സിഎഎ (പൗരത്വ ഭേദഗതി നിയമം) വിരുദ്ധ പ്രക്ഷോ ഭങ്ങളുമായും മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നതുമായുമുള്ള കേസിൽ അസമിലെ സ്വതന്ത്ര എംഎൽഎ അഖിൽ ഗൊഗോയിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
എന്നിരുന്നാലും ഈ കേസിൽ ഗൊഗോയിയുടെ വിടുതൽ റദ്ദാക്കിയ ഗുവാഹത്തി ഹൈക്കോടതി ഉത്തരവ്, ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യം, പങ്കജ് മിത്തൽ എന്നിവരടങ്ങുന്ന ബെഞ്ച് ശരിവെച്ചു.
സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ കേന്ദ്രസർ ക്കാരിനെതിരെ ശബ്ദമുയർത്തിയ നിയമസഭാംഗം തനിക്കെതിരെ കുറ്റം ചുമത്തുന്നത് തുടരാൻ അസമിലെ എൻഐഎ പ്രത്യേക കോടതിയെ അനുവദിച്ച, ഫെബ്രുവരി 19ലെ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടും മാവോയിസ്റ്റ് ബന്ധം സംശയിച്ചും ഗൊഗോയിക്കും അദ്ദേഹത്തിന്റെ മൂന്നു കുട്ടുകാർക്കുമെതിരെ, പ്രത്യേക കോടതിയിൽ കുറ്റം ചുമത്തുന്നതിന് എൻഐഎയ്ക്ക് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. എന്നാൽ എൻഐഎ പ്രത്യേക കോടതി ഈ നാലുപേർക്കും ക്ലീൻ ചിറ്റ് നൽകി. ഇതിനെതിരെ എൻഐഎ നൽകിയ അപ്പിലിൻമേലാണ് ഹൈക്കോടതി യുടെ ഉത്തരവുണ്ടായത്.
ജസ്റ്റിസുമാരായ സുമൻ ശ്യാം, മാലശ്രീ നന്ദി എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച്, കേസ് പുനരാരംഭിച്ച് കുറ്റപത്രം തയാറാക്കാൻ എൻഐഎയോട് ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവിനെതിരെയാണ് എംഎൽഎ അപ്പെക്സ് കോടതിയെ സമീപിച്ചത്.
ഗൊഗോയിയോടൊപ്പം അറസ്റ്റിലായ മറ്റു മൂന്നുപേർക്കും ജാമ്യം ലഭിച്ചിരുന്നു. കോടതി ജാമ്യം നിഷേധിച്ചത് ഗോഗൊയിക്കു മാത്രമായിരുന്നു. 567 ദിവസം ജയിലിൽ കിടന്ന ഗൊഗോയിയെ പ്രത്യേക എൻഐഎ ജഡ്ജി, പ്രജ്ഞൻ ദാസ്, മറ്റ് മൂന്നു കുറ്റങ്ങളിൽ നിന്നും വിമുക്തനാക്കിയശേഷമാണ് വിട്ടയച്ചത്.
നിലവിൽ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഗൊഗോയിയ്ക്കെതിരെ എൻഐഎ രണ്ട് കേസുകളാണ് അന്വേഷിക്കുന്നത്. അതിലൊന്നിൽ എൻഐഎ പ്രത്യേക കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണ ഏജൻസി (എൻഐഎ) ഇതിനെ ചോദ്യം ചെയ്തതിനെത്തുടർന്ന് 2021 ഏപ്രിലിൽ ഗുവാഹത്തി ഹൈക്കോടതിയും ഇത് ശരിവെച്ചു.
സിഎഎ വിരുദ്ധ അക്രമങ്ങളുമായി ബന്ധപ്പെട്ട രണ്ട മത്തെ കേസിൽ എൻഐഎ അന്വേഷിക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്തതിനാൽ വിവരാവകാശ പ്രവർത്തകൻ കൂടിയായ ഗൊഗോയിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വയ്ക്കുകയായിരുന്നു.
2019 ഡിസംബറിൽ സംസ്ഥാനത്തുനടന്ന അക്രമാസക്തമായ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റുചെയ്യപ്പെട്ട ഗൊഗോയിയെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മൂന്നുപേരെയും 2021 ജൂലൈ 21 ന് വിട്ടയച്ച എൻഐഎ പ്രത്യേക കോടതി ‘‘ഉപരോധവുമായി ബന്ധപ്പെട്ട’’ സംഭാഷണം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കു മേലുള്ള ഭീഷണിയെയോ ‘‘ഭീകരപ്രവർത്തന’’ത്തെയോ സൂചിപ്പിക്കുന്നതല്ല എന്ന് നിരീക്ഷിക്കുകയുണ്ടായി.
അതേത്തുടർന്ന് എൻഐഎ, ഐപിസി 1967ലെ നിയമപ്രകാരമുള്ള രാജ്യദ്രോഹക്കുറ്റം, യുഎപിഎ എന്നിവയുൾപ്പെടെയുള്ള വിവിധ വകുപ്പുകളനുസരിച്ചുള്ള കുറ്റം ഗൊഗോയ്ക്കുമേൽ ചുമത്തുന്നതിന് അനുവദിക്കുന്നതിനായി ഗുവാഹത്തി ഹൈക്കോടതിയിൽ അപ്പിൽ നൽകുകയായിരുന്നു. അതിനനുകൂലമായ ഹൈക്കോടതി ഉത്തരവാണ് ഇപ്പോൾ സുപ്രീംകോടതി റദ്ദുചെയ്തിരിക്കുന്നത്. ♦