ചൂഷക‐ചൂഷിതവർഗങ്ങളായി സമൂഹം പിരിഞ്ഞതിനുശേഷം മാത്രമാണ് ജനാധിപത്യം എന്ന പ്രതിഭാസം രൂപം കൊള്ളുന്നത്. വിശേഷിച്ച് ആധുനിക കാലഘട്ടത്തിൽ ബൂർഷ്വായെന്നും തൊഴിലാളിയെന്നും രണ്ടുവർഗങ്ങളായി സമൂഹം പിരിഞ്ഞതിനു ശേഷം. അതുകൊണ്ട് വർഗാധിഷ്ഠിതമായ ജനാധിപത്യമല്ലാതെ വർഗാതീതമായ ജനാധിപത്യം എന്നൊന്നില്ല. ഉണ്ടെന്നുപറയുന്നത് തികഞ്ഞ കാപട്യമാണ്.
ആധുനിക (ബൂർഷ്വാ) ജനാധിപത്യത്തിന്റെ പിറവിതന്നെ, തകർന്നുകൊണ്ടിരുന്ന ഫ്യൂഡലിസത്തിനെതിരെ ഉയർന്നുവന്നുകൊണ്ടിരുന്ന ബൂർഷ്വാസിനടത്തിയ വർഗസമരത്തിലൂടെയാണ്. അന്ന്, ബൂർഷ്വാസി ഉയർത്തിയ മുദ്രാവാക്യങ്ങളാണ് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ. ഈ മുദ്രാവാക്യങ്ങൾ പ്രാബല്യത്തിൽ വരുത്താനുളള ഫ്യൂഡൽവിരുദ്ധപോരാട്ടത്തിൽ ബൂർഷ്വാസിക്കുപിന്നിൽ തൊഴിലാളി‐കർഷകാദിബഹുജനങ്ങളും അണിനിരന്നിരുന്നു. എന്നാൽ ബൂർഷ്വാസി ഭരണാധികാരസ്ഥാനത്തെത്തിയപ്പോൾ, ബഹുജനങ്ങളടക്കം സമരം ചെയ്തുനേടിയെടുത്ത സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ബൂർഷ്വാസിയുടെ മാത്രം സ്വന്തമായി മാറി. തൊഴിലാളി‐കർഷകാദിബഹുജനങ്ങൾക്ക് അതുവെറും അക്കരപ്പച്ചയായിമാറുകയും ചെയ്തു.
ജനാധിപത്യം രണ്ടുതരത്തിൽ
ആധുനികകാലഘട്ടത്തിൽ രണ്ടുതരത്തിലുളള ജനാധിപത്യമാണുളളത്. കാരണം, ആധുനികകാലഘട്ടവും രണ്ടുവർഗങ്ങളായി വേർപിരിഞ്ഞുകിടക്കുകയാണ്‐മതലാളി വർഗമെന്നും തൊഴിലാളി വർഗമെന്നും. ജനാധിപത്യം എന്നുപറയുമ്പോൾ ഏതുവർഗത്തിന്റെ ജനാധിപത്യം എന്ന ചോദ്യം ഉയർന്നുവരണം. ആരുടെ ജനാധിപത്യം എന്നചോദ്യം ഉയർന്നുവരണം. മുതലാളിവർഗത്തിന്റെയോ തൊഴിലാളി വർഗത്തിന്റെയോ ? ഈ ഒരു പ്രശ്നം സ്വാഭാവികമാണുതാനും. കാരണം, വർഗസമൂഹത്തിൽ നിന്നുകൊണ്ടാണ് ജനാധിപത്യത്തെപ്പറ്റി ചിന്തിക്കുന്നതും പറയുന്നതും. അപ്പോൾ വർഗാതീതമായി ചിന്തിക്കാനും പറയാനും സാദ്ധ്യമല്ല.
അതായത്, ആധുനികകാലഘട്ടത്തിൽ ബൂർഷ്വാജനാധിപത്യവും തൊഴിലാളിവർഗജനാധിപത്യവും എന്ന രണ്ടുതരത്തിലുളള ജനാധിപത്യം ഉണ്ടെന്നർത്ഥം. അതായത് തൊഴിലാളിവർഗത്തെ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനമായ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കുന്ന ജനാധിപത്യമല്ല ബൂർഷ്വാസി അംഗീകരിക്കുന്ന ജനാധിപത്യം. കമ്മ്യൂണിസ്റ്റുപാർട്ടി അംഗീകരിക്കുന്ന ജനാധിപത്യം സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ (ചൂഷിതരുടെയും മർദ്ദിതരുടെയും) ആധിപത്യമാണ്. അതേസമയം ബൂർഷ്വാസി അംഗീകരിക്കുന്നജനാധിപത്യം സമൂഹത്തിലെ ന്യൂനപക്ഷം മാത്രംവരുന്ന ജനങ്ങളുടെ (ചൂഷകരുടെയും മർദ്ദകരുടെയും) ആധിപത്യമാണ്. ഇതാണ് മാർക്സിസം‐ലെനിനിസത്തിന് ജനാധിപത്യത്തോടുളള കാഴ്ചപ്പാട്. മറ്റൊരുതരത്തിൽപറഞ്ഞാൽ കമ്മ്യൂണിസവും ജനാധിപത്യവും തമ്മിലുളള ബന്ധം വർഗാധിഷ്ഠിതമാണ്. വർഗാതീതമല്ല.
ജനാധിപത്യവും ഭരണകൂടവും
ഭരണകൂടത്തെ സംബന്ധിച്ചകാഴ്ചപ്പാടിലും മാർക്ലിസം‐ലെനിനിസത്തിന്റെ നിലപാട് ഇതുതന്നെയാണ്. ഭരണകൂടവും രൂപംകൊള്ളുന്നത് വർഗസമൂഹത്തിലാണ്. “സാമ്പത്തിക വളർച്ചയുടെ ഒരു പ്രത്യേകഘട്ടത്തിൽ, സമുദായം അവശ്യം വർഗങ്ങളായി വേർപിരിഞ്ഞപ്പോൾ, അതിന്റെ ഫലമായി ഭരണകൂടം ആവശ്യമായിത്തീർന്നു” (എംഗൽസ്)
വർഗവൈരുദ്ധ്യങ്ങളും അതുമൂലമുളള സംഘട്ടനങ്ങളും സാധാരണഗതിയിൽ പരിഹരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഭരണകൂടത്തെ സൃഷ്ടിച്ചത്. “”അനുരഞ്ജിപ്പിക്കാൻ വയ്യാത്ത വിരുദ്ധവർഗങ്ങളായി സമുദായം വേർതിരിഞ്ഞിരിക്കുന്നുവെന്ന അതിപ്രധാനവും അടിസ്ഥാനപരവുമായ സത്യത്തെമറച്ചുവെച്ചുകൊണ്ട് അവ സാധാരണക്കാരനെ ഫലപ്രദമായി തട്ടിയുറക്കുന്നു.” (വി.ഐ.ലെനിൻ, ഭരണകൂടവും വിപ്ലവവും)
അതായത്, ഭരണകൂടത്തിനും വർഗസ്വഭാവമുണ്ട്.ആധുനിക കാലഘട്ടത്തിൽ ഒന്നുകിൽ ബൂർഷ്വാഭരണകൂടം അല്ലെങ്കിൽ തൊഴിലാളി വർഗഭരണകൂടം. ഈ സത്യം ബൂർഷ്വാസി സാധാരണക്കാരനിൽ നിന്നുമറച്ചുവെയ്ക്കുന്നു.
ഭരണകൂടം മർദ്ദനോപകരണം
ഭരണകൂടം എപ്പോഴും എന്നും മർദ്ദനോപകരണമാണ്. ഒരുവർഗത്തെ മർദ്ദിച്ചൊതുക്കാനുളള മറ്റൊരുവർഗത്തിന്റെ കയ്യിലുളള മർദ്ദനോപകരണമാണ് ഭരണകൂടം. ബൂർഷ്വാഭരണകൂടം തൊഴിലാളി കർഷകാദിബഹുജനങ്ങളെ (ചൂഷിതരെ) മർദ്ദിച്ചൊതുക്കാനും തൊഴിലാളിവർഗഭരണകൂടം ബൂർഷ്വാസിയെ (ചൂഷകരെ) മർദ്ദിച്ചൊതുക്കാനുമുളള ഉപകരണമാണ്.
ബൂർഷ്വാഭരണകൂടം സമൂഹത്തിലെ ന്യൂനപക്ഷവർഗതാല്പര്യം സംരക്ഷിക്കുന്നതും. തൊഴിലാളിവർഗഭരണകൂടം ബഹുഭൂരിപക്ഷം വരുന്ന അദ്ധ്വാനിക്കുന്നവർഗത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതുമാണ്. ഭരണകൂടമെന്നാൽ മന്ത്രിസഭയല്ല എന്നുകൂടികാണണം.
ഇങ്ങനെ ഭരണകൂടത്തിന്റെ പരസ്പരവിരുദ്ധവും ശത്രുതാപരവുമായ വർഗതാല്പര്യവുമായി ബന്ധപ്പെട്ടതാണ് ജനാധിപത്യത്തിന്റെ വർഗപരമായ ഉളളടക്കം.
ബൂർഷ്വാജനാധിപത്യത്തിന്റെ വൈരുദ്ധ്യാത്മക സ്വഭാവം
ഇന്ന് ഇന്ത്യയിൽ നിലനില്ക്കുന്ന ജനാധിപത്യം തൊഴിലാളിവർഗ ജനാധിപത്യമല്ല, തൊഴിലാളി‐കർഷകാദി ബുഹജനങ്ങളുടെ ജനാധിപത്യമല്ല. മറിച്ച് ബൂർഷ്വാജനാധിപത്യമാണ്. അതായത് ജനങ്ങളിൽ ന്യൂനപക്ഷം മാത്രംവരുന്ന ജന്മി‐ബൂർഷ്വാവർഗത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന ജനാധിപത്യമാണ് എന്നർത്ഥം. ആ നിലയിൽ ബൂർഷ്വാജനാധിപത്യമാണെങ്കിലും ആ ജനാധിപത്യത്തിന് ചില നല്ലവശങ്ങളുണ്ട്. ബൂർഷ്വാജനാധിപത്യത്തിന്റെ ഉളളടക്കം പിന്തിരിപ്പനാണെങ്കിലും അതിന്റെ പുറംചട്ട പുരോഗമനപരമാണ്. കാരണം, ഫ്യൂഡലിസത്തിനും സാമ്രാജ്യത്തിനുമെതിരായ പോരാട്ടം ആ പുറംചട്ടഅണിഞ്ഞുകൊണ്ടുമാത്രമേ നടത്താൻ കഴിയുമായിരുന്നുള്ളു.
പുരോഗമനപരമായ വശങ്ങളിലൊന്നാണ് പാർലമെന്ററി ജനാധിപത്യം. സാർവത്രികവോട്ടവകാശം, പാർലമെന്റ,് സംസ്ഥാനനിയമസഭകൾ, തദ്ദേശഭരണസ്ഥാപനങ്ങൾ മുതലായവ ബൂർഷ്വാജനാധിപത്യത്തിന്റെ പുരോഗമനപരമായ വശങ്ങളിൽപെടുന്നകാര്യങ്ങളാണ്. അതുകൊണ്ടാണ് ഇന്ത്യയിൽഇന്നുനിലനില്ക്കുന്ന ജനാധിപത്യം ബൂർഷ്വാജനാധിപത്യമാണെങ്കിലും അതിനെ നശിപ്പിക്കുവാൻ വേണ്ടി ബി.ജെ.പി ശ്രമിക്കുമ്പോൾ അതുസംരക്ഷിച്ചുനിലനിർത്തുന്നതിന് തൊഴിലാളിവർഗപ്പാർട്ടിയായ സിപിഐ(എം) ശ്രമിക്കുന്നത്. നിലവിലുളള ജനാധിപത്യം ബൂർഷ്വാ‐ജന്മിവർഗതാല്പര്യം സംരക്ഷിക്കുന്നതാണെങ്കിലും ആ ജനാധിപത്യം ശരിയായ നിലയിൽ മുന്നോട്ടു കൊണ്ടുപോയാൽ അത് തങ്ങളുടെ നിലനില്പിനുതന്നെ ആപത്താണെന്ന് മനസ്സിലാക്കിയിട്ടാണ് ബൂർഷ്വാസി സ്വേച്ഛാധിപത്യത്തിലേയ്ക്കു കടക്കുന്നത്, ഫാസിസത്തിലേയ്ക്കുകടക്കുന്നത്. 1975 ലെ അനുഭവം അതാണ് വെളിപ്പെടുത്തുന്നത്.
ജനാധിപത്യത്തിനുവേണ്ടിയുളള പോരാട്ടത്തിൽ കമ്മ്യൂണിസ്റ്റുപാർട്ടി മുൻപന്തിയിൽ
അപ്പോൾ, എപ്പോൾ ബൂർഷ്വാജനാധിപത്യത്തെ ബൂർഷ്വാസിതന്നെ കഴുത്തുഞെരിച്ചുകൊല്ലാൻ ശ്രമിക്കുന്നുവോ അപ്പോൾ ആ ജനാധിപത്യത്തെ സംരക്ഷിച്ചുനിലനിർത്താൻ തൊഴിലാളിവർഗപ്പാർട്ടിയായ കമ്മ്യൂണിസ്റ്റുപാർട്ടി ശ്രമിക്കും. (കമ്മ്യൂണിസ്റ്റ്മാനിഫെസ്റ്റോ നോക്കുക). അതാണ് ഇന്ത്യയിൽ ഇന്നുനടക്കുന്നതും 1975 ൽ അടിയന്തിരാവസ്ഥക്കാലത്തുനടന്നതും. ഇതുപറയുമ്പോൾതന്നെ ഓർക്കേണ്ടതായ കാര്യം വർഗപരമായി ബൂർഷ്വാസിയുടെ ജനാധിപത്യം തന്നെയാണ് കമ്മ്യൂണിസ്റ്റുപാർട്ടി സംരക്ഷിക്കുന്നത് എന്നതാണ്. ജനാധിപത്യത്തിനുവേണ്ടിയുളള പോരാട്ടത്തിൽ എന്നും കമ്മ്യൂണിസ്റ്റുപാർട്ടി മുൻപന്തിയിൽതന്നെയാണ്.
അന്ന് കോൺഗ്രസ്സ് ഇന്ന് ബി.ജെ.പി
1975 ൽ ബൂർഷ്വാപാർട്ടിയായ കോൺഗ്രസ്സ് ഇന്ത്യയ്ക്കുമേൽ അടിച്ചേല്പിച്ച അർദ്ധഫാസിസത്തെ എതിർത്തുതോല്പിക്കാൻ സമരം ചെയ്ത അന്നത്തെ ജനസംഘത്തിന്റെ ഇന്നത്തെ രാഷ്ട്രീയരൂപമായ ബി.ജെ.പി യാണ് ഇന്ന് ജനാധിപത്യത്തെ കശാപ്പുചെയ്ത് രാജ്യത്ത് സവർണഹിന്ദുത്വവർഗീയ ഫാസിസം അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത്.
പ്രബലമായ രണ്ടുബൂർഷ്വാപാർട്ടികളാണ് കോൺഗ്രസ്സും ആഖജയും. കോൺഗ്രസ്സ് മൗലികമായി (ജന്മനാ) ബൂർഷ്വാജനാധിപത്യപ്പാർട്ടിയും ബി ജെ പി ജന്മനാതന്നെ സവർണഹിന്ദുത്വ വർഗീയഫാസിസ്റ്റുപാർട്ടിയുമാണ്. ജാതി‐മത‐വർണഭേദങ്ങൾക്കതീതമായി ബൂർഷ്വാവർഗത്തെ വളർത്തുകയാണ് കോൺഗ്രസ്സിന്റെ സാമ്പത്തിക നയമെങ്കിൽ സവർണഹിന്ദുക്കളിൽ നിന്നുമാത്രം ബൂർഷ്വാസിയെവളർത്തുകയാണ് ബി ജെ പിയുടെ സാമ്പത്തികകനയം. ഹിന്ദുക്കളിൽ ഭൂരിപക്ഷത്തെയും ബി.ജെ.പി ഉൾക്കൊള്ളുന്നില്ല എന്നർത്ഥം.
കോൺഗ്രസ്സാണ് 1975 ൽ ഇന്ത്യൻജനാധിപത്യത്തെ നശിപ്പിച്ചതെങ്കിൽ, അന്ന് അതിനെതിരായി ദുഷ്ടലാക്കോടെ‐ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കുകയെന്ന ദുഷ്ടലാക്കോടെ പോരാടിയഹിന്ദുത്വവർഗീയപ്പാർട്ടിയായ ജനസംഘത്തിന്റെ ഇന്നത്തെ രൂപമായ ബി ജെ പി ആണ് ഇന്ത്യൻ ജനാധിപത്യത്തെ ഇന്ന് നശിപ്പിക്കുന്നത്. ഇന്ത്യൻ ജനാധിപത്യം പുനഃസ്ഥാപിക്കാൻ വേണ്ടിയായിരുന്നില്ല 1975‐77 കാലത്ത് അടിയന്തിരാവസ്ഥയ്ക്കെതിരായി ജനസംഘം പോരാടിയത്.
ജനതാഗവൺമെന്റിന്റെ കാലത്ത് ജനസംഘത്തിന്റെ രഹസ്യ അജണ്ട, ഹിന്ദുത്വ അജണ്ട, മറനീക്കി പുറത്തുവന്നു. അതേസമയം ഇന്ത്യൻ ജനാധിപത്യത്തിന്റെ കാവൽഭടന്മാരായി അന്നും ഇന്നും കമ്മ്യൂണിസ്റ്റുകാർ നിലകൊള്ളുകയുംചയ്യുന്നു.
ഇന്ത്യൻ കമ്മ്യൂണിസ്റ്റുപാർട്ടി (മാർക്സിസ്റ്റ്) ന്റെ പാർട്ടിപരിപാടിയിൽ നിന്ന് (അദ്ധ്യായം 5) ഉദ്ധരിക്കാമെങ്കിൽ:
“അദ്ധ്വാനിക്കുന്ന ജനങ്ങളിൽ നിന്നും അവരുടെതാല്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികളിൽനിന്നുമല്ല പാർലമെന്ററി വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും നേർക്കുളള ഭീഷണി ഉയർന്നുവരുന്നത്, ചൂഷകവർഗങ്ങളിൽ നിന്നാണ്…” ചൂഷകവർഗത്തെ പ്രതിനിധാനം ചെയ്യുന്ന രണ്ടു പാർട്ടികളാണ് കോൺഗ്രസ്സും ബി ജെ പിയും.
മതനിരപേക്ഷ ഇന്ത്യൻജനാധിപത്യത്തിനുവേണ്ടി പോരാടുക
ഇന്ത്യൻജനാധിപത്യം മതനിരപേക്ഷമാണ്. മതനിരപേക്ഷത മതവിരുദ്ധമല്ല. അത് മതവിശ്വാസത്തെ പ്രോൽസാഹിപ്പിക്കുന്നുമില്ല. പിന്നെന്താണ് മതനിരപേക്ഷത ? മതം രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടപെടാത്ത അവസ്ഥയാണ് മതനിരപേക്ഷത. മതനിരപേക്ഷ ജനാധിപത്യം മതവിശ്വാസികൾക്കും ഒരുമതത്തിലും വിശ്വസിക്കാത്തവർക്കും സർവമതസ്ഥർക്കും സർവഅവിശ്വാസികൾക്കും താന്താങ്ങളുടെ ആശയങ്ങൾവെച്ചുപുലർത്താനും അതുപ്രചരിപ്പിക്കാനുളള സ്വാതന്ത്ര്യം പ്രദാനംചെയ്യുന്നു. രാഷ്ട്രത്തിന്റെ നിലനില്പിന് അത് വിനാശകരമാകരുത് എന്നുമാത്രം.
ആ നിലയിൽ മതനിരപേക്ഷമായ ഇന്ത്യൻ ജനാധിപത്യം, ജാതി ‐മത‐വർണ പ്രാദേശിക ഭേദങ്ങൾക്കതീതമായി ഇന്ത്യൻ ജനതയെ ഒന്നായികാണുന്നു. ഇന്ത്യൻ ഭരണഘടനയുടെ “”ജഞഋഅങആഘഋ” (മുഖവുര) ന്റെ തുടക്കമായ “”ണഋ, ഠഒഋ ജഋഛജഘഋ ഛഎ കചഉകഅ” എന്നത് അതിനുമതിയായ തെളിവാണ്. “”നാം, ഇന്ത്യയിലെ ജനങ്ങൾ” എന്നാണ് മുഖവുരതുടങ്ങുന്നത്. നാം ഇന്ത്യയിലെ ഹിന്ദുക്കൾ എന്നോ മുസ്ലീങ്ങൾ എന്നോ ക്രിസ്ത്യാനികൾ എന്നോ മറ്റേതെങ്കിലും മതസ്ഥർ എന്നോ മുഖവുരപറയുന്നില്ല. അതിന്റെ അർത്ഥം ഇന്ത്യ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ മാത്രമല്ല എന്നാണ്.
ഇന്ത്യൻ ഭരണഘടനയുടെ ഈ പ്രഖ്യാപനത്തിനു വിരുദ്ധമാണ് ഹിന്ദുത്വരാഷ്ട്രവാദികളായ ആർ.എസ്.എസ് ‐ബി.ജെ.പി പ്രഭൂതികളുടെ നിലപാടുകൾ. സുദീർഘമായ വാദപ്രതിവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും ആശയസമരത്തിലൂടെയും രൂപപ്പെട്ടതാണ് ഇന്ത്യൻ ഭരണഘടന. അതായത് സമഗ്രമായ ജനാധിപത്യപ്രക്രിയയുടെ സന്തതിയാണ് ഇന്ത്യൻ ഭരണഘടന എന്നർത്ഥം. അത് ഹിന്ദുത്വരാഷ്ട്രനിർമാണത്തിനു തടസ്സമാണ്. അതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയെ തകർക്കാൻ ഹിന്ദുത്വഫാസിസ്റ്റുകൾ തീരുമാനിച്ചിട്ടുളളത്. അതിനവർ സ്വീകരിച്ചിരിക്കുന്ന അടവാകട്ടെ പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ എങ്ങനെയും കടന്നുകൂടിക്കൊണ്ട് ഇന്ത്യൻ ഭരണഘടനയെ നശിപ്പിക്കുകയെന്നതാണ്. അതാണ് ബി.ജെ.പി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനെതിരെ അരയും തലയും മുറുക്കി ശക്തമായി പോരാടാനുളള ബാദ്ധ്യത ജനാധിപത്യ ഇന്ത്യയ്ക്കുണ്ട്. ആ പോരാട്ടത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) മുൻപന്തിയിലുണ്ട്.
രാജ്യത്ത് ജനാധിപത്യം നിലനില്ക്കണോ വേണ്ടയോ എന്ന ജീവൽരാഷ്ട്രീയ പ്രശ്നമാണ് ഇന്ത്യൻ ജനതയ്ക്കുമുമ്പിൽ ഇന്ന് ഉയർന്നുനിൽക്കുന്നത്. ഈ പ്രശ്നം എങ്ങനെ പരിഹരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇന്ത്യയുടെ ഭാവി. ജനാധിപത്യസംരക്ഷണത്തിൽ വരുത്തുന്ന ഏതുചെറിയ വീഴ്ചയും ഇന്ത്യയുടെ സർവനാശമായിരിക്കും.
ബൂർഷ്വാജനാധിപത്യവും സോഷ്യലിസ്റ്റ് ജനാധിപത്യവും
ആദ്യമായി മനസ്സിലാക്കേണ്ടതായ വസ്തുത ലോകത്തൊരിടത്തും കമ്മ്യൂണിസ്റ്റുവ്യവസ്ഥയില്ല. അതുകൊണ്ട് ഒരിടത്തും കമ്മ്യൂണിസ്റ്റ് രാഷ്ട്രവും ഇല്ല. സോഷ്യലിസ്റ്റ് സമ്പദ്ഘടന മാത്രമേ ഉളളു. സോവിയറ്റ് യൂണിയനിൽ പോലും ഉണ്ടായിരുന്നത് കമ്മ്യൂണിസ്റ്റ് വ്യവസ്ഥയല്ല. മറിച്ച്, സോഷ്യലിസ്റ്റ് സമ്പദ്ഘടനആയിരുന്നു.
അതേസമയം മറ്റൊരുകാര്യം, മനസ്സിലാക്കേണ്ടത് കമ്മ്യൂണിസ്റ്റുവ്യവസ്ഥയിൽ വർഗങ്ങളില്ലാത്തതുകൊണ്ട് വർഗാധിഷ്ഠിത ജനാധിപത്യം, വർഗസമൂഹത്തിലെപ്പോലെ, ഇല്ല എന്നതാണ്. സോഷ്യലിസ്റ്റ് സമ്പദ്ഘടനയുടെ ഘട്ടം അവസാനിക്കുന്നതുവരെമാത്രമേ വർഗാധിഷ്ഠിതജനാധിപത്യമുളളു. സോഷ്യലിസത്തിൻ കീഴിൽ സോഷ്യലിസ്റ്റ് ജനാധിപത്യമാണുളളത്. ആ ഘട്ടം കഴിഞ്ഞാൽ വർഗരഹിതസമുദായമാണ്. വർഗ രഹിതസമുദായത്തിൽ ജനങ്ങളുടെ ആകെ ജനാധിപത്യമാണ്. ചൂഷക‐ചൂഷിത വർഗങ്ങളോ മർദ്ദക‐മർദ്ദിതവർഗങ്ങളോ മുതലാളി‐തൊഴിലാളി വർഗങ്ങളോ ഇല്ലാത്തതുകൊണ്ട് ഇതിലേതെങ്കിലും ഒരുവർഗത്തിന്റെ താല്പര്യം സംരക്ഷിക്കുന്നജനാധിപത്യം കമ്മ്യൂണിസ്റ്റുവ്യവസ്ഥയിൽ ഉണ്ടാകാൻ വയ്യ.
ഒരു കാര്യം ഇവിടെതന്നെ അടിവരയിട്ടുപറയേണ്ടതുണ്ട്. അതായത് സോഷ്യലിസ്റ്റ് സമ്പദ്ഘടനയിൽ നിലനിൽക്കുന്ന ജനാധിപത്യം ബൂർഷ്വാജനാധിപത്യമല്ല. മറിച്ച്, തൊഴിലാളി കർഷകാദിബഹുഭൂരിപക്ഷത്തിന്റെ ജനാധിപത്യം. അതായത് ഇന്ത്യയിൽ ഇന്ന് നിലനില്ക്കുന്ന ജനാധിപത്യമല്ല ചൈനയിലോ ക്യൂബയിലോ കൊറിയയിലോ വിയറ്റ്നാമിലോനിലനിൽക്കുന്ന ജനാധിപത്യം. ന്യൂനപക്ഷവർഗ ജനാധിപത്യം അവിടെ അംഗീകരിക്കില്ല. അത് അംഗീകരിച്ചുകൊടുത്തതാണ് സോവിയറ്റു റഷ്യയുടെ തകർച്ചയ്ക്കുവഴിവെച്ച മൗലികകാരണങ്ങളിൽ ഒന്ന്. ഇന്ത്യൻ ജനാധിപത്യം സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലില്ലാത്തതുകൊണ്ട് അവിടങ്ങളിൽ ജനാധിപത്യമില്ലായെന്നുപറയുന്നത് വസ്തുതാപരമല്ല.
ബൂർഷ്വാസിയുടെ കാപട്യം തുറന്നുകാട്ടുക
തങ്ങളുടെ വർഗതാല്പര്യം സംരക്ഷിക്കുന്ന ജനാധിപത്യമാണ് യഥാർത്ഥജനാധിപത്യമെന്ന് ബൂർഷ്വാസി ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. തങ്ങളുടെ ജനാധിപത്യമില്ലെങ്കിൽ ജനാധിപത്യം തന്നെഈ ഭൂമുഖത്തില്ലെന്നു പറയാൻ ബൂർഷ്വാസി ധൈര്യപ്പെടുന്നു. മറ്റെല്ലാകാര്യങ്ങിലുമെന്നപോലെ ജനാധിപത്യത്തിന്റെ വർഗപരമായ ഉളളടക്കം ബൂർഷ്വാസിമറച്ചുവെയ്ക്കുകയാണ്. ജനാധിപത്യം വർഗാതീതമാണെന്നാണ് ബൂർഷ്വാസി പ്രചരിപ്പിക്കുന്നത്. അത് തികഞ്ഞ കാപട്യമാണ്.
അതേസമയം ബൂർഷ്വാജനാധിപത്യത്തിന്റെ പിന്നിൽ ഒളിച്ചുവെച്ചിരിക്കുന്ന ബൂർഷ്വാസ്വോച്ഛാധിപത്യം (ഫാസിസം) മറനീക്കി അരങ്ങത്തുവരുമ്പോൾ ജനാധിപത്യം വർഗാതീതമല്ലെന്നും വർഗാധീഷ്ഠിതമാണെന്നും സുവ്യക്തമാകുന്നു. വർഗാതീതജനാധിപത്യമെന്നത് ജനാധിപത്യത്തിന്റെ വർഗപരമായ ഉളളടക്കം മറച്ചുവെയ്ക്കുന്ന ബൂർഷ്വാസിയുടെ ഒരു തന്ത്രം മാത്രമാണ്.
യഥാർത്ഥജനാധിപത്യം ജനങ്ങളിൽ ബഹുഭൂരിപക്ഷത്തിന്റെയാണെങ്കിൽ തൊഴിലാളി വർഗജനാധിപത്യമാണ് യഥാർത്ഥജനാധിപത്യം. തൊഴിലാളി വർഗമെന്നാൽ തൊഴിലാളി കർഷകാദിചൂഷിതബഹുഭൂരിപക്ഷം ജനങ്ങളാണ്.
അതുകൊണ്ട് ജനാധിപത്യം ഒരിക്കലും വർഗാതീതമല്ല. ചൂഷകനും ചൂഷിതനും, മുതലാളിവർഗത്തിനും തൊഴിലാളിവർഗത്തിനും ഒരുപോലെ ആസ്വദിക്കാവുന്നജനാധിപത്യം എവിടെയുമില്ല. വർഗാധിഷ്ഠിതജനാധിപത്യം മാത്രമേ എന്നും എവിടെയും ഉളളു. ആ നിലയ്ക്ക് ജനാധിപത്യത്തെപ്പറ്റി പറയുമ്പോൾ ഏതുവർഗത്തിന്റെ ജനാധിപത്യം എന്ന ചോദ്യം ഉയർന്നുവരണം. ♦