ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സാമ്പത്തിക വിഷയം ഡോളറിന്റെ തളർച്ചയാണ്. ഡോളറാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട അന്തർദേശീയ നാണയം. ഈ സ്ഥാനം ഡോളറിനു നഷ്ടപ്പെടുമോ? ചൈനയുടെ യുവാൻ അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തെ നാണയം ആ സ്ഥാനം ഏറ്റെടുക്കുമോ? പെട്ടെന്നൊന്നും സംഭവിക്കില്ല. പക്ഷേ, കാര്യങ്ങളുടെ പോക്ക് ആ ദിശയിലേക്കാണ്.
ചിത്രം 1-ൽ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ നാണയമായിരുന്ന ബ്രിട്ടീഷ് പൗണ്ടിനുണ്ടായ പതനം കാണാം. എന്തൊരു തകർച്ചയാണ് ഉണ്ടായതെന്ന് നോക്കൂ. 1947-ൽ ലോക നാണയ കരുതൽശേഖരത്തിന്റെ 80 ശതമാനം ബ്രിട്ടീഷ് പൗണ്ട് ആയിരുന്നു. അത് 1980 ആയപ്പോഴേക്കും 5 ശതമാനമായി തകർന്നു. ഇതിനു കാരണം അമേരിക്കൻ സമ്മർദ്ദത്തിനു കീഴ്വഴങ്ങി ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും നേതൃത്വത്തിൽ രൂപംകൊണ്ട ഡോളർ – സ്വർണ്ണ നാണയ വ്യവസ്ഥയായിരുന്നു.
ചിത്രം 1
ഡോളർ മേധാവിത്വത്തിന്റെ വളർച്ച
ഒന്നാംലോക യുദ്ധത്തിനു മുമ്പ് ലോകനാണയം ബ്രിട്ടീഷുകാരുടെ പൗണ്ട് ആയിരുന്നു. ലോകരാജ്യങ്ങളുടെ വിദേശനാണയ കരുതൽശേഖരത്തിൽ 80 ശതമാനത്തിലേറെയും പൗണ്ട് ആയിരുന്നു. എന്നാൽ രണ്ടാംലോക യുദ്ധം കഴിഞ്ഞതോടെ ബ്രിട്ടീഷ് സമ്പദ്ഘടന ദുർബലമായി. പുതിയൊരു നാണയ വ്യവസ്ഥയെക്കുറിച്ചുള്ള ചർച്ച ചെന്ന് അവസാനിച്ചത് ഡോളറിൽ ആയിരുന്നു. ചെറുത്തു നിൽക്കാനുള്ള ബ്രിട്ടന്റെ പരിശ്രമം വിജയിച്ചില്ല. പുതിയ ആഗോള സാമ്പത്തിക ശക്തിയായ അമേരിക്ക ഒരു കാര്യം ഉറപ്പു നൽകി. ആര് 35 ഡോളർ ഹാജരാക്കിയാലും ഒരു അൗൺസ് സ്വർണ്ണം പകരം നൽകും. അതുകൊണ്ട് ഡോളറിനെ സ്വർണ്ണത്തിനു തുല്യമായി കണക്കാക്കാം. മറ്റാർക്കും അവരുടെ നാണയത്തെക്കുറിച്ച് ഇത്തരമൊരു ഉറപ്പ് നൽകാൻ കഴിയുമായിരുന്നില്ല. അങ്ങനെയാണ് ഡോളർ ലോക നാണയമായത്.
നമ്മുടെ നാട്ടിൽ സർക്കാർ രൂപ അച്ചടിക്കുന്നതുപോലെ അന്തർദേശീയമായി ഡോളർ അച്ചടിച്ച് യുദ്ധങ്ങൾ നടത്തുന്നതിനും വിദേശ കമ്പനികൾ വാങ്ങുന്നതിനും വിദേശ ചരക്കുകൾ ഇറക്കുമതി ചെയ്യുന്നതിനും അമേരിക്കയ്ക്ക് കഴിഞ്ഞു. എല്ലാവർക്കും അമേരിക്കയെ വിശ്വാസമായതുകൊണ്ട് ഡോളർ മുഴുവൻ അവരുടെ വിദേശനാണയ ശേഖരത്തിൽ ചേർത്ത് സൂക്ഷിച്ചു. എപ്പോൾ കൊടുത്താലും സ്വർണ്ണം പകരം കിട്ടുമല്ലോ.
ഫ്ലോട്ടിംഗ് ഡോളർ വ്യവസ്ഥയിലേക്ക്
വിയറ്റ്നാം യുദ്ധത്തോടെ അമേരിക്കയുടെ വിശ്വാസ്യതയ്ക്ക് ഇളക്കം തട്ടി. കൂടുതൽ കൂടുതൽ രാജ്യങ്ങൾ ഡോളറിനു പകരം സ്വർണ്ണം ചോദിച്ചു വന്നു തുടങ്ങി. അച്ചടിച്ച് ഇറക്കിയ ഡോളറിനു തുല്യമായ സ്വർണ്ണം ഒരിക്കലും നൽകാനാവില്ലായെന്നതു വ്യക്തമായിരുന്നു. അതോടെ 1973-ൽ റിച്ചാർഡ് നിക്സൺ ഡോളറിനു പകരം സ്വർണ്ണം നൽകാമെന്ന വ്യവസ്ഥയിൽ നിന്ന് പിന്മാറി. മറ്റെല്ലാ നാണയവുംപോലെ ആഗോള ഡിമാൻഡും സപ്ലൈയും അനുസരിച്ച് ഡോളറിന്റെ മൂല്യം മറ്റു നാണയങ്ങളെ അപേക്ഷിച്ച് കൂടുകയും കുറയുകയും ചെയ്യും. അങ്ങനെ ലോകം സ്വർണ്ണ-ഡോളർ വ്യവസ്ഥയിൽ നിന്ന് ഫ്ലോട്ടിംഗ് ഡോളർ വ്യവസ്ഥയിലേക്കു മാറി. എങ്കിലും ഡോളർതന്നെ ഏറ്റവും പ്രധാനപ്പെട്ട ലോക നാണയമായി തുടർന്നു.
ചിത്രം 2
ചുരുങ്ങുന്ന ഡോളർ വിഹിതം
എന്നാൽ സമീപകാലത്ത് ഈ അവസ്ഥയിൽ ഒരു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ചിത്രം 2-ൽ ഐഎംഎഫിന്റെ കണക്കാണ് ഗ്രാഫായി കൊടുത്തിട്ടുള്ളത്. 1973-ൽ ആഗോള വിദേശനാണയ കരുതൽ ശേഖരത്തിന്റെ 90 ശതമാനത്തിലേറെ ഡോളർ ആയിരുന്നു. 1999-ൽ അത് 72 ശതമാനമായി കുറഞ്ഞു. 20 വർഷം പിന്നിട്ട് 2021 എത്തിയപ്പോൾ അത് 60 ശതമാനത്തിൽ താഴെയായി.
യൂറോപ്യൻ രാജ്യങ്ങളെല്ലാം ചേർന്നു രൂപം നൽകിയ യൂറോ നാണയമാണ് രണ്ടാമത്തെ പ്രധാനപ്പെട്ട ലോക നാണയം. ആഗോള കരുതൽ ശേഖരത്തിന്റെ 21 ശതമാനം യൂറോയാണ്. 6 ശതമാനം ജപ്പാന്റെ യെൻ ആണ്. 5 ശതമാനം പൗണ്ട് ആണ്. ശ്രദ്ധിക്കേണ്ട കാര്യം 2-–3 ശതമാനം മാത്രമായിരുന്ന മറ്റു നാണയങ്ങളുടെ വിഹിതം 10 ശതമാനമായി ഇപ്പോൾ ഉയർന്നിട്ടുണ്ട്.
യുവാൻ ലോകനാണയമോ?
ഇതിൽ പ്രധാനപ്പെട്ട ഒന്ന് ചൈനയുടെ യുവാൻ ആണ്. ചൈനയാണല്ലോ ഇന്നത്തെ രണ്ടാമത്തെ ആഗോള സാമ്പത്തിക ശക്തി. ആഗോള ജിഡിപിയിൽ അമേരിക്കയുടെ വിഹിതം 25.11 ശതമാനമാണെങ്കിൽ ചൈനയുടേത് 17.51 ശതമാനമായി ഉയർന്നിട്ടുണ്ട്. ഈ കണക്ക് കണ്ടിട്ട് ചൈനയുടെ യുവാൻ പെട്ടെന്ന് ലോകനാണയമായി ഉയരുമെന്ന് ആരും തെറ്റിദ്ധരിക്കരുത്.
കാരണങ്ങൾ പലതാണ്. ഏറ്റവും പ്രധാനപ്പെട്ട കാരണം ചൈനയുടെ യുവാൻ സ്വതന്ത്ര നാണയം അല്ല. ചൈനയിൽ നിന്ന് പണം കൊണ്ടുപോകുന്നതിനും തിരികെ കൊണ്ടുവരുന്നതിനും കർശനമായ നിയന്ത്രണങ്ങളുണ്ട്. സ്വതന്ത്ര നാണയ വ്യാപാരം അനുവദിച്ചല്ലാതെ മറ്റു രാജ്യങ്ങൾക്ക് യുവാനിൽ പൂർണ്ണ വിശ്വാസം ഒരിക്കലും വരില്ല. ഇതു കണക്കിലെടുത്ത് ചൈന ഇപ്പോൾ ഹോംങ്കോങ് പോലുള്ള പണമിടപാട് കേന്ദ്രങ്ങളിൽ യുവാൻ സ്വതന്ത്ര ഇടപാടുകൾ അനുവദിച്ചിട്ടുണ്ട്. പക്ഷേ, ഇതുകൊണ്ട് ആവില്ല.
രണ്ടാമത്തെ പ്രധാനപ്പെട്ട ഒരു കാരണം, ചൈനയുടെ വിദേശ നാണയ ശേഖരമാണ് അത് ലോകത്തെ ഏറ്റവും വലുതാണ്. ഇതിന്റെ 58 ശതമാനവും ഡോളറാണ്. മൂന്നുലക്ഷത്തിൽപ്പരം കോടി ഡോളർ. ഡോളർ തകരുകയാണെങ്കിൽ ഏറ്റവും വലിയ തിരിച്ചടി ചൈനയ്ക്കു തന്നെയായിരിക്കും. പുലിവാല് പിടിക്കുകയെന്നു പറഞ്ഞാൽ ഇതാണ്. അപ്പോൾ പുലിയുടെ വാല് വിടണം. എന്നാൽ അത് പറ്റില്ല. പിടി വിട്ടാൽ നമ്മളെ പുലി പിടിച്ചു തിന്നും. ഈയൊരു അവസ്ഥയിലാണ് ചൈന. അതുകൊണ്ട് ചൈന വളരെ കരുതലോടെയാണ് നീങ്ങുന്നത്.
റോഡ് ബെൽറ്റ് പ്രോഗ്രാം
ഇതിൽനിന്ന് കരകയറാനാണ്. ചൈനയുടെ കൈയിലുള്ള വിദേശനാണയ ശേഖരത്തിൽ നിന്നും മറ്റു രാജ്യങ്ങൾക്ക് വായ്പ കൊടുക്കുന്നത്. അത് പണമായിട്ടല്ല. ആ രാജ്യങ്ങളിൽ റോഡുകൾ, തുറമുഖങ്ങൾ, റെയിൽവേ ലൈനുകൾ തുടങ്ങിയ വമ്പൻ പശ്ചാത്തലസൗകര്യങ്ങൾ പണിയാനാണ് അത് നൽകുന്നത് . റോഡ് ബെൽറ്റ് പ്രോഗ്രാം എന്നാണ് ഇതിനെ വിളിക്കുന്നത്. പണിയുന്നതു ചൈനക്കാർ. നിർമ്മാണ സാമഗ്രികളും യന്ത്രങ്ങളും ചൈനയുടേത്. ചൈനയ്ക്ക് രണ്ടുണ്ട് നേട്ടം. കൈയിലിരിക്കുന്ന ഡോളറുകൾ മറ്റു രാജ്യങ്ങളുടെ ബാധ്യതകളായി മാറുന്നു. ഇവ വെറും വായ്പകളായി നൽകാതെ നിർമ്മാണ പ്രൊജക്ടായി നൽകുമ്പോൾ ചൈനീസ് സമ്പദ്ഘടനയ്ക്ക് അവ ഉത്തേജകമാകും. കരാറിൽ എത്തിയ രാജ്യങ്ങളിൽ വികസനവും വേഗത്തിലാകും. ആഫ്രിക്കൻ രാജ്യങ്ങളിലെല്ലാം ഇപ്പോൾ ചൈന ഇത് നടപ്പിലാക്കുകയാണ്. ഏതായാലും ഡോളർ വാങ്ങി കുന്നുകൂട്ടുന്ന പരിപാടി ചൈന അവസാനിപ്പിച്ചു.
റൂബിളിന്റെ തിരിച്ചുവരവ്
പുതിയൊരു മാറ്റവുംകൂടി ലോകത്ത് സംഭവിച്ചു തുടങ്ങി. അതോടെയാണ് ഡോളറിന്റെ പതനത്തെക്കുറിച്ചുള്ള കഥകൾ പരക്കാൻ തുടങ്ങിയത്. തുടക്കമിട്ടത് റഷ്യയാണ്. റഷ്യ – ഉക്രൈയിൻ യുദ്ധത്തെത്തുടർന്ന് റഷ്യയുടെമേൽ ഉപരോധം ഏർപ്പെടുത്തിയപ്പോൾ റഷ്യയുടെ റൂബിൾ തകർന്നു. എന്നാൽ യുദ്ധം ഒരു വർഷം പിന്നിടുമ്പോൾ റൂബിൾ തകർച്ചയിൽ നിന്നും കരകയറിയെന്നു മാത്രമല്ല, ശക്തമായ നിലയിലുമായി.
ഇതിന്റെ സൂത്രം രസാവഹമാണ്. റഷ്യയിൽ നിന്നുള്ള എണ്ണയും ഗ്യാസും യൂറോപ്പുകാർക്കു കൂടിയേതീരൂ. പക്ഷേ, അവ വേണമെങ്കിൽ ഡോളറിൽ വില തന്നാൽ പോരാ, റൂബിളിൽ തന്നെ വില നൽകണമെന്നായി റഷ്യയുടെ ശാഠ്യം. റൂബിളിന്റെ മൂല്യമാണെങ്കിൽ ഡോളറിൽനിന്ന് വിടുതൽ ചെയ്ത് സ്വർണ്ണവുമായി റഷ്യ ബന്ധിപ്പിച്ചു, പണ്ട് അമേരിക്ക ചെയ്തതുപോലെ. ഇതിന് ഇത്രയും സ്വർണ്ണശേഖരം റഷ്യയുടെ കൈയിൽ ഉണ്ടാകുമോ എന്നായിരിക്കും സംശയം. ഒരു സംശയവുംവേണ്ട, റഷ്യയാണ് സ്വർണ്ണം ഉല്പാദിപ്പിക്കുന്നതിൽ ലോകത്തിലെ രണ്ടാമത്തെ പ്രധാന രാജ്യം. റഷ്യയിലെ ബാങ്കുകളുടെ കൈയിലുള്ള സ്വർണ്ണവും നാട്ടുകാരുടെ കൈയിലുള്ള സ്വർണ്ണവും സർക്കാർ ശേഖരത്തിന്റെ ഭാഗമാക്കി. അതോടെ റൂബിളിന്റെ വിശ്വാസ്യതയേറി. റഷ്യയിൽനിന്നും സാധനം വാങ്ങാൻ താൽപ്പര്യമുള്ളവർ റൂബിൾ വായ്പയ്ക്കായി ശ്രമിച്ചു തുടങ്ങി. അതോടെ റൂബിളിന്റെ വിലയും ഉയർന്നു.
വ്യാപാരത്തിന്റെ ഡീ-ഡോളറൈസേഷൻ
മറ്റു രാജ്യങ്ങളുമായിട്ട് ഡോളർ ഒഴിവാക്കി കച്ചവടബന്ധം സ്ഥാപിക്കാൻ റഷ്യ ആരംഭിച്ചു. ഇന്ത്യയാണ് ഏറ്റവും നല്ല ഉദാഹരണം. ഇന്ത്യൻ രൂപയും റൂബിളും തമ്മിൽ ഒരു മാറ്റനിരക്ക് നിശ്ചയിച്ചു. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണ അടക്കമുള്ള സാധനങ്ങൾക്കെല്ലാമുള്ള വില രൂപയിൽ റഷ്യയുടെ അക്കൗണ്ടിൽ ഇട്ടുകൊടുത്താൽ മതി. അതുപോലെ റഷ്യ വാങ്ങുന്ന സാധനങ്ങളുടെ വില റൂബിളിൽ ഇന്ത്യയുടെ അക്കൗണ്ടിലും ഇട്ടുകൊടുക്കും. പക്ഷേ, ഇന്ത്യയുടെ ഇറക്കുമതിയാണ് വളരെ കൂടുതൽ. അത് റൂബിളിൽ റഷ്യക്കുള്ള കടമായിത്തീരും. ഭാവിയിൽ റഷ്യ ഇന്ത്യയിൽ നിന്ന് ചരക്കുകൾ ഈ തുകയ്ക്കുള്ളതു വാങ്ങിച്ചുകൊള്ളും. ഏതായാലും ഇന്ത്യ-–റഷ്യ വ്യാപാരത്തിൽ ഡോളറിന് ഇനിമേൽ സ്ഥാനമില്ല. ഇതുപോലെ മറ്റു പല രാജ്യങ്ങളുമായും റഷ്യ കരാർ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി ഇറാനും റഷ്യയുമായി പുതിയൊരു നാണയംതന്നെ ഉണ്ടാക്കാൻ ആലോചിക്കുകയാണ്. ഇന്ത്യയാകട്ടെ, യുഎഇയുമായി ഡോളർ ഒഴിവാക്കി വ്യാപാരത്തിനു ചർച്ച തുടങ്ങി.
ചൈനീസ് പ്രസിഡന്റ് ഷിയുടെ റഷ്യൻ സന്ദർശനത്തിൽ പ്രധാനപ്പെട്ടൊരു ചർച്ചാവിഷയം ഈ ഡീ-ഡോളറൈസേഷൻ ആയിരുന്നു. ചൈനയും റഷ്യയും തമ്മിലുള്ള വ്യാപാരം പൂർണ്ണമായും ഡോളർ ഒഴിവാക്കിക്കൊണ്ടുള്ളതായിരിക്കും. അതിലുപരി ലോകത്തെ ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളാണ് ബ്രിക്സ് – അതായത് ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവ. ഈ രാജ്യങ്ങൾ ഇപ്പോൾതന്നെ ഒരു പ്രത്യേക ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ലോകവ്യാപാരത്തിന് ഈ രാജ്യങ്ങളിലെ നാണയങ്ങളുടെ മൂല്യത്തോടു ബന്ധപ്പെടുത്തി ഒരു പുതിയ ലോക നാണയം സൃഷ്ടിക്കുന്നതിനെക്കുറിച്ച് അവർ ചർച്ച തുടങ്ങി.
ഇതിനിടയിലാണ് ബ്രസീലും അർജന്റീനയും തമ്മിൽ ചർച്ച ചെയ്ത് പുതിയതായി ഒരു പൊതു നാണയം പുറത്തിറക്കാൻ തീരുമാനിച്ചത്. സുർ അഥവാ തെക്ക് എന്നാണ് നാണയത്തിന്റെ പേര്. ഇക്വഡോർ ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇപ്പോൾ ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിലെ 96 ശതമാനം വ്യാപാരവും ഡോളറിലാണ്. ഇതിലാണ് വലിയൊരു മാറ്റം വരാൻ പോകുന്നത്.
രാഷ്ട്രീയ കോളിളക്കം
ഇതെല്ലാം വലിയ കോളിളക്കങ്ങളാണ് ലോക നാണയ വ്യവസ്ഥയിൽ വരുത്തിക്കൊണ്ടിരിക്കുന്നത്. ഇവയ്ക്ക് രാഷ്ട്രീയമാനങ്ങളും കൈക്കൊണ്ടു തുടങ്ങി. എണ്ണയെ നിയന്ത്രിക്കുന്നതിനുവേണ്ടി അറബ് രാജ്യങ്ങളെ തമ്മിൽ യുദ്ധം ചെയ്യിച്ചും സൈനികമായി കടന്നാക്രമിച്ചുംകൊണ്ടുള്ള വിദേശനയമാണ് അമേരിക്ക പിന്തുടർന്നു വന്നിട്ടുള്ളത്. അമേരിക്കയെ ചോദ്യം ചെയ്ത ഇറാഖ്, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളെ തകർത്തു തരിപ്പണമാക്കി. പക്ഷേ, പുതിയ സാമ്പത്തിക ഒഴുക്കുകൾ അമേരിക്കൻ വിദേശനയങ്ങളെ വെല്ലുവിളിക്കുന്നതിലേക്ക് എത്തി.
സൗദി അറേബ്യയും യമനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചു. ഇറാനുമായുള്ള ചർച്ചകൾ ആരംഭിച്ചു. പുട്ടിന് രാജകീയമായ സ്വീകരണമാണ് സൗദി അറേബ്യ നൽകിയത്. സൗദിയുടെ പുതിയ നീക്കങ്ങൾ അമേരിക്കയെ അറിയിക്കാതെയാണ് നടത്തിയത്. ഇതിൽ കുപിതരായ അമേരിക്ക അവരുടെ രഹസ്യാന്വേഷണ മേധാവിയെതന്നെ സൗദി അറേബ്യയിലേക്ക് അയച്ചു. അവർ ഈ സന്ദർശനത്തെ ഗൗനിച്ചില്ല. യമൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തീരുമാനവുമായി മുന്നോട്ടുപോയി.
ഇതൊക്കെക്കണ്ട് അമേരിക്കയ്ക്കു വെപ്രാളമായി. ആഫ്രിക്കൻ രാജ്യങ്ങളെ സ്വാധീനിക്കാൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് നേരിട്ട് ഇറങ്ങി. ചൈനയുടെ കൊളോണിയൽ ഉന്നങ്ങളെക്കുറിച്ച് ജാഗ്രതപ്പെടുത്തിയ അവർക്ക് ഘാന പ്രസിഡന്റ് നൽകിയ മറുപടി ട്വിറ്ററിൽ കേൾക്കുകയുണ്ടായി. കമല ഹാരിസിനെ നിർത്തിക്കൊണ്ടുതന്നെ അദ്ദേഹം പറഞ്ഞു : ‘‘വെള്ളക്കാർ ആഫ്രിക്കയിൽ വന്നത് ഞങ്ങളെ കൊള്ളയടിക്കാനാണ്. സ്വത്ത് മാത്രമല്ല, മനുഷ്യരെയും. ചൈന അതൊന്നും ചെയ്യുന്നില്ല. ഞങ്ങൾക്ക് ആവശ്യമായ റോഡും പാലങ്ങളും തുറമുഖങ്ങളും നിർമ്മിക്കാൻ സഹായിക്കുകയാണ്. അതിന് എന്തിന് മറ്റാരെങ്കിലും കെറുവിക്കണം’’.
ചുരുക്കത്തിൽ ഏകധ്രുവലോകം അതിവേഗത്തിൽ ദുർബലപ്പെടുകയാണ്. അമേരിക്കൻ ആധിപത്യം സാമ്പത്തികമായി ചോദ്യം ചെയ്യപ്പെടുന്നു. അമേരിക്കയുടെ മേധാവിത്വം ഇന്ന് സൈനിക കരുത്തിലാണ്. അത് ലോകത്തെ ബോധ്യപ്പെടുത്താനുള്ള യുദ്ധമാണ് യുക്രൈയിൻ യുദ്ധം. ഇറാൻ, -സൗദി തർക്കത്തിലെന്നപോലെ ഇവിടെയും സമാധാനത്തിനായി ഇടപെടാനാണ് ചൈന ശ്രമിക്കുന്നത്. അമേരിക്കയ്ക്ക് എത്രയേറെ അലോസരവും ജാള്യതയുമാണ് ഇത് സൃഷ്ടിക്കുന്നതെന്ന് ചൈനയോടുള്ള അവരുടെ ഹാലിളക്കം കണ്ടാൽ ഏതൊരാൾക്കും മനസിലാകും. ♦