യൂറോപ്യൻ ഫാസിസത്തിനല്ലാത്ത ഒരു സവിശേഷത ഭാരതത്തിലെ ഫാസിസ്റ്റ് ശക്തികൾക്കുണ്ട്. അതെന്തെന്നാൽ അതിന് സഹസ്രാബ്ദങ്ങളുടെ ഒരു ചരിത്രമുണ്ട് എന്നതാണ്. ഏറ്റവും ചുരുങ്ങിയത് വേദകാലം മുതലുള്ള ഒരു നീണ്ട ചരിത്രം. ആര്യ ബ്രാഹ്മണ മേധാവിത്വത്തിന്റേതാണ് ആ ചരിത്രം. ബുദ്ധ, ജൈന മതങ്ങളെയും ചാർവാകന്മാരേയും ബൗദ്ധികമായി നേരിടാനാവാത്ത ഘട്ടങ്ങളിൽ ശാരീരികവും കായികവുമായിത്തന്നെ നേരിട്ടുകൊണ്ട് അടിച്ചമർത്തിയ ചരിത്രം. ഇന്ത്യയുടെ ദേശീയ പ്രസ്ഥാനം രൂപംകൊണ്ടപ്പോൾ അതിനകത്തുപോലും ഈ രണ്ട് ധാരകൾ തമ്മിലുള്ള വൈരുദ്ധ്യം അതിശക്തമായിതന്നെ നിലനിന്നിരുന്നതായി കാണാം. ബാലഗംഗാധര തിലകന്റെ നേതൃത്വത്തിലുള്ള മനുവാദികളും, റാനഡേയുടെയും ഗോപാലകൃഷ്ണ ഗോഖലെയുടെയും, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം തൊട്ട് ഗാന്ധിജിയുടെയും ജവഹർലാൽ നെഹ്രുവിന്റെയും, നേതൃത്വത്തിൽ ഒരു ആധുനിക ജനാധിപത്യ ഇന്ത്യക്കുവേണ്ടി നിലകൊണ്ടവരും തമ്മിലുള്ള രൂക്ഷമായ വടംവലികൾ ദേശീയ പ്രസ്ഥാനത്തിനകത്തുതന്നെ ശക്തമായിരുന്നു.
ദേശീയ പ്രസ്ഥാനത്തിനകത്ത് ജനാധിപത്യവാദികൾക്ക് കൃത്യമായ മേൽക്കൈ ലഭ്യമാകുന്ന നിലവന്നതോടെയാണ് 1925ൽ ആർഎസ്എസ് രൂപീകരിക്കപ്പെട്ടത് എന്നത് കേവലം യാദൃശ്ചികമല്ല. സ്വാതന്ത്ര്യാനന്തരം അംബേദ്കറുടെയും ജവഹർലാൽ നെഹ്രുവിന്റെയും നേതൃത്വത്തിൽ ഒരു ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിനിടയിൽ ഏറെ പിന്തള്ളപ്പെട്ടു പോയിരുന്നുവെങ്കിലും രാജ്യത്തിനകത്ത് അവരുടെ അന്തർധാര പ്രബലമായിതന്നെ നിലനിന്നിരുന്നു. അതിനു കാരണം സഹസ്രാബ്ദങ്ങൾക്കപ്പുറത്തേക്ക് നീണ്ടുകിടന്നിരുന്ന അവരുടെ വേരുകൾ തന്നെയായിരുന്നു.
ആദ്യമായി ജനാധിപത്യ രീതിയിൽ കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽവന്ന കേരളത്തിലൊഴിച്ച് ഈ ബ്രാഹ്മണിക്കൽ അധീശാധിപത്യത്തിന്റെ അടിവേരറുക്കുന്നതിന് ആവശ്യമായ തരത്തിൽ ഒരു ജനാധിപത്യ വിപ്ലവത്തിന് ഇന്ത്യൻ ഭരണവർഗ്ഗവും അവരുടെ രാഷ്ട്രീയകക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും തയ്യാറായില്ല. ആര്യ ബ്രാഹ്മണ മേധാവിത്വത്തിന്റെ സാമ്പത്തിക അടിത്തറയായിരുന്ന ജാതി ജന്മി നാടുവാഴിത്തത്തെ നിലനിർത്തുംവിധത്തിൽ അതുമായി സന്ധിചെയ്യുകയാണ് ഭരണകൂടം ചെയ്തത്. അതിന്റെ ഫലമായി ആ അടിത്തറയ്‌ക്കുമേലേ കെട്ടിപ്പടുത്ത സാംസ്കാരികമായ മേൽക്കൂരക്ക് ഇന്ത്യയിൽ സ്വാതന്ത്ര്യാനന്തരവും ശക്തമായിത്തന്നെ നിലനിൽക്കാനായി. ഹിന്ദുത്വം എന്ന പ്രഛന്ന വേഷധാരിയായി അത് പലവിധത്തിലും തലപൊക്കി. ആർഷഭാരത സംസ്കൃതി എന്ന പേരിൽ ആര്യ ബ്രാഹ്മണ്യത്തിന്റെ പുരാണങ്ങളെയും ഇതിഹാസങ്ങളെയും ടെലിവിഷൻ സീരിയലുകളായി വ്യാപകമായി അവതരിപ്പിച്ച് സാംസ്കാരികമായ മേൽക്കൂര അത് ഊട്ടിയുറപ്പിച്ചു. ഇന്ദിരാവധത്തെ തുടർന്നുണ്ടായ സിക്കുവിരുദ്ധ കലാപത്തിലും, ബാബറി മസ്ജിദ് രാമജന്മഭൂമി വിഷയത്തിലും ഇന്ത്യയിലാകെ നടന്ന മുസ്ലിംവിരുദ്ധ കലാപങ്ങളിലും അഴിഞ്ഞാടിയ ഹിന്ദുത്വ ശക്തികളെ ഇന്ത്യൻ ഭരണാധികാരികൾ കയ്യുംകെട്ടി നോക്കിയിരിക്കുക കൂടി ചെയ്തപ്പോൾ അതവർക്ക് ഭരണത്തിലെത്താനുള്ള അവസരംകൂടി ഒരുക്കി കൊടുക്കുകയാണ് ചെയ്തത്.
1990കളുടെ അന്ത്യത്തോടെ ഹിന്ദുത്വ ശക്തികൾ ഇന്ത്യയിൽ അധികാരത്തിലേറാൻ തുടങ്ങി. സംഘപരിവാരങ്ങൾ ബാബറി മസ്ജിദ് തകർത്തെറിഞ്ഞതുവഴി ഇന്ത്യയിലാകെ രൂപപ്പെട്ട മതധ്രുവീകരണം ഹിന്ദുത്വ ശക്തികൾക്ക് അധികാരത്തിലേക്ക് വഴിയൊരുക്കിയെങ്കിലും ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളുടെ വിപുലമായ ഐക്യം 2004 ലും തുടർന്ന് 2009ലും സംഘപരിവാരത്തെ അധികാരത്തിൽനിന്ന് അകറ്റിനിർത്തുന്നതിൽ വിജയം കണ്ടിരുന്നു. എന്നാൽ രണ്ടാം യുപിഎ സർക്കാരിനെതിരായി ഉയർന്നുവന്ന സഹസ്ര കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണങ്ങൾകൊണ്ട് മുഖരിതമായ 2014ലെ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരത്തോടൊപ്പം രാജ്യത്തെ മുഴുവൻ കോർപ്പറേറ്ററുകളും ബിജെപിക്ക് പുറകിൽ അണിനിരക്കുകകൂടി ചെയ്തപ്പോൾ ഹിന്ദുത്വ ശക്തികൾക്ക് വീണ്ടും അധികാരത്തിലേക്ക് വഴിതുറന്നു കിട്ടി.
2019 ൽ ആകട്ടെ മോദി VS രാഹുൽ എന്നൊരു പ്രതീതി സൃഷ്ടിക്കുന്നതിന് ബിജെപിയെ എല്ലാ അർത്ഥത്തിലും സഹായിക്കുക വഴി സ്വയം ശവക്കുഴി തോണ്ടുകയാണ് കോൺഗ്രസ്സ് ചെയ്തത്. വയനാട്ടിൽ നിന്നൊരു പ്രധാനമന്ത്രി എന്ന മുദ്രാവാക്യം കേരളത്തിലെ പത്തൊമ്പത് സീറ്റുകളും നേടിയെടുക്കാൻ സഹായകമായെങ്കിലും, പച്ചക്കൊടിയും വീശിയുള്ള രാഹുലിന്റെ പ്രചരണ യോഗങ്ങൾ പാകിസ്ഥാൻ പതാകയേന്തിയവരെന്ന പ്രചരണത്തിന്ന് ബിജെപിക്ക് എത്രകണ്ട് സഹായകമായി എന്നത് നാം കണ്ടതല്ലേ. മുസ്ലിം കേന്ദ്രത്തിലേക്ക് നിങ്ങളെവിട്ട് പേടിച്ചോടിയ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന പ്രചരണമായിരുന്നു ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ബിജെപിയുടെ വജ്രായുധം.
2025 ഹിന്ദുത്വശക്തികളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള വർഷമാണ്. ആർഎസ്എസ് ജന്മശതാബ്ദി വർഷമാണത്. ജനിച്ച് ഒരു നൂറ്റാണ്ട് തികയുമ്പോഴെങ്കിലും ഹിന്ദുരാഷ്ട്രത്തിന്റെ പ്രോദ്ഘാടനം നിർവ്വഹിക്കാനാവണമെന്ന അജൻഡയോടെയാണ് ഇന്ത്യൻ ഫാസിസ്റ്റുകളുടെ നിൽപ്പ്. അതിന് അവരുടെ മുന്നിലുള്ള അവസാനത്തെ കടമ്പയാണ് 2024ലെ പൊതു തിരഞ്ഞെടുപ്പ്. ഇലക്ഷൻ കമ്മീഷനിലും, അന്വേഷണ ഏജൻസികളിലും, ബ്യൂറോക്രസിയിലും, മീഡിയയിലും, പരിമിതമായ തോതിലെങ്കിലും ജുഡീഷ്യറിയിലുമെല്ലാം പലതരത്തിൽ അവർ സ്വാധീനമുറപ്പിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന ഏക തടസ്സം ഇപ്പോഴും ഒരു പരിധിവരെ തല ഉയർത്തി നിൽക്കുന്ന ഇന്ത്യയുടെ മതേതര ഭരണഘടനയാണ്. അത് കൂടി മാറ്റിയെഴുതാനാവശ്യമായ ഭൂരിപക്ഷം വേണം. ജയിച്ച് വീണ്ടും ഭരണകക്ഷി ആയാലും മതി. ഭൂരിപക്ഷമൊക്കെ വിലയ്‌ക്കു വാങ്ങുവാൻ പിന്നീടാവുമെന്ന് ഭരണകക്ഷിക്കറിയാം. പക്ഷേ ഭരണം ലഭിക്കുക എന്നത് പ്രധാനമാണ്.
ഏത് തിരഞ്ഞെടുപ്പിനെയും ഗൗരവത്തിൽ കണ്ട് അതിനായി വളരെ കാലെക്കൂട്ടി ഇറങ്ങുക എന്നത് കേന്ദ്ര ഭരണകക്ഷിയുടെ ഒരു പ്രത്യേകതയാണ്. അതെത്ര ചെറിയതാണെങ്കിലും ജയിക്കാനാവശ്യമായ കരുക്കൾ ഒരുക്കുന്നതിൽ അതീവ പ്രാവിണ്യമുള്ളവരാണവർ. 2024ലെ തിരഞ്ഞെടുപ്പിന് ഇനിയും ഒരുവർഷം കൂടിയുണ്ട്. പക്ഷേ അവർ കരുനീക്കങ്ങൾ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. തങ്ങളുടെ മുൻകാല വാഗ്ദാനങ്ങളൊന്നുംതന്നെ പാലിക്കാൻ ആയിട്ടില്ലെന്നും, തങ്ങളുടെ ഭരണത്തിൽ രാജ്യം പുറകോട്ടാണ് സഞ്ചരിക്കുന്നതെന്നും അവർക്കറിയാം. അൻപത് രൂപയ്‌ക്ക് വാഗ്ദാനം ചെയ്ത പെട്രോൾ വില സർവ്വ സീമകളും ലംഘിച്ച് നൂറ് രൂപയ്‌ക്കുമേൽ എത്തിനിൽക്കുന്നു. നാനൂറ് രൂപയുടെ ഗ്യാസ് ഇന്ന് കിട്ടണമെങ്കിൽ ആയിരത്തിയൊരുനൂറ് രൂപ കൊടുക്കണം. പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ കോർപ്പറേറ്റുകൾക്ക് ചുളുവിലയ്‌ക്ക് കൈമാറി കഴിഞ്ഞു. തൊഴിലില്ലായ്മ നിരക്ക് സർവ്വകാല റെക്കോർഡുകളും ഭേദിച്ചു കഴിഞ്ഞിരിക്കുന്നു. ദാരിദ്ര്യത്തിൽ ലോകരാഷ്ട്രങ്ങളുടെ പട്ടികയിൽ പിറകോട്ട് പിറകോട്ട് പോയ്ക്കൊണ്ടിരിക്കുകയാണ് രാജ്യം. രാജ്യത്തിന്റെ ഫെഡറൽ ഘടനയുടെതന്നെ കടയ്ക്കൽ കത്തിവെക്കും വിധത്തിൽ സ്വന്തക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് മാത്രമായി വിഭവ വിതരണം പരിമിതപ്പെടുത്തുകയാണ്. മതനിരപേക്ഷ മൂല്യങ്ങൾ കാറ്റിൽപ്പറത്തുന്ന നടപടികളാണ് നിരന്തരം ആവർത്തിക്കുന്നത്.
ഇതിന്റെയൊക്കെ ദുരിതം ഏറ്റവുമധികം പേറേണ്ടിവരിക സ്വാഭാവികമായും എണ്ണത്തിൽ ഭൂരിപക്ഷമുള്ള ഹിന്ദുക്കൾ തന്നെയായിരിക്കുമല്ലോ. ഭരണകക്ഷിക്കെതിരെ അസംതൃപ്തി ഉരുണ്ടുകൂടി കൊണ്ടിരിക്കുകയാണ് എന്ന് രാജ്യത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെല്ലാം വെളിവാക്കുന്നുണ്ട്. ഒമ്പത് വർഷത്തെ ജനവിരുദ്ധ നയങ്ങൾ എല്ലാം ഈട്ടംകൂടിവന്ന് 2024ൽ തങ്ങളെ അട്ടിമറിച്ചേക്കാമെന്ന ഭയം കേന്ദ്രഭരണ കക്ഷിയെ പിടികൂടിയിട്ടുണ്ട് എന്നത് വ്യക്തമാണ്. അതിൽനിന്നും പുറത്ത് കടക്കാൻ വർഗീയതയോ രാമക്ഷേത്ര നിർമ്മാണമോ മതിയാവില്ലെന്നവർ നന്നായി മനസ്സിലാക്കിയിട്ടുമുണ്ട്.
അതുകൊണ്ടാണവർ രാഹുൽഗാന്ധിയെ പിടിക്കുന്നത്. പ്രതിപക്ഷത്ത് ആരായിരിക്കണം എന്ന അജൻഡ കൂടി സെറ്റ് ചെയ്യാൻ ഭരണകക്ഷി ശ്രമമാരംഭിച്ചിരിക്കുന്നു. അതിന്റെ ഭാഗമായാണ് സൂററ്റിലെ മജിസ്ട്രേറ്റിന്റെ വിധിയും, തിരക്കുപിടിച്ചുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ അയോഗ്യനാക്കലുമെല്ലാം വരുന്നത്.
ഇന്ത്യയിലെ പതിനാല് പ്രതിപക്ഷ കക്ഷികൾ മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങളും അവഗണിച്ച് ഭരണകക്ഷി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയെ സംയുക്തമായി സമീപിക്കുന്നു. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെ സാംഗത്യം പുന:പരിശോധിക്കണമെന്ന് പ്രതിപക്ഷ കക്ഷികളെല്ലാം ചേർന്ന് ഇലക്ഷൻ കമ്മീഷനു മുന്നിൽ നിവേദനവുമായി ചെല്ലുന്നു. രാജ്യത്തെ വിവിധയിടങ്ങളിലായി ബിജെപി ഇതര മുഖ്യമന്ത്രിമാർ വൻ റാലികളിൽ ഒന്നിച്ചണിനിരക്കാൻ തുടങ്ങിയിരിക്കുന്നു. ഇങ്ങിനെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾ അതാത് സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധമായി സംഘടിച്ച് മുന്നോട്ടുവരാൻ തുടങ്ങിയിട്ടുണ്ട്. അത് തുടരുകയും ശക്തിപ്പെടുകയും ചെയ്താൽ കേവലം 39% വോട്ടുകൾ മാത്രം നേടി കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക് 2024ൽ ഏറെ വിയർക്കേണ്ടി വരും. വലിയ സംസ്ഥാനങ്ങളിൽ കർണ്ണാടക, രാജസ്ഥാൻ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ മാത്രമേ കോൺഗ്രസ് ഭരണകക്ഷിയായോ മുഖ്യ പ്രതിപക്ഷകക്ഷിയായോ ഉള്ളൂ. അപ്പോൾ മത്സരം മോദിയും രാഹുലും തമ്മിലാണെന്ന് വരുത്തുന്നത് മോദിക്ക് 2019ലെ പോലെ ഗുണം ചെയ്യുമെന്ന് ബിജെപിക്കറിയാം. ഒരൽപ്പം തലക്കെട്ടും വാർത്താപ്രാധാന്യവും കിട്ടിക്കഴിഞ്ഞാൽ നിലമറക്കുന്നത് കോൺഗ്രസ്സിന്റെ സ്ഥായിഭാവമാണല്ലോ. രാഹുലാണ് കേന്ദ്രസ്ഥാനത്ത് പരിഗണിക്കപ്പെടുന്നതെന്ന് വന്നാൽ മറ്റ് പ്രതിപക്ഷ കക്ഷികളെ വകവെക്കാതെ വല്ല്യേട്ടനായി മാറുന്ന ആ പാർട്ടി സംസ്ഥാന തലങ്ങളിൽ പ്രതിപക്ഷത്തുളവാകുന്ന ഐക്യത്തെ തകർക്കുന്നവിധത്തിൽ പെരുമാറും എന്നത് മുൻകാല അനുഭവമാണല്ലോ. ഇപ്പോൾതന്നെ രാഹുലിനെതിരായ ബിജെപി നീക്കത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നപ്പോൾ അത് തങ്ങളുടെ വലുപ്പമാണെന്ന അല്പത്തത്തിലേക്ക് നീങ്ങുന്ന സതീശനടക്കമുള്ള കേരളത്തിലെ അവരുടെ നേതാക്കളുടെ നിലപാട് നോക്കൂ. രാജ്യത്ത് അവർക്ക് കിട്ടാൻപോവുന്ന തിരഞ്ഞെടുപ്പ് നേട്ടത്തിന്റെ ഷെയർ കിട്ടാനാണത്രെ സിപിഐ എം പ്രതിഷേധവുമായി ചാടിവീഴുന്നത്. കോൺഗ്രസ്സിനെ മുന്നിൽ നിർത്തി രാജ്യത്താകെ ഉരുത്തിരുഞ്ഞു വരുന്ന പ്രതിപക്ഷ ഐക്യത്തെ ടോർപ്പിഡോ ചെയ്യുക എന്നതാണ് ബിജെപി ലക്ഷ്യംവെക്കുന്നതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
രാജ്യം ഇന്നെത്തി നിൽക്കുന്ന അത്യന്തം അപകടകരമായ ഈ അവസ്ഥയിൽനിന്ന് ഈ രാജ്യത്തെ രക്ഷിക്കുവാനുള്ള അവസാനത്തെ അവസരമാണ് നമുക്ക് മുന്നിലുള്ളത്. ദേശീയ പ്രസ്ഥാനത്തിന്റെ മുൻനിരയിൽനിന്ന് പോരാടിയ കക്ഷി എന്ന നിലയിൽ ലഭ്യമായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്ന കാര്യത്തിലും ഏറ്റവും വലിയ ഉത്തരവാദിത്വം കോൺഗ്രസ്സ് പാർട്ടിക്ക് തന്നെയാണ്. ബിജെപി ഒരുക്കുന്ന ചതിക്കുഴിയിൽ വീഴാതെ ഇരിക്കുവാനുള്ള വിവേകം ആ പാർട്ടി തന്നെയാണ് കാണിക്കേണ്ടത്. ഇത് രണ്ട് വ്യക്തികൾ തമ്മിലുള്ള പോരാട്ടമല്ലെന്നും, ഇത് രാജ്യത്തെ ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള പോരാട്ടമാണെന്നുമുള്ള യാഥാർത്ഥ്യത്തെ ഉയർത്തിപ്പിടിക്കുവാൻ കോൺഗ്രസ്സിനാവണം. താനോ തന്റെ കുടുംബമോ പ്രധാനമന്ത്രിയാവാനില്ലെന്ന് പ്രഖ്യാപിക്കുവാൻ ഈയൊരു സന്നിഗ്ദ ഘട്ടത്തിൽ മുൻകൂട്ടി തീരുമാനമെടുത്ത് പ്രഖ്യാപികുക്കയാണ് രാജ്യസ്നേഹത്തിനാണ് മുൻഗണനയെങ്കിൽ, രാഹുൽഗാന്ധിയും കോൺഗ്രസ്സും ചെയ്യേണ്ടത്. അതോടെ പോരാട്ടം പ്രശ്നാധിഷ്ഠിതമാകും. വല്ല്യേട്ടൻ മനോഭാവം കാണിക്കാതെ തങ്ങൾക്ക് ശക്തികുറഞ്ഞ സംസ്ഥാനങ്ങളിൽ മറ്റ് കക്ഷികൾക്ക് സഹായകമാകുംവിധത്തിൽ അവരോട് സഹകരിക്കുവാനും തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ മറ്റു ബിജെപി വിരുദ്ധ കക്ഷികളെ വേണ്ട വിധത്തിൽ പരിഗണിക്കാനും കോൺഗ്രസ്സ് തയ്യാറാവണം.
പ്രതിപക്ഷ കക്ഷികൾക്കുമുണ്ട് ഉത്തരവാദിത്തം. കോൺഗ്രസ്സുമായുള്ള പൂർവ്വകാല ബന്ധങ്ങളിലെ തിക്താനുഭവങ്ങൾ മറന്ന് വിശാലമായ രാജ്യതാൽപര്യത്തെ മുൻനിർത്തി കോൺഗ്രസ്സുമായി സഹകരിക്കുവാൻ അവർക്കുമാകണം. ഈയൊരവസരം കൂടി കളഞ്ഞുകുളിച്ചാൽ ജർമനിയിലെയും ഇറ്റലിയിലെയും കോൺസൻട്രേഷൻ ക്യാമ്പുകളേക്കാൾ നൃശംസത മുറ്റിനിൽക്കുന്ന തടവറകളിലേക്കായിരിക്കും ഇന്ത്യൻ ജനാധിപത്യത്തോടൊപ്പം മാനുവാദികളൊഴിച്ചുള്ള മുഴുവൻ പേരും ചെന്നെത്തുക എന്നത് ആരും മറക്കരുത്. ♦