2007ലാണ് നോം ചോംസ്കിയുടെ പ്രസിദ്ധമായ HEGEMONY OR SURVIVAL America’s quest for global dominance എന്ന കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. അമേരിക്കയുടെ ഇറാഖ് ആക്രമണത്തിന്റെയും അധിനിവേശത്തിന്റെയും പശ്ചാത്തലത്തിലാണ് ആ കൃതി ചോംസ്കി എഴുതിയത്. ആഗോള ആധിപത്യത്തിനായി അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതികരണമായിരുന്നു ആ കൃതി. ജോര്‍ജ് ബുഷിന്റെ പിന്‍ഗാമിയായി ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായി. സെനറ്റര്‍ എന്ന നിലയില്‍ ബുഷിന്റെ ആക്രമണനയത്തെയും അമേരിക്കയുടെ സൈനികവല്‍ക്കരണത്തെയും വിമര്‍ശിച്ചിരുന്ന ഒബാമ പക്ഷേ പ്രസിഡന്റായി അധികാരമേറ്റതിനെതുടര്‍ന്ന് ഇറാഖിലെയോ അഫ്ഗാനിസ്ഥാനിലെയോ അധിനിവേശത്തില്‍ നിന്ന് പിന്മാറിയില്ലെന്നു മാത്രമല്ല, ലിബിയയെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും സിറിയയിലെ ഭീകരവാദികള്‍ക്കു പിന്നില്‍നിന്നു ചരടുവലിക്കുകയും ചെയ്തു.
പ്രസിഡന്റായശേഷം ആദ്യമായി ഐക്യരാഷ്ട്ര പൊതുസഭയുടെ സമ്മേളനത്തില്‍ പങ്കെടുത്ത ഒബാമയെ സ്വാഗതംചെയ്തുകൊണ്ട് വെനസ്വേലയുടെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്, ചോംസ്കിയുടെ കൃതി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നടത്തിയ പ്രസംഗം ഏറെ പ്രസിദ്ധമാണ്. ലോകത്തെ വിനാശത്തിലേക്കു നയിക്കുന്ന അധീശാധിപത്യനയത്തില്‍ നിന്നും അമേരിക്ക പിന്നോട്ടുപോകണമെന്നായിരുന്നു ഷാവേസ് ആ പ്രസംഗത്തില്‍ ഒബാമയ്ക്കു നല്‍കിയ ഉപദേശം. ചോംസ്കിയുടെ ആ കൃതിയുടെ പകര്‍പ്പ് ഒബാമയ്ക്ക് സംഭാവനയായി നല്‍കാനും ഷാവേസ് മറന്നില്ല.
പക്ഷേ പുരോഗമനവദിയും സമാധാനപ്രേമിയും എന്നറിയപ്പെട്ടിരുന്ന ഒബാമയുടെ ഭരണകാലത്തും അധിനിവേശത്തിന്റെയും അധീശാധിപത്യത്തിന്റെയും നയം തന്നെയാണ് പിന്തുടർന്നത്. ഏഷ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക (Pivot to Asia) എന്നപേരിൽ ചൈനയെ വലയം ചെയ്യാനുള്ള സൈനിക പദ്ധതിക്ക് തുടക്കമിട്ടതും ഒബാമതന്നെ. ആ പദ്ധതി തന്നെ തുടർന്ന് അധികാരത്തിൽവന്ന ട്രംപും ഇപ്പോൾ ബെെഡനും നടപ്പാക്കുകയാണ്. ഈ നയത്തിന്റെ ഭാഗമാണ് തായ്-വാനെ ചുറ്റിപ്പറ്റി അമേരിക്ക സൃഷ്ടിക്കുന്ന സംഘർഷങ്ങൾ.
2023 ഏപ്രിൽ ആദ്യവാരം തയ്‌വാൻ ഭരണാധികാരി സായ‍് ഇങ്-വെൻ മധ്യ അമേരിക്കൻ രാജ്യങ്ങളായ ഗ്വാട്ടിമാലയിലേക്കും ബെലിസിലേക്കുമുള്ള യാത്രാമധേ-്യ അമേരിക്കയിൽ തങ്ങി അവിടുത്തെ ചില പ്രധാന അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഘർഷങ്ങൾക്ക് നിദാനം. മധ്യഅമേരിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രാമധേ-്യ മാർച്ച് 29 മുതൽ 31 വരെ സായ് ന്യൂയോർക്ക് സിറ്റിയിൽ തങ്ങുകയും ചില കോൺഗ്രസ് അംഗങ്ങളുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അപ്പോൾ തന്നെ ചെെനീസ് ഗവൺമെന്റ് അമേരിക്കയെ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിക്കുകയും ഇതാവർത്തിക്കാൻ അനുവദിക്കരുതെന്ന് താക്കീത് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും വകവയ്-ക്കാതെ തയ്‌വാനിലേക്കുള്ള മടക്കയാത്രയ്-ക്കിടയിൽ സായ് ഏപ്രിൽ 4 മുതൽ 6 വരെ ലോസ്ഏഞ്ചലസിൽ തങ്ങുകയുണ്ടായി. ഈ പ്രാവശ്യം അമേരിക്കൻ ജനപ്രതിനിധിസഭയുടെ സ്പീക്കർ കെവിൻ മക്കാർത്തിതന്നെ അവിടെയെത്തി അവരുമായി ചർച്ച നടത്തുകയുണ്ടായി. ജനപ്രതിനിധി സഭയുടെ സ്പീക്കർ എന്നാൽ അമേരിക്കയുടെ മൂന്നാമത്തെ പ്രധാന അധികാര കേന്ദ്രമാണ് –അതായത് പ്രസിഡന്റ് ബെെഡനും വൈസ് പ്രസിഡന്റ് കമലഹാരിസും കഴിഞ്ഞാൽ അമേരിക്കൻ ഭരണ സംവിധാനത്തിലെ ഉന്നതനാണ് സ്പീക്കർ മക്കാർത്തി.
2022 ആഗസ്തിൽ ചൈനയുടെ എതിർപ്പ് അവഗണിച്ച‍് അന്ന് അമേരിക്കൻ പ്രതിനിധിസഭയുടെ സ്പീക്കറായിരുന്ന നാൻസി പെലോസി തയ്-വാൻ സന്ദർശിച്ച് സായ‍് ഇങ് –വെന്നുമായി കൂടിക്കാഴ്ച നടത്തിയത് സംഘർഷാത്മകമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പതിവില്ലാത്തവിധം യുദ്ധ വിമാനങ്ങളുടെ അകമ്പടിയോടെയാണ് അന്ന് നാൻസി പെലോസി തയ്-വാൻ തലസ്ഥാനമായ തായ്-പെയിൽ ഇറങ്ങിയത്. മാത്രമല്ല, അമേരിക്കയുടെ കപ്പൽപട തയ്‌വാനെ ചുറ്റിപ്പറ്റി ആക്രമണ സജ്ജമായി നിലയുറപ്പിക്കുകയും ചെയ്തിരുന്നു. നാൻസിയുടെ വിമാനത്തെ ചൈനീസ് വേ-്യാമസേന ആക്രമിച്ചേയ്-ക്കുമെന്ന ഭയമാണ് അമേരിക്കയ്-ക്കുണ്ടായിരുന്നത്. എന്നാൽ ചൈനയാകട്ടെ, ഏറ്റുമുട്ടലിന്റെ പാതയല്ല അനുരഞ്ജനത്തിന്റെയും നയതന്ത്രത്തിന്റെയും പാതയാണ് സ്വീകരിച്ചത്. അതുകൊണ്ടുമാത്രമാണ് ലോകസമാധാനത്തിനുതന്നെ വൻഭീഷണിയാകുമായിരുന്ന വലിയൊരു ഏറ്റുമുട്ടൽ ഒഴിവായത്.
എന്തുകൊണ്ടാണ് ചെെന അമേരിക്കൻ അധികൃതർ തയ്-വാൻ സന്ദർശിക്കുന്നതിനെയും തയ്-വാൻ നേതാക്കൾ അമേരിക്കയിൽ എത്തി അവിടത്തെ ഉന്നതാധികാരികളുമായി ചർച്ച ചെയ്യുന്നതിനെയും എതിർക്കുന്നത്? ചെെനയെ സംബന്ധിച്ചിടത്തോളം തയ്-വാൻ ആ രാജ്യത്തിന്റെ ഒരു പ്രവിശ്യ മാത്രമാണ്. ചരിത്രപരമായിതന്നെ തയ്-വാൻ ചെെനയുടെ അവിഭാജ്യഭാഗമായിരുന്നു. 1949 ൽ ചെെനീസ് വിപ്ലവം വിജയിക്കുകയും അമേരിക്കൻ ശിങ്കിടി ചിയാങ് കെെഷെക്കും സംഘവും തയ്-വാൻ മേഖലയിൽ ആസ്ഥാനമുറപ്പിക്കുകയും ചെയ്തതോടെയാണ് തയ്‌വാൻ ഒരു രാഷ്ട്രമായി അമേരിക്കപോലും അംഗീകരിച്ചത്. എന്നാൽ അമേരിക്ക തന്നെ അന്ന് തയ്-വാൻ എന്ന പേരിൽ ഒരു രാജ്യത്തെയല്ല, മറിച്ച് റിപ്പബ്ലിക് ഓഫ് ചൈന ആയാണ് ആ കൊച്ചു ദ്വീപിനെ അംഗീകരിച്ചത് ചൈനീസ് ജനകീയ ജനാധിപത്യ റിപ്പബ്ലിക്കിന്റെ സ്ഥാനത്ത് തയ്‌വാനിൽ റിപ്പബ്ലിക് ഓഫ് ചെെന എന്ന പേരും സ്വീകരിച്ചുകഴിഞ്ഞിരുന്ന ചിയാങ് സംഘത്തെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി സ്ഥിരാംഗമായി പ്രതിഷ്ഠിച്ചതും അമേരിക്കയുടെ മുഷ്-ക്ക് കൊണ്ടുമാത്രമാണ്. എന്നാൽ അന്നും ഇന്ത്യ ഉൾപ്പെടെ ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചെെന (പിആർസി) യുമായി നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു. പിന്നീട്, 1972 ൽ നിക്-സൺ ചെെന സന്ദർശിച്ചതിനെ തുടർന്ന് അമേരിക്ക നിലപാട് മാറ്റുകയും ഒരൊറ്റ ചെെനയാണുള്ളതെന്നും അത് ജനകീയ ചെെനയാണെന്നും അംഗീകരിച്ചതോടെ ചെെന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി സ്ഥിരാംഗമാകുകയും ചെയ്തു. ഇപ്പോൾ, 1972 മുതൽ അമേരിക്ക ഔദ്യോഗികമായി അംഗീകരിക്കുകയും ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്ത നിലപാടിൽ നിന്ന് പിന്നോട്ട് പോകുന്നതാണ് പ്രകോപനം സൃഷ്ടിക്കുന്നത്.
എന്താണ് അമേരിക്കതന്നെ അംഗീകരിച്ചിട്ടുള്ള തയ്‌വാൻ സംബന്ധിച്ച നിലപാട്? ഷാങ്ഹായ് കമ്യൂണിക്കെ എന്ന പേരിൽ അറിയപ്പെടുന്ന, 1972 ഫെബ്രുവരി 28ന് ചെെനീസ് പ്രധാനമന്ത്രി ഷൂ എൻലായിയും അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്-സണും നടത്തിയ ചർച്ചകളെ തുടർന്ന് പുറത്തിറക്കിയ ചൈന – അമേരിക്ക സംയുക്ത കമ്യൂണിക്കെ പ്രകാരമാണ് അമേരിക്ക പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചെെനയെ അംഗീകരിച്ചത്. ആ കമ്യൂണിക്കെയിൽ പറയുന്നതിങ്ങനെയാണ് : “”all Chinese on either side of the Taiwan Strait maintain there is, but one China” (തയ്-വാൻ കടലിടുക്കിന്റെ ഇരുവശവുമുള്ള ചൈനക്കാരെല്ലാം ഉൾപ്പെടുന്ന ഒരേയൊരു ചൈനയാണുള്ളത്). 1979 ജനുവരി ഒന്നിന് അമേരിക്കയും ചൈനയും തമ്മിൽ സമ്പൂർണ്ണനയതന്ത്രബന്ധം സ്ഥാപിച്ചവേളയിൽ പുറപ്പെടുവിച്ച സംയുക്ത കമ്യൂണിക്കെയിലും ഇതാവർത്തിക്കുകയാണുണ്ടായത്. 1982 ആഗസ്ത് 17ന് അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര– സാംസ്കാരിക– രാഷ്ട്രീയബന്ധങ്ങൾ വിപുലപ്പെടുത്തുന്നത് സംബന്ധിച്ച് നടത്തിയ ചർച്ചകളെ തുടർന്ന് പുറപ്പെടുവിച്ച കമ്യൂണിക്കെയും ഏകചൈന എന്ന നിലപാട് ആവർത്തിക്കുകയാണുണ്ടായത്.ഈ കമ്യൂണിക്കെകളുടെയെല്ലാം അർഥം അമേരിക്കതന്നെ തയ്-വാനെ ഒരു രാജ്യമായി അംഗീകരിക്കുന്നില്ലെന്നും ചെെനയ്-ക്കുള്ളിലെ ഒരു പ്രവിശ്യ മാത്രമാണെന്നുമാണ്. ഐക്യരാഷ്ട്രസഭ തയ്-വാനെ ഒരു രാജ്യമായി അംഗീകരിച്ചിട്ടുമില്ല. ഈ നിലപാടുകളുടെ ലംഘനമാണ് ഇപ്പോൾ അമേരിക്ക കൈക്കൊണ്ടു വരുന്നത്.
എന്നാൽ ഈ ചുവടുമാറ്റം പെട്ടെന്നുണ്ടായതല്ല. 1980കൾ മുതൽ ചിലപ്പോഴേല്ലാം അമേരിക്കൻ കോൺഗ്രസിലെ അംഗങ്ങളും ചില ഉദ്യോഗസ്ഥരും തയ്-വാൻ സന്ദർശിക്കുകയും അവരുമായി ഔപചാരിക ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്. ആ ഘട്ടങ്ങളിലെല്ലാം അമേരിക്കയുടെ പ്രതികരണം ആ സന്ദർശനങ്ങളെല്ലാം കേവലം വ്യക്തിപരമായവ മാത്രമാണെന്നായിരുന്നു. അതൊന്നും തടയാൻ തങ്ങൾക്കാവില്ലെന്നും അമേരിക്കൻ ഗവൺമെന്റ് നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ തയ്-വാനിലേക്കുള്ള ആയുധകയറ്റുമതി അമേരിക്ക വർധിപ്പിക്കുകയും ദക്ഷിണ ചെെനാസമുദ്രത്തിൽ അമേരിക്കൻ നാവികസേനയുടെ സാന്നിധ്യം വർധിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് . ഇത് ചെെനയുമായി അമേരിക്ക ഉണ്ടാക്കിയിട്ടുള്ള കരാറുകളുടെ നഗ്നമായ ലംഘനമാണ്. 1982ൽ അമേരിക്ക ചെെനയുമായി ഉണ്ടാക്കിയ ധാരണ തയ്-വാന് ആയുധങ്ങൾ വിൽക്കുന്നത് ക്രമേണ കുറച്ചുകൊണ്ടുവന്ന് നിർത്തലാക്കുമെന്നാണ്. എന്നാൽ അത് നടപ്പാക്കിയില്ലെന്നു മാത്രമല്ല, ഏതാനും വർഷങ്ങളായി തയ്-വാനുമായുള്ള ആയുധ ഇടപാട് അമേരിക്ക വർധിപ്പിക്കുകയുമാണ്.
1992ൽ തയ്-വാൻ ഭരണാധികാരികൾതന്നെ ചെെനയുമായി ഉണ്ടാക്കിയ ധാരണപ്രകാരം ഒരു ചെെന എന്ന നയം ഔപചാരികമായി അംഗീകരിച്ചിട്ടുണ്ട്. 1992 ആഗസ്ത് ഒന്നിന് തയ്-വാൻ ചെെനയുമായി ഉണ്ടാക്കിയ ധാരണ ഇങ്ങനെയാണ്: Both sides of Taiwan Strait agree that there is only one China അതായ-ത്, തായ്-വാൻ കടലിടുക്കിന്റെ ഇരുകരയിലുള്ളവരും ഒരു ചെെന മാത്രമാണുള്ളതെന്ന് അംഗീകരിക്കുന്നു. ഇതുപ്രകാരം തയ്-വാൻ അതേവരെ സ്വീകരിച്ചിരുന്ന റിപ്പബ്ലിക് ഓഫ് ചെെന എന്ന പേര് ഉപേക്ഷിക്കുകയും ചെയ്തു. സായ് ഇങ് –വെന്നിന്റെ മുൻഗാമിയായ ക്വമിന്താങ്ങ് പാർട്ടിയിലെ മാ യിങ് ജിയുവിന്റെ ഭരണകാലത്ത് ജനകീയ ചെെന ഗവൺമെന്റുമായി ബന്ധം മെച്ചപ്പെടുത്തിയിരുന്നു. സമാധാനപരമായി ചെെന വൻകരയുമായി പുനരേകീകരണം എന്ന ആശയമാണ് മാ യിങ് ജിയു മുന്നോട്ടുവച്ചത്.
പക്ഷേ, സായ് ഇങ്–വെൻ അധികാരത്തിൽ വന്നതോടെ സ്ഥിതിയാകെ മാറി. ചെെനയിൽനിന്ന് ‘‘സ്വാതന്ത്ര്യം നേടണം’’ എന്ന വിഘടനവാദ മുദ്രാവാക്യമാണ് അവർ ഉയർത്തുന്നത്. ഇതിന് കൂട്ടുനിൽക്കുകയാണ് അമേരിക്ക. ഇത് അമേരിക്കൻ ഭരണം ചെെനയ്-ക്കും ലോകത്തിനും നൽകിയ ഉറപ്പുകളുടെ –‘‘തയ്-വാൻ സ്വാതന്ത്ര്യ’’ ത്തെ പിന്തുണയ്ക്കില്ല; ‘‘ഇരുചെെന’’ വാദത്തെയോ’’ ഒരു ചെെന, ഒരു തയ്-വാൻ’’ വാദത്തെയോ ഒന്നും പിന്തുണയ്ക്കില്ല എന്ന ഉറപ്പുകൾ– നഗ്നമായ ലംഘനമാണ്.
തയ്-വാനിലെ സായ് ഇങ്–വെന്നിനും കൂട്ടർക്കും പിന്തുണ നൽകുന്ന അമേരിക്കൻ നയത്തിന്റെ അർഥമെന്താണ് ? അമേരിക്കയിലെ ന്യൂമെക്സിക്കോയോ ഫ്ളോറിഡയോ മയ്-നെയോ ഫിലാഡെൽ-ഫിയയോ അരിസോണയോപോലെ ഏതെങ്കിലുമൊരു സംസ്ഥാനമോ പ്രദേശമോ ആ രാജ്യത്തുനിന്ന് വേറിട്ടുപോകണമെന്ന മുദ്രാവാക്യം ആരെങ്കിലും ഉയർത്തുകയും അക്കൂട്ടർക്ക് ചെെനയോ ക്യൂബയോ മറ്റോ പിന്തുണ നൽകുകയും ചെയ്താൽ അമേരിക്കയുടെ പ്രതികരണമെന്തായിരിക്കും? ഇനി ഇന്ത്യയിലേക്ക് വന്നാലോ? ജമ്മുകാശ‍്മീരിൽ വിഘടന വാദ മുദ്രാവാക്യം ഉയർത്തുന്ന ചില വിഭാഗങ്ങൾ പാകിസ്ഥാനും പാക് അധിനിവേശ കാശ്-മീരും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇക്കൂട്ടർക്ക് ചെെനയോ റഷ്യയോ മറ്റാരെങ്കിലുമോ പിന്തുണ നൽകുന്നുവെന്നിരിക്കട്ടെ? എന്താകും നമ്മുടെ പ്രതികരണം? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയാൽ തായ്-വാൻ സംബന്ധിച്ച ചെെനീസ് നിലപാടിൽ പ്രതിഷേധം അർഥശൂന്യമാണെന്ന് ഉറപ്പാണ്. കാശ്മീരിന്റെയോ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയോ കാര്യത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിനപ്പുറമൊന്നും ചെെന തയ്-വാൻ കാര്യത്തിൽ സ്വീകരിക്കുന്നില്ല എന്നു കാണാൻ കഴിയും.
അപ്പോൾ തയ്-വാന്റെ കാര്യത്തിൽ അമേരിക്ക ചെെനയോട് ഏറ്റുമുട്ടലിന് തുനിയുന്നത് എന്തുകൊണ്ട്? 1945നു ശേഷം സോവിയറ്റ് യൂണിയനോട് ഏറ്റുമുട്ടാൻ തക്കം പാർത്തിരിക്കുകയും ഒരു ശീതയുദ്ധാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതെന്തുകൊണ്ട്? സോവിയറ്റ് യൂണിയൻ സാമ്പത്തികവും സെെനികവുമായി ഒരു പ്രമുഖശക്തിയായി വളരുന്നത് തടയുകയെന്നതു മാത്രമല്ല (സോവിയറ്റ് യൂണിയൻ സാമ്പത്തികമായും സെെനികമായും അമേരിക്കയുടെ പിന്നിലായിരുന്നിട്ടും) സോവിയറ്റ് യൂണിയൻ മുന്നോട്ടുവച്ച സമത്വത്തിന്റേതായ ആശയപരിസരം അമേരിക്ക ഉൾപ്പെടെയുള്ള മുതലാളിത്ത ലോകത്തിന്റെയാകെ ഉറക്കം കെടുത്തിയതും പഴയശീതയുദ്ധത്തിന് കാരണമായിട്ടുണ്ട്.
ഇന്നാകട്ടെ, അമേരിക്കയോട് കിടപിടക്കുന്ന സാമ്പത്തികശക്തിയായും സെെനിക ശക്തിയായും ചെെന വളർന്നിരിക്കുന്നു. മാത്രമല്ല, ഈ വളർച്ചയ്ക്കൊപ്പം അവിടുത്തെ ജനങ്ങളുടെ ദാരിദ്ര്യമില്ലാതാക്കാനും രാജ്യത്തിന്റെ സാമ്പത്തികനില ഉയരുന്നതിനൊപ്പം ജനങ്ങളുടെയാകെ സാമ്പത്തികനിലയും ഉയർത്തിക്കൊണ്ടുവരാനും ചെെനയ്ക്ക‍്, അവിടെ ഗവൺമെന്റ് പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിന് കഴിഞ്ഞിരിക്കുന്നു. അതാണ് ചെെനയെ ലക്ഷ്യം വച്ചുകൊണ്ടുള്ള രണ്ടാം ശീതയുദ്ധത്തിന്, വേണ്ടിവന്നാൽ നേരിട്ടുള്ള ഏറ്റുമുട്ടലിനുതന്നെ അമേരിക്ക തുനിയുന്നത്. അതിന്റെ അരങ്ങുകളിൽ ഒന്നാണ് തയ്-വാൻ. ഇവിടെ നടക്കുന്നത് ഒരു വശത്ത് ആധിപത്യത്തിനായുള്ള അമേരിക്കയുടെ നീക്കങ്ങളും അതിനെ ചെറുക്കാനുള്ള അതിജീവന ശ്രമങ്ങളുമാണ്. ഇതിൽ നമ്മൾ എവിടെ നിൽക്കണമെന്നതാണ് പ്രശ്നം. ♦