1857ലെ ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ കര്‍ഷകരുടെ കലാപമെന്നു കൂടി മാര്‍ക്സ് വിശേഷിപ്പിച്ചിരുന്നു. അസംസ്കൃത വസ്തുക്കള്‍ ചുരുങ്ങിയ വിലയ്ക്ക് കൊള്ളയടിക്കുന്നതിന്റെ ഭാഗമായി കര്‍ഷക ജനതയേയും ചൂഷണം ചെയ്യുന്ന രീതിയായിരുന്നു ബ്രിട്ടീഷുകാര്‍ സ്വീകരിച്ചത്. അതിനെതിരെയുള്ള കര്‍ഷകരുടെ ചെറുത്തുനില്‍പ്പിന്റെ കൂടി ഭാഗമായാണ് ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ മാര്‍ക്സ് കണ്ടത്.
ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം ഈ പ്രക്ഷോഭത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പല ഇടപെടലുകളും നടത്തിയിരുന്നു. ബര്‍ദോണി സത്യാഗ്രഹം പോലുള്ളവ നടത്തിയത് ഇതിന്റെ ഭാഗമായിരുന്നു. ഭൂപരിഷ്കരണത്തിന്റെ ആവശ്യകത സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലം മുതല്‍തന്നെ കമ്യൂണിസ്റ്റുകാരും മുന്നോട്ടുവച്ചിരുന്നു. സാമ്രാജ്യത്വവും ജന്മിത്വവും തുലയട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കയ്യൂരിലെ സഖാക്കള്‍ കൊലമരമേറിയത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. തൊഴിലാളി – കര്‍ഷക ജനവിഭാഗങ്ങളുടെ ഐക്യത്തിലൂടെയേ രാജ്യത്തിന്റെ വിമോചനം സാധ്യമാവുകയുള്ളൂ എന്ന ആശയം കമ്യൂണിസ്റ്റുകാര്‍ സ്വതന്ത്ര്യ പ്രസ്ഥാന കാലത്തുതന്നെ മുന്നോട്ടുവച്ചിരുന്നു. കിസാന്‍ മസ്ദൂര്‍ പാര്‍ട്ടി രൂപീകരിച്ച് അതില്‍ പ്രവര്‍ത്തിക്കുന്ന രീതിതന്നെ കമ്യൂണിസ്റ്റുകാര്‍ സ്വീകരിച്ചിരുന്നു.
സ്വാതന്ത്ര്യം നേടി 75 വര്‍ഷം കഴിഞ്ഞിട്ടും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും തങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്കുവേണ്ടി പോരാടേണ്ടിവരുന്നു എന്നതാണ് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടന്ന മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി തെളിയിക്കുന്നത്. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഉതകുന്ന നടപടികളായിരുന്നില്ല സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടപ്പിലാക്കപ്പെട്ടത്. കൃഷി ഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം ഇന്ത്യയില്‍ ഇന്നും പ്രാവര്‍ത്തികമാക്കിയിട്ടില്ല. ഇടതുപക്ഷ സര്‍ക്കാരുകളാണ് ഈ മുദ്രാവാക്യങ്ങള്‍, അവർ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയത്.
ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കപ്പെട്ടതോടെ ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ മരണമണി മുഴങ്ങുകയായിരുന്നു. ഗാട്ട് കരാറാവട്ടെ സ്ഥിതിഗതികളെ ആകെ തകിടം മറിച്ചു. കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്ത്, 1991ൽ ധനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍സിങ് ഈ ആശയം ശക്തമായി അവതരിപ്പിച്ചു. ബി.ജെ.പി സര്‍ക്കാരും ഈ നയത്തെ കൂടുതല്‍ ശക്തമായി നടപ്പിലാക്കാന്‍ തുടങ്ങി.
2014ല്‍ മോദി അധികാരമേറിയതോടെ ഇതിന് വേഗം വര്‍ദ്ധിച്ചു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നാമമാത്രമായുണ്ടായിരുന്ന ആശ്വാസ നടപടികള്‍പോലും പിന്‍വലിക്കുകയും സബ്സിഡികള്‍ നിര്‍ത്തുകയും ചെയ്തു. പാവപ്പെട്ടവരുടെ സബ്സിഡി പിന്‍വലിക്കുമ്പോള്‍തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിവിതറുന്നതിന് യാതൊരു കുറവും വരുത്തിയില്ല. ഇതിനകം 11 ലക്ഷം കോടി രൂപയുടെ കോര്‍പറേറ്റ് കടമാണ് മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയത്. കര്‍ഷകരുടെ മാര്‍ക്കറ്റുകള്‍ പോലും കൈവശപ്പെടുത്തുന്നതിനുള്ള ഇടപെടലുകളും ഉണ്ടായി. വൈദ്യുതി സബ്സിഡി പോലും കര്‍ഷകര്‍ക്ക് നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ഇത്തരം രീതികള്‍ക്കെതിരെയാണ് ഐതിഹാസികമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചത്. ലോങ് മാര്‍ച്ച് പോലുള്ള സമരങ്ങളില്‍ തുടങ്ങി രാജ്യത്തെ സ്തംഭിപ്പിക്കുന്ന പ്രക്ഷോഭമായി അത് വളര്‍ന്നു.
തൊഴിലാളികള്‍ക്ക് നേരെയും കടുത്ത ആക്രമണമാണ് ഉണ്ടായത്. തൊഴിലാളികള്‍ക്ക് സംഘടിക്കാനും വിലപേശാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടു. തൊഴില്‍ സമയം വര്‍ദ്ധിപ്പിക്കുകയും കൂലി കുറയ്-ക്കുകയും ചെയ്തു. പെന്‍ഷന്‍ സമ്പ്രദായം ഉപേക്ഷിക്കപ്പെട്ടു. വിദ്യാഭ്യാസ–ആരോഗ്യമേഖലകളില്‍ പൊതുനിക്ഷേപം നാമമാത്രമായി. ഈ മേഖലയെല്ലാം തന്നെ കോര്‍പറേറ്റുകള്‍ക്ക് കൈമാറി. ഇതോടെ സാധാരണ ജനജീവിതം ചെലവേറിയതും ദുസ്സഹവുമായി. അതോടൊപ്പം രൂക്ഷമായ വിലക്കയറ്റവും. ജീവിതം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ സമരം ചെയ്യുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നായി. അതായത് നവഉദാരവല്‍ക്കരണ നയത്തിനെതിരെ ലോകമെങ്ങും പ്രക്ഷോഭങ്ങള്‍ വളര്‍ന്നുവന്നു. അതിന്റെ ഭാഗമാണ് രാംലീല മൈതാനിയില്‍ നടന്ന റാലിയും.
സ്വാമിനാഥന്‍ കമ്മീഷൻ മുന്നോട്ടുവെച്ച, ഉല്‍പ്പാദനച്ചെലവും അതിന്റെ പകുതി വിലയും ചേര്‍ത്തുള്ള താങ്ങുവില നല്‍കണമെന്ന ശുപാര്‍ശ നടപ്പിലാക്കുമെന്നു പറഞ്ഞാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. 9 വര്‍ഷം പിന്നിട്ടിട്ടും അവ നടപ്പിലാക്കിയില്ല. ഈ ആവശ്യമാണ് പ്രക്ഷോഭത്തിലെ പ്രധാന മുദ്രാവാക്യം. കാര്‍ഷിക കടാശ്വാസം പ്രഖ്യാപിക്കുക, തൊഴിലാളികള്‍ക്ക് 26,000 രൂപയെങ്കിലും മാസത്തില്‍ മിനിമം കൂലി ഉറപ്പാക്കുക, 60 വയസ്സ് കഴിഞ്ഞ കൃഷിക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുക, തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകളും വൈദ്യുതി ഭേദഗതി നിയമവും പിന്‍വലിക്കുക തുടങ്ങിയവ പ്രക്ഷോഭത്തിലെ പ്രധാന മുദ്രാവാക്യമാണ്.
ഒന്നാം യു.പി.എ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കുന്ന കാലത്താണ് തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയത്. രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് ഇത് പ്രധാനകാരണവുമായി. എന്നാല്‍ ഇപ്പോള്‍ തൊഴിലുറപ്പ് പദ്ധതി തന്നെ പടിപടിയായി ഇല്ലാതാക്കുക എന്ന സമീപനമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കോര്‍പറേറ്റുകള്‍ക്ക് പരവതാനി വിരിക്കുക, പാവങ്ങളെ പട്ടിണിയുടെ വരുതിയിലേക്ക് വലിച്ചെറിയുക എന്നതാണ് ബി.ജെ.പിയുടെ നയം. ഇതിനെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്താനാണ് വര്‍ഗീയ അജൻഡകള്‍ ഒന്നിനു പിറകെ ഒന്നായി സംഘപരിവാര്‍ അവതരിപ്പിക്കുന്നത്.
ഇന്ത്യയിലെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമെതിരായി നടത്തിക്കൊണ്ടിരിക്കുന്ന ഈ നീക്കങ്ങള്‍ രാജ്യത്തെ ജനതയുടെ പൊതു താല്‍പര്യങ്ങള്‍ക്കും എതിരാണെന്ന് കാണണം. ഇതിനെതിരെ വിപുലമായ തയ്യാറെടുപ്പുകളോടെയുള്ള പ്രക്ഷോഭ പരിപാടികളാണ് നടപ്പിലാക്കിയത്. ഇത്തരം പ്രക്ഷോഭങ്ങളുടെ മുമ്പില്‍ ഭരണാധികാരികള്‍ മുട്ടുമടക്കുന്ന അനുഭവങ്ങള്‍ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഐതിഹാസികമായ കര്‍ഷക പ്രക്ഷോഭത്തിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിന് അടിയറവ് പറയേണ്ടി വന്നു. നാസിക്കില്‍ നിന്ന് മുംബെെയിലേക്ക് അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ ഉയര്‍ത്തിയ 15 ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതെല്ലാം തന്നെ അംഗീകരിപ്പിക്കാന്‍ കഴിയുകയും ചെയ്തു.
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലെയും വൈദ്യുതി ജീവനക്കാര്‍ നടത്തിയ സമരവും വിജയിക്കുകയുണ്ടായി. കര്‍ണാടകം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന അംഗന്‍വാടി ജീവനക്കാരുടെ സമരവും ഹരിയാന, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന ആശാവര്‍ക്കര്‍മാരുടെ സമരവും വിജയത്തിലാണ് കലാശിച്ചത്. ഉച്ചക്കഞ്ഞി തൊഴിലാളികളുടെ സമരവും പ്രധാന ആവശ്യങ്ങള്‍ നേടിയെടുത്താണ് അവസാനിച്ചത്.
ഇന്ത്യയില്‍ സോഷ്യലിസവും കമ്യൂണിസവും സ്ഥാപിക്കാനാണ് സിപിഐ എം പ്രവര്‍ത്തിക്കുന്നത്. അതിന് മുന്നോടിയായി ജനകീയ ജനാധിപത്യ വിപ്ലവം നടത്തേണ്ടതുണ്ടെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഇതിനായി തൊഴിലാളി – കര്‍ഷക സഖ്യത്തെ കേന്ദ്രീകരിച്ചുകൊണ്ട് എല്ലാ ദേശാഭിമാന ജനാധിപത്യ ശക്തികളുടെയും വിപ്ലവ ഐക്യം കെട്ടിപ്പടുത്ത് മുന്നോട്ടുകൊണ്ടുപോകാനാണ് സിപിഐ എം ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്തെ ബൂര്‍ഷ്വാ – ഭൂപ്രഭു ഭരണവര്‍ഗ്ഗം മുന്നോട്ടുവയ്ക്കുന്ന ജനവിരുദ്ധ നയങ്ങളെ പ്രതിരോധിച്ചുകൊണ്ടുള്ള പോരാട്ടങ്ങളിലൂടെയാണ് ജനകീയ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കാനാവുക. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലെ സുപ്രധാന ഏടുകളാണ് തൊഴിലാളികളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം പ്രക്ഷോഭങ്ങള്‍. ♦