അട്ടപ്പാടിയും എലത്തൂരും നിറഞ്ഞാടിയ ആഴ്ചയിൽ ഒടുവിൽ ചർച്ച മോദിയുടെ മുതൽ നാട്ടിലെ ചിന്ന സംഘികളുടെ വരെയുള്ള ചർച്ച് സന്ദർശനങ്ങളിലും ക്രിസ്തീയ ഭവന സന്ദർശനങ്ങളിലും വരെയെത്തി. ഇടയ്-ക്ക് അന്തോണി പുത്രൻ അനിലിന്റെ കൂടുവിട്ട് കൂടുമാറ്റവും പോയ വാരം കണ്ടതാണ്. അപ്പോൾ നമുക്ക് മാധ്യമസ്വാതന്ത്ര്യത്തിൽ നിന്ന് തുടങ്ങാം ല്ലേ! എന്താന്നു വച്ചാൽ മീഡിയവൺ കേസിൽ സുപ്രീംകോടതി വിധി പറഞ്ഞതും കേന്ദ്രത്തിലെ സംഘി സർക്കാർ നവമാധ്യമങ്ങൾക്ക് ഫാക്ട് ചെക്കിങ് കൊണ്ടുവരുമെന്ന പ്രഖ്യാപനം നടത്തിയതും പോയ വാരത്തിലായിരുന്നല്ലോ. സംഘികൾ വസ്തുതാ പരിശോധനയ്ക്കിറങ്ങിയാൽ സത്യം ക്രൂരമായി കൊല ചെയ്യപ്പെടുകയും നുണകൾ അരങ്ങു തകർത്താടുകയും ചെയ്യുമെന്നുറപ്പ്!
ഏപ്രിൽ 6ന് മനോരമ മുഖപ്രസംഗം എഴുതിയത് മീഡിയവൺ കേസിലെ സുപ്രീംകോടതി വിധിയെ ഉയർത്തിപ്പിടിച്ചാണ്. തലവാചകം ഇങ്ങനെ: ‘‘വിമർശനങ്ങളോട് അസഹിഷ്ണുത അരുത്. മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച് സുപ്രീംകോടതി.’’ മുഖപ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ ഫീലിപ്പിൻസ് മാധ്യമപ്രവർത്തകയും 2021ലെ സമാധാനത്തിനുള്ള നൊബേൽ ജേതാക്കളിലൊരാളുമായ മരിയ റെസയുടെ വാക്കുകൾ ഉദ്ധരിക്കുന്നുണ്ട്. ‘‘ഫിലിപ്പീൻസ് പൗരർക്കുള്ള ഓരോ അവകാശത്തിന്റെയും അടിത്തറ മാധ്യമസ്വാതന്ത്ര്യമാണ് ’’ എന്ന് പറയുന്ന റെസ ‘‘അധികാരത്തിലുള്ളവരെ ചോദ്യം ചെയ്യുകയെന്നതിനെ സത്യം അറിയാനുള്ള പൗരാവകാശം’’ എന്നാണ് തുടർന്ന് വിശദീകരിക്കുന്നത്. മാധ്യമസ്വാതന്ത്ര്യമെന്നാൽ മാധ്യമമുതലാളിയുടെ സ്വാതന്ത്ര്യമെന്നല്ല, സത്യം അറിയാനുള്ള ജനങ്ങളുടെ അവകാശം എന്നാണർഥം. ഇവിടെയാണ് മുഖ്യധാരാ മാധ്യമങ്ങൾ തന്നെ മാധ്യമസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതായി നാം കാണുന്നത്. മാധ്യമങ്ങൾ ഭരണകൂടത്തിന്റെയെന്ന പോലെതന്നെ മൂലധനത്തിന്റെയും പ്രചരണായുധങ്ങൾ ആകാതിരിക്കുമ്പോൾ മാത്രമാണ് ജനങ്ങൾ ശരിയായ മാധ്യമസ്വാതന്ത്ര്യം അനുഭവിക്കുന്നത്.
നോം ചോസ്കി നാല് ദശകത്തോളം മുൻപ് ചൂണ്ടിക്കാണിച്ചതുപോലെ, മൂലധന താൽപ്പര്യം സംരക്ഷിക്കാൻ മാധ്യമങ്ങൾ സ്വയം സെൻസർഷിപ്പ് ഏർപ്പെടുത്തുന്നുണ്ട്. മൂലധന താൽപ്പര്യവും ഭരണകൂട താൽപ്പര്യവും ഒന്നുതന്നെയാകുമ്പോൾ മാധ്യമങ്ങൾ സ്വയം ഭരണകൂടത്തിനുമുന്നിൽ മുട്ടുമടക്കുന്നതാണ് നാം കാണുന്നത്. സുപ്രീംകോടതി വിധി ഉദ്ധരിച്ച് കാര്യങ്ങൾ വിശദീകരിക്കുന്ന മനോരമ പക്ഷേ, കേന്ദ്ര ഭരണത്തിനും അതിന്റെ രാഷ്ട്രീയത്തിനുമെതിരെ തുറന്നു വിമർശിക്കാൻ തയ്യാറാകുന്നില്ല. മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 150ൽ എത്തി പാതാളത്തോളം താഴ്ചയിലായ ഇന്ത്യയുടെ ഭരണാധികാരികൾക്കെതിരെ വിരൽചൂണ്ടാൻ മടിക്കുന്ന മനോരമയുടെ മുഖപ്രസംഗം അതുകൊണ്ടുതന്നെ, എണ്ണയിട്ട് വാഴയിൽ കയറലാകുന്നു.
ഏപ്രിൽ 11ന്റെ മനോരമയുടെ മുഖപ്രസംഗത്തിന്റെ ശീർഷകം ‘‘മാധ്യമസ്വാതന്ത്ര്യത്തിനു സർക്കാർ വേലി. ഐടി ചട്ടഭേദഗതിക്കെതിരെ എതിർപ്പ് രൂക്ഷമാകുന്നു.’’ എന്നാണ്. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന വാർത്തകളും വീക്ഷണങ്ങളും പ്രസ് ഇൻഫർമേഷൻ ബ്യൂറോയെന്ന കേന്ദ്ര സർക്കാർ ഏജൻസിതന്നെ പരിശോധിച്ച് അപകീർത്തികരമെന്നോ വ്യാജമെന്നോ കണ്ടെത്തിയാൽ നിശ്ചിത സമയപരിധിക്കുള്ളിൽ സമൂഹ മാധ്യമകമ്പനികൾ അവ നീക്കം ചെയ്യണമെന്നതാണ് പുതിയ ഐടി ചട്ട ഭേദഗതി. ഇതാണ് മനോരമ മുഖപ്രസംഗത്തിന്റെ വിഷയം. സൗമ്യമായ ശെെലിയിലുള്ള, മിതമായ കേന്ദ്ര സർക്കാർ വിമർശനം. എന്നാൽ കേന്ദ്രത്തെ നയിക്കുന്ന സംഘപരിവാറാണ് രാജ്യത്ത് ഏറ്റവുമധികം നുണപ്രചാരണം നടത്തുന്നതെന്ന വസ്തുത ചൂണ്ടിക്കാണിക്കാൻ മുഖപ്രസംഗത്തിനാവുന്നില്ല. കുരിശു കണ്ട സാത്താനെപ്പോലെയാണ് സംഘപരിവാറുകാർ സത്യത്തെ കാണുന്നത്. അപ്പോൾ സംഘപരിവാർ നിയന്ത്രിത കേന്ദ്ര സർക്കാരിന്റെ ഏജൻസിയെ ഫാക്ട് ചെക്കിങ് ഏൽപ്പിക്കുകയെന്നാൽ കോഴിയെ സൂക്ഷിക്കാൻ കുറുക്കനെ ഏൽപ്പിക്കുകയെന്നാണർഥം. സത്യത്തെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തലും നുണകളുടെ പെരുമ്പറ മുഴക്കവുമായിരിക്കും ഇനി വരാൻ പോകുന്നത്.
ഏപ്രിൽ 5ന് മനോരമയുടെ മുഖപ്രസംഗ വിഷയം അട്ടപ്പാടിയിലെ മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതിലെ കോടതി വിധിയാണ്. ‘‘മധുവിന്റെ വിധി നമ്മോട് പറയുന്നത്, ആൾക്കൂട്ട വിചാരണക്കാർക്ക് മുന്നറിയിപ്പ്’’ എന്നാണ് തലക്കെട്ട്. കുറ്റം പറയരുതല്ലോ. ഈ കേസുമായി ബന്ധപ്പെട്ട മുഖപ്രസംഗത്തിൽ എൽഡിഎഫ് സർക്കാരിനെതിരെ പുലഭ്യം പറയാൻ മനോരമയ്ക്ക് ഒരു പഴുതും ഇല്ലാത്തതുകൊണ്ട് സർക്കാരിനെ ഇരുട്ടിൽ നിർത്തി കോടതിക്ക് സ്-തുതി പറയുന്നു. എന്നാൽ തുടക്കം മുതൽ ഒടുക്കംവരെ മധുവിനും കുടുംബത്തിനും നീതി ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ‍് സർക്കാർ സ്വീകരിച്ചത്. അതിന്റെ പ്രത-ിഫലനമാണ് കോടതി വിധിയിൽ കണ്ടത്. പക്ഷേ, അതംഗീകരിച്ച് തുറന്നു പറയാൻ മനോരമയുടെ രാഷ്ട്രീയ മുൻവിധി അവരെ അനുവദിക്കുന്നില്ല. മനോരമ മുഖപ്രസംഗം വായിച്ചാൽ തോന്നുക ഹെെക്കോടതിയാണ‍് ഈ കേസിന്റെ എഫ്ഐആർ ഇട്ടതുമുതൽ ചാർജ് ഷീറ്റ് നൽകുന്നതുവരെയുള്ള സർവ നടപടികളും സ്വീകരിച്ചതെന്നാണ്. ഹെെക്കോടതി നിരീക്ഷണത്തിലാണ് കേസനേ-്വഷണം നടന്നതെന്ന തള്ളിനുപോലും മനോരമ മടിക്കുന്നില്ല. സർക്കാർ ജീവനക്കാരായ സാക്ഷികൾ കൂറുമാറിയപ്പോൾ അവർക്കെതിരെ ശിക്ഷാനടപടികൾ ഉടൻതന്നെ സ്വീകരിച്ച ചരിത്രം ഈ കേസിലാണ് ആദ്യമായി നാം കണ്ടത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർമാർ ഫലപ്രദമായി പ്രവർത്തിക്കുന്നില്ലെന്ന അഭിപ്രായം മധുവിന്റെ കുടുംബത്തിൽ നിന്നുയർന്നപ്പോൾ അവരുടെ അഭിപ്രായം പരിഗണിക്കുകയും അവർക്കുകൂടി സ്വീകാര്യനായ ആളെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തതുകൊണ്ടാണ് ഈ കേസിന്റെ പരിണതി ഇങ്ങനെയായത‍് എന്ന് മധുവിന്റെ കുടുംബാംഗങ്ങൾ തന്നെ സമ്മതിച്ച കാര്യമാണ്.
അന്നുതന്നെ മനോരമ 9–ാം പേജിൽ (നേർക്കാഴ്ച) ഒരു റിപ്പോർട്ടു നൽകീറ്റുണ്ട്. ‘‘കൂറുമാറാൻ മദ്യവും പണവും; പ്രേരിപ്പിച്ചത് രാഷ്ട്രീയക്കാരൻ.’’ ആരാണാവോ ഈ അരൂപിയായ ‘‘രാഷ്ട്രീയക്കാരൻ’’? എന്തായാലും ഒരുകാര്യം ഉറപ്പ്. സിപിഐ എമ്മിന്റെയോ ഇടതുപക്ഷത്തിന്റെയോ അനുഭാവിപോലുമായിരിക്കില്ല, അനുഭാവിയുടെ അയൽക്കാരൻപോലും ആയിരിക്കില്ല ഈ ‘‘രാഷ്ട്രീയജീവി.’’ ആ ജീവിയെ അരൂപിയാക്കി മനോരമ ഒളിപ്പിച്ചത് അത് യുഡിഎഫ് സിൽബന്ധിയാണെന്നതുകൊണ്ടുതന്നെ.
ഏപ്രിൽ 6 ന്റെ പത്രങ്ങൾക്ക് മുഖ്യവിഷയം എലത്തൂരിൽ വച്ചുനടന്ന ട്രെയിൻ തീവയ്പു കേസിലെ പ്രതിയെ പിടികൂടിയതാണ്. മനോരമ ഒന്നാം പേജിൽ അത് അവതരിപ്പിക്കുന്നതിങ്ങനെ: ‘‘ട്രെയിൻ തീവയ്പുകേസിലെ പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ; കുറ്റം സമ്മതിച്ചു. എന്തിനെന്ന് പറയുന്നില്ല.’’ അതിന്റെ ഹെെലെെറ്റ്സ് ആണ് ശ്രദ്ധിക്കേണ്ടത്. നോക്കൂ: ‘‘ഡൽഹി സ്വദേശി ഷാറൂഖ് സെയ്ഫിയെ പിടിച്ചത് മഹാരാഷ്ട്ര എടിഎസ്;കേരള പൊലീസിന് കെെമാറി.’’ ഹെെലെെറ്റിൽ മാത്രമല്ല, ആ ഒന്നാം പേജ് റിപ്പോർട്ടിലെവിടെയും പ്രതിയെ പിടികൂടിയതിൽ കേരള പൊലീസിന് ഒരു റോളുമില്ല. അർധരാത്രിയിൽ സുഖസുഷുപ്തിയിലായിരുന്ന കേരള എടിഎസിനെ മഹാരാഷ്ട്ര എടിഎസ് വിളിച്ച് ഷാരൂഖിനെ ഞങ്ങൾക്ക് കിട്ടി; വേണോങ്കി കൊണ്ടുപൊയ്ക്കോന്ന് പറയേം, കേരള സംഘം അങ്ങട് പോയി ഓനെ ഏറ്റുവാങ്ങുകയും ചെയ്തു. ചോദ്യം ചെയ്യൽവരെ മഹാരാഷ്ട്ര എടിഎസ് ചെയ്തത്രെ ! ഇനി മഹാരാഷ്ട്രയ്ക്ക് പ്രതി അവിടുണ്ടെന്ന് അറിയിപ്പ് കൊടുത്തതോ? അത് കേന്ദ്ര ഇന്റലിജൻസും! ഇങ്ങനൊരു കഥ മെനയാൻ മനോരമക്കാർക്കല്ലാതെ ആർക്കാണപ്പനേ കഴിയുക? അപ്പോൾ കോട്ടയത്തെ മാധ്യമതമ്പ്രാക്കൾക്ക് ഇനി കേരള പൊലീസ് വേണ്ട, കേന്ദ്രവും മഹാരാഷ്ട്രയുമൊക്കെ മതി. നിർണായക നിമിഷത്തിൽ കേരള പൊലീസ് എത്തി തെളിവുകൾ ശേഖരിക്കുകയും ഷാറൂഖ് മഹാരാഷ്ട്രയിൽ ഉണ്ടെന്നും പിടികൂടണമെന്നും മഹാരാഷ്ട്ര എടിഎസിന് നിർദേശം നൽകിയതും കേരള പൊലീസാണെന്നതും സൂത്രത്തിൽ ഒളിപ്പിച്ചുവയ്ക്കുന്നു മനോരമ.
ഏഴിന്റെ രണ്ടാം ഒന്നാം പേജിലും മനോരമ കേരളത്തിനെതിരായ ഓരിയിടൽ തുടരുന്നു. മനോരമ മാത്രമല്ല, മാതൃഭൂമിയും ഇതിന്റെ പുറകേയോ മുന്നിൽ തന്നെയോ ഉണ്ട്. എന്താന്നല്ലേ ? 7ന്റെ മനോരമ എഴുതുന്നതു നോക്കാം: ‘‘വഴി തെറ്റി; കാറ്റുപോയി.’’ കേന്ദ്രവും മഹാരാഷ്ട്രയും കൂടി പിടികൂടിയ പ്രതിയെ കേരളത്തിന് കെെമാറിയിട്ടും സൂക്ഷിച്ചും കണ്ടും ഇവിടെ എത്തിക്കാൻപോലും പ്രാപ്തിയില്ലാത്തവരത്രെ കേരള പൊലീസ്. 9–ാം പേജിൽ ‘‘വഴി തെറ്റിക്കാൻ നോക്കി’’ എന്നൊരിനം കൂടിയുണ്ട്. തങ്ങള് പുറകെ കൂടീല്ലാരുന്നെങ്കിൽ ഓനെയങ്ങ് വിട്ടു കളയുമാരുന്നെന്നു കൂടി പറയാതിരുന്നത് ഭാഗ്യം! തങ്ങൾക്ക് ഒരു ദിവസം ലെെവ് ടെലികാസ്റ്റിനു പറ്റിയവിധം മനോരമാദികൾക്ക് വിവരങ്ങൾ കെെമാറാത്തതിലുള്ള രോഷപ്രകടനമായിരിക്കണം ഈ കഥ മെനയലിനു പിന്നിൽ!
പത്താം തീയതി മനോരമയുടെ ഏഴാം പേജിൽ ഇടത്തേ അറ്റത്തായി രണ്ട് ഐറ്റം ഫിറ്റ് ചെയ്തിട്ടുണ്ട്. നോക്കൂ: ‘‘ഈസ്റ്റർ ദിനത്തിൽ മോദിയുടെ കത്തീഡ്രൽ സന്ദർശനം.’’ അടുത്തത് ഇതിനു താഴെ: ‘‘ബിജെപി നേതാക്കൾ ക്രൈസ്തവ സഭാ അധ്യക്ഷന്മാരെ സന്ദർശിച്ചു.’’ മോദി ഡൽഹീലെ സേക്രട്ട് ഹാർട്ട് കത്തീഡ്രൽ ഈസ്റ്റർ ദിനത്തിൽ സന്ദർശിച്ചപ്പോൾ അമിട്ട് ഷാജിയും കൂട്ടരും മറ്റേതെങ്കിലും കത്തീഡ്രലോ അരമനയോ സന്ദർശിച്ചോ? തൊട്ടടുത്ത യുപിയിൽ മുഖ്യൻ ആദിത്യനാഥ യോഗി ഏതേലും പള്ളിയോ ക്രിസ്തീയ ഭവനമോ സന്ദർശിച്ചോ? ഇല്ലല്ലോ. ഇന്ത്യയിൽ കേരളത്തിനു പുറത്ത് എവിടേങ്കിലും ബിജെപി/ആർഎസ്എസുകാർ ബിഷപ്പ് ഹൗസുകളോ ക്രിസതീയ ഭവനങ്ങളോ സന്ദർശിച്ചോ? അതുമില്ല. അപ്പോൾ അജൻഡ വ്യക്തം. ആർഎസ‍്എസിന് ഇന്ത്യയിൽ ഏറ്റവുമധികം ശാഖകളുള്ള കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റിലെങ്കിലും ജയിക്കണമെങ്കിൽ ന്യൂനപക്ഷവോട്ടുകൾ പിടിക്കണം; അതിനായുള്ള സൂത്രപ്പണിയാണ് ഈ സന്ദർശനങ്ങളിൽ കാണുന്നത്.
എന്നാൽ സംഘികൾ തങ്ങളുടെ ബെെബിളായ ‘‘വിചാരധാര’’യെ തള്ളിപ്പറയുമോ? ഇല്ലേയില്ല! പകരം ഒരു സൂത്രവിദ്യ–അതൊരു പഴേ പുസ്തകം. ഇപ്പോ ഇവിടെ വലിയ പ്രസക്തിയില്ല എന്നാണ് വാചകം. എന്നാൽ 1968ലാണ് ഗോൾവാൾക്കറുടെ ഈ സംഘി ബെെബിളിന്റെ ആദ്യ പതിപ്പിറക്കിയത്; അതിന്നും പ്രചരിപ്പിക്കപ്പെടുന്നു.; മോദി മുതൽ ലോക്കൽ സംഘികൾ വരെ അത് വേദവാക്യമായി കരുതുന്നു. മാത്രമല്ല, 2014നു ശേഷം ഡൽഹീൽ ചേർന്ന ഹിന്ദു മഹാസഭയിൽ അംഗീകരിച്ച പ്രമേയത്തിൽ 5 ‘എമ്മു’കളെ ആഭ്യന്തരശത്രുക്കളായി പ്രഖ്യാപിച്ചപ്പോഴും ‘‘മിഷണിമാർ’’ (ക്രിസ്തീയമതപ്രചാരകർ) ആഭ്യന്തരശത്രുക്കളാണെന്ന് പറയുന്നുണ്ട്.
അതെല്ലാം പോട്ടെ, 2023 ജനുവരിയിൽ പുറത്തിറക്കിയ സംഘപരിവാർ ജിഹ്വയായ ‘‘ഓർഗനെെസറി’’ന്റെ കവർസ്റ്റോറി എന്താ ഹെ? ക്രിസ്-മസും ഈസ്റ്ററും പോലുള്ള ക്രിസ്തീയ ഉത്സവങ്ങൾ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നതാണെന്നല്ലേ ! അതേ ഈസ്റ്ററാഘോഷത്തിനുതന്നെ മോദി മുതൽ കേരള സംഘികൾ വരെ പച്ചച്ചിരിയുമായി ചർച്ചുകളും അരമനകളും കയറിയിറങ്ങുന്നതിലെ കാപട്യവും ഇരട്ടത്താപ്പും ചൂണ്ടിക്കാണിക്കാൻ മനോരമയ്ക്ക് നാവുപൊന്തില്ല. ♦