Friday, March 29, 2024

ad

Homeകവര്‍സ്റ്റോറിമുതിർന്ന പൗരരുടെ 
ജീവിത സൗഖ്യം ഉറപ്പാക്കാൻ

മുതിർന്ന പൗരരുടെ 
ജീവിത സൗഖ്യം ഉറപ്പാക്കാൻ

എൻ ജഗജീവൻ

മുതിർന്ന പൗര സമൂഹം നേരിടുന്ന ശാരീരിക, മാനസിക , സാമൂഹിക പ്രശ്നങ്ങൾ ആശുപത്രി, -മരുന്ന്, -ഡോക്ടർ എന്നിവ കൊണ്ടുമാത്രം പരിഹരിക്കാൻ കഴിയുന്നതല്ല.സമൂഹത്തിന്റെ പൊതുബോധത്തിൽ മാറ്റം ഉണ്ടാകുന്നതിനൊപ്പം സാമൂഹ്യ സംഘടനാ സംവിധാനങ്ങൾ , അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ , പൊതു സേവന സംവിധാനങ്ങൾ , പൊതു ഇടങ്ങൾ തുടങ്ങി എല്ലാ സംവിധാനങ്ങളും വയോ സൗഹൃദമാകേണ്ടതുണ്ട്.ഇങ്ങനെ വയോജനങ്ങളുടെ വ്യത്യസ്ത ആവശ്യങ്ങൾ സാമൂഹിക അധിഷ്ഠിതമായ ഇടപെടലുകളിലൂടെയും പൊതുബോധത്തിലുള്ള മാറ്റത്തിലൂടെയും മാത്രമേ സ്ഥായിയായ മാറ്റം വരുത്താൻ കഴിയു. . ഇതിന്‌ സഹായകമായ പ്രവർത്തന പരിപാടിയാണ് നമുക്ക് വേണ്ടത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാമൂഹിക സംഘടനകളുടെയും ,വയോജന സംഘടനകളുടെയും ,വയോജന ക്ഷേമ പരിപാടിക്കായി രൂപീകരിക്കുന്ന ത്രിതല സംഘടനാ സംവിധാനത്തിന്റെയും ,കുടുംബങ്ങളുടെയും ഒരു സംയോജിത പ്രവർത്തനം ആണ് അനിവാര്യമായിട്ടുള്ളത്. ഇതിന്റെ മുഖ്യതലം വയോജന അയൽക്കൂട്ടം ആണ്‌

വയോജന അയൽക്കൂട്ടം
മുതിർന്ന പൗരർക്കു വേണ്ടി രൂപീകരിക്കുന്നതാണ് വയോജന അയൽക്കൂട്ടം .രണ്ടോ മൂന്നോ കുടുംബശ്രീ അയൽക്കൂട്ടത്തിന്റെയോ 20 മുതൽ 30 വരെ കുടുംബങ്ങളുടെയോ പ്രദേശത്ത് ഒരു വയോജന അയൽക്കൂട്ടം എന്ന നിലയ്ക്ക് രൂപീകരിക്കാവുന്നതാണ്.ഭൂമി ശാസ്ത്രപരമായ സവിശേഷതകൾ ,വീടുകളുടെ അകലം ,മുതിർന്ന പൗരരുടെ എണ്ണം എന്നിവ കൂടി പരിഗണിച്ചു വേണം വയോജന അയൽക്കൂട്ടത്തിന്റെ പ്രവർത്തന പരിധി നിർണ്ണയിക്കാൻ. ഓരോ അയൽക്കൂട്ടവും 20 മുതൽ 30 പേരിൽ കൂടാത്തതായിരിക്കണം.ഓരോ അയൽക്കൂട്ടത്തിനും ഒരു ഭരണ സമിതി ഉണ്ടായിരിക്കണം .പ്രസിഡന്റ് , സെക്രട്ടറി ,ജോയിന്റ് സെക്രട്ടറി ,ട്രഷറർ എന്നിവർ അടങ്ങുന്ന അയൽക്കൂട്ട ഭരണ സമിതി ആയിരിക്കണം ഭരണ സമിതിയായി പ്രവർത്തിക്കേണ്ടത് .അയൽക്കൂട്ടത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കലാണ് അയൽക്കൂട്ട ഭരണ സമിതിയുടെ ചുമതല

അയൽക്കൂട്ട ഏകോപന സംവിധാനം
വാർഡ് തല വയോജന അയൽക്കൂട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, പ്രവർത്തന ആസൂത്രണം , തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായുള്ള ബന്ധം ,ഇതര സംഘടനകളുമായി അയൽക്കൂട്ടങ്ങളെ ബന്ധിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി വാർഡ് തലത്തിൽ ഒരു ഏകോപന സംവിധാനം ആവശ്യമാണ്

ലക്ഷ്യങ്ങൾ
• വയോജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടും പ്രശ്നങ്ങ ളും കണ്ടെത്തി പരിഹാരം ഉണ്ടാക്കുക.
• അയൽക്കൂട്ടത്തിൽ വരുവാൻ വിമുഖത കാണിക്കു ന്ന വനിതകളെ അയൽക്കൂട്ടത്തിൽ പങ്കാളിയ കാൻ പ്രേരിപ്പിക്കുക
• അയൽക്കൂട്ടത്തിന് കീഴിലുള്ള വയോജനങ്ങളുടെ ആരോഗ്യം, സാമ്പത്തിക, സാമൂഹിക, വൈകാരികമായ പ്രശ്നങ്ങളെ മനസിലാക്കി അവർക്ക് വേണ്ട പിന്തുണ നൽകുക
• പിന്തുണക്കും സഹായത്തിനും ഒരു കൂട്ടം സുഹൃത്തുക്കൾ ഒപ്പമുണ്ടെന്ന് ഉറപ്പാക്കുക,
ഘടന
• 60 വയസ്സിന് മുകളിൽ ഉള്ള എല്ലാവരെയും ഉൾപ്പെടുത്തുക.
• 15 – -25 വരെ അംഗങ്ങൾ
• കൺവീനർ & ചെയര്‍പേഴ്സന്‍
• 7 അംഗ ഭരണസമിതി (4 പുരുഷന്മാർ : 3 സ്ത്രീകൾ)
• കൺവീനർ / Chairperson – ഒരാൾ സ്ത്രീ ആയിരിക്കണം.
• അയൽക്കൂട്ടത്തിൽ പങ്കെടുക്കുവാൻ വിമുഖത കാണിക്കുന്ന വനിതകളെ കണ്ടെത്തി അയൽക്കൂട്ടത്തിൽ പങ്കെടുപ്പിക്കുന്നതിന് ചുമതലക്കാരെ നിയോഗിക്കുക
വാർഡ് തല കമ്മിറ്റി
വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അയൽക്കൂട്ട ഭാരവാഹികളും സന്നദ്ധ പ്രവർത്തകരും ഉൾക്കൊള്ളുന്നതാണ് വാർഡ് തല കമ്മിറ്റി .വാർഡിലെ വയോജന അയൽക്കൂട്ടത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകേണ്ടത് വാർഡ് തല കമ്മിറ്റിയാണ്.

ലക്ഷ്യങ്ങൾ
• അയൽക്കൂട്ട സമിതി പ്രവർത്തനങ്ങൾ വിലയിരുത്തുക .
• അയൽക്കൂട്ടങ്ങളിൽ ഉയർന്നു വരുന്ന പ്രശ്നങ്ങൾ പരിഹരിക്കുക.
• അയൽക്കൂട്ട സംഘാടനം ഉറപ്പ് വരുത്തുക
• കൃത്യമായി സേവനങ്ങൾ (മരുന്ന്, ഭക്ഷണം, പെൻഷൻ എന്നിവ അർഹതയുള്ളവരെ കണ്ടെത്തുക…) ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.

തദ്ദേശ സ്വയം ഭരണ തലം
അയൽക്കൂട്ടത്തിന്റെയും വാർഡ് തല സമിതിയുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തിൽ വയോജനക്ഷേമ വികസനത്തിനായി ഒരു കമ്മിറ്റി രൂപീകരിക്കണം . പ്രസിഡൻറ് അധ്യക്ഷനും ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വൈസ് ചെയർമാനും ആയിട്ടുള്ള സമിതി ഇതിനായി രൂപീകരിക്കാവുന്നതാണ്. വാർഡ് കമ്മിറ്റിയുടെ ഭാരവാഹികൾ ,വിവിധ സംഘടനാ പ്രതിനിധികൾ, തദ്ദേശ ഭരണ സ്ഥാപനത്തിലെ ആരോഗ്യം,, സാമൂഹ്യക്ഷേമപരിപാടികൾ എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും ഈ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കണം

ലക്ഷ്യങ്ങൾ
• വിവിധ തലത്തിലുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്തുക. പ്രവർത്തനങ്ങൾചുരുങ്ങിയത് മാസത്തിലൊരിക്കലെങ്കിലും വിലയിരുത്തുക
• വാർഡ് തല സമിതിയുടെ പ്രവർത്തനം ചിട്ടയായി നടക്കുന്നുവെന്ന് ഉറപ്പു വരുത്തുക.
• അയൽക്കൂട്ട സമിതിയുടെ പ്രവർത്തനം നടക്കുന്നുവെന്ന് ഉറപ്പു വരുത്തുക.
• വാർഡ്‌തല / അയൽക്കൂട്ട തല സമിതിയിൽ നിന്നും ഉയർന്നു വരുന്ന വയോജനങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുക.
• സാങ്കേതിക സമിതിയുടെയും റിസോഴ്സ് പേഴ്സൺമാരുടെയും സേവനം പ്രയോജനപ്പെടുത്തുക.

സാങ്കേതിക സഹായക സമിതി
നഗരസഭ / പഞ്ചായത്ത് തലത്തിൽ വയോജന സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് വിദഗ്ധ ഉപദേശങ്ങൾ നൽകുന്നതിനായി ഒരു സാങ്കേതിക സമിതി രൂപീകരിക്കാവുന്നതാണ്
ഘടന
• നഗരസഭ / പഞ്ചായത്ത് പ്രസിഡന്റ്
• സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ
• മെഡിക്കൽ ഓഫീസർമാർ (ആയുർവ്വേദം,അലോപ്പതി,ഹോമിയോ)
• സാങ്കേതിക സഹായം നൽകുന്ന ഏജൻസിയുടെ പ്രതിനിധികൾ.
• നഗരസഭയുടെ / പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ /-പ്രൈവറ്റ് ഡോക്ടർമാർ

നഗരസഭ / പഞ്ചായത്തുതല 
റിസോഴ്സ് ടീം
ഓരോ തദ്ദേശസ്വയം ഭരണസ്ഥാപനത്തിൽനിന്നും നിർദ്ദേശിക്കാവുന്ന ജനപ്രതിനിധികൾ ,സന്നദ്ധ പ്രവർത്തകർ, മുതിർന്ന പൗരർ എന്നിവരുടെ ഒരു സം ഘ ത്തെ പരിശീലിപ്പിച്ച് മുതിർന്ന പൗരരുടെ സാമൂഹ്യ സംഘടനാ സംവിധാനത്തെ പ്രവർത്തിക്കാനുള്ള റിസോഴ്സ് സംഘമായി നിയോഗിക്കേണ്ടതാണ്.

അയൽക്കൂട്ട രൂപീകരണം
വയോജന പരിപാലനത്തിന് സാമൂഹിക അധിഷ്ഠിത ഇടപെടൽ പ്രവർത്തന സമീപനം , പ്രവർത്തന മുൻഗണനകൾ , പ്രവർത്തന രീതികൾ എന്നിവയിൽ പരിശീലനം സിദ്ധിച്ച റിസോഴ്സ് പേഴ്സൺസിന്റെ നേതൃത്വത്തിൽ ആയിരിക്കണം അയൽക്കൂട്ട നവീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടത്. അയൽക്കൂട്ട രൂപീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് ചില തയ്യാറെടുപ്പുകൾ അനിവാര്യമാണ് .രൂപീകരിക്കേണ്ട അയൽക്കൂട്ടങ്ങളുടെ എണ്ണം, ഏതൊക്കെ പ്രദേശങ്ങളിൽ ആണ് അയൽക്കൂട്ടങ്ങൾ രൂപീകരിക്കേണ്ടത് ,അയൽക്കൂട്ട രൂപീകരണത്തിന് പ്രയോജനപ്പെടുത്താവുന്ന വ്യക്തികൾ ആരൊക്കെ, എവിടെയൊക്കെ അയൽക്കൂട്ട യോഗം ചേരണം എന്നിവ സംബന്ധിച്ച് വാർഡ് മെമ്പർ, പരിശീലനം സിദ്ധിച്ച റിസോഴ്സ് പേഴ്സൺമാർ, എ ഡി എസ് പ്രതിനിധികൾ, ആശ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ എന്നിവർ ഉൾക്കൊള്ളുന്ന സംഘം ഒന്നിച്ചിരുന്ന് ആലോചിച്ച്തയ്യാറാക്കേണ്ടതാണ്.
ഈ ആലോചനകൾക്കു കൃത്യമായി ഉണ്ടാകേണ്ട മാർഗ്ഗരേഖകൾ എന്തൊക്കെ?
• അയൽക്കൂട്ടം രൂപീകരിക്കേണ്ട ക്ലസ്റ്റർ ഏതൊക്കെ (രണ്ടു മുതൽ മൂന്നു വരെ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ പരിധി / 20 മുതൽ 30 വരെ വീടുകളുടെ പരിധി
• അയൽക്കൂട്ട രൂപീകരണം നിശ്ചയിച്ച ഓരോ ക്ലസ്റ്ററുകളിലും സംഘടനാ പ്രവർത്തനത്തിന് പ്രയോജനപ്പെടുത്താവുന്ന രണ്ടു മുതൽ മൂന്ന് വരെ വ്യക്തികളുടെ പേരുകൾ തയ്യാറാക്കുക
• യോഗം വിളിച്ചു കൂട്ടുന്നതിനായി മുതിർന്നവർക്ക് അനായാസം വന്നു പോകാവുന്ന സ്ഥലം ഏത് എന്ന് നിശ്ചയിക്കണം
• ക്ലസ്റ്ററുകളിൽ ഗൃഹ സന്ദർശനം നടത്തുന്ന ദിവസങ്ങൾ, തീയതികൾ എന്നിവ നിശ്ചയിക്കുക
• ഗൃഹ സന്ദർശനത്തിന് നേതൃത്വം കൊടുക്കുന്ന പരിശീലനം സിദ്ധിച്ച റിസോഴ്സ് പേഴ്സൺ ആരെന്നു തീരുമാനിക്കുക
• ക്ലസ്റ്റർ ചുമതലയുള്ള റിസോഴ്സ് പേഴ്സൺ ക്ലസ്റ്ററിൽ സംഘടനാ പ്രവർത്തനത്തിന് നിശ്ചയിച്ച വ്യക്തിയെ കാണുന്ന ദിവസം
• അയൽക്കൂട്ട രൂപീകരണ യോഗം ,സമയം ,വിഷയാവതരണം നടത്തുന്ന വ്യക്‌തി
അയൽക്കൂട്ട രൂപീകരണ 
യോഗത്തിൽ നടക്കേണ്ടവ
• പ്രായമായ മുതിർന്ന പൗരർ നേരിടുന്ന സാമൂഹിക,ശാരീരിക പ്രശ്നങ്ങൾ അവയുടെ പരിഹാരം സംബന്ധിച്ച്, പഞ്ചായത്ത് അംഗീകരിച്ച പ്രവർത്തനങ്ങളുടെ ലളിത അവതരണം. കേവലം ക്ലാസ് ആയി മാറാതെ പങ്കെടുക്കുന്നവരുടെ പങ്കാളിത്തത്തോടെ ആയിരിക്കണം അവതരണവും ചർച്ചയും നടക്കേണ്ടത്.
• ഒറ്റപ്പെടൽ, ആരോഗ്യം, ഭക്ഷണം എന്നിവയിൽ കൂട്ടായ്മയിലൂടെ ചെയ്യാവുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ചർച്ച, .ചർച്ചയിലൂടെയും കൂട്ടായ്മയിലൂടെയും പ്രാദേശികമായി ചെയ്യാവുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച് ഒരു പൊതു ധാരണയിൽ എത്തൽ
• തുടർന്ന് ഭാരവാഹികളെ തീരുമാനിക്കാം ,അടുത്ത അയൽക്കൂട്ടം കൂടുന്ന തീയതി ,സ്ഥലം ,യോഗവിവരങ്ങൾ
• അയൽക്കൂട്ടത്തിൽ വന്നവരും വരാത്തവരുമായ മുതിർന്നവരുടെ ഓരോ വീടും സന്ദർശിച്ചു അവരുടെ സാഹചര്യം ,വ്യക്തിപരമായ ആവശ്യങ്ങൾ ഏതൊക്കെ തരത്തിൽ അവർക്കു ഈ പ്രവർത്തനത്തിൽ പങ്കാളികൾ ആകാം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ആണ് ശേഖരിക്കേണ്ടത് .ഇതിനുള്ള ഗൃഹസന്ദർശനത്തിനുള്ള, ദിവസവും സന്ദർശനത്തിന് നേതൃത്വം കൊടുക്കുന്ന ഒന്നോ രണ്ടോ ടീമിനെയും നിശ്ചയിക്കുക
• അടുത്ത അയൽക്കൂട്ട യോഗത്തിനു മുൻപ് ഈ സന്ദർശനം പൂർത്തിയാക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തനം ആസൂത്രണം ചെയ്യേണ്ടതുണ്ട്

അയൽക്കൂട്ടത്തിന് ഒരു കർമ്മ പരിപാടി
അയൽക്കൂട്ട രൂപീകരണത്തിന്റെ തുടർച്ചയായി നടക്കുന്ന ഗൃഹസന്ദർശനത്തിനും അതാത് പ്രദേശത്തെ ഓരോ വ്യകതിയുടെയും അവസ്ഥയും ആവശ്യങ്ങളും ചിട്ടപ്പെടുത്താൻ കഴിയണം .ഇതിന്റെ അടിസ്ഥാനത്തിൽ അയൽക്കൂട്ട കോർ ടീം യോഗം ചേർന്ന് അയൽക്കൂട്ടതലത്തിൽ ഏറ്റെടുക്കുന്ന പരിഹരിക്കാവുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും പട്ടികപ്പെടുത്തി ഒരു പ്രവർത്തന പരിപാടി തയ്യാറാക്കേണ്ടതുണ്ട് .ഒറ്റപ്പെടൽ പരിഹരിക്കുന്നതിനുള്ള കൂട്ടായ്മകൾ ആരംഭിക്കൽ ,കൂട്ടായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കൽ ,കിടപ്പായവരെയും വീട്ടിൽ കഴിയുന്നവരെയും സന്ദർശിക്കുന്നതിനുള്ള പ്രവർത്തന കലണ്ടർ തയ്യാറാക്കൽ, ആശുപത്രികളും ആരാധനാലയങ്ങളും മറ്റു സ്ഥലങ്ങളും സന്ദർശിക്കുമ്പോൾ ഒപ്പം പോകാൻ ആൾ ആവശ്യമുള്ളവർ അതിനു വേണ്ടിയുള്ള ക്രമീകരണം ഉണ്ടാക്കൽ ,ഭക്ഷണം മരുന്ന് എന്നിവയിൽ അയൽക്കൂട്ടത്തിന് ചെയ്യാവുന്ന പ്രവർത്തനങ്ങളും അതിന്റെ നടപടികളും ചെയ്യാവുന്നതാണ്. തുടർന്ന് വാർഡ് തലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും പരിഹാരം കാണേണ്ട പ്രശ്നങ്ങളെ വാർഡ് കോർഡിനേഷനിൽ ചുമതലയുള്ള വ്യക്തിക്ക് കൈമാറേണ്ടതുമാണ് .ഇങ്ങനെ തയ്യാറാക്കുന്ന പ്രവർത്തന പരിപാടി അടുത്തതായി കൂടുന്ന അയൽക്കൂട്ടത്തിൽ ചർച്ച ചെയ്ത് അയൽക്കൂട്ടത്തിന്റെ ദൈനംദിന പ്രവർത്തനം ആക്കി മാറ്റാൻ കഴിയണം.അയൽകൂട്ടത്തിന്റെ കർമ്മപരിപാടികളെ പ്രതിദിന നടത്തിപ്പ് കലണ്ടറിലേക്കു മാറ്റാനും കഴിയണം
• ഒരു അയൽക്കൂട്ടത്തിനെ പ്രതിദിന പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ വിഭാവനം ചെയ്യാം എന്ന് ചിട്ടപ്പെടുത്തണം
• അയൽക്കൂട്ടങ്ങളിൽ വ്യത്യസ്തത സ്വഭാവത്തിലുള്ള ഒറ്റപ്പെടൽ, ആരോഗ്യ സേവനം, ഭക്ഷണ ലഭ്യത, പുറത്തേക്കു പോകുന്നതിനുള്ള കൂട്ട് ,പ്രവർത്തന അവസരങ്ങൾ തുടങ്ങി വ്യത്യസ്ത ആവശ്യങ്ങൾ ഉള്ളവർ ഉണ്ടാകും. അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പറ്റുന്ന തരത്തിൽ ഉള്ള പ്രവർത്തന പട്ടിക അയൽക്കൂട്ടത്തിൽ ഉണ്ടാകണം .
ഉദാഹരണമായി പൂർണ്ണമായും കിടന്നു പോയ വ്യക്തി. – ഇൗ വ്യക്തിയെ എല്ലാ ദിവസവും കാണുന്നതിനും സംസാരിക്കുന്നതിനുമുള്ള ആളുകളെ അയൽക്കൂട്ടം ചുമതല പെടുത്തണം .ഓരോ വീടുകളിലും വ്യത്യസ്ഥ ദിവസങ്ങളിൽ ആരൊക്കെയാണ് സന്ദർശിക്കുന്നത് എന്ന ധാരണ അയൽക്കൂട്ടത്തിൽ ഉണ്ടാകണം
• നടക്കുന്നതിനു കൂട്ട് ഇല്ലാത്തതു കൊണ്ട് നടത്തം മുടങ്ങിയ വ്യക്തി -,നടക്കുന്നതിനുള്ള കൂട്ടവും ,നടക്കേണ്ട പ്രദേശം ,സുരക്ഷിതമായി നടക്കേണ്ട സ്ഥലം എന്നിവ നിർണ്ണയിക്കുന്ന ഈ സംഘത്തിന്റെ പ്രതിദിന നടത്തം ഉറപ്പാക്കുന്നതിനും ചുമതലക്കാരെ നിയോഗിക്കുക
• ലൈബ്രറി ,വായനശാല ,ആരാധനാലയം ,സുഹൃത് ഭവനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാൻ താല്പര്യമുണ്ടെങ്കിലും ഒറ്റയ്ക്ക് പോകാനുള്ള താൽപര്യക്കുറവ് കാരണം പോകാതെ കഴിയുന്നവർ. അങ്ങനെയുള്ള വ്യക്തികളുടെ ഒപ്പം സഞ്ചരിക്കുന്നതിനു പറ്റിയ വ്യകതികളെ ബന്ധപ്പെടുത്തുന്നതിനും കൂട്ടിയോജിപ്പിക്കുന്നതിനും ക്രമീകരണം ഉണ്ടാക്കുക
• ചെറിയ രീതിയിൽ ഉള്ള കായിക തൊഴിലുകൾ ചെയ്യാൻ സന്നദ്ധരാണ് എന്നാൽ അവസരമില്ലാത്തവരെ കൂട്ടിയോജിപ്പിച്ഛ് ഭൂമി കണ്ടെത്തി പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള സംഘം രൂപീകരിച്ഛ് പ്രവർത്തിക്കുക
• അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി ഒന്നിച്ച് കൂടുന്നതിനും വിനോദ സല്ലാപങ്ങളിൽ ഏർപ്പെടുന്നതിനുമുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക
• വാതിൽപ്പടി സേവനം, വയോമിത്രം, പാലിയേറ്റീവ് സേവനം, സാമൂഹ്യക്ഷേമ പരിപാടികളും പെൻഷനുകളും , തുടങ്ങി തദ്ദേശ ഭരണ സ്ഥാപത്തിന്റേയും മറ്റു വികസന വകുപ്പുകളുടേയും വിവിധ സേവനങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തിൽ സംയോജിപ്പിക്കാനുളള നേതൃത്വവും മുതിർന്ന പൗര ർക്കായി രൂപീകരിക്കുന്ന സാമൂഹ്യ സംഘടനാ സംവിധാനം ഏറ്റെടുക്കേണ്ടതാണ്.
ഇങ്ങനെ ഒരു പൊതുവായ പരിപാടി ഉണ്ടാക്കുകയും അയൽക്കൂട്ടത്തിന്റെ പ്രതിദിന പ്രവർത്തനത്തിന്റെ ഭാഗമാക്കുകയും ചെയ്യുക. ജീവിത ശൈലി രോഗ പരിശോധന, മരുന്നിന്റെ ലഭ്യത തുടങ്ങി നടത്തേണ്ട പ്രവർത്തനങ്ങളും അതിന്റെ ചുമതല വഹിക്കേണ്ട ആൾക്കാരെയും തീരുമാനിക്കുക .ഇത്തരത്തിലുള്ള പ്രവർത്തനപരിപാടി രൂപീകരിക്കുന്നതിലൂടെ അയൽക്കൂട്ടത്തിന്റെ പ്രവർത്തനത്തെ ഫലപ്രദമാക്കാൻ സാധിക്കും .ഈ പ്രവർത്തന പരിപാടികളുടെ നടത്തിപ്പ് ,ആസൂത്രണം ,പ്രതിദിന ചുമതലക്കാർ ,പുതിയ ആവശ്യങ്ങൾക്കു അനുസരിച്ചുള്ള പ്രവർത്തനങ്ങൾ രൂപപ്പെടുത്തൽ, കാലികമായ പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ച എന്നിവയാണ് അയൽക്കൂട്ട യോഗത്തിൽ നടക്കേണ്ടത്. എല്ലാ ആഴ്-ചയിലും നിശ്ചിത സമയം എല്ലാ അംഗങ്ങൾക്കും സൗകര്യപ്രദമായ സ്ഥലത്ത് അയൽക്കൂട്ട യോഗം നടക്കണം. ആഴ്-ചയിൽ ഒരു യോഗം എന്നത് നിർബന്ധമാക്കണം എന്നാൽ അയൽക്കൂട്ടത്തിന്റെ ഭാഗമായി പ്രഭാത സായാഹ്ന നടത്തം, സൗഹൃദ സന്ദർശനം, സല്ലാപത്തിനും വിനോദത്തിനുമായുള്ള ഒത്തുചേരൽ, വരുമാന ദായക പ്രവർത്തനങ്ങൾ (കൃഷി തുടങ്ങിയവ ) എന്നിവ എല്ലാ ദിവസവും അയൽക്കൂട്ടത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി നടക്കുമ്പോൾ അയൽക്കൂട്ടത്തിന്റെ പ്രസക്തി വർധിക്കുകയും എല്ലാവർക്കും ബോധ്യപ്പെടുകയും ചെയ്യും. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eight + 18 =

Most Popular