Friday, April 26, 2024

ad

Homeമുഖപ്രസംഗംഇത് ചരിത്രത്തിന്റെ കാവിവൽക്കരണം

ഇത് ചരിത്രത്തിന്റെ കാവിവൽക്കരണം

ടുത്തകാലത്തായി എൻസിഇആർടി പ്രസിദ്ധീകരിക്കുന്ന പാഠപുസ്തകങ്ങളിൽ നരേന്ദ്ര മോദി സർക്കാർ വലിയ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷ് ഭരണം വരുന്നതിനുമുമ്പുള്ള രണ്ടു നൂറ്റാണ്ട് മുഗൾ ഭരണമായിരുന്നു ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും. ആ കാലത്തിന്റെ ചരിത്രം സിലബസ്സിൽ ഇന്ത്യാ ചരിത്രത്തിന്റെ ഭാഗമായിരുന്നു. മോദി സർക്കാർ പ്ലസ്ടു സിലബസ്സിൽ നിന്നു അത് ഒഴിവാക്കി ഉത്തരവായിരിക്കുന്നു. അതുപോലെ സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുമുമ്പും പിമ്പും നടന്ന വർഗീയലഹളകൾ, 1960കളിലും പിന്നീട് പലപ്പോഴായി നടന്ന വർഗീയ കലാപങ്ങൾ എന്നിവയെ പ്രതിപാദിക്കുന്ന പാഠഭാഗങ്ങളും ഒഴിവാക്കാൻ സർക്കാർ ഉത്തരവായി. ശിവജി, പേക്ഷ്വ ഭരണങ്ങളെക്കുറിച്ചുള്ള ചരിത്രത്തിൽ ഹിന്ദുപക്ഷപാതം കൊണ്ടുവന്നിരിക്കുന്നു. ഇത് കാണിക്കുന്നത് മധ്യ–ആധുനിക കാലങ്ങളിലെ ഇന്ത്യാ ചരിത്രമാകെ സംഘപരിവാർ താൽപ്പര്യത്തിനു ഹിതകരമായി പുനരാഖ്യാനം ചെയ്യുന്നു എന്നാണ്. ബിജെപി സർക്കാർ വീണ്ടും അധികാരത്തിലേറിയാൽ സംഭവിക്കാവുന്ന ആപത്തിന്റെ ട്രെയിലർ ഇപ്പോൾ തന്നെ നരേന്ദ്രമോദി സർക്കാർ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കി വരികയാണ്.

ഇരുപതാം നൂറ്റാണ്ടിലെ ഗാന്ധി–നെഹ്റു കാലത്തെ ഇന്ത്യ മതനിരപക്ഷേ സ്വഭാവം ഉള്ളതാക്കി മാറ്റപ്പെട്ടിരുന്നു. സ്വാതന്ത്ര്യസമരകാലത്തെ ഗാന്ധി –നെഹ്റുമാരുടെയും ഇടതുപക്ഷത്തിന്റെയും വലിയ ബോധന പ്രചരണ പ്രവർത്തനങ്ങളുടെ ഫലമായാണ് അത്തരമൊരു അന്തരീക്ഷവും സമീപനവും ഇന്ത്യയിൽ സംജാതമായത്. പാക്കിസ്താനിൽ നിന്നു വിഭിന്നമായി ഇന്ത്യ കെട്ടുറപ്പോടെ വളരാനും എല്ലാ മേഖലകളിലും പറയത്തക്ക പുരോഗതി കെെവരിക്കാനും കാരണം അതാണ്. ആ കാലഘട്ടത്തിന്റെ സത്യസന്ധമായ ചരിത്രം പഠിപ്പിക്കാതിരിക്കുന്നത് വളർന്നുവരുന്ന കുട്ടികളെ മതപരമായി വഴിതെറ്റിക്കാനാണ്. സംഘപരിവാര താൽപ്പര്യത്തിനു യോജിച്ച വിധത്തിൽ സ്വാതന്ത്ര്യസമര കാലഘട്ടം മുതൽക്കുള്ള ചരിത്രം, തിരുത്തി എഴുതാനാണ് നീക്കം. ആ സമീപനം സ്വാതന്ത്ര്യാനന്തര കാലഘട്ട വിവരണത്തിലും വിശകലനത്തിലും തുടരും.

ഇത് ഇന്ത്യാ ചരിത്രത്തെ സംഘപരിവാരത്തിനും ഇന്ത്യയിലെ ജനങ്ങളെ മതാടിസ്ഥാനത്തിലും മറ്റും പല തുണ്ടങ്ങളായി ഭിന്നിപ്പിക്കാനുള്ള നീക്കത്തിന്റെ ആരംഭമാണ്. കഴിഞ്ഞ 75 വർഷമായി വിദ്യാലയങ്ങളിലും ഔദ്യോഗിക വിവരണങ്ങളിലും ചരിത്രത്തിലും വിവരിക്കുകയും വിശദീകരിക്കുകയും ചെയ്തുപോന്ന ഇന്ത്യാ ചരിത്രത്തെ സംഘപരിവാരത്തിനും മറ്റു വർഗീയവാദികൾക്കും ഹിതകരമായ വിധത്തിൽ പുനരാഖ്യാനം ചെയ്യാനാണ് നീക്കം. ബിജെപി അധികാരത്തിലേറി പത്തുവർഷങ്ങൾക്കകം എല്ലാ വിഭാഗം ജനങ്ങളും അംഗീകരിച്ചുപോന്ന ഇന്ത്യയുടെ ചരിത്രം വർഗീയവാദികൾക്കു സ്വീകാര്യമായ രീതിയിൽ തിരുത്തി എഴുതാനാണ് ഹിന്ദുത്വവാദികളുടെ നീക്കം. ആർഎസ്എസും അതിന്റെ പരിവാരവും അധികാരം കയ്യാളാൻ ഇടയായാൽ ഉണ്ടായേക്കാമെന്നു പലരും മുമ്പേ പ്രവചിച്ച രീതിയിൽ ചരിത്രം വളച്ചൊടിക്കപ്പെടുകയാണ്. വാജ്പേയി ഭരണകാലത്ത് ഈ സമീപനം പരീക്ഷിക്കപ്പെട്ടതാണ്. അവരുടെ ഹിന്ദുരാഷ്ട്ര സ്ഥാപനത്തിനു രാജ്യത്തെ (ജനങ്ങളെയും) വർഗീയമായി ചേരിതിരിക്കണമെന്നത് ഒഴിവാക്കാനാവാത്ത മുന്നുപാധിയാണ്. അതിനു ഉതകുന്ന വിധത്തിൽ ഇന്ത്യയുടെ മധ്യകാലം മുതൽക്കുള്ള ചരിത്രം പുനരാഖ്യാനം ചെയ്യാൻ തിരക്കൂകുട്ടുകയാണ് സംഘപരിവാര ശക്തികൾ. അങ്ങനെ ചെയ്താൽ രാജ്യത്തെ ജനങ്ങൾ ഒരുകാലത്തും മതനിരപേക്ഷ ബോധത്തിലേക്കും നിലപാടിലേക്കും തിരിച്ചുപോകില്ലെന്നു സംഘപരിവാരം കണക്കൂകുട്ടുന്നു.

സംഘപരിവാരത്തിന്റെ ഈ നീക്കം വിജയിപ്പിക്കുന്നതിനാണ് മോദി സർക്കാർ ഐടി (മധ്യവർത്തി മാർഗനിർദേശങ്ങൾ) 2003ലെ ഡിജിറ്റൽ മീഡിയ എത്തിക്സ് (കോഡ്) ഭേദഗതി ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

മോദി സർക്കാരിനെതിരായതും അതിനെ വിമർശിക്കുന്നതുമായ വാർത്തകളും വീക്ഷണവും വ്യാജവാർത്തയായി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽനിന്നു ഒഴിവാക്കുകയാണ് ഈ ചട്ടങ്ങളുടെ ലക്ഷ്യമെന്ന വിമർശനം ഇതിനകം ഉയർന്നു വന്നു കഴിഞ്ഞു. വിമർശനം ഉന്നയിക്കുന്ന ഉന്നത വ്യക്തികളെയും മനുഷ്യാവകാശ സംഘടനകളെയും മാധ്യമപ്രവർത്തകരെയും ഇതിനകം എത്രയോ കേസുകളിൽ മോദി സർക്കാർ പ്രതികളാക്കിക്കഴിഞ്ഞു.

ബിജെപിക്കും അതിന്റെ സർക്കാരിനും വേണ്ടി മാധ്യമവാർത്തകളെയും വീക്ഷണങ്ങളെയും എതിർക്കാനും വളച്ചൊടിക്കാനും സെെബർ ലോകത്ത് ആയിരക്കണക്കിന് ആളുകളുടെ നിരകൾ തന്നെയുണ്ട്. ആർഎസ്എസിന്റെയും ബിജെപിയുടെയും പ്രചാരണ പ്രവർത്തനത്തിന്റെ അടിസ്ഥാനശില തന്നെ വ്യാജവാർത്തകളും വീക്ഷണവുമാണ്. ആ പണി ചെയ്തുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനു പ്രവർത്തകരുടെ സേവനം പോര എന്നുകണ്ടാണ് പുതിയ ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

ഈ നിയമത്തിന്റെ ലക്ഷ്യം സമൂഹമാധ്യമങ്ങളിലൂടെയുള്ള വാർത്തയും വീക്ഷണങ്ങളും തടയുകയാണ്. ആർഎസ്എസും ബിജെപിയും മറ്റുള്ളവർക്കെതിരായി നടത്തിക്കൊണ്ടുവന്ന കള്ളപ്രചാരണങ്ങളെ എതിരാളികൾ തുറന്നുകാട്ടുന്നതിലുള്ള പ്രതിഷേധവും വേവലാതിയും അതേസമയം തങ്ങൾക്കെതിരെ ഉന്നയിക്കപ്പെടുന്ന യഥാർഥ വസ്തുതകളും വീക്ഷണങ്ങളും മറച്ചുവെക്കാനുമാണ് ഇങ്ങനെയൊരു നിയമനിർമാണത്തിനു സംഘപരിവാരത്തെയും മോദി സർക്കാരിനെയും പ്രേരിപ്പിച്ചത്. ഈ പുതിയ ഐടി ഭേദഗതി ചട്ടങ്ങൾ സെൻസർഷിപ്പിനു തുല്യമാണെന്നു സാധാരണഗതിയിൽ സർക്കാരിനു അനുകൂല നിലപാട് കെെക്കൊള്ളാറുള്ള എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പോലും വിമർശിച്ചിട്ടുണ്ട്.

വ്യാജവാർത്തകളും വീക്ഷണങ്ങളും തടയണം. അവ ജനാധിപത്യവ്യവസ്ഥക്ക് ഭീഷണിയാണ്. എന്നാൽ, അവയെ തടയാനെന്നപേരിൽ വസ്തുതാപരമായ വാർത്തകളെയും വിമർശനങ്ങളെയും തടയുന്നതിനു നിയമം കൊണ്ടുവരുന്നതും അത് നടപ്പാക്കേണ്ട അധികാരം സർക്കാർ കെെവശപ്പെടുത്തുന്നതും ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഭീഷണിയാണ്. ആർഎസ്എസ് നയിക്കുന്ന സംഘപരിവാരവും മോദി സർക്കാരും നടത്തിക്കൊണ്ടിരിക്കുന്നത് ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥയെയും അഭിപ്രായ സ്വാതന്ത്ര്യപ്രകടനത്തെയും കൂച്ചുവിലങ്ങിട്ടു തടയുന്നതിനാണ്. ഇതിനെതിരെ ജനകീയപോരാട്ടങ്ങളും അഭിപ്രായപ്രകടനങ്ങളും ഉയർന്നുവരേണ്ടതുണ്ട്. കാരണം ആർഎസ്എസും മോദി സർക്കാരും കെെവച്ചിരിക്കുന്നത് ആത്യന്തികമായും ജനങ്ങളുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനുമേലാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one − one =

Most Popular