Friday, March 29, 2024

ad

Homeപടനിലങ്ങളിൽ പൊരുതിവീണവർസംഘി കാട്ടാളത്തത്തിന്റെ മറ്റൊരു മുഖം

സംഘി കാട്ടാളത്തത്തിന്റെ മറ്റൊരു മുഖം

കെ ആർ മായ

ആർഎസ്എസ് ആക്രമണങ്ങളുടെ മറ്റൊരു രൗദ്രമുഖമായിരുന്നു 2000 ജൂലൈ മാസത്തിൽ തിരുവനന്തപുരം നഗരം ദർശിച്ചത്. ആർഎസ്എസ് കാപാലികരുടെ അക്രമത്തിനും അഴിഞ്ഞാട്ടത്തിനും കേരളം സാക്ഷ്യം വഹിച്ച കാലം. ഉത്തരേന്ത്യൻ നഗരങ്ങളിൽ സംഘപരിവാർ നടത്തിയ വർഗീയാതിക്രമങ്ങളെ അനുസ്മരിപ്പിക്കുംവിധം തലസ്ഥാന നഗരമപ്പാടെ കൊലയും കൊള്ളയും കൊ ള്ളിവെപ്പുമായി ആർഎസ്എസ് നടത്തിയ ആ കലാപം ജനം ഇന്നും മറന്നിട്ടി ല്ല. പ്ലസ്ടു സമരത്തിന്റെ മറവിൽ, എബിവിപി എന്ന സംഘപരിവാർ വിദ്യാർഥി സംഘടനയെ മുന്നിൽനിർത്തി, ബിജെപിയിലെയും ആർഎസ്എസിലെയും ഉന്നത നേതാക്കളുടെ അറിവോടെ നടത്തിയ ആ അക്രമപ്പേക്കൂത്തുകൾക്ക് ഒരു പാവം ചെറുപ്പക്കാരന് ജീവൻ ബലിനൽകേണ്ടിവന്നു. കെഎസ്ആർടിസിയിലെ കണ്ടക്ടറായിരുന്ന രാജേഷ്. കുടുംബത്തിന്റെ താങ്ങായിരുന്ന, നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായ രാജേഷിന്റെ വേർപാട് ഇന്നും നാട് കണ്ണീരോടെ, ഞെട്ടലോടെയാണ് ഓർക്കുന്നത്.

മുട്ടത്തറ വടുവത്ത് ലക്ഷ്മിഭവനിൽ കെഎസ്ആർടിസി ജീവനക്കാരിയായിരുന്ന ചന്ദ്രികയുടെയും ശശിധരന്റെയും മൂന്ന് ആൺമക്കളിൽ രണ്ടാമനായിരുന്നു രാജേഷ്. അമ്മ, സർവീസിലിരിക്കെ കാൻസർബാധിതയായി മരിച്ചു. ആ ഒഴിവി ലാണ്, രാജേഷ് തന്റെ 22‐-ാമത്തെ വയസ്സിൽ ജോലിക്ക് കയറിയത്. വീട്ടുകാരും നാട്ടുകാരും കുഞ്ഞുമോൻ എന്നു വിളിച്ചിരുന്ന ആ ചെറുപ്പക്കാരൻ യാതൊരു ദുഃശ്ശീലങ്ങളുമില്ലാത്ത സൗമ്യനായ, വളരെ ലളിതമായി ജീവിച്ചയാളായിരുന്നു. ആരോടും പകയോ വിദ്വേഷമോ വെച്ചു പുലർത്താത്ത ഒരു വാക്കിനാലോ ഒരു നോക്കിനാലോ പോലും ആരെയും നോവിച്ചിട്ടില്ലാത്ത ആ ചെറുപ്പക്കാരനെ ഒരു പ്രകോപനവുമില്ലാതെ ബിജെപി ആർഎസ്എ സ് സംഘം കൊലപ്പെടുത്തിയതെന്തിന് എന്ന ചോദ്യത്തിന് ആ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ, അതിനുപിന്നിലെ ഗൂഢാലോചന എന്നിവയെല്ലാം ഉത്തരം നൽകും. ജൂലൈ 13ന് രാജേഷിന്റെ കൊലപാതകത്തിലേക്കു നയിച്ച കലാപം തുടങ്ങിയത് രണ്ടു മൂന്നു ദിവസം മുൻപേ ആയിരുന്നു. പ്രീഡിഗ്രി സ്കൂൾ തലത്തിലേക്ക് 0(പ്ലസ്‌ടു) മാറ്റുന്നതിനെതിരെയുള്ള സമരത്തിന്റെ പേരിൽ ആർഎസ്എസിന്റെ എല്ലാവിധ പിന്തുണയോടെയും എബിവിപി അക്രമസമരം നടത്തിയിരുന്നു. ആ സമരം നടക്കുന്നതിനിടെ അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഒ രാജഗോപാലിനെ ആർഎസ്എസ് പ്രധാനികൾ നേരിട്ടു കണ്ട് നടത്തിയ ഗൂഢാലോചനയുടെ തുടർച്ചയാണ് പിന്നീട് അരങ്ങേറപ്പെട്ട അക്രമസംഭവങ്ങൾ. തങ്ങൾ നഗരത്തിൽ, നല്ല ‘ഷോ’ കാട്ടുമെന്ന് ആർഎസ്എസുകാർ ഒ രാജഗോപാലിന് ഉറപ്പുകൊടുത്തിരുന്നതായാണ് പിന്നീട് അറിയുന്നത്. അതനുസരിച്ച് തയ്യാറാക്കിയ ക്യാപിറ്റൽ ഓപ്പറേഷൻ’ പ്രകാരമാണ് അന്നു രാവിലെ ആർഎസ്എസ് ഗുണ്ടാസംഘം സെക്രട്ടറിയേറ്റ് നടയിൽ എത്തിയത്. എന്നാൽ അവർ കരുതിയതുപോലെ, അവർ പ്രകോപനമുണ്ടാക്കിയിട്ടും പൊലീസ് വെടിവെപ്പിനു മുതിർന്നില്ല. മറിച്ച്, പൊലീസിനുനേരെ ആക്രമണമഴിച്ചുവിടുകയായിരുന്നു. നേരത്തെ കയ്യിൽ കരുതിയിരുന്ന കറുവടി, കമ്പിപ്പാര, ആസിഡ് ബൾബ്, വടിവാൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. പിന്നീട്, ആർഎസ്എസ് എല്ലാ വർ ഗീയകലാപങ്ങളും തുടങ്ങുംമുമ്പ് ചെയ്യുന്നതുപോലെ (വ്യാജ പ്രചരണമഴിച്ചുവിടുക), വെടിവെപ്പുണ്ടായി എന്ന്‌ കള്ളപ്രചരണം അഴിച്ചുവിട്ടു. മുന്നിൽനിന്ന് പൊലീസുകാരെ നേരിട്ട ആർഎസ്എസ്, വനിതാ പൊലീസുകാരെ കയ്യേറ്റം ചെയ്ത് അവരുടെ വസ്ത്രം വലിച്ചുകീറി അപമാനിച്ചു. പിന്നീടങ്ങോട്ട് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എബിവിപിയുടെ പേരിൽ ആർഎസ്എസ് സംഘം നടത്തിയ ആ മാർച്ച് വ്യാപകമായ അക്രമത്തിലാണ് കലാശിച്ചത്. വഴിനീളെ ഗതാഗതം മുടക്കി, അസഭ്യവർഷവും പോർവിളികളും മുഴക്കിയ സംഘം കണ്ണിൽ കണ്ട കടകളും സ്ഥാപനങ്ങളും തകർത്തു. അകത്ത് കടന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കൊള്ളയടിച്ചു. 100ലേറെ യാത്രക്കാരെ ആക്രമിച്ചു.

കലാപം നടത്താൻ വേണ്ടി നേരത്തെ നിശ്ചയിച്ച പ്രകാരം 25 പേർ വീതമുള്ള 4 പ്രത്യേക സംഘങ്ങളെ നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ ആർഎസ്എസ് വിന്യസിച്ചിരുന്നു. സ്റ്റാച്യൂവിൽ നിന്ന് അക്രമമാരംഭിച്ച സംഘം ആയുർവേദ കോളേജിനു മുന്നിലെത്തിയപ്പോഴേക്കും ഒട്ടേറെ സ്ഥാപനങ്ങൾ അടിച്ചു തകർക്കപ്പെട്ടിരുന്നു. ആയുർവേദ കോളേജിലേക്ക് മാരകായുധങ്ങളുമായി ഇരച്ചുകയറിയ സംഘം അവിടെ നിരാഹാര സത്യഗ്രഹം നടത്തിയിരുന്ന അധ്യാപകരെ ആക്രമിച്ച് തുരത്തിയോടിച്ചു. ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിച്ചു. ആക്രമണം ഭയന്ന് രോഗികൾ ആശുപത്രിക്കു പുറത്തേക്കോടി. ആർഎസ്എസ് ക്രിമിനൽ സംഘം ഓവർ ബ്രിഡ്ജിൽ എത്തിയപ്പോൾ അവിരെക്കണ്ട പൊലീസിനുനേരെ ആസിഡ് ബൾബെറിഞ്ഞു. ആർടിഒ ഓഫീസിൽ രജിസ്ട്രേഷനായി കൊണ്ടുവന്ന മുഴുവൻ വാഹനങ്ങളും തകർത്തു. നിരവധി സ്വർണക്കടകൾ തകർത്ത് ആഭരണങ്ങൾ കൊള്ളയടിച്ചു. പിന്നീട് കിഴക്കേക്കോട്ടയിലെത്തിയ സംഘം, അക്രമങ്ങളെ തുടർന്ന് സർവീസ് നിർത്തിവെച്ച് ഗാരേജിലിട്ടിരുന്ന ബസുകളെല്ലാം അടിച്ചുതകർത്തു. അന്നേരം അവിടെ വിശ്രമമുറിയിൽ യൂണിഫോം മാറുകയായിരുന്നു മുട്ടത്തറ- പരുത്തിക്കുഴി റൂട്ടിലെ കണ്ടക്ടറായ രാജേഷ്. ‘ഓം കാളി മഹാകാളി’ എന്ന് കൊലവിളിച്ചെത്തിയ സംഘത്തിലൊരാൾ കമ്പിപ്പാരകൊണ്ട് രാജേഷിന്റെ തലയ്ക്കടിച്ചു. അടിയേറ്റ് രാജേഷ് ബോധരഹിതനായി നിലത്തുവീണപ്പോൾ വീണ്ടും മർദ്ദിച്ചു. തല പിളർന്ന് തലച്ചോർ വെളിയിലായ നിലയിലായിരുന്നു രാജേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നിട്ടും കലിയടങ്ങാത്ത ആ കാപാലികസംഘം പിന്നെയും പല അക്രമൾ തുടർന്നു. പിറ്റേന്നു നേരം പുലർന്നിട്ടും നഗരം ഞെട്ടലിൽ നിന്നുമുണർന്നില്ല. മെഡിക്കൽ കോളേജിൽ രണ്ടുദിവസം ബോധമറ്റ് കിടന്ന രാജേഷ് പിന്നെ ഉണർന്നില്ല. 16ന്‌ പുലർച്ചെ ലോകത്തോടു വിട പറഞ്ഞു.

നഗരത്തെ നടുക്കിയ ആ കലാപവും കൊലപാതകവും ബിജെപിയിലെയും ആർഎസ്എസിലെയും ഉന്നത നേതാക്കൾ നടത്തിയ ഗൂഢാലോചനയായിരുന്നുവെന്നത് അന്ന് അവർ നിഷേധിക്കുകയായിരുന്നു. അതിനുത്തരമായി ഇന്നും ചില ചോദ്യങ്ങൾ ബാക്കിനിൽക്കുന്നു. സെക്രട്ടറിയേറ്റിനുമുന്നിൽ പ്രകടനം നട ത്താനെത്തിയ എബിവിപി പ്രവർത്തകർ എന്തിന് മാരകായുധങ്ങൾ കയ്യിൽ കരുതി? വെടിവെപ്പുണ്ടായി എന്ന കള്ളപ്രചരണം എന്തിനു നടത്തി? സെക്രട്ടറിയേറ്റിനുമുന്നിലെ പ്രകടനം എന്തിന് അക്രമാസക്തമാക്കി കിഴക്കേക്കോട്ട് വരെ വ്യാപിപ്പിച്ചു? ഇതിനെല്ലാം ഒരു ഉത്തരമേയുള്ളൂ. ആ കലാപം ബിജെപി -ആർഎസ് എസ് നേതൃത്വം കരുതിക്കൂട്ടി, ഗൂഢാലോചന നടത്തി ആസൂത്രണം ചെയ്യുകയായിരുന്നു. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

thirteen + 3 =

Most Popular