുദിവസം അടുത്തുവരുന്നു. ആ ദിവസമെങ്കിലും പട്ടിണിയില്ലാതെ കഴിയണമെന്ന ചിന്ത നാട്ടുകാരിലാകെ വ്യാപിച്ചു. കാങ്കോൽ വില്ലേജിലെ ആലക്കാട്ട് പ്രദേശത്തെ മാവില കുഞ്ഞമ്പുനായരുടെ പൂഴ്‌ത്തിവെച്ച നെല്ല് കമ്യൂണിസ്‌റ്റ് –- കർഷകസംഘം നേതാക്കളും പ്രവർത്തകരും വിതരണം ചെയ്‌തു. സ്‌ത്രീകൾ ഉൾപ്പെടെ നിരവധിയാളുകൾ ജാഥയായി ചെന്ന് ഉച്ചയോടടുത്ത സമയത്താണ് നെല്ല് വിതരണം ചെയ്‌തത്.
ജന്മിമാരുടെ പരാതിക്ക് വലിയ പ്രാധാന്യം നൽകിയ ഗവൺമെന്റ്, എംഎസ്‌പിയെ ഉപയോഗിച്ച് ആ പ്രദേശത്ത് നരനായാട്ടുതന്നെ നടത്തി. വെളുപ്പിനെതന്നെ കോറോം വില്ലേജിലെത്തിയ എംഎസ്‌പിക്കാർ കമ്യൂണിസ്റ്റ് പാർട്ടിയുടെയും കഷകസംഘത്തിന്റെയും പ്രധാനപ്പെട്ട പ്രവർത്തകരെയെല്ലാം അറസ്റ്റുചെയ്‌തു തുറുങ്കിലടച്ചു.
അറസ്റ്റ് ചെയ്യപ്പെട്ടവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രകടനം നടത്തി. അറസ്റ്റ് ചെയ്യപ്പെട്ട പാർട്ടിപ്രവർത്തകർ എംഎസ്‌പിക്കാരുടെ വലയത്തിലായിരുന്നു. അതിനടുത്തേക്ക് നീങ്ങിയ പ്രകടനത്തിനുനേരെ എംഎസ്‌പിക്കാർ നിറയൊഴിച്ചു. ബി പൊക്കൻ തൽക്ഷണം വെടിയേറ്റ് മരിച്ചു. നിരവധിപേർക്ക് വെടിയേറ്റു. വെടിവെപ്പിനെത്തുടർന്ന് മർദനങ്ങൾക്ക് ശക്തിവർധിച്ചു. പൊലീസിനൊപ്പം ജന്മിമാരുടെ ഗുണ്ടകളും ആക്രമണത്തിൽ പങ്കാളികളായി. പാർട്ടി പ്രവർത്തകരിൽ പലരുടെയും വീടുകൾ തകർത്തു. വീടുകളിലുണ്ടായിരുന്ന സാധനങ്ങൾ അവർ കൊള്ളയടിച്ചു.
എന്നാൽ മർദനങ്ങളെ അവഗണിച്ചുകൊണ്ട് സമരം വ്യാപിക്കുകയാണ് ചെയ്‌തത്. പയ്യന്നൂർ ഫർക്കയിലെ ഏറ്റവും വലിയ ജന്മിയായ വേങ്ങയിൽ നായനാരുടെ കുറ്റൂരിലെയും പ്രാപ്പൊയിലെയും നെല്ലറകൾ തുറന്ന് നെല്ല് നാട്ടുകാർ വിതരണംചെയ്‌തു. ആലപ്പടമ്പിലെ ശ്രീധരൻ നമ്പീശന്റെ നെല്ലറയും തുറന്ന് നാട്ടുകാർ നെല്ല് വിതരണംചെയ്‌തു. കരിഞ്ചന്തയ്‌ക്കും പൂഴ്‌ത്തിവെപ്പിനുമെതിരായ സമരം നാടാകെ വ്യാപിച്ചു. പല പ്രദേശങ്ങളിലും പൂഴ്‌ത്തിവെക്കപ്പെട്ട നെല്ലുകൾ നാട്ടുകാർ ആവേശത്തോടെ വിതരണംചെയ്‌തു.
കരിഞ്ചന്തക്കാരെയും പൂഴ്‌ത്തിവെപ്പുകാരെയും സഹായിക്കാൻ രംഗത്തിറങ്ങിയ എംഎസ്‌പിക്കാരുമായി ജനങ്ങൾ പല സ്ഥലങ്ങളിലും ഏറ്റുമുട്ടി. ഏപ്രിൽ 23ന് എംഎസ്‌പിക്കാർ പുന്നക്കോടൻ കുഞ്ഞമ്പുവിനെ വെടിവെച്ചു കൊന്നു.
ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നടപടികൾ ശക്തിപ്പെട്ടതോടെ ചെറുത്തുനിൽപ്പിന്റെ ആക്കവും വർധിച്ചു. കിട്ടാവുന്ന ആയുധങ്ങൾ ശേഖരിച്ച് ജനങ്ങൾ പരമാവധി ചെറുത്തുനിന്നു. ചെറുത്തുനിൽപ്പിന്റെ ഭാഗമായാണ് കണ്ണൻ നായർ ഉൾപ്പെടെ 42 കമ്യൂണിസ്റ്റ്–-കർഷകസംഘം സേനാനികൾ ആയുധങ്ങളുമായി മുനയൻകുന്ന് കേന്ദ്രീകരിച്ചത്. പയ്യന്നൂർ ഫർക്കയിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് എരമം വില്ലേജ് കേന്ദ്രീകരിച്ച് അവർ രണ്ടുദിവസം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ യാത്രചെയ്‌താണ് മുനയൻകുന്നിൽ എത്തിച്ചേർന്നത്.
കുന്നും കാടും നിറഞ്ഞ ഉൾനാടൻ പ്രദേശമായിരുന്നു അന്ന് മുനയൻകുന്ന്. അവിടെ ജനവാസം വളരെ കുറവായിരുന്നു. അങ്ങിങ്ങ് ചില കുടിലുകൾ മാത്രമാണ് അന്ന് ഉണ്ടായിരുന്നത്. മൂന്നുവശവും കുന്നുകളാൽ വലയംചെയ്യപ്പെട്ട ഒരു പുൽമാടത്തിലായിരുന്നു സമരസേനാനികൾ കേന്ദ്രീകരിച്ചത്. ആ പുൽമാടത്തിലേക്ക് പ്രവേശിക്കാൻ ഒരു ഒറ്റയടിപ്പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ. കമ്യൂണിസ്റ്റ് പാർട്ടി അനുഭാവിയായിരുന്ന സി വി കൃഷ്‌ണൻ നായരുടെ ഉടമസ്ഥതയിലായിരുന്ന ആ പുൽമാടം സമരഭടന്മാർക്ക് ക്യാമ്പുചെയ്യാൻ വിട്ടുനൽകിയതായിരുന്നു.
ആ ക്യാമ്പിൽ കഴിഞ്ഞ സമരഭടന്മാർ ചെറുത്തുനിൽപ്പിനു ഭദ്രമായ സ്ഥലങ്ങൾ പരിശോധിച്ചു. ഏപ്രിൽ 30ന് അവർ യോഗംചേർന്ന് അതുവരെ ചെയ്‌ത പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർന്ന് ചെയ്യേണ്ട പ്രവർത്തനങ്ങൾക്ക് രൂപരേഖയുണ്ടാക്കുകയും ചെയ്‌തു.
മെയ് ഒന്നിന് വെളുപ്പിന് മൂന്നുമണിയോടടുത്ത സമയം. തുരുതുരാ വെടിവെപ്പിന്റെ ഭീകരമായ ശബ്ദം. അതിനെ വെല്ലുന്നവിധം എംഎസ്‌പിക്കാരുടെ അട്ടഹാസം. കണ്ണൻ നായർ ഉൾപ്പെടെയുള്ള സമരഭടന്മാർ കണ്ണു തുറന്നുനോക്കി. നാലുപാടും വെടിയുണ്ടകൾ ചീറിപ്പായുന്നു. എഴുന്നേറ്റു നോക്കിയിട്ട് എങ്ങോട്ടും നീങ്ങാൻ പഴുതില്ല. വെടിവെപ്പിനെത്തുടർന്ന് ആ പുൽമാടം എംഎസ്‌പിക്കാർ വളഞ്ഞിരിക്കുകയാണ്. മാടത്തിൽ കിടന്നിരുന്നവരെ ക്രൂരമായി മർദ്ദിച്ചതിനുശേഷം ഓരോരുത്തരെയായി പുറത്തുകൊണ്ടുവന്നു. രണ്ടു പൊലീസുകാർ ഇരുവശങ്ങളിലുമായി കൈയിൽ ബലമായി പിടിച്ചതിനുശേഷം ഒരു പൊലീസുകാരൻ വീതം ഓരോ സമരഭടന്റെയും നെഞ്ചിനുനേരെ തോക്ക് ചൂണ്ടിപ്പിടിച്ചുകൊണ്ടാണ് ഓരോരുത്തരെയും പുറത്തുകൊണ്ടുവന്നത്. എല്ലാ സമരഭടന്മാരുടെയും കൈയും കാലും കെട്ടി മുറ്റത്തിട്ടു. അവിടെവെച്ചും മർദനങ്ങൾ തുടർന്നു.
കെ എ ചിണ്ടപ്പൊതുവാൾ, കുഞ്ഞാപ്പു മാസ്റ്റർ, പാപ്പിനിശ്ശേരി കേളു, കണ്ണൻ നമ്പ്യാർ, ഗോവിന്ദൻ നമ്പ്യാർ, കുഞ്ഞിരാമൻ എന്നീ ആറുപേർ അവിടെക്കിടന്ന് അന്ത്യശ്വാസം വലിച്ചു. കണ്ണൻ നായർ മരിച്ചു എന്നുകരുതി പൊലീസ് ഉപേക്ഷിച്ച് പോകുകയായിരുന്നു. ‘മുനയൻകുന്ന് പോരാട്ടത്തിലെ ജീവിക്കുന്ന രക്തസാക്ഷി’ എന്നാണ് ഇ കെ നായനാർ കണ്ണൻ നായരെ വിശേഷിപ്പിച്ചത്.
മുനയൻകുന്നിൽനിന്ന് പൊലീസിനു പിടികൊടുക്കാതെ രക്ഷപ്പെട്ട മാവി ചിണ്ടൻ നമ്പ്യാരെയും മാരങ്കാവിൽ കുഞ്ഞമ്പുവിനെയും പിന്നീട് പൊലീസ് പിടികൂടി. ഭീകരമായ മർദനത്തെത്തുടർന്ന് ഇരുവരും കൊല്ലപ്പെട്ടു. മുനയൻകുന്നിൽനിന്ന് അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം ഏൽക്കേണ്ടിവന്ന ക്രൂരമായ മർദനത്തെത്തുടർന്നാണ് കോറോത്തെ കെ അബ്ദുൾ ഖാദർ കണ്ണൂർ സെൻട്രൽ ജയിലിൽവെച്ച് മരിച്ചത്.
ബീഡിത്തൊഴിലാളികളുടെ ഉജ്വലമായ പല സമരങ്ങൾക്കും 1940കളിലും 1950കളിലും ഉശിരൻ നേതൃത്വമാണ് കണ്ണൻ നായർ നൽകിയത്. ജാഥകളും കോർണർ യോഗങ്ങളും മെഗാഫോണിലൂടെയുള്ള പ്രസംഗങ്ങളുമായിരുന്നു അക്കാലത്തെ പ്രധാന പ്രചാരണമാർഗങ്ങൾ. അത്തരം പ്രചാരണ ഉപാധികൾ ഉപയോഗിച്ച് സമരങ്ങൾ ജനങ്ങളിലെത്തിക്കാൻ കണ്ണൻ നായർ നേതൃത്വം നൽകി.
കണ്ണൻ നായർ എന്ന പൊതുപ്രവർത്തകനെ കണ്ടെത്തി ഇരുത്തംവന്ന കമ്യൂണിസ്റ്റായി അദ്ദേഹത്തെ മാറ്റിത്തീർത്തതിൽ എൻ സുബ്രഹ്മണ്യ ഷേണായി വഹിച്ച പങ്ക് വിലപ്പെട്ടതാണ്. തന്റെ രാഷ്‌ട്രീയ ഗുരുനാഥന്റെ വ്യക്തിജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ കണ്ണൻ നായർ കരുതലുള്ള അനുജനായി പ്രവർത്തിച്ച പല മുഹൂർത്തങ്ങളും ഷേണായി വികാരവായ്‌പോടെ രേഖപ്പെടുത്തിയിട്ടുണ്ട്.
1946ൽ റെയിൽവേ‐പോസ്റ്റൽ തൊഴിലാളികൾ നടത്തിയ പണിമുടക്കിനെ സഹായിക്കുന്നതിൽ കണ്ണൻ നായർ മുൻനിന്നു പ്രവർത്തിച്ചു.
1950ൽ പിവിഎസ് കമ്പനിയിൽ ജോലിചെയ്‌തുകൊണ്ടിരിക്കുമ്പോഴാണ് കമ്യൂണിസ്റ്റ് വേട്ടയുടെ ഭാഗമായി പൊലീസ് ക്രൂരമായി മർദിച്ചത്. രണ്ടാംനിലയിൽ ബീഡി തെറുത്തുകൊണ്ടിരുന്ന കണ്ണൻ നായരെ കോണിയിലൂടെ പൊലീസ് ചവിട്ടി താഴെയിട്ടു.
1951ൽ പിവിഎസ് കമ്പനി പൂട്ടുമെന്ന് ഭീഷണിയുണ്ടായി. അതേത്തുടർന്ന് സുബ്രഹ്മണ്യ ഷേണായിയുടെയും കണ്ണൻ നായരുടെയും നേതൃത്വത്തിൽ തൊഴിലാളികൾ സമരത്തിലേർപ്പെട്ടു.
തൊഴിൽരഹിതരായി ബീഡിത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ സഹകരണസംഘം രൂപീകരിച്ചതും അതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും ഷേണായിയും കണ്ണൻ നായരുമായിരുന്നു. 12 തൊഴിലാളികളെ ഉൾപ്പെടുത്തി ഏഴുവർഷക്കാലം സ്ഥാപനം നടത്തി. സംഘത്തിന്റെ പ്രസിഡന്റ് സുബ്രഹ്മണ്യ ഷേണായിയും സെക്രട്ടറി കണ്ണൻ നായരുമായിരുന്നു.
1951ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പയ്യന്നൂർ ഫർക്ക സമ്മേളനം കണ്ണൻ നായരെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1952ലെ പൊതുതിരഞ്ഞെടുപ്പിൽ കിസാൻ മസ്‌ദൂർ പ്രജാ പാർട്ടിയുമായി സഖ്യത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടി മത്സരിച്ചത്. ഇരുകക്ഷികളും ചേർന്ന ഐക്യമുന്നണിയുടെ പയ്യന്നൂർ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചത് കണ്ണൻ നായരായിരുന്നു.
1951 മുതൽ 1964 വരെ ചിറയ്‌ക്കൽ താലൂക്ക് ടുബാക്കോ വർക്കേഴ്‌സ് യൂണിയന്റെ പയ്യന്നൂർ ഡിവിഷൻ കമ്മിറ്റി പ്രസിഡന്റായി പ്രവർത്തിച്ച കണ്ണൻ നായർ നിരവധി പോരാട്ടങ്ങൾക്ക് ഈ കാലയളവിൽ നേതൃത്വം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയുടെ പയ്യന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, പയ്യന്നൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി, പയ്യന്നൂർ ഫർക്ക സെക്രട്ടറി, ചിറയ്‌ക്കൽ താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഉശിരൻ നേതൃത്വമാണ് നൽകിയത്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കണ്ണൂർ ജില്ലാകമ്മിറ്റി രൂപീകരിക്കപ്പെട്ടപ്പോൾ ജില്ലാകമ്മിറ്റി അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
ദേശാഭിമാനി ജനറൽ മാനേജരായി പ്രവർത്തിച്ചുവരവെയാണ് അദ്ദേഹം സിപിഐ എം സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായിിക്കയാണ് അദ്ദേഹം അന്തരിച്ചത്.
ദേശാഭിമാനിയുടെ സാരഥി
കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമസ്ഥാപനമായി ദേശാഭിമാനിയെ ഉയർത്തിക്കൊണ്ടുവരുന്നതിൽ കണ്ണൻ നായർ നിസ്‌തുലമായ സംഭാവനയാണ് നൽകിയത്. അതേക്കുറിച്ച് ഇ എം എസ് അനുസ്‌മരിച്ചതിങ്ങനെ: ‘‘കൊച്ചി പതിപ്പ് തുടങ്ങിയതുമുതൽക്കുള്ള കാലത്ത് ദേശാഭിമാനിയുടെ ചരിത്രത്തിൽ രണ്ടു പ്രധാന ഘട്ടങ്ങൾ എടുത്തുപറയേണ്ടതായിട്ടുണ്ട്. രണ്ടിലും കണ്ണൻ നായർ വഹിച്ച പങ്ക് സ്‌തുത്യർഹമാണ്.
‘‘കൊച്ചി പതിപ്പിനുവേണ്ടി കിഴക്കൻ ജർമനിയിൽനിന്ന് ഒരു ആധുനിക യന്ത്രം വാങ്ങുന്നതു സംബന്ധിച്ച പ്രവർത്തനത്തിന്റെ കാലഘട്ടമാണ് ആദ്യത്തേത്. അന്ന് വളരെ സുലഭമല്ലാതിരുന്ന ഒരു പുതിയ അച്ചടിയന്ത്രം (ലക്ഷക്കണക്കിന് രൂപ വിലവരുന്നത്) വാങ്ങുകയായിരുന്നു. അതിന്റെ വിലയ്‌ക്കും ആ യന്ത്രമുപയോഗിച്ച് നടത്തുന്ന പ്രസിന് കെട്ടിടം ഉണ്ടാക്കുന്നതിനുമായി ലക്ഷക്കണക്കിന് രൂപ വേണം. പ്രസ് വാങ്ങണം, പ്രസ് നടത്തുന്നതു സംബന്ധിച്ച് സാങ്കേതികവിദ്യ വശമാക്കണം.
‘‘ഇതെല്ലാം സംഘടിപ്പിക്കുന്നതിൽ മറ്റു പലരും താന്താങ്ങളുടേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. എന്നാൽ അതെല്ലാം സ്വരൂപിച്ച് ഒരു സംഘടിത സ്ഥാപനമാക്കി ഉയർത്തുന്നതിൽ കണ്ണൻ നായർ വഹിച്ച പങ്ക് എല്ലാറ്റിലും ശ്രേഷ്‌ഠമാണ്. താൻ കൈവരിച്ച മറ്റെല്ലാറ്റിലുമെന്നപോലെ ഈ വ്യാപാര‐വ്യവസായസ്ഥാപനം നടത്തുന്നതിലും കണ്ണൻ നായർ അതിവേഗം പ്രാവീണ്യം നേടി. അദ്ദേഹത്തെപ്പോലെ ഒരാൾ അമരത്തിരുന്നില്ലെങ്കിൽ ആയിരക്കണക്കിന് മറ്റുള്ളവർ ചെയ്യുന്ന പ്രവർത്തനം തന്നെ വിഫലമാകുമായിരുന്നു.’’
ദേശാഭിമാനിയുടെ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധിഘട്ടമായിരുന്നു അടിയന്തരാവസ്ഥക്കാലം. പത്രത്തിൽ അച്ചടിക്കുന്ന ഓരോ വാർത്തയും ലേഖനവുമെല്ലാം സെൻസറെ മുൻകൂട്ടി കാണിച്ച് അനുവാദം വാങ്ങണമായിരുന്നു. അനുവാദം നിഷേധിക്കപ്പെടുന്ന ഇനത്തിന് പകരം മറ്റൊന്ന് പത്രത്തിൽ നൽകാൻ തയ്യാറാക്കിവെക്കുകയും വേണം. അത് പത്രത്തിന്റെ പ്രവർത്തനങ്ങളെ വളരെയേറെ പ്രതികൂലമായി ബാധിച്ചു.
മാത്രമല്ല ഗവൺമെന്റ് പരസ്യങ്ങൾ പലതും ദേശാഭിമാനിക്ക് നിഷേധിക്കപ്പെട്ടു. അത് പത്രത്തിന്റെ പ്രവർത്തനങ്ങളെ ശ്വാസംമുട്ടിച്ചു. സാന്പത്തികപ്രയാസംകൊണ്ട് സ്ഥാപനം പൊറുതിമുട്ടി. എന്നിട്ടും പത്രം കൃത്യമായി ഇറക്കുന്നതിൽ കണ്ണൻ നായരുടെ മികവുറ്റ നേതൃത്വത്തിന് സാധിച്ചു.
ഇരുപത്തിരണ്ടു വർഷക്കാലം ദേശാഭിമാനിയെ നാൾക്കുനാൾ ഉയർച്ചയിലേക്ക് നയിച്ച പി കണ്ണൻ നായർ 1990 മാർച്ച് ആറിന് അന്ത്യശ്വാസം വലിച്ചു. ♦
കടപ്പാട്: ഐ വി ദാസ് എഡിറ്റ് ചെയ്‌ത് ചിന്ത പബ്ലീഷേഴ്‌സ് പ്രസിദ്ധീകരിച്ച പി കണ്ണൻ നായർ എന്ന പുസ്‌തകം