Tuesday, February 27, 2024

ad

Homeനിരീക്ഷണംസ്വപ്ന സുരേഷിന്റെ ക്വട്ടേഷൻ മറനീങ്ങുന്ന ഡീൽ

സ്വപ്ന സുരേഷിന്റെ ക്വട്ടേഷൻ മറനീങ്ങുന്ന ഡീൽ

കെ ജി ബിജു

റിഞ്ഞോ, സംഭവം? സഫേമാ (SAFEMA) ആക്ടിലെ ആറാം വകുപ്പു പ്രകാരം സ്വപ്ന സുരേഷിന്റെ പേരിലുള്ള ഭൂമി കണ്ടുകെട്ടാൻ നൽകിയ നോട്ടീസ് മോദി സർക്കാർ പിൻവലിച്ചു. കള്ളക്കടത്തുകാരും വിദേശ കറൻസി തട്ടിപ്പുകാരും നിയമവിരുദ്ധമായി കൈക്കലാക്കുന്ന സ്വത്തുവകകൾ കണ്ടുകെട്ടാൻ ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തുന്ന നിയമമാണ് 1976ലെ സ്മഗ്ലേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് ആക്ട്. ഈ നിയമത്തിലെ ആറാം വകുപ്പു പ്രകാരം തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള സ്വപ്നയുടെ വസ്തുവകകൾ കണ്ടുകെട്ടാൻ 2022 സെപ്തംബർ 21ന് നോട്ടീസ് നൽകി. ഈ നോട്ടീസാണ് ഇപ്പോൾ കേന്ദ്രസർക്കാർ പിൻവലിച്ചിരിക്കുന്നത്. നോട്ടീസിനെതിരെ സ്വപ്ന നൽകിയ കേസ് വിചാരണയ്ക്കെടുക്കവെ, ഡെപ്യൂട്ടി സോളിസിറ്റർ ജനറലാണ് ഈ വിവരം കേരള ഹൈക്കോടതിയെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ വസ്തു കണ്ടുകെട്ടൽ സംബന്ധിച്ച് വില്ലേജ് റെക്കോഡുകളിൽ നടത്തിയ രേഖപ്പെടുത്തലുകൾ ഒഴിവാക്കണമെന്ന് വില്ലേജ് ഓഫീസർക്കു നിർദ്ദേശം നൽകി ഹൈക്കോടതി കേസ് തീർപ്പാക്കി.

അങ്ങനെ, സ്വർണക്കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ തിരുവനന്തപുരം തൈക്കാട് വില്ലേജിലെ കണ്ണേറ്റുമുക്കിലുള്ള ഒമ്പതര സെന്റ് ഭൂമിയ്ക്കു മേലുള്ള ജപ്തി നടപടികൾ റദ്ദാവുകയാണ്. ദേശാഭിമാനിയും കെെരളി പീപ്പിൾ ടിവിയും ഒഴികെ മുഖ്യധാരാ മലയാള പത്രങ്ങളോ ചാനലുകളോ ഇക്കാര്യം റിപ്പോർട്ടു ചെയ്തിട്ടില്ല. ആകെ ഈ വിവരം റിപ്പോർട്ടു ചെയ്തത് ഏപ്രിൽ നാലിന്റെ ഹിന്ദു പത്രം മാത്രം.

ജപ്തി നോട്ടീസ് ഒരു നാടകം
സ്വപ്ന സുരേഷിന് മടക്കിക്കിട്ടിയ ഭൂമി ഏതാണ് എന്ന് സ്വർണക്കടത്ത് കേസ് തുടക്കം മുതൽ പിന്തുടർന്നുവർക്ക് ഓർമ്മയുണ്ടാകും. മൂന്നു നിലയിൽ 6300 ചതുരശ്ര അടിയിലൊരു വീടു പണിയാൻ സ്വപ്ന സുരേഷ് അസ്ഥിവാരമിട്ടത് ഈ ഭൂമിയിലാണ്. ഈ ഭൂമിയാണ്, ആദ്യം ജപ്തി ചെയ്യപ്പെട്ടതും ഇപ്പോൾ കേന്ദ്രത്തിന്റെ കനിവോടെ, സ്വപ്നയ്ക്ക് മടക്കിക്കിട്ടുന്നതും. ഇത്ര കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതിയുടെ വസ്തുക്കൾ കണ്ടുകെട്ടാൻ നൽകിയ നോട്ടീസ് എങ്ങനെ പിൻവലിക്കപ്പെട്ടു? 2019 നവംബർ മുതൽ 2020 ജൂൺ വരെ 120 കിലോ സ്വർണം നയതന്ത്ര ചാനൽ വഴി കടത്തിയെന്ന കേസിലെ പ്രതിയാണിവർ. അവരുടെ പേരിലുള്ള ജപ്തി നടപടിയാണ് ഒച്ചയും അനക്കവുമില്ലാതെ പിൻവലിക്കപ്പെട്ടത്.

ഈ കേസും അനുബന്ധ നാടകങ്ങളും നിരീക്ഷിക്കുന്ന, സാമാന്യബുദ്ധിയ്ക്കു കേടുപാടുകളില്ലാത്തവർക്ക് ഇതിലൊന്നും ഒരത്ഭുതവുമില്ല. ഇതുപോലെ ഇനിയുമെന്തെല്ലാം കാണാനിരിക്കുന്നു? പല നോട്ടീസുകളും ഇതുപോലെ പിൻവലിക്കപ്പെടും. ജപ്തി ചെയ്ത പലതും തിരിച്ചു കിട്ടും. ജപ്തി ചെയ്യാതെ തന്നെ ചില സഹായങ്ങൾ സ്വപ്നയ്ക്കു ചെയ്തുകൊടുത്തിട്ടുണ്ട്. ഈന്തപ്പഴത്തിലെ സ്വർണക്കുരുവിന്റെയും ബിരിയാണിച്ചെമ്പിന്റെയും പിറകേ വെച്ചുപിടിച്ചവർ അതൊന്നും ചർച്ച ചെയ്യാൻ മെനക്കെട്ടിട്ടില്ല.

ജപ്തിയുടെ കള്ളക്കളികളിലേയ്ക്ക് പോകാം. ഇപ്പോൾ സ്വപ്നയ്ക്കു മടക്കിക്കിട്ടുന്ന കണ്ണേറ്റുമുക്കിലെ ഒമ്പതര സെന്റ് ഭൂമി അവരുടെ പാരമ്പര്യസ്വത്താണ്. മാതാവ് പ്രഭാ സുരേഷിൽ നിന്ന് അവർക്ക് ഭൂമി ലഭിച്ചത് 2019ൽ. ചന്ദ്രകാന്തിയിൽ നിന്ന് പ്രഭാ സുരേഷിന് കിട്ടിയത് 2011ൽ. സ്വർണക്കള്ളക്കടത്തു നടത്തിയ പണം കൊണ്ട് സ്വന്തമാക്കിയതല്ല ഈ ഭൂമിയെന്ന് വില്ലേജ് രേഖകളുടെ ആദ്യപരിശോധനയിൽത്തന്നെ വ്യക്തമാകും. പിന്നെന്തിനാണ് ഈ ഭൂമി ജപ്തി ചെയ്തത്? കള്ളക്കടത്തുകാരും വിദേശ കറൻസി തട്ടിപ്പുകാരും നിയമവിരുദ്ധമായി കൈക്കലാക്കുന്ന സ്വത്തുവകകളാണല്ലോ കണ്ടുകെട്ടേണ്ടത്. ആ നിർവചനത്തിന്റെയും നിയമത്തിന്റെയും വ്യവസ്ഥയിൽ വരുന്നതല്ലല്ലോ ഈ ഭൂമി. എന്തായാലും ഈ ഭൂമി മടക്കിക്കൊടുക്കേണ്ടി വരുമെന്ന് ജപ്തി നോട്ടീസ് ഇറക്കിയവർക്ക് അറിയാതെ പോവില്ലല്ലോ. പിന്നെന്തിനായിരുന്നു ഈ നാടകം?

ഈ നോട്ടീസ് സ്വപ്നയ്ക്കു നൽകിയത് 2022 സെപ്തംബറിലാണ്. അറസ്റ്റിലായി രണ്ടുകൊല്ലവും രണ്ടുമാസവും കഴിഞ്ഞ്. എന്താണ് അത്ര വൈകി ഒരു നോട്ടീസ് ഭീഷണി? എൻഐഎ ഇവരെ അറസ്റ്റു ചെയ്തത് 2020 ജൂലൈ 11ന്. എൻഫോഴ്സ്–്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തിയത് 2020 ജൂലൈ 22ന്. കസ്റ്റംസ് വക അറസ്റ്റ് 2022 ജൂലൈ 24ന്. 2002 ലെ കള്ളപ്പണം തടയൽ നിയമത്തിന്റെ വകുപ്പ് 50 പ്രകാരം കൊച്ചിയിലെ അസിസ്റ്റന്റ് എൻഫോഴ്സ്–്മെന്റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാൻ ആരംഭിച്ചത് 2020 ആഗസ്റ്റ് 5ന്. സ്വപ്ന സുരേഷിന്റെയും കൂട്ടുപ്രതികളുടെയും സ്ഥാവര, ജംഗമ വസ്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യത്തെ അറ്റാച്ച്മെന്റ് ഓർഡർ നൽകിയത് 23-–12-–2020ന്. അതും കഴിഞ്ഞ് ഒരു വർഷവും ഒമ്പതു മാസങ്ങളും കഴിഞ്ഞപ്പോഴാണ് പാരമ്പര്യസ്വത്ത് കണ്ടുകെട്ടുമെന്ന് തെര്യപ്പെടുത്തി ഒരു നോട്ടീസ് നൽകിയത്. ഈ നോട്ടീസ് വഴി എന്തു ലക്ഷ്യമാണ് അതിറക്കിയവർ നേടിയത്?

നോട്ടീസിന്റെ ലക്ഷ്യമെന്ത്?
ഈ നോട്ടീസ് കിട്ടുന്നതിന് മുമ്പും പിന്നീടും നടന്ന സംഭവങ്ങൾ ഒന്നു റീവൈൻഡ് ചെയ്തു നോക്കാം. 2022 സെപ്തംബർ 20ന് സ്വപ്ന നടത്തിയ പത്രസമ്മേളനത്തിന്റെ വിശദമായ റിപ്പോർട്ട് ന്യൂസ് 18 വെബ്സൈറ്റിൽ ഇപ്പോഴുമുണ്ട്. ‘‘സൈലന്റായെന്ന പ്രചാരണം ശരിയല്ല; ബംഗളൂരുവിൽ ജോലി കിട്ടി; ഇ ഡി അന്വേഷണത്തിൽ തൃപ്ത’; സ്വപ്ന സുരേഷ്” എന്നാണ് തലക്കെട്ട്. “മുഖ്യമന്ത്രിക്കെതിരെ തുടര്‍ച്ചയായി ആരോപണം ഉന്നയിച്ചശേഷം, ഇപ്പോള്‍ നിശബ്ദയായെന്ന വിമര്‍ശനം തള്ളി സ്വപ്ന സുരേഷ് രംഗത്ത്” എന്നാണ് ഇൻട്രോ. “രാഷ്ട്രീയ താൽപര്യം വച്ച് ദിവസവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് മുഖ്യമന്ത്രിക്കെതിരെ പറയേണ്ടതില്ല” എന്നൊരു വാചകവും ആ വാർത്തയിലുണ്ട്. ഈ വാചകം പറഞ്ഞതിന്റെ പിറ്റേ ദിവസമാണ് പാരമ്പര്യസ്വത്തു കണ്ടുകെട്ടുമെന്ന ജപ്തി നോട്ടീസ്.

നാൾവഴി പരിശോധിച്ചാൽ അക്കൊല്ലത്തെ ആഗസ്തിലും സെപ്തംബറിലും ഒരു മന്ദിപ്പുണ്ട്. ചർച്ചയും വാർത്തയുമൊന്നുമില്ലാതെ സ്വപ്ന സുരേഷ് പൂർണമായും മാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമായ കാലം. ആ നിശബ്ദത ആരെയൊക്കെയോ കുപിതരാക്കിയിട്ടുണ്ട്. മാധ്യമങ്ങൾ കൈയയച്ചു സഹായിച്ചിട്ടും പറഞ്ഞതൊന്നും പൊതുസമൂഹത്തിൽ ഏശുന്നില്ലല്ലോ എന്നൊരു തോന്നൽ. പറയാനേൽപ്പിച്ചത് സ്വപ്ന പറയാത്തതിലുള്ള വൈരാഗ്യവുമുണ്ടാകാം. മുഖ്യമന്ത്രിയ്ക്കെതിരെ എന്നും വല്ലതുമൊക്കെ പറയണമെന്ന് ചിലർ. എന്നും വേണ്ട, വല്ലപ്പോഴുമൊക്കെ ആകാം എന്ന് സ്വപ്ന. എന്നും അങ്ങനെ വേണമെന്ന് ശഠിച്ചവർക്കുള്ള മറുപടിയാണ് 2020 സെപ്തംബർ 20ന്റെ പത്രസമ്മേളനം. അതിനു തൊട്ടുപിറ്റേന്നാണ് പാരമ്പര്യസ്വത്ത് കണ്ടുകെട്ടുമെന്ന നോട്ടീസ്.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. തികച്ചും യാദൃച്ഛികമായിരിക്കാം, നോട്ടീസ് കിട്ടി 22 ദിവസം തികഞ്ഞപ്പോൾ ‘ചതിയുടെ പത്മവ്യൂഹം’ എന്ന സ്വപ്നയുടെ ആത്മകഥ വിപണിയിലെത്തി. ഒക്ടോബർ 13നായിരുന്നു പുസ്തക പ്രകാശനം. പക്ഷേ, പുസ്തകത്തിന് വലിയ ഗുമ്മുണ്ടായിരുന്നില്ല. ശിവശങ്കറും സ്വപ്നയും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ വെച്ച് ദൃശ്യമാധ്യമങ്ങൾ ഒരുദിവസം കൊണ്ടാടിയെങ്കിലും പത്രങ്ങൾ പൊതുവെ ഒരു മമത കാണിച്ചില്ല. ഒക്ടോബർ 14ന്റെ മനോരമയിൽ ഒമ്പതാം പേജിലൊരു മൂലയ്ക്ക് മൂന്നു കോളം വാർത്ത മാത്രം. യഥാർത്ഥ ബോംബു പൊട്ടാൻ പിന്നെയും ഒരാഴ്ച കൂടി വേണ്ടി വന്നു.

ഒക്ടോബർ 22. എൻഐഎയ്ക്കും ഇഡിയ്ക്കും കസ്റ്റംസിനും നൽകിയ മൊഴികളിലും പല ചാനലുകളിലായി നടത്തിയ മാരത്തോൺ അഭിമുഖങ്ങളിലും എന്തിന്, ആത്മകഥയിൽ പോലും വെളിപ്പെടുത്താത്ത അശ്ലീലധ്വനിയുള്ള ആരോപണങ്ങൾ സിപിഐ എം നേതാക്കൾക്കെതിരെ ചൊരിഞ്ഞ് സ്വപ്നയുടെ വാർത്താസമ്മേളനം. അങ്ങനെ, 2022 ആഗസ്ത് ആദ്യവാരത്തോടെ ഏതാണ്ട് ഷെഡ്ഡിൽ കയറിയ ആരോപണ വണ്ടിയെ വീണ്ടും ഇന്ധനം നിറച്ച് നിരത്തിലെത്തിച്ചു. അതിൽ മേൽപ്പറഞ്ഞ ജപ്തി നോട്ടീസിന്റെ റോളെന്താണ്? അതാണ് പരിശോധിക്കേണ്ടത്.

മൂന്ന് അന്വേഷണ ഏജൻസികൾക്കായി നൽകിയ മൊഴികളാണ് സ്വപ്ന ഒറ്റയടിക്ക് മാറ്റിപ്പറഞ്ഞത്. പിന്നെ കൃത്യമായ ഇടവേളകളിൽ പുതിയ വെളിപ്പെടുത്തലുകൾ. അതിനിടയ്ക്ക് സ്പ്രിംഗ്ളർ അവയവക്കച്ചവടത്തിനാണ് എന്നും, കെ ഫോൺ വഴി സകല മലയാളിയുടെയും ഡാറ്റ ചോർത്തുമെന്നുമുള്ള അതിഗംഭീര വെളിപ്പെടുത്തലുകൾ. ഇതൊക്കെ ഒരു പ്രതിഫലവും പ്രതീക്ഷിക്കാത്ത ഊഴിയവേലയാണെന്ന് വിശ്വസിക്കാൻ തലയ്ക്ക് ഓളമുള്ളവർക്കു പോലും കഴിയില്ല. പിന്നെയല്ലേ സാമാന്യബുദ്ധിയെങ്കിലുമുള്ളവരുടെ കാര്യം.

ആഭരണം കണ്ടുകെട്ടാതെ 
ഒളിച്ചുകളി
ഇതൊക്കെ സ്വപ്നയെക്കൊണ്ടു പറയിപ്പിക്കാൻ എന്തായാലും ഭീഷണി പ്രയോഗിച്ചിട്ടുണ്ട്. അതിനപ്പുറം എന്താണവരുടെ പ്രതിഫലം? നിയമവിരുദ്ധമായി പാരമ്പര്യസ്വത്ത് അറ്റാച്ചു ചെയ്തത് തിരിച്ചു കൊടുക്കാൻ വേണ്ടിത്തന്നെയായിരുന്നു എന്നു നാം കണ്ടു. അതിനപ്പുറം വേറെയും വസ്തുവകകൾ പ്രതികൾ സ്വന്തമാക്കിയിട്ടുണ്ട്. അതിലേതൊക്കെ അറ്റാച്ചു ചെയ്തു എന്നന്വേഷിക്കുമ്പോഴാണ് ഒളിച്ചു കളികൾ വ്യക്തമാകുന്നത്.

കള്ളക്കടത്തുകാരും വിദേശ കറൻസി തട്ടിപ്പുകാരും നിയമവിരുദ്ധമായി കൈക്കലാക്കുന്ന സ്വത്തുവകകളാണല്ലോ ബന്ധപ്പെട്ട അധികാരികൾ നിയമപ്രകാരം കണ്ടുകെട്ടുന്നത്. കള്ളക്കടത്തുകാർ ഇങ്ങനെ ആർജിക്കുന്ന സ്വത്തു സമ്പാദ്യത്തെ proceeds of crime എന്നാണ് പറയുക. കുറ്റകൃത്യം ചെയ്യുന്നതിന്റെ ഭാഗമായി ആർജിക്കുന്ന സ്വത്ത് എന്നർത്ഥം. സ്വപ്ന സുരേഷും കൂട്ടുപ്രതികളും സ്വർണക്കള്ളക്കടത്തു നടത്തി ആർജിച്ച സ്വത്തുവകകൾ (proceeds of crime) കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യത്തെ അറ്റാച്ച്മെന്റ് ഓർഡർ നൽകിയത് 23–12-2020ലാണ്. തീയതികൾ പ്രധാനമാണ്. 2020 നവംബർ 27ന്റെ മൊഴിമാറ്റത്തിന് ശേഷം.

ഈ ഉത്തരവു പ്രകാരം കണ്ടുകെട്ടിയ സ്ഥാവര, ജംഗമവസ്തുക്കൾ ഇനി പറയുന്നു. എസ്ബിഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ച് ലോക്കറിൽ സൂക്ഷിച്ചിരുന്ന 64 ലക്ഷം രൂപ, ഫെഡറൽ ബാങ്ക് തിരുവനന്തപുരം സ്റ്റാച്യൂ ബ്രാഞ്ചിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന മുപ്പത്തിയാറര ലക്ഷം രൂപയടക്കം വിവിധ അക്കൗണ്ടുകളിലായുള്ള നിക്ഷേപങ്ങൾ, പൂവാർ സർവീസ് കോപ്പറേറ്റീവ് ബാങ്കിലെ വിവിധ അക്കൗണ്ടിലുള്ള നിക്ഷേപങ്ങൾ, സ്വപ്നയുടെയും സരിത്തിന്റെയും പേരിൽ മുട്ടത്തറ സർവീസ് സഹകരണ ബാങ്കിലെ വിവിധ അക്കൗണ്ടുകളിലുള്ള നിക്ഷേപങ്ങൾ എന്നിവയടക്കം 1.86 കോടി രൂപ.

ഇവിടെയൊരു കള്ളക്കള്ളി നടന്നിട്ടുണ്ട്. 64 ലക്ഷം രൂപയ്ക്കൊപ്പം എസ്ബിഐ ലോക്കറിൽ നിന്ന് 18 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു. ഇതും proceed of crime ആണെന്ന് എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. മാലയും വളയും നെക്ലേസുമുൾപ്പെടെ അന്നത്തെ മതിപ്പുകണക്കിൽ 34.5 ലക്ഷം രൂപ വിലയുള്ള 982.5 ഗ്രാം സ്വർണാഭരണങ്ങൾ. സ്വാഭാവികമായും ഈ ആഭരണങ്ങളും 23.12.2020ലെ ഉത്തരവിൽ ഇഡി കണ്ടുകെട്ടേണ്ടതാണ്. എന്നാൽ അങ്ങനെ ചെയ്തിട്ടില്ല.

എൻഐഎ കോടതിയ്ക്കു കൊടുത്ത റിപ്പോർട്ടു പ്രകാരം എസ്ബിഐ, ഫെഡറൽ ബാങ്ക് ലോക്കറുകളിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപയും 35 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും, സ്വപ്ന സുരേഷിന്റേതാണ്. അത് കള്ളക്കടത്തു വഴി ആർജിച്ചതുമാണ്. അങ്ങനെയാണ് സ്വപ്ന എൻഐഎയ്ക്കു കൊടുത്ത മൊഴി.

എന്നാൽ ഇഡിയുടെ ചോദ്യം ചെയ്യലിൽ കഥ മാറി. ഇതൊന്നും സ്വർണക്കടത്തു വഴിയുള്ള സമ്പാദ്യമല്ല. മറിച്ച്, യുഎഎഫ്എക്സ്, കാർ പാലസ് ഗ്രൂപ്പ്, യുണിടാക് ബിൽഡേഴ്സ്, ഫോർത്ത് ഫോഴ്സ് എന്നിവിടങ്ങളിൽ നിന്ന് കിട്ടിയ കമ്മിഷൻ തുക കൊണ്ട് വാങ്ങിയതാണ്. 100 പവർ സ്വർണം, ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ച 50 ലക്ഷം, ബാങ്ക് ലോക്കറിൽ വെച്ച ഒരു കോടി, രണ്ടു ലക്ഷം രൂപയുടെ എൽഐസി പ്രീമിയം, പുതിയ വീടിന്റെ നിർമ്മാണത്തിന് ചെലവഴിച്ച 15 ലക്ഷം, കരമനയിൽ ഒന്നര സെന്റ് ഭൂമി വാങ്ങാനുള്ള 2.5 ലക്ഷം തുടങ്ങി പിതാവിന്റെ മെഡിക്കൽ ബില്ലും സഹോദരന്റെ വിവാഹത്തിന് നൽകിയ പണത്തിന്റെയുമൊക്കെ ഉറവിടം മേൽപറഞ്ഞ നാലിടങ്ങളിൽ നിന്ന് കിട്ടിയ കമ്മിഷൻ തുകയാണ്.

സ്വാഭാവികമായും ഇഡി ഒരു ചോദ്യം ചോദിക്കേണ്ടതാണ്. അപ്പോൾ 20 തവണയായി 125 കിലോ സ്വർണം കടത്തിയതിന് റമീസും കൂട്ടരും കൊടുത്ത പണം എവിടെപ്പോയി? ആഗസ്ത് 16 വരെയുള്ള ഒന്നാം ഘട്ടം ചോദ്യം ചെയ്യലിൽ എവിടെയും സ്വർണക്കടത്തിൽ നിന്ന് കിട്ടിയ പണം എന്തു ചെയ്തു എന്ന ചോദ്യം ഇഡി ചോദിക്കുന്നേയില്ല. പണത്തിന്റെ ഉറവിടം സംബന്ധിച്ച് സ്വപ്നയുടെ ഭാഷ്യം അതേപടി വിശ്വസിക്കുന്ന മട്ടിലാണ് ചോദ്യം ചെയ്യൽ.

തുടർന്ന് 23-12-2020ന് പ്രൊവിഷണൽ അറ്റാച്ച്മെന്റ് ഉത്തരവ് ഇഡി പുറപ്പെടുവിച്ചു. ആ നോട്ടീസിന്റെ പത്തു മുതൽ പതിനാലു വരെ പേജുകളിലാണ് സ്വപ്നയുടെ മൊഴിയും പങ്കാളിത്തവും വിവരിക്കുന്നത്. ദുരൂഹമെന്നു പറയട്ടെ, സ്വർണക്കടത്തു വഴി സമ്പാദിച്ചെന്ന് സ്വപ്ന തന്നെ വെളിപ്പെടുത്തിയ 39 ലക്ഷം രൂപയെക്കുറിച്ച് ഒരു പരാമർശവും അതിലെവിടെയുമില്ല. സ്വപ്നയുടെ ശമ്പളം, കമ്മീഷൻ, കൈക്കൂലി, കോൺസുലേറ്റിൽ നിന്നു കിട്ടിയ സമ്മാനത്തുക എന്നിവയൊക്കെ വിസ്തരിച്ചു വിവരിച്ചിട്ടുണ്ട്. പക്ഷേ, 20 തവണയായി 166 കിലോ സ്വർണം നയതന്ത്രച്ചാനൽ വഴി കടത്തിയതിന് സ്വപ്നയ്ക്കു കിട്ടിയ പ്രതിഫലത്തെക്കുറിച്ച് ഒരു പരാമർശവും ഈ അറ്റാച്ച്മെന്റ് ഉത്തരവിലില്ല.

ചതിയിൽ വഞ്ചന കാണിക്കുന്ന 
ഗജഫ്രോഡുകൾ
രാജ്യത്തിലെ ഏറ്റവും പ്രമാണികളായ അന്വേഷണ സംഘമാണ് ഇഡി. അവരാണ് സ്വപ്ന സുരേഷിന് ഇങ്ങനെയൊരു സൗജന്യം ചെയ്തുകൊടുത്തിരിക്കുന്നത്. ഒന്നും കാണാതെ അവരിങ്ങനെയൊന്നും ചെയ്യില്ലല്ലോ. കള്ളം ചെയ്യുന്നതിൽ പെരുങ്കള്ളത്തിന് പഴുതുണ്ടാക്കാൻ സ്വപ്ന സുരേഷിനുള്ള വിരുത് സ്വർണക്കള്ളക്കടത്തുക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് സ്വാഭാവികമായും നന്നായി അറിയാമായിരിക്കും.

അക്കഥ കൂടി പറയാം. വീരശൂര പരാക്രമികളാണല്ലോ കള്ളക്കടത്തുകാർ. പ്രത്യേകിച്ച് വൻതോതിൽ ഇതുപോലെയുള്ള ഓപ്പറേഷനുകൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നവർ. അവരെയും കബളിപ്പിച്ചിട്ടുണ്ട് സ്വപ്നയും സരിത്തും. ഒരുപക്ഷേ, അക്കഥ സന്ദീപ് പോലും അറിയുന്നത് അറസ്റ്റിനു ശേഷമായിരിക്കും.

സന്ദീപ് നായരാണ് കള്ളക്കടത്തു സംഘത്തെ സ്വപ്നയ്ക്കും സരിത്തിനും പരിചയപ്പെടുത്തിക്കൊടുക്കുന്നത്. കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് പരിരക്ഷ ഉപയോഗിച്ച് സ്വർണക്കള്ളക്കടത്തു നടത്താമെന്ന ആശയം മുന്നോട്ടു വെച്ചത് സരിത്തും സ്വപ്നയുമാണ്. പക്ഷേ, കോൺസൽ ജനറലിനും കൂടി കമ്മീഷൻ കൊടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒരു കിലോയ്ക്ക് 1000 ഡോളർ. അതായിരുന്നു ചോദിച്ച കമ്മിഷൻ. അതിനു പുറമെ തങ്ങൾക്കു വേറെ കമ്മീഷൻ വേണമെന്നും അവർ ശാഠ്യം പിടിച്ചു. എന്നാൽ കിലോയ്ക്ക് 1000 ഡോളർ തന്നെ അധികമാണെന്നും അതിൽക്കൂടുതൽ തരാനാവില്ലെന്നുമായി കള്ളക്കടത്തുകാർ. അവർ തന്നെ ഒരു പോംവഴിയും ഉപദേശിച്ചു. 2 കിലോയ്ക്ക് 2000 ഡോളർ കമ്മീഷൻ ഉറപ്പിക്കാം. 10 കിലോ കടത്തുമ്പോൾ, അഞ്ചു കിലോ കടത്തിയെന്ന് കോൺസൽ ജനറലിനോടു പറയുക. അതിനുള്ള കമ്മിഷനും കൊടുക്കുക. കടത്തിയ സ്വർണത്തിന്റെ യഥാർത്ഥ അളവ് കോൺസൽ ജനറലിനോട് പറയാതിരിക്കുക. ബാക്കി കമ്മീഷൻ സ്വപ്നയും സരിത്തും പങ്കിട്ടെടുക്കുക. ആ നിർദ്ദേശം അംഗീകരിക്കപ്പെട്ടു.

പക്ഷേ, കഥയൊന്നും കോൺസൽ ജനറൽ അറിഞ്ഞിട്ടില്ലെന്നും അഞ്ചു പൈസ പോലും കോൺസൽ ജനറലിനു കൊടുത്തിട്ടില്ലെന്നും മൊത്തം കമ്മിഷനും തങ്ങളാണ് വീതിച്ചത് എന്നുമാണ് സ്വപ്നയുടെയും സരിത്തിന്റെയും മൊഴി. എന്നുവെച്ചാൽ, എല്ലാം ആസൂത്രണം ചെയ്ത് സംഘടിപ്പിച്ച സന്ദീപ് നായർക്ക് വെറും 15 ലക്ഷം കമ്മിഷൻ കിട്ടിയപ്പോൾ കോൺസൽ ജനറലിന്റെ പേരു പറഞ്ഞ് സ്വപ്നയും സരിത്തും കൂടി കള്ളക്കടത്തുകാരിൽ നിന്ന് ഊറ്റിയെടുത്തത് 80 ലക്ഷത്തോളം രൂപയാണ്. അതിനു പുറമെ അമ്പതിനായിരം രൂപ വീതം പ്രത്യേകം കമ്മീഷൻ റമീസിൽ നിന്ന് വേറെയും വാങ്ങി. കോൺസൽ ജനറലിന്റെ പേരു പറഞ്ഞ് വാങ്ങിയ കമ്മീഷൻ തുക സ്വപ്നയും സരിത്തും മാത്രം വീതിച്ചെടുക്കുകയായിരുന്നു എന്ന് ഒരുപക്ഷേ, സന്ദീപ് നായർ അറിയുന്നത് അറസ്റ്റിനു ശേഷമായിരിക്കും. പദ്ധതിയുമായി അവതരിച്ച് ഒപ്പം നിന്ന സന്ദീപിനെയും നാടൻ ഭാഷയിൽ പറഞ്ഞാൽ “കമഴ്ത്തി”. ഇത്തരത്തിൽ ആരെയും കബളിപ്പിക്കാൻ ഒരു മനഃശ്ചാഞ്ചല്യവുമില്ലാത്ത ഗജഫ്രോഡുകളുടെ മൊഴിയും പൊക്കിപ്പിടിച്ചാണ് ഇഡിയുടെ വക ഔദാര്യം. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve − three =

Most Popular