Tuesday, April 30, 2024

ad

Homeവിശകലനംഒരുവശത്ത് ആക്രമണം 
മറുവശത്ത് പ്രീണനം

ഒരുവശത്ത് ആക്രമണം 
മറുവശത്ത് പ്രീണനം

സി പി നാരായണൻ

സ്റ്റര്‍ ദിവസം വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ചത് ഒരു വാര്‍ത്തയാണ്. അദ്ദേഹത്തെ തലസ്ഥാനനഗരത്തിലുള്ള ആര്‍ച്ച് ബിഷപ്പുമാരും മറ്റു പുരോഹിതരും കൂടി സ്വീകരിച്ചു എന്നാണ് വാര്‍ത്ത. ഇങ്ങുകേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും വിവിധ സഭാ അധ്യക്ഷന്മാരെ സന്ദര്‍ശിച്ചതായി വാര്‍ത്ത ഉണ്ടായിരുന്നു.

ഇത് പുതുമയുള്ള വാര്‍ത്തയാണ്. ആര്‍എസ്എസിന്റെ യോ പരിവാരത്തിന്റെയോ അവ പിന്താങ്ങുന്ന രാഷ്ട്രീയകക്ഷിയുടെയോ നേതാക്കള്‍ ന്യൂനപക്ഷ മതവിഭാഗങ്ങളുടെ അധികാരികളെ അവയുടെ വിശേഷ ദിവസങ്ങളില്‍ കണ്ട് ആശംസകള്‍ അറിയിക്കുന്ന പതിവില്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം കഴിഞ്ഞ ഒമ്പതുവര്‍ഷം ഇത്തരത്തിലൊരു സന്ദര്‍ശനം അദ്ദേഹം നടത്തിയിരുന്നില്ല. മറിച്ച് സംഘപരിവാരം ക്രിസ്തുമതക്കാര്‍ക്കും ക്രിസ്ത്രീയ ദേവാലയങ്ങള്‍ക്കും നേരെ വാക്കാലും കായികമായും ആക്രമണം നടത്തുകയായിരുന്നു. മൂന്നുമാസങ്ങള്‍ക്കുമുമ്പ് ഡിസംബറില്‍ ക്രിസ്–മസ് ദിനത്തില്‍ വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും തെക്കു കര്‍ണാടകത്തില്‍ വരെയും ഇത്തരത്തിലുള്ള ആക്രമണം നടന്നിരുന്നു.

യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം നല്‍കിയ കണക്കനുസരിച്ച് 2022ല്‍ മാത്രം ഇത്തരം 598 ആക്രമണം ഉണ്ടായി. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്-താന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് മുഖ്യമായി ആക്രമണങ്ങള്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മാത്രമല്ല, അതിനുമുമ്പുള്ള വര്‍ഷങ്ങളിലും ഇത്തരത്തിലുള്ള ആക്രമണം നടന്നിട്ടുണ്ട്. മോദി സര്‍ക്കാര്‍ 2019ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം ആക്രമണം രൂക്ഷമാകുന്നതായാണ് കാണുന്നത്. അത് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങള്‍ക്കു നേരെ മാത്രമല്ല; ആര്‍എസ്എസിന്റെയും പരിവാരത്തിന്റെയും പ്രധാന ഇര മുസ്ലീങ്ങളാണ്. അവരാണല്ലൊ ഇന്ത്യയിലെ പ്രധാന ന്യൂനപക്ഷം. അവരുടെ നേരെയുള്ള ആക്രമണം ഒരു കുറവുമില്ലാതെ തുടരുന്നു. 2019ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടശേഷം ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന പല നിയമങ്ങളിലും, പ്രത്യേകിച്ച് വിദേശത്തുനിന്നു ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തികവും അല്ലാത്തതുമായ സംഭാവന ലഭിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള നിയമത്തില്‍ ഭേദഗതി വരുത്തി. പല ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷക്കും ദുരിതനിവാരണത്തിനും മറ്റുമായി ലഭിച്ചുവന്ന സംഭാവനകള്‍ തടയപ്പെട്ടു. ദളിത് ആദിവാസി വിഭാഗങ്ങൾ വിവിധ രോഗ ബാധിതര്‍ , ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് സന്നദ്ധ സംഘടനകള്‍ വഴി നല്‍കി വന്ന ഭക്ഷണവും മരുന്നുകളും ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ തടയുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഫലത്തില്‍ ചെയ്തത്. ഈ വക സര്‍ക്കാര്‍ നടപടികളില്‍ പ്രധാനമായി പ്രതിഫലിച്ചത് ന്യൂനപക്ഷങ്ങളിലെ പാവപ്പെട്ടവരോടും നിസ്സാഹയരോടുമുള്ള നിര്‍ദയ സമീപനമായിരുന്നു.

മോദി സര്‍ക്കാരിനോട് ട്രംപ് ഭരണകാലത്ത് വലിയ അടുപ്പമുണ്ടായിരുന്നിട്ടും അമേരിക്കയിലെ ഔദ്യോഗിക ഏജന്‍സികള്‍ ഇവിടെ നടന്നുവന്ന ന്യൂനപക്ഷ വേട്ടയേയും അവരോടുള്ള കടുത്ത വിവേചനത്തെയും തുറന്നു കാട്ടുന്ന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. വിദേശമാധ്യമങ്ങളും ഏജന്‍സികളും അവിടങ്ങളിലെ സര്‍ക്കാരുകളും വരെ നടത്തിവന്ന തുറന്നു കാട്ടലുകളെയും വിമര്‍ശനങ്ങളെയും ഒട്ടും കൂസാതെയാണ് ഇവിടെ ഭൂരിപക്ഷ മതത്തിന്റെ പേരില്‍ സായുധരായ ആർഎസ്എസ് അക്രമികള്‍ നടത്തിവന്ന കയ്യേറ്റങ്ങളെയും കൊലപാതകങ്ങളെയുംവരെ മോദി സര്‍ക്കാര്‍ സംരക്ഷിച്ചുവരുന്നത്. ഇത് അക്രമങ്ങളെ തടയുകയും അക്രമികളുടെ മേല്‍ നിയമനടപടികള്‍ കൈ ക്കൊള്ളുകയും ചെയ്ത് ക്രമസമാധാന പാലനം നടത്താൻ ബാധ്യതപ്പെട്ട ഒരു മതനിരപേക്ഷ ജനാധിപത്യ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നീതിക്കു നിരക്കാത്തതാണ്. ഭരണഘടനയില്‍ അത് വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും മോദി സര്‍ക്കാര്‍ സംഘപരിവാര ശാസനയ്ക്കു കീഴില്‍ മതനിരപേക്ഷ ജനാധിപത്യസര്‍ക്കാരുകളുടെ മുഖമുദ്രയായ ഇത്തരം സാര്‍വത്രികനീതി പാലനത്തെ കാറ്റില്‍ പറത്തുന്നു.

എ ബി വാജ്പേയിയുടെ നേതൃത്വത്തില്‍ ബിജെപി കേന്ദ്രത്തില്‍ രൂപീകരിച്ച കൂട്ടുകക്ഷി മന്ത്രിസഭ 1998–2004 കാലത്ത് ഭരണത്തില്‍ ഉണ്ടായിരുന്നു. 2014 മുതല്‍ ഏതാണ്ട് 9 വര്‍ഷമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ സര്‍ക്കാരാണ് നിലവിലുള്ളത്. ഇങ്ങനെ 14 വര്‍ഷത്തോളം ഭരണത്തില്‍ ഉണ്ടായിരുന്നിട്ടും ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷി എന്ന് ഊറ്റംകൊള്ളുന്ന ബിജെപിക്ക് അവരുടെ പ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റവിധത്തില്‍ ജനങ്ങളോട് മതനിരപേക്ഷമായും നിഷ്പക്ഷമായും നീതി ബോധത്തോടെയും തുല്യതയുടെ അടിസ്ഥാനത്തിലും പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതേയില്ല. അങ്ങനെ ചെയ്യില്ല എന്ന ഭീഷണി മുഴക്കിക്കൊണ്ടാണ് ആര്‍എസ്എസ്þബിജെപി പരിവാരങ്ങളായി അറിയപ്പെടുന്ന ‘ഗോ സംരക്ഷണ വാദികളും’ മറ്റും ജനജീവിതത്തെ താറുമാറാക്കുകയും അവരുടെ ജീവനും സ്വത്തിനും മറ്റും വലിയ വിപത്ത് സൃഷ്ടിക്കുകയും ചെയ്യുന്നത്. കത്തീഡ്രലുകളിലും ബിഷപ്പ് ഹൗസുകളിലും മോദിയും കേരളത്തിലെ ബിജെപിക്കാരും കയറിയിറങ്ങുമ്പോൾ ഇപ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ അയൽ സംസ്ഥാനമായ കർണാടകത്തിൽ സംഘപരിവാറുകൾ ചർച്ചുകൾ തല്ലിത്തകർക്കുന്ന വാർത്തയാണ് വരുന്നത്. വടക്കേ ഇന്ത്യയിൽ വ്യാപകമായി ക്രിസ്ത്യാനികൾക്കെതിരെ സംഘപരിവാർ സംഘടനകൾ ആക്രമണമഴിച്ചുവിടുന്നു. ഇതൊന്നും പുതിയ കാര്യമല്ല. ഗ്രഹാംസ്റ്റെെയിൽസിനെയും മക്കളെയും സംഘപരിവാരം ചുട്ടുകൊന്നത് നമുക്ക് മറക്കാൻ പറ്റില്ല. മോദി കത്തീഡ്രൽ സന്ദർശിക്കുമ്പോൾ നാം ഓർക്കേണ്ട മറ്റൊരു കാര്യം ഗുജറാത്തിൽ മോദി ഭരിച്ചപ്പോൾ അവിടെ വ്യാപകമായി സംഘപരിവാറുകാർ നടത്തിയ ക്രിസ്ത്യൻ വേട്ടയാണ്. ഒഡീഷയിലെ കണ്ഡമാലിൽ 2007–08 ൽ നടന്ന ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളും ഓർക്കണം. എന്തിന് ലോകപ്രശ്സ്തയായ മദർ തെരസയ്ക്കെതിരെ ഇപ്പോഴും സംഘപരിവാറുകൾ ചൊരിയുന്ന ആക്ഷേപശരങ്ങൾ നിർത്താൻ പോലും അവർ തയ്യാറല്ല. ഇപ്പോൾ ഈസ്റ്റർ ദിനത്തിലായിരുന്നല്ലോ മോദിയും സംഘവും ക്രിസ്ത്യാനികളെ പ്രീണിപ്പിക്കാനായി പോയത്. എന്നാൽ ഈസ്റ്ററും ക്രിസ്മസും ആഘോഷിക്കാൻ പാടില്ലെന്ന് സംഘപരിവാറിന്റെ ജിഹ്വലേഖനമെഴുതിയിട്ട് അധിക കാലമായില്ല. ഇങ്ങനെ ഗോൾവാൾക്കർ വിചാരധാരയിൽ പറഞ്ഞ ക്രിസ്ത്യാനികൾ ആഭ്യന്തര ശത്രുക്കളെന്ന നിലപാട് പിന്തുടരുമ്പോൾ തന്നെയാണ് മോദിയും കൂട്ടരും ഈ ഇരട്ടത്താപ്പിന് തയ്യാറാകുന്നത്.

ഭൂരിപക്ഷമതക്കാരെ അവര്‍ താലോലിക്കുന്നു; ന്യൂനപക്ഷ മതക്കാരെ പല തരത്തില്‍ ദ്രോഹിച്ചു കൊണ്ടും വകവരുത്തിക്കൊണ്ടും ആണ് അത് ചെയ്യുന്നത്. രാജ്യത്ത് ഒറ്റമതക്കാര്‍ മതി, മറ്റു മതക്കാരൊന്നും വേണ്ട എന്നതാണ് ബിജെപിയുടെ നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദുക്കളോട് പ്രതിപത്തിയും മുസ്ലീം, ക്രിസ്ത്യന്‍ മതക്കാരോട് വിപ്രതിപത്തിയും സര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത്.

വളരെ സങ്കുചിതമാണ് സംഘപരിവാറിന്റെ വീക്ഷണം. മൊത്തത്തില്‍ ഹിന്ദുക്കളോട് എന്നു പറയും. പഴയ ഹിന്ദുവീക്ഷണത്തിലെ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര വിഭജനത്തില്‍ ശുദ്രരോട് മനുവാദികള്‍ക്ക് താല്‍പ്പര്യം ഇല്ല. അത് മനുസ്മൃതി പ്രകടമാക്കിയിട്ടുണ്ട്. കാലഹരണപ്പെട്ടുപോയ ആ കാലത്തിന്റെ കാഴ്ചപ്പാടിലാണ് ആര്‍എസ്എസ്–ബിജെപിക്കാര്‍ ഇപ്പോഴും തറച്ചുനില്‍ക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ രൂപമാണ് ഹിന്ദുത്വത്തിന്റെ ന്യൂനപക്ഷങ്ങളോടുള്ള ശത്രുതയായി പ്രകടിപ്പിക്കപ്പെടുന്നത്.

ആ വീക്ഷണം ഇന്ത്യയിലെ ജനസാമാന്യം ഒരു നൂറ്റാണ്ടിലേറെക്കാലം പോരാടി നേടിയെടുത്ത സ്വാതന്ത്ര്യത്തെയും സമത്വത്തെയും സാഹോദര്യത്തെയും അടിസ്ഥാനമാക്കിയുള്ള സമൂഹ സൃഷ്ടിക്ക് എതിരാണ്. മഹാത്മാഗാന്ധി പറഞ്ഞതുപോലെ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി ഇവിടെത്തന്നെ തുടര്‍ന്നു ജീവിക്കാന്‍ ആഗ്രഹിക്കുന്നവരെ എല്ലാം ഉള്‍ക്കൊള്ളുന്നതാണ് വീക്ഷണം. സ്വാതന്ത്ര്യസമരകാലത്താകെ ആ സമരത്തെ തുരങ്കം വച്ചുനടന്ന സങ്കുചിത വാദികളായ ഹിന്ദുത്വവാദികളുടെ വീക്ഷണമല്ല അത്. ആ സങ്കുചിത വീക്ഷണത്തെ ഇന്ത്യയിലെ ജനസാമാന്യം എന്നേ തള്ളിക്കളഞ്ഞതാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + two =

Most Popular