അയൽക്കൂട്ടതല ആവശ്യകതാ
നിർണയം
സംസ്ഥാനത്ത് വന്ദ്യവയോജനങ്ങളുടെ ക്ഷേമവും വികസനവും ലക്ഷ്യമിട്ടുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ഗ്രാമപഞ്ചായത്ത് തലത്തിൽ നിരവധി പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നുണ്ട്. ഈ പരിപാടികളുടെ ഗുണഫലങ്ങൾ വയോജനങ്ങൾക്ക് പ്രാപ്യമാകുന്നതിന് കൃത്യമായ നടപടിക്രമങ്ങൾ അവരുടെ പങ്കാളിത്തത്തോടെ രൂപപ്പെടുത്തേണ്ടതുണ്ട്. ഗ്രാമപഞ്ചായത്ത് തലത്തിലും നഗരസഭാ തലത്തിലും വയോജനങ്ങളുടെ ക്ഷേമവും വികസനവും ലക്ഷ്യമിട്ടുകൊണ്ട് വയോജന സൗഹൃദ ഗ്രാമം /നഗരം എന്ന പദ്ധതി ഇതിനകം നിരവധി ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ആരംഭിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനം കേന്ദ്രീകരിച്ച് നടപ്പാക്കിവരുന്ന ഈ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് /നഗരസഭ തലത്തിലും വാർഡ് തലത്തിലും തൃണമൂലതലത്തിൽ അയൽക്കൂട്ടങ്ങളും രൂപീകരിച്ചു വരുന്നു. പദ്ധതി ആവിഷ്കരിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ വയോജനങ്ങളുടെ പങ്കാളിത്തത്തോടെ ശേഖരിക്കുകയും അവർ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തുകയും അവയുടെ പരിഹാരനിർദ്ദേശങ്ങളും അവയുടെ നടത്തിപ്പുരീതിയും നിശ്ചയിക്കുന്നതിന് അവരുടെ തന്നെ സാന്നിധ്യത്തിൽ അവരുടെ അറിവോടുകൂടി നിർണയിക്കുകയും ചെയ്യുക എന്നത് ഈ പദ്ധതിയുടെ അവിഭാജ്യ ഘടകമാണ്. ഇതിലേക്കായി വയോജനങ്ങളുടെ ആവശ്യകതാ നിർണയം അവരുടെ പങ്കാളിത്തത്തോടെ അയൽക്കൂട്ടതലത്തിൽ നടത്തുന്നതായിരിക്കും ഉചിതം എന്ന് തിരിച്ചറിയുന്നു.
അയൽക്കൂട്ടതലത്തിൽ
വിവരശേഖരണം
എങ്ങനെ നടത്താം
വയോജനങ്ങളുടെ ക്ഷേമവും വികസനവും ലക്ഷ്യമിടുന്ന പരിപാടിയുടെ അടിസ്ഥാനഘടകം വയോജന അയൽക്കൂട്ടങ്ങളാണ്. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി 60 വയസ്സ് കഴിഞ്ഞ സ്ത്രീപുരുഷന്മാർ 15 മുതൽ 20 വീടുകളിൽനിന്നും ഒരു സ്ഥലത്ത് ഒത്തുകൂടുന്നു. ഓരോ അയൽക്കൂട്ടത്തിലും 15 മുതൽ 25 അംഗങ്ങൾ ഉണ്ടാകും. നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന ഭരണസമിതിയും ഓരോ അയൽക്കൂട്ടത്തിനുമുണ്ടാകും.
വയോജനങ്ങൾ നേരിടുന്ന
പ്രശ്നങ്ങളെ പ്രധാനമായും
5 മേഖലകളായി തിരിക്കാം.
1. ഭക്ഷ്യസുരക്ഷ- ഭക്ഷണ ദൗർല്യം
2. ആരോഗ്യം/മരുന്നുകളുടെ ലഭ്യത /സഹായ ഉപകരണങ്ങളുടെ ആവശ്യകത
3. ഒറ്റപ്പെടൽ/ പരിത്യജിക്കൽ/അവഗണന / മാനസികോല്ലാസത്തിന് അവസരമില്ലായ്മ തുടങ്ങിയവ മൂലം ഉണ്ടാകുന്ന മാനസിക സംഘർഷം
4. പാലിയേറ്റീവ് കെയർ- സേവന നിലവാരം മെച്ചപ്പെടുത്തൽ- കിടപ്പ് രോഗികൾ നേരിടുന്ന പ്രശ്നങ്ങൾ
5. സാമ്പത്തിക ഭദ്രത /വരുമാനം/ തൊഴിൽ
അയൽക്കൂട്ടത്തിൽ പങ്കെടുക്കുന്ന ഓരോരുത്തരും വ്യത്യസ്തങ്ങളായ പ്രശ്നങ്ങളായിരിക്കും നേരിടേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ ഓരോരുത്തരും നേരിടുന്ന പ്രശ്നങ്ങളും അവയ്ക്ക് നിർദ്ദേശിക്കാവുന്ന പരിഹാരങ്ങൾ സേവന രൂപത്തിൽ എങ്ങനെ നടപ്പാക്കാം എന്നതും അയൽക്കൂട്ടം ഒന്നായി ചിന്തിച്ച് രേഖപ്പെടുത്തേണ്ടതുണ്ട്. നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ മറ്റാരെങ്കിലും പരിഹരിക്കും എന്ന കാഴ്ചപ്പാടിൽനിന്നും വ്യത്യസ്തമായി നമ്മുടെ മുൻപിലുള്ള അവസരങ്ങളെ എങ്ങനെ നമുക്കായി പ്രയോജനപ്പെടുത്താം എന്നതായിരിക്കണം ഓരോ അയൽക്കൂട്ട അംഗത്തിന്റെയും ചിന്തയും പ്രവർത്തനവും. അയൽക്കൂട്ടത്തിലൂടെ ശേഖരിക്കുന്ന സ്ഥിതിവിവരകണക്കുകളുടെ സഹായത്തോടെ ചുവടെ ചേർക്കുംപ്രകാരം കർമ്മ പദ്ധതി തയ്യാറാക്കാവുന്നതാണ്.
വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും
സേവനം ലഭ്യമാക്കുന്ന രീതിയും സംബന്ധിച്ച സൂചിക