Saturday, November 23, 2024

ad

Homeപ്രതികരണംഅശരണരെ ചേർത്തുപിടിച്ച‍്

അശരണരെ ചേർത്തുപിടിച്ച‍്

പിണറായി വിജയൻ

വീടെന്നത് അചേതനമായ വെറുമൊരു കെട്ടിടമല്ല. ഏറ്റവും പ്രിയപ്പെട്ടതെല്ലാം ഒത്തുചേർന്നു നമ്മുടെ ജീവിതത്തെ തുടിപ്പിക്കുന്ന ഹൃദയമാണത്. ആ ആശയമാണ് ലൈഫ് മിഷന്റെ സത്ത. കുറച്ചു ദിവസങ്ങൾ മുൻപ് കണ്ണൂരിലെ കടമ്പൂരിൽ നിർമ്മിച്ച പുതിയ ഭവനസമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ആ യാഥാർത്ഥ്യം നേരിട്ട് അനുഭവിക്കാൻ സാധിച്ചു. വീട്ടുടമകളോടൊപ്പം അവരുടെ സന്തോഷത്തിൽ പങ്കു ചേരുകയും ചെയ്തു. ജീവിതത്തെ സാർത്ഥകമാക്കുന്ന നിമിഷങ്ങളിലൊന്നായിരുന്നു അത്.


കടമ്പൂരിനു പുറമെ കോട്ടയം ജില്ലയിലെ വിജയപുരം, ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍, കൊല്ലം ജില്ലയിലെ പുനലൂര്‍ എന്നിവിടങ്ങളിലും അതേ ദിവസം ഫ്ളാറ്റുകൾ ഉപഭോക്താക്കൾക്ക് കൈമാറി. ലൈഫ് ഭവന പദ്ധതിയിൽ ഇതുവരെയായി 3,35,968 വീടുകളാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസത്തിനായി കൈമാറിയത്. അതായത്, കഴിഞ്ഞ 7 വര്‍ഷംകൊണ്ട് മൂന്നര ലക്ഷത്തോളം കുടുംബങ്ങള്‍ക്കു സുരക്ഷിതമായ താമസസൗകര്യം ഒരുക്കാന്‍ നമുക്കു കഴിഞ്ഞു. ഇതൊരു വലിയ നേട്ടം തന്നെയാണ്. ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 50,005 വീടുകള്‍ സംസ്ഥാനത്ത് പൂര്‍ത്തീകരിച്ചു. 64,585 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്. ഇതിലുള്‍പ്പെട്ട 40,645 ഗുണഭോക്താക്കള്‍ 2020 ലെ ഗുണഭോക്തൃ പട്ടികയിൽപെട്ടവരുമാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലുമുണ്ടായിട്ടില്ലാത്ത വിധത്തിൽ വളരെക്കൂടുതൽ വീടുകള്‍ സുരക്ഷിതവും സൗകര്യങ്ങൾ നിറഞ്ഞതുമായ രീതിയിൽ നിര്‍മ്മിച്ച് വളരെ വേഗത്തിൽ ഭവനരഹിതര്‍ക്കു കൈമാറുകയാണ്. ഭവനനിര്‍മ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഉണ്ടാകുന്നത്.

നിലവിൽ ലൈഫ് മിഷന്‍ മുഖേന സംസ്ഥാനത്ത് 29 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണമാണ് ആരംഭിച്ചിട്ടുള്ളത്. ഇതിൽ നാലെണ്ണത്തിന്റെ നിര്‍മ്മാണം ഇതോടെ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇവയിൽ 174 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. മറ്റുള്ള 25 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലാണ്. ഇതിനു പുറമെ, എറണാകുളം ജില്ലയിലെ നെല്ലിക്കുഴി, തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ എന്നീ പഞ്ചായത്തുകളിൽ പുതിയ ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ലൈഫ് മിഷനോടൊപ്പം പ്രത്യേക പരിഗണന ആവശ്യമുള്ള വിഭാഗങ്ങളെ മുന്നിൽക്കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പുനര്‍ഗേഹം പദ്ധതിയും സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന കെയര്‍ ഹോം പദ്ധതിയും ഒക്കെ ഇക്കൂട്ടത്തിൽപ്പെടും. ഒപ്പം പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ ഭവനനിര്‍മ്മാണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ആശ്വാസം പകരുന്നതിന് പ്രത്യേക നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതമായി നടത്തുന്ന കാര്യത്തിൽ മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത്. ലൈഫ് മിഷന്‍ പദ്ധതിക്ക് ഈ വര്‍ഷത്തെ ബജറ്റിൽ 1,436.26 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. ഈ സാമ്പത്തികവര്‍ഷം 71,861 വീടുകളും 30 ഭവനസമുച്ചയങ്ങളും നിര്‍മ്മിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ നിലയിൽ ജനോപകാരപ്രദമായി പ്രവര്‍ത്തിച്ചുവരുന്ന സര്‍ക്കാരിനെതിരെ ജനശ്രദ്ധ തിരിച്ചുവിടുന്നതിന് ലൈഫ് പോലെയുള്ള മഹത്തായ പദ്ധതികളെപ്പോലും ദുരുപയോഗിക്കാന്‍ ചിലര്‍ തയ്യാറാകുന്നുവെന്നത് ദൗർഭാഗ്യകരമാണ്. എന്നാൽ, അതൊന്നും സര്‍ക്കാരിന്റെ പ്രതിബദ്ധതയോടുകൂടിയ ഈ രംഗത്തെ ഇടപെടലിനെ തരിമ്പും ബാധിക്കുന്നില്ല എന്നതിന്റെ വിളംബരം കൂടിയാണ് പുതിയ ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം.

ക്ഷേമ പദ്ധതികളിൽ നിന്നെല്ലാം സര്‍ക്കാരുകള്‍ പിന്‍വാങ്ങണമെന്ന വാദങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ലൈഫ് മിഷൻ. ഭവനരഹിതര്‍ക്കെല്ലാം വീടു വെച്ചു നൽകുക എന്നത് സാധ്യമാണോ എന്ന സന്ദേഹത്തിനുള്ള മറുപടിയാണത്. ലക്ഷങ്ങള്‍ക്കു തണലാകുന്ന പദ്ധതിയെ ഗൂഢാലോചനകളിലൂടെയും കുത്സിത പ്രവര്‍ത്തനങ്ങളിലൂടെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള മറുപടി. ഈ മറുപടികള്‍ കൊള്ളേണ്ടിടത്ത് കൊള്ളുമ്പോള്‍ അവര്‍ക്ക് അസ്വസ്ഥതയുണ്ടാവുന്നത് സ്വാഭാവികമാണ്.

ആ അസ്വസ്ഥതയിൽ നിന്നാണ് വ്യാജപ്രചാരണങ്ങളുണ്ടാകുന്നത്. തെറ്റായ കണക്കുകള്‍ നിരത്തിയുള്ള ആക്ഷേപങ്ങളുണ്ടാകുന്നത്. ഈ ആക്ഷേപങ്ങള്‍ക്ക് മറുപടിയുണ്ടോ എന്നാണ് വ്യാജപ്രചാരകരുടെ ചോദ്യം. ആ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഈ മൂന്നര ലക്ഷത്തോളം കുടുംബങ്ങളുടെ മുഖത്തുവിരിയുന്ന പുഞ്ചിരിയാണ്. ഇതിനപ്പുറം ഒരു മറുപടിയില്ല.

2011 മുതൽ 2016 വരെയുള്ള കാലയളവിൽ മൂവായിരത്തോളം ഭവനങ്ങള്‍ മാത്രമാണ് വച്ചു നൽകിയത് എന്ന് അന്നത്തെ സര്‍ക്കാര്‍ നിയമസഭയി ൽ അറിയിക്കുകയുണ്ടായി. 2016 ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നൽകിയത് 2,62,000 ത്തിലധികം വീടുകള്‍. അതായത് നൂറിരട്ടിയോളം വീടുകള്‍ എന്നര്‍ത്ഥം. ലൈഫ് പദ്ധതിയെ വിമര്‍ശിക്കുന്നവരും അത് നടപ്പാക്കുന്നവരും തമ്മിലുള്ള വ്യത്യാസം ഈ കണക്കുകളിലുണ്ട്.

ലൈഫ് പദ്ധതിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവര്‍ കാണാതെ പോകുന്ന ചില കണക്കുകള്‍ കൂടി ഈയവസരത്തിൽ പറയട്ടെ. 2020 ലെ മിഷന്‍ അന്ത്യോദയ റിപ്പോര്‍ട്ടിൽ ഭവന പദ്ധതികള്‍ക്കുള്ള സംസ്ഥാന വിഹിതവും കേന്ദ്ര വിഹിതവും എത്രയാണെന്ന് പറയുന്നുണ്ട്. കേരളത്തിൽ ഭവന പദ്ധതിയുടെ 85 ശതമാനവും സംസ്ഥാനവിഹിതമാണ്. കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന വിഹിതമാകട്ടെ 15 ശതമാനം മാത്രവും. ചില സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതം 70 ശതമാനം വരെ ലഭിക്കുന്നുണ്ട് എന്ന കാര്യം കൂടി കാണേണ്ടതാണ്. ഈ വിവേചനത്തിനെതിരെ ലൈഫ് മിഷന്‍ പദ്ധതിയെ തകര്‍ക്കാന്‍ നടക്കുന്നവര്‍ എവിടെയെങ്കിലും ശബ്ദിക്കുന്നതായി കേട്ടിട്ടുണ്ടോ. അതുണ്ടാവില്ല. കാരണം, അവരുടെ ലക്ഷ്യം ഭവനരഹിതര്‍ക്ക് വീട് നൽകുക എന്നതല്ല. അതിനുള്ള പദ്ധതിയെത്തന്നെ തകര്‍ക്കുക എന്നതാണ്.

അധികാരത്തിലെത്തിയാൽ പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങള്‍ ചവറ്റുകുട്ടയിലെറിയുന്ന സംസ്കാരം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. ചിലര്‍ക്ക് അധികാരം പിടിക്കാനുള്ള കുറുക്കുവഴി മാത്രമാണ് പ്രകടനപത്രിക. എന്നാൽ, ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇക്കൂട്ടത്തിൽ പെടുന്നില്ല. ജനങ്ങള്‍ക്കു നൽകിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാനുള്ളവയാണെന്ന ഉറച്ച ബോധ്യമാണ് മുന്നണിക്കുള്ളത്.

കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ 600 വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലൂടെ നൽകിയത്. 580 എണ്ണം പൂര്‍ത്തീകരിച്ചു. ഈ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാകട്ടെ 900 വാഗ്ദാനങ്ങളാണ് മുന്നോട്ടുവെച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ജനങ്ങള്‍ തുടര്‍ഭരണം നൽകിയത് ഈ വാഗ്ദാനങ്ങളുടെ പൊലിമ കണ്ടുകൊണ്ടു മാത്രമല്ല. അവ നടപ്പാക്കുമെന്ന വിശ്വാസ്യത കൊണ്ടുകൂടിയാണ്. ജനങ്ങള്‍ക്കു സര്‍ക്കാരിലുള്ള ആ വിശ്വാസം കൂടുതൽ ദൃഢമാവുകയാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen + two =

Most Popular